ഇസ്ലാം മുന്നോട്ടുവെക്കുന്ന സമഗ്രമായ ജീവിതപദ്ധതിയില്‍ മനുഷ്യനുമായി ബന്ധമുള്ള ഒന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, ആത്മീയം തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന സര്‍വതലസ്പര്‍ശിയാണ് ഇസ്ലാം. ഇസ്ലാമിന് വിധേയപ്പെട്ടവരെന്ന നിലക്ക് ആ ജീവിതവ്യവസ്ഥയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരുമാണ്.
ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് പൗരന്റെ സുരക്ഷിതത്വത്തിലും സമാധാനത്തിലും അധിഷ്ഠിതമായതാണ്. അവരുടെ സുരക്ഷക്ക് വിഘാതം വരുത്തുന്ന ഒരു സമീപനത്തിനോടും ഇസ്ലാം അനുഭാവം പ്രകടിപ്പിക്കുന്നില്ല. ഇസ്ലാമിന്റെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും അവര്‍ക്ക് സുരക്ഷയേകുന്നതുമാണ്. ഈ നിയമനടപടികള്‍ കേവലം വാദികളിലോ പ്രതികളിലോ മാത്രം പരിമിതപ്പെടുന്നതല്ല. സമൂഹത്തിനാകമാനം ഗുണപാഠം പകര്ന്നുനല്കാന് ശേഷിയുള്ളതുമാണ്.
‘അധികാരമില്ലാത്ത ഇസ്ലാം പൂര്‍ണമല്ല’ എന്ന അപക്വവും അപകടകരവുമായ വാദഗതിയുടെ വക്താക്കളാണ് മൗദൂദി മുതല്‍ അബൂബക്കര്‍ ബഗ്ദാദി വരെയുളള രാഷ്ട്രീയ ഇസ്ലാം വാദികള്‍. സത്യദീന്‍, ദൈവിക ഭരണം, ഇസ്ലാം എന്നീ മൂന്ന് സംജ്ഞകളും സമാനര്ത്ഥമുള്ളതാണെന്നും അതിനുവേണ്ടിയുള്ള പ്രയത്നം അനിവാര്യമാണെന്നുമാണ് ഇവര്‍ പറയുന്നത്. അധികാരക്കൊതിയുള്ള ഇത്തരം വികലാശയങ്ങള്ക്ക് പാരമ്പര്യ പണ്ഡിതരെ കൂട്ടുപിടിക്കാനും അവര്‍ ശ്രമിച്ചു. പ്രാമാണിക ഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടായിരുന്നു ഇത്തരമൊരു ശ്രമം.
ഇമാമിനെ – ഖലീഫയെ നിയോഗിക്കേണ്ടത് മുസ്ലിം ഉമ്മത്തിന്റെ ബാധ്യതയാണെന്ന ഇസ്ലാമിക നയം വക്രീകരിച്ചവതരിപ്പിച്ചായിരുന്നു ഇസ്ലാമിസ്റ്റുകള്‍ സ്വന്തം അജണ്ടകള്‍ക്ക് തറയൊരുക്കിയത്. എന്നാല്‍ ഇത് പൊതുവായ നിര്‍ദേശമല്ലെന്നും നിര്‍ണിതമാണെന്നും പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്.
‘സൗകര്യമാവുന്നിടത്താണ് ഇമാമിനെ അവരോധിക്കേണ്ടത്. രക്തച്ചൊരിച്ചിലോ അടിച്ചമര്‍ത്തലോ ഏറ്റുമുട്ടലോ കൂടാതെ അത് സാധ്യമാവില്ലെങ്കില്‍ അത്തരമൊരു ശ്രമം പാടില്ലാത്തതാണ്(ഇയാസുല്ഉമം- 31). സൗകര്യമാവുക എന്നത് നിബന്ധനയാണെന്നത് പ്രത്യേകം ഓര്‍ത്തിരിക്കുക.
