കേരളത്തിലെ മാധ്യമങ്ങള്‍ ശബരിമല വിഷയത്തില്‍ വ്യാപൃതരാണ്. ശബരിമല വിഷയത്തില്‍ കേരളത്തിലെ പത്ര സ്ഥാപനങ്ങളുടെ ഇടപെടലുകളെ നിരീക്ഷിക്കാം. കേരള രാഷ്ട്രീയത്തില്‍ വളരെയധികം സ്വാധീനമുള്ള ചര്‍ച്ചയാണ് ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി. കേരളത്തിലെ കോണ്‍ഗ്രസിനു വിഷയത്തിലുള്ള മൃദുസമീപനത്തെക്കുറിച്ച് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെ അപഹാസ്യമായി അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ മുഖപത്രത്തെ വെല്ലുന്ന രീതിയിലാണ് സംസ്ഥാനത്തെ പ്രചാരത്തില്‍ മുന്നില്‍ നില്ക്കുന്ന മലയാള മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടു വരുന്ന കോടതി വിധികളെയും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ തര്‍ക്കം വേണ്ടെന്നുമുള്ള നിലപാടുകളുള്ള വാര്‍ത്തകള്‍ക്ക് പത്രത്തിന്റെ മുന്‍ വശത്തെ കോളങ്ങളില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല .അതായത് ചരിത്രപ്രധാന്യമുള്ള ഒരു വിധിയെ തുടര്‍ന്ന് ശബരിമലയുടെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് തെളിയിക്കുന്ന മലരയരുടെ തുറന്നു പറച്ചിലുകള്‍ അടക്കമുള്ള സുപ്രധാനമായ വഴിത്തിരിവുകളൊക്കെ അവഗണിച്ച്, ഭരണപക്ഷത്തെ അനുദിനം വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ മതിയെന്ന മാധ്യമ സംസ്കാരം ജനാധിപത്യപരമല്ല, അതിനു ചില നിര്‍ദിഷ്ട ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തം. സ്വാതന്ത്ര്യസമര കാലത്തെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ പൈതൃകവും പെരുമയും പറയുന്ന പത്രസ്ഥാപനങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നടക്കുന്ന ശബരിമല സ്ത്രീ പ്രവേശനത്തിലെടുക്കുന്ന നിലപാടുകള്‍ തീര്‍ത്തും രാഷ്ട്രീയ സാമുദായിക ചായ്വുകള്‍ക്ക് അധീനപ്പെട്ടു കൊണ്ടാണ്. അയ്യപ്പഭക്തന് പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയെ മനോരമ റിപ്പോര്‍ട്ട് ചെയ്തത് സംഘപരിവാറിന്റെ താല്‍്പര്യത്തിനു വേണ്ടിയാണെന്ന് തോന്നും വിധമാണ്. വാര്‍ത്തയുടെ പ്രധാന ഉള്ളടക്കമാകേണ്ടിയിരുന്ന പോലീസ് കണ്ടെത്തല്‍, വാര്‍ത്തയുടെ അവസാനഭാഗത്ത് അപ്രസക്തമായ രീധിയില് സൂചിപ്പിക്കുകയാണുണ്ടായത്.ശിവദാസന്‍ ശബരിമലക്ക് വന്ന ദിവസവും സംഘര്‍ഷ ദിവസവും തമ്മില്‍ യാതൊരു പൊരുത്തവുമില്ല, മാത്രമല്ല അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കുന്നത് ളാഹയില്‍ വെച്ചാണ്, പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത് നിലയ്ക്കലില്‍ വച്ചും. ആരോപണത്തിലെ വൈരുധ്യം വളരെ വ്യക്തം. എന്നാല്‍ മനോരമയുടെ വാര്‍ത്തയുടെ മുഖ്യ ഭാഗം സംഘപരിവാറിന്റെ ഹര്‍ത്താല്‍ പ്രഖ്യാപനവും ബി.