ഞാനും എന്റെ ഒരു സുഹൃത്തുമായി നടന്ന സംഭാഷണം: അയാളുടെ ചോദ്യത്തില്‍ നിന്നായിരുന്നു തുടക്കം: ‘സത്യം പറയണം. നിങ്ങള്‍ കുടിച്ചിട്ടുണ്ടോ? നിങ്ങള്‍ മദ്യത്തിന്റെ ദോഷങ്ങളും അപകടങ്ങളും പറയുന്ന ആളാണല്ലോ.’
ഞാനല്‍പനേരം മിണ്ടാതിരുന്നു. പിന്നെ മറുചോദ്യം ഉന്നയിച്ചു: ‘ഞാന്‍ മദ്യപിച്ചോ ഇല്ലയോ എന്നത് മദ്യത്തിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കുന്നുവോ?’
‘നേരെ ചൊവ്വേ പറയൂ, മദ്യപിച്ചിട്ടുണ്ടോ?’
‘മദ്യത്തിന്റെ രുചിയറിയാം. നിങ്ങള്‍ മദ്യപിക്കുമ്പോള്‍ അച്ചാറില്‍ വിരല്‍തൊട്ട് രുചിക്കാറില്ലേ? അതുപോലെ ഒരിക്കല്‍ ഒരു ചെറിയ ഗ്ലാസില്‍ വെള്ളത്തില്‍ കലക്കിയ മദ്യം ഞാനല്‍പം കുടിച്ചുനോക്കിയിട്ടുണ്ട്. സത്യം. അതുമുഴുക്കെ ഇറക്കാനെനിക്ക് കഴിഞ്ഞിട്ടില്ല-‘ ഞാന്‍ പറഞ്ഞു.
‘ഇത് വിശ്വസിക്കണോ?’
‘നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടോ എന്നെനിക്കറിയില്ല.’
‘നിങ്ങളുടെ അടുത്ത ചങ്ങാതിമാര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ ഒക്കെ മദ്യപിക്കുന്നവരായിട്ടും കുടിച്ചില്ലെന്നത് അത്ഭുതകരമായിരിക്കുന്നു. അവിശ്വസനീയം.’
‘അതങ്ങനെ സംഭവിച്ചുപോയി. ഗാന്ധിയനായിട്ടല്ല. മതപരമായ വിലക്കുണ്ട് എന്നതുകൊണ്ടാണെന്ന് തോന്നുന്നു. മദ്യപാന ചികിത്സയിലും അതിന് കീഴ്‌പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകണമെന്ന് വിചാരിച്ചുമല്ല. മദ്യപിക്കുന്നവര്‍ക്കൊപ്പം എത്രയോ തവണ കൂട്ടുകൂടിയിട്ടുണ്ട്. മദ്യശാലകളില്‍ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിച്ചിട്ടുണ്ട്. കുടിച്ചിട്ടില്ല.’
‘ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ മദ്യപിക്കുന്നതിലെ രസം അറിഞ്ഞിട്ടില്ല. അത് മനസിനെ എങ്ങനെ അനായാസകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകും എന്നനുഭവിച്ചിട്ടില്ല. മദ്യം ഭാവനയെയും അഭിലാഷങ്ങളെയും എങ്ങനെ ഉദ്ദീപിപ്പിക്കും എന്നും നിങ്ങള്‍ക്കറിയില്ല.’
‘അതുകൊണ്ട് മദ്യപിക്കുന്നത് അപകടകരമാണ് എന്ന് പറയാന്‍ എനിക്ക് പാടില്ലെന്ന് കരുതുന്നുവോ?’
‘അതല്ലേ സത്യം. ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്യപിക്കാത്ത ഒരാള്‍ക്ക് മദ്യം കൊണ്ട് ദോഷങ്ങള്‍ മാത്രമേയുള്ളൂ എന്ന് പറയാന്‍ എന്താണവകാശം?’
