എനിക്ക് ആത്മാദരമുണ്ട് അത് തെറ്റാണോ?

എനിക്ക് ആത്മാദരമുണ്ട് അത് തെറ്റാണോ?

നീണ്ട എട്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം, പുതിയ നോവലായ ‘സമുദ്രശില’ പുറത്തിറങ്ങാനൊരുങ്ങുന്നു. എന്താണ് പുതിയ നോവലിന്റെ ഇതിവൃത്തം, പ്രമേയം?

മനുഷ്യന് ഒരു ആമുഖത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സമുദ്രശില. കഥാപാത്രങ്ങളുടെ ബാഹുല്യമില്ല. ആദ്യ നോവലില്‍ നൂറിലേറെ കഥാപാത്രങ്ങളുണ്ടെങ്കില്‍, ഇതില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രം. സ്ത്രീയുടെ മനസാണ് പ്രമേയം. എന്റെ രണ്ടാം ദേശമായ കോഴിക്കോടും ഈ നഗരവും മഴയും ഓര്‍മകളും ഒക്കെ ഇഴുകിച്ചേരുന്ന ഒരു കഥ. കഴിഞ്ഞ നാലു വര്‍ഷമായി ഇത് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസക്കാലം എഴുതാന്‍ വേണ്ടി ശമ്പളമില്ലാ അവധിയിലായിരുന്നു. റിയലിസത്തിന്റെ ഒരു പുതിയ തലമാണ് നോവലില്‍ അവതരിപ്പിക്കുന്നത്. ഇത് എഴുതിത്തീരാനായപ്പോള്‍ പ്രളയവും പേമാരിയും കേരളത്തെ ഗ്രസിച്ചു. പിന്നെ അത് അതേപോലെ പകര്‍ത്തുകയേ ചെയ്യേണ്ടി വന്നുള്ളൂ. പ്രളയം എന്റെ കടുങ്ങല്ലൂരിലെ വീടിനെ പൂര്‍ണമായും മുക്കിക്കളഞ്ഞെങ്കിലും എന്നെ എഴുതാന്‍ സഹായിച്ചു.’

‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ എന്ന കഥയ്ക്ക് 25 വര്‍ഷം തികയുകയാണല്ലോ.

അതെ. എഴുത്തുകാരനാവാന്‍ കൊതിച്ചു നടക്കുന്ന എനിക്ക് മുമ്പിലേക്ക് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഭൂകമ്പത്തിന്റെ ആഘാതത്താല്‍ എല്ലാ ക്ലോക്കുകളും നിലച്ചുപോയ വാച്ചുകടയുടെ വാര്‍ത്താദൃശ്യം എത്തിയതിനെക്കുറിച്ച് ഞാന്‍ എഴിതിയിട്ടുണ്ട്, ആദ്യപുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍. മൃതശരീരങ്ങള്‍ക്കരികില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ ചിത്രവും എല്ലാ ഘടികാരങ്ങളെയും ഒരൊറ്റ നിമിഷത്തില്‍ സ്തബ്ധമാക്കുന്ന കാലത്തിന്റെ നടുക്കവും ഒരൊറ്റ രാത്രിയിലെ ഉറക്കമൊഴിപ്പിലാണ് കഥയായി മാറിയത്. പുലര്‍ച്ചെ കഥയ്ക്കു താഴെ എന്റെ പേരെഴുതി ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ അത് നിന്നുപോയതായികണ്ടു. അച്ഛന്റെ ചാവി കൊടുക്കുന്ന വാച്ചിലേക്ക് നോക്കി. രാത്രിയുടെ ഏതോ യാമത്തില്‍ അതും നിലച്ചുപോയിരുന്നു. ഞാന്‍ തലക്കെട്ടെഴുതി: ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’. പ്രളയവും ഭൂകമ്പവും കൊടുങ്കാറ്റുമൊക്കെ മലയാളികള്‍ക്ക് കുട്ടികളുടെ മിമിക്രി ഐറ്റം മാത്രമായിരുന്ന ഒരു ഭൂതകാലത്തിലിരുന്ന് അങ്ങനെയൊരു കഥ കാല്‍നൂറ്റാണ്ടിനുമുന്‍പ് എഴുതിവച്ചതും അത് സ്വീകരിക്കപ്പെട്ടതും എന്തിനായിരുന്നു എന്നതിന് ഉത്തരം ലഭിച്ചത് ഈ പ്രളയകാലത്ത് പത്രത്തില്‍ വന്ന ഒരു ചിത്രത്തിലൂടെയാണ്. ആറന്മുളയിലെ രാഘവനാചാരി എന്ന മനുഷ്യന്‍ പ്രളയത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് 1:16 ല്‍ തറഞ്ഞുപോയ ക്ലോക്ക് വലിച്ചെടുക്കുന്നു. ന്യൂസ് റിപ്പോര്‍ട്ടര്‍ അതിന് തലവാചകം നല്‍കി: ‘ഘടികാരം നിലച്ച സമയം’ !

