സംഭവിപ്പിക്കുകയാണോ വാര്‍ത്തകള്‍?

സംഭവിപ്പിക്കുകയാണോ വാര്‍ത്തകള്‍?

സത്തയുടെ കാവല്‍ക്കാര്‍
മാധ്യമരംഗത്ത് വരുന്ന രൂപപരവും സാങ്കേതികവുമായ എല്ലാമാറ്റങ്ങളും സ്വാഭാവികമായും അതിന്റെ കണ്ടന്റിനെയും സത്തയെയും അതിന്റെ പരിചരണ രീതിയെയും ഒക്കെ മാറ്റാറുണ്ട്. അത് ടെലിവിഷന്‍ കാലത്തും സംഭവിച്ചു. ഇതിന് മുമ്പ് അച്ചടി മാധ്യമം വന്നപ്പോഴും റേഡിയോ വന്നപ്പോഴുമെല്ലാം കുറെയധികം മാറ്റങ്ങള്‍ ഉണ്ടായി. ഈ മാറ്റങ്ങള്‍ വാര്‍ത്തയുടെ സത്തയെ ചോര്‍ത്തിക്കളയുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് അതിനുള്ള ഉത്തരം.
വാര്‍ത്തയുടെ ഏറ്റവും സുപ്രധാനമായ സത്തയാണ് ടെലിവിഷന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഒരു പക്ഷേ, വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കോ പരോക്ഷമായ തലങ്ങളിലേക്കോ പോകാന്‍ ടെലിവിഷന് കഴിയുന്നില്ലായിരിക്കും. ചുരുക്കി അവതരിപ്പിക്കുന്നതാണ് ടെലിവിഷന്‍ മാധ്യമങ്ങളുടെ രീതി. അച്ചടിമാധ്യമം പോലെ വിശദാംശങ്ങള്‍ കുറയും. സമഗ്രമായ വിലയിരുത്തലുകളും കുറഞ്ഞെന്നിരിക്കാം. പക്ഷേ, വാര്‍ത്ത ഏറ്റവും ശക്തമായി ആറ്റിക്കുറുക്കി അവതരിപ്പിച്ച് അതിന്റെ കാമ്പ് ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കാന്‍ ഫലപ്രദമായി കഴിഞ്ഞത് അച്ചടി മാധ്യമങ്ങളില്‍ നിന്ന് ദൃശ്യമാധ്യമങ്ങളിലേക്ക് മാറിയപ്പോഴാണ്. വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശം വകവെച്ച് കൊടുക്കുകയാണ് ദൃശ്യമാധ്യമങ്ങള്‍ ചെയ്തത്.

വാര്‍ത്തകളുടെ സ്രോതസ്സ് വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടയില്‍ എന്താണ് പ്രധാനം, എന്താണ് അപ്രധാനം എന്താണ് വാര്‍ത്ത, എന്താണ് വാര്‍ത്ത അല്ലാത്തത് എന്നൊക്കെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാം. വാര്‍ത്തയുടെ കുത്തൊഴുക്കിന്റെ ഈ കാലത്ത് വാര്‍ത്ത എന്താണെന്ന് മനസിലാക്കാനും അത് തിരിച്ചറിയാനുമുള്ള ഉത്തരവാദിത്വം മാധ്യമസാക്ഷരതയുള്ള സമൂഹത്തിന്റേത് കൂടിയാണ്.
മാധ്യമസാക്ഷരത വര്‍ധിപ്പിക്കുകയാണ് ജനാധിപത്യകാലത്ത് ചെയ്യാനുള്ള വഴി.

ബഹുസ്വര മാധ്യമകാലം
വാര്‍ത്തകള്‍ സംഭവിപ്പിക്കുകയെന്നുള്ളത് ഒരു വലിയ പരിധിവരെ അഭിലഷണീയമല്ല. ഈ കുറ്റം ടെലിവിഷന്റെ മാത്രം കുത്തകയുമല്ല. അച്ചടി മാധ്യമങ്ങളിലും ധാരാളം കെട്ടിച്ചമച്ച വാര്‍ത്തകള്‍ വരാറുണ്ട്. മുന്‍കാലത്തെ അപേക്ഷിച്ച് ഇതിലെല്ലാം നല്ലതോതില്‍ കുറവുണ്ടായി.
ഏതാനും അച്ചടി മാധ്യമങ്ങള്‍ മാത്രം രംഗത്തുണ്ടായിരുന്ന കാലത്ത് ഒന്നോ രണ്ടോ പ്രമുഖ അച്ചടി മാധ്യമങ്ങളെയായിരുന്നു കേരളത്തിലെ 90 ശതമാനം വായനക്കാരും ആശ്രയിച്ചിരുന്നത്. ഈ പത്രങ്ങള്‍ വിചാരിച്ചാല്‍ ഏത് കെട്ടിച്ചമച്ച വാര്‍ത്തയും യാഥാര്‍ത്ഥ്യമാണെന്ന് വരുത്താന്‍ കഴിയുമായിരുന്നു. ഈ സാഹചര്യം മാറി. കാരണം വാര്‍ത്താസ്രോതസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഇന്ന് ഒരു പത്രമോ, ചാനലോ കെട്ടിച്ചമച്ച വാര്‍ത്ത അവതരിപ്പിച്ചാല്‍ തന്നെ അത് യാഥാര്‍ത്ഥ്യമല്ലെന്ന് ബോധ്യപ്പെടും വിധം വാര്‍ത്ത എത്തിക്കാനുള്ള ബഹുസ്വരത ടെലിവിഷന്റെ കാര്യത്തിലായാലും സോഷ്യല്‍ മീഡിയയുടെ കാര്യത്തിലായാലും ഉണ്ട്. അതിനാല്‍ ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കി പറയാനുള്ള സാധ്യത കുറഞ്ഞു.

സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം കൂടിയത് വ്യാജ വാര്‍ത്തകളുടെ സാധ്യത കൂടാനിടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയക്ക് സവിശേഷമായ ചില സ്വഭാവങ്ങളുണ്ട്. ഒട്ടും ആധികാരികമല്ലാത്ത വാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിപ്പിക്കാനുള്ള ശേഷിയാണിതില്‍ പ്രധാനം. പ്രത്യേകതരം രാഷ്ട്രീയ, സാമൂഹ്യ, മതപരമായ മാനസികാവസ്ഥയില്‍ നില്‍ക്കുന്ന സമൂഹം തങ്ങള്‍ക്ക് ഇഷ്ടമുള്ള വാര്‍ത്തകള്‍ മാത്രം സ്വീകരിക്കുകയെന്ന രീതിയിലേക്ക് മാറുന്നു. അത് തെറ്റാണെന്ന് അറിഞ്ഞാലും അത് സ്വീകരിക്കുകയെന്ന അവസ്ഥ. ഇത് ലോകം മുഴുവന്‍ ഉണ്ട്. ഇതാണ് ഫേക്‌ന്യൂസിനെ വലിയ ചര്‍ച്ചയാക്കുന്നതും. ഇതിന് പ്രധാന ഉത്തരവാദി സോഷ്യല്‍ മീഡിയയാണ്.

വൈകുന്നേരത്തെ അട്ടിമറികള്‍
വൈകുന്നേരത്തെ ചര്‍ച്ചകള്‍ക്ക് ചില പോരായ്മകളുണ്ടെന്നത് ശരിയാണ്. എന്നാല്‍ വൈകുന്നേര ടെലിവിഷന്‍ ചര്‍ച്ചകളാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യരംഗത്തെ അജണ്ടകള്‍ നിശ്ചയിക്കുന്നതെന്ന കാര്യം വിസ്മരിക്കാനാകില്ല. പത്രങ്ങള്‍ക്ക് ഈ സ്ഥാനം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

കേരളത്തില്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെ സംഭവിച്ച രാഷ്ട്രീയ, മത കോര്‍പ്പറേറ്റ് തലങ്ങളിലെ ഏറ്റവും കടുത്ത അനീതികളെല്ലാം നിരന്തരം ചര്‍ച്ച ചെയ്ത് പുറത്ത് കൊണ്ടുവന്നതും കുറ്റവാളികളെ സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കി കൊടുത്തതിലും പ്രധാനപങ്ക് വഹിച്ചത് ടെലിവിഷനുകളിലെ സായാഹ്ന ചര്‍ച്ചകള്‍ തന്നെയാണ്. പത്രങ്ങള്‍ക്കൊന്നും ഇതില്‍ പകുതി പങ്ക് പോലും അവകാശപ്പെടാന്‍ കഴിയില്ല. ചര്‍ച്ചകളുടെ രീതികളെക്കുറിച്ചൊക്കെ തീര്‍ച്ചയായും വിമര്‍ശനങ്ങളുണ്ട്. ഇത് സ്വാഭാവികമായി ഉള്‍കൊള്ളേണ്ടതുമാണ്.

