ശബരിമല സുപ്രിം കോടതി വിധിയെക്കുറിച്ചുള്ള ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും അഭാവം ഈ സമയത്ത് ഒരു അഭിമുഖത്തില്‍ വലിയ ചോദ്യചിഹ്നമാണ്. എന്താണ് അങ്ങയുടെ പ്രതികരണം?
മറുപടി-ഒറ്റവാക്കില്‍ മറുപടി പറയേണ്ട വിഷയമല്ല ഇത്. ലിംഗസമത്വത്തിനും മതവിശ്വാസത്തിനുമുള്ള ഭരണഘടനാവകാശം, മതങ്ങളുടെ പുറംപാളിയായ ആചാരാനുഷ്ഠാനങ്ങള്‍, ഉള്‍ക്കാമ്പായ മൗലിക തത്വങ്ങള്‍, ഭക്തരുടെ വ്യാജമല്ലാത്ത വികാരങ്ങള്‍ എന്നിവയെല്ലാം ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ പരിഗണിക്കാനുണ്ടണ്ട്. പക്ഷേ തത്സംബന്ധിയായി ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള പ്രശ്നം മറ്റൊന്നാണ്. മതമൈത്രിയുടെയും ബഹുസ്വരതയുടെയും ലോകോത്തര പ്രതീകമായ ശബരിമലയുടെ പേരില്‍ മേല്‍പ്പറഞ്ഞവയുടെ ഹന്താക്കള്ക്ക് കേരളത്തെ അടിയറവെയ്ക്കണോ എന്നതാണത്. ഇക്കാര്യം വിവേകത്തോടെ കേരളജനത അഭിമുഖീകരിച്ചില്ലെങ്കില്‍ നാളെ നമ്മുടെ നാട് മറ്റൊന്നായി മാറും.
ഭാരതപ്പുഴയൊഴുകി പതം വരുത്തിയ പൊന്നാനി മണ്ണ്. അത് രൂപപ്പെടുത്തിയ പൊന്നാനി സ്കൂളിന്റെ തുടര്‍ച്ചയാണ് രാമനുണ്ണിയും. പൊന്നാനിയുടെ മണ്ണിലെ വിവിധ ജനപഥങ്ങളുടെ കൂടിച്ചേരലും അവിടെ ഉയര്‍ന്നു പൊന്തിയ സവിശേഷമായൊരു സംസ്ക്കാരവും പുകള്‍പെറ്റതാണ്. മാസ്റ്റര്‍ പീസ് എന്ന് നിരൂപകലോകവും വായനാസമൂഹവും വാഴ്ത്തിയ സൂഫി പറഞ്ഞ കഥയും പൊന്നാനിയുടെ മണ്ണിലാണല്ലോ സംഭവിക്കുന്നത്. പൊന്നാനിയെക്കുറിച്ചും പൊന്നാനി സ്കൂളിനെക്കുറിച്ചും അനേകം എഴുത്തുകാര്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടുമുണ്ട്.
ഏത് എഴുത്തുകാരനിലും അയാളുടെ നാട് ഒരു നിര്ണ്ണായകസ്വാധീനമായിരിക്കും. ബാല്യം ചെലവഴിച്ച സ്ഥലരാശിയായതു കൊണ്ടാണ് എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ നാടിന് ഇത്ര വലിയ പങ്കു വരുന്നത്. ലോകത്തിന്റെ തലസ്ഥാനം എഴുത്തുകാരെ സംബന്ധിച്ചിടത്തോളം സ്വന്തം നാട് തന്നെ- ഞാനും ഇക്കാര്യത്തില്‍ ഒരു എക്സെപ്ഷനല്ല. കല്‍ക്കത്തയിലാണ് ജനിച്ചതെങ്കിലും അച്ഛന്റെ അവിചാരിതമായ മരണത്താല്‍ ഓര്‍മ്മ തെളിയും മുമ്പ് അമ്മക്കൊപ്പം പൊന്നാനിയില്‍ എത്തിച്ചേര്‍ന്നു. അതുകൊണ്ട് എന്റെ നാട് പൊന്നാനിയാണ്. അവനവന്റെ നാടിനോട് എഴുത്തുകാര്‍ക്കുള്ള അഭിനിവേശത്തെക്കാള് ഉപരി പൊന്നാനിക്ക് ചില പ്രത്യേകതകളുണ്ട്. കേരളസംസ്ക്കാരത്തിന്റെ കണ്ണ് പൊന്നാനിയാണെന്ന് ഞാന്‍ പറയും. ഇന്ക്ലൂസീവ്നെസ്സ്, മതമൈത്രി എന്നിവയാണല്ലോ കേരളസംസ്ക്കാരത്തിന്റെ മുഖമുദ്രകള്‍. നീണ്ട് കിടക്കുന്ന കടല്‍ത്തീരം എല്ലാ സംസ്കൃതികള്‍ക്കും കടന്നുവരാനും അവയെ ഉള്‍ക്കൊള്ളാനുമുള്ള തുറസ്സ് കേരളമനസ്സിന് ഉണ്ടാക്കിക്കൊടുത്തു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ അറബികളും മറ്റും കച്ചവടത്തിനായി ഇവിടെ വന്നിരുന്നു. മതമൈത്രിയുടെ കാര്യത്തില്‍ കേരളം ഗോഡ്സ് ഓണ്‍ കണ്ട്രി തന്നെയാണ്. ആത്മീയരംഗത്ത് പോലും വിവിധ മതസ്ഥര്‍ സഹകരണവും സമന്വയവും പുലര്‍ത്തുന്ന ദേശം. ഷേര്‍ഡ് സ്പേസസ് ബിറ്റ്വീന് റിലീജ്യന്‍സ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ ഡോക്ടര്‍ ഡൊമനിക് ശിലാ ഖാന് എന്ന ജൂതസ്ത്രീ എഴുതിയ സേക്രഡ് കേരള എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ഗുണങ്ങളുടെയെല്ലാം പൂരിതാവസ്ഥ നമുക്ക് പൊന്നാനിയില്‍ കണ്ടെടുക്കാം.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഖിലാഫത്ത് പ്രസ്ഥാനവും കോണ്‍ഗ്രസ്സും കൂടി ആരംഭിച്ചതാണല്ലോ 1921 ലെ മലബാര്‍ കലാപം. പിന്നീടത് ബ്രിട്ടീഷുകാരുടെ പിണിയാളുകളായ ഹിന്ദുജന്മിമാര്ക്കെതിരെ തിരിഞ്ഞപ്പോള്‍ ചിലയിടത്ത് ചെറിയ തോതില്‍ വര്ഗ്ഗീയച്ഛായ കൈവരിച്ചു. അപ്പോള്‍ കൂടി പൊന്നാനിയില്‍ ഹിന്ദുക്കളും മുസ്ലീംകളും തമ്മില്‍ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഈ സാംസ്ക്കാരിക സ്മൃതികള്‍ എന്നിലുള്ള എഴുത്തുകാരനെ മെനഞ്ഞെടുക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പഴയ പൊന്നാനി താലൂക്ക് വളരെ വിശാലമായ പ്രദേശമായിരുന്നു. ഇവിടമാണ് മലയാള സാഹിത്യത്തിന് ഏറ്റവുമധികം സാഹിത്യകാരന്മാരെ പ്രദാനം ചെയ്തിട്ടുള്ളത്. എഴുത്തില്‍ ചില പൊതുസ്വഭാവങ്ങള്‍ പുലര്‍ത്തുന്ന അവരുടെ കൂട്ടായ്മയെ പൊന്നാനി സ്കൂള്‍ എന്നു പറയും. ഭാഷാ പിതാവായ തുഞ്ചത്താചാര്യനായിരുന്നു പൊന്നാനി സ്കൂളിന്റെ സ്ഥാപകനേതാവ്. സൗന്ദര്യാത്മക ഘടകങ്ങളെക്കാള്‍ പ്രമേയത്തിന് പ്രാധാന്യം കൊടുക്കല്‍, അതായത് എഴുത്തിനെ കാര്യം പറച്ചിലിനുള്ള ഉപാധിയാക്കല്‍, അതാണ് പൊന്നാനി സ്കൂളുകാരുടെ പ്രത്യേകസ്വഭാവം. മലയാളത്തിലെ ആദ്യത്തെ പ്രചരണ സാഹിത്യകാരനെന്നാണല്ലോ തുഞ്ചത്തെഴുത്തച്ഛനെ പലരും വിശേഷിപ്പിക്കാറുള്ളത്. ഈ ജീവിതത്തെയും ലോകത്തെയും നേരെയാക്കിയേ അടങ്ങൂ എന്ന വാശിയാണ് പൊന്നാനി സ്കൂളുകാരുടെ ശക്തി അല്ലെങ്കില്‍ ദൗര്‍ബ്ബല്യം. ഈ ഗുണമോ ദോഷമോ എന്റെ കൃതികളിലും മുഴച്ച് നില്‍ക്കുന്നത് കാണാം. സൂഫി പറഞ്ഞ കഥയും ജീവിതത്തിന്റെ പുസ്തകവും ദൈവത്തിന്റെ പുസ്തകവും ഉദാഹരണങ്ങള്‍. ചരമവാര്‍ഷികത്തില്‍ ഇരുളടഞ്ഞ ജീവിതദര്‍ശനം തലനീട്ടുന്നുണ്ടെങ്കിലും അവിടെ എനിക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. വളരെ വേഗത്തില്‍ തന്നെ ശുഭാപ്തിവിശ്വാസത്തിലേക്ക് എടുത്തുചാടി.
