യൂറോപ്പ് ഇപ്പോള്‍ കുറേക്കൂടി പക്വമാണ്

യൂറോപ്പ് ഇപ്പോള്‍ കുറേക്കൂടി പക്വമാണ്

മുഹമ്മദ് നബിയെക്കുറിച്ചുള്ള ആധുനികപഠനങ്ങള്‍ വിശകലനം ചെയ്യവേ മുന്‍മാര്‍ക്‌സിസ്റ്റും, നബിയുടെ ജീവചരിത്രകാരനുമായ ഫ്രഞ്ച് ഓറിയന്റലിസ്റ്റ് മാക്‌സിം റോഡിന്‍സണ്‍, ഫ്രാന്‍സില്‍ ഒരു ബുക്ക്ലബ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആരുടെ ജീവചരിത്രമാണ് പ്രസിദ്ധീകരിച്ച് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍ഗണനാക്രമത്തില്‍ എഴുതാനാണ് ബുക്ക്ലബ് അംഗങ്ങളോട് ആവശ്യപ്പെട്ടത്. മറ്റുള്ളവരെയെല്ലാം ബഹുദൂരം പിന്നിലാക്കി മുഹമ്മദ് നബിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.(1)
നബിയുടെ ജീവിതത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ദൈവദൂതന്‍, രാഷ്ട്രതന്ത്രജ്ഞന്‍, ഭരണാധികാരി, തത്വചിന്തകന്‍, പോരാളി, സമാധാനപ്രവര്‍ത്തകന്‍ തുടങ്ങിയ വിവിധ തലങ്ങളില്‍ വ്യാപരിച്ച ആ ബഹുമുഖജീവിതം ഇനിയും പൂര്‍ണമായി അനാവരണം ചെയ്യപ്പെട്ടിട്ടില്ല. ‘ആനയെ സിന്ദൂരച്ചെപ്പിലൊതുക്കാന്‍ ഇന്ദ്രജാലികനു കഴിയുമായിരിക്കാം. മുഹമ്മദ് നബിയുടെ സമഗ്രജീവിതം എത്ര വാള്യങ്ങള്‍ എഴുതിയാലും സമ്പൂര്‍ണാവിഷ്‌കാരത്തിന്റെ സാഫല്യം നേടുകയില്ല’ എന്ന് എന്‍.പി മുഹമ്മദ് എഴുതിയിട്ടുണ്ട്.(2)

നബിയുടെ ജീവിതത്തെയും സന്ദേശങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കൃതികള്‍ ഇംഗ്ലീഷിലും ഇതര ഭാഷകളിലും ഇന്നും ധാരാളം പുറത്തുവന്നുകൊണ്ടിരിക്കുന്നു. യൂറോപ്പിലാണ് ഇത്തരം രചനകള്‍ കൂടുതല്‍ ഇറങ്ങുന്നതെന്ന് തോന്നുന്നു. എന്നാല്‍ യൂറോപ്പില്‍ നിന്ന് പുറത്തുവന്ന ആദ്യകാല പ്രവാചകചരിത്രങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ പ്രവാചകനെയും ഇസ്‌ലാമിനെയും അന്ധമായി അധിക്ഷേപിക്കുന്ന ശൈലിയാണ് ഇവയില്‍ ഭൂരിഭാഗവും സ്വീകരിച്ചതെന്ന് കാണാം. പതിമൂന്ന് നൂറ്റാണ്ടോളം യൂറോപ്പിലെ ബഹുഭൂരിപക്ഷം എഴുത്തുകാരുടെയും രീതി ഇതായിരുന്നുവെന്ന് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ മിനോ റീവ്‌സും(3), കാരന്‍ ആംസ്‌ട്രോങ്ങും(4) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇസ്‌ലാമിനെയും പ്രവാചകനെയുംകുറിച്ച് 17,18,19 നൂറ്റാണ്ടുകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ച അമുസ്‌ലിംകളില്‍ ഒട്ടേറെപേര്‍ ക്രിസ്ത്യന്‍ പുരോഹിതരായിരുന്നു. ഹെന്റി ലാമെന്‍സ്, ഡേവിഡ് സാമുവല്‍ മാര്‍ഗോലിയത്ത്, തോമസ് പാട്രിക് ഹ്യൂസ്, കെന്നത്ത് ക്രാഗ്, റിച്ചാര്‍ഡ് ബെല്‍, എഡ്വേര്‍ഡ് സെല്‍, വില്യം മോണ്ട്‌ഗോമറി വാട്ട് തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടും. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാംവിധമാണ് ഇവരിലധിക പേരും രചന നിര്‍വഹിച്ചത്. മറ്റൊരു വിഭാഗം പൗരസ്ത്യദേശത്തെയും സംസ്‌കാരത്തെയുംകുറിച്ച് പഠിച്ച പാശ്ചാത്യപണ്ഡിതര്‍ അഥവാ ഓറിയന്റലിസ്റ്റുകളാണ്. ഇവരില്‍ ഭൂരിപക്ഷവും പൗരസ്ത്യദേശത്തെ പ്രാകൃതത്വത്തിന്റെയും, ക്രൂരതയുടെയും ലോകമായി കാണുന്നവരാണ്, കിഴക്കന്‍ നാടുകളിലെ പാശ്ചാത്യകടന്നുകയറ്റം വഴി പൗരസ്ത്യരെ സംസ്‌കാരസമ്പന്നരാക്കിയത് അവരാണെന്ന് വാദിക്കുകയും ചെയ്യും.(5) ഓറിയന്റലിസ്റ്റുകളില്‍ യഹൂദ പശ്ചാത്തലമുള്ളവരും നിരവധിയുണ്ട്. ജോസഫ് ഹോറോവിറ്റ്‌സ്, ഗുസ്താവ് വെയ്ല്‍, ഇഗ്നാസ് ഗോള്‍ഡ്‌സിഹര്‍, എബ്രഹാം ഗെയ്ഗര്‍, ഫ്രാന്‍സ് റോസന്തോള്‍, മാക്‌സിം റോഡിന്‍സണ്‍, ബെര്‍ണാഡ് ലൂയിസ് തുടങ്ങിയവര്‍ ഉദാഹരണം.

മുഹമ്മദ് നബിയോട് താരതമ്യേന നീതി പുലര്‍ത്തിയ ഫ്രഞ്ച് എഴുത്തുകാരന്‍ എമില്‍ ദെര്‍മിങ്ഹാം (Emile Dermenghem), മധ്യകാല യൂറോപ്പ് പിന്തുടര്‍ന്ന രീതി ഇങ്ങിനെ വിശദീകരിക്കുന്നു: ”ഇസ്‌ലാമും ക്രൈസ്തവതയും തമ്മില്‍ നടന്ന ദീര്‍ഘകാലത്തെ യുദ്ധത്തെ തുടര്‍ന്ന് ശത്രുതയും തെറ്റിദ്ധാരണയും സ്വാഭാവികമായും വര്‍ധിക്കുകയും തീക്ഷ്ണമാവുകയും ചെയ്തു. പശ്ചാത്യരായിരുന്നു ഏറ്റവും കടുത്ത ശത്രുത വച്ച് പുലര്‍ത്തിയിരുന്നതെന്ന് സമ്മതിച്ചേ തീരൂ. ഇസ്‌ലാമിനെക്കുറിച്ച് എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കാതെ നിന്ദാപൂര്‍വം അതിനെക്കുറിച്ചെഴുതിയ ബൈസാന്റിയന്‍ എഴുത്തുകാര്‍ നിരവധിയായിരുന്നു. ഡമസ്‌കസിലെ സെന്റ് ജോണ്‍ മാത്രമായിരുന്നു ഒരുപക്ഷേ ഇതിനൊരപവാദം. അറബികള്‍ക്കെതിരേ കുരിശുയുദ്ധം നടത്തിയ എഴുത്തുകാരും കവികളും പരിഹാസ്യമായ അപവാദപ്രചാരണത്തിന്റെ മാര്‍ഗം തന്നെയാണ് അവലംബിച്ചത്. ഒട്ടകക്കള്ളനായും, സ്ത്രീലമ്പടനായും, ആഭിചാരകനായും, കൊള്ളത്തലവനായും മാത്രമല്ല മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടാതിരുന്നതിനാല്‍ പ്രതികാരമൂര്‍ത്തിയായിത്തീര്‍ന്ന റോമന്‍ കര്‍ദിനാളായും അവര്‍ മുഹമ്മദിനെ ചിത്രീകരിച്ചു. വിശ്വാസികള്‍ നരബലി നടത്തിയിരുന്ന കള്ളദൈവമായും അദ്ദേഹത്തെ അവര്‍ വര്‍ണിച്ചു. നല്ലവനായ ഗില്‍ബര്‍ട്ട് ദെ നോഷെന്റ് പോലും, അമിതമായ മദ്യപാനം മൂലം മുഹമ്മദ് മരിച്ചു എന്നും, ചാണകക്കൂനയിലുപേക്ഷിക്കപ്പെട്ട