ഒരു കള്ളത്തെ സൃഷ്ടിക്കുക. ആ കള്ളത്തെ ചരിത്രവല്‍കരിക്കുക. അത് കള്ളമാണെന്ന് വിളിച്ചുപറയുന്നവരോട് ശബ്ദമുയര്‍ത്തി തര്‍ക്കിക്കുക. ഓരോ തര്‍ക്കവും തങ്ങള്‍ സൃഷ്ടിച്ച പെരുങ്കള്ളത്തെ ആവര്‍ത്തിക്കാനുള്ള സന്ദര്‍ഭമാണെന്ന് കരുതി ആഘോഷിക്കുക. കാലം കടന്നുപോകും. തര്‍ക്കങ്ങള്‍ നിലക്കും. കള്ളത്തെ ചൂണ്ടിക്കാണിച്ച മനുഷ്യര്‍ക്കും അവരുടെ പലവിധമായ മാധ്യമങ്ങള്‍ക്കും നാനാതരം പണികള്‍ ബാക്കിയുള്ളതിനാല്‍ അവര്‍ തര്‍ക്കങ്ങളില്‍ നിന്ന് പിന്‍വലിയും. അപ്പോഴേക്കും സ്ഥാപനവല്കരിക്കപ്പെട്ട ആ കള്ളം, അത് അപഹരിച്ചെടുത്ത് സ്വന്തമാക്കാന്‍ ശ്രമിച്ച ചരിത്രസന്ദര്‍ഭത്തെ ചേര്‍ത്തുവെച്ച് എഴുന്നേറ്റ് നില്ക്കും. ഒടുവില്‍ ആ കള്ളം അതിന്റെ പിറവി മുഹൂര്‍ത്തങ്ങളെ വിസ്മൃതിയിലേക്ക് തള്ളും. ആ കള്ളത്തിന്റെ പിറവിയില്‍ ഉണ്ടായ തര്‍ക്കങ്ങളും എതിര്‍വാദങ്ങളും മാഞ്ഞുപോകും. കള്ളം ചരിത്രമായി മാറും. ചരിത്രത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളിലെല്ലാം മുഖം തിരിച്ചുനില്ക്കുകയും ചരിത്ര നിമിഷങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്ത എല്ലാ പ്രസ്ഥാനങ്ങളും അവര്‍ക്ക് നഷ്ടമായ ചരിത്രപങ്കാളിത്തത്തെ വീണ്ടെടുക്കുന്നത് ഇങ്ങനെയാണ്. ലോകചരിത്രത്തില്‍ എമ്പാടും ഇങ്ങനെ പെരുങ്കള്ളങ്ങളുടെ ചരിത്രവല്‍കരണം നടന്നിട്ടുണ്ട്. അതില്‍ ഏതാണ്ടെല്ലാം തന്നെ ഫാഷിസ്റ്റുകളുടെ മുന്‍കൈയില്‍ ആയിരുന്നുതാനും.
ഇപ്പോഴിതാ നര്‍മദയിലേക്ക് നോക്കി നില്ക്കുന്ന ആ പടുകൂറ്റന്‍ പ്രതിമ; സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് വിളിക്കപ്പെട്ട പ്രതിമ, ലോകത്തെ ഏറ്റവും വലുതെന്ന് രേഖപ്പെടാന്‍ പോകുന്ന ആ പ്രതിമ, മൂവായിരത്തില്പരം കോടിയുടെ പകിട്ടുള്ള ആ പ്രതിമ കാണൂ. പെരുങ്കള്ളത്തിന്റെ ചരിത്രവല്കരണമെന്ന് നമ്മള് തുടക്കത്തില്‍ പറഞ്ഞ ആ പ്രതിഭാസത്തിന്റെ, ആ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രവൃത്തിയുടെ ശിലാരൂപമാണത്. ഒരു കള്ളത്തെ ചരിത്രത്തില്‍ ഉറപ്പിച്ചെടുക്കാനുള്ള ന്ിര്മിതിയാണത്. എന്താണ് ആ കളളം എന്നാണോ? വിശദീകരിക്കാം.