ഇടശ്ശേരി, ഉറൂബ്, അക്കിത്തം, നാലാപ്പാട്ട് നാരായണമേനോന്, ബാലാമണിയമ്മ, കമലാസുരയ്യ, എം.ഗോവിന്ദന്, എം.ടി. വാസുദേവന്‍ നായര്‍, സി. രാധാകൃഷ്ണന്, കടവനാട് കുട്ടികൃഷ്ണന്, പി.എം. നാരായണന്, ആലങ്കോട് ലീലാകൃഷ്ണന്, പി.പി. രാമചന്ദ്രന്, പി. സുരേന്ദ്രന് (മഞ്ചേരിയില്‍ നിന്ന് വന്ന് പൊന്നാനിക്കാരനായി) തുടങ്ങി എത്രയോ പേരുകള്‍ പൊന്നാനി സ്കൂളിന് സ്വന്തമാണ്. ഇതിന്റെ ഒരു ഭാഗമാകുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.
സൂഫി പറഞ്ഞ കഥ വളരെ ചെറുപ്പകാലത്ത് എഴുതിയ നോവലാണ്. അതിന്റെ പ്രമേയവും ആശയവും അവതരണശൈലിയും ക്ലാസിക്ക് നിലവാരത്തിലേക്ക് ആ കൃതിയെ ഉയര്‍ത്തി. ആദ്യനോവലില്‍ തന്നെ ഇത്ര ധൈര്യത്തോടെ ഇങ്ങനെയൊരു പ്രമേയത്തെ കൈകാര്യം ചെയ്ത വിധം, അതിന്റെ രചനാതന്ത്രം, കഥാപാത്രങ്ങളെ രൂപപ്പെടുത്തല്‍ എന്നിവയെക്കുറിച്ച് പറയാമോ?
ആദ്യമേ രചനാതന്ത്രത്തെയും കഥാപാത്രങ്ങളെയും ആസൂത്രണം ചെയ്തതിന് ശേഷമുള്ള എഴുത്തുരീതിയല്ല എന്റേത്. ഒരു പ്രമേയം മനസ്സില്‍ തിക്കുമുട്ടിക്കഴിഞ്ഞാല് അതിനനുസരിച്ചുള്ള ഭാഷയും ശൈലിയും രചനാതന്ത്രവും കഥാപാത്രങ്ങളും താനെ രൂപപ്പെടുകയാണ് ചെയ്യാറുള്ളത്. എങ്ങനെ തൊടണം, പിടിക്കണം, സംസാരിക്കണം എന്നെല്ലാം തീരുമാനിച്ചുറച്ചതിന് ശേഷം പ്രണയിക്കാന്‍ പറ്റുമോ?! ഇക്കാര്യത്തെക്കുറിച്ചുള്ള എന്റെ നിലപാട് അതാണ്. അത്തരം മുന്നൊരുക്കങ്ങളെല്ലാം കൃത്രിമത്വത്തില്‍ കലാശിക്കും.
