കേരളത്തിലിപ്പോള്‍ സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്ന സമരത്തിലൂടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രധാന ഇരയായിക്കൊണ്ടിരിക്കുന്നത് സ്ത്രീ സമൂഹമാണ്. വിശ്വാസത്തില്‍ അഭയം പ്രാപിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വീട്ടടിമകളായിരിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തെ രക്ഷിക്കാനുള്ള രക്ഷകരുടെ വേഷമാണ് ഇന്ന് സംഘപരിവാറിനുള്ളത്. നമ്മുടെ ഇടത് ലിബറല്‍ കുടുംബങ്ങളിലും പൗരസമൂഹത്തിലും പണ്ടേ രണ്ടാംതരം പൗരികളായി പിന്നിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് മതവിശ്വാസത്തിന്റെ മണ്ഡലത്തില്‍ ഒന്നാം തരം പൗരത്വവും മുന്‍നിരയുമാണ് സംഘപരിവാര്‍ വച്ചുനീട്ടുന്നത്. വീട്ടുവാതിലുകള്‍ തുറന്ന് അയ്യപ്പനാമജപവുമായി മുന്‍നിരയിലേക്ക് വരാനാണ് അവര്‍ സ്ത്രീകളെ വിളിക്കുന്നത്. അത് ചെവിക്കൊള്ളുന്ന സ്ത്രീകളുടെ ഉത്സാഹമാണ് തെരുവില്‍ അണിനിരക്കുന്ന സ്ത്രീകളുടെ നാവില്‍ നിന്നുയരുന്ന അയ്യപ്പനാമജപത്തിന്റെ ഒച്ചയില്‍ തെളിയുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ഉയരുന്ന നാമജപം കേരളീയ സ്ത്രീസമൂഹത്തിന്റെ അടിമത്തത്തില്‍ നിന്നുയരുന്ന ഒരു കൂട്ടക്കരച്ചിലാണ്.അത് കേള്‍ക്കാന്‍ നമുക്ക് കാതുണ്ടാകണം.
എന്നാല്‍ കഴിഞ്ഞ എഴുപതുകൊല്ലമായി നാം പറഞ്ഞുകൊണ്ടിരിക്കുന്ന വര്‍ഗീയതക്കും ഫാഷിസത്തിനും എതിരായ യാന്ത്രിക യുക്തികള്‍ ഇനിയും ആവര്‍ത്തിച്ചുകൊണ്ടിരിക്കാനാണ് ഭാവമെങ്കില്‍ നമുക്കത് കേള്‍ക്കാനാവില്ല. സംഘപരിവാറിന് വളരാന്‍ വഴിയൊരുക്കിക്കൊടുത്ത ആ തോറ്റ വാദങ്ങളില്‍ നിന്ന് പിന്തിരിഞ്ഞ് സ്ത്രീകളടക്കമുള്ള, അടിമത്തമനുഭവിക്കുന്ന കീഴാള(ൗെയമഹലേൃി)ജനതയുടെ നിലവിളി ഇനിയെങ്കിലും നാം കേട്ടേ മതിയാവൂ. കാരണം നേരത്തെ പറഞ്ഞതുപോലെ നിരാലംബരായ എല്ലാ തരം കീഴാള ജനവിഭാഗങ്ങളുടെയും അടിമത്തമാണ് സംഘപരിവാറിന്റെ രാഷ്ട്രീയ മുതല്‍ക്കൂട്ട്. അതിനാല്‍ സ്ത്രീകളടക്കമുള്ള കീഴാളജനത അടിമത്തത്തില്‍ നിന്ന് അവരുടെ സ്വച്ഛന്ദമായ രാഷ്ട്രീയ സ്വാധികാരത്തിലേക്ക് ഉയരാന്‍ തുടങ്ങുന്ന നിമിഷം ഫാഷിസ്റ്റ് ഭൂതം അപ്രത്യക്ഷമാവും.
