നിവര്‍ന്നുനിന്നവരുടെ നേതാവ്

നിവര്‍ന്നുനിന്നവരുടെ നേതാവ്

ആഴമുള്ള അറിവും ആര്‍ക്കും അടിയറവെക്കാത്ത ആദര്‍ശവും കൈമുതലായ ഒരാള്‍ അല്‍പം ആത്മാഭിമാനി കൂടിയാണെങ്കില്‍ ചരിത്രത്തില്‍ അദ്ദേഹം ബാക്കിയാക്കുന്നതെന്തായിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദിന്റെ ജീവിതം. തന്റെ പാണ്ഡിത്യവും സംഘടനാപാടവവും കൊണ്ട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാര്‍മികത്വത്തില്‍ കേരളത്തില്‍ മുസ്‌ലിംകള്‍ നടത്തിക്കൊണ്ടിരിക്കുന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ നേതൃത്വം സര്‍വതല സ്പര്‍ശിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ട് സൃഷ്ടിക്കപ്പെട്ട ശൂന്യത ഈ സമൂഹത്തെ ഇത്രയധികം അനാഥമാക്കുന്നത്. ‘ചിത്താരി ഉസ്താദ്’ സുന്നി ജനലക്ഷങ്ങളുടെ ഹൃദയത്തിലെ ആവേശമായിരുന്നു എന്നത് ആലങ്കാരികമല്ല. രാഷ്ട്രീയ തിമിരം പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആര്‍ത്തലച്ചു വന്ന ദശാസന്ധിയില്‍ പാറപോലെ ഉറച്ചുനിന്ന അദ്ദേഹം താജുല്‍ ഉലമക്കും കാന്തപുരം ഉസ്താദിനുമൊപ്പം കേരളത്തിലെ മുസ്‌ലിം ചരിത്രം തന്നെ മാറ്റിയെഴുതുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്.

1939 ല്‍ കണ്ണൂര്‍ ജില്ലയിലെ പട്ടുവത്താണ് ഹംസ മുസ്‌ലിയാര്‍ ജനിക്കുന്നത്. വലിയ ഭൂസ്വത്തുള്ള കര്‍ഷക കുടുംബത്തിലാണു ജനനം. പിതാവ് അഹ്മദ്കുട്ടി പേരെടുത്ത കര്‍ഷകനും സമ്പന്നനും തികഞ്ഞ മതഭക്തനുമായിരുന്നു. മതപണ്ഡിതനാവാന്‍ കഴിയാതെ പോയതിലുള്ള തന്റെ സങ്കടം തീര്‍ക്കാന്‍ പ്രാര്‍ത്ഥനാ പൂര്‍വം ആ പിതാവ് കണ്ട സ്വപ്‌നങ്ങളുടെ സാഫല്യമാണ് ഹംസ മുസ്‌ലിയാര്‍. ചിത്താരി ഉസ്താദിനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച പ്രിയപ്പെട്ട ഉമ്മയാണ്; നഫീസ.

പട്ടുവത്താണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. ഏകീകൃത രൂപവും പാഠ്യപദ്ധതിയുമില്ലാത്ത അന്നത്തെ പാഠശാലയില്‍ എല്ലാവരെയും പോലെ അദ്ദേഹം പഠിച്ചു. സൂഫീവര്യനായ അബ്ബാസ് മുസ്‌ലിയാരാണ് അക്കാലയളവിലെ പ്രധാന ഗുരു. സ്‌കൂളില്‍ അഞ്ചാം ക്ലാസുവരെ പട്ടുവത്ത് തന്നെയാണ് പഠിച്ചത്. അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ ഒരുപാട് ദൂരം കാല്‍നടയായി പഴയങ്ങാടി മാപ്പിള യു പി സ്‌കൂളിലെത്തി. അടുത്ത വര്‍ഷം നാട്ടില്‍, പട്ടുവത്ത് തന്നെ യു പി സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ പഠനം അവിടേക്കു മാറി. അക്കാലത്ത് അധികമാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഇ എസ് എസ് എല്‍ സി(ഇന്നത്തെ എസ് എസ് എല്‍ സിക്കു തുല്യം)ക്കു ഉന്നത മാര്‍ക്കോടെ വിജയിച്ചു.

