ചരിത്രത്തില്‍ ചില മുന്തിയ രസങ്ങളുണ്ട്. അതിലൊന്നാണ് ഒമാനികളുടെ സൗഹൃദങ്ങള്‍. അവര്‍ ബ്രിട്ടീഷുകാരുമായി സൗഹൃദം നില നിറുത്തുമ്പോള്‍ തന്നെ അവരുടെ ഒന്നാം ശത്രുവായ ടിപ്പു സുല്‍താനുമായും നല്ല വ്യാപാര ബന്ധത്തിലായിരുന്നു. ഒമാന്‍ തീരത്ത് ഈ പരസ്പര ശത്രുക്കള്‍ വൈരം മറന്ന് സ്വന്തം ലാഭം സുരക്ഷിതമാക്കുകയായിരുന്നു. ടിപ്പു സുല്താന് തന്റെ നാട്ടില്‍ ഫ്രഞ്ചുകാരുടെ സഹായത്തോടെ വ്യാപാര രംഗത്ത് നിന്ന് ബ്രിട്ടീഷുകാരെ ഒഴിവാക്കിയെങ്കില്‍ വിദേശത്ത് ബ്രിട്ടനെ ഒഴിവാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പരമാവധി ബ്രിട്ടീഷ് കമ്പനികളെ മാറ്റി നിറുത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ടിപ്പു ഒരു ഏജന്റിനെ (ദറോഗ) മസ്കത്തില് നിയമിച്ചിരുന്നു. ഒമാന്‍ ഭരണാധികാരി ഇമാമിന്റെ വക ഒരു ഏജന്റ് ടിപ്പുവിന്റെ തുറമുഖമായ മാംഗലൂരിലുമുണ്ടായിരുന്നു. മാവോജി സേട്ട് എന്നയാളായിരുന്നു ഏറെക്കാലം ടിപ്പുവിന്റെ ഏജന്റ്. മസ്കത്തിലെ സര്‍ക്കാര്‍ വക കപ്പലുകളുടെ കസ്റ്റംസ് തീരുവ ടിപ്പു പകുതിയായി നിശ്ചയിച്ചു കൊടുത്തിരുന്നു.
ചന്ദനം, വസ്ത്രം, തടി, ഏലം, അരി എന്നിവയാണ് ടിപ്പുവിന്റെ കയറ്റുമതി വിഭവങ്ങള്‍. കുതിര, കോവര്‍ കഴുത, കാരക്ക, പട്ടു നൂല് പുഴു എന്നിവ അറബികളും എത്തിച്ചുകൊടുത്തു. വ്യാപാരം വഴിയാണ് ടിപ്പു ഉസ്മാനീ സുല്‍താനു (ഖലീഫ) മായി അടുത്തതും. ഉസ്മാനികള്‍ക്ക് വ്യാപാരത്തിന് സൗകര്യം ചെയ്തു കൊടുക്കാമെന്ന വ്യവസ്ഥയില്‍ അദ്ദേഹം മറാത്തികള്‍ക്കെതിരെ ഉസ്മാനീ സുല്‍താന്റെ സഹായം തേടി. തുര്‍ക്കി ഖലീഫയുടെ അംഗീകാരം നേടുക എന്നത് കൂടിയായിരുന്നു ലക്ഷ്യം. മുഗളന്മാര് സുല്‍താനെ അംഗീകരിക്കാത്തത് കൊണ്ടാണ് ടിപ്പു ഉസ്മാനികളുടെ സഹായം തേടിയത്. മസ്കത്ത് തുറമുഖത്ത് ടിപ്പുവിന് യൂറോപ്യന്മാരെക്കാളും മറ്റ് ഇന്ത്യന്‍ ഭരണാധികാരികളെക്കാളും