എന്റെ സുഹൃത്ത് ഭാവനാസമ്പന്നനായ വ്യക്തിയാണ്. ഒന്നാന്തരം ബിസിനസുകാരനാണ്. ബിസിനസിലെ പല പരാജയങ്ങളിലും പതറാതെ അയാള്‍ ഉയിര്‍ത്തെഴുന്നേറ്റത് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അയാളെഴുതിയ ഒരു നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്; പ്രസിദ്ധീകരിച്ചിട്ടില്ലാത്തത്. ഇടയ്ക്ക് മദ്യപിക്കും. അത് ഭാര്യ തിരിച്ചറിഞ്ഞതോടെ പലവിധ പ്രശ്‌നങ്ങളും അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഭാര്യ അയാള്‍ ഒരിക്കലും കുടിക്കരുതെന്ന് ആഗ്രഹിക്കുന്നു. അതവരെന്നെ അറിയിച്ച് സഹായമാവശ്യപ്പെട്ടിട്ടുമുണ്ട്. എനിക്കിഷ്ടപ്പെട്ട ഒരു കുടുംബമാണവരുടേത്. അതുകൊണ്ടുതന്നെ ഭാര്യയുടെ ആശങ്ക ഞാന്‍ അയാളെ അറിയിച്ചിട്ടുമുണ്ട്. അയാള്‍ക്ക് മദ്യപാനത്തിന് ന്യായീകരണങ്ങളുണ്ട്. അയാള്‍ മദ്യപാനിയാവുകയില്ലെന്നും അവകാശപ്പെട്ടു. അയാള്‍ മദ്യപിക്കുന്നതിനാല്‍ മദ്യപാനിയാണെന്ന് ഞാനും വാദിച്ചു. മദ്യത്തിന് കീഴ്‌പ്പെടില്ലെന്ന് മാത്രം. ഞാനയാളോട് വാദപ്രതിവാദത്തിന് മുതിര്‍ന്നില്ല. അതൊരു പാഴ്‌വേലയാണ്. മദ്യപാനികളോടോ അമിത മദ്യാസക്തനോടോ വാദിച്ച് ജയിച്ചതുകൊണ്ടെനിക്കൊരു നേട്ടവുമില്ല. അയാള്‍ വീണ്ടും ചോദ്യമുന്നയിച്ചു. ഞാനെന്താണ് മിണ്ടാതിരിക്കുന്നതെന്നും ചോദിച്ചു.
‘എനിക്കൊന്നും പറയാനില്ല. കന്യാസ്ത്രീകള്‍ക്ക് ഭാര്യ- ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങളെങ്ങനെ മനസിലാക്കാനാകും എന്ന്‌ചോദിക്കും പോലെയാണ് നിങ്ങളുടെ സംശയം.’
‘അത് ശരിയല്ലേ?’
‘ആണെന്ന് ഞാന്‍ കരുതുന്നില്ല. കാന്‍സര്‍ രോഗിയായി തിക്തഫലങ്ങളറിഞ്ഞല്ല ഡോ. പി വി ഗംഗാധരന്‍ കാന്‍സറിനെ കുറിച്ച് സംസാരിക്കുന്നത്. ഭാര്യാഭര്‍തൃ ബന്ധത്തില്‍ കലഹങ്ങളുണ്ടാകാത്ത ഒരുവന് ഫാമിലി കൗണ്‍സലിംഗ് നടത്താനാവില്ലെന്ന് പറയുംപോലെയാണ് നിങ്ങളുടെ ചോദ്യം.’
‘അതല്ലേ വസ്തുത?’
‘അല്ല.’
‘എന്തുകൊണ്ട്?’
‘മദ്യത്തിന്റെ ദോഷങ്ങളും പ്രത്യാഘാതങ്ങളും വസ്തുനിഷ്ഠാപരമായി തെളിയിച്ചിട്ടുണ്ട്. അത് ഒരു വ്യക്തിയുടെ ശരീരത്തെയും മനസിനെയും തകര്‍ക്കുമെന്നത് ശാസ്ത്രീയമായി അംഗീകരിച്ച കാര്യമാണ്. മദ്യപാനത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട്തന്നെ മദ്യപിച്ചുതുടങ്ങുന്നതില്‍ അപകടം പതിയിരിപ്പുണ്ട്.’
‘അത് മദ്യപിക്കാനറിയാഞ്ഞിട്ടല്ലേ.?’
‘ഇങ്ങനെ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം അമിത മദ്യാസക്തരുടെ ഒരു ഒത്തുചേരലില്‍ ഇതുതന്നെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മലയാളിക്ക് മദ്യപിക്കാനറിയില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. മലയാളിയെ മദ്യപിക്കാന്‍ പഠിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ മകന്‍ പറയാറുണ്ടത്രെ. സദസ്സിലുള്ള പലരും അസ്വസ്ഥരായി. ഞാനെഴുന്നേറ്റുനിന്ന് പ്രതികരിച്ചു. ആരോഗ്യകരമായ ആശയവിനിമയത്തിന് പോലും തയാറാവാതെ അയാള്‍ സ്‌റ്റേജില്‍നിന്നിറങ്ങി സ്ഥലം വിടുകയായിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു പ്രതിനിധിയായിരുന്നു അയാള്‍. ഇപ്പോള്‍ നിങ്ങള്‍ അത് തന്നെ വേറൊരുതരത്തില്‍ പറയുന്നു.’
