തിരുനബി(സ) കുറിച്ചുള്ള ചരിത്ര പഠനങ്ങളില്‍ ക്ലാസിക്കല്‍ പഠന രീതികളില്‍ നിന്നും വിഭിന്നമായി രണ്ടുതരം രീതികളാണ് ഇന്ന് പ്രധാനമായും കണ്ടുവരുന്നത്. ശരീഅതിന്റെ വിധി വിലക്കുകള്‍ തിരുനബിയുടെ ചരിത്രത്തില്‍നിന്ന് കണ്ടെത്തുകയും, ഖുര്‍ആനും ഹദീസും പഠിപ്പിച്ച വിധി വിലക്കുകള്‍ പ്രവാചകരുടെ ജീവിത വഴിയില്‍ എപ്രകാരമാണ് നടപ്പില്‍ വരുത്തിയത് എന്നന്വേഷിക്കുകയും ചെയ്യുന്ന ഫിഖ്ഹുസ്സീറകളാണ് ഒന്നാമത്തെ രീതി. തിരുജീവിതത്തിലെ ഓരോ അടരുകളില്‍ നിന്നും എന്തെല്ലാം വിധികളാണ് ലഭിക്കുക എന്നും ഏതെല്ലാം പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമാകുക എന്നും ഇവകള്‍ പരിശോധിക്കുന്നു. മറ്റൊരു രീതി അവിടുത്തെ ജീവിതാധ്യായങ്ങളില്‍ നിന്ന് ഓരോ അധ്യായങ്ങളുമെടുത്ത് വിശദമായി പഠിക്കുന്ന രീതിയാണ്. സല്‍ഗുണസമ്പൂര്‍ണനായ ഒരു അസാധാരണ മനുഷ്യന്റെ ചരിത്രത്തിലെ ഓരോ അധ്യായങ്ങളും ഇഴകീറി പരിശോധിക്കുന്ന ഈ രീതിക്കു സ്വാഭാവിക പരിമിതികളുണ്ടെങ്കിലും ഇവ്വിഷയത്തില്‍ ജ്ഞാനികള്‍ കാണിച്ച ഔത്സുക്യം അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാവരും തീര്‍ത്തും അപൂര്‍ണം എന്നു പറഞ്ഞു തുടങ്ങുന്ന ഇത്തരം ചരിത്ര ഗ്രന്ഥങ്ങള്‍ മനുഷ്യസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അത്തരം ചരിത്ര രീതികളില്‍ രചിക്കപ്പെട്ട ഒരു പ്രധാന അറബി ഗ്രന്ഥമാണ് ഡോ: റാഗിബ് ഹനഫി അസ്സിര്‍ജാനിയുടെ ‘അര്‍റഹ്മത്തു ഫീ ഹയാതിര്‍റസൂല്‍ സ്വല്ലല്ലാഹു അലൈഹിവസല്ലം’ അഥവാ തിരുജീവിതത്തിലെ കാരുണ്യം എന്ന ഗ്രന്ഥം.
പേരു പോലെത്തന്നെ പുസ്തകത്തിന്റെ ആദ്യാവസാനം വരെ ജീവിതത്തിലെ കാരുണ്യത്തിന്റെ വ്യത്യസ്ത സംഭവങ്ങള്‍ വിശദീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത് ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള കാരുണ്യ സ്പര്‍ശം അപ്പടി ഉദ്ധരിക്കുന്നതിനു പകരം 487 പേജുകളുള്ള പുസ്തകത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഒന്ന് മുസ്‌ലിംകളോട് കാണിച്ച കാരുണ്യവും കൃപയും, രണ്ട്, അമുസ്‌ലിംകളോട് കാണിച്ച കാരുണ്യവും ദയയും സ്‌നേഹവും. മനുഷ്യേതര ജന്തുക്കള്‍, മരങ്ങള്‍, അചേതന വസ്തുക്കള്‍ തുടങ്ങിവയോടുള്ള നബി തങ്ങളുടെ സ്‌നേഹവായ്പും കാരുണ്യവും ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ല തന്നെ. തിരുനബിയുടെ ജീവിതം അനാവരണം ചെയ്യാന്‍ ശ്രമിച്ച ഒട്ടുമിക്ക ചരിത്രകാരന്മാരെയും വ്യംഗ്യമായി കുറ്റപ്പെടുത്തിയാണ് ഗ്രന്ഥകാരന്റെ തുടക്കം. രാഷ്ട്രീയ ജീവിതം അഥവാ യുദ്ധങ്ങള്‍ക്കാണ് ഒട്ടുമിക്ക രചനകളിലും വന്‍പ്രാധാന്യം ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയ ജീവിതത്തിലെ സമാധാന ശ്രമങ്ങളെ കാണാന്‍ ആരും തയാറായതുമില്ല. യുദ്ധങ്ങള്‍ അഥവാ സമരങ്ങള്‍ സമാധാനം സ്ഥാപിക്കാനുള്ളതായിരുന്നുവെങ്കില്‍ കൂടി യുദ്ധങ്ങളെപ്പോലെ തന്നെ അല്ലെങ്കില്‍ അതിലുപരി അടയാളപ്പെടുത്തേണ്ട ധാരാളം ഉടമ്പടികളും കരാറുകളും തിരുനബി ജീവിതത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. പല കരാറുകളും വളരെ ഏകപക്ഷീയമായി ശത്രുക്കള്‍ക്കനുകൂലമായിട്ടും സമാധാനം കാംക്ഷിച്ച് തിരുനബി അവയില്‍ ഒപ്പുവെക്കാന്‍ തയാറായി. അനുയായികളില്‍ പലരുടെയും ശക്തമായ സമ്മര്‍ദത്തിനു വഴങ്ങാതെയായിരുന്നു പലപ്പോഴും ഈ ഒപ്പു ചാര്‍ത്തല്‍. ഹുദൈബിയ്യ സന്ധിതന്നെ വലിയ തെളിവാണ്. പക്ഷേ ഇത്തരം സന്ധികളോ കരാറുകളോ ഉടമ്പടികളോ അവയുടെ സ്വഭാവമോ അവയ്ക്കു പിന്നിലെ മാതൃകാപരമായ ഫിലോസോഫിയോ അനാവരണം ചെയ്യാനുള്ള സന്നദ്ധത ബഹുഭൂരിഭാഗം ചരിത്രകാരന്മാരിലും ഉണ്ടായില്ല എന്നത് ഖേദകരവും മാനവരാശിക്ക് മഹാനഷ്ടവുമാണ്.
മാത്രമല്ല, ഈജിപ്തിലെ കൈറോ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിഭാഗം പ്രൊഫസറും സര്‍ജറിയില്‍ പി എച് ഡിയും എടുത്ത ഗ്രന്ഥകാരന്‍ പുസ്തകത്തിന്റെ തുടക്കം തന്നെ മുസ്‌ലിം ഉമ്മത്തിനോട് പരിതപിക്കുന്നതു ഇങ്ങനെ സംഗ്രഹിക്കാം: ‘യൂറോപ്പിലെയും അമേരിക്കയിലെയും പ്രധാനപ്പെട്ട ഒട്ടുമിക്ക ലൈബ്രറികളിലും ഞാന്‍ പോയിട്ടുണ്ട്. തിരുനബിയുടെ(സ) ജീവിതത്തെക്കുറിച്ചെഴുതിയ പുസ്തകങ്ങള്‍ പരതുകയായിരുന്നു എന്റെ ലക്ഷ്യം. ഇംഗ്ലീഷിലും മറ്റിതര ഭാഷകളിലും രചിക്കപ്പെട്ട നൂറുകണക്കിന് രചനകള്‍ എനിക്കവിടങ്ങളില്‍ നിന്ന് ലഭിച്ചുവെങ്കിലും ഹൃദയംപൊട്ടി വളരെ വേദനയോടെ പറയട്ടെ, ബഹുഭൂരിഭാഗം രചനകളും അമുസ്‌ലിംകളുടേതായിരുന്നു. അതില്‍ വളരെ വിരളമായ ഗ്രന്ഥങ്ങള്‍ മാത്രമാണ് നിഷ്പക്ഷ രചന നടത്തിയവ. മിക്ക പുസ്തകങ്ങളും കളവിന്റെയും അസഭ്യങ്ങളുടെയും കുത്തൊഴുക്കാണ്. സത്യം തീരെ സ്പര്‍ശിക്കാത്ത രചനകള്‍. എങ്കില്‍ എന്റെ ചോദ്യം ഇതാണ്; എവിടെ മുസ്‌ലിംകള്‍? ‘മതത്തിനു വേണ്ടിയുള്ള ഏറ്റവും വലിയ ജിഹാദ് സ്വന്തം മതത്തിന്റെയും നേതാവിന്റെയും യഥാര്‍ത്ഥ ജീവിതവും അധ്യാപനങ്ങളും സമൂഹത്തിനു മുമ്പിലെത്തിക്കലാണെന്നു അറിഞ്ഞിട്ടും മുസ്‌ലിം ലോകം എന്തുകൊണ്ട് മടികാണിക്കുന്നുവെന്നു അദ്ദേഹം ചോദിക്കുന്നു. അല്ലാഹുവിന്റെ സവിധത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും അദ്ദേഹം എഴുതിച്ചേര്‍ക്കുന്നു. തിരുജീവിതം തെറ്റായി അവതരിപ്പിക്കുന്നതില്‍ അത്രമാത്രം നീച ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന കേട്ടറിവിനു പകരം നേരിട്ട് ബോധ്യപ്പെട്ട ഒരാളാണ് ഈ ഗ്രന്ഥകാരന്‍.