ഇമാമിനെ- ഖലീഫയെ നിയോഗിക്കുന്നതിന്റെ രണ്ട് രൂപങ്ങള്‍ വിഖ്യാത കര്‍മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയില്‍ വിശദീകരിച്ചിട്ടുണ്ട്. കാര്യശേഷിയും നേതൃഗുണവുമുള്ള പൗരപ്രമുഖര്‍ ചേര്‍ന്ന് ഒരാളെ ഭരണാധികാരിയായി ബൈഅത്- നിയമാനുസൃത ഉടമ്പടി ചെയ്യുകയെന്നതാണ് ഒരു രൂപം. ഉമ്മത്തിന്റെ മേല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞതിലെ ഉമ്മത്തിന്റെ അര്‍ത്ഥതലം ഈ പൗരപ്രമുഖരില്‍ മാത്രം പരിമിതമാണെന്ന് കൂടി ഇതില്‍നിന്ന് വ്യക്തമാണ്. ഒരുമിച്ചുകൂടാന്‍ കഴിയുന്നവര്‍ ചേര്‍ന്ന് ബൈഅത്ത് ചെയ്താല്‍ നിയമനം സാധുവാകുന്നതാണ്. മുഴുവനാളുകളും സംബന്ധിക്കണമെന്ന് നിര്‍ബന്ധമില്ല. ഒന്നാം ഖലീഫ അബൂബകര്‍ സ്വിദ്ദീഖ്(റ) ഭരണാധികാരിയായുള്ള നിയമനം ഈ രൂപത്തിലായിരുന്നു.
ഖലീഫാ നിയമനത്തിന്റെ രണ്ടാമത്തെ രൂപം നിലവിലുള്ള ഭരണാധികാരി തൊട്ടടുത്തയാളിലേക്ക് അധികാരം ഏല്പിച്ചുകൊടുക്കലാണ്. വസ്വിയ്യത്തുകൊണ്ട് മാത്രം ഇത് സാധ്യമാവില്ല. ജീവിതകാലത്ത് തന്നെ അധികാരക്കരാര്‍ ഉറപ്പിക്കപ്പെടുമെങ്കിലും നിലവിലുള്ള ഖലീഫയുടെ കാലശേഷമാണ് അത് പ്രാബല്യത്തില്‍ വരിക. അബൂബക്കറിലേക്ക്(റ) അധികാരക്കൈമാറ്റം നടത്തിയത് ഈ രൂപത്തിലാണ്.
ഇസ്ലാമിക രാഷ്ട്രം- ദാറുല്‍ഇസ്ലാം രൂപപ്പെടുന്നത് മൂന്ന് രൂപത്തിലാണ്. മുസ്ലിംകള് സ്വസ്ഥമായി ജീവിച്ചുപോരുന്ന ദേശമാണ് ഒരിനം. മറ്റൊന്ന് നിയമാനുസൃതമായി മുസ്ലിംകള്ക്ക് കീഴില്‍ വന്ന പ്രദേശങ്ങളാണ്. ആദ്യം മുസ്ലിം ഭരണം ഉണ്ടാവുകയും പിന്നീട് മറ്റുള്ളവരാല്‍ അധിനിവേശം നടത്തപ്പെടുകയും ചെയ്ത രാഷ്ട്രമാണ് മൂന്നാമത്തേത്. ഒരു ഘട്ടത്തില്‍ ദാറുല്‍ ഇസ്ലാമായിരുന്ന ഒരു രാഷ്ട്രവും പിന്നീടൊരിക്കല്‍ ദാറുല്‍കുഫ്ര്‍ ആവുകയില്ലെന്നതാണ് പ്രബല വീക്ഷണം.
ജിഹാദ് സാമൂഹ്യ ബാധ്യതയാണെന്ന കര്‍മശാസ്ത്ര നിലപാടിനെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. നല്ല ലക്ഷ്യത്തിനുവേണ്ടിയുള്ള ഏത് വിധത്തിലുള്ള ശ്രമത്തെയും ജിഹാദെന്ന് നിര്‍വചിക്കാം. സായുധ പോരാട്ടം എന്നര്‍ത്ഥത്തിലുള്ള ജിഹാദ് ഒരു ഖലീഫക്ക് കീഴിലുള്ള ഇസ്ലാമിക ഭരണകൂടത്തിന് മാത്രം ദേശത്തിന്റെ സുരക്ഷക്കും പ്രതിരോധത്തിനും വേണ്ടി ചെയ്യാവുന്ന കാര്യമാണ്. ഏതെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുന്ന രക്തച്ചൊരിച്ചില്‍ ഒരിക്കലും ജിഹാദിന്റെ ഗണത്തില്‍ പെടുകയില്ല.
ഇസ്ലാമിന്റെ ഭരണാധികാരിയില്ലാത്ത ഒരു കാലമെന്നത് ഒരിക്കലും അസംഭവ്യമല്ല. ദീനിന്റെ നെടുംതൂണുകളായ പ്രവാചകന്മാര് തന്നെ നിലവിലില്ലാത്ത കാലമുണ്ടാവുകയെന്നത് അനുവദനീയമാകുമ്പോള്‍ ഇമാമുകളില്ലാത്ത കാലമെന്നത് സ്വാഭാവികമാണ്(ഇയാസുല്ഉമം-7). ഖലീഫയില്ലാത്ത അത്തരമൊരു കാലം വന്നാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചും കര്‍മശാസ്ത്ര പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. അക്കാലത്തെ ഏറ്റവും വലിയ പണ്ഡിതനിലേക്കാണ് ഖലീഫയുടെ ചുമതലകള്‍ നീങ്ങുക(മുഗ്നി).