സൂഫി പറഞ്ഞ കഥയുടെ പ്രമേയം ഒരു പൊന്നാനിക്കാരന് എളുപ്പം സങ്കല്പ്പിക്കാന് കഴിയുന്നതാണ്. പിന്നെ ഇതിവൃത്തം പെട്ടെന്ന് ഉടലെടുക്കുകയായി. അപ്പോള്‍ മേലെപ്പുല്ലാരത്തറവാട്ടിലെ കാര്‍ത്തി എന്ന നായര്‍ യുവതി മാമുട്ടി എന്ന മുസ്ലീം ചെറുപ്പക്കാരനുമായി ലോഗ്യത്തിലാകുന്നു. തന്റേടവും ആത്മശക്തിയുമുള്ള അവളെ തറവാട്ട് കാരണവരായ ശങ്കുമേനോന് കൂടി ഭയഭക്തിബഹുമാനങ്ങളാണ്. മാമുട്ടിയുടെ കൂടെ ഇറങ്ങിപ്പുറപ്പെടാന്‍ തുനിയുന്ന കാര്‍ത്തിയെ കാരണവര്‍ക്ക് തടയാനാകുന്നില്ല. കാമുകനൊപ്പം പൊന്നാനിയില്‍ എത്തുന്ന അവള് മതം മാറുന്നു. ഇഷ്ടപ്പെട്ടവന്റെ ബീടരാകുന്നു. തന്റെ പ്രിയതമക്ക് നായര്‍ തറവാട്ടില്‍ കിട്ടിയതെല്ലാം പൂരിപ്പിച്ച് കൊടുക്കാന്‍ മാമുട്ടി ഉത്സാഹിക്കുന്നുണ്ട്. എന്നിട്ടും അവള്‍ക്ക് എന്തിന്റെയെല്ലാമോ പോരായ്മയോ അഭാവമോ അനുഭവപ്പെടുന്നു. താന്‍ ആത്മാവിലണിഞ്ഞിരുന്ന ദേവതകളുടെ, വിശേഷിച്ചും മച്ചിലമ്മയുടെ അഭാവം. പുതുമണവാളന് കാര്‍ത്തിക്ക് വേണ്ടി വീട്ടുപറമ്പില്‍ കോവില്‍ പണിഞ്ഞ് മച്ചിലമ്മയെ കുടിയിരുത്തുന്നു. ഈ സംഭവം നാട്ടില്‍ വലിയ കോലാഹലമുണ്ടാക്കുന്നു. സര്‍വ്വശക്തനായ അള്ളാഹുവെ ഇസ്ലാമിലൂടെ പരിചയപ്പെട്ട അവള് എന്തിനാണ് വീണ്ടും ദേവതാരാധനയിലേക്ക് തിരിച്ച് നടക്കുന്നത് എന്ന ചോദ്യമുയരുന്നു. ആരാധിക്കാനല്ല, ഓര്‍മ്മിക്കാനാണ് താന്‍ മച്ചിലമ്മയെ കുടിയിരുത്തിയതെന്ന് അവള് മറുപടി പറയുന്നു. ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കഥക്കൊടുവില്‍ കഥാനായിക തിരിച്ച് വന്ന് മുസ്ലിംകള്ക്കും ഹിന്ദുക്കള്‍ക്കും ഒരേപോലെ സ്നേഹഭാജനമായ ബീവിയായി അവതരിക്കുകയാണ്.
ഇന്ത്യയിലെ ജനങ്ങള്‍ വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കിലും അവര്‍ ഒരേ വെള്ളവും വളവും സ്വീകരിച്ച് വളര്‍ന്നവരാണെന്നും അതിനാല്‍ ആര്‍ക്കും ആരെയും അന്യവല്‍ക്കരിക്കാന്‍ അധികാരമില്ലെന്നുമാണ് സൂഫി പറഞ്ഞ കഥ വിളംബരം ചെയ്യുന്ന സന്ദേശം.
സൂഫി പറഞ്ഞ കഥക്കുള്ള അര്‍ത്ഥമാനങ്ങള്‍ വെറും ധൈഷണികമായ വ്യാപാരത്തില്‍ നിന്ന് നിഷ്പ്പന്നമായതല്ല. ജൈവമായ ജീവിതാനുഭവത്തില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെട്ടതാണ്. ഉദാഹരണമായി ആത്മമിത്രമായ അബ്ദുള്‍ ഖയ്യൂമിന്റെ വീട്ടുകാരുമായുള്ള സ്നേഹോഷ്മള ബന്ധത്തില്‍ നിന്ന്- മദര്ഫിക്സേഷനുള്ള എന്റെ ബാല്യകാലത്തിന്റെ അമ്മയോടുള്ള, അതിലൂടെ സ്ത്രീയോടുള്ള സ്നേഹാശ്രിതത്വബോധത്തില് നിന്ന്.