സ്വാധീനമുണ്ടായിരുന്നു. ഇത് എറെക്കാലം നീണ്ടു നിന്നില്ല. ടിപ്പുവിനോടുള്ള ഒമാന്‍ ഭരണാധികാരിയുടെ (ഇമാം) അനുഭാവം ബ്രിട്ടീഷുകാര്‍ക്ക് പിടിച്ചില്ല. ടിപ്പുവിന്റെ പതന ശേഷം മസ്കത്തിലെ അദ്ദേഹത്തിന്റെ ഫാക്ടറി ബ്രിട്ടീഷുകാര്‍ സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യന്‍ സമുദ്രത്തിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ഏത് സമുദായക്കാരായാലും അവരുടേതായ പൊതുസംസ്കാരം വളര്‍ത്തിയെടുത്തത് കാണാം. ഇത് മുഖ്യമായും വ്യാപാരവുമായി ബന്ധപ്പെട്ട് തന്നെയാണ്. സഞ്ചാരികളെല്ലാം മലബാറില്‍ നില നിന്ന സംസ്കാരിക മൈത്രിയെ കുറിച്ച് വേണ്ടുവോളം പരാമര്‍ശിക്കുന്നു. ഹിന്ദുക്കള്‍ പന്നി മാംസവും മുസ്ലിംകള് ഗോമാംസവും ഉപേക്ഷിച്ച് പരസ്പരം ബഹുമാനിച്ചിരുന്നുവെന്ന് ചൈനീസ് സഞ്ചാരിയായ മാഹ്വാന്‍ കുറിക്കുന്നു. ഹിന്ദുക്കളുടെ ജാത്യാചാരങ്ങളില്‍ ആരും ഇടപെട്ടിരുന്നില്ല. ജാതി ഭ്രഷ്ടായവരോ, തൊട്ടു കൂടാത്തവരോ മതം മാറുന്നതില്‍ ബ്രാഹ്മണര്‍ക്ക് ഒരു വിരോധവും ഉണ്ടായില്ല.
യഹൂദനും ക്രിസ്ത്യാനിയും ലോകത്തിന്റെ മിക്ക ഭാഗത്തും സംഘട്ടനത്തിലായിരുന്നെങ്കിലും വ്യാപാര രംഗത്ത് അതുണ്ടായില്ല. ഫലസ്തീനിലും മധ്യപൂര്‍വ പ്രദേശത്തും കുരിശുയുദ്ധങ്ങള്‍ നടക്കുമ്പോഴും അത് വ്യാപാരരംഗത്തെ മുസ്ലിം, ക്രിസ്തീയ ബന്ധത്തെ ബാധിച്ചില്ല.
വിശ്വാസങ്ങളെ വ്യാപാരം പല വിധേന സ്വാധീനിച്ചു. സ്വര്‍ണവും വെള്ളിയും മൂല്യമുള്ള ലോഹങ്ങളായതും അത് സമ്പന്നന്റെ മാനദണ്ഡമായതും അതിന്റെ ലഭ്യതയെ ഉദ്ദേശിച്ച് കൊണ്ട് മാത്രമല്ല. ക്ഷാമമുള്ളതൊക്കെ മൂല്യമുള്ളതാവണമെന്നില്ല. ലോഹങ്ങള്‍ ജീവിത പ്രശ്നങ്ങളെയും ബാധിക്കുന്നില്ല. എന്നിട്ടും സ്വര്‍ണവും വെള്ളിയും മുഖ്യ ലോഹങ്ങളായത് ജനങ്ങളുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിശ്വാസത്തിന്മേലാണ് (കെ.