സമാനതകളില്ലാത്ത വിധം പ്രളയം കേരളത്തെ നടുക്കിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന് നല്‍കുന്ന സന്ദേശമെന്താണ്?

ഈ പ്രളയം ഏറെ ബാധിച്ച നാടാണ് എന്റെ സ്വദേശമായ ആലുവായിലെ കടുങ്ങല്ലൂര്‍. അമ്മയും ബന്ധുക്കളും കുടുങ്ങിക്കിടന്ന വീടിന്റെ ഒരു ഫോട്ടോ വന്‍പ്രചാരം നേടിയിരുന്നു. എന്റെ ചേച്ചിയുടെ മകന്‍ അവന്റെ അച്ഛന്റെ മുണ്ടുകീറി ടെറസിനു മുകളില്‍ നാവിക സേനക്ക് ‘THANKS’ എന്നെഴുതിയത് ആ വീടിനു മുകളിലാണ്. വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ അമ്മയോട് ഇങ്ങോട്ടുപോരാന്‍ പറഞ്ഞിട്ട് അമ്മ കൂട്ടാക്കിയില്ല. ഞാനാകട്ടെ കാലിന്റെ ലിഗമെന്റിനു പരിക്കുപറ്റി ഇവിടെ കിടപ്പിലായിരുന്നു. ഒടുവില്‍ ഒരു ടാക്‌സിക്കാറ് വിളിച്ചുപോയി അമ്മയെ ഇങ്ങോട്ടുകൂട്ടിക്കൊണ്ടുവരികയായിരുന്നു. പ്രളയം നമ്മെ ചിലതെല്ലാം പഠിപ്പിച്ചെന്ന് ഞാന്‍ കരുതുന്നു. കടുങ്ങല്ലൂരിലെ ക്ഷേത്രം വൃത്തിയാക്കാന്‍ മലപ്പുറത്തു നിന്ന് മുസ്‌ലിം യുവാക്കളുടെ സന്നദ്ധസംഘം വന്നെത്തിയത് വാര്‍ത്തയായിരുന്നു. 1924 ലെ പ്രളയത്തിന്റെ പശ്ചാത്തലം നമ്മുടെ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിനും നവോത്ഥാനത്തിനുമൊക്കെ അടിത്തറയായിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ആ പ്രകൃതിക്ഷോഭത്തില്‍ ജീവിതമെന്തെന്നു തിരിച്ചറിഞ്ഞവരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കാലത്തിന് കഴിഞ്ഞു. എന്നാല്‍, ഇക്കാലത്ത് അത്തരമൊരു അവസ്ഥയല്ല ഉള്ളത്. എല്ലാം ഒടുങ്ങിയപ്പോള്‍ കുറ്റകൃത്യങ്ങളും വിദ്വേഷമനോഭാവവും മടങ്ങിവരുന്നത് നാം കാണുന്നു. പ്രളയത്തിനിടയില്‍ പോലും മോഷണങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വിഭവങ്ങളില്‍തിരിമറികളും നടക്കുന്നതായി നാം വായിക്കുന്നു.

വായനയാണല്ലോ ചിന്തക്ക് തെളിച്ചം പകരുന്നത്. വായിക്കുന്നവര്‍ എക്കാലവും തളിര്‍ക്കുകയും ചെയ്യും. കുട്ടിക്കാല വായനകള്‍ ഓര്‍ക്കുന്നുണ്ടോ?

വായനയുടേതായ കുടുംബപശ്ചാത്തലമൊന്നും എനിക്ക് അവകാശപ്പെടാനില്ല. ധാരാളം വായിച്ചിട്ടുള്ള ആള്‍ എന്നു ചൂണ്ടിക്കാട്ടാന്‍ ബന്ധുക്കളുടെ കൂട്ടത്തിലോ കുടുംബത്തിലോ ആരുമുണ്ടായിരുന്നില്ല. എന്നാലും നാട്ടിലൊരു ലൈബ്രറിയുണ്ടായിരുന്നു. സാഹിത്യപോഷിണി വായനശാല. ഇടയ്ക്ക് സൂചിപ്പിക്കട്ടെ, അക്കാലത്ത് വായനാശാലകള്‍ക്ക് സമൂഹത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. ആളുകള്‍ പരസ്പരം ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഒരിടംകൂടിയായിരുന്നു അവ. യഥാര്‍ഥത്തില്‍ അച്ഛനമ്മമാരെക്കാള്‍ എന്നെ വളര്‍ത്തിയത് നാട്ടിലെ ആ ലൈബ്രറിയാണ്. ലൈബ്രേറിയനായിരുന്ന ഗോപിച്ചേട്ടന്‍ മിക്കപ്പോഴും എന്നെ വൈകുന്നേരങ്ങളില്‍ ലൈബ്രറി ഏല്പിച്ച് അദ്ദേഹത്തിന്റെ അത്യാവശ്യങ്ങള്‍ക്കായി പോകും. ആ മണിക്കൂറുകളില്‍ ഞാനാണ് അത് നോക്കിനടത്തുക. അക്കാലത്ത് പ്രതിവര്‍ഷം പതിനയ്യായിരം രൂപ ഗ്രാന്റ് ലഭിക്കുന്ന ലൈബ്രറിയായിരുന്നു അത്. അതിനാല്‍ തന്നെ ഇഷ്ടം പോലെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നു. അവ തിരഞ്ഞെടുത്തുവാങ്ങിക്കുന്നതിലും എന്റെ അഭിപ്രായങ്ങള്‍ മാനിച്ചിരുന്നു. അങ്ങനെ യഥേഷ്ടം വായിക്കാനുള്ള സാഹചര്യം എനിക്കുണ്ടായി. അവിടെ മലയാളത്തിലേയും ഇംഗ്ലീഷിലെയും മിക്കവാറും എല്ലാ ആനുകാലികങ്ങളും വരുത്തിയിരുന്നു. എല്ലാ മികച്ച പുസ്തകങ്ങളും അവിടുത്തെ അലമാരകളിലുണ്ടായിരുന്നു.

എഴുത്ത് ദിവ്യമായ ഒന്നാണെന്ന് ചിലര്‍ പറയുന്നു. കഠിന തപസ്സിലൂടെ രൂപപ്പെട്ടുവരുന്ന സ്വന്തം എഴുത്തിന്റെ രസതന്ത്രത്തെക്കുറിച്ച്?

