ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് ഷാര്‍ജയില്‍ വിമാനമിറങ്ങി മകളുടെ അജ്മാനിലെ താമസസ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ പാതയോരത്ത് വരവേറ്റത് ‘കിസ്സ ഹുറൂഫ്'( A Tale of Letters) എന്നെഴുതിയ കൂറ്റന്‍ ഹോര്‍ഡിങ്ങുകളായിരുന്നു. അക്ഷരങ്ങളുടെ കഥ പറയുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ കുതൂഹലങ്ങളിലേക്ക് ആകസ്മികമായെങ്കിലും കയറിച്ചെല്ലാന്‍ സാധിച്ചത് സൗഭാഗ്യമായി തോന്നി. അതോടെ പത്തുദിവസത്തെ യാത്രാപരിപാടികള്‍ മാറിമറിഞ്ഞു. ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞ അക്ഷരോത്സവത്തിന്റെ ഭാഗമാവുക എന്നത് എത്രയോ മലയാളികളുടെ വാര്‍ഷികചര്യയായി വളര്‍ന്നുകഴിഞ്ഞ സ്ഥിതിക്ക് അവസരം പ്രയോജനപ്പെടുത്താതിരിക്കുന്നത് ഭീമന് നഷ്ടമായിരിക്കുമെന്ന് കരുതി. പുസ്തകപ്രകാശനചടങ്ങില്‍ പങ്കെടുത്ത് പടങ്ങള്‍ അച്ചടിച്ചുകാണുന്നതിനെക്കാള് പ്രവിശാലമായ പവിലയനുകളിലൂടെ അലഞ്ഞുതിരിയാനാഗ്രഹിച്ചു, നാട്ടില്‍ എത്ര കാശ് കൊടുത്താലും സ്വന്തമാക്കാന്‍ കഴിയാത്ത വല്ല പുസ്തകവുമുണ്ടോ എന്നന്വേഷിച്ചുള്ള നടത്തം ഓരോ രാജ്യത്തിന്റെയും ധൈഷണിക വ്യവഹാരങ്ങളെ സ്പര്ശിച്ചുപോകാനുള്ള അപൂര്‍വ അവസരമായി അനുഭവപ്പെട്ടു. അപ്പോഴും ആളും തിരക്കും വില്പനയും മല്‍സരവുമൊക്കെ നടക്കുന്നത് മലയാളികളുടെ പുസ്തകച്ചന്തയിലാണെന്ന സത്യം അവിടെയും ശിരസ്സുയര്‍ത്തി നില്ക്കാന് ധൈര്യം പകര്‍ന്നു. അലച്ചില്‍ നീളുന്നതിനു മുമ്പ് വന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയത് കണ്ട് ആ ഭാഗത്തേക്ക് ധൃതിയില്‍ നടന്നു. അപ്പോഴാണ് പുരുഷാരത്തിന്റെ പൊരുള്‍ പിടികിട്ടിയത്. ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, പ്രഭാഷകനായി എത്തിയിരിക്കയാണവിടെ. ഇന്ത്യയില്‍നിന്ന് ആ സൗഭാഗ്യം മറ്റൊരാള്‍ക്കും കിട്ടിയില്ലെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. തലേദിവസം അദ്ദേഹത്തിന്റെ സ്വന്തം രചനതാരീഖ് ദഅ്വതില്ഇസ്ലാമിയ്യ ഫീ ശിബ്ഹില്‍ ഖാറതില് ഹിന്ദിയ്യ(ഇന്ത്യയിലെ ഇസ്ലാമിക പ്രബോധനത്തിന്റെ ചരിത്രം ചരിത്രം) ഷാര്‍ജ ശൈഖിന് നല്കി പ്രകാശനം ചെയ്തിരുന്നു. ഹാളിലേക്ക് കടക്കുമ്പോഴേക്കും മന്ത്രി ഡോ. കെ.ടി ജലീലും ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസിയുമൊക്കെ അദ്ദേഹത്തെ അനുധാവനം ചെയ്തു. ഡോ. ജലീലിന്റെ ഹ്രസ്വമെങ്കിലും കാമ്പ് നിറഞ്ഞ ഉദ്ഘാടനപ്രസംഗം. അധികം നീളാത്ത മുഖ്യപ്രഭാഷണം. വിഷയം സാഹിത്യമയം. അപ്രതീക്ഷിതമെങ്കിലും വേദിയില്‍ എനിക്കും കിട്ടി ഒരവസരം. മരുക്കാട്ടില്‍ പുഷ്ക്കലിച്ചുനില്ക്കുന്ന സാഹിതീസപര്യയുടെ ഭാഗഭാക്കാകുമ്പോഴുള്ള സായൂജ്യം ഒന്നുവേറെ തന്നെ.