എന്‍ ചൗധരി, ട്രേഡ് ആന്റ് സിവിലൈസേഷന് ഇന്‍ ദി ഇന്ത്യന്‍ ഓഷ്യന്‍, 1985). ക്ഷേത്രങ്ങളില്‍ സ്വര്‍ണം മുഖ്യ ലോഹമാണ്. അറബികള്‍ക്ക് സ്വര്‍ണ നാണയം ഏറ്റവും ശ്രേഷ്ഠമായ (അശ്റഫി) ലോഹമാണ്. ഇത് പോലെ ഭക്ഷണത്തിന്റെ രുചി, അലങ്കാരം, ഫാഷന്‍ എന്നിവയൊക്കെ ഓരോ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കുരുമുളകിന്റെ രുചി ആസ്വാദ്യമാവുന്നത് ഒരു വിശ്വാസത്തിന്റെ പേരിലാണ്. ചിലര്‍ക്ക് രുചിയുള്ളത് മറ്റുള്ളവര്‍ക്ക് രുചിയുള്ളതാവണമെന്നില്ല. പക്ഷേ പൊതുവായ രുചിഭേദങ്ങളും വര്‍ണങ്ങളും ആചാരങ്ങളുമൊക്കെ പ്രചരിപ്പിക്കുന്നതിലും നിര്‍ണയിക്കുന്നതിലും വ്യാപാരം വലിയ പങ്കു വഹിച്ചു. ആദ്യം ചായയോ പുകയിലയോ പ്രചാരത്തിലില്ല. എന്നാല്‍ സമുദ്ര യാത്രക്കിടയിലെ സാഹസങ്ങള്‍ക്കിടയില്‍ കണ്ടു പിടിച്ച കാപ്പിയും പുകയിലയും, തേയിലയും, ചോളവും, കുരുമുളകുമൊക്കെ സാര്വാംഗീകൃതമാക്കുന്നത് വ്യാപാരികളാണ്.
പതിനഞ്ചാം നൂറ്റാണ്ടു വരെ മധ്യ പൗരസ്ത്യ ദേശത്ത് കാപ്പി (ഖഹ്വ)പ്രചാരത്തിലുണ്ടായിരുന്നില്ല. എന്നാല്‍ ഉപയോഗം വ്യാപിച്ചതോടെ ഇത് മുഖ്യ കച്ചവടവസ്തുവായി. ഉല്പന്നങ്ങളെ പരസ്യപ്പെടുത്തുന്നതിലും വ്യാപാരികള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. യമനില്‍ നിന്നുള്ള പ്രധാന കയറ്റുമതിയായ കുന്തിരിക്കം മത സംബന്ധമായി എല്ലാവരും ഉപയോഗിക്കുന്നതാണ്. ആവശ്യം കൂടിയപ്പോള്‍ വില കുറഞ്ഞ കുന്തിരിക്കം ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും സമ്പാദിച്ചു തുടങ്ങി. വ്യാപാരം വികസിപ്പിക്കാന്‍ വേണ്ടി ഇത്തരം ഉല്പന്നങ്ങള് സമ്പാദിക്കുന്നതിനുള്ള സംഘങ്ങള്‍ തന്നെ ഉണ്ടായിരിക്കണം. അവര്‍ എന്ത് സാഹസം ചെയ്തും ഉല്പന്നങ്ങള് വ്യാപാരികള്ക്കെത്തിച്ചു കൊടുത്തുകൊണ്ടിരുന്നു. കുന്തിരിക്കമില്ലാത്ത ഒരു മതാചാരത്തെക്കുറിച്ച് മലബാറുകാര്‍ക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല.