ആങ്കര്‍മാരുടെ ആക്രോഷങ്ങള്‍
സംവാദത്തിലെ ഗാഗ്വാ വിളികളും അക്രമസക്തമാകുന്നതുമെല്ലാം ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്. വിമര്‍ശന വിധേയമാക്കേണ്ടതും പുനരാലോചിക്കേണ്ടതുമാണ്. വൈകുന്നേരത്തെ ചര്‍ച്ചകളുടെ ആങ്കര്‍മാര്‍ കൂടുതല്‍ അഗ്രസീവ് ആവുകയെന്നതാണ് പുതിയ കാലത്തിന്റെ രീതി. അഗ്രസീവ് ആകുന്നതിന്റെ അര്‍ത്ഥം തങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാനോ തങ്ങളുടെ നിലപാടിനോട് അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് ശബ്ദം നല്‍കാതിരിക്കാനോ ആവരുത്. ചര്‍ച്ചകള്‍ കൂടുതല്‍ ജനാധിപത്യപരമാകേണ്ടതുണ്ട്.

കേരള ചാനലുകള്‍ വ്യത്യസ്തമാണ്
വൈകുന്നരത്തെ ചര്‍ച്ചകള്‍ വലിയ അപകടകരമായ രീതിയിലാണ് പോകുന്നതെന്ന അഭിപ്രായമൊന്നുമില്ല. പ്രത്യേകിച്ച് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. കേരളത്തിലെ ടെലിവിഷന്‍ ചാനലുകളാണ് ഇന്നും അടിസ്ഥാനപരമായി മാധ്യമധര്‍മം നിര്‍വഹിക്കുന്നതെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. അധികാരത്തില്‍ ഇരിക്കുന്ന ശക്തികളെ രാഷ്ട്രീയം നോക്കാതെ, മതം നോക്കാതെ, സാമ്പത്തിക അവസ്ഥ നോക്കാതെ നിരന്തരമായി ചോദ്യം ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന സുപ്രധാനമായ ഉത്തരവാദിത്വം കേരളത്തിലെ ടെലിവിഷന്‍ ചാനലുകളെ പോലെ മറ്റാരും നിര്‍വഹിക്കുന്നില്ലെന്നാണ് എന്റെ അഭിപ്രായം.

ദേശീയ മാധ്യമങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ, മത പക്ഷപാതിത്വം കാണിക്കുമ്പോള്‍ കേരളത്തില്‍ ഇന്നും ഇത്തരം കാര്യങ്ങളില്‍ തികച്ചും നിഷ്പക്ഷവും സ്വതന്ത്രവുമായ നിലപാട് ഒരു വലിയ പരിധി വരെ ഉള്‍ക്കൊണ്ട് നിര്‍വഹിക്കാന്‍ കഴിയുന്നത് അഭിമാനകരമാണ്.

എല്ലാം പറയാനാവില്ല
ഓരോ വിഷയത്തിലും ആ രംഗത്തെ വിദഗ്ധര്‍ വന്നിരുന്ന് അവര്‍ക്ക് പറയാനുള്ളത് പറയുന്ന രീതിയില്‍ തന്നെയാണ് സംവാദങ്ങള്‍ നടക്കുന്നത്. ഒരു ടെലിവിഷനിലെ ചര്‍ച്ച ഒരു മണിക്കൂര്‍ സമയത്താണ് നടക്കാറുള്ളത്. ഇതിനിടയില്‍ ഒരാള്‍ വന്നിരുന്ന് പറയാനുള്ളത് മുഴുവന്‍ പറയുകയെന്നതൊക്കെ നടക്കാത്ത കാര്യമാണ്.