ഉയര്‍ന്ന മാര്‍ക്കു വാങ്ങുകയും സാമ്പത്തിക ഭദ്രതയുണ്ടാവുകയും ചെയ്തതിനാല്‍ ഭൗതിക മേഖലയിലെ ഉയര്‍ന്ന വിദ്യാഭ്യാസമാണ് എല്ലാവരും നിര്‍ദേശിച്ചത്. എന്നാല്‍ തന്റെ വഴി മതപഠനമാണെന്ന് ഇതിനകം ആ കൗമാരക്കാന്‍ തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു. മാതാവ് അതിന് എല്ലാവിധ പിന്തുണയും നല്‍കി. അങ്ങനെ കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ പടന്നയിലുള്ള ദര്‍സില്‍ ചേര്‍ന്നു. രണ്ടുവര്‍ഷത്തിനു ശേഷം തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാമില്‍ കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ദര്‍സിലേക്കുമാറി. ഒരു വര്‍ഷത്തിനു ശേഷം പി എ അബ്ദുല്ല മുസ്‌ലിയാരുടെ കടവത്തൂരിലെ ചാക്യാര്‍കൂത്ത് ദര്‍സിലേക്ക്. പഠനകാലത്തെ സുപ്രധാന ഘട്ടമായിരുന്നു ഈ കാലയളവ്. പഠിതാവിനാവശ്യമായ ശീലങ്ങളും മാര്‍ഗങ്ങളും പി എ ഉസ്താദ് പകര്‍ന്നുകൊടുത്തു. പലവിധ ചാപല്യങ്ങളും പിടികൂടേണ്ട കാലത്ത് ഉസ്താദിന്റെ ശിക്ഷണം കൂടുതല്‍ ആവേശകരമായ പഠനതപസ്യയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ കണ്ണിയത്ത് ഉസ്താദിന്റെ ശിക്ഷണത്തില്‍ കുറഞ്ഞ കാലം പഠിക്കണമെന്ന ശക്തമായ ആഗ്രഹം ഇക്കാലയളവില്‍ മനസില്‍ വേരൂന്നിയിരുന്നു. ആ ആഗ്രഹം പി എ ഉസ്താദ് തിരിച്ചറിഞ്ഞു. അദ്ദേഹം തന്നെ മുന്‍കൈയെടുത്തു ഹംസ മുസ്‌ലിയാരെ വാഴക്കാട്ടേക്കയച്ചു.
വാഴക്കാട് ദാറുല്‍ ഉലൂം കേരളത്തിന്റെ വൈജ്ഞാനിക പ്രഭാകേന്ദ്രമായി പരിലസിക്കുന്ന കാലമാണ്. മറ്റു പള്ളിദര്‍സുകളെ അപേക്ഷിച്ച് പരിഷ്‌കരിച്ച പഠനരീതിയാണ് കണ്ണിയത്ത് ഉസ്താദ് വാഴക്കാട്ട് നടപ്പില്‍ വരുത്തിയത്. പ്രസംഗം, എഴുത്ത്, ആശയപഠനം എന്നിവക്ക് പ്രത്യേക പരിശീലന പരിപാടികളുണ്ട്. ഈ സുവര്‍ണാവസരത്തില്‍ കിട്ടാവുന്നതെല്ലാം വാരിക്കൂട്ടാന്‍ ഹംസ മുസ്‌ലിയാര്‍ പരിശ്രമിച്ചു. വലിയ കിതാബുകളെല്ലാം ഉസ്താദില്‍ നിന്ന് ഓതിയെടുത്തു. മുതവ്വല്‍ സിലബസിലുള്ള കിതാബുകളും അക്കാലത്തു തന്നെ ‘റഈസുല്‍മുഹഖിഖീനി’ല്‍ നിന്നും പകര്‍ന്നെടുത്തു.