കടലിലെ മുത്തുകളും ശംഖും, കവടിയും രത്നങ്ങളുമൊക്കെ വില കൂട്ടിയത് വിശ്വാസങ്ങളാണ്. ഇവ കൈമാറിയാണ് മാലിദ്വീപുകാര്‍ അരിയും അവശ്യവസ്തുക്കളും സമ്പാദിച്ചത്. മലബാറില്‍ നിന്ന് ഉപ്പും, കുരുമുളകും, ദ്രവ്യങ്ങളും ബംഗാളില്‍ നിന്ന് പഞ്ചസാരയും എത്തിയപ്പോഴാണ് യൂറോപ്യരുടെ അന്നപാനാദികള്‍ക്ക് സ്വാദുണ്ടായത്. ഇന്ത്യക്കാരുടെ അലങ്കാരങ്ങളും ഡിസൈനുകളും വസ്ത്രങ്ങളുമൊക്കെ ഇന്നാട്ടിന്റെ കേളി കൂട്ടിയ ഉല്പന്നങ്ങളാണ്. വ്യാപാരികള്‍ തന്നെയാണ് ഭക്ഷണ രീതികളും ഉടുപ്പും നടപ്പുമൊക്കെ നിര്‍ണയിച്ചു തന്നത്. ഓരോ രാജ്യക്കാരനും അവരവരുടെ പ്രകൃതിയനുസരിച്ച് എങ്ങനെ കഴിക്കണമെന്നും എന്ത് കഴിക്കണമെന്നും തീരുമാനിച്ചത് അന്നാട്ടുകാരായിരുന്നുവെങ്കിലും അവ ഐക്യപ്പെടുത്തിയതും എത്തിച്ചു തന്നതും വ്യാപാരികള്‍ തന്നെ. ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് യൂറോപ്പില്‍ ആദ്യം വലിയ മാര്‍ക്കറ്റുണ്ടായിരുന്നില്ല. പക്ഷേ, അവ ഫാഷനായി മാറിയതോടെ വലിയ പ്രിയമായി. തീരുമാനിച്ചുണ്ടാക്കുന്നവയല്ല ഫാഷനുകള്‍. അവ സ്വയമേവ പ്രചാരപ്പെടുകയാണ്. പലപ്പോഴും വ്യാപാരികള്‍ സൂത്രങ്ങളിലൂടെ ഫാഷനുകള്‍ സൃഷ്ടിക്കുകയും ചെയ്യും. പ്രിയമില്ലാത്ത വസ്തു ഫാഷനാക്കി വില കൂട്ടാന്‍ വ്യാപാരികള്‍ക്ക് കഴിയും.
പറങ്കികളുടെ അധിനിവേശം വരും വരെ അറബിക്കടല്‍ സൗഹൃദത്തിന്റെ കേന്ദ്രമായിരുന്നു. പരസ്പര വിശ്വാസവും സഹവര്‍ത്തിത്വവും വിവിധ മതവിശ്വാസികള്‍ പരമാവധി നില നിറുത്തി. ഇതിന് നല്ല മാതൃക കോഴിക്കോട് തന്നെ. കോഴിക്കോട് സമുദ്ര വ്യാപാരം സംഭാവന ചെയ്ത സൗഹൃദം ഇന്നും പൂത്തുലഞ്ഞു തന്നെ നില്ക്കുന്നു. പലരും കൂടൊഴിഞ്ഞു പോയെങ്കിലും സ്ഥല നാമങ്ങളിലൂടെയും മറ്റും അവരുടെ സാന്നിധ്യം ഇപ്പോഴും ഈ നാട് വിളിച്ചറിയിക്കുന്നു. കോഴിക്കോട്ടെ പട്ടു തെരുവിന് ഇപോഴും ചൈനീസ് ഗന്ധമുണ്ട്. ജൈനന്മാരുടെയും ബുദ്ധന്മാരുടെയുമൊക്കെ ആവാസ കേന്ദ്രങ്ങളുടെ മുദ്രണങ്ങളും കോഴിക്കോട് കാണാം. വലിയങ്ങാടിക്കടുത്ത പാര്‍ശ്വ നാഥ ക്ഷേത്രം ജൈനവാസത്തെ ഓര്‍മിപ്പിക്കുന്നു. ആദ്യ കാല ആരാധനാലയങ്ങള്‍ പലതും ബുദ്ധ-ജൈന വിഹാരങ്ങളായിരുന്നു. പലതും പിന്നീട് ബ്രാഹ്മണാധിപത്യത്തില്‍ വന്നു ക്ഷേത്രങ്ങളായി. എട്ടാം നൂറ്റാണ്ടിന് ശേഷമാണ് ഇവിടെ ബ്രാഹ്മണ ക്ഷേത്രങ്ങള്‍ വരാന്‍ തുടങ്ങിയതെന്ന് ലോഗന് അനുമാനിക്കുന്നു. എന്നാല്‍ നാടോടി വിശ്വാസങ്ങള്‍ക്കും അവരുടെ തറകള്‍ക്കും നാടിനോളം തന്നെ പഴക്കമുണ്ട്. ഇന്ത്യന്‍ സമുദ്രത്തിലൂടെ പലവിശ്വാസങ്ങളും ആചാരങ്ങളും കടല്‍ കടന്നു വിരുന്നുപോയി. അവിടന്ന് പലതും നമ്മുടെ നാട്ടിലെത്തി. പല വിശ്വാസക്കാരും ഇവിടെ വാസമുറപ്പിച്ചത് വ്യാപാരത്തിന്റെ പേരിലാണ്. എല്ലാവരെയും സാമൂതിരി നാട് സസന്തോഷം സ്വീകരിച്ചു.
