കേരളത്തെ സംബന്ധിച്ചിടത്തോളം വാര്‍ത്താചാനലുകള്‍ താരതമ്യേന പുതിയ പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ ബാലാരിഷ്ടതകള്‍ കൂടുതലാണ്. ശരിയായ മാധ്യമസംസ്‌കാരം ആ രംഗത്തു വളര്‍ന്നുവരാന്‍ കുറേകൂടി സമയമെടുക്കും.
വാര്‍ത്തകള്‍ ആര്‍ക്കും പടച്ചുണ്ടാക്കാനാകില്ല
വാര്‍ത്തകള്‍ സംഭവിക്കാനല്ലാതെ സംഭവിപ്പിക്കാന്‍ ആര് വിചാരിച്ചാലും സാധ്യമല്ല. അങ്ങനെ പൊയ്ക്കാലില്‍ കുത്തിപ്പൊക്കിയ വാര്‍ത്തകള്‍ക്ക് നിലനില്‍പുമില്ല.
ന്യൂസ് ചാനലുകള്‍ കാണുന്നത് ചില പ്രത്യേക വിഭാഗങ്ങളില്‍പെട്ട ആളുകളാണ്. മധ്യവര്‍ഗക്കാര്‍, പ്രത്യേകിച്ച് പുരുഷന്മാര്‍. അതില്‍തന്നെ സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍. ആ വിഭാഗക്കാരെ ലാക്കാക്കിയാണ് വൈകുന്നേരത്തെ പരിപാടികളും പരസ്യങ്ങളും വരെ തയാറാക്കുന്നത്. പ്രേക്ഷകര്‍ക്ക് താത്പര്യമുള്ള അഥവാ താല്‍പര്യമുണ്ടെന്ന് ചാനലുകാര്‍ കരുതുന്ന വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. അത് ആ ദിവസത്തെ ഏറ്റവും പ്രധാന സംഭവം ആവണമെന്നില്ല. ഉദാഹരണത്തിന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് റവന്യുമന്ത്രി വിട്ടുനിന്ന ദിവസം മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളെല്ലാം സിനിമാനടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകനെ പോലീസ് ചോദ്യം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. അതാത് ചാനലുകളുടെ രാഷ്ട്രീയവും സാമുദായികവുമായ ചേരിതിരിവുകള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തെ മാത്രമല്ല അവതാരകന്റെ നിലപാടുകളെയും ശരീരഭാഷയെയും വരെ സ്വാധീനിക്കുന്നു.
പക്ഷേ, വാര്‍ത്ത അവതാരകന്‍ എത്രതന്നെ പണിപ്പെട്ടാലും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, പത്രം പോലെയല്ല ടിവി ചാനല്‍, റിമോട്ട് കണ്‍ട്രോള്‍ പ്രേക്ഷകന്റെ കയ്യിലാണ്. എപ്പോള്‍ വേണമെങ്കിലും ചാനല്‍ മാറ്റാം. മാത്രമല്ല ഓരോ ചാനലിന്റെയും അവതാരകന്റെയും പക്ഷപാതിത്വങ്ങള്‍ പ്രേക്ഷകര്‍ക്കറിയാം. വിഷയം അറിയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ചര്‍ച്ചയുടെ ഗതിയും ഊഹിക്കും.
അന്തിചര്‍ച്ചകളില്‍ അക്രമസ്വഭാവം അന്തര്‍ലീനമാണ്. പൈങ്കിളി സീരിയലുകള്‍ സ്ത്രീകളെ കരയിക്കുമ്പോള്‍ പ്രൈം ടൈം ഡിബേറ്റ് പുരുഷന്മാരെ ഹരംപിടിപ്പിക്കുന്നു. ഒന്നില്‍ സെന്റിമെന്റ്‌സ്; മറ്റേത് വയലന്‍സ്. അതുകൊണ്ടുതന്നെ പല ടിവി ചര്‍ച്ചകളും പഴയ ടി.ദാമോദരന്‍ – ഐ.വി.ശശി സിനിമകളെ ഓര്‍മിപ്പിക്കുന്നു.
വാര്‍ത്താ ചാനലുകള്‍ തമ്മില്‍ മത്സരത്തെക്കാള്‍ അധികം സഹകരണമാണുള്ളത്. അനാരോഗ്യകരമായ മത്സരം ഉണ്ടെന്നു തോന്നുന്നില്ല. ഏതു നിലയ്ക്കും പുറത്തുനിന്നുള്ള ഇടപെടല്‍ ആശാസ്യമല്ല.