ജെ.പി നേതാവ് ശ്രീധരന് പിള്ളയുടെ ആശങ്കകളുമൊക്കെയായിരുന്നു. തങ്ങള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എന്താണെന്ന ബോധ്യം പോലുമില്ലാത്ത ഇത്തരത്തിലുള്ള മാധ്യമ സേവ വളരെ ലജ്ജാവഹമാണ്.The news minute പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശബരിമല വിഷയം കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ ഉണ്ടാക്കിയടെലിവിഷന് റേറ്റിംഗ് പോയിന്റിലെ(ടി ആര് പി) വര്‍ധനവിനെ സൂക്ഷ്മമായി പരിശോധിക്കുന്നു. കേരളത്തില്‍ ശബരിമല പ്രശ്നത്തിനു ശേഷം ഏറ്റവും കൂടുതല്‍ പ്രേക്ഷകരുണ്ടായത് ജനം ടി.വി ക്കാണെന്ന കണ്ടെത്തല്‍ അശേഷം തള്ളിക്കളയരുത്. സംഘപരിവാറിന്റെ കുഴലൂത്തുകാരായ ചാനലിനു ലഭിച്ച പ്രേക്ഷകര്‍, കേരളത്തില്‍ തീവ്രവലതു പക്ഷത്തിന്റെ വളര്‍ച്ചക്ക് കാരണമാവരുത്. അതുകൊണ്ട് തന്നെ ഇവിടെ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം വളരെ പ്രാധാന്യമുള്ളതാണ്.
ശരിക്കും മാധ്യമങ്ങള്‍ നര്‍മദ കണ്ടോ?
ഇന്ത്യന്‍ ബഹുസ്വരതയുടെ ഉത്തമ പ്രതീകമായി നരേന്ദ്ര മോഡി സര്‍ക്കാര്‍ പടുത്തുയര്‍ത്തിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമയായിരുന്നു വാര്‍ത്തകളിലുടനീളം. മാധ്യമങ്ങള്‍ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനവും, ജനാധിപത്യ വിരുദ്ധതയും തുറന്നു കാണിക്കുകയുണ്ടായി. അതോടൊപ്പം തന്നെ നിര്ഭാഗ്യവശാല്ചഉഠഢ പോലുള്ള മാധ്യമസ്ഥാപനങ്ങള്‍ പ്രതിമയുടെ അനാവരണ ചടങ്ങിനു അരമണിക്കൂറില്‍ കൂടുതല്‍ തത്സമയ സംപ്രേക്ഷണം നടത്തിയതിലെ മാധ്യമ പ്രവര്‍ത്തന യുക്തി വ്യക്തമല്ല. അരമണിക്കൂര്‍ എന്നത് ദൃശ്യ മാധ്യമങ്ങളെ സംബന്ധിച്ച് വലിയൊരു സമയ ദൈര്‍ഘ്യമാണ്, അത് സൗജന്യമായി സര്‍ക്കാറിനു പരസ്യം നല്‍കിയതിനു തുല്യമായെന്നു പറയാം.
മാധ്യമങ്ങളിലൂടെ മോഡി ഭരണകൂടം നടത്താന്‍ ശ്രമിക്കുന്ന ചില അജണ്ടകളെ പരിശോധിക്കാം. പട്ടേലിനെ അഖണ്ഡ ഭാരതത്തിന്റെ അപ്രഖ്യാപിത നായകനാക്കുന്നതിലൂടെ നെഹ്റുവിയന്‍ ചിന്തകളെ പരോക്ഷമായി ആക്രമിക്കുക എന്ന ലക്ഷ്യം ഭരണകൂടത്തിനുണ്ട്. അത്തരത്തിലുള്ള വ്യവഹാരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, പേരിനു പോലും ഒരു സ്വാതന്ത്ര്യസമര സേനാനിയെ അവകാശപ്പെടാനില്ലാത്ത ആര്.എസ്.എസും ബി.ജെ.