‘ജീവിതത്തിന്റെ പുസ്തകം’ കെട്ടിലും മട്ടിലും ആശയത്തിലും ഒരു ബ്രഹത്സൃഷ്ടിയായിരുന്നു. മലയാളിയുടെ മദ്ധ്യവര്ക ചിന്തയെയും പൊങ്ങച്ചത്തെയും ആഡംബരപ്രിയത്വത്തെയും ആര്ത്തിയെയുമൊക്കെ കണക്കറ്റ് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത കൃതിയാണത്. മനുഷ്യന് അവന്റെ ജീവിതത്തെ മാറ്റിവെച്ച് മറ്റെന്തിനോ വേണ്ടി പരക്കം പായുന്ന ലോകത്തേക്കാണ് ജീവിതത്തിന്റെ പുസ്തകം ഇറങ്ങിവരുന്നത്. മനുഷ്യന് ഇതൊന്നുമല്ലെന്നും അവന് ആത്യന്തികമായി ആഗ്രഹിക്കുന്നത് മറ്റെന്തെല്ലാമോ ആണെന്നും പറഞ്ഞുവെച്ച് മലയാളി ജീവിതത്തെ നെടുകെ പിളര്‍ന്ന് പുറം പൂച്ചുകളെല്ലാം പുറത്തേക്ക് എടുത്തിട്ട് പരിശോധിക്കുന്ന കൃതിയാണത്. വ്യാജമായ ജീവിതത്തെ കുടഞ്ഞെറിഞ്ഞ് ഉണ്മയെ കണ്ടെത്താനുള്ള അന്വേഷണവുമാണത്. അന്തമില്ലാതെ പായുന്ന, ആര്‍ത്തിപിടിച്ചോടുന്ന കേരളീയ ജീവിതത്തിലേക്ക് വിക്ഷേപിക്കപ്പെട്ട ആറ്റംബോംബാണ് ജീവിതത്തിന്റെ പുസ്തകം. ആ കൃതിയുടെ വിശാലമായ പരപ്പിലേക്ക് എങ്ങനെയാണ് രാമനുണ്ണി എത്തിപ്പെട്ടത്?
നേരത്തെ പറഞ്ഞല്ലോ സൂഫി പറഞ്ഞ കഥക്ക് ശേഷം ഇരുളടഞ്ഞ ജീവിതദര്‍ശനമുള്ള, അശുഭചിന്തയുള്ള ചരമവാര്‍ഷികം എന്ന നോവലാണ് ഞാന്‍ എഴുതിയതെന്ന്. കൗമാരത്തിലെ കറുത്ത കാലഘട്ടവും ഇഷ്ടമില്ലാത്ത ബാങ്ക് ജോലി സ്വീകരിക്കേണ്ടി വന്ന അവസ്ഥയുമെല്ലാം എന്നെ സിനിക്കലാക്കി മാറ്റിയതിന്റെ ഫലപ്രാപ്തിയായിരുന്നു അത്. പക്ഷെ ജീവിതാസക്തി ഏറിയ എനിക്ക് ആ ട്രാജിക് സെന്‍സില്‍ തന്നെ തുടര്‍ന്നും അഭിരമിക്കാന്‍ സാധിച്ചില്ല. ജീവിതത്തെ തിരിച്ച് പിടിക്കാനായി നോക്കിയപ്പോള്‍ ചുറ്റുമുള്ള ലോകം മുഴുവന്‍ പിശകാണ്. അപ്പോഴാണ് ആധുനികസംസ്കൃതി കെട്ടതാക്കി മാറ്റിയ ലോകത്തെ തിരസ്ക്കരിച്ച് ഒരു ബദല്‍ ജീവിതത്തെ പച്ച പിടിപ്പിക്കാന്‍ തോന്നിയത്. സത്യത്തില്‍ ജീവിതത്തിന്റെ പുസ്തകത്തിലെ കഥാപാത്രമായ ഗോവിന്ദവര്‍മ്മരാജ തനിക്ക് സംഭവിച്ച ആംനീഷ്യയിലൂടെ ഗതികെട്ട നാഗരികജന്മത്തെ വലിച്ചെറിയുകയായിരുന്നു. അതിയന്നൂരിലെ കടപ്പുറത്ത് ശാരദേട്ടിയുടെയും സുശീലയുടെയും സ്നേഹവാല്ത്സല്യങ്ങളില് മുങ്ങിക്കഴിഞ്ഞപ്പോഴാണ് തന്റെ ബാങ്ക് ഓഫീസറും ഗൈനക്കോളജിസ്റ്റിന്റെ ഭര്‍ത്താവുമായിട്ടുള്ള ജീവിതം എത്ര വ്യാജവും ശുഷ്ക്കവും ആഭാസകരവുമായിരുന്നെന്ന് അയാള്‍ മനസ്സിലാക്കുന്നത്. ആപ്തവാക്യങ്ങള്‍ പ്രകാരം മനുഷ്യന്റെ ഓര്‍മ്മയാണല്ലോ വിമോചനശക്തിയായി വര്‍ത്തിക്കാറുള്ളത്. ജീവിതത്തിന്റെ പുസ്തകത്തില്‍ മറവിയാണ് കഥാനായകനെ വിമോചനത്തിലേക്ക് ഉയര്‍ത്തുന്നത്. ആംനീഷ്യയിലൂടെ മറന്നുകളഞ്ഞിട്ടെങ്കിലും മനുഷ്യാ നീ ഗതികെട്ട യാന്ത്രിക നാഗരികതയില്‍ നിന്ന് രക്ഷപ്പെടൂ എന്നാണ് ജീവിതത്തിന്റെ പുസ്തകം അലറിവളിക്കുന്നത്. ഒരു ബദല്‍ സംസ്കൃതിയുടെ നടനമൊരുക്കാന് കുറേ ആലോചനകള്‍ക്ക് ശേഷമാണ് ഞാന്‍ കടല്‍ത്തീരപ്രദേശമായ അതിയന്നൂരിനെ (കാഞ്ഞങ്ങാടിനടുത്തുള്ള അജാന്നൂര്‍) തെരഞ്ഞെടുത്തത്. മുക്കുവരിലും അവരുടെ മണ്ണിലും നോവലിനെ സ്ഥാപിച്ചത് ഏറ്റവും ഉചിതമായെന്ന് ബി. രാജീവനും മറ്റും നിരീക്ഷിച്ചിട്ടുണ്ട്. കപട നാഗരികതക്കെതിരായ മത്സ്യത്തൊഴിലാളികളുടെ സ്നേഹശക്തി പ്രളയസമയത്ത് നാം അനുഭവിച്ചറിയുകയും ചെയ്തല്ലോ. കഥാപാത്രങ്ങളായ ശാരദേട്ടിയോടും സുശീലയോടും സഖാവ് വിജയനോടും മറ്റും എനിക്ക് തന്നെ കൂടുതല്‍ സ്നേഹാദരങ്ങള്‍ തോന്നിയ സന്ദര്‍ഭമായിരുന്നു കഴിഞ്ഞ പ്രളയം. ജീവിതത്തിന്റെ വിശാലതകള്‍ തേടി നോവലിസ്റ്റ് അതിയന്നൂര്‍ കടപ്പുറത്തെത്തുന്ന പോലെ പൊന്നാനിക്കാരി സിനിമാതാരം സുബൈദ, ഉദ്യോഗസ്ഥയായ കൊങ്കണി സ്ത്രീ ശില്‍പ്പ എന്നിവരും മുക്കുവലോകത്തേക്ക് എത്തുന്നുണ്ട്.
സൂഫി പറഞ്ഞ കഥയില്‍ നിന്ന് ചരമവാര്‍ഷികവും ജീവിതത്തിന്റെ പുസ്തകവും കഴിഞ്ഞ് ദൈവത്തിന്റെ പുസ്തകത്തിലേക്ക്- എല്ലാ നോവലുകളെയും കോര്‍ത്തിണക്കുന്ന ഒരു ചരട് നിലനില്‍ക്കുന്നില്ലേ? മനുഷ്യനില്‍ നിന്ന് ദൈവത്തിലേക്കുള്ള സഞ്ചാരമാണോ രാമനുണ്ണിയുടെ സൃഷ്ടികള്‍?