വാഴക്കാട്ടെ പഠനകാലത്ത് സംഘടനാ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. എസ് എസ് എഫിന്റെ രൂപീകരണത്തിനു മുമ്പ് നിലവിലുണ്ടായിരുന്നു ‘ജംഇയ്യത്തുതുലബ’ എന്ന സംഘടനയില്‍ സജീവാംഗമായിരുന്നു. അതിന്റെ യൂണിറ്റ് രൂപീകരിക്കാനും ധനശേഖരണത്തിനും വേണ്ടി കണ്ണൂരില്‍ നടത്തിയ മതപ്രഭാഷണ പരമ്പരയില്‍ അവസാന ദിവസം പ്രസംഗിച്ചത് ഹംസ മുസ്‌ലിയാരായിരുന്നു. ‘പള്ളിദര്‍സുകള്‍’ എന്ന വിഷയത്തിലുള്ള അന്നത്തെ പ്രസംഗത്തിന്റെ ബാക്കി പത്രമാണ് കണ്ണൂരിലെ കെ എം ബസാറിലെ പള്ളി ദര്‍സ്. അത് ഇന്നും നിലനില്‍ക്കുന്നു.

മുജാഹിദ് സ്വാധീനത്താല്‍ വാഴക്കാട്ടെ സുന്നി മദ്രസ അന്യാധീനപ്പെട്ടു പോയപ്പോള്‍ കണ്ണിയത്ത് ഉസ്താദ് പുതിയ മദ്രസ ആരംഭിക്കാന്‍ പറഞ്ഞു. വാഴക്കാട്ടെ അസാസുല്‍ ഇസ്‌ലാം മദ്രസ അന്ന് സ്ഥാപിക്കപ്പെട്ടതാണ്. സാമ്പത്തിക പരാധീനതകളാല്‍ വളരെ പ്രയാസപ്പെടുന്ന അക്കാലത്ത് മദ്രസയുടെ പുരോഗതി മനസില്‍ വെച്ച് ഉസ്താദിന്റെ ആശീര്‍വാദത്തോടെ ഹംസ മുസ്‌ലിയാര്‍ രംഗത്തിറങ്ങി വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ പ്രസംഗിക്കാന്‍ തുടങ്ങി. അത് വാഴക്കാട്ടുകാരില്‍ വലിയ സ്വാധീനം ചെലുത്തി. ഇക്കാലത്ത് മുതഅല്ലിമീങ്ങളില്‍ തുടക്കക്കാരുടെയും നാട്ടിലെ വിദ്യാര്‍ത്ഥികളുടെയും കാര്യം ഉസ്താദ് ഹംസ മുസ്‌ലിയാരെ ഏല്‍പിച്ചു. വാഴക്കാട്ടും പരിസരത്തും ഇന്നത്തെ ആത്മീയവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പലരും ഇക്കാലത്ത് ഹംസ മുസ്‌ലിയാരുടെ ശിഷ്യരായി. മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍, സുന്നീ സംഘടനാ രംഗത്തെ പ്രമുഖനായ പി ടി സി മുഹമ്മദലി മാസ്റ്റര്‍ തുടങ്ങിയ പലരും അക്കൂട്ടത്തിലുണ്ട്. കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാടേരി ഉസ്താദിന്റെ മകന്‍ അലി ഹസന്‍ മുസ്‌ലിയാര്‍ എന്നിവര്‍ വാഴക്കാട്ടെ പഠനകാലത്ത് ഹംസ മുസ്‌ലിയാരുടെ സഹപാഠികളാണ്. ഒരു മുതവ്വല്‍ പഠനത്തിന്റെ ആവശ്യമില്ലാത്തവിധം പ്രമുഖ ഗ്രന്ഥങ്ങളെല്ലാം കണ്ണിയത്ത് ഉസ്താദില്‍ നിന്ന് ഓതിയിരുന്നെങ്കിലും ഉസ്താദിന്റെ നിര്‍ദേശമനുസരിച്ച് ദയൂബന്ദിലേക്ക് പോയി. ഹദീസ് കേന്ദ്രീകൃത കോഴ്‌സാണെന്നതിനാലാണ് അതുതന്നെ തിരഞ്ഞെടുത്തത്. ഒരു വര്‍ഷം അവിടെ പഠിച്ചു.