പിയും തങ്ങളുടെ സാങ്കല്പിക നേതാവായി പട്ടേലിനെ ഉയര്‍ത്തിക്കാട്ടി സ്വയം അപഹാസ്യരാവുകയാണ്. പട്ടേല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കശ്മീര്‍ ഇന്ത്യയുടേത് മാത്രമാകുമെന്ന് നരേന്ദ്ര മോഡി നടത്തിയ ചരിത്രവിരുദ്ധമായ പ്രഖ്യാപനങ്ങളെ ചില മാധ്യമങ്ങളെങ്കിലും വിമര്‍ശിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയെ ഏകീകരിക്കുമ്പോള്‍ കശ്മീരിനെക്കാളും ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാകണം എന്നാണു ആഗ്രഹിച്ചത്, കശ്മീരിനോട് പ്രത്യേക താല്്പര്യം പ്രകടിപ്പിച്ചത് നെഹ്റുവാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ വെല്ലുവിളിയായി നില്ക്കുന്ന കശ്മീര്‍ വിഷയത്തെ, ജനാധിപത്യപരമായി പരിഹരിക്കുന്നതില്‍ മാറി വന്ന എല്ലാ സര്‍ക്കാറുകളും പരാജയപ്പെട്ടു. കശ്മീര്‍ ഇന്നും മനുഷ്യാവകാശ ലംഘനത്തിന്റെ രണഭൂമിയായി നിലകൊള്ളുന്നു. വാഗ്ദാനം ചെയ്തreferendum യാതൊരു പ്രത്യാശയുമില്ലാതെ വര്‍ത്തമാന ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. കശ്മീര്‍ വിഷയത്തെ കുറിച്ച് തന്റെ പ്രസംഗങ്ങളെ അലങ്കരിക്കാന്‍ നരേന്ദ്ര മോഡി പടച്ചു വിടുന്ന രാഷ്ട്രീയ നൈതികതയില്ലാത്ത പരാമര്‍ശങ്ങളെ മാധ്യമങ്ങള്‍, ചരിത്രത്തെ ആസ്പദമാക്കി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.
ഭരണ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കാള്‍ അവയെ കുറിച്ചുള്ള ഭ്രമങ്ങള്‍ നല്കി കോടികള്‍ പാഴാക്കിയ ഈ സര്‍ക്കാറിനു ഇന്നു ഏറ്റവും അഭിമാനമായി ചൂണ്ടിക്കാണിക്കാനുള്ളത് ഗുജറാത്തിലെ നര്‍മദ ജില്ലയിലെ പട്ടേലിന്റെ പ്രതിമയാണ്. രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷത്തിനും വേണ്ടി നിലകൊണ്ട സമരഭൂമിയാണ് നര്‍മദ.ഭാരതത്തിന്റെ യശസ്സു ലോക രാജ്യത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അമേരിക്കയിലെ’Statue of liberty’ യെക്കാളും വലിയ’Statue of unity’ ഇന്ത്യയില്‍ നിര്മിച്ചത്ആദിവാസികളുടെ ഭൂമിയില്‍ നടത്തിയ അധിനിവേശത്തിന്റെ ബാക്കി പത്രമാണ്.
പ്രതിമ നിര്‍മാണത്തിന്റെ ചെലവ് 2989 കോടിയോളമാണ്. പ്രാരംഭത്തില്‍ പ്രതിമയുടെ ചെലവ് സ്വകാര്യ കമ്പനികള്‍ വഹിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടന്നില്ല. പ്രതിമ നിര്‍മാണത്തിനു സ്വകാര്യ മേഖലയില്‍ നിന്നും ആരും മുന്നോട്ടു വന്നില്ല, അതു കൊണ്ട് നിര്‍മ്മാണത്തിന്റെ ഭൂരിപക്ഷ ചെലവും സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്തതാണ്. നര്‍മദ അണക്കെട്ടിന്റെ നിര്‍മ്മാണം കൊണ്ടുണ്ടായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും സാമൂഹിക അസന്തുലിതാവസ്ഥയ്ക്കും ഇന്നും പരിഹാരമുണ്ടായിട്ടില്ല. നര്‍മദ പദ്ധതിയുടെ ഭാഗമായി നടത്തേണ്ടിയിരുന്ന പരാജയപ്പെട്ട പുനരധിവാസ പദ്ധതികളെയൊക്കെ തഴഞ്ഞുകൊണ്ട് നടത്തിയ പ്രതിമ നിര്‍മാണം, ‘ഉത്കൃഷ്ടമായ ഗുജറാത്ത് വികസന മാതൃക’ വിഭാവന ചെയ്യുന്ന ഇന്ത്യന്‍ ഭാവിയെയാണ് സൂചിപ്പിക്കുന്നത്. ഞങ്ങള്‍ പാവങ്ങളുടെ സര്ക്കാറാണെന്നുള്ള തിരഞ്ഞെടുപ്പു തന്ത്രം ഇനിയും തീവ്രവലതു പക്ഷത്തിനു പയറ്റാന്‍ കഴിയാത്ത വിധം മാധ്യമങ്ങള്‍ വസ്തുതകളിലേക്ക് തിരിഞ്ഞ് നില്ക്കേണ്ടിയിരിക്കുന്നു.മിക്ക മാധ്യമങ്ങളും പ്രതിമക്ക് ചെലവഴിച്ച തുക ഇന്ത്യയുടെ ശരിയായ സാമൂഹിക പുരോഗതി ലക്ഷ്യം വച്ച് എങ്ങനെ വിനിയോഗിക്കാമായിരുന്നു എന്ന് വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ കാര്‍ഷിക മേഖലയെയും വിദ്യാഭ്യാസ മേഖലയെയും വിപ്ലവകരമാക്കായിരുന്ന സമ്പത്ത്, അശാസ്ത്രീയമായി നിര്‍മിക്കപ്പെട്ടു എന്നു പോലും ആരോപണമുള്ള പ്രതിമക്കു വേണ്ടി ചെലവഴിച്ചു എന്നത് ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളും വളരെ ഗൗരവമായി കണ്ടുവെന്നുള്ളത് ആശാവഹമാണ്. എന്നാല്‍ പോലും പ്രതിമയുടെ ഉദ്ഘാടന ദിവസം നര്‍മദയിലെ ആദിവാസികളും കര്‍ഷകരും നടത്തിയ സംഘടിത സമരങ്ങള്‍ക്ക് മാധ്യമങ്ങള്‍ എത്ര കണ്ട് മുന്‍തൂക്കം നല്കി എന്ന പരിമിതിയുമുണ്ട്.The Quint പോലുള്ള ചില മാധ്യമങ്ങള്‍ മാത്രമേ നര്മദയിലെത്തി സാധാരണക്കാരുടെ പ്രതിഷേധങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയുള്ളൂ. മാധ്യമങ്ങള്‍ പ്രതിമയുടെ ആവശ്യകതയെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ പോലും പ്രതിമയുടെ രാഷ്ട്രീയവും, നര്‍മദയിലെ ആദിവാസികളുടെ നേര്‍ക്കുണ്ടായ അനീതിയും കൂടുതല്‍ മുന്‍ഗണനയോടു കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു. പ്രതിമയുടെ നിര്‍മാണ ലക്ഷ്യത്തോടൊപ്പം, രാജ്യത്തെ ഒരു ലക്ഷത്തോളം വരുന്ന ആദിവാസി സമൂഹത്തിന്റെ ജീവിതം കീഴ്മേല്‍ മറിച്ച നര്‍മദ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരായിരുന്നു? നര്‍മദ നദിയോരത്തെ മണ്ണിനെയും ജീവിതത്തെയും വറുതിക്കും വരള്‍ച്ചക്കും തുറന്നുവിട്ട വികസന കാഴ്ചപ്പാടുകളോട് മാധ്യമങ്ങള്‍ നിരന്തരം കലഹിക്കേണ്ടിയിരിക്കുന്നു. വിഷയത്തിന്റെ സാമൂഹിക പരിതസ്തിതി പ്രത്യാഘാതങ്ങളെ മുന്‍നിര്‍ത്തിBusiness Line പോലുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വളരെ പ്രസക്തിയുള്ളതാണ്.
