സമയം 8:41. സഊദി എയര്‍ലന്‍സ് ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നു. മഞ്ഞുമലകള്‍ പോലെ ഉയര്‍ന്ന് നില്‍ക്കുന്ന മേഘ വിസ്മയങ്ങള്‍ക്കുള്ളിലൂടെ ആകാശപ്പക്ഷി കുതിച്ചു പായുകയാണ്.
രണ്ടാഴ്ചയായി തന്നെ കാത്തു പാര്‍ത്തു കഴിയുന്ന പുത്രകളത്രാദികളെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇടയിലേക്ക്, സമ്മതം ചോദിക്കാതെ മദീനയിലെ മധുരാനുഭവങ്ങള്‍ വിരുന്നുവന്നു..
ഈ യാത്ര ഏറെ വ്യതിരിക്തമായിരുന്നു.
മദീനയുടെ ചാവി ഉഹ്ദിലാണെന്ന പുതിയ വിവരം കേട്ടപ്പോള്‍ ആദ്യം വിസ്മയപ്പെട്ടു. വിശുദ്ധ ഖുര്‍ആനിലെ ഇത്രാം അധ്യായത്തിലെ ഇത്രാം സൂക്തത്തിലെ പരാമര്‍ശമല്ല മേല്‍പറഞ്ഞത്. പ്രത്യുത ആത്മജ്ഞാനികള്‍ക്ക് അവരുടെ അനുഭവങ്ങളിലൂടെയോ മറ്റോ ലഭ്യമായി അങ്ങനെ കൈമാറ്റം ചെയ്യപ്പെട്ട അറിവായിരിക്കണം അത്. മദീനയിലെ പ്രമുഖ ശാഫിഈ കര്‍മശാസ്ത്ര വിശാരദനും സൂഫിവര്യനുമായ ഹബീബ് സൈന്‍ ബിന്‍ ഇബ്‌റാഹീം ബിന്‍ സുമൈത്( ഹഫിളഹുല്ലാഹ്) എന്നിവരുടെ തിരുനാവില്‍ നിന്നും പിന്നീട് ഞാനത് നേരിട്ട് കേട്ടു.അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തു.
അങ്ങനെ വാഹനം നേരെ ഉഹ്ദിലേക്ക് തിരിച്ചു. മഹാന്‍മാരുടെ തിരു ഹള്‌റതുകളിലേക്ക് -വിശിഷ്യാ ഹംസയുടെ(റ) പേരില്‍- ധാരാളം ഫാതിഹ കള്‍ ഓതിക്കൊണ്ടായിരുന്നു.
മുന്നില്‍ അതാ നില്‍ക്കുന്നു ഉഹ്ദ് മല.
ഒരു സാദാ മലയല്ല ഉഹ്ദ്. ഉഹ്ദിന് ചൈതന്യമുണ്ടെന്ന് സൂചിപ്പിക്കുന്ന പല ഹദീസുകളും വന്നിട്ടുണ്ട്. നമ്മെ സ്‌നേഹിക്കുന്ന, നമ്മള്‍ സ്‌നേഹിക്കുന്ന മലയാണ് ഉഹ്ദ്. പ്രിയ നബിയോരും മൂന്ന് ആത്മമിത്രങ്ങളും തന്റെ മേല്‍ കയറിയപ്പോ അഭിമാനം കൊണ്ട് പുളകക്കിടുങ്ങിയ, മുത്തിന്റെ ഉത്തരവ് വന്നപ്പോള്‍ ഉടനെ ഭവ്യതയോടെ അനുസരിച്ച ഉഹ്ദിനെ ഒരു സ്വഹാബി എന്ന് വിളിക്കാന്‍ തോന്നുന്നു.
ഉഹ്ദ് താഴ്‌വരയില്‍ വളച്ച് കെട്ടിയ വിശാലമായ മഖ്ബറയില്‍ ഒരു കെട്ടിനുള്ളിലാണ് ഹംസ(റ) ന്റെ ഖബ്ര്‍. അവിടത്തോട് വിശേഷിച്ചും ശുഹദാക്കളോട് പൊതുവായും സലാം ചൊല്ലി. ഫാതിഹയും സൂറതുകളും ഓതി ദുആ ചെയ്തു.