പഠനശേഷം 1965 ല്‍ മാട്ടൂലിലാണ് ആദ്യമായി ദര്‍സ് ആരംഭിച്ചത്. മുപ്പത് വിദ്യാര്‍ത്ഥികളുമായി തുടക്കം കുറിച്ച ആ ദര്‍സ് എട്ടുവര്‍ഷക്കാലം മാട്ടൂലിന്റെ പ്രഭയായി നിലനിന്നു. പല പ്രമുഖരും ദര്‍സ് നടത്തിയ നാടാണ് മാട്ടൂല്‍. എന്നാല്‍ മാട്ടൂല്‍കാര്‍ക്ക് ‘ഉസ്താദ്’ എന്നാല്‍ ഇന്നും അത് ഹംസ മുസ്‌ലിയാരാണ്.

അതിനു ശേഷമാണ് ചിത്താരിയിലേക്ക് ഹംസ മുസ്‌ലിയാരെത്തുന്നത്. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്താണ് ചിത്താരി പ്രദേശം. സമസ്ത സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാ സമ്മേളനം ഹംസ മുസ്‌ലിയാരുടെ ഓര്‍മകളിലുണ്ട്. സമ്മേളന സ്വാഗതസംഘം സെക്രട്ടറിയായിരുന്ന അദ്ദേഹം നേതാക്കള്‍ക്ക് സുപരിചിതനാവുന്നതും ചിത്താരി എന്ന പേരില്‍ പ്രസിദ്ധനാവുന്നതും ഇക്കാലത്താണ്.

സമസ്തയെയും കീഴ്ഘടകങ്ങളെയും കുറിച്ച് യാതൊന്നുമറിയാതിരുന്ന കേരളത്തിന്റെ വടക്കുഭാഗത്ത് ഈ സമ്മേളനത്തിലൂടെ ഉണ്ടായിത്തീര്‍ന്ന മാറ്റം ശ്രദ്ധേയമാണ്. ആ സമ്മേളനത്തിന്റെ സ്വാഗതസംഘം പിരിച്ചുവിടുമ്പോള്‍ മിച്ചം വന്ന സംഖ്യ കൊണ്ടാണ് കേരളത്തില്‍ ആദ്യമായി മുതഅല്ലിമുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതി കൊണ്ടുവരുന്നത്. ഇതിന് അണിയറ നീക്കം നടത്തുക വഴി മതവിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് പല സംഘടനകളില്‍ നിന്നായി ലഭിച്ച സ്‌കോളര്‍ഷിപ്പുകളുടെയും മാതൃകയാകാന്‍ ഹംസ മുസ്‌ലിയാര്‍ക്ക് സാധിച്ചു. പിന്നീട് സ്‌കോളര്‍ഷിപ്പിനായി ജില്ലാ തലത്തില്‍ കമ്മിറ്റി തന്നെ രൂപപ്പെട്ടപ്പോള്‍ അതിന്റെ ജന. സെക്രട്ടറിയായി.

ചിത്താരിയില്‍ ജോലി ചെയ്യുന്ന കാലത്ത് തന്നെയാണ് സംയുക്ത ഖാളി എന്ന പദ്ധതി ഹംസ മുസ്‌ലിയാര്‍ കൊണ്ടുവന്നത്. അറുപതോളം മഹല്ലുകള്‍ക്ക് ഒരു ഖാളി എന്ന രൂപത്തില്‍ പി എ ഉസ്താദിനെ ബൈഅത്ത് ചെയ്തപ്പോള്‍ പല വിവാദങ്ങളും ഉണ്ടായെങ്കിലും പിന്നീട് അത് എല്ലാവരും അംഗീകരിച്ചു.