മലയാളികളുടെ അക്ഷരസ്നേഹവും വായനാഭിനിവേശവും തുടിച്ചുനിന്ന ദിനങ്ങളായിരുന്നു ‘അക്ഷരങ്ങളുടെ കഥ പറഞ്ഞ’ ആ രാപ്പകലുകള്‍. വിവിധ ചിന്താസരണിയിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരും അക്ഷരലോകത്ത് പിച്ചവെച്ചുതുടങ്ങിയവരുമെല്ലാം ഒരേ ആവേശത്തോടെ, ജ്ഞാനവും വിജ്ഞാനവും നുകരാന്‍ മല്‍സരിക്കുന്ന കാഴ്ച, പഴയ കെയ്റോവിലെയും ദമസ്കസിലെയും അലപ്പോയിലെയും ബഗ്ദാദിലെയും ബുഖാറയിലെയും സമര്‍ഖന്തിലെയും ചന്തത്തെരുവുകളില്, ഒട്ടകപ്പുറത്ത് പുസ്തകങ്ങള്‍ പേറി വന്ന് വില്പന നടത്തിയ മുസ്ലിം നാഗരികസമൂഹത്തിന്റെ പോയ്പ്പോയ നല്ല കാലത്തെ കുറിച്ച് ഓര്‍ത്തെടുക്കാന്‍ നിര്‍ബന്ധിച്ചു. കടലില്‍ മീന്‍ പിടിച്ചും മുത്തുച്ചിപ്പികള്‍ മുങ്ങിപ്പെറുക്കിയും അരനൂറ്റാണ്ട് മുമ്പ് വരെ ജീവസന്ധാരത്തിന്റെ വഴിയില്‍ അറേബ്യന്‍ അതിജീവനതന്ത്രം മെനഞ്ഞെ ഒരു ജനത, ധന്യതയുടെ ഏണിപ്പടികള്‍ താണ്ടാന്‍ തുടങ്ങിയപ്പോള്‍ ഇസ്ലാമിന്റെ വൈജ്ഞാനികദാഹം അക്ഷരങ്ങള്‍ കൊണ്ട് ശമിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതിന്റെ അദ്ഭുത കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കണ്ടു. അറബ് സ്ത്രീകള്‍ കുടുംബപരിവാര സമേതമെത്തി ട്രോളി നിറയെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി ആവേശത്തോടെ തിരിച്ചുപോവുന്ന കാഴ്ചകള്‍, ഒരു ജനതയുടെ ധൈഷണിക ഉണര്‍വിന്റെ ദൃഷ്ടാന്തമല്ലാതെ പിന്നെന്താണെന്ന് മനസ് സ്വയം ചോദിച്ചു. അറബികളില്‍നിന്ന് സൗഭാഗ്യങ്ങളുടെ ഒരു വിഹിതം പങ്കുകൊള്ളാന്‍ എന്നും ഔല്‍സുക്യം കാണിച്ച മലയാളികള്‍, ഈ ധൈഷണിക ഉല്‍സവം കൊണ്ടാടാനും കടല്‍കടന്നെത്തിയത് കണ്ടപ്പോള്‍ മനസ് നിറഞ്ഞു. എം.എ ബേബി, ബിനോയ് വിശ്വം എം.പി, ഡോ. എം.കെ മുനീര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ , അബ്ദുസ്സമദ് സമദാനി, യു.എ ഖാദര്‍, കെ. ജയകുമാര്‍, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ്, ദീപ നിശാന്ത് , അലി അബ്ദുല്ല, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങി വലിയൊരു നിര തന്നെ ഷാര്‍ജയില്‍ തമ്പടിച്ചിരുന്നു. പത്രപ്രവര്‍ത്തക സുഹൃത്തുക്കളായ എം.സി നാസറിന്റെയും(പുറവാസം) ഫിറോസിന്റെയും (മരുഭൂമിയെ പ്രണയിച്ചവര്‍) സഹോദരി സബീന സാലിയുടെ (തണല്പെയ്ത്) യുമൊക്കെ രചനകള്‍ തിങ്ങിനിറഞ്ഞ സദസുകളില്‍ പ്രകാശിതമായപ്പോള്‍ വിജയക്കൊടി നാട്ടിയത് മലയാണ്മ തന്നെ.