അഹന്ത പൊറുപ്പിക്കരുത്
വിരലിലെണ്ണാവുന്നവര്‍ ഒഴികെ മലയാളത്തിലെ വാര്‍ത്താ അവതാരകര്‍ ആജ്ഞയുടെയും അഹന്തയുടെയും ഭാഷയിലാണ് സംസാരിക്കുന്നത്. ഇത് ഒരു കാരണവശാലും പൊറുപ്പിക്കാവുന്നതല്ല. ചോദ്യത്തിന് ഉത്തരം പറയാന്‍ തുടങ്ങുമ്പോഴേക്കും മറ്റൊരു ചോദ്യം ചോദിക്കുക, ഉത്തരം പറഞ്ഞുതീര്‍ക്കാന്‍ അനുവദിക്കാതിരിക്കുക, തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഉത്തരമല്ല പറയുന്നതെങ്കില്‍ പരിഹസിക്കുക, ഇതൊക്കെ വലിയ കേമത്തമാണെന്ന് വിചാരിക്കുക – ഇതാണ് സാധാരണ നടപടിക്രമം. ചര്‍ച്ച നടത്തുന്ന വിഷയത്തെക്കുറിച്ചു അവതാരകര്‍ക്കുള്ള വിജ്ഞാനം പലപ്പോഴും വളരെ ദയനീയമായിരിക്കുകയും ചെയ്യും. ഈ സ്ഥിതി മാറേണ്ടകാലം അതിക്രമിച്ചു.
നേരത്തെ സൂചിപ്പിച്ചതുപോലെ കേരളത്തിലും ഇന്ത്യയിലും ശരിയായ ദൃശ്യമാധ്യമ സംസ്‌കാരം ഉരുത്തിരിഞ്ഞുവരാന്‍ കുറേക്കൂടി സമയമെടുക്കും. അത് ഏത് രീതിയിലായിരിക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ നിവൃത്തിയില്ല.
അമളി മറയ്ക്കല്‍
പലപ്പോഴും വാര്‍ത്താലേഖകരും അവതാരകരും തങ്ങള്‍ക്ക് നേരിട്ടറിവില്ലാത്ത കാര്യത്തെക്കുറിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. കുറച്ചൊക്കെ ഊഹവും ബാക്കി ഭാവനയും ആയിരിക്കും. അതുകൊണ്ടുതന്നെ ആദ്യം കൊടുത്ത വാര്‍ത്ത തെറ്റായിരുന്നുവെന്ന് അല്‍പം കഴിയുമ്പോള്‍ മനസിലാകും. അപ്പോള്‍ തിരുത്തലും ഖേദപ്രകടനവും പതിവില്ല. ആദ്യത്തെ അമളി മറച്ചുവെച്ചു പുതിയ വാര്‍ത്ത പുറത്തുവിടും.
അച്ചടി മാധ്യമത്തില്‍ തെറ്റായ വാര്‍ത്ത വന്നാല്‍ നിയമനടപടികള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വരുംവരായ്കകള്‍ ആലോചിച്ചേ ഏതുവാര്‍ത്തയും അച്ചടിക്കൂ. അവിടെ ഉത്തരവാദിത്തമുള്ള പത്രാധിപര്‍ ഉണ്ട്. ടെലിവിഷനില്‍ അമ്മാതിരി സൊല്ലകളൊന്നുമില്ല. ഓരോ ലേഖകനും അവനവന്റെ എഡിറ്ററും കൂടിയാണ്. ഒരിക്കല്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത പിന്നീട് തിരുത്താന്‍ കഴിയുകയില്ല. ടെലിവിഷന്‍ വാര്‍ത്തകളുടെ പേരില്‍ പ്രേക്ഷകര്‍ നിയമനടപടി സ്വീകരിച്ച സംഭവങ്ങള്‍ വിരളമാണ്.
നവമാധ്യമങ്ങളുടെ പിന്നാലെ ദൃശ്യമാധ്യമങ്ങള്‍ പോകുന്നുണ്ടെന്ന് തോന്നുന്നില്ല. നവമാധ്യമങ്ങളുടെ പ്രവര്‍ത്തനം തികച്ചും നിരുത്തരവാദപരമാണ്. അവിടെ രാഷ്ട്രീയവിരോധവും സമുദായ സ്പര്‍ധയും പരത്തുന്നവര്‍ അനവധിയാണ്. നിയന്ത്രണം തികച്ചും അസാധ്യവുമാണ്. ന്യൂസ് ചാനലുകള്‍ അത്രതന്നെ അധഃപതിച്ചിട്ടില്ല. എങ്കിലും മാധ്യമങ്ങളും അവതാരകരും ലേഖകരും പുനരാലോചനകള്‍ക്ക് തയാറാവണം.
അഡ്വ. എ ജയശങ്കര്‍
You must be logged in to post a comment Login