പത്തുവര്‍ഷമാണ് ചിത്താരിയിലുണ്ടായത്. ശേഷം ഒരു വര്‍ഷം തിരുത്തിയിലാണ് സേവനം ചെയ്തത്. തുടര്‍ന്ന് സഅദിയ്യയില്‍ മൂന്നുവര്‍ഷം ദര്‍സ് നടത്തി. അല്‍മഖര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ രണ്ടിടങ്ങളിലും മുമ്മൂന്ന് ദിവസം വീതമായി. തൊട്ടടുത്ത വര്‍ഷം മുതല്‍ മഖറില്‍ തന്നെ സ്ഥിരമായി. അവസാനകാലത്ത് അസുഖം കാരണം അല്‍പം ദര്‍സ് മുടങ്ങിയെങ്കിലും മരണം വരെയും മഖറിന്റെ മേല്‍വിലാസമായിരുന്നു അദ്ദേഹം.

സഅദിയ്യയും അല്‍മഖറും
ചിത്താരിയില്‍ ദര്‍സ് നടത്തുന്ന കാലത്ത് സമസ്തയുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ധനശേഖരണാര്‍ത്ഥം പല പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. അതിനിടക്കാണ് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി കാസര്‍കോടിനടുത്ത് ദേളിയിലുള്ള കെട്ടിടങ്ങള്‍ സമസ്ത ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടത്.
സ്ഥാപനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണെങ്കിലും നാനാവശവും ആലോചിക്കാനുള്ളതിനാല്‍ ആലോചിച്ചു പറയാമെന്നു പറഞ്ഞു. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് മറുപടി ലഭിക്കാത്തതിനാല്‍ കല്ലട്ര വീണ്ടും വന്നു. ‘എന്റെ കാലശേഷം ആ കെട്ടിടങ്ങള്‍ ദീനിന് ഉപകാരപ്പെടാത്തവിധം അന്യാധീനപ്പെട്ടുപോയാല്‍ മഹ്ശറയില്‍ നിങ്ങളായിരിക്കും ഉത്തരവാദി’ എന്ന് അല്‍പം ഗൗരവത്തില്‍ തന്നെ ഓര്‍മപ്പെടുത്തി. തുടര്‍ന്ന് ചര്‍ച്ചകള്‍ പുരോഗമിക്കുകയും സഅദിയ്യ എന്ന സംരംഭത്തിലേക്ക് വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്തു.

1979 മുതല്‍ സഅദിയ്യയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഹംസ മുസ്‌ലിയാര്‍ 1995 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അതിന്റെ പ്രവര്‍ത്തകനും പ്രചാരകനുമായി. തന്റെ യൗവനം സഅദിയ്യക്കാണ് സമര്‍പ്പിച്ചത്. ഇടക്കാലത്ത് അധ്യാപകനായും സേവനം ചെയ്തു. മരണസമയത്ത് സഅദിയ്യ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്നു.

അല്‍മഖറിന്റെ എല്ലാം ഹംസ ഉസ്താദാണ്. തളിപ്പറമ്പില്‍ ബിദ്അത്തിനെ പ്രതിരോധിക്കാന്‍ പി എ ഉസ്താദ്, എം എ ഉസ്താദ് തുടങ്ങിയവരോടൊപ്പം ത്യാഗം ചെയ്ത് പടുത്തുയര്‍ത്തിയ ഖുവ്വത്തുല്‍ ഇസ്‌ലാം രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തില്‍ എന്തിനെല്ലാമോ കേന്ദ്രമായി മാറിയതിലുള്ള വേദനയാണ് മഖറിന്റെ ജന്മത്തിനു പിന്നിലെ വികാരം. പരിമിത സാഹചര്യത്തില്‍ തുടങ്ങി പില്‍കാലം തളിപ്പറമ്പ് കേന്ദ്രീകരിച്ച് വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അല്‍മഖറിനായി. അമാനി എന്ന പേരില്‍ സനദ് നല്‍കുന്ന ശരീഅത്ത് കോളജടക്കം നിരവധി സംരംഭങ്ങള്‍ മഖറിലൂടെ ഹംസ ഉസ്താദ് പ്രസ്ഥാനത്തിന് സമ്മാനിച്ചു.