പരതിയത് കുരിശുയുദ്ധം; തടഞ്ഞത് ‘സലാഡീന്’
കണ്ണില്‍ കണ്ട പുസ്തകങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നതിന് പകരം, നാം തേടിനടക്കുന്ന വല്ലതും കൈയില്‍ തടയുമോ എന്ന ആലോചനയിലാണ് മുന്നാല് ദിവസം സ്റ്റാളുകളിലൂടെ അലഞ്ഞത്.
പടിഞ്ഞാറന്‍ പ്രസാധകരില്നിന്നാവും നാമിതുവരെ കാണാത്ത ഇസ്ലാമിക രചനകള്‍ അല്ലെങ്കില്‍ ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ കൃതികള്‍ ലഭ്യമാവുക എന്ന കണക്കുകൂട്ടലില്‍ കയറിയിറങ്ങുമ്പോള്‍ കുരിശുയുദ്ധത്തിന്റെ ആധികാരികവും ആധുനികവുമായ ചരിത്രം പറയുന്ന വല്ല പുസ്തകവും കണ്ടെത്താനാവുമോ എന്നായിരുന്നു പ്രതീക്ഷ. ‘ക്രൂസേഡുമായി ബന്ധപ്പെട്ട വല്ലതും എന്ന് അന്വേഷിച്ചപ്പോള്‍ കമ്പ്യൂട്ടറില്‍ പരതിക്കൊണ്ടിരുന്ന മദാമ്മ, എന്റെ നേരെ തിരിഞ്ഞ്, ഒരു ചെറുചിരിയോടെ ചോദിച്ചു. ‘പുതിയ ക്രൂസേഡോ, പഴയ ക്രൂസേഡോ?’ മനസിലായില്ല എന്ന് അല്പം ഗൗരവത്തില്‍ പ്രതികരിച്ചപ്പോള്‍, സ്വബോധം വീണ്ടെടുത്ത മട്ടില്‍ അവര്‍ പറഞ്ഞു: ‘ഓ, യു വാണ്ട് ദി ക്ലാസിക് ക്രൂസേഡ്.’ അപ്പോള്‍ കുരിശുയുദ്ധങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പടിഞ്ഞാറിന്റെ വീക്ഷണഗതിയെന്ന് മനസ്സിലായി. പശ്ചിമേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരെ എന്ന പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിയ അതിക്രൂരമായ ആക്രമണങ്ങള്‍ കുരിശുയുദ്ധത്തിന്റെ ഭാഗമായാണ് ക്രൈസ്തവ ലോകം കാണുന്നതെന്ന് പലയിടങ്ങളിലും വായിച്ചതാണ്. 12ാം നുറ്റാണ്ടില്‍ ക്രൈസ്തവലോകവും ഇസ്ലാമിക സാമ്രാജ്യവും നടത്തിയ ഘോരഏറ്റുമുട്ടലുകളെയാണ് ക്ലാസിക് ക്രൂസേഡ് ആയി രേഖപ്പെടുത്തപ്പെട്ടത്. കുറെ നേരത്തെ പരതലിനു ശേഷം, അവരുടെ മുഖഭാവം പറഞ്ഞു, ഈ വിഷയത്തില്‍ ഒരു പുസ്തകവും കാണാനില്ല എന്ന്. അടുത്ത സ്റ്റാളിലും അന്വേഷണം തുടര്‍ന്നു. ഒടുവില്‍ ഒരിടത്തുനിന്ന് ശുഭവാര്‍ത്ത വന്നു; കിട്ടിപ്പോയി! പക്ഷേ, പുസ്തകത്തിന്റെ പേര് ‘ടഅഘഅഉകച’. ജോണ്‍ മാന്റെ രചന. സ്വലാഹുദ്ദീന്‍ അയ്യൂബി എന്ന കുരിശുയുദ്ധ നായകനെ കുറിച്ചുള്ള പുസ്തകം കൊള്ളാം, എന്നിരുന്നാലും ക്രൂസേഡിന്റെ എല്ലാ വശങ്ങളും മനസിലാക്കാനുള്ള ഒരു ഗ്രന്ഥത്തിനായുള്ള അന്വേഷണം തുടരുകയേ നിവൃത്തിയുള്ളൂ.