പാര്‍സികളുടെ ഒരു അഗ്നി ക്ഷേത്രവും സെമിത്തേരിയും മിഠായിത്തെരുവിലെ ഹനുമാന് കോവിലിന് സമീപത്തുണ്ട്. സാമൂതിരി ദാനമായി നല്കിയ സ്ഥലത്താണല്ലോ ക്രിസ്ത്യാനികള്‍ കോഴിക്കോട്ടെ ആദ്യ ചര്‍ച്ച് പണിതത്. ബീച്ചാസ്പത്രിയുടെ പടിഞ്ഞാറുള്ള ഈ പള്ളി 1591ല്‍ പണിതതാണത്രേ ( ഈ ചര്‍ച്ച് കടലെടുത്ത് പോയതാവണം). പതിനെട്ടാം നൂറ്റാണ്ടിലാണ് സെന്റ് ജോസഫ് സ്കൂളിന് സമീപമുള്ള മദര്‍ ഓഫ് കത്തീഡ്രല്‍ സ്ഥാപിച്ചത്. 1856ല്‍ കനോലി സായ്പിന്റെ ശ്രമത്തില്‍ സി.എസ്.ഐ പള്ളി സ്ഥാപിച്ചു. 1834ല്‍ കോഴിക്കോട് കപ്പലിറങ്ങിയ ബാസല്‍ മിഷനും അവരുടെ സാന്നിധ്യമറിയിച്ചു. മലയാള ഭാഷയെ സമൃദ്ധമാക്കിയ ഗുണ്ടര്‍ട്ടിനെ സ്മരിക്കാതെ പോവാന്‍ മലയാളിക്കാവില്ല. ബാസല്‍ മിഷന് സ്ഥാപിച്ച ആസ്പത്രികള്‍ വേറെ. കോഴിക്കോട്ടെ ധര്‍മാസ്പത്രിയും കുഷ്ഠ രോഗാസ്പത്രിയും ഈ മിഷന്‍കാരുടെ തന്നെ വകയാണ്. 1842ല്‍ സ്ഥാപിച്ച മലബാര്‍ ക്രിസ്ത്യന്‍ കോളജ്, പിന്നെ ബി..ഇ.എം ഹൈസ്കൂള്‍, ഓട്ടു കമ്പനികള്‍, കോമണ്‍ വെല്‍ത്ത് നെയ്ത്തു കമ്പനി എന്നിവയും ബാസല്‍ മിഷന്റെ മുദ്രകളാണ്.