അയാള്‍ വീണ്ടും വാദമുഖങ്ങള്‍ അവതരിപ്പിച്ചു. ഞാന്‍ നയപ്രഖ്യാപനം നടത്തി: ‘ഇതിലൊരു വാദപ്രതിവാദത്തിന് ഞാനില്ല. നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം.’
മദ്യത്തെക്കുറിച്ചുള്ള മുന്‍വിധിവെച്ച് പലരും അവരുടെ മദ്യപാനത്തെ ന്യായീകരിക്കാറുണ്ട്. അതൊരു തരത്തില്‍ ഒരു പ്രതിരോധതന്ത്രമാണ്. മദ്യത്തിന് കീഴ്‌പ്പെട്ടവരില്‍ പലരും മദ്യപാനത്തെ കുറ്റപ്പെടുത്തിയോ പഴിചാരിയോ സംസാരിക്കാറില്ല. പലമേഖലകളില്‍ അറിവും കഴിവുമുള്ളവര്‍ മദ്യപാനത്തെക്കുറിച്ചുള്ള പലവിധ മണ്ടന്‍ ന്യായങ്ങളും തെറ്റായ ധാരണകളും പേറി നടക്കാറുണ്ട്. അവരുടെ പ്രശസ്തങ്ങളായ മണ്ടത്തരങ്ങള്‍ പലതുമുണ്ട്:
1. ബിയര്‍, കള്ള്, ഫെനി, വോഡ്ക തുടങ്ങിയ മദ്യങ്ങള്‍ അപകടകാരികളല്ല.
വസ്തുത: ഈ മദ്യങ്ങളില്‍ എതെയില്‍ ആല്‍ക്കഹോള്‍ അംശം എട്ട് ശതമാനം വരെയാണ് നിയമപരമായി അനുവദിക്കുന്നത്. പക്ഷേ ഈ മദ്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുടിക്കുന്നതിന്റെ അളവ് വളരെ കൂടുതലായിരിക്കും. അത്രകണ്ട് ആല്‍ക്കഹോള്‍ അംശം അവരുടെ ശരീരത്തിലെത്തും.
2. ബിയര്‍, കള്ള് തുടങ്ങിയ മദ്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതിന് കീഴടങ്ങില്ല.
വസ്തുത: മദ്യപാനത്തിന്റെ ആരംഭവേളകളില്‍ ആരും എത്രയില്‍ ആല്‍ക്കഹോള്‍ അംശം കൂടുതലുള്ള മദ്യം എമ്പാടും കുടിക്കുന്നില്ല. ക്രമേണയാണ് ഒരാള്‍ ലഹരി പദാര്‍ത്ഥത്തിന് കീഴടങ്ങുന്നത്. മദ്യപിച്ച് തുടങ്ങുന്നവരില്‍ ഇരുപത് ശതമാനം അതിന് കീഴ്‌പ്പെടുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മദ്യപിക്കാത്തവര്‍ അതിന് കീഴ്‌പ്പെടുകയുമില്ല. ബിയര്‍, കള്ള് തുടങ്ങിയവ കഴിക്കുന്നവര്‍ ക്രമേണ മറ്റ് മദ്യങ്ങളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
3. കൂട്ടം ചേര്‍ന്ന് കുടിക്കുന്നത് പ്രശ്‌നമുണ്ടാക്കില്ല. ഒറ്റക്കിരുന്ന് കുടിക്കുന്നതാണ് അപകടകരം.
വസ്തുത: ഒരാള്‍ എങ്ങനെ കുടിക്കുന്നുവെന്നത് വ്യക്തിപരമായ ഘടകങ്ങളോട് ബന്ധപ്പെട്ടുകിടക്കുന്നു. കൂട്ടുചേര്‍ന്ന് കുടിക്കുന്ന ആള്‍ എക്കാലവും അങ്ങനെ കുടിക്കുമെന്ന് ഉറപ്പില്ല. ഒറ്റക്കുടിയന്‍ എക്കാലവും തനിച്ചിരുന്നേ കുടിക്കൂ എന്നുമില്ല. ഒറ്റക്കിരുന്ന് കുടിക്കുന്നത് അപകടത്തിലെത്തിക്കുമെന്ന് പൊതുവല്‍കരിക്കാനുമാവില്ല.
4. ഭാര്യ കാരണമോ ടെന്‍ഷന്‍ കാരണമോ ആണ് ഒരാള്‍ മദ്യപാനിയാകുന്നത്.