മകന് താമസിക്കുന്ന ഫ്ളാറ്റില്‍ ചെന്ന് പുസ്തകത്തിന്റെ ആദ്യപുറങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ തന്നെ ആവേശം കൂടി. ചെങ്കിസ് ഖാനെയും കുബ്ലൈഖാനെയും മംഗോള്‍ സാമ്രാജ്യത്തെ കുറിച്ചും ആഴത്തില്‍ പഠിച്ചു രചനകള്‍ നടത്തിയ ജോണ്‍മാന്‍ എന്ന കൃതഹസ്തനായ ഒരു ചരിത്രകാരനില്നിന്നാണ് ‘സലാഡീ’നും നമ്മുടെ കൈകളിലെത്തുന്നത്. മുസ്ലിം ലോകത്തിന് ഇന്നും കര്‍മചൈതന്യം പകരുകയും ഓരോ വിശ്വാസിയുടെ മനോമുകുരത്തിലും ഉത്തമപോരാളിയുടെ ശ്രേഷ്ഠമാതൃകയായി പരിലസിക്കുകയും ചെയ്യുന്ന സ്വലാഹുദ്ദീന്‍ അയ്യൂബി എന്ന ഭരണനായകനെ കുറിച്ചുള്ള വിശേഷണങ്ങളെല്ലാം ധിഷണയെ ത്രസിപ്പിക്കുന്നതാണ്.
12ാം നൂറ്റാണ്ടില്‍ ക്രൈസ്തവ കുരിശുയുദ്ധത്തില്‍നിന്ന് ഇസ്ലാമിനെ രക്ഷിച്ച ഐതിഹാസിക കഥാപാത്രമായാണ് സ്വലാഹുദ്ദീനെ വിശേഷിപ്പിക്കുന്നത്. തന്റെ ക്രൈസ്തവ ശത്രുക്കളുടെ പോലും ആദരം പിടിച്ചുപറ്റാന്‍ തന്റെ വിശ്വാസസംരക്ഷണത്തിന് ബുദ്ധിപരമായ പ്രതിരോധ നേതൃത്വം തീര്‍ത്ത ഈ പോരാളിക്ക് സാധിച്ചു. ഹിംസക്ക് പരമാവധി അവധി നല്കി. സഹിഷ്ണുതയുടെയും മാനവികതയുടെയും ഉദാത്ത രൂപങ്ങള്‍ പുറത്തെടുത്ത് യൂറോപ്പിനെ അദ്ദേഹം അമ്പരപ്പിച്ചു. അദ്ദേഹം വിടപറഞ്ഞിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദമസ്കസിലും കെയ്റോവിലും അതിനപ്പുറത്തെ ഇസ്ലാമിക ലോകത്തും പടിഞ്ഞാറിനെതിരെ സൈനികമായും മതപരമായുമുള്ള ചെറുത്തുനില്പിന്റെ ഉജ്വലപ്രതീകമായി അദ്ദേഹത്തിന്റെ സമൃതികള്‍ നിലകൊള്ളുന്നു. ഏകോപിതമായ ഇസ്ലാമിക രാജ്യങ്ങളെ കുറിച്ചുള്ള ഏത് ആലോചനയും സ്വലാഹുദ്ദീനെ കുറിച്ചുള്ള ഓര്‍മകളിലാണ് ചെന്നവസാനിക്കുന്നതെന്ന് സാരം.
കിഴക്കും പടിഞ്ഞാറും, ക്രിസ്ത്യാനിറ്റിയും ഇസ്ലാമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ചരിത്രത്തിന്റെ ഗതി തിരിച്ചുവിടുകയും ചെയ്ത കുരിശുയുദ്ധത്തിന് ജറൂസലം പിടിച്ചടക്കിക്കൊണ്ട് വഴിത്തിരിവ് സൃഷ്ടിച്ച സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ അസാധാരണ നേതൃപാടവവും പോരാട്ടവീര്യവും പ്രതിപാദിക്കുന്ന ഈ പുസ്തകം ഒറ്റയിരിപ്പില്‍ വായിച്ചുതീര്ക്കാനാവുന്നത് ആ വ്യക്തിത്വത്തിന്റെ അനിതരസാധാരണമായ പ്രഭാവവും ഔജ്വലവും ആ കാലഘട്ടത്തെ തന്നെ പ്രകാശപൂരിതമാക്കുന്നു എന്നത് കൊണ്ടാണ്. സ്വന്തം ഖജനാവില്‍നിന്ന് 70,000 ദീനാര്‍ എടുത്ത് യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ മോചിപ്പിക്കാന്‍ സ്വലാഹുദ്ദീന്‍ കാണിച്ച മഹാമനസ്കതയും ശത്രുസൈനികരോട് കാണിച്ച ഉദാരമായ കാരുണ്യവും യുദ്ധത്തിന് മുമ്പ് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നോരോന്നായി പാലിക്കുന്നതില്‍ കാണിച്ച ശുഷ്കാന്തിയും തങ്ങള്‍ക്കേറ്റ കടുത്ത പ്രഹരങ്ങള്‍ക്കിടയിലും യൂറോപ്പില്‍ അദ്ദേഹത്തിന്റെ യശസ്സും സദ്കീര്‍ത്തിയും വാനോളമുയര്‍ത്തി. ഇന്നും ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ പ്രവാചകന് കഴിഞ്ഞാല്‍, ഏറ്റവും സുവിദിതമായ നാമം സ്വലാഹുദ്ദീന്‍ അയ്യൂബിയുടേതാണത്രെ .