സംഘപരിവാറിനെ തുരത്താന്‍ കേരളത്തില്‍ അത്തരമൊരു ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള സാധ്യത ഇപ്പോള്‍ തന്നെ തുറന്നുകിടക്കുകയാണ്. ഇപ്പോള്‍ സംഘപരിവാര്‍ പിടികൂടിയിരിക്കുന്ന പ്രധാന കീഴാളവിഭാഗം സ്ത്രീ സമൂഹമായിരിക്കുന്നതുകൊണ്ടു തന്നെ അവരില്‍ നിന്നുതന്നെയാണ് ഇവിടെ ഒരു ഫാഷിസ്റ്റ് വിരുദ്ധപ്രക്ഷോഭം ഉയരേണ്ടിയിരിക്കുന്നത്. വീടുകള്‍ക്കുള്ളിലും പാര്‍ട്ടികള്‍ക്കുള്ളിലും പോഷകസംഘടനകള്‍ക്കുള്ളിലും തളഞ്ഞുകിടക്കുന്ന സ്ത്രീകളുടെ കീഴാളത്തം ആ പരിമിതികള്‍ വലിച്ചെറിഞ്ഞു ഒരു പുതുസ്വാതന്ത്ര്യ ശക്തിയെന്ന നിലയില്‍ സംഘടിച്ചു പുറത്തേക്കു വരേണ്ടിയിരിക്കുന്നു. ശബരിമലയില്‍ കയറാന്‍ കൂട്ടം കൂടുന്നതിനുമുന്‍പേ സംഘപരിവാറിനെ ആദ്യം സ്ത്രീസമൂഹം രാഷ്ട്രീയമായി നേരിടണം. കുടത്തില്‍ നിന്ന് പുറത്തുവന്ന ഭൂതത്തെ, തെരുവിലിറങ്ങിക്കഴിഞ്ഞ സംഘപരിവാറിനെ, അടക്കാന്‍ സ്ത്രീകളുടെ കീഴാളജനാധിപത്യത്തിന്റെ മാന്ത്രികശക്തി പ്രയോഗിക്കാനുള്ള സമയം ആസന്നമായിരിക്കുന്നു.
മാര്‍ക്സിസത്തില്‍ നിന്നാണ് ബി. രാജീവന് ജനസഞ്ചയ രാഷ്ട്രീയത്തിലേക്ക് വരുന്നത്. സാമൂഹിക ചലനങ്ങളുടെ ഗതിമാറ്റങ്ങളെ ഉത്തരാധുനികമെന്ന് വിശേഷിപ്പിക്കാവുന്ന ചിന്താപദ്ധതിയുടെ മൂശയിലൂടെയും മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിലൂടെയും സഞ്ചരിപ്പിച്ച് ഇതാണ് നിങ്ങള്‍ ജീവിക്കുന്ന ലോകം എന്ന് പഠിപ്പിക്കുന്ന ജൈവബുദ്ധിജീവി. ഇടതുപക്ഷം അതിന്റെ കേരളീയ സന്ദര്‍ഭത്തില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ഭയാനകമായ ചരിത്ര സന്ധിയെക്കുറിച്ച് സംസാരിച്ച് തുടങ്ങാന്‍ ബി. രാജീവനാണ് ഒരു വഴി. ആ വഴിയിലേക്ക് വഴിയേ വരാം.