അത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ്. ആരാണ് ആ പ്രതിമ നിര്‍മിച്ചത്? ആരുടെ ഭാവനയാണ് സര്‍ദാറിന്റെ ആ ്രപതിമക്ക് പിന്നില്‍? ആരുടെ രാഷ്ട്രീയമാണ് ആ പ്രതിമയിലൂടെ നമ്മെ നോക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഒന്നാണ്. സംഘപരിവാര്‍. ആരാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍? എന്തായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം? ചരിത്രത്തില്‍ സ്ഫുടം ചെയ്തെടുത്ത, സംശയങ്ങള്‍ക്ക് ഒരിടവുമില്ലാത്ത ഉത്തരമുണ്ട് ആ ചോദ്യങ്ങള്‍ക്ക്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നെടുനായക ബിംബമായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കേന്ദ്രപദവയിലേക്ക് എത്തിയ മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ വലംകൈ പട്ടേല്‍ ആയിരുന്നു. ഗാന്ധിയന്‍ മുന്നേറ്റത്തിലേക്ക് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗത്തെ വിളക്കിച്ചേര്‍ത്ത നേതാവ്. ചിതറിയും ഛിന്നഭിന്നമായും കിടന്ന അടിസ്ഥാന വര്‍ഗത്തെ സംഘടിപ്പിക്കുന്നതിലെ ചാലകശക്തി. ഒരുതരം വര്ഗവഞ്ചനയോടും വിട്ടുവീഴ്ച ചെയ്യാതിരുന്ന കര്‍ക്കശക്കാരന്‍. നെഹ്റുവിയന്‍ ആധുനികതയെയും നെഹ്റുവിന്റെ അന്താരാഷ്ട്ര സ്വീകാര്യതയെയും മുന്‍നിറുത്തി നവഭാരത നിര്‍മിതിക്ക് നേതൃത്വം നല്കാന് കോണ്‍ഗ്രസും ഗാന്ധിയും തയാറായപ്പോള്‍ നെഹ്റുവിന്റെ രാഷ്ട്രീയ ബാഹുവായി നിലകൊണ്ടത് പട്ടേലായിരുന്നു. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേല്‍ കാണിച്ച ശ്രദ്ധയും മിടുക്കുമാണ് ഇന്ത്യയെ ഒരു രാജ്യമായി ഉറപ്പിച്ചത്. നവഭാരതത്തിന്റെ മഹാനായ ശില്പി എന്ന ചരിത്രപദവിയില്‍ രാജ്യം അവരോധിച്ച നേതാവ്.
ഇന്ത്യാചരിത്രത്തില്‍ പട്ടേലിന്റെ ഇടപെടലെന്ത് എന്ന ചോദ്യത്തിന് പുസ്തകരൂപത്തില്‍ ഒരു ഉത്തരമുണ്ട്. രാജ്മോഹന്‍ ഗാന്ധി എഴുതിയ പട്ടേലിന്റെ ജീവചരിത്രം. രാജ്മോഹന്‍ ഗാന്ധിയെ നമ്മള് മറന്നുകൂടാ. ദേവദാസ് ഗാന്ധിയുടെ മകനാണ്. ദേവദാസ് മഹാത്മാഗാന്ധിയുടെ മകനാണ്. രാജ്മോഹന്‍ ഗാന്ധി രാജീവ് ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. യഥാര്ത്ഥഗാന്ധിയും വ്യാജഗാന്ധിയും തമ്മിലെ പോരാട്ടമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച തിരഞ്ഞെടുപ്പ്. ഇന്ദിരാകുടുംബത്തിന്റെ ഗാന്ധി സര്‍നെയിം എങ്ങനെ ഉണ്ടായി എന്ന ചര്‍ച്ച സജീവമായത് അപ്പോഴാണ്. രാജീവിന്റെ പാഴ്സി പിതാവില്‍ നിന്നാണ്, ഫിറോസില്‍ നിന്നാണ് ആ വാക്ക് ഇന്ദിരാകുടുംബത്തിലേക്ക് വരുന്നത്. ഗണ്ഡിയ എന്ന പാഴ്സി സര്‍നെയിം ഗാന്ധി എന്ന് പരിഷ്കരിക്കപ്പെടുകയായിരുന്നു. ചരിത്രം ചില സര്വനാമങ്ങളിലൂടെ കള്ളം പറയുമെന്ന് അക്കാലത്ത് വായിച്ചതോര്‍ക്കുന്നു.