സമസ്തയില്‍
ചിത്താരിയില്‍ ജോലി ചെയ്യുന്ന കാലത്താണ് സമസ്തയുടെ പ്രവര്‍ത്തനങ്ങളുമായി അടുത്തിടപഴകുന്നത്. കാഞ്ഞങ്ങാട് സമ്മേളനം അതില്‍ എടുത്തുപറയേണ്ട കാര്യമാണ്. അവിഭക്ത കണ്ണൂര്‍ ജില്ലാ ജോ. സെക്രട്ടറിയായാണ് സമസ്തയുടെ സാരഥ്യത്തിലെത്തുന്നത്. പി എ ഉസ്താദാണ് അന്ന് പേരു നിര്‍ദേശിച്ചത്. ഉള്ളാള്‍ തങ്ങള്‍ പ്രസിഡന്റും എം എ ഉസ്താദ് ജന. സെക്രട്ടറിയുമായ കമ്മിറ്റിയാണത്.

പിന്നീട് കണ്ണൂര്‍ ജില്ല വിഭജിച്ച് കാസര്‍കോടുണ്ടായപ്പോള്‍ കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറിയായി. ശേഷം പ്രസിഡന്റുമായി. സമസ്ത കേന്ദ്ര മുശാവറയില്‍ പിളര്‍പ്പിനു മുമ്പേ ഹംസ മുസ്‌ലിയാര്‍ മെമ്പറാണ്. അരുതായ്മകള്‍ക്കു മുമ്പില്‍ സന്ധിയില്ലാതെ നെഞ്ചുവിരിച്ച് ഇറങ്ങിപ്പോന്ന ധീരരില്‍ അദ്ദേഹവുമുണ്ടായിരുന്നു.

തന്റെ ഗുരുനാഥന്‍ പ്രസിഡന്റായിയിരിക്കെയാണ് സമസ്ത കേന്ദ്രമുശാവറയില്‍നിന്ന് ഇറങ്ങിപ്പോന്നത് എന്ന് വിമര്‍ശനമുണ്ട്. ആസന്നമായ വേര്‍പിരിയലിനെ കുറിച്ച് മനസിലാക്കി അത് ഒഴിവാക്കാന്‍ വേണ്ടി പാടുപെട്ട ഒത്തിരി കഥകള്‍ ഹംസ മുസ്‌ലിയാര്‍ക്കുണ്ട്. എം എ ഉസ്താദിനൊപ്പം സ്വന്തം കാശുചെലവാക്കി പലരെയും ചെന്നു കാണുകയും കരഞ്ഞുപറയുകയും ചെയ്തത് അദ്ദേഹത്തിന്റെ ഓര്‍മകളിലുണ്ട്. കണ്ണിയത്ത് ഉസ്താദിനെ അറിയുന്നവര്‍ക്കെല്ലാം അറിയാവുന്ന കാര്യമുണ്ട്; സമസ്തയില്‍ ആരോ ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും പിണങ്ങി നിന്നിട്ടുണ്ട് എന്നതിലപ്പുറം കണ്ണിയത്ത് ഉസ്താദിന് ഒന്നുമറിയില്ലായിരുന്നു.