ശബരിമലയും ഇടതുപക്ഷവും ചില കാണാക്കെണികളും എന്നാണ് ഈ സംഭാഷണത്തിന് നമ്മള് കൊടുക്കേണ്ട ഒരു തലക്കുറി. കാരണമുണ്ട്. കേരളീയ നവോത്ഥാനത്തിന്റെ പ്രത്യക്ഷശ്രമങ്ങള്‍ ശതാബ്ദിയാഘോഷിക്കേണ്ട കാലമാണിത്. എന്തൊക്കെയായിരുന്നു ആ പ്രത്യക്ഷശ്രമങ്ങള്‍. നിശ്ചയമായും ഒരുവഴിയില്‍ ജാതിക്കെതിരായ, ഹിന്ദുമതത്തിനകത്തെ ജാതിക്കെതിരായ ഒരു നവീകരണ പ്രസ്ഥാനമായിരുന്നു. ബാര്‍ബേറിയന്‍ എന്ന് സാമൂഹികശാസ്ത്രവും നരവംശപഠനങ്ങളും സംശയം കൂടാതെ രേഖപ്പെടുത്തിയേക്കാവുന്ന ഒരു സാമൂഹിക സന്ദര്‍ഭം കേരളത്തിനുണ്ടായിരുന്നു. മനുഷ്യന് എന്ന ഏകകത്തെക്കുറിച്ച് ലോകം സംസാരിച്ചുതുടങ്ങിയ കാലമാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദവും ഇരുപതാം നൂറ്റാണ്ടുമെന്ന് ഓര്‍ക്കണം. യൂറോ കേന്ദ്രിതമായ ഒരു സങ്കല്പം എന്ന് വിമര്‍ശിക്കാമെങ്കിലും മനുഷ്യന് എന്നത് അന്തസ്സാര്‍ന്ന ഒരു പദമായി വ്യവഹരിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസം അവരുടെ അധികാരമുറപ്പിക്കാന്‍ വേണ്ടിയാണെങ്കിലും ആധുനികതയുടെ നാനാവിധമായ അടയാളങ്ങളെ ഇന്ത്യന്‍ സമൂഹത്തില്‍ വിക്ഷേപിച്ചുതുടങ്ങിയിരുന്നു. ആധുനികതയുടെ യന്ത്രാടയാളങ്ങള് തീവണ്ടി ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ രൂപത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഇത്തരം ജീവിതാധുനികതയോട് അമ്പേ മുഖം തിരിക്കുന്ന ഒരു സമൂഹം കേരളീയ ഹിന്ദുക്കള്‍ക്കിടയില്‍ പ്രബലമായിരുന്നു. അനാചാരങ്ങള്‍ ജീവിതശീലമാക്കിയ ജനത. ജാതി ഒരു അനുഷ്ഠാനവും ആചാരവുമാക്കിയ ജനത. ജാതിശ്രേണികള്‍ ദൈവദത്തമാണ് എന്ന് കരുതിപ്പോന്ന ജനത. ആ ജാതിവ്യവസ്ഥയുടെ പ്രത്യക്ഷ അടയാളങ്ങള്‍ അയിത്തവും സ്വാതന്ത്ര്യനിഷേധവും ആയിരുന്നു. ജാതി അധികാരത്തെ വലിയ തോതില്‍ ഉറപ്പിച്ച് നിര്ത്തിയിരുന്നതാകട്ടെ ഭൂവുടമസ്ഥതയും. അങ്ങനെ സാമ്പത്തിക മാനങ്ങളുള്ള ജാത്യാചാരങ്ങളുടെ കൂത്തരങ്ങായിരുന്നു കേരളം. ബ്രാഹ്മണിസം അതിന്റെ കേന്ദ്രം. ഭൂരിപക്ഷ ഹിന്ദു ആചരിക്കുന്ന ഈ അനാചാരങ്ങളോട് പൊരുത്തപ്പെട്ടും സാക്ഷിയായും മാത്രമാണ് അക്കാലത്തെ മറ്റ് മത വിഭാഗങ്ങള്‍ നിലയുറപ്പിച്ചത്. ഇതിനെല്ലാം ചരിത്രത്തില്‍ തെളിവുകളുണ്ട്. വിസ്താര ഭയത്താല്‍ നമ്മള് ഇപ്പോള്‍ ഉദ്ധരിക്കുന്നില്ല. ഒരുപാട് സംസാരിച്ച് കഴിഞ്ഞതാണ്. ഉപ്പ് എന്ന പറയാന്‍ അധസ്ഥിതന് അവകാശമില്ലായിരുന്നു എന്ന് മാത്രം ഓര്‍ക്കുക. പുളിയുള്ള സാധനം എന്നേ ഉപ്പിനെ പറ്റി പുലയനും പറയനും എന്തിന് ഈഴവന് പോലും മലബാറില്‍ പറയാന്‍ പാടുണ്ടായിരുന്നുള്ളൂ. ആ ആചാരം തെറ്റിച്ചതിന് വള്ളുവനാട്ടില്‍ ഒറ്റപ്പാലത്തിനടുത്ത് സവര്‍ണ മാടമ്പികള്‍ ഒരാളെ ചുട്ടുകൊന്നതും ചരിത്രത്തിലുണ്ട്. ജാതിയെ അടയാളമായി ശരീരത്തില്‍ വഹിക്കണമായിരുന്നു ജാതിയില്‍ താഴ്നിലയുണ്ടായിരുന്ന സ്ത്രീകള്‍. കല്ലുമാല അത്തരം ഒരു അടയാളമായിരുന്നു. ഇവിടേക്കാണ് മാറ്റുവിന്‍ ചട്ടങ്ങളേ എന്ന പ്രതിധ്വനികള്‍ ഏറെയുള്ള മുദ്രാവാക്യം എത്തുന്നത്. ഇവിടേക്കാണ് ജാതിഭേദം മതദ്വേഷം എന്ന് പറഞ്ഞ് നാരായണ ഗുരു വരുന്നത്. ഇവിടെയാണ് ഒരു ജാതി ഒരു മതം എന്ന് പറഞ്ഞ് അയ്യാ വൈകുണ്ഠസാമികള് വരുന്നത്. ഇവിടേക്കാണ് ചട്ടമ്പി സ്വാമികള്‍ വന്നത്, കമ്യൂണിസ്റ്റുകാര്‍ വന്നത്.
നവോത്ഥാനകേരളം അതിജീവിച്ചു എന്ന് അവകാശപ്പെട്ടത് കടുത്ത ജാതീയതയെ ആണ്. കമ്യൂണിസ്റ്റ് ഭരണം ജന്മിത്വം അവസാനിപ്പിച്ചു എന്ന് നമുക്കറിയാം. കുടിയാന് എന്ന വര്‍ഗം ഇല്ലാതായി. അതൊരു ജാതി സംവര്ഗമായിരുന്നു എന്നോര്‍ക്കുമല്ലോ? പോയ അരനൂറ്റാണ്ടിലെ കേരളം ഈ നവോത്ഥാനത്തെ സംബന്ധിച്ച ഭൂതകാലക്കുളിരില്‍ അഭിരമിച്ചും ആ ഭൂതകാലത്തെ രാഷ്ട്രീയമായി പരിണമിപ്പിച്ചുമാണ് അതിജീവിച്ചത്.