മനുഷ്യന് ഇങ്ങനെ ആയാല്‍ മതിയായിരുന്നില്ല, കുറച്ചുകൂടി നന്നാകാമായിരുന്നു എന്ന കടുത്ത തോന്നല്‍ എനിക്കുണ്ട്. അതിനാലാകാം ദൈവപ്രജ്ഞ പകര്‍ന്നുകിട്ടിയ ശ്രീകൃഷ്ണനും മുഹമ്മദ് നബിയും ദൈവത്തിന്റെ പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങളായത്. ലോകം ഇങ്ങനെ ഗതികെട്ട് പോയതിന്റെ പേരില്‍ മനുഷ്യവര്‍ഗത്തെ പ്രതിക്കൂട്ടില്‍ കയറ്റിയുള്ള വിചാരണയാണ് സത്യത്തില്‍ ആ നോവല്‍. ഇതിവൃത്തത്തിലുള്ള നാസയിലെ റോക്കറ്റ് വിക്ഷേപണവും തമോഗര്‍ത്ത സ്വാധീനവും ശ്രീകൃഷ്ണന്റെയും മുഹമ്മദ് നബിയുടെയും ജീവിതാവര്ത്തനവും അവരുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് യാത്രയുമെല്ലാം മേല്‍പ്പറഞ്ഞ മനുഷ്യവിചാരണക്കുള്ള വേദിയൊരുക്കല്‍ മാത്രമാണ്. മുഹമ്മദ് നബി ഏറ്റവും കരുണാമയനായി കൃതിയില്‍ പ്രത്യക്ഷപ്പെടുന്നതും കൃഷ്ണനും റസൂലും പരസ്പരം മുത്തേ, ഇക്കാ എന്ന് വിളിക്കുന്നതും കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ നിറവേറ്റുന്നുണ്ട്. കാറല്‍ മാര്‍ക്സ്, ഹിറ്റ്ലര്‍, മഹാത്മാഗാന്ധി, ലെനിന്, സ്റ്റാലിന്, ഇറാഖിലെ ഷിയാ നേതാവ്, ആര്.എസ്.എസ്. കാര്യവാഹക് തുടങ്ങിയവര്‍ തങ്ങളുടെ ജീവിതങ്ങളെ പുനപ്പരിശോധിക്കുന്നതും മനുഷ്യവിമോചനത്തിന്റെ സാധ്യതകള്‍ ആരായാനാണ്.
ദൈവത്തിന്റെ പുസ്തകത്തിന് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ഐ ആം എ ട്രൂ ഹിന്ദു എന്ന് പറഞ്ഞു കൊണ്ടാണ് ജുനൈദിന്റെ ഉമ്മക്ക് താങ്കള്‍ ഡല്‍ഹിയില്‍ വെച്ച് സമര്‍പ്പിച്ചത്. മുസ്ലിംകളെ സ്നേഹിക്കുന്നതില്‍ മാത്രമല്ല നബി ജീവിതവുമായി തന്മയീഭവിക്കുന്നതിലും താങ്കളിലെ ഹൈന്ദവത തടസ്സം നില്ക്കുന്നില്ല. അതല്ലേ ദൈവത്തിന്റെ പുസ്തകത്തിന്റെ രചനയില്‍ കണ്ടത്?