”നിങ്ങളുടെ കൂടെയാണ് ഞാന്‍” എന്ന് നിരവധി തവണ കണ്ണിയത്ത് ഉസ്താദ് നേരിട്ട് പറഞ്ഞിട്ടുണ്ട്. എറണാകുളം സമ്മേളനത്തിന് പോവാന്‍ സമ്മതം വാങ്ങാന്‍ വാഴക്കാട്ടു ചെന്ന സമയത്ത് മകനുമായി വാക്കേറ്റമുണ്ടായി. ‘ഇവരെ സമസ്ത പുറത്താക്കിയതാണ്’ എന്ന് മകന്‍ ഉസ്താദിനോട് പറഞ്ഞപ്പോള്‍ ‘ഹംസ മുസ്‌ലിയാരും കുഞ്ഞിക്കോയ തങ്ങളും പുറത്താണെങ്കില്‍ ഞാനും പുറത്താണ്’ എന്നാണ് അന്ന് ഉസ്താദ് പറഞ്ഞത്. മകന്റെ വിലക്കുള്ളതിനാല്‍ പിന്നീട് വീട്ടിലേക്ക് പോവാറുണ്ടായിരുന്നില്ല. അവസാന കാലത്ത് സമ്മതം ലഭിക്കുകയും കാണാന്‍ പോവുകയും ചെയ്തിട്ടുണ്ട്. മരണത്തിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ചെന്നുകണ്ടപ്പോള്‍ തൊട്ടടുത്തിരുത്തി ദുആ ചെയ്തു തരികയും ‘ഞാന്‍ നിങ്ങള്‍ക്കൊപ്പമാണെ’ന്ന് പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഉസ്താദിനെതിരായിരുന്നു എന്നു കുറ്റബോധം ഒരിക്കലും തോന്നേണ്ട കാര്യമുണ്ടായിട്ടില്ല.
സമസ്ത പുനഃസംഘാടനത്തിനു ശേഷം സമസ്തയുടെ ജോ. സെക്രട്ടറി സ്ഥാനം വഹിച്ചു. മരണ സമയത്ത് ട്രഷററായിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞ ആ കാലത്ത് ഹംസ ഉസ്താദ് പതറിയില്ല. ഭീഷണിക്കു മുമ്പില്‍ പാറപോലെ ഉറച്ചു നിന്ന അദ്ദേഹം പ്രലോഭനങ്ങളെ പുഛിച്ചു തള്ളി എതിരാളികളെ നിരായുധരാക്കിയിട്ടുണ്ട്. കോട്ടിക്കുളം ഖാളി സ്ഥാനത്ത് നിന്ന് രാജിവെച്ചത് കീഴടങ്ങേണ്ടിവരും എന്ന ആശങ്കയിലായിരുന്നു.

സുന്നി യുവജന സംഘത്തില്‍ മുന്നേറ്റങ്ങളുടെ വേഗത വര്‍ധിച്ചു തുടങ്ങിയ 1974 ലെ കമ്മിറ്റിയില്‍ ഹംസ ഉസ്താദും അംഗമായിരുന്നു. ഇ കെ ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും ഉസ്താദ് കാന്തപുരം ജന. സെക്രട്ടറിയുമായ കമ്മിറ്റിയാണ് അന്ന് നിലവില്‍ ഉണ്ടായിരുന്നത്. പിന്നീട് എം എ ഉസ്താദ് പ്രസിഡന്റായ കമ്മിറ്റിയില്‍ വര്‍ക്കിംഗ് പ്രസിഡന്റായി. ശേഷം സുപ്രീം കൗണ്‍സില്‍ കണ്‍വീനര്‍ സ്ഥാനവും വഹിച്ചു.

ആദ്യ കാലത്ത് പട്ടുവത്ത് താമസിച്ചിരുന്ന ഉസ്താദ് കണ്ണൂരിലെ സമ്പ്രദായമനുസരിച്ച് ഭാര്യയുടെ വീട്ടില്‍ കുയ്യത്താണ് കുറച്ചുകാലം താമസിച്ചത്. സംഘടനാ സൗകര്യങ്ങള്‍ കണക്കിലെടുത്ത് തളിപ്പറമ്പിനടുത്ത് ഏഴാം മൈലിലാണ് അവസാനം സ്ഥിര താമസമാക്കിയത്. ഭാര്യ പരേതയായ സൈനബ. അഞ്ച് ആണും ആറ് പെണ്ണുമടക്കം പതിനൊന്ന് മക്കളാണ് ഉസ്താദിനുള്ളത്.

എം ടി ശിഹാബുദ്ദീന്‍ സഖാഫി

You must be logged in to post a comment Login