വിശദീകരിക്കാം. ഇന്ത്യന്‍ പോളിറ്റിയില്‍ ഹിന്ദുത്വ അതിന്റെ വേരിറക്കല്‍ സാധ്യതകള്‍ അന്വേഷിച്ചിരുന്നത് എപ്പോഴും മതാത്മകതയിലാണ്. അതായത് മതം എന്ന പ്രമേയം പ്രത്യക്ഷത്തിലുണ്ടാക്കുന്ന വൈകാരികതയെ രാഷ്ട്രീയമായി പരിണമിപ്പിക്കുക. എന്നാല്‍ അത്തരത്തില്‍ വൈകാരികമായി ഉപയോഗിക്കാവുന്ന ഒരു ഏക ശിലാത്മകത ഹിന്ദുമതത്തിനില്ല എന്നത് മറ്റാരെക്കാള്‍ നന്നായി ആര്.എസ്.എസിനും ഇപ്പോഴത്തെ അതിന്റെ വിശാല രൂപമായ സംഘപരിവാറിനും അറിയാം. മാത്രവുമല്ല ദേശീയപ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടത്തില്‍; അതായത് ഗാന്ധി ഘട്ടത്തില്‍ ഈ ഹിന്ദു മതാത്മകതയെ മറ്റൊരു രൂപത്തില്‍ ഗാന്ധി വഴിതിരിച്ചുവിടുകയുണ്ടായി. മതാചാരത്തിനാണല്ലോ വൈകാരികതയെ ഉണര്‍ത്താന്‍ കഴിയുക. മതത്തെ ഒരു മൂല്യവ്യവസ്ഥയായി കാണാനുള്ള വലിയ ശ്രമങ്ങള്‍ ഗാന്ധി സമാരംഭിക്കുകയുണ്ടായി. അതില്‍ എത്രകണ്ട് അദ്ദേഹം വിജയിച്ചു എന്നത് തര്‍ക്കവിഷയമാണ്. എങ്കിലും അദ്ദേഹത്തില്‍ നിന്ന് മതത്തെ മൂല്യവ്യവസ്ഥയായി കാണാനുള്ള പരിശ്രമങ്ങള്‍ ഉണ്ടായി എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അതിനാലാണ് സര്‍വമത സാഹോദര്യം എന്ന ആശയത്തെ ഉപരിപ്ലവമായെങ്കിലും അദ്ദേഹത്തിന് ദേശീയ പ്രസ്ഥാനത്തിലേക്ക് കണ്ണിചേര്‍ക്കാന്‍ കഴിഞ്ഞത്. സര്വമതസാഹോദര്യം എന്നത് മതത്തിന്റെ മൂല്യവ്യവസ്ഥയാണ്. എന്നാല്‍ ഹിന്ദുത്വ എന്നത് മതത്തെ ആചാരമായി കണ്ടാല്‍ മാത്രം അതിജീവിക്കാന്‍ കഴിയുന്ന ഒരു ദര്‍ശനമായിരുന്നു. ഈ ആചാര മൂല്യത്തിലേക്ക് എല്ലാ ഹിന്ദുക്കളെയും; അതായത് അന്നോളം ഹിന്ദു മതത്തിന്റെ വിശാല പരിപ്രേക്ഷ്യത്തിന് പുറത്തുള്ള ദളിതരെ ഉള്‍പ്പെടെ, കൊണ്ടുവന്നാല്‍ മാത്രമേ അതിന് രാഷ്ട്രീയ ശക്തി ലഭിക്കൂ. ഇതിന് പരമ്പരാഗതമായി ഹിന്ദുത്വ ശക്തികള്‍ ഉപയോഗിച്ച മാര്‍ഗം മതസ്പര്‍ധയാണ്. അപരമത വിദ്വേഷമാണ്. ഇന്ത്യയില്‍ ഹിന്ദുത്വയെ സംബന്ധിച്ച് അപരവല്‍കരിക്കാന്‍ എളുപ്പമായിരുന്നത് അവിഭജിത ഇന്ത്യയില്‍ വന്‍ശക്തിയായിരുന്ന മുസ്ലിമിനെയാണ്. മുസ്ലിം വിദ്വേഷം പടര്‍ത്തിയാണ് ഹിന്ദുത്വയുടെ ആദ്യ ചലനങ്ങളെ അവര്‍ സൃഷ്ടിച്ചത്. അക്കാലത്തെ ചരിത്രമെഴുത്ത് ബ്രിട്ടീഷ് കൊളോണിയലിസത്തിലെ കൂലിപ്പണിയായിരുന്നുവല്ലോ! അവര്‍ എഴുതിവെച്ച ചരിത്രം അഥവാ ചരിത്രാസംബന്ധം ഈ മതവിദ്വേഷ പരിശ്രമങ്ങള്‍ക്ക് വലിയ ഇന്ധനവുമായി. അങ്ങനെയാണല്ലോ മുസ്ലിം അക്രമണകാരികള്‍ എന്ന പ്രയോഗം ചരിത്രത്തില്‍ വരുന്നത്. അങ്ങനെയാണല്ലോ മുഗള്‍ കാലഘട്ടം എന്നൊരു വിഭജനം ചരിത്രത്തില്‍ വരുന്നത്. മുസ്ലിം കാലഘട്ടത്തിന് മുന്‍പുണ്ടായിരുന്ന കാലത്തെ ഹിന്ദു കാലഘട്ടം എന്ന് പറയാതെ പറഞ്ഞുറപ്പിക്കുകയും ചെയ്തു ബ്രിട്ടീഷ് ചരിത്രമെഴുത്തുകാര്‍. വസ്തുതയോ? ഇന്ത്യ ഭരിച്ചതായി നാം ഇന്ന് മനസിലാക്കുന്ന മഹാചക്രവര്‍ത്തിമാരില്‍ ആരാണ് ഹിന്ദു? ചരിത്രത്തില്‍ കാണുന്ന ആദ്യ ചക്രവര്‍ത്തി ചന്ദ്രഗുപ്തനാണ്. മൗര്യ സാമ്രാജ്യ സ്ഥാപകന്‍. അദ്ദേഹം ജൈനനാണ്. ഹിന്ദുവല്ല. അശോകന് ചന്ദ്രഗുപ്തന്റെ കൊച്ചുമകനാണ്. ബുദ്ധമതത്തിന്റെ ആളാണ്. കുശാന വംശം സ്ഥാപിച്ച കനിഷ്കന്‍ ബുദ്ധമതക്കാരനാണ്. ഇതൊന്നും പക്ഷേ, വേണ്ട വിധത്തില്‍ വായിക്കപ്പെട്ടില്ല. നമ്മുടെ വിഷയം അതല്ല. ഹിന്ദുത്വയുടെ പടരലിനെക്കുറിച്ചാണ്.
മുസ്ലിംകളെ അപരവല്കരിക്കുന്നതില് ഹിന്ദുത്വ വിജയിച്ചു. ഇന്ദിരാ യുഗത്തിന്റെ അന്ത്യത്തോടെ രാഷ്ട്രീയ ദിശാബോധവും ആത്മവിശ്വാസവും നഷ്ടപ്പെട്ട കോണ്‍ഗ്രസ് നിലനില്പിന് വേണ്ടി നടത്തിയ ചില ക്രൂരമായ വീഴ്ചകള്‍ സംഘപരിവാറിന്റെ വിജയത്തിന് പ്രഹരശേഷി കൂട്ടി. അവരുടെ ഏറ്റവും ഒടുവിലത്തെ വിജയ പ്രഖ്യാനമായിരുന്നല്ലോ കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയാക്കിയ ബാബരി പള്ളി പൊളിക്കല്‍! ഏറ്റവുമൊടുവില്‍ അതേ കോണ്‍ഗ്രസിന്റെ സര്വനാശവ്യഗ്രമായ സ്വയം നശിക്കലില് നിന്ന് വെള്ളവും വളവും വലിച്ച് ഹിന്ദുത്വ രാജ്യത്ത് മഹാഭൂരിപക്ഷത്തോടെ അധികാരവും പിടിച്ചു.
ശബരിമലയെക്കുറിച്ച് പറയാന്‍ ഇന്ത്യാചരിത്രമെന്തിന് എന്നല്ലേ? കാരണമുണ്ട്. കോണ്‍ഗ്രസിന്റെ ഹൃദയഭൂമിക ആയിരുന്ന ഉത്തരേന്ത്യയില്‍ കൈവരിക്കാനായ കുതിപ്പ് തെക്കേ ഇന്ത്യയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ വേരോട്ടമുണ്ടായിരുന്ന ബംഗാളിലും എന്തുകൊണ്ട് സാധിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണത്. ചരിത്രത്തിലെ ചില സവിശേഷ ബലങ്ങളുടെ പ്രവര്‍ത്തനമാണത്. അക്കാര്യങ്ങള്‍ പഠിക്കപ്പെട്ടിട്ടുണ്ട്.