റിലയന്‍സിന് ലാഭം
റാഫേലിനു ശേഷം, റിലയന്‍സ് ഫ്രഞ്ച് കമ്പനി ദസ്സോള്‍ട്ടുമായി ഉണ്ടാക്കിയ വിമാന നിര്മാണധാരണകളില് റിലയന്‍സിനു ലഭിച്ചത് 284 കോടിയുടെ ലാഭം.The Wire നടത്തിയ അന്വേഷണാത്മകമായ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ കുത്തക മുതലാളിമാരുടെ നേട്ടങ്ങള്‍ക്ക് ഭരണകൂടം ഒരുക്കിക്കൊടുത്ത എളുപ്പവഴികള്‍ തുറന്നുകാണിക്കുന്നു. യാതൊരു ലാഭവുമില്ലാത്ത റിലയന്‍സിന്റെ വിമാന കമ്പനിയുമായി കച്ചവട ഉടമ്പടിയുണ്ടാക്കാന്‍ ദസ്സോള്ട്ടിനെ ബോധിപ്പിച്ചത് ആരാണ്? മഹാരാഷ്ട്ര ഗവണ്മെന്റ് റിലയന്‍സിനു അനുവദിച്ചുകൊടുത്ത വിമാനത്താവള പദ്ധതികളൊന്നും തന്നെ പൂര്‍ത്തീകരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല, തങ്ങള്‍ക്ക് പദ്ധതിയിലുള്ള പങ്കു വില്ക്കാന് വളരെ ബുദ്ധിപൂര്‍വ്വം ദസ്സോള്ട്ടിനെ തന്നെ തിരഞ്ഞെടുത്തു. ഫ്രഞ്ച് കമ്പനിക്ക് പദ്ധതിയില്‍ 46% ഓഹരിയാണുള്ളത്.CNBC യുമായി നടത്തിയ അഭിമുഖത്തില്‍ ദസ്സോള്‍ട്ട്CEO എറിക് ട്രാപ്പ്യര് പറഞ്ഞത് അംബാനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള പ്രധാന കാരണം അവര്‍ക്ക് വിമാനത്താവള പരിസരത്തു തന്നെ പദ്ധതികള്‍ക്കുള്ള ഭൂമിയുണ്ടെന്നാണ്. എന്നാല്‍ റാഫേലുമായി കരാര്‍ ഉണ്ടാക്കിയാല്‍ മാത്രമേ ഭൂമി തരികയുള്ളൂ എന്ന ഉടമ്പടിയിലാണ് മഹാരാഷ്ട്ര ഗവണ്മെന്റ് അംബാനിക്ക് ഭൂമി വിട്ടു നല്‍കിയത്; ഇതിനോടനുബന്ധിച്ചു തന്നെയാണു നരേന്ദ്ര മോഡി ഇന്ത്യയുടെ റഫേല്‍ കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്നതും. 2015 ലും 2017 ലുമായി നടന്ന പ്രഖ്യാപനങ്ങളും ഇടപാടുകളും കൂടുതല്‍ ചോദ്യങ്ങളിലേക്ക് വഴിവെക്കുന്നു. രാജ്യത്തെ പ്രാഥമികമായ നിയമ സംവിധാനങ്ങളെയും നിര്‍ദേശങ്ങളെയും വകവെക്കാതെയാണ് അംബാനിക്ക് വിമാന നിര്‍മ്മാണത്തിനു ഭൂമിയും അനുമതിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.The Wire കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വിഷയത്തില്‍ അന്വേഷിച്ചുവരികയാണ്. തങ്ങളും അഴിമതിക്കാരാണെന്ന് വിളിച്ചു പറയും വിധമുള്ള ഭരണകൂട പ്രവൃത്തികള്‍ മാധ്യമങ്ങള്‍ തുറന്നു കാണിക്കുന്നത്അതീവ ഗൗരവമുള്ളതാണ്. നിരവധി രേഖകളും കണക്കുകളും പരിശോധിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കുക എന്ന രീതി അവലംബിക്കുന്ന മാധ്യമ പ്രവര്‍ത്തനം എത്രമാത്രം മാതൃകാപരമാണ്.