വഹാബി ഇസ്ലാമിനെ വെള്ളപൂശുമ്പോള്‍
ഇസ്ലാമിനെ സംബന്ധിച്ച നവീനമായ കാഴ്ചപ്പാടുകള്‍ നല്കുന്ന, ആധുനിക പടിഞ്ഞാറന്‍ ഗവേഷകരുടെ പുതിയ രചനകള്‍ തേടിയുള്ള കയറിയിറക്കം വൃഥാവിലായെന്ന് വരെ തോന്നി. പുതിയ ടൈറ്റിലുകള്‍ വിരളമാവാന്‍ കാരണങ്ങള്‍ പലതുമാവാം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഗള്‍ഫ് യുദ്ധം ഇസ്ലാമിക ലോകത്തേക്ക് പടിഞ്ഞാട്ട് നിന്നുള്ള എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ആകര്‍ഷിച്ചുതുടങ്ങിയത് കേവലം രാഷ്ട്രീയ താല്പര്യത്തോട് കൂടി മാത്രമല്ല എന്ന് എല്ലാവരും സമ്മതിക്കുന്നു. എണ്ണസമ്പത്ത് പടുത്തുയര്‍ത്തിയ ഇസ്ലാമിന്റെ ‘പുതിയതും അത്യാധുനികവുമായ ലോക’ത്ത് ധൈഷണിക വ്യവഹാരങ്ങള്‍ക്കപ്പുറം സാമ്പത്തികവും വാണിജ്യപരവുമായ താല്പര്യങ്ങളാണ് ആധിപത്യം സ്ഥാപിച്ചത്. വൈജ്ഞാനികവും നാഗരികവുമായ ഇസ്ലാമിന്റെ ജൈവികതക്ക് പുത്തനുണര്‍വ് നല്‍കാനെന്ന മട്ടില്‍ സ്ഥാപിക്കപ്പെട്ട അക്കാദമിക കേന്ദ്രങ്ങളും ഗവേഷണശാലകളും സൂക്ഷ്മതലത്തില്‍ അന്വേഷിച്ചാല്‍ രാഷ്ട്രീയലാക്കോട് കൂടിയും സാമാന്യജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രത്തിന്റെ ഭാഗവുമാണെന്ന് കണ്ടെത്തിയേക്കാം. സഊദി അറേബ്യ, ഈജിപ്ത്, ഇറാഖ് തുടങ്ങി ഇസ്ലാമിന്റെ ക്ലാസിക് കാലഘട്ടത്തെ സാംസ്കാരിക മുന്നേറ്റങ്ങള്‍ കൊണ്ട് ധന്യമാക്കിയ രാജ്യങ്ങളില്‍നിന്നുള്ള ഒരു വലിയ പാരമ്പര്യത്തിന്റെ നിഴല്‍പോലെ കുറെ പ്രസിദ്ധീകരണാലയങ്ങളില്നിന്ന് നിരവധി കൃതികള്‍ ഷോക്കേസ് ചെയ്തതായി കാണാം. പോയ കാല്‍നൂറ്റാണ്ട് ഇസ്ലാമിനെ സംബന്ധിച്ച് ഏറ്റവും കടുത്ത പരീക്ഷണങ്ങളുടെയും സ്വത്വപ്രതിസന്ധിയുടെയും നിലനില്പ് തന്നെ അവതാളത്തിലാക്കിയ ക്രൂരയുദ്ധങ്ങളുടേതുമാണല്ലൊ. എന്നാല്‍, ഈ കാലയളവില്‍ അറബ് ഇസ്ലാമിക ലോകം അനുഭവിച്ച വ്യഥകളുടെയും കഷ്ടനഷ്ടങ്ങളുടെയും കണ്ണീരിന്റെയും ചിറകരിയപ്പെട്ട സ്വപ്നങ്ങളുടെയും വേപഥു തൂവുന്ന യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്ന രചനകളൊന്നും ഹ്രസ്വ അന്വേഷണത്തില്‍ കണ്ടെത്താനായില്ല. ഉള്ളത് ഐ.