അതിലൊന്ന് കേരളീയ നവോത്ഥാനത്തിലെ ജാതിവിരുദ്ധ സമരങ്ങളും അതിന്റെ പുറമേക്കെങ്കിലും ഉള്ള വിജയവുമാണ്. ജാതി ഒരു വിധ്വംസക സംഘടിത ശക്തിയായി കേരളത്തില്‍ വേരോടാതിരിക്കാന്‍ നവോത്ഥാനമാണ് കാരണമായത്.
ജാതിഹിംസകള്ക്കെതിരായ പ്രത്യക്ഷ സമരമായിരുന്നു കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍. പാഠമില്ലെങ്കില്‍ പാടത്തേക്കില്ല എന്ന് വെല്ലുവിളിച്ച അയ്യങ്കാളിയും നമുക്ക് ജാതിയില്ല എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവും അതിന്റെ ഊര്ജകേന്ദ്രങ്ങളുമാണ്. ഈ വലിയ പ്രതിഭാസങ്ങളുടെ തണലും നിഴലും ജാതിയെ ഹിംസാത്മകമാകുന്നതില് നിന്ന് വലിയ തോതില്‍ തടയുന്നുണ്ട്. അനാചാരങ്ങള്ക്കെതിരായിരുന്നു മറ്റൊരു മുന്നേറ്റം. അന്ധവിശ്വാസ നിര്‍മാര്‍ജനം ആഴത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. മതത്തെ ഒരു മൂല്യവ്യവസ്ഥയായി ഉറപ്പിക്കാനും അതുവഴി മതവിദ്വേഷത്തെ ചെറുക്കാനും കഴിഞ്ഞു. ഈ വേരോട്ടങ്ങളാണ് വാസ്തവത്തില്‍ ഹിന്ദുത്വയുടെ പ്രളയത്തെ തടകെട്ടി നിര്‍ത്തിയിരുന്നത്.
പ്രളയത്തെ തടകെട്ടി എന്നത് അലസമായി പറഞ്ഞതല്ല. പ്രളയത്തെ കേരളം തടകെട്ടി നിര്‍ത്തുകയായിരുന്നു. തടയ്ക്ക് അപ്പുറത്ത് ആ വിധ്വംസകതകള്‍ എല്ലാം അതേപടി ഉണ്ടായിരുന്നു. ജാതി ഉണ്ടായിരുന്നു. ജാത്യാധികാരം ഉണ്ടായിരുന്നു. മതസ്പര്‍ധയുടെ സര്‍വ കണങ്ങളും ഉണ്ടായിരുന്നു. പക്ഷേ, നവോത്ഥാനത്തിന്റെ സുഭദ്രവും സുശക്തവുമായ തടയണ കേരളത്തെ സംരക്ഷിച്ചുപോന്നത്; ഏറെക്കാലം.
ഏറെക്കാലമെന്നതും അലസമായി പറഞ്ഞതല്ല. ഈ തടഞ്ഞുനിര്ത്തലിന് രാഷ്ട്രീയമായ തുടര്‍ച്ച ഉണ്ടായില്ല. പൊളിറ്റിക്കല്‍ വര്‍ക്ക് എന്ന ഒരു പ്രയോഗമുണ്ട്. ഇടതുപക്ഷത്തിന്റെ ഒരു പ്രയോഗമാണ്. സര്‍ഗാത്മകമായ പ്രവര്‍ത്തനമാണത്. രാഷ്ട്രീയ പ്രവര്‍ത്തനം. അത് കേവലമായ പ്രസംഗങ്ങളോ പോസ്റ്ററിംഗോ ജാഥകളോ അല്ല. മറിച്ച് സര്‍ഗാത്മക പ്രവര്‍ത്തിയാണ്. ജനതയെ രാഷ്ട്രീയവല്കരിക്കുക എന്ന പണിയാണ്. എഴുപതുകളിലെ കേരളത്തിന്, എണ്‍പതുകളുടെ തുടക്കത്തിലെ കേരളത്തിന് സുപരിചിതമാണ് ആ പ്രവര്‍ത്തനം.