ശരിയാണ്. ശരിയായ വിശ്വാസി അങ്ങനെയായിരിക്കണം എന്നാണ് എന്റെ വിശ്വാസം. മഹാന്മാരായ വിശ്വാസികളെല്ലാം അങ്ങനെയായിരുന്നു. സനാതനധര്‍മ്മത്തിന്റെ ഉത്തുംഗശൃംഗത്തില്‍ കയറിയ ശ്രീരാമകൃഷ്ണ പരമഹംസര്‍, വിവേകാനന്ദന്, ശ്രീനാരായണഗുരു, മഹാത്മജി എന്നിവരെയെല്ലാം നോക്കൂ. ശ്രീരാമകൃഷ്ണപരമഹംസര്‍ മറ്റ് മതവിധികള്‍ക്കനുസരിച്ച് ജീവിച്ചും ദൈവസാക്ഷാല്‍ക്കാരത്തിന് ശ്രമിച്ചു. എല്ലാ മതങ്ങളിലൂടെ പോയിട്ടും തനിക്ക് കാണാന്‍ കഴിഞ്ഞത് ഒരേ ദൈവത്തെയാണെന്ന് ഒടുവില്‍ സാക്ഷ്യപ്പെടുത്തി. വിവേകാനന്ദന് ഇന്ത്യക്ക് വേണ്ടത് വേദാന്തത്തിന്റെ മനസ്സും ഇസ്ലാമിന്റെ ശരീരവുമാണെന്ന് പ്രഖ്യാപിച്ചു. താന്‍ നല്ലൊരു ഹിന്ദുവായതിനാല്‍ നല്ലൊരു മുസ്ലിമും കൂടിയാണെന്നായിരുന്നു ഗാന്ധിയുടെ നിലപാട്. സര്വ്വമതസാരവുമേകമെന്ന് കണ്ടെത്തിയ ശ്രീനാരായണന് റസൂലിനെ കരുണാവാന്‍ നബി മുത്തുരത്നമെന്നാണ് വാഴ്ത്തിയത്. (ഇതെല്ലാം ഹിന്ദുമതത്തെപ്പിടിച്ച് ആണയിടുന്ന ഫാഷിസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍ നന്ന്)
എളിയവനാണെങ്കിലും ഇവരുടെ പാത പിന്തുടരാനാണ് എന്റെയും ആഗ്രഹം. മതത്തില്‍ നിര്‍ബന്ധമില്ല എന്ന് അരുളിയ മുഹമ്മദ് നബി ഇതര മതസ്ഥരോടും ഒരേ നീതിയാണ് കാണിച്ചിട്ടുള്ളത്. മുസ്ലിമായി മതം മാറി വന്ന അനുയായി താന്‍ ആദ്യം ആരാധിച്ചിരുന്ന കല്ലിലേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ മുതിര്‍ന്നപ്പോള്‍ റസൂല്‍ അത് വിലക്കി. (ഇതെല്ലാം അന്യമതസ്ഥരെ ചുട്ടുകൊല്ലുകയും യസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്യുന്ന ഐ. എസ്സിന്റെ പിന്തുണക്കാരും ഓര്‍ത്താല്‍ നന്ന്)
മഹത്തുക്കളുടെ മേല്‍പ്പറഞ്ഞ പെരുമാറ്റങ്ങള്ക്കുപരി മതത്തിന്റെ ദൈവശാസ്ത്ര തത്വങ്ങളും വിവിധ മതസ്ഥര്‍ക്കിടയിലെ സ്നേഹവും സഹജീവനവുമാണ് ആവശ്യപ്പെടുന്നത്. ഒരൊറ്റ മതമേ പ്രവചിക്കപ്പെട്ടിട്ടുള്ളുവെന്നും അത് ജീര്ണ്ണിക്കുമ്പോള് ശുദ്ധീകരണപ്രക്രിയക്കായി പുതുപ്രവാചകര് മുമ്പുകാലത്ത് വന്നുകൊണ്ടിരുന്നുവെന്നുമാണല്ലോ ഇസ്ലാമികദര്‍ശനം. എവിടെ ധര്‍മ്മക്ഷയം സംഭവിക്കുന്നുവോ അവിടെ ഞാന്‍ അവതരിക്കുമെന്ന് ശ്രീകൃഷ്ണനും അരുളിച്ചെയ്തിട്ടുണ്ട്. (ഞാന്‍ എന്നത് ദൈവദൂതന് എന്ന് സൂചിപ്പിക്കാനുള്ള പ്രതിരൂപാത്മക സാഹിത്യമാകുന്നു)
അതുകൊണ്ടാണ് ദൈവത്തിന്റെ പുസ്തകത്തില്‍ ശ്രീകൃഷ്ണനും മുഹമ്മദ് നബിയും മുത്തേ, ഇക്കാ എന്ന് പരസ്പരം വിളിച്ചു കൊണ്ട് ഏകോദരസഹോദരന്മാരെപ്പോലെ പ്രത്യക്ഷപ്പെടുന്നത് ഹൈന്ദവവും ഇസ്ലാമികവുമായ തത്വങ്ങള്‍ക്ക് അനുരൂപമാണ് ആ ചിത്രീകരണം.
കെ പി രാമനുണ്ണി/ ഷിബു ടി ജോസഫ്
You must be logged in to post a comment Login