നല്ല എഴുത്തിന് വെളിപാടിന്റെ ഒരു വശമുണ്ട്. ആ അര്‍ഥത്തില്‍ അത് ദിവ്യമാണ്. പതിനേഴാം വയസിലാണ് എന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കഥയായ ഈഡിപ്പസ്സിന്റെ അമ്മ എഴുതിയത്. അതിനു മുമ്പും പല കഥകളും പലയിടത്തേക്കും അയച്ചിട്ടുണ്ട്. ഒന്നും വെളിച്ചം കണ്ടില്ല. അവയെല്ലാം നല്ല വെളുത്ത കടലാസിലുള്ള ഒരു തിരസ്‌കരണിക്കുറിപ്പു സഹിതം സുരക്ഷിതമായി വീട്ടിലേക്ക് തന്നെ തിരിച്ചെത്തും. ആ നല്ല വെളുത്ത കടലാസുകളുടെ മറുപുറങ്ങളില്‍ കഥ പകര്‍ത്തിയെഴുതിയും ഞാന്‍ പത്രമോഫീസുകളിലേക്ക് അയയ്ക്കാറുണ്ടായിരുന്നു. പറഞ്ഞിട്ടെന്തു ഫലം, ഞാന്‍ സ്ഥിരമയയ്ക്കാറുള്ള കച്ചിക്കടലാസുകള്‍ക്കുപകരം ആ നല്ല വെള്ളക്കടലാസിലെഴുതിയ കഥകളും തിരിച്ചുവരുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഈഡിപ്പസ്സിന്റെ അമ്മ എന്ന കഥ അച്ചടിക്കപ്പെട്ടത്. എന്നെ പഠിപ്പിച്ച അല്‍ഫോണ്‍സ ടീച്ചറെ പറ്റിയുള്ള കഥയായിരുന്നു അത്. എഴുതുമ്പോള്‍ എവിടെ നിന്നാണ് ആശയങ്ങള്‍ വരുന്നതെന്ന് പറയാന്‍ സാധിക്കില്ല. അത് സര്‍വകാലത്തെയും സ്പര്‍ശിച്ചൊഴുകുന്ന ഒരു ജലധാരയാണ്. ഒട്ടേറെത്തവണ മാറ്റിയെഴുതിയാലും തൃപ്തിതോന്നാറില്ല ചിലപ്പോള്‍. മറ്റുചിലപ്പോഴാകട്ടെ ആദ്യമെഴുതുന്നതില്‍ത്തന്നെ സംതൃപ്തി തോന്നും. ചടങ്ങാക്കിത്തീര്‍ക്കുന്ന എഴുത്തിനോട് എനിക്ക് താല്‍പര്യമൊന്നുമില്ല. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ ഇരുപത്തെട്ട് കഥകള്‍ മാത്രമാണ് ഞാന്‍ എഴുതിയിട്ടുള്ളത്. മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ എഴുതാന്‍ പത്തുവര്‍ഷമെടുത്തു. നാലഞ്ചുവര്‍ഷമായി എഴുതിക്കൊണ്ടിരിക്കുന്ന സമുദ്രശില ഇപ്പോള്‍ പൂര്‍ത്തിയായി.

എന്താണ് എഴുത്തിന്റെ വഴിയിലെ ‘സുഭാഷ് ചന്ദ്രനിസം’?

ഞാന്‍ എന്റേതായ വഴിയില്‍ എഴുതുന്നു. അതിനെ വേണമെങ്കില്‍ സുഭാഷ് ചന്ദ്രനിസം എന്നു വിളിക്കാം. എന്റെ രചനാശൈലി എന്നു പറയുന്നത് ഞാന്‍ എഴുത്തുകളില്‍ നിഷ്‌കര്‍ഷിക്കുന്ന കണിശതയാണ്. അതിനെ ആഘോഷിക്കാനും കൊണ്ടാടാനുമുള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കാറുണ്ട്. കഴിഞ്ഞ വായനദിനത്തില്‍ മലയാളികള്‍ വായിച്ചിരിക്കേണ്ട കൃതികളില്‍ ഞാന്‍ ‘മനുഷ്യന് ഒരു ആമുഖം’ ഉള്‍പ്പെടുത്തിയിരുന്നു. അത് തെറ്റായിപ്പോയെന്ന് പലരും പ്രതികരിച്ചിരുന്നു. ഒരെഴുത്തുകാരന്‍ തന്റെ കൃതി അവന്റെ നാട്ടിലെ ആളുകള്‍ വായിക്കണമെന്നു കരുതുന്നതില്‍ എന്താണ് തെറ്റ്? ഒാരോ എഴുത്തുകാരനും അങ്ങനെ ആഗ്രഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എനിക്ക് നല്‍കുന്ന ആത്മാദരവാണത്. ആത്മാദരമില്ലാത്തവര്‍ക്ക് സമൂഹത്തിന്റെ ആദരം നേടാനാവില്ല.

ഗൗരവപ്രകൃതക്കാരനായ സുഭാഷ് ചന്ദ്രനെക്കുറിച്ചുള്ള മുന്‍വിധികളെല്ലാം ഇവിടെയിരിക്കുമ്പോള്‍ ചോര്‍ന്നുപോകുന്നു.