ദരിദ്രര്‍ക്ക് നഷ്ടപ്പെട്ട നഗരം
ഇന്ത്യയുടെ സാമൂഹിക ഘടനയില്‍ വളര്‍ന്നുവരുന്ന അരികുവല്‍കരണം സാമൂഹിക ശാസ്ത്രജ്ഞരുടെ മാത്രം ശ്രദ്ധ ഉണ്ടാവേണ്ട ഇടമല്ല, മാധ്യമങ്ങളും അത്തരം വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. അതില്‍ വളരെയധികം പ്രാധാന്യമുള്ള ഒന്നാണു ഇന്ത്യയുടെ മുംബൈ നഗരത്തില്‍ രൂക്ഷമാവുന്ന പാര്‍പ്പിട പ്രശ്നങ്ങള്‍. ലോകത്തെ ഏറ്റവും വലിയ ചേരി പ്രദേശമുള്ള മുംബൈ, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ്. മുംബൈയെ ഒരു നിക്ഷേപ നഗരമായി കാണുന്ന ധനികരായ നഗരവാസികളും, മധ്യവര്‍ഗത്തിന്റെയും പാര്ശ്വവല്കരിക്കപ്പെട്ടവരുടെയും പാര്പ്പിടാവകാശങ്ങളെ കുറിച്ച് തെല്ലും ബോധവാന്മരല്ലാത്ത ഭരണകൂടവും അവഗണിച്ചു കൊണ്ടിരിക്കുന്ന പാര്‍പ്പിട പ്രതിസന്ധി അതീവ സങ്കീര്‍ണമാവുകയാണ്. 1985ല്‍ ആനന്ദ് പട്വര്ധന് സംവിധാനം ചെയ്ത ‘ബോംബൈ ഹമാര ഷെഹര്‍’ എന്ന ഡോക്യുമെന്ററി പങ്കുവെയ്ക്കുന്ന ആശയങ്ങളും ഇതുതന്നെയായിരുന്നു. നഗരത്തെ നിര്‍മ്മിക്കാന്‍ വേണ്ട മനുഷ്യവിഭവങ്ങളെ ആവശ്യാനന്തരം തള്ളിക്കളയുന്ന സാമൂഹിക വ്യവസ്ഥിതിയെയാണ് പട്വര്ധന് തന്റെ ചിത്രത്തില്‍ അവതരിപ്പിച്ചത്. നഗരത്തിന്റെ യഥാര്‍ത്ഥ അവകാശികളാരെന്ന വലിയ ചോദ്യമാണ് അത് ഉയര്‍ത്തിയത്. എന്നാല്‍ 2018 ലും സ്ഥിതിയില്‍ വലിയ മാറ്റങ്ങളൊന്നും തന്നെയില്ല.The Skroll നടത്തിയ ഒരു വീഡിയോ റിപ്പോര്‍ട്ടിംഗില്‍ മുംബൈയിലെ ചേരികളിലെ മനുഷ്യ ജീവിതങ്ങളുടെ നിസ്സഹയാവസ്ഥ തുറന്നുകാട്ടുന്നുണ്ട്. റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ഒരു പ്രധാന കാര്യം, 45% കെട്ടിട സമുച്ചയങ്ങളില്‍ ആളുകള്‍ താമസിക്കുന്നില്ല എന്നാണ്.