പട്ടേലിന്റെ ജീവചരിത്രത്തിന്റെ ആമുഖത്തില്‍ രാജ്മോഹന്‍ ഗാന്ധി എഴുതുന്നു: ‘The establishment of independent India derived legitimacy and power, broadly speaking, from the exertions of three men, Gandhi, Nehru and Patel. But while its acknowledgements are fulsome in the case of Nehru and dutiful in the case of Gandhi, they are niggardly in the case of Patel.’. മൂന്ന് മനുഷ്യരുടെ ഐതിഹാസികമായ ഇടപെടലില്‍ നിന്ന്, അവരുടെ കൂട്ടായ്മയുടെ മാരകമായ ശക്തിയില്‍ നിന്നാണ് സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ടത്. സ്വതന്ത്രാനന്തര ഇന്ത്യയുടെ അടിപ്പടവുകള്‍ ആ ത്രിമൂര്‍ത്തികളാണ്. പക്ഷേ, ആഘോഷങ്ങളുടെ ചരിത്രം നെഹ്റുവിനോട് അത്യുദാരത കാട്ടി. ഗാന്ധിയോട് നീതികാട്ടി. പട്ടേലിനോട് ഇതൊന്നും കാട്ടിയില്ല. ആ ആമുഖവും പുസ്തകവും വായിക്കണം. പട്ടേല്‍ എന്ന മനുഷ്യന് എങ്ങനെയാണ് ഇന്ത്യാചരിത്രത്തിലുടനീളം അസാമാന്യമായ പ്രഹരശേഷിയോടെ നിറഞ്ഞ് നില്‍ക്കുന്നത് എന്ന് മനസിലാക്കണം.
പട്ടേല്‍ ചരിത്രത്തിന്റെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. കോണ്‍ഗ്രസ് അതീവ ബലമാര്‍ന്ന ആ ഓര്‍മയെ വഴിയില്കളഞ്ഞു. ദേശീയപ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന ചരിത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ചരിത്രത്തിന്‍െ ബലം മാത്രം മതി ദീര്‍ഘകാലം അവര്‍ക്ക് ഇന്ത്യയെ നയിക്കാന്‍. സ്വാതന്ത്ര്യത്തിലേക്കുള്ള ത്യാഗപൂര്‍ണവും ക്ലേശകരവുമായ സഞ്ചാരത്തിന്റെ ഓര്‍മകളെ പുനരാനയിച്ചുകൊണ്ട് രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി കോണ്‍ഗ്രസ് നടത്തിയ കഠിനശ്രമങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് അവര്‍ക്ക് എല്ലാത്തരം വെല്ലുവിളികളെയും അതിജീവിക്കാന്‍ കഴിയുമായിരുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അവര്‍ക്ക് പട്ടേല്‍ എന്ന ഒറ്റ വാക്ക് മതിയായിരുന്നു ഭൂതകാലത്തെ ഓര്‍മിപ്പിക്കാനും ഇന്ത്യ എങ്ങനെയുണ്ടായി എന്ന് ഉറപ്പിച്ച് പറയാനും. അവരത് ചെയ്തില്ല. ഗാന്ധി എന്ന ഒറ്റ വാക്കിന്റെ പൈതൃകം മതി അവര്‍ക്ക് ഇന്ത്യന്‍ ജനതയെ എക്കാലവും ഒപ്പം നിര്‍ത്താന്‍. അത്ര വലിയ ശക്തിയുണ്ട് ഗാന്ധി എന്ന അസാധാരണ ജീവിതത്തിന്. അതും അവര്‍ ചെയ്തില്ല. മറിച്ച് നെഹ്റുവില്‍ നിന്ന് അധികാരമേറ്റ ഇന്ദിരാകുടുംബത്തിന്റെ തിളക്കത്തിലേക്ക് അവര്‍ കോണ്‍ഗ്രസിനെ കെട്ടിയിട്ടു. ഇന്ദിരയുടെയും മകന് രാജീവ് ഗാന്ധിയുടെയും കാലത്ത് അവര്‍ പട്ടേല്‍ എന്ന ഓര്‍മയെ പിന്നിലേക്ക് തള്ളി. ഗാന്ധി തങ്ങളാണ് എന്ന