ജനത്തിന്റെ കയ്യില്‍
ചാനലുകള്‍ തമ്മിലെ മത്സരം നിയന്ത്രിക്കേണ്ടത് തന്നെയാണ്. വേറെ ആരും നിയന്ത്രിക്കുകയല്ല, ഓരോ ഉത്തരവാദപ്പെട്ട മാധ്യമവും അവരുടേതായ ധാര്‍മികവും പ്രൊഫഷനലുമായ നിലപാടുകള്‍ക്ക് അനുസരിച്ചാണ് പോകേണ്ടത്. വലിയ തരത്തിലുള്ള സാമൂഹ്യനിയന്ത്രണവുമുണ്ട്. പത്രങ്ങളെക്കാള്‍ ജനങ്ങളുടെ അഭിപ്രായം അനുസരിച്ച്, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ട അവസ്ഥ ടെലിവിഷനുണ്ട്. പത്രങ്ങള്‍ വായിക്കുന്നത് ഒരു ശീലത്തിന്റെ ഭാഗം കൂടിയാണ്. ഒരു പത്രം മാറ്റി മറ്റൊരു പത്രം വരുത്തുകയെന്നത് ഒരു കുടുംബത്തില്‍ ഒരു വ്യക്തിക്ക് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതല്ല. ടെലിവിഷന്‍ അങ്ങനെയല്ല. വളരെ എളുപ്പത്തില്‍ കൈയിലുള്ള റിമോട്ട് ഉപയോഗിച്ച് ഒരു ചാനല്‍ മാറ്റി മറ്റൊന്ന് വെക്കാവുന്നതേയുള്ളൂ. അതിനാല്‍ ജനങ്ങളെ മറന്നുകൊണ്ടുള്ള, പ്രേക്ഷകരെ ഉള്‍കൊള്ളാതെയുള്ള പ്രവര്‍ത്തനം ടെലിവിഷനെ സംബന്ധിച്ച് അസാധ്യമാണ്. അനാവശ്യമായ മത്സരമോ മറ്റു തെറ്റുകുറ്റങ്ങളോ ചെയ്യുന്നുണ്ടെങ്കില്‍ ആ നിമിഷം ടെലിവിഷനെ തിരുത്താന്‍ ജനങ്ങള്‍ക്ക് കഴിയും. ഇത് മനസിലാക്കിയില്ലെങ്കില്‍ ടെലിവിഷന് മുന്നോട്ടുപോകാന്‍ കഴിയില്ല.

അഹന്തയരുത്
ആജ്ഞയുടെയും അഹന്തയുടെയും ഭാഷയില്‍ അവതാരകര്‍ സംസാരിക്കുന്നത് ശരിയല്ല. അവതാരകര്‍ മാത്രമല്ല, ആരും അങ്ങനെ സംസാരിക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകിച്ചും. വളരെ മാന്യമായും മര്യാദയോടെയും തന്നെ, ശക്തമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ ഉറപ്പോടെ പറയാനും നിശിതമായി ചോദ്യങ്ങള്‍ ഉന്നയിക്കാനും നിര്‍ബന്ധ ബുദ്ധിയോടെ ഉത്തരങ്ങള്‍ വാങ്ങാനും കഴിയും. അതുകൊണ്ട് അഹന്തയുടെയും ആജ്ഞയുടെയും സ്വരം സ്വീകരിക്കേണ്ട ആവശ്യമില്ല. ഫലപ്രദമായി തന്നെ ഇങ്ങനെ ചെയ്യുന്നുമുണ്ട്.

പൊതുപ്രവര്‍ത്തകര്‍ രക്ഷപ്പെടില്ല
നിര്‍ബന്ധിച്ച് പറയിപ്പിച്ച് വാര്‍ത്ത സൃഷ്ടിക്കുന്നുണ്ടോയെന്ന ചോദ്യത്തെ മറ്റൊരുതലത്തിലാണ് സമീപിക്കേണ്ടത്. സമൂഹത്തില്‍ പൊതുചുമതലകളുള്ളവരും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവരും ജനങ്ങളുടെയും ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന മാധ്യമങ്ങളുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യത ഉള്ളവരാണ്. അവര്‍ നിങ്ങളോട് ഒന്നും പറയാനില്ലെന്ന് പറയുന്നവരാണെങ്കിലും അത് അവരുടെ സ്വകാര്യതയല്ല.
രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, മറ്റുപ്രധാനപ്പെട്ട പൊതുസ്ഥാനം വഹിക്കുന്നവര്‍ അവര്‍ക്ക് ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ അധികാരമില്ല. സ്വകാര്യതയുടെ ന്യായം പറഞ്ഞ് മാറിനില്‍ക്കാന്‍ ജനാധിപത്യപരമായി അവകാശമില്ല. സാങ്കേതികമായി അവകാശം ഉണ്ടെന്നിരിക്കും. എന്നാലും നിരന്തരമായി അവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കണം.