നബിയുടെ(സ്വ) വിശുദ്ധദേഹം മറവ് ചെയ്യുന്നതിനെക്കാള്‍ ഖലീഫയെ നിശ്ചയിക്കുന്നതിന് ശിഷ്യന്മാര് നല്കിയ പ്രാമുഖ്യം ഇസ്ലാമിക ഭരണം നിലനിന്നിരുന്ന, ഇമാമിനെ അവരോധിക്കാന്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള സാഹചര്യത്തിലായിരുന്നു. ഇതിനെ പൊതുവത്കരിക്കുന്നത് കടുത്ത അട്ടിമറിയാണ്.
ഖലീഫാ നിയമനം സാമൂഹ്യ ബാധ്യതയായതിനാല്‍ അത് നടന്നില്ലെങ്കില്‍ എല്ലാ മുസ്ലിംകളും കുറ്റക്കാരാവുമെന്നും ഈയൊരു ഗൗരവം മനസ്സിലാക്കിയതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഖിലാഫത്ത് തകര്‍ത്തപ്പോള്‍ കേരളത്തിലടക്കം പണ്ഡിതന്മാര് ഖിലാഫത്ത് ‘പുനസ്ഥാപിക്കാന്‍’ സമരം ചെയ്തതെന്നും ഇസ്ലാമിസ്റ്റുകള്‍ വാദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഫാഷിസ്റ്റുകള്‍ ഉന്നയിക്കുന്ന വിഷലിപ്തമായ ഒരാശയമാണിത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നതാണ് ചരിത്രം. ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്ലിംകളെ ഏകീകരിക്കാന്‍ തുര്‍ക്കി ഖിലാഫത്തിന്റെ തകര്‍ച്ച വിഷയമാക്കിയെന്നത് മാത്രമാണ് ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയില്‍ ചെയ്തത്. കേരളത്തിലോ ഇന്ത്യയിലോ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ ഒരു ശ്രമവും നടന്നില്ലെന്നത് ചരിത്ര സത്യമാണ്.
ഇസ്ലാമിക രാഷ്ട്രമല്ലാത്തിടത്ത് താമസിക്കുന്നവര്‍ സമ്പൂര്‍ണാര്‍ത്ഥത്തില്‍ ദീനിന്റെ എല്ലാ നിയമങ്ങളും പുലരുന്ന ഒരു സാഹചര്യമുണ്ടാകാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി പണിയെടുക്കുകയും ചെയ്യണമെന്നും, ഇസ്ലാമിക ഭരണമില്ലാത്തിടത്ത് ഇസ്ലാമിന്റെ സമഗ്രവും സമ്പൂര്‍ണവുമായ പ്രയോഗവത്കരണം സാധ്യമല്ലാത്തതിനാല്‍ അവിടങ്ങളില്‍ ഇസ്ലാം പൂര്‍ണാര്‍ത്ഥത്തില്‍ ദൃശ്യമല്ല എന്നും ഇസ്ലാമിസ്റ്റുകള്‍ പറയുന്നു. ഇസ്ലാമിക ഭരണ പ്രദേശങ്ങളിലും ജിസ്യ കൊടുത്ത് ജീവിക്കുന്ന അമുസ്ലിംകള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യമുണ്ടെന്ന കാര്യം സമ്പൂര്‍ണമായ പ്രയോഗവത്കരണം സാധ്യമല്ലെന്ന വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. ഒരു പ്രദേശത്ത് പള്ളിയും മദ്റസയും സ്ഥാപിക്കല്‍ ആ പ്രദേശത്തെ മുസ്ലിംകളുടെ ബാധ്യതയാണെന്നതിനോടും ഇസ്ലാമിക ഭരണസ്ഥാപനത്തെ സമീകരിക്കുന്നുണ്ട്. ഒരു പ്രദേശത്ത് ജുമുഅ തുടങ്ങാന്‍ നിര്‍ണിതമായ എണ്ണം ആളുകള്‍ അനിവാര്യമാണല്ലോ. എന്നാല്‍ അത്തരമൊരിടത്ത് പോലും അത്രയെണ്ണം വിശ്വാസികളെ സൃഷ്ടിക്കലോ അധിവസിപ്പിക്കലോ വിശ്വാസികളുടെ ബാധ്യതയല്ലെന്നതാണ് സത്യം.
അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍
You must be logged in to post a comment Login