അല്ലാഹ്! ഹംസത്തോരെ ഹഖ് കൊണ്ട് തിരുനബി ഞങ്ങളെ പൊരുത്തപ്പെടണം. സ്വീകരിക്കണം. ഞങ്ങള്‍ക്ക് നല്ല റാഹത്തോടെ സിയാറത്ത് നിര്‍വഹിക്കാന്‍ സാധിക്കണം… ഇതാക്കെയായിരുന്നു ആ ദുആയുടെ കാതല്‍.
അങ്ങനെ ഞങ്ങള്‍ മുത്ത് നബിയുടെ പള്ളിയിലെത്തി.തഹിയ്യത്ത് നിസ്‌കരിച്ചു. മഗ്‌രിബും ഇശാഉം ജംഉം ഖസ്‌റുമാക്കി. ബാബുസ്സലാമിലൂടെ പ്രവേശിച്ചു. ഫാതിഹ ഓതിക്കൊണ്ടിരിന്നു. ഹംസയുടെ(റ), ഖദീജ ബീവിയുടെ(റ), മശായിഖുമാരുടെ പേരില്‍.
ഫാതിഹ എന്ന അറബി പദത്തിന് തുറക്കുന്നത് എന്നര്‍ത്ഥമുണ്ട്. ഏത് മഹാനെ സിയാറത് ചെയ്യുമ്പോഴും അവരുടെ/ അവര്‍ ഇഷ്ടപ്പെടുന്നവരുടെ പേരില്‍ ധാരാളമായി ഫാതിഹ ഓതുന്നത് അവരുടെ മനസ് തുറക്കാന്‍ പര്യാപ്തമാണത്രെ. തിരുനബിയുടെ മുവാജഹ ശരീഫിന്റെ നേരെ നിന്ന് 70 തവണ സ്വല്ലല്ലാഹു വ സല്ലമ അലൈക യാ സയ്യിദീ യാ റസൂലല്ലാഹ്! എന്ന് മനസില്‍ ഒരു ഉദ്ദേശ്യം വെച്ച് ചൊല്ലിയാല്‍ അല്ലാഹു ആ ആവശ്യം പൂര്‍ത്തീകരിച്ച് കൊടുക്കാതിരിക്കില്ല എന്ന വിവരം കൂട്ടത്തില്‍ ഒരാള്‍ പങ്ക് വെച്ചപ്പോ ഞാനൊന്ന് പകച്ചു. ഒരു നിമിഷാര്‍ധം മാത്രമാണ് മുവാജഹയില്‍ അനുവദിക്കപ്പെടാറുള്ളത്. ആ സമയത്തിനുള്ളില്‍ എങ്ങനെ എഴുപത് സ്വലാത് ചൊല്ലാനാ?
ഞങ്ങള്‍ ആറുപേര്‍ തിരുസന്നിധാനത്തിലേക്ക് നീങ്ങുകയാണ്. തിരുമുഖത്തിന് നേരെയെത്തിയപ്പോ ഞങ്ങള്‍ അവിടെ നിന്നു. ഞങ്ങളുടെ മുന്നിലും പിറകിലും ഉള്ളവരെ നിയമ പാലകര്‍ ആട്ടുന്നുണ്ട്! ഞങ്ങള്‍ മാത്രം ഖല്‍ബും കണ്ണും ഹുജ്‌റതുശരീഫിലേക്ക് തിരിച്ച് സ്വലാതില്‍ മുഴുകിയിരിക്കുന്നു! പുറത്തിറങ്ങിയ ബാരി ഫാളിലി പറഞ്ഞു: ‘നാല് വട്ടം ഞാന്‍ എഴുപത് പൂര്‍ത്തിയാക്കി!’
മറ്റൊരു കൂട്ടുകാരന്‍ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: ഉസ്താദ്! മുമ്പ് ഞാന്‍ വന്നപ്പോള്‍ എന്നെ ഇവര്‍ ഓടിക്കുകയായിരുന്നു. ഇന്നിപ്പോള്‍ അല്‍ഹംദുലില്ലാഹ്!
ഭൂമിയിലെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കപ്പെട്ട പുണ്യ സ്ഥലമായ തിരുറൗളയിലേക്ക് കടക്കാനും ഈ ആത്മീയ വഴി തന്നെ ഉപകാരപ്രദമായി. സാധാരണഗതിയില്‍ രണ്ട് റക്അത് നിസ്‌കരിക്കാനുള്ള സമയം മാത്രമേ റൗളയില്‍ അനുവദിക്കാറുള്ളൂ. എന്നാല്‍ ഇപ്രാവശ്യം മണിക്കൂറുകളോളം ഇരിക്കാന്‍ സാധിച്ചു. 12 മണിമുതല്‍ മൂന്നുമണിവരെ എന്നത് സ്വര്‍ഗത്തെ സംബന്ധിച്ചിടത്തോളം ദീര്‍ഘമായ ഒരു കാലയളവാണ്. അവിടെവച്ച് റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദ് ദിവസവും ചൊല്ലാന്‍ നിര്‍ദേശിച്ച ദ ലാഇലുല്‍ ഖൈറാത്ത് വിശദമായി ചൊല്ലി. വിശുദ്ധ ഭൂമിയിലേക്ക് പോകുമ്പോള്‍ എന്റെ വിദ്യാര്‍ത്ഥികള്‍ അവരുടെ ആഗ്രഹങ്ങളും വിഷമങ്ങളുമൊക്കെ എഴുതി പ്രാര്‍ത്ഥിക്കാന്‍ ഏല്‍പിച്ചിരുന്നു. ആ കടലാസുകള്‍ പുറത്തെടുത്തു. ഓരോരുത്തര്‍ക്കും വേണ്ടി ഒരോരുത്തരുടേയും ആവശ്യങ്ങള്‍ പ്രത്യേകം പ്രത്യേകം പറഞ്ഞ് ദുആ ചെയ്തു.
ഇന്ന് റബീഉല്‍ അവ്വല്‍ 12.
12 ന് മദീനയിലെത്തുക എന്നത് അനുരാഗികളുടെ ആത്മാഭിലാഷമാണ്.ജിദ്ദയില്‍ നിന്ന് മഅ്ദിന്റെ ബസിലാണ് മദീനയിലേക്ക് പുറപ്പെടുന്നത്. പുറത്ത് പനിച്ച് പൊള്ളുമ്പോഴും ഉള്ളില്‍ ഒരു തിരി കത്തുന്നുണ്ടായിരിന്നു. മദീനയെ പുണരാന്‍ വെമ്പുന്ന മനസിന്റെ തുടിപ്പ്.
റൂമിലെത്തി കുളിച്ച് സുഗന്ധം പൂശി വസ്ത്രം ധരിച്ചപ്പോഴേക്കും മൗലിദിന്റെ ഈരടികള്‍ കാതുകളിലേക്ക് അരിച്ചെത്തി.അശ്‌റഫ് സഖാഫി പൂപ്പലമാണ് നേതൃത്വം കൊടുക്കുന്നത്. മുത്തിന്റെ മുറ്റത്ത് വെച്ച് അശ്‌റഖയൊക്കെ ചൊല്ലുന്നത് വല്ലാത്തൊരനുഭൂതിയാണ്. കുണ്ടൂര്‍ ഉസ്താദിന്റെ കവിതകളോടെയാണ് മൗലിദ് സമാപിച്ചത്.
യാ നൂറല്‍ ഹുദാ അലൈക
അസ്വലാതു മആസ്സലാമി ഖുദ്ബീ അയ്ദീനാ ഫ കുന്നാ ഫില്‍ ഉമൂരി ഹാഇരീന
സന്‍മാര്‍ഗ ദീപമേ, സലാം
ഭയചകിതരായ ഞങ്ങളുടെ കരങ്ങള്‍ പിടിച്ചാലും.
ഖദ് അതാകാ മന്‍ അതാക ബിഗ് തിനാമിന്‍ മിന്‍ രിളാകാ
നര്‍ജൂ ഹത്വാലന്‍ ഹുദാകാ യാ റഹ്മതല്‍ ആലമീന
അങ്ങയുടെ ചാരത്ത് വന്നവരൊക്കെയും വന്നത്
അങ്ങയുടെ തൃപ്തി മുതലെടുക്കാനാണ്.
പേമാരി പോല്‍ പെയ്തിറങ്ങുന്ന അങ്ങയുടെ മാര്‍ഗദര്‍ശനം ഞങ്ങള്‍ കൊതിക്കുന്നു.
അവസാനം മലയാളിയുടെ ഖല്‍ബിലും ചുണ്ടിലും നിറവസന്തമായി വിരിഞ്ഞ് നില്‍ക്കുന്ന
‘വാഹന്‍ ലില്‍ ഖുബ്ബത്തില്‍’ എന്ന ബൈതും പാടി.
ഇതുവരെ മനസ് കൊണ്ടുള്ള ആത്മായനമായിരുന്നെങ്കില്‍ ഇപ്പോള്‍ മദീനത്ത് ഉടലോടെയെത്തിരിക്കുന്നു. അത് പച്ചമലയാളത്തില്‍ രാഗാര്‍ദ്രമായ പ്രണയസംഭാഷണമായി മാറുന്നു.
സുബ്ഹ് ബാങ്ക് വിളിക്കും മുമ്പെ പളളിയിലെത്തി. തിരുദര്‍ബാര്‍ നിറയെ അനുരാഗികളുടെ ഗദ്ഗദങ്ങള്‍. പാരാവാരം പോലെ ജനങ്ങള്‍ മുറ്റത്ത് നില്‍ക്കുന്നു. ചിലര്‍ മിഠായി വിതരണം ചെയ്യുന്നുണ്ട്. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി മൗലിദ് ഓതുന്ന ചിലരെ നിയമ പാലകര്‍ പൊക്കുന്നുണ്ട്.
ബാങ്ക് വിളിച്ചു.
നിസ്‌കാര ശേഷം ഞങ്ങള്‍ പള്ളിയില്‍ തന്നെ ഇരുന്നു. ഹിജ്‌റ ഗെയ്റ്റിലുടെ കടന്ന് വലതുഭാഗത്തേക്ക് പ്രവേശിച്ചാല്‍ ഹുജ്‌റയുടെ പിറകില്‍ വിശാലമായ ഹാളില്‍ ഇരിക്കാം. ഖുബ്ബ നേര്‍ക്കുനേര്‍ കാണാം. അവിടെയിരുന്നു ഓരോരുത്തരും അവരവരുടെ സ്‌നേഹം പങ്ക് വെച്ചു. പിറകില്‍ നിന്ന് മന്‍ഖൂസ് മൗലിദിന്റ ഈരടികള്‍ കേള്‍ക്കുന്നു. ചിലര്‍ ബുര്‍ദ ചൊല്ലുന്നു. ബാപ്പു ഉസ്താദിന്റെ അസീദതുല്‍ റഹ്മാനിയ്യ: പൂര്‍ണമായും ചൊല്ലി. ചിലര്‍ ശദ്ദാദ് തങ്ങളുടെ അബീറുല്‍ വര്‍ദ് ചൊല്ലുന്നു. ആകെക്കൂടി ആകെ സ്‌നേഹമയം. പോരാന്‍ നേരം മുറ്റത്തിറങ്ങി ഖുബ്ബയെ നോക്കി യാ അക്‌റമ ചൊല്ലി. അവസാനം ചെറുതായൊന്നു ദുആ ചെയ്തു. ചിലര്‍ ഞങ്ങള്‍ക്കൊപ്പം കൂടി. ഒരു വയോവൃദ്ധന്‍ നിയന്ത്രണം വിട്ട് കരയാന്‍ തുടങ്ങി. ഞങ്ങള്‍ ഖുബ്ബയെ ഒരു നോക്കു കൂടി ദര്‍ശിച്ച് കണ്ണു തുടച്ച് തിരിഞ്ഞ് നടന്നു. നടക്കുമ്പോള്‍ കണ്ടൂര്‍ ഉസ്താദിന്റെ വരികള്‍ ചുണ്ടിലുണ്ടായിരുന്നു.
യാ റൗളത്തല്‍ മുഖ്താരി ഇന്നീ ജാഇഉ.
അത്ശാനു റവ്വീനീ വ ഇന്നീ റാജിഉ
തിരു റൗളാ ദാഹിക്കുന്നു; വിശക്കുന്നു
എനിക്ക് ശമനം നല്‍കൂ..
ഞാന്‍ മടങ്ങുകയാ…
മദീനയിലെ മഹാന്മാരായ ചില പണ്ഡിതരെയും ചരിത്ര പ്രധാനമായ ചില സ്ഥലങ്ങളും സന്ദര്‍ശിച്ചു.
ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി
You must be logged in to post a comment Login