എസിനെയും ഇസ്ലാമിക ഭീകരതയെയും പഴയ അതേ ക്യാന്‍വാസില്‍ വരച്ച്, ഒരേ ചായം നല്കുന്ന അറപ്പുളവാക്കുന്നവ മാത്രം. പിന്നീട് സ്വയം ചോദിച്ചു; ഏത് അറബ് രാജ്യത്തുനിന്നാണ് സത്യം തുറന്നുപറയാന്‍ ആര്‍ജവമുള്ള ധീരരായ എഴുത്തുകാര്‍ ഇക്കാലത്ത് മുന്നോട്ടുവരുക? സ്വലാഹുദ്ദീന്‍ അയ്യൂബി കടന്നുപോയ വഴികളില്‍ ദാസ്യമനോഭാവം കൊണ്ട് ആണത്തം മരവിക്കുകയും ധൈഷണികമായി വരിയുടക്കപ്പെടുകയും ചെയ്തവരല്ലേ ഭൂരിഭാഗവും.
പ്രവാചകനെ കുറിച്ചുള്ള ഏറ്റവുമൊടുവിലത്തെ രചനകള്‍ക്കായി പിന്നീടുള്ള നെട്ടോട്ടം. അവിടെയും പടിഞ്ഞാറിനെ കൊണ്ട് എഴുതിപ്പിക്കാനാണ് എണ്ണപ്പെട്ട പ്രസാധകരെല്ലാം ശ്രമിച്ചിരിക്കുന്നതെന്ന് തോന്നി. സഊദിയില്‍നിന്നുള്ള കളക്ഷനുകള്‍ മുഴുവന്‍ സലഫിമയം. മുമ്പ് എവിടെനിന്നോ റഫര്‍ ചെയ്ത ‘Wahabi Islam : From Revival and Reform to Global Jehad – Natnaj. Delong ) വീണ്ടും കണ്ണില്പെട്ടപ്പോള് 80ദിര്‍ഹം കൊടുത്ത് ഒന്ന് സ്വന്തമാക്കി. മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിന്റെ ജീവിതവും കാഴ്ചപ്പാടും മതവീക്ഷണങ്ങളുമൊക്കെ ആഴത്തില്‍ അപഗ്രഥിക്കുന്ന ഈ പുസ്തകം വഹാബിസത്തെ ഉയരത്തില്‍ പ്രതിഷ്ഠിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന് പേജുകള്‍ മറിച്ചുനോക്കിയപ്പോള്‍ തന്നെ മനസിലായി. മുഹമ്മദ് ബിനു അബ്ദുല്‍ വഹാബിന്റെമേല് ഇബ്നു തൈമിയയുടെ സ്വാധീനം എത്ര അളവില്‍ എന്ന് ലേഖിക അന്വേഷിച്ചുക്ഷീണിക്കുന്നുണ്ട്. എന്നാല്‍, അബ്ദുല്‍ വഹാബിന്റെ ആദ്യകാല ജീവിത പരീക്ഷണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നിടത്തുതന്നെ, ഇസ്ലാമിന്റെ അടിസ്ഥാന നിലപാടില്‍നിന്നുള്ള വ്യതിചലനം സ്വദേശത്തും കുടുംബത്തിലും എന്തുമാത്രം സംഘര്‍ഷം വിതച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതായി കാണാം. നജ്ദിലെ അല്‍ ഉയയ്ന കേന്ദ്രീകരിച്ച് അദ്ദേഹം തുടങ്ങിവെച്ച ‘തൗഹീദ് ‘ വിപ്ലവത്തില്‍ പരമ്പരാഗത പണ്ഡിതവിഭാഗം അപകടം മണത്തറിഞ്ഞു. മക്കയിലേക്ക് നാട് കടത്തി. അവിടെനിന്ന് മദീനയിലേക്ക് നീങ്ങി. അക്കാലഘട്ടത്തിലെ ഹദീസ് പണ്ഡിതന്മാരായ ശൈഖ് അബ്ദല്ല ഇബ്നു ഇബ്രാഹീം ബിന്‍ സയ്ഫ്, ഇന്ത്യയില്‍നിന്നുള്ള ശൈഖ് മുഹമ്മദ് ഹയാത്ത് അല്സിന്ധി എന്നിവരുടെ ശിഷ്യത്വം അബ്ദുല്‍ വഹാബിന്റെ നൂതനചിന്തകളെ കാട് കയറ്റി. മുഗിള