വ്യാജത്തില് അഭിരമിച്ചു. നെഹ്റുവിനെ മാത്രം കൂടെ നിര്‍ത്തി. അക്കാലമാവുമ്പോഴേക്കും നെഹ്റുവിന്റെ വിപരീതപദമാണ് പട്ടേല്‍ എന്ന നിലയിലേക്ക് ചില തെറ്റായ പഠനങ്ങള്‍ രൂപം കൊണ്ടിട്ടുണ്ടായിരുന്നു. രണ്ട് തരം രീതികളിലൂടെ ഒന്നായിത്തീര്‍ന്ന ഒരു മഹാസിംഫണിയായിരുന്നു നെഹ്റുവും പട്ടേലുമെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കോണ്‍ഗ്രസ് കണ്ണുതുറന്നില്ല. ആ സിംഫണി അരങ്ങിലെത്തിയില്ല. മറിച്ച് പട്ടേല്‍ തമസ്കരണങ്ങളുടെ വലിയ കഥയായി മാറി. ഉരുക്ക് മനുഷ്യന് എന്ന അഭിമാനകരമായ വിളിപ്പേര് കടുംപിടുത്തക്കാരന് എന്ന കള്ളത്തരമായി പരിവര്‍ത്തിച്ചു. കോണ്‍ഗ്രസ് അത് നോക്കിനിന്നു. എണ്‍പതുകളോടെ അധികാരം എന്ന ഏക ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസ് അധഃപതിച്ചു. അധികാരത്തിനെതിരായി ഉയരുന്ന എല്ലാ ചോദ്യങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. ഗാന്ധി കുടുംബത്തിലെ അവശേഷിതര് എല്ലാം കോണ്‍ഗ്രസിനെതിരായി. അമേതിയില്‍ രാജീവ് ഗാന്ധിക്കെതിരെ, താജ്മോഹന് ഗാന്ധി; മഹാത്മഗാന്ധിയുടെ ചെറുമകന് മല്‍സരിച്ചു. പട്ടേലിന്റെ അവശിഷ്ടങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ ഓര്‍മകളില്‍ ഇല്ലാതായി. ദേശീയ പ്രസ്ഥാനത്തിന്റെയും നെഹ്റുവിയന്‍ ഭാരതനിര്മിതിയുടെയും മഹാകാലങ്ങളിലേക്ക് അവര്‍ ഒരിക്കലും നോക്കിയില്ല. ഭരണഘടനയെ സസ്പെന്റ് ചെയ്തുപോലും അധികാരമുറപ്പിക്കാനുള്ള അശ്ലീലമായ ആര്‍ത്തി കോണ്‍ഗ്രസ് കാണിച്ചു. അടിയന്തിരാവസ്ഥ അത്തരത്തിലെ രാഷ്ട്രീയ അശ്ലീലമായിരുന്നു.
അധികാരത്തിന്റെ കൂടെപ്പിറപ്പായ അഴിമതി കോണ്‍ഗ്രസിനെ മൂടി. അധികാരത്തിന്റെ ഉറപ്പിക്കലിന്, അഴിമതിയുടെ നടപ്പാക്കലിന് അവര്‍ സര്‍വ ഛിദ്രശക്തികളെയും കൂട്ടുപിടിച്ചു. ജാതിയെ, വിഘടനവാദത്തെ വരെ കൂട്ടുപിടിച്ചു. അത്തരം എല്ലാ ഛിദ്രങ്ങളോടും പട്ടേല്‍ നടത്തിയ കൊടും യുദ്ധങ്ങളെ അവര്‍ മറന്നു. അധികാരത്തിലേക്കുള്ള ഒരു വഴിയായി മാത്രം ഇടക്ക് അവര്‍ ഗാന്ധിയെ ഉപയോഗിച്ചു.
ചരിത്രത്തിന്റെ ഉള്ബലങ്ങളെ കൈയൊഴിഞ്ഞ കോണ്‍ഗ്രസ് അതിവേഗം ഒരാള്‍ക്കൂട്ടമായി മാറി. ചരിത്രമുണ്ടായിട്ടും അതിനെ കൈയൊഴിഞ്ഞ ആള്‍ക്കൂട്ടം. ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ അനിവാര്യമായ പതനം കോണ്‍ഗ്രസിനും സംഭവിച്ചു. കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. അധികാരം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നാടാകെ അഴിച്ചുവിട്ട ഛിദ്രശക്തികള്‍; ജാതിയും മതവും; അപ്പോഴേക്കും തീവ്ര വലതുപക്ഷമായി മാറിക്കഴിഞ്ഞിരുന്നു. സംഘപരിവാര്‍ വിളവ് കൊയ്തത് ആ ഛിദ്രങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ്.