മറ്റു ചില ഈജിപ്ഷ്യന്‍ എഴുത്തുകാരെപ്പോലെ തന്നെ ഇദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങളില്‍ സലഫി ആശയങ്ങള്‍ കടന്നു കൂടിയിട്ടുണ്ടെങ്കിലും ഈ പുസ്തകത്തില്‍ അത്തരം പരാമര്‍ശങ്ങള്‍ എന്റെ വായനയില്‍ കണ്ടെത്താനായിട്ടില്ല. മാത്രമല്ല തിരുനബിയോടുള്ള അദ്ദേഹത്തിന്റെ അപാരമായ സ്‌നേഹം പുസ്തകത്തിലുടനീളം കാണാം.
ഒന്നാം അധ്യായത്തില്‍ തന്നെ, ബൈബിളിലെ യശയ്യാവ് അധ്യായത്തിലെ തുടക്കത്തില്‍ നല്‍കിയിരിക്കുന്ന ചില വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഡോക്ടര്‍ റാഗിബ് സമര്‍ത്ഥിക്കുന്നത് ബൈബിളും ഖുര്‍ആനും തമ്മില്‍ കാരുണ്യവാനായ അല്ലാഹുവിനെ അഥവാ കര്‍ത്താവിനെ അവതരിപ്പിക്കുന്നതില്‍ അടിസ്ഥാന വ്യത്യാസമുണ്ടെന്നാണ്. ബൈബിള്‍ വചനം ഇങ്ങനെ വായിക്കാം: ‘ഭൂമിയും അതിലുള്ളവയും ശ്രവിക്കട്ടെ! ലോകവും അതില്‍ നിന്നു പുറപ്പെടുന്നവയും ശ്രദ്ധിക്കട്ടെ!. എല്ലാ ജനതകളുടെയും നേരേ കര്‍ത്താവ് കോപിച്ചിരിക്കുന്നു. അവരുടെ സര്‍വ സൈന്യങ്ങളുടെയും നേരേ അവിടുത്തെ കോപം ആഞ്ഞടിക്കുന്നു; അവിടുന്ന് അവരെ വധിച്ചിരിക്കുന്നു; അവരെ കൊലയ്‌ക്കേല്‍പിച്ചിരിക്കുന്നു. അവരുടെ വധിക്കപ്പെട്ടവര്‍ വലിച്ചെറിയപ്പെടുകയും മൃതശരീരത്തില്‍ നിന്നു ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. പര്‍വതങ്ങളില്‍ അവരുടെ രക്തം ഒഴുകും. ആകാശസൈന്യങ്ങള്‍ തകര്‍ന്നു നശിക്കും.” എന്നാല്‍ ഖുര്‍ആന്‍ തുടങ്ങുന്നത് തന്നെ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ രണ്ടു വിശേഷണങ്ങള്‍ പറഞ്ഞുകൊണ്ടാണ്. ഏറ്റവും മൂര്‍ത്തമായ റഹ്മാന്‍ വിശേഷണം പറഞ്ഞു അവസാനിപ്പിക്കാതെ റഹീം എന്ന വിശേഷണവും പറയുന്നു. കാരുണ്യം പുല്‍കാനും കാരുണ്യവാനായിരിക്കാനും മാലോകരെ നിരന്തരം ഉണര്‍ത്തുന്ന ഖുര്‍ആന്‍, ഹദീസ് വചനങ്ങളും ഗ്രന്ഥകാരന്‍ ധാരാളം പ്രതിപാദിക്കുന്നുണ്ട്. മാലോകര്‍ക്കു മൊത്തം അനുഗ്രഹമായിട്ടല്ലാതെ നിയോഗിച്ചിട്ടില്ല എന്ന പ്രസ്താവന മറ്റു ഗ്രന്ഥങ്ങളില്‍ ഒരാളെ കുറിച്ചും കാണാനാവില്ല. നബിയുടെ കാരുണ്യം വിശദീകരിക്കാന്‍ ഒരു മനുഷ്യജന്മത്തിനും സാധ്യമല്ലെന്നു വിവരിക്കുന്ന അദ്ദേഹം നബിതങ്ങളുടെ നൂറയലത്തുപോലും എത്തുന്ന കാരുണ്യസ്പര്‍ശം ഒരു നേതാവിലും ഉണ്ടായിട്ടില്ലെന്നും ഉണ്ടാകില്ലെന്നും ഉണര്‍ത്തുന്നു. ചരിത്രവും അതാതു കാലത്ത് ജനതയും പലര്‍ക്കും പല കാലങ്ങളിലും പല സ്ഥാനപ്പേരുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒരിക്കലും ഒരാള്‍ക്കും അല്‍ അമീന്‍ അഥവാ വിശ്വസ്തന്‍ എന്നു നല്‍കപ്പെട്ടിട്ടില്ല. നീണ്ട പതിറ്റാണ്ടുകള്‍ എല്ലാവര്‍ക്കും വിശ്വസ്തനായി ജീവിക്കാനാവില്ല എന്നതാണ് സത്യം. ആ പേര് നല്‍കപ്പെട്ട വ്യക്തി മുഹമ്മദ് നബി മാത്രമാണ്. വിശ്വസ്തത പോലെതന്നെയായിരുന്നു അവിടുത്തെ കാരുണ്യവും. വിശ്വാസികള്‍ക്ക് സ്വന്തത്തോടുള്ളതിനെക്കാളും പ്രിയം അവരോട് നബി തങ്ങള്‍ക്കുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു(അഹ്‌സാബ് 6).
ബലഹീനരോട് നബിതങ്ങള്‍ കാണിച്ച സ്‌നേഹവായ്പാണ് ആദ്യശീര്‍ഷകത്തില്‍ കൊണ്ടുവരുന്നത്. ബലഹീനതയെ അദ്ദേഹം വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ തന്നെ നിര്‍വചിച്ചു. മനുഷ്യരെ ബലഹീനരായാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുര്‍ആന്റെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്നു അദ്ദേഹം സമര്‍ത്ഥിക്കുന്നു. വാര്‍ധക്യവും ശൈശവവും മാത്രമല്ല ബലഹീനതയെ അടയാളപ്പെടുത്തുന്നതെന്നും യൗവന കാലഘട്ടം കൂടുതല്‍ ബലഹീനമാണെന്നും മനസിലാക്കാന്‍ പ്രയാസമില്ല. ബുദ്ധി, സമ്പത്ത്, ആഭിജാത്യം തുടങ്ങിയ ഒട്ടനേകം കാര്യങ്ങളില്‍ യുവാക്കള്‍ ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ബലഹീനരാണ്. അതുകൊണ്ടുതന്നെ ഓരോ മനുഷ്യനും അനിവാര്യമായ ബലഹീനതയുടെ വിഷമം നീക്കുന്ന വിധത്തില്‍ ഓരോ സ്ഥലങ്ങളിലും പ്രവാചകരുടെ കാരുണ്യപ്പെയ്ത്തുണ്ടായിട്ടുണ്ട്. ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പെട്ടവനല്ലെന്നാണ് അവിടുന്ന് ഉണര്‍ത്തിയത്. അഥവാ അവന്‍ യഥാര്‍ത്ഥ മുസ്‌ലിം ആകില്ലെന്ന്.