ഇതിനു മുമ്പും ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ട്. മുംബൈയില്‍ ജീവിക്കുന്ന ഒരു വായനക്കാരന്‍ എന്നെ കാണാന്‍ വേണ്ടി മാത്രം കോഴിക്കോട്ടുവന്നിരുന്നു. ഞാനൊരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വേദിയില്‍ ഇരിക്കുകയാണ്. എന്റെ ഇരിപ്പും നോട്ടവും കണ്ട് അയാള്‍ ഞാനൊരു ഗൗരവക്കാരനാണെന്ന് മുന്‍കൂട്ടി തീരുമാനിച്ച്, മീറ്റ് ചെയ്യാന്‍ നില്‍ക്കാതെ മടങ്ങിപ്പോയി! പിന്നീട് മുംബൈയില്‍നിന്ന് അയാള്‍ കോഴിക്കോടുവന്നതും മടങ്ങിയതുമെല്ലാം ഫോണ്‍വിളിച്ച് അറിയിച്ചപ്പോഴാണ് ഞാനറിയുന്നത്. എന്തു ചെയ്യാം, എന്റെ മുഖം ഇങ്ങനെയായിപ്പോയി. പൂമ്പാറ്റയുടെ ചിറകിലെ വരച്ചുവച്ച കണ്ണുകള്‍ കണ്ടിട്ടില്ലേ. പച്ചപ്പാവത്താനായ പൂമ്പാറ്റയെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രകൃതി സംവിധാനിച്ച ഉണ്ടക്കണ്ണ്. എഴുത്തുകാരനെന്ന നിലയ്ക്ക് ഇതുചിലപ്പോള്‍ എന്റെ സ്വകാര്യതയ്ക്ക് ഗുണകരമായേക്കാം. എന്നാല്‍ അതു ചിലപ്പോള്‍ നല്ലതായിരിക്കില്ല. പൊതുവെ നമുക്കിടയില്‍ അകല്‍ച്ചകള്‍ ഏറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഇന്ന് ഒരു മതക്കാരന് മറ്റേ മതക്കാരനെക്കുറിച്ചറിയില്ല. ഒപ്പമിരുന്ന്, കൂട്ടുകൂടി മുന്‍വിധികളും ഈഗോയും മാറ്റിവച്ച് ഇടപഴകിയാല്‍ മാത്രമേ നാം ആഴത്തില്‍ പരസ്പരം മനസിലാക്കുകയുള്ളൂ.

ഗുരു, ശിഷ്യ ബന്ധങ്ങളിലെ ആര്‍ദ്രവികാരങ്ങള്‍ അവഗണിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മഹാരാജാസിലെ കാമ്പസ് അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ എന്ത് തോന്നുന്നു?

ഓരോ മുതിര്‍ന്ന വ്യക്തിയുടെ ജീവിതത്തിനുപിന്നിലും അയാളുടെ ഏതെങ്കിലും ഒരു ഗുരുവിന്റെ കയ്യൊപ്പുണ്ടാവും. പുതിയ കാലത്തെ കാമ്പസ് വിശേഷങ്ങള്‍ അറിയുമ്പോള്‍ അത്തരം ഗുരുകാരുണ്യങ്ങള്‍ പുതിയ തലമുറയ്ക്ക് അന്യമാവുകയാണെന്ന് തോന്നും. അധ്യാപകരുടെ ഭാഗത്തും തെറ്റുകള്‍ സംഭവിക്കുന്നു. അധ്യാപനത്തിന് ശമ്പളത്തിന്റെ വെളിച്ചത്തില്‍ മാര്‍ക്കിടുന്ന ഗുരുക്കന്മാരില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് എന്തു ലഭിക്കാന്‍? ഞാന്‍ മഹാരാജാസില്‍ പഠിക്കുമ്പോഴും കാമ്പസ് രാഷ്ട്രീയമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയാവബോധമുള്ള പൗരന്മാരാക്കി, ക്രിയാത്മകമായ രാഷ്ട്രീയാന്തരീക്ഷം നിര്‍മിച്ചെടുക്കുവാന്‍ വേണ്ടിയുള്ള ഒന്നായിട്ടേ ഞാന്‍ കാമ്പസ് രാഷ്ട്രീയത്തെ കാണുന്നുള്ളൂ. ഞാന്‍ അന്നുമിന്നും ഇടതുപക്ഷ അനുഭാവിയാണ്. പക്ഷേ കോളജില്‍വച്ച് കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. അതിനുകാരണം അക്കാലത്തെ എന്റെ അപകര്‍ഷതാബോധമാണ്. ആളുകളുടെ മുമ്പില്‍ സംസാരിക്കാനെന്നല്ല, അവരെ അഭിമുഖീകരിക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായിരുന്നില്ല. ഈ അപകര്‍ഷതാബോധം ഭാഗ്യവശാല്‍ എന്നെ വായനയുടെ, എഴുത്തിന്റെ ആകാശത്തേക്കു എടുത്തുയര്‍ത്തുവാന്‍ ഏറെ സഹായകരമായിട്ടുണ്ട്. നൂറുകണക്കിന് സദസ്സുകളെ പിന്നീട് അഭിമുഖീകരിച്ച് എന്റെ സഭാകമ്പം പമ്പകടന്നു. വിദ്യാര്‍ത്ഥികളുടെ ഹൃദയം കവരുന്ന അധ്യാപകരെയാണ് നമുക്കാവശ്യം. ഓരോ സ്‌കൂളിലും ഓരോ കോളജിലും മഹത്വമുള്ള ടീച്ചര്‍ എന്ന സംവരണവും വേണം.