അതായത് നഗരത്തില്‍ പാര്‍പ്പിട സൗകര്യങ്ങള്ക്കിട്ടിരിക്കുന്ന കോടികളുടെ വിലയില്‍ യാതൊരു ഇടിവും വരാതെ, സാധാരണക്കാരനു അപ്രാപ്യമാക്കിയ ഒരു നിക്ഷേപമായി മുംബൈയില്‍ പാര്‍പ്പിടങ്ങള്‍ പണിതു കൊണ്ടിരിക്കുന്നു. ഒരു ക്ഷേമ രാഷ്ട്രം എന്ന് അവകാശപ്പെടുന്ന ഇന്ത്യ, ജനങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യവും നല്‍കേണ്ടതുണ്ട്. നഗരങ്ങളെ ധനികര്‍ക്കു മാത്രമായി വിഭാവന ചെയ്താലുള്ള സാമൂഹിക അസമത്വം തുറന്നുകാണിക്കുകയാണ് റിപ്പോര്‍ട്ട്.The Quint ഓക്ടോബര്‍ 9നു പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 80 ലധികം കുടുംബങ്ങളാണ് മുംബൈയില്‍ പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍ കഴിയേണ്ടി വരുന്നത്, ഏതു നിമിഷവും തകരാവുന്ന പാര്‍പ്പിടം വിട്ടു പോവാന്‍ നഗ്പദയിലെ ഈ കുടുംബങ്ങള്‍ തയാറാകാത്തതിന്റെ പ്രധാന കാരണം അവര്‍ക്ക് മുംബൈയില്‍ മറ്റൊരു പാര്‍പ്പിടം കണ്ടെത്തുക എന്നത് അസാധ്യമായതു കൊണ്ടാണ്. പഴക്കമേറിയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് അധികാരികളെ നിരന്തരം സമീപിച്ചെങ്കിലും നഗ്പദ വാസികള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യധാരയില്‍ കടന്നുവരാത്തതും, പുതുമ ഇല്ല എന്നു പറഞ്ഞ് തള്ളിക്കളയുകയും ചെയ്യുന്ന ഇത്തരം വാര്‍ത്തകളുടെ സാമൂഹിക പ്രാധാന്യം വളരെ വലുതാണ്.
അന്താരാഷ്ട്ര വെറുപ്പിന്റെ തൊഴി
പെട്ര ലാസ്ലോ എന്ന ഹംഗേറിയന്‍ ക്യാമറാമാന് സിറിയന്‍ അഭയാര്‍ഥിയെ കാലു കൊണ്ടു തൊഴിക്കുന്ന രംഗം, അന്താരാഷ്ട്ര രംഗത്ത് അഭയാര്‍ഥികള്‍ നേരിടുന്ന അവഗണനയുടെയും വെറുപ്പിന്റെയും നേര്‍ചിത്രമായിരുന്നു. പെട്ര ലാസ്ലോയെ ശിക്ഷിക്കാന്‍ വിധിച്ച കീഴ്കോടതിയെ വിമര്‍ശിച്ചു കൊണ്ടാണ് ഹംഗറിയിലെ പരമോന്നത കോടതി മാധ്യമ പ്രവര്‍ത്തകയെ വെറുതെ വിട്ടത്. അതിര്‍ത്തി മുറിച്ചു കടക്കാന്‍ ശ്രമിച്ച മൊഹസിന്‍ എന്ന സിറിയന്‍ അഭയാര്‍ഥിയെയും മകനെയും പെട്ര കാലു കൊണ്ട് തൊഴിക്കുകയായിരുന്നു. പെട്ര മൊഹസിന്‍ ഒരു തീവ്രവാദിയാണെന്ന ആരോപണം വരെ ഉയര്‍ത്തുകയുണ്ടായി. ഹംഗറിയിലെ ഉന്നത നീതിപീഠത്തിന്റെ നിരീക്ഷണത്തില്‍ അഭയാര്‍ഥിയെ തൊഴിച്ച മാധ്യമപ്രവര്‍ത്തകയല്ല മറിച്ച് അതിര്‍ത്തി കടന്നുവന്ന അഭയാര്‍ഥിയാണ് കുറ്റക്കാരനെന്നാന്നു കണ്ടെത്തല്‍. വിധി ഹംഗറിക്ക് അഭയാര്‍ഥികളോടുള്ള വിദ്വേഷ സമീപനത്തെയാണ് തുറന്നുകാണിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ അഭയാര്‍ഥികളോടു ശത്രുത പുലര്‍ത്തുക എന്നത് തൊഴിലിനോടുള്ള ധാര്‍മിക ലംഘനം കൂടിയാണ്. മാധ്യമ പ്രവര്‍ത്തകരുടെയും ഭരണകൂടങ്ങളുടെയും സമീപനം ഒന്നു തന്നെ ആകുമ്പോള്‍ അഭയാര്‍ഥികളുടെ നിജസ്ഥിതികള്‍ ലോകമറിയുക ക്ലേശകരമാകും.
നബീല പാനിയത്ത്
You must be logged in to post a comment Login