കുട്ടികളോട് അവിടുന്ന് കാട്ടിയ അനിര്‍വചനീയ സ്‌നേഹം പ്രതിപാദിക്കാന്‍ ധാരാളം പേജുകള്‍ മാറ്റിവെച്ചിരിക്കുന്നു. അനസ്(റ) വിന്റെ നിരീക്ഷണമനുസരിച്ച് കുടുംബത്തോടും കുട്ടികളോടും ഇത്രമാത്രം സ്‌നേഹം കാണിക്കുകയും പ്രകടിപ്പിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയുണ്ടാവില്ല. നിസ്‌കാരം വരെ പലപ്പോഴും വേഗതയിലും ചുരുക്കിയും നബി തങ്ങള്‍ നിര്‍വഹിച്ചത് കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുമ്പോഴായിരുന്നു. ധാരാളം കുട്ടികള്‍ക്ക് അവിടുന്ന് അഭയമായി. അവരുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി ആദ്യാവസാനം നിലകൊണ്ടു. ജീവിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ നബി(സ) അവരെ സമൂഹത്തിലെ ഉല്‍കൃഷ്ടരായി പ്രഖ്യാപിച്ചു. അനാഥനായി വളര്‍ന്ന നബി(സ) അനാഥകളോട് കാണിച്ച സ്‌നേഹം തുല്യതയില്ലാത്തതായിരുന്നു. അനാഥകളെ സംരക്ഷിക്കുന്നവര്‍ക്കു അവിടുന്ന് സ്വര്‍ഗം വാഗ്ദാനം ചെയ്തു. ഇഹലോകത്തും പരലോകത്തും വിജയം കൈവരിക്കാനുള്ള മാര്‍ഗമായാണ് അനാഥ സംരക്ഷണത്തെ അവിടുന്ന് പരിചയപ്പെടുത്തിയത്.
സ്ത്രീകളോട് നബി(സ) കാണിച്ച സ്‌നേഹവയ്പിനെ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. സ്വന്തം ഭാര്യമാരോടു അവിടുന്ന് കാണിച്ച സ്‌നേഹവും വാത്സല്യവും പ്രത്യേകം പരാമര്‍ശിക്കുന്നു. സ്ത്രീ സമൂഹത്തെ മൊത്തം അവിടുന്ന് അഭിസംബോധനം ചെയ്തത് പുരുഷന്മാരെപ്പോലെതന്നെ അന്തസ്സും ആഭിജാത്യവുമുള്ള സമൂഹമായിട്ടാണ്. ഒരിക്കലും അവരെ പിന്നോട്ട് നയിക്കുന്ന ഒരു പ്രസ്താവനയും നബി തങ്ങള്‍ നടത്തിയില്ല. ആയിരത്തിനാനൂറു വര്‍ഷങ്ങള്‍ക്ക്മുമ്പ് സ്ത്രീയെ അംഗീകരിക്കാന്‍ ലോകം തയാറാകാതിരുന്ന സമയമാണ് അവിടുന്ന് സ്ത്രീക്ക് അനന്തരാവകാശം വരെ പ്രഖ്യാപിച്ചത്. പുരുഷന്റെ ‘ശാഖാഇഖ്’ അഥവാ അവനെപ്പോലോത്ത പകുതിയായിട്ടാണ് പെണ്ണിനെ കണ്ണിചേര്‍ത്തത്. ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ പോലും സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ചും അവര്‍ക്കുനല്‍കേണ്ട ബഹുമതിയെക്കുറിച്ചും അവിടുന്ന് വാചാലമായി.
പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബി(സ) അടിമകളെക്കുറിച്ചെന്തുപറഞ്ഞുവെന്നു പരിശോധിച്ചാല്‍ തന്നെ ആ മഹാമനീഷിയുടെ മാനസിക വിശാലത ബോധ്യപ്പെടുമെന്നു ഡോ: റാഗിബ് പറയുന്നു. അടിമകളോട് നബി തങ്ങളെപ്പോലെ കാരുണ്യവും സ്‌നേഹവും കാണിച്ച ഒരു നേതാവും ചരിത്രത്തിലുണ്ടായിട്ടില്ല. നിങ്ങളുടെ അടിമകള്‍ നിങ്ങളുടെ സ്വന്തം സഹോദരങ്ങളാണ്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം അവര്‍ക്കും നല്‍കണം, നിങ്ങളുടെ കൂടെ അവരെ ഇരുത്തണം, നിങ്ങളുടെ കൂടെ ഭക്ഷിപ്പിക്കണം തുടങ്ങിയ ധാരാളം ശാസനകള്‍ പ്രവാചകര്‍ ലോകത്തോട് നടത്തി. അടിമയെ മനുഷ്യനായിപോലും കാണാന്‍ സന്നദ്ധമല്ലാത്ത ഒരുയുഗത്തിലായിരുന്നു ഇതെന്നത് ശ്രദ്ധേയമാണ്. അന്നത്തെ സാമൂഹിക ക്രമമനുസരിച്ച് അടിമത്ത