എഴുത്തിലും സംസാരത്തിലും ശ്രീനാരായണ ഗുരു ഇടയ്ക്കിടെ കടന്നുവരാറുണ്ട്?

ഗുരു എന്നിലുണ്ടാക്കിയ സ്വാധീനം പറഞ്ഞറിയിക്കാനാവില്ല. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഗുരുവിന്റെ വചനങ്ങള്‍ അഭയമായിട്ടുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ദര്‍ശനത്തിലൂടെ മാനവികതയുടെ അതുല്യമായ ഒരു സമവാക്യത്തെയാണ് അദ്ദേഹം സമൂഹത്തിന് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന് മനുഷ്യന്‍ എന്ന പരിഗണനയേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ മറ്റുജീവജാതികളുടെ കൂട്ടത്തിലുള്ള ഒന്ന് എന്ന നിലയക്കു മാത്രം. പുണര്‍ന്നുപെറുന്നതെല്ലാം ഒരിനം! അതാണ് അദ്ദേഹത്തിന്റെ ദര്‍ശനം. ആത്മസുഖത്തിനായാചരിക്കുന്നവ അപര സുഖത്തിനായ് വരണമെന്ന വചനമെത്ര സാരവത്തായതാണ്. ഇന്ന് ഈഴവര്‍ മാത്രം ഗുരുവിനെ എറ്റെടുത്തു നടക്കുന്നു. ഗുരു എല്ലാവരുടെതുമാണ്. ഒരു സംഘത്തിന്റെത് മാത്രമാക്കി ഗുരുവിനെ ചെറുതാക്കാനാവില്ല.

എഴുത്തുകളിലൂടെ സ്ഥല(Space), കാല (time) ങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിച്ച എഴുത്തുകാരന്‍ ഇപ്പോള്‍ മറ്റൊരു സ്ഥലത്തും കാലത്തും ജീവിക്കുന്നു.!

നാലു സഹോദരിമാരും ഞാനുമാണ് വീട്ടില്‍. അച്ഛന്‍ ഫാക്ടറിത്തൊഴിലാളിയായതിനാല്‍ എനിക്ക് വേഗം ജോലിക്കു ചേരേണ്ടിവന്നു. മഹാരാജാസില്‍നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ പാസായ ശേഷം പ്രസ്സിലും പാരലല്‍ കോളജിലും ഒക്കെ ജോലി ചെയ്തു. ഇടക്കാലത്ത് LLB ക്കും ജോയിന്‍ ചെയ്തു. പിന്നീടാണ് കോഴിക്കോട് മാതൃഭൂമിയിലെത്തുന്നത്. മാതൃഭൂമിയില്‍ ജോലി ചെയ്യുക എന്നത് എന്റെ ആഗ്രഹമായിരുന്നു. ഒരുപാട് മഹാന്മാരെ രൂപപ്പെടുത്തിയ സ്ഥലം. എം.ടി യുടെ കീഴില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം മൂലം മാത്രം മാതൃഭൂമിയിലെ ബാലഭൂമിയിലേക്ക് മാറിയിരുന്നു ഇടക്കാലത്ത്. അങ്ങനെ ഇവിടെത്തന്നെ താമസമാക്കി. ഏറ്റവും വിലക്കുറവുള്ള ഒരിടത്ത്, ഒരു ലക്ഷത്തിന് അഞ്ചു സെന്റ് വാങ്ങി ‘ഭൂമി’ എന്ന ഈ വീടുവെച്ചു.
സുഭാഷ് ചന്ദ്രന്‍/ മുഹമ്മദ് ഇ കെ, ഇഹ്ജാസ് അബ്ദുല്ല

You must be logged in to post a comment Login