ഇത്രയും ചരിത്രം. ഇനി നമുക്ക് പട്ടേലിന്റെ പ്രതിമയിലേക്ക് പോകാം. രുചിര്‍ ജോഷി ദ ഹിന്ദുവില്‍ എഴുതുന്നു: Let’s be absolutely clear. The so-called Statue of Unity that has just been completed in Gujarat is not a statue of Sardar Vallabhbhai Patel, freedom fighter and major leader of our independence movement. The statue is actually a monument to Narendra Modi, to Amit Shah, to Mohan Bhagwat and also to their political ancestors: K.B. Hedgewar, M.S. Golwalkar, V.D. Savarkar and Nathuram Godse. The statue is a mammoth symbol to honour Sardar Patel’s sworn political enemies, a multi-thousand tonne salute to everything Patel stood against, to every political idea he dedicated his life to fight and dismantle.
‘സ്റ്റാച്യു ഓഫ് യൂണിറ്റി പട്ടേലിന്റെയല്ല. നിശ്ചയമായും അത് സ്വാതന്ത്ര്യസമര നായകനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേതല്ല. അത് നരേന്ദ്രമോഡിയുടെ സ്മാരകമാണ്. അമിത് ഷായുടെ സ്മാരകമാണ്. മോഹന്‍ ഭഗവതിന്റെ സ്മാരകമാണ്. അത് അവരുടെയെല്ലാം രാഷ്ട്രീയ പൂര്‍വികരായ ഹെഡ്ഗെവാറുടെയും ഗോള്‍വാള്‍ക്കറുടെയും വി.ഡി സവര്‍ക്കറുടെയും നാഥുറാം ഗോഡ്സെയുടെയും സ്മാരകമാണ്. അത് സര്‍ദാര്‍ പട്ടേലിന്റെ എക്കാലത്തെയും വലിയ രാഷ്ട്രീയ ശത്രുക്കള്‍ക്കുള്ള സ്മാരകമാണ്. പട്ടേല്‍ എന്തിനെല്ലാം എതിരായി നിലകൊണ്ടുവോ അതിനെല്ലാമുള്ള കാക്കത്തൊള്ളായിരം അഭിവാദ്യങ്ങളാണ് ആ പ്രതിമ. അദ്ദേഹം എന്തിനെ ചെറുക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചുവോ ആ ശക്തികളെ സല്യൂട്ട് ചെയ്യുന്നതാണ് ആ പ്രതിമ.” രുചിറിന്റെ വാക്കുകളില്‍ പട്ടേല്‍ പ്രതിമയുടെ അന്തര്‍ രാഷ്ട്രീയം മുഴുവനായുമുണ്ട്.
എന്തുകൊണ്ടാണ് ഹിന്ദുഭൂരിപക്ഷ സമൂഹമായിട്ടും അനവധിയായ ഹിന്ദു സംഘാടനങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയില്‍ ഒരു ഹിന്ദുത്വ സര്‍ക്കാര്‍ അധികാരമേറാന്‍ അരനൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നത് എന്ന ചോദ്യത്തിന്റെ ഉത്തരവും രുചിറിന്റെ നിരീക്ഷണങ്ങളിലുണ്ട്. ജനതയുടെ ഓര്‍മയും ചരിത്രവുമാണ് ജനാധിപത്യത്തിലെ അധികാരത്തിലേക്കുള്ള വഴികള്‍. ലോകത്തെ എല്ലാ ജനാധിപത്യസമൂഹത്തിലും അത് അങ്ങനെയാണ്. ജനാധിപത്യത്തില്‍ ജ്വലിച്ച് നില്ക്കുന്ന ഓര്‍മകളില്‍ നിന്ന് ഒരു സവിശേഷ പ്രാതിനിധ്യത്തെ മാത്രം അടര്‍ത്തിയെടുത്ത് വീറോടെ യുദ്ധോന്മുഖമായി പ്രചരിപ്പിച്ചും അതേ പ്രാതിനിധ്യങ്ങളെ വിദ്വേഷത്തിനും അപര അസഹിഷ്ണുതക്കും ഉപയോഗിച്ചുമാണ് ജനാധിപത്യത്തില്‍ നിന്ന് ഫാഷിസം ഉണ്ടാകുന്നത്. ജനാധിപത്യത്തില്‍ ഫാഷിസത്തിന് ഒളിയിടമുണ്ടെന്ന് നമുക്കറിയാം. ഇതേ പംക്തിയില്‍ നമ്മള് അക്കാര്യം സംസാരിച്ചിട്ടുണ്ട്.
ആധുനിക ഇന്ത്യയുടെ നിര്‍മിതിയിലും ആധുനിക ഇന്ത്യയുടെ ചരിത്രത്തിലും യാതൊരു പങ്കുമില്ല എന്നതാണ് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ അരനൂറ്റാണ്ടോളം പച്ചതൊടാതിരുന്നതിന്റെ ഒരു കാരണം. ആധുനിക ഇന്ത്യയുടെ നിര്‍മിതിയിലെ ഒരു ഘട്ടത്തിലും അവരില്‍ ഒരാള്‍ പോലുമില്ല. ഉള്ള സവര്‍ക്കറാകട്ടെ ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത നിലയിലാണ് കാണപ്പെടുന്നത്. അദ്ദേഹം എഴുതിക്കൊടുത്ത മാപ്പ് ചരിത്രത്തിലുണ്ട്. ഇങ്ങനെ ചരിത്രമില്ലായ്മ നല്കിയ കാമ്പില്ലായ്മയും ഗാന്ധിവധം സൃഷ്ടിച്ച പാപക്കറയുമാണ് ഹിന്ദുത്വയെ പടിക്ക് പുറത്ത് നിര്‍ത്തിയത്.
അതിനെ മറികടക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ചരിത്രത്തിലുടനീളം രാഷ്ട്രീയ ഹിന്ദുത്വം നടത്തിയിട്ടുണ്ട്. ഏതെങ്കിലും ദേശീയ ബിംബത്തെ സ്വന്തമാക്കി അതിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ബൈപാസ് ചെയ്യുക എന്ന തന്ത്രം പയറ്റിയിട്ടുമുണ്ട്. സുഭാഷ് ചന്ദ്രബോസായിരുന്നു ആദ്യകാല ഇര. പക്ഷേ, ബോസ് തങ്ങളില്‍ നില്‍ക്കില്ല എന്നും രാജ്യത്തെ കവിഞ്ഞൊഴുകുന്ന വലിയ ചരിത്രമാണെന്നും അവര്‍ തിരിച്ചറിഞ്ഞു. മാത്രവുമല്ല ചരിത്രത്തില്‍ ബോസിനുള്ളത് വിജയിയുടെ പരിവേഷവുമല്ല.
അങ്ങനെയാണ് പട്ടേല്‍ വരുന്നത്. പട്ടേല്‍ നെഹ്റുവിന്റെ വിപരീത പദമാണ് എന്ന പെരുങ്കള്ളം അവര്‍ പ്രചരിപ്പിച്ചു. ജീവിതത്തില്‍ ഉടനീളം ആര്.എസ്.എസ് വിരുദ്ധനായിരുന്ന, ആര്.എസ്.എസിനെ ആദ്യമായി നിരോധിച്ച പട്ടേലിനെ അവര്‍ വാഴ്ത്താന്‍ തുടങ്ങി. സാംസ്കാരിക സംഘടനയായി രാജ്യത്തിന്റെ യശ്ശസിന് വേണ്ടി കര്‍മം ചെയ്തുകൊള്ളാം എന്ന ഉറപ്പില്‍ മാത്രമാണ് നിരോധനം നീക്കാന്‍ പട്ടേല്‍ തയാറായത് എന്ന വസ്തുത അവര്‍ മറച്ചുവെച്ചു. കോണ്‍ഗ്രസാകട്ടെ ഇന്ദിരാമാഹാത്മ്യത്തിനിടെ പട്ടേലിനെ വഴിയിലുപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് ഉപേക്ഷിച്ചിടത്തുനിന്നാണ് സംഘപരിവാര്‍ പട്ടേലിനെ വാരിയെടുത്തത്. അവര്‍ പ്രതിമ പണിതു. പ്രതിമ വലിയ ടൂറിസം സ്പോട്ട് ആയി മാറും. ഇപ്പോഴുള്ള എതിര്‍പ്പുകള്‍ മായും. സംഘപരിവാറിന്റെ നിത്യസ്മാരകമായി പട്ടേല്‍ പ്രതിമ മാറും. പട്ടേലിലൂടെ അവര്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് കയറി നില്ക്കും. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റുമല്ലോ?
കെ കെ ജോഷി
You must be logged in to post a comment Login