സമ്പ്രദായം ഒറ്റയടിക്ക് നിരോധിക്കാനാവില്ലായിരുന്നുവെങ്കിലും ഈ സമ്പ്രദായത്തെ ഭാവിയില്‍ തുടച്ചുനീക്കാനുള്ള മുഴുവന്‍ മുന്‍കരുതലുകളും അവിടുന്ന് സ്വീകരിച്ചു. അടിമയെ അടിമയെന്നു വിളിക്കാന്‍ പോലും പാടില്ലെന്ന് അവിടുന്ന് നിര്‍ദേശിച്ചു. കാരണം എല്ലാവരും അല്ലാഹുവിന്റെ അടിമകളാണല്ലോ. അടിമ അടിമയായതും ഉടമ ഉടമയായതും അല്ലാഹുവിന്റെ വിധി നിശ്ചയം കൊണ്ടുമാത്രമാണ്. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നത് മഹാപാപമാണെന്നും നബി മുന്നറിയിപ്പ് നല്‍കി. പുസ്തകത്തിന്റെ തുടര്‍ന്നുള്ള നൂറിലധികം പേജുകളിലായി നബിയുടെ(സ) പാവങ്ങളോടുള്ള കാരുണ്യം, രോഗികള്‍ക്ക് നല്‍കിയ പരിചരണവും സ്‌നേഹവും പരിഗണനയും, അജ്ഞരും വിവരദോഷികള്‍ക്കും നല്‍കിയ മാപ്പും ക്ഷമയും, തെറ്റുചെയ്യുന്നവരോട് അവിടുന്ന് കാണിച്ച അനുകമ്പയും ദയയും, തന്നെ ബുദ്ധിമുട്ടിക്കുകയും പീഡിപ്പിക്കുകയും ചെയ്തവരോട് അവിടുന്ന് കാണിച്ച അതുല്യമായ വിശാലത തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. ആരാധനകളില്‍ മുസ്‌ലിം സമൂഹത്തോട് നബി(സ) സ്വീകരിച്ച കാരുണ്യസ്പര്‍ശിയായ സമീപനങ്ങളാണ് തുടര്‍ന്നുള്ള അധ്യായത്തില്‍. നിസ്‌കാരം, നോമ്പ്, സകാത്, ഹജ്ജ്, സ്വദഖഃ, ജിഹാദ് തുടങ്ങിയ മതപരമായ വിഷയങ്ങളില്‍ എത്രമാത്രം പരിഗണനയോടെയും സ്‌നേഹവായ്‌പോടും കൂടിയാണ് മുസ്‌ലിം ഉമ്മത്തിനെ അവിടുന്ന് അഭിസംബോധനം ചെയ്തതും വിധിവിലക്കുകള്‍ നടപ്പാക്കിയതുമെന്നും ഈ അധ്യായം ചര്‍ച്ച ചെയ്യുന്നു. മുസ്‌ലിം ഉമ്മതിനു മൊത്തത്തില്‍ അവിടുത്തെ സ്‌നേഹസ്പര്‍ശം എങ്ങനെയാണ് ലഭിച്ചതെന്നാണ് അടുത്ത അധ്യായത്തിലെ ചര്‍ച്ച. മരണസമയത്തും ഖബ്‌റിലും അന്ത്യനാളിലും നബിയുടെ(സ) കാരുണ്യത്തിന്റെ കൈനീട്ടം തൊട്ടടുത്ത പേജുകളില്‍ സവിസ്തരം വിശദീകരിക്കുന്നു.
പുസ്തകത്തിന്റെ അവസാനപകുതി മുഴുവനായും അമുസ്‌ലിംകളോട് നബി(സ) കാണിച്ച കാരുണ്യവും അനുകമ്പയുമാണ് ചര്‍ച്ച ചെയ്യുന്നത്. വിശ്വാസത്തിലും പ്രമാണത്തിലും നിലപാടുകളിലും അഭിപ്രായവ്യത്യാസമുള്ളവരോടു ഐക്യത്തോടുകൂടി വര്‍ത്തിക്കാനാണ് ബുദ്ധിയുള്ള മനസ് എപ്പോഴും മന്ത്രിക്കുക. ഭിന്നിക്കാനുള്ള ശ്രമം എപ്പോഴും ബുദ്ധിമോശത്തിന്റെ ലക്ഷണമായിരിക്കും. ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും ശത്രുവിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ വ്യതിയാനപ്പെട്ടതിന്റെ ആഴവും ഭയാനകതയും വിവരിച്ചുകൊണ്ടാണ് ഈ ചര്‍ച്ചകള്‍ക്ക് പുസ്തകം തുടക്കമിടുന്നത്. ബൈബിള്‍ വചനം ഇങ്ങനെ വായിക്കാം: ”യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാനസന്ധിക്കുള്ള അവസരം നല്‍കണം. അവര്‍ സമാധാനസന്ധിക്കു തയാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക. ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥലമായ പട്ടണങ്ങളോടു നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം.” (നിയമാവര്‍ത്തനം:20: 1017).