ആ പ്രവര്‍ത്തനത്തില്‍ നിന്ന് ഇടതുപക്ഷം പിന്നോട്ട് പോയി. അവര്‍ പിരിവിനല്ലാതെ മനുഷ്യരെ വ്യക്തിപരമായി സമീപിക്കാതായി. രാഷ്ട്രീയം പറയാതായി. അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശൂന്യസ്ഥലികള്‍ എമ്പാടും നിറഞ്ഞു. ആ ശൂന്യസ്ഥലങ്ങളിലേക്കാണ് സംഘപരിവാര്‍ കടന്നുവന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സര്‍ഗാത്മകത നഷ്ടമാവുന്നിടത്ത് ഉറപ്പായും മുളക്കാവുന്ന വിഷക്കൂണുകളാണ് തീവ്രവലതുപക്ഷം.
അതിനാല്‍ ശബരിമല ഒരു നിമിത്തം മാത്രമായിരുന്നു എന്ന് മനസിലാക്കണം. ഇവിടെ തിടംവെച്ച് നിന്നിരുന്ന ചില വിഷക്കൂണുകളെ ദൃശ്യപ്പെടുത്തിയ നിമിത്തം.
അത് അത്ര നിഷ്കളങ്കമായി പ്രത്യക്ഷപ്പെട്ട ഒരു നിമിത്തമാണോ? അല്ല. സുപ്രീംകോടതിയില്‍ ശബരിമലക്കേസില്‍ നടന്ന ഓരോ സംഭവവികാസങ്ങളും വലിയൊരു ഗൂഢാലോചനയുടെ ഭാരം പേറുന്നുണ്ട്. ദീപക് മിശ്രയായിരുന്നുവല്ലോ വിധി പറഞ്ഞ ബെഞ്ചിന്റെ അധ്യക്ഷന്‍? എത്ര ജനപ്രിയവിധികള് കൊണ്ടും മായ്ച്ചുകളയാവുന്നതല്ല മിശ്രയുടെ ചില മുന്‍കാല ഇടപെടലുകള്‍. ശബരിമലയെ ഉപയോഗിക്കാന്‍ കഴിയുമെന്ന് സംഘപരിവാറിനറിയാം.
അപ്പോള്‍ അതീവ ജാഗ്രതയുടെ കാലമാണ് ഇടതുപക്ഷത്തെയും കേരളത്തെയും കാത്തിരിക്കുന്നത്. നീണ്ട പ്രഭാഷണങ്ങളും നവോത്ഥാന വാഗ്ധോരണികളും വെല്ലുവിളികളും ജാഥകളും കൊണ്ട് തടയാനാവില്ല വിധ്വംസകതയുടെ പ്രളയത്തെ.
ഇരുമുടി കെട്ട് നിലത്തെറിയാമോ? ശശികലക്ക് എത്ര വയസായി തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങള്‍ തിരിച്ചടിക്കുകയേ ഉള്ളൂ. അനാചാരത്തിനെതിരെയാണ് സമരമെന്ന് മറന്നുപോകരുത്.
ബി. രാജീവന് ചൂണ്ടിക്കാണിക്കുന്ന അടിത്തട്ട് ജീവിതെത്ത അടിയന്തിരമായി രാഷ്ട്രീയ വല്കരിച്ചുകൊണ്ട്, പുരോഗമനവുമായി എന്‍ഗേജ് ചെയ്യിച്ചുകൊണ്ട് മാത്രമേ ചെറുത്തുനില്പ് സാധ്യമാവൂ.
കെ കെ ജോഷി
You must be logged in to post a comment Login