കോഴിക്കോടിന് പ്രസിദ്ധി ചാര്‍ത്തുന്നതില്‍ മുസ്ലിംകളുടെ പങ്ക് ഒളി മങ്ങാതെ നില്ക്കുന്നു. ചാലിയത്തും, കോഴിക്കോട്ടും ബേപ്പൂരുമെല്ലാം ഇസ്ലാം മതം വ്യാപിച്ചത് സാമൂതിരിക്കും മുമ്പേയാണ്. ചാലിയത്തെ കണ്ണങ്കുളങ്ങര പള്ളിയുടെ കാലം പതിനൊന്നാം നൂറ്റാണ്ടാണ്. കുറ്റിച്ചിറ ഭാഗത്ത് നിന്ന് പോര്‍ളാതിരിയെ സാമൂതിരി പുറത്താക്കിയത് മുസ്ലിംകളുടെ സഹായത്തോടെയാണ്. അവരുടെ കൊട്ടാരം സാമൂതിരി മുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ നല്കി. അതാണത്രേ കുറ്റിച്ചിറ പള്ളി. മസ്കത്തില് നിന്നും പേര്‍ഷ്യയില്‍ നിന്നുമൊക്കെ കോയ (ഖോജ)മാര്‍ വന്ന് സാമൂതിരിയെ സഹായിച്ചു. രാജ്യവിസ്തൃതി കൂട്ടാനും ശത്രുക്കളെ തോല്പിക്കാനും കോയമാരാണ് സാമൂതിരിയെ സഹായിച്ചത്. കോയമാര് സാമൂതിരിയുടെ രക്ഷാപുരുഷനും തുറമുഖാധിപനുമായി. വലിയങ്ങാടിയിലെ മുദാക്കര പള്ളിയും പുഴവക്കത്തെ നിസ്കാരപ്പള്ളിയും സാമൂതിരി ഭരണത്തില്‍ വരും മുമ്പേയുണ്ട്. സാമൂതിരിയുടെ മുച്ചന്തകത്ത് (മുച്ചുന്തി)കൊട്ടാരം പറങ്കികള്‍ തീവച്ചപ്പോള്‍ അത് കേടുപാട് തീര്‍ത്ത് പള്ളിയാക്കി സൗകര്യമേര്‍പ്പെടുത്തിയത് സാമൂതിരി തന്നെ. ആ പള്ളിയുടെ ചെലവും സാമൂതിരിയുടെ വക. ചാലിയത്തെ പറങ്കിക്കോട്ട തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് നാഖൂദാ മിസ്ഖാല് എന്ന വര്‍ത്തക പ്രമുഖന് മിസ്ഖാല് പള്ളി പണിതത്. ഗുജറാത്തി മുസ്ലിംകളുടേതാണ് മുദാക്കര പള്ളി. ശൈഖിന്റെ പള്ളി പണിതത് പതിനാറാം നൂറ്റാണ്ടില്‍ അബുല്‍ വഫാ മാമുക്കോയ എന്ന സൂഫി ഗുരുവിന് വേണ്ടിയാണ്. ചിറക്കല്‍ രാജകുടുംബത്തില്‍ നിന്ന് മതം മാറിയ തോപ്പിലകത്ത് തറവാട്ടുകാരുടെ സഹായത്തോടെ ശൈഖ് മുഹ്യിദ്ദീന് എന്ന സൂഫി ഗുരുവിന്റെ നാമധേയത്തില്‍ നിര്‍മിച്ചതാണ് മുഹ്യിദ്ദീന് പള്ളി. 1782 മുസ്ലിം പട്ടാളക്കാരുടെ സൗകര്യാര്‍ത്ഥം ടിപ്പു സുല്‍താന്റെ പട്ടാളം നിര്‍മിച്ചതാണ് പട്ടാളപ്പള്ളി.