‘നിങ്ങള്‍ ചെന്ന് കൈവശമാക്കാന്‍ പോകുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ കൊണ്ടുപോവുകയും അനേകം ജനതകളെ – നിങ്ങളെക്കാള്‍ സംഖ്യാബലവും ശക്തിയുമുള്ള ഹിത്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നീ ഏഴു ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് ഓടിക്കുകയും, അവരെ നിങ്ങള്‍ക്കേല്‍പിച്ചു തരുകയും ചെയ്യുമ്പോള്‍, അവരെ പരാജയപ്പെടുത്തുകയും നിശ്ശേഷം നശിപ്പിക്കുകയും ചെയ്യണം. അവരുമായി ഉടമ്പടി ഉണ്ടാക്കുകയോ അവരോടു കരുണ കാണിക്കുകയോ അരുത്. അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്‍മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്” (നിയമാവര്‍ത്തനം/7:1,2,3). എന്നാല്‍ ഇസ്‌ലാം പറയുന്നതാവട്ടെ ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (മുംതഹിന/8).
അമുസ്‌ലിംകള്‍ക്ക് പ്രാവചകര്‍ നലല്‍കിയ മുന്തിയ പരിഗണന മനസിലാക്കാന്‍ ഈ വചനങ്ങള്‍ തന്നെ ധാരാളമാണ്: പ്രവാചകന്‍(സ) പറഞ്ഞു: ”ആരെങ്കിലും ഒരു ദിമ്മിയെ (സമാധാനത്തില്‍ കഴിയാന്‍ താല്പര്യപ്പെടുന്ന അമുസ്‌ലിം) ബുദ്ധിമുട്ടിച്ചാല്‍ ഞാനവനെതിരെ വാദിക്കും. ഞാന്‍ ആര്‍ക്കെങ്കിലും എതിരെ വാദിച്ചാല്‍ അന്ത്യനാളില്‍ വിചാരണ സമയത്ത് അവന്റെ പ്രതിയോഗിയായിരിക്കും ഞാന്‍.” അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ)വില്‍ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ പ്രവാചകര്‍(സ) നടത്തുന്ന പ്രഖ്യാപനം ഇങ്ങനെ: ”ആരെങ്കിലും നമ്മോട് കരാറിലേര്‍പ്പെട്ട ദിമ്മിയെ വധിച്ചാല്‍ സ്വര്‍ഗത്തിന്റെ വാസന പോലും അവന് കിട്ടില്ല. 40 വര്‍ഷത്തെ വഴിദൂരത്തുപോലും അടിച്ചുവീശുന്നതാണ് അതിന്റെ പരിമളം.” ഇമാം നസാഈ(റ)വും ഈ ഹദീസ് ഉദ്ധരിക്കുന്നുണ്ട്: ”രജ്ഞിപ്പോടെ ജീവിക്കുന്ന അമുസ്‌ലിംകളില്‍ ഒരാളെ ആരെങ്കിലും കൊന്നാല്‍ അവന് സ്വര്‍ഗത്തിന്റെ വാസന പോലും കിട്ടില്ല. എഴുപത് വര്‍ഷത്തെ വഴിദൂരം വരെയെത്തുന്നതാണ് അതിന്റെ പരിമളം.” ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്നത് ഇങ്ങനെ: ”അറിയുക; ആരെങ്കിലും കരാറിലേര്‍പ്പെട്ട അമുസ്‌ലിമിനെ അക്രമിക്കുകയോ, അവനെക്കൊണ്ട് സാധിക്കാത്തതിന് നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ അവന്റെ ഇഷ്ടമില്ലാതെ അവന്റെ വല്ല സാധനവും എടുക്കുകയോ ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അവനോട് വാദിക്കാന്‍ വരുന്നതാണ്.” മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: ‘ആരെങ്കിലും ദിമ്മിയ്യിനെ ബുദ്ധിമുട്ടിച്ചാല്‍ അവന്‍ എന്നെ ബുദ്ധളമുട്ടിച്ചു. എന്നെ ബുദ്ധിമുട്ടിച്ചവന്‍ അല്ലാഹുവിനെയും ബുദ്ധിമുട്ടിച്ചു.” ദിമ്മിയ്യിനെ സംരക്ഷിക്കുന്നതിന് കേവലമൊരു സാമൂഹ്യമര്യാദയുടെ പരിഗണന മാത്രമല്ല ഇസ്‌ലാം നല്‍കിയതെന്നും വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗീയ പ്രവേശത്തെ വരെ നിഷേധിക്കുന്ന ഗുരുതരമായ വീഴ്ചയാണതെന്നും ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതികാര നടപടികള്‍ ആണ് ആധുനിക ലോകത്തിന്റെ ഉറക്കം കെടുത്തിയത്. 50 ലക്ഷം ആളുകളെ അമേരിക്ക കൊന്നുതള്ളിയത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതിന്റെ അരിശം തീര്‍ക്കാനായിരുന്നു. അതിനുമുമ്പും ശേഷവും വന്‍ശക്തികള്‍ എല്ലാവരും പ്രതിക്രിയകള്‍ ധാരാളം നടത്തിയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബിയുടെ മാതൃക ഇതിനപവാദമാണ്. പ്രതികാര നടപടിക്ക് പകരം അറ്റമില്ലാത്ത കാരുണ്യം നല്‍കാനാണ് അവിടുന്ന് ഉദ്യുക്തനായതും അനുയായികളോട് കല്‍പിച്ചതും. മക്കാവിജയ ദിവസം ആജീവനാന്ത ശത്രുക്കള്‍ക്ക് നിരുപാധികം മാപ്പ് കൊടുത്തത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ”നിന്നോട് ബന്ധം മുറിച്ചവനോട് നീ അങ്ങോട്ടു ചേര്‍ക്കുക, നിനക്കു തടഞ്ഞവര്‍ക്ക് നീ നല്‍കുക, നിന്നെ ആക്രമിച്ചവര്‍ക്ക് നീ മാപ്പു നല്‍കുക” എന്നവിടുന്ന് നിരന്തരം അനുയായികളെ ഉണര്‍ത്തി. തലക്കു നേരെ വാള്‍ ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണിമുഴക്കി ആക്രോശിച്ച ശത്രുവിന്റെ കയ്യില്‍നിന്നും വാള്‍ നിലത്തുവീണപ്പോള്‍ അതേ വാള്‍ കയ്യിലെടുത്ത് നബി തങ്ങള്‍ അദ്ദേഹത്തെ തിരിച്ചയച്ചു. നിങ്ങളുടെ മേല്‍ നാശമുണ്ടാവട്ടെ എന്ന് അഭിസംബോധനം ചെയ്ത് തുടങ്ങിയ ജൂതസംഘത്തോട് അവിടുന്ന് മാന്യമായി പ്രതികരിച്ചു. കേട്ടിരുന്ന ആഇശ(റ) പ്രകോപിതയായെങ്കിലും നബി ആഇശയെ വിലക്കുകയാണ് ചെയ്തത്. മദീനയിലെ ജൂതന്മാര്‍ നബിയെ നിരന്തരം ബുദ്ധിമുട്ടിച്ചവരും കൊല്ലാന്‍ ശ്രമിച്ചവരും കൂടിയായിരുന്നു. അവരില്‍പെട്ട ഒരാളുടെ മൃതദേഹം വഹിച്ചു കൊണ്ടുപോകുന്നത് കണ്ട് നബി(സ)എണീറ്റ് നീന്നതും ചരിത്രപ്രസിദ്ധമാണ്. യുദ്ധത്തിനു നേതൃത്വം കൊടുത്ത ശത്രുക്കളെ കയ്യില്‍ കിട്ടിയിട്ടുപോലും നബി തങ്ങള്‍ മാപ്പുകൊടുത്തിട്ടേയുള്ളൂ. ഒരാളെപോലും കൊന്നിട്ടില്ല. വിട്ടയക്കപ്പെട്ടവരാണ് മഹാ ഭൂരിപക്ഷവും. ചിലര്‍ക്ക് മദീനയില്‍ ജോലിയും നല്‍കി. ഇങ്ങനെ നൂറുകൂട്ടം ഉദാഹരണങ്ങളിലൂടെ പുസ്തകം കടന്നുപോകുന്നു.
ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login