വസ്തുത: ഒരാള്‍ പ്രേരിപ്പിച്ച് മറ്റൊരാളെ എപ്പോഴെങ്കിലും കുടിപ്പിച്ചേക്കാം. എക്കാലവും ഒരാളെ കുടിപ്പിക്കാന്‍ മറ്റൊരാള്‍ക്കാവില്ല. ഒരാളും മറ്റൊരാളുടെ മദ്യപാനാസക്തിയുടെ ഹേതുവല്ല. ടെന്‍ഷനുണ്ടാകുന്ന എല്ലാവരും കുടിക്കുന്നില്ല. ഇത് മദ്യപാനത്തെ ന്യായീകരിക്കാനുള്ള പൊള്ളവാദമാണ്.
5. പാരമ്പര്യ ഘടകങ്ങളാണ് ഒരാളെ മദ്യത്തിന് കീഴ്‌പ്പെടുത്തുന്നത്.
വസ്തുത: ഒരാളെ മദ്യത്തിനോ മയക്കുമരുന്നിനോ കീഴ്‌പ്പെടുത്തുന്നതില്‍ ജനിതകമോ പാരമ്പര്യമോ ആയ ഘടകങ്ങള്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. ലഭ്യത, പ്രചാരണം, സാമൂഹികശിഥിലീകരണം, സാമ്പത്തികനില, മാനസിക രോഗം തുടങ്ങിയ പല ഘടകങ്ങള്‍ ഏറ്റക്കുറച്ചിലോടെ ഒരാളെ മദ്യത്തിന് കീഴ്‌പ്പെടുത്തുന്നു.
6. മദ്യനിരോധനം കൂടുതല്‍ മദ്യപാനികളെ ഉണ്ടാക്കും.
വസ്തുത: മദ്യത്തിന്റെ ലഭ്യതയാണ് കൂടുതല്‍ പേരെ മദ്യപിപ്പിക്കുന്നത്. കൂടുതല്‍ പേര്‍ മദ്യപിക്കുമ്പോള്‍ അതിനനുസരിച്ച് അമിത മദ്യാസക്തരുടെയും എണ്ണം കൂടുന്നു.
7. മദ്യനിരോധനം വിഷമദ്യദുരന്തങ്ങള്‍ക്ക് കാരണമാകും.
വസ്തുത: നിയമ-ക്രമസമാധാന പാലനം പരാജയപ്പെടുന്നതും അഴിമതിയുമാണ് പലപ്പോഴും വിഷമദ്യദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. വാറ്റ് ചാരായത്തിന്റെ നിര്‍മാണം ക്രമസമാധാന നിലയിലെ വീഴ്ച കൊണ്ടാണ് സംഭവിക്കുന്നത്.
8. മദ്യം കിട്ടാതായാല്‍ ടൂറിസം തകരും.
വസ്തുത: വിദേശികള്‍ കേരളത്തിലെത്തുന്നത് വിലകെട്ട മദ്യം കുടിക്കാനല്ല. സാംസ്‌കാരിക പൈതൃക സമ്പാദ്യങ്ങളോ പ്രകൃതി സൗന്ദര്യമോ ആസ്വദിക്കാനാണ് മഹാഭൂരിപക്ഷം പേരും യാത്ര നടത്തുന്നത്. സഞ്ചാരികള്‍ മദ്യം തീരെ ലഭിക്കാത്ത നാട്ടുകാരല്ല. മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും കൊള്ള ലാഭമുണ്ടാക്കുകയും ചെയ്യുന്നവരുടെ ന്യായവാദമാണിത്.
9. മദ്യം സര്‍ഗവാസനയെ പരിപോഷിപ്പിക്കും. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരൊക്കെ മദ്യപിക്കും.
വസ്തുത: മദ്യം ഉള്ള സര്‍ഗവാസനയെ നശിപ്പിക്കും. മറ്റ് കഴിവുകളെയും തകര്‍ക്കും. ജീവിതം ദുരന്തപൂര്‍ണമായതും പ്രതിഭകളുടെ കഴിവുകള്‍ നിഷ്ഫലമായതും കാണാനാവും. പലരുടെയും അകാലമരണത്തിന് മദ്യപാനം കാരണമായതിനും തെളിവുകളുണ്ട്. സാഹിത്യത്തിലും കലയിലും പ്രവര്‍ത്തിക്കുന്ന എല്ലാവരും മദ്യപിക്കുന്നവരല്ല.
10. വ്യവസായ രംഗങ്ങളിലും വ്യാപാരമേഖലകളിലും വിജയം കൈവരിക്കാന്‍ മദ്യപാനം ആവശ്യമാണ്. മദ്യപാനസദസ്സുകളില്‍ പങ്കെടുക്കണം.