മുസ്ലിം വിഭാഗങ്ങള്‍ പലരും കച്ചവടാവശ്യാര്‍ഥം കോഴിക്കോട്ട് കുടിയേറി. ഇവരില്‍ പ്രമുഖരാണ് പതിനേഴാം നൂറ്റാണ്ട് തൊട്ട് മലബാറിലേക്ക് കുടിയേറ്റം തുടങ്ങിയ ഹള്റമീ സയ്യിദ് കുടുംബങ്ങള്‍. യമനിലെ ഹളര്‍ മൗതില്‍ നിന്ന് വ്യാപാരികളായും മതപ്രബോധകരായും നിരവധി സയ്യിദ് കുടുംബങ്ങള്‍ ഇന്ത്യന്‍ സമുദ്രത്തിന്റെ തീരങ്ങളില്‍ അണഞ്ഞിരുന്നു. കോഴിക്കോട്ടെ സയ്യിദ് ജിഫ്രി കുടുംബം, പിന്നീട് വന്ന മമ്പുറത്തെ സയ്യിദ് കുടുംബം, പൊന്നാനിയിലും വളപട്ടണത്തും വന്ന സയ്യിദുമാര്‍ എന്നിങ്ങനെ മുപ്പതിലധികം സയ്യിദ് കുടുംബങ്ങള്‍ മലബാറിലുണ്ട്. കോഴിക്കോട്ടിനടുത്ത കൊയിലാണ്ടി സയ്യിദ് കുടുംബങ്ങളുടെ കോളനിയായി മാറി. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതുകളുടെ ആദ്യത്തിലും ബാഫഖീ കുടുംബം അരി വ്യാപാരത്തില്‍ മുന്നിട്ടു നിന്നു. ബറാമി കുടുംബവും ഹളര്‍ മൗതില്‍ നിന്നാണ് കോഴിക്കോട്ടെത്തുന്നത്. ഈ കുടുംബങ്ങളെല്ലാം മലബാറിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നു. നാവായത്ത് (ഭട്കന്) മുസ്ലികളാണ് കോഴിക്കോട്ടുകാര്‍ക്ക് ഹോട്ടല്‍ വ്യാപാരവും ടെക്സ്റ്റൈല്‍ വ്യാപാരവും പഠിപ്പിച്ച് കൊടുത്തത്. ഭട്കല് ലൈനും ഭട്കല് ഹനഫി പള്ളിയും കോഴിക്കോടിന്റെ ഭട്കല് പാരമ്പര്യം ഓര്‍മപ്പെടുത്തുന്നു. പല ഭട്കല് വിഭവങ്ങളും പിന്നീട് കോഴിക്കോട്ടുകാര്‍ സ്വന്തമാക്കി. ബീജാപ്പൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ പത്താനികളും കോഴിക്കോട് കേന്ദ്രമാക്കി. ഇവര്‍ ദഖ്നി മുസ്ലിംകളെന്നറിയപ്പെട്ടു. 1956 മുതല്‍ ദഖ്നി മുസ്ലിം ജമാഅത്ത് പ്രവര്‍ത്തിച്ച് പോരുന്നു. കച്ചവടാവശ്യാര്‍ഥം വന്ന മറ്റൊരു വിഭാഗമാണ് ദാവൂദി ബോറമാര്‍. ഇവര്‍ ശിയാ വിഭാഗത്തില്‍ പെട്ടവരാണ്. സുന്നി ശിയാ പ്രശ്നങ്ങളൊന്നും കോഴിക്കോട്ടുണ്ടാവാത്തത് വ്യാപാര സൗഹൃദം മൂലമാവാം. ഇവര്‍ ആലാത്ത് ഓഫീസ് എന്ന പേരില്‍ ഒരു കയര്‍ വ്യാപാരശാല സ്ഥാപിച്ചിരുന്നു. മറ്റൊരു വ്യാപാരി മുസ്ലിം സമുഹമാണ് മേമന് എന്ന അലായി മുസ്ലിംകള്. ഇവര്‍ മുഖ്യമായും അരി വ്യാപാരികളായിരുന്നു. ഈ വിഭാഗങ്ങളെല്ലാം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സൗഹൃദത്തോടെ തന്നെ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഹുസൈന് രണ്ടത്താണി
You must be logged in to post a comment Login