സാമ്രാജ്യത്തിന്റെ തകര്‍ച്ച കണ്ട് ഭയന്നോടിയ മുഹമ്മദ് ബിന്‍ ഹയാത്ത് സിന്ധി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് എന്ന സിദ്ധാന്തത്തിലൂടെ, ബാഹ്യ ഇടപെടലുകളാണ് ഇസ്ലാമിക ലോകത്തെ ഇമ്മട്ടില്‍ പതനത്തിലെത്തിച്ചതെന്ന് പറഞ്ഞുകൊടുത്തു. ഒരിക്കല്‍ മദീനയില്‍ റൗളാശരീഫിന്റെ സമീപം ഈ ഗുരുവുമൊത്ത് നില്ക്കുമ്പോള് പ്രവാചകന്റെ ഖബറിടം െതാടാനും അവിടെ നിന്ന് പ്രാര്‍ത്ഥിക്കാനും പല രാജ്യങ്ങളില്‍നിന്നുള്ള ജനം തിരക്കുകൂട്ടുന്നത് കണ്ട്, അല്സിന്ധി ചോദിച്ചത്രെ ‘എന്താണ് ഇതിനെ കുറിച്ച് പറയാനുള്ളതെന്ന്.’ ‘ഇവര്‍ ചെയ്യുന്നത് തെറ്റായ കാര്യങ്ങളായത് കൊണ്ട് കൈ കഴുകി വൃത്തിയാക്കണ’മെന്നായിരുന്നുവെത്ര മറുപടി. അബ്ദുല്‍ വഹാബിന്റെ പിഴച്ച സിദ്ധാന്തങ്ങള്‍ സ്വന്തം പിതാവിനെ പോലും ചൊടിപ്പിച്ചു. 1740ല്‍ പിതാവ് ഉയയ്നിലെ ഖാളി കൂടിയായ അബ്ദുല്‍ വഹാബ്ബ്നു സുലൈമാന്‍ മരിക്കുന്നത് വരെ അന്നാട്ടില്‍ ചെന്ന് ആരെയും ഒന്നും പഠിപ്പിക്കാന്‍ ഇദ്ദേഹത്തെ അനുവദിച്ചില്ലെന്ന് പുസ്തകം തുറന്നുപറയുന്നുണ്ട്.
പ്രവാചകനെ കുറിച്ച് മലയാളികളുടെ ഇംഗ്ലീഷ് രചന
സെപ്തംബര്‍ 11ന് ശേഷം ഇസ്ലാമിനെ കുറിച്ച് ലോകം പുതിയ ആവേശത്തോടെ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ അതിന് മുഖ്യകടമ്പയായി നിന്നത് ഉള്ളടക്കത്തിലും ഭാഷയിലും നിലവാരമുള്ള രചനകളുടെ അഭാവമാണെന്ന് പലരും എടുത്തുപറഞ്ഞിട്ടുണ്ട്. പ്രവാചകന്റെ ശ്രേഷ്ഠജീവിതത്തിന്റെ ഉദാത്തവശങ്ങളിലേക്ക് വെളിച്ചം വീശുന്ന മികച്ച രചനകള്‍ ഇംഗ്ലീഷില്‍ വിരളമാണ് എന്നത് വലിയ പോരായ്മ തന്നെയാണ് . മിഷനറി സ്പിരിറ്റോടെ തയാറാക്കപ്പെടുന്ന കൃതികളില്‍ മുഴച്ചു നില്ക്കുന്ന അപാകം വസ്തുതകള്‍ക്കും സമര്ത്ഥനങ്ങള്ക്കുമപ്പുറത്തുള്ള െൈവകാരിക അവതരണമായിരിക്കും. ഭാഷയുടെ ബലഹീനതയും രചനാവൈഭവത്തിന്റെ പോരായ്കളും വായനക്ഷമത നശിപ്പിക്കുക സ്വാഭവികം. മലയാളികളായ എത്ര എഴുത്തുകാര്‍ ഇംഗ്ലീഷില്‍ ഇസ്ലാമിക വിഷയത്തില്‍ രചനകളിലേര്‍പ്പെട്ടിട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു തിട്ടവുമില്ല. പ്രവാചകന്റെ ജീവിതകഥ സാമാന്യജനത്തിനു പോലും ഗ്രാഹ്യമായ ആംഗലേയ ഭാഷയില്‍ മലയാളികളും