വസ്തുത: വ്യാപാര- വ്യവസായങ്ങളുടെ വിജയവുമായി മദ്യത്തിന് യാതൊരു വിധ പങ്കുമില്ല. ഒത്തുചേരലുകളില്‍ ചിലരുമായി കൂട്ടുകൂടാന്‍ മദ്യപാനം കാരണമാകാറുണ്ട്. മദ്യപാനസൗഹൃദങ്ങള്‍ ശാശ്വതമായി നിലകൊള്ളണമെന്നില്ല. മദ്യസൗഹൃദങ്ങള്‍ പലപ്പോഴും ബന്ധങ്ങളുടെ ശിഥിലീകരണത്തിനാണ് കാരണമാകുന്നത്.
11. ഹൃദയ സംബന്ധിയായ രോഗങ്ങളുള്ളവര്‍ അല്‍പം മദ്യപിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കുറക്കാനോ തടയാനോ സഹായിക്കും.
വസ്തുത: മദ്യപിക്കുമ്പോള്‍ രക്തധമനികളിലെ പ്രവര്‍ത്തനം അല്‍പം ചടുലമാകുന്നുണ്ട്. അതുകൊണ്ട് മാത്രം ഹൃദയനാഡികളിലെ ബ്ലോക്കുകള്‍ ഇല്ലാതാകുന്നില്ല. മറിച്ച് മദ്യത്തിന് കീഴ്‌പ്പെടുമ്പോള്‍ രക്തചംക്രമണത്തെയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാനാണ് സാധ്യത.
12. മദ്യം ലൈംഗിക ശേഷി വര്‍ധിപ്പിക്കും. കൂടുതല്‍ ആഹ്ലാദം നല്‍കുകയും ചെയ്യും.
വസ്തുത: ലൈംഗിക താല്‍പര്യത്തെ വ്യാജമായി ഉണര്‍ത്തിയേക്കാമെങ്കിലും, ലൈംഗിക ശേഷിയെ മദ്യം ബാധിക്കാനാണ് സാധ്യത. ലൈംഗിക പങ്കാളിക്ക് പുരുഷന്റെ മദ്യപാനം അരോചകമായ അവസ്ഥയാണുണ്ടാക്കുന്നത്. അസുഖകരമായ ലൈംഗിക ബന്ധമാണ് മദ്യപാനം പങ്കാളിക്ക് നല്‍കുന്നത്. ജീവിത പങ്കാളിയുടെ ലൈംഗികാഭിനിവേശത്തെ പലപ്പോഴും അതില്ലാതാക്കുന്നുണ്ട്.
മണ്ടത്തരങ്ങള്‍ മദ്യപാനത്തിലെത്തിക്കുന്നവിധം
മദ്യപാനത്തെ അമിതമദ്യാസക്തിയാക്കി മാറ്റാന്‍ മദ്യത്തെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചുമുള്ള ഇത്തരം തെറ്റായ ധാരണകള്‍ കാരണമാകാറുണ്ട്. മദ്യത്തെ ഒരാകര്‍ഷകവസ്തുവാക്കാനും ആഘോഷത്തിന്റെ ഭാഗമാക്കാനും വഴിയൊരുക്കുന്നതിലും ഈ മണ്ടത്തരങ്ങള്‍ വഴിവെക്കുന്നു. പലപ്പോഴും വിധേയത്വവും ആശ്രയത്വവും വെച്ച് പുലര്‍ത്തുന്ന വ്യക്തികള്‍ മദ്യത്തിലേക്ക് ആകര്‍ഷിക്കപ്പെടാനും മദ്യപാനത്തെ ന്യായീകരിക്കാനും കാരണമാകുന്നു. പലരും മദ്യപാനത്തിന്റെ ആരംഭത്തിന് മാത്രമല്ല, അത് നിലനിര്‍ത്താനും ഇത്തരം ന്യായവാദങ്ങള്‍ ദുരുപയോഗിക്കാറുണ്ട്. മദ്യപാനത്തെ പൗരുഷത്തിന്റെയും സാഹസികതയുടെയും അടയാളമായി പ്രചരിപ്പിക്കുന്നത്, യുവാക്കളെയും കൗമാരക്കാരെയും ലഹരി പദാര്‍ത്ഥത്തിലേക്ക് അടുപ്പിക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്.
(അവസാനിക്കുന്നില്ല)
എന്‍ പി ഹാഫിസ് മുഹമ്മദ്
You must be logged in to post a comment Login