ജനങ്ങളുടെ ചോദ്യകര്‍ത്താക്കള്‍
കേരളത്തിന്റെ ദൃശ്യമാധ്യമ സംസ്‌കാരം എന്നത് കേരളത്തിന്റെ പൊതുസംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമല്ല. കേരളത്തിന്റെ പൊതുസംസ്‌കാരം ജനാധിപത്യപരവും മതനിരപേക്ഷവുമായിരിക്കണം. ദുര്‍ബലര്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കണം. ലിംഗപരമായ നീതി ഉറപ്പാക്കണം. അങ്ങനെയായിരിക്കണം ദൃശ്യമാധ്യമ സംസ്‌കാരവും.
വാര്‍ത്താമാധ്യമങ്ങളുടെ പ്രധാന ഉത്തരവാദിത്വം ജനങ്ങള്‍ക്ക് വേണ്ടി അധികാരസ്ഥാനങ്ങളിലുള്ളവരോട് ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേ ഇരിക്കുകയെന്നതാണ്. അധികാരസ്ഥാനത്ത് ഇരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല, കോര്‍പറേറ്റ് പ്രമാണിമാരാകാം, മതപ്രമാണിമാരാകാം, സമുദായസംഘടനാനേതാക്കളാകാം. ഇവരെല്ലാം പവര്‍ ബ്ലോക്കുകളാണ്. സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ നിര്‍വാഹമില്ല. ആ ഉത്തരവാദിത്വമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. ഇതുള്‍ക്കൊള്ളുന്നതായിരിക്കണം ദൃശ്യമാധ്യമ സംസ്‌കാരം.

ക്രോസ് ചെക്കിംഗിന് സമയമില്ല
തെറ്റുകള്‍ തിരുത്താമെന്ന ലോജിക്കില്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുകയല്ല ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നത്. അച്ചടിമാധ്യമങ്ങളുടെ രീതിയല്ല ദൃശ്യമാധ്യമങ്ങള്‍ക്ക്. ഒരു വാര്‍ത്ത സംഭവിച്ചാല്‍ ആ നിമിഷം തന്നെ അത് കൊടുക്കേണ്ടി വരും. അച്ചടി മാധ്യമത്തിന് അടുത്ത ദിവസം വരെ സമയമുണ്ട്. ക്രോസ്‌ചെക്ക് ചെയ്യാന്‍ വേണ്ടുവോളം സമയം. ദൃശ്യമാധ്യമങ്ങളുടെ സാങ്കേതികമായ ഘടനാരീതിയനുസരിച്ച് ക്രോസ് ചെക്ക് ചെയ്യാനുള്ള സാവകാശം കുറവായിരിക്കും. ഇതിനര്‍ത്ഥം മനപൂര്‍വം കള്ളവും നുണയും അടിസ്ഥാനമില്ലാത്ത വാര്‍ത്തകളും പ്രചരിപ്പിക്കുകയെന്നല്ല. സാങ്കേതികമായ പ്രത്യേകത കാരണം വിശദമായ ക്രോസ്‌ചെക്കിംഗിന് കഴിഞ്ഞെന്ന് വരില്ല. ഇതൊരു ദൗര്‍ബല്യമാണ്. പിന്നീട് തിരുത്താമെന്ന് വിചാരിച്ചല്ല വാര്‍ത്തകള്‍ നല്‍കുന്നത്. ഈ രീതിയില്‍ തെറ്റ് സംഭവിച്ചെന്നിരിക്കാം. മാധ്യമങ്ങള്‍ ആഴ്ചയില്‍ മൂന്നെണ്ണമായിരുന്ന കാലമുണ്ടായിരുന്നു. അതിനെക്കാള്‍ തെറ്റുകള്‍ ഡെയ്‌ലി ആയപ്പോള്‍ പത്രങ്ങള്‍ക്ക് സംഭവിക്കുന്നുണ്ട്. തിരുത്തേണ്ടതാണെന്ന് ബോധ്യപ്പെടുമ്പോള്‍ തിരുത്തുകയെന്നതാണ് ചെയ്യാന്‍ കഴിയുന്നത്.

നവമാധ്യമങ്ങള്‍
നവമാധ്യമങ്ങളുടെ പിന്നാലെ ദൃശ്യമാധ്യമങ്ങള്‍ പോകുന്നുവെന്ന വാദം പൂര്‍ണമായി ശരിയല്ല. തീര്‍ച്ചയായും നവമാധ്യമങ്ങളുടെ സാന്നിധ്യവും സാന്ദ്രതയും അവരുണ്ടാക്കുന്ന ഇംപാക്ടും അവഗണിക്കാന്‍ കഴിയില്ല. നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇതൊരു നെഗറ്റീവ് മാധ്യമ സംസ്‌കാരമാണെന്ന് പറയുന്നതിനോട് യോജിപ്പില്ല.

എം ജി രാധാകൃഷ്ണന്‍

You must be logged in to post a comment Login