തയാറാക്കിയിട്ടുണ്ട് എന്ന സത്യം പലര്‍ക്കുമറിയില്ല. പദ്യരൂപത്തില്‍ പ്രവാചക ജീവിതം ലളിതമായ ഭാഷയില്‍ തയാറാക്കിയിട്ടുണ്ട്. കോഴിക്കോട്ടുകാരനായ ഡോ. ഉമര്‍ ഒ. തസ്നീം, മരുഭൂമിയുടെ ആത്മാവ് ( The Soul of Desert- a biography of the holy prophet in verse) എന്ന ശീര്‍ഷകത്തില്‍. നീണ്ട ഒരാമുഖത്തിന് ശേഷം, പ്രവാചകന്റെ ജീവിതം കാവ്യരൂപത്തില്‍ പറഞ്ഞുതരുമ്പോള്‍, പിറന്നുവീണത് മുതല്ക്കുള്ള ജീവിതം വര്‍ണാഭമായി നമ്മുടെ മുന്നില്‍ കെട്ടഴിഞ്ഞുവീഴുകയാണ്; ചരിത്രവസ്തുതകളൊന്നും വിട്ടുകളയാതെ. പ്രവാചകനെ കുറിച്ച് പഠിക്കാന്‍ പുറപ്പെടുന്ന ഏത് ജ്ഞാനകുതുകിക്കും ഉമര്‍ തസ്നീമിന്റെ കാവ്യാത്മക ശൈലിയുടെ വശ്യത അപൂര്‍വമായൊരു അനുഭൂതി കൈമാറുമെന്ന് തീര്‍ച്ച. അതുകൊണ്ടാവണം സിയാവുദ്ദീന് സര്‍ദാര്‍, ‘A vivid poetic portrait of the life of Prophet Muhammad. Inspiring and heart-warming’ എന്ന് ഇതിനെ പ്രകീര്‍ത്തിച്ചത്. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കുന്ന വാക്കുകളില്‍ അഗ്നി സ്ഫുരിക്കാതിരിക്കില്ലല്ലോ.
ഭീകരകൃത്യങ്ങള്‍ ഇസ്ലാമിന്റെമേല്‍ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന കാലസന്ധിയില്‍ കാരുണ്യത്തിന്റെ പ്രവാചകനെ വേദഗ്രന്ഥങ്ങളും ചരിത്രപ്രമാണങ്ങളും മുന്നില്‍ വെച്ച് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള മറ്റൊരു ശ്രമം ഇബ്രാഹീം അല്‍ മലബാരി നടത്തിയത് മലയാളികള്‍ പലരും അറിഞ്ഞിരിക്കില്ല. പ്രത്യേകിച്ചും ഇദ്ദേഹം കാനഡവാസിയായത് കൊണ്ട്. ‘മെഴ്സി പ്രൊഫറ്റ് മുഹമ്മദ്സ് ലെഗസി റ്റു ഓള് ക്രിയേഷന്‍സ്’ ( LEGACY- Prophet Muhammad’s Legacy to all Creation ) എന്ന പുസ്തകം ഈ ദിശയില്‍ കൂടുതല്‍ പഠനാര്‍ഹവും ഗവേഷണാധിഷ്ഠിതവുമായ രചനകളുടെ സാധ്യതകള്‍ കാണിച്ചുതരുന്നുണ്ട്. അക്ഷരങ്ങളുടെ കഥ, ചിന്തയുടെയും സ്വപ്നങ്ങളുടെയും ഭാവനകളുടെയും കഥ കൂടിയാണ്. നല്ല അക്ഷരങ്ങളിലൂടെ മാത്രമേ മനുഷ്യകുലത്തിന് കഥ പറയാന്‍ കഴിയൂ എന്ന് കൂടി മരുക്കാട്ടിലെ സമ്മോഹന സംഗമം കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്നു.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login