മൃതദേഹം പന്നികള്‍ ഭക്ഷിച്ചുവെന്നും പറയുന്നു. പന്നി മാംസവും, മദ്യവും നിഷിദ്ധമാകാനുള്ള കാരണം അതാണെന്നും തുടര്‍ന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുഹമ്മദിനെ സ്വര്‍ണവിഗ്രഹമായും, പള്ളികളെ പ്രതിമകളും, വിഗ്രഹങ്ങളും നിറഞ്ഞ ഒരഖിലദേവമണ്ഡപമായും ഗാനങ്ങള്‍ ചിത്രീകരിച്ചു. ശുദ്ധസ്വര്‍ണത്തില്‍ നിന്നും വെള്ളിയില്‍ നിന്നും വാര്‍ത്തെടുത്തതും ആനപ്പുറത്തെ മാര്‍ബിള്‍ സിംഹാസനത്തിലുപവിഷ്ടമായതുമായ ‘മാഹൂം’ എന്ന വിഗ്രഹത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ നേരിട്ടു കണ്ടതുപോലുള്ള വര്‍ണന ‘സോംഗ് ഓഫ് ആന്റിയോക്ക്’എന്ന കൃതിയിലുണ്ട്. ഷൂള്‍മാഞ്ഞിന്റെ (Charlemagne) അശ്വഭടന്‍മാര്‍ മുസ്‌ലിം വിഗ്രഹങ്ങളെ എറിഞ്ഞുടക്കുന്നത് ചിത്രീകരിക്കുന്ന ‘ദ സോംഗ് ഓഫ് റോളണ്ട്’ എന്ന കൃതി, തെര്‍മഗന്‍, മാഹൂം, അപ്പോളോ എന്നീ ദൈവത്രയങ്ങളെ സ്‌പെയിനിലെ മുസ്‌ലിംകള്‍ ആരാധിക്കുന്നതായി പറയുന്നു. ‘റോമാന്‍ ദെ മൊഹാമെ’ എന്ന കൃതി ഇസ്‌ലാം ബഹുഭര്‍ത്യത്വം അനുവദിക്കുന്നുവെന്ന് പ്രസ്താവിക്കുന്നു. വെറുമൊരു മതനിന്ദകനും, നാസ്തികനുമായാണ് മധ്യകാലനൂറ്റാണ്ടുകളില്‍ മുഹമ്മദ് കരുതപ്പെട്ടിരുന്നത്. 14ാം നൂറ്റാണ്ടില്‍ റെയ്മണ്ട് ല്യൂളും, 16ാം നൂറ്റാണ്ടില്‍ ഗില്ലോം പോസ്റ്റലും 18ാം നൂറ്റാണ്ടില്‍ റോളണ്ടും ഗാഗ്‌നിയറും 19ാം നൂറ്റാണ്ടില്‍ അബ്ബെ ദെ ബ്രോഗ്ലിയും, റെനാനും മുഹമ്മദിനെക്കുറിച്ച് വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. പ്രസിദ്ധമായ തന്റെ ദുരന്തനാടകത്തില്‍ വോള്‍ട്ടയര്‍ ധൃതിപിടിച്ചെത്തിയ നിഗമനങ്ങള്‍ പിന്നീട് പലയിടങ്ങളില്‍ അദ്ദേഹം തന്നെ തിരുത്തി.”(6)
”മധ്യകാലഘട്ടത്തിലെ ക്രിസ്ത്യാനികള്‍ മുഹമ്മദിനെ തെറ്റിദ്ധരിക്കുകയും കൊള്ളരുതാത്തവനായി ഗണിക്കുകയും ചെയ്തു. അതിനുള്ള കാരണങ്ങള്‍ കൂടുതലും ചരിത്രപരം- സാമ്പത്തികവും, രാഷ്ട്രീയവും- ആയിരുന്നു; ആദര്‍ശപരമല്ല. ഒമ്പതാംനൂറ്റാണ്ടുകാരനായ ഒരു ഗ്രീക്ക് ചരിത്രകാരന്‍ വരച്ചുവച്ച വ്യാജപ്രവാചകനും കപടനുമെന്ന ചിത്രം പിന്നീട് പൊടിപ്പും തൊങ്ങലും വച്ച് പലരും മുഴുപ്പിച്ചു. വിഷയാസക്തിയുടെയും, ദുര്‍നടപ്പിന്റെയും, രക്തദാഹത്തിന്റെയും, കൊള്ളശീലത്തിന്റെയുമൊക്കെ കടുത്ത ചായങ്ങള്‍ കൊണ്ട് അവരതിനു പകിട്ട് നല്‍കി. പാതിരിമാര്‍ക്കിടയില്‍ മുഹമ്മദ് അന്തിക്രിസ്തുവായി. അദ്ദേഹത്തിന്റെ മൃതദേഹം ഭൂമിക്കും സ്വര്‍ഗത്തിനുമിടയില്‍ തൂക്കിയിട്ടിരിക്കുകയാണെന്ന് അവര്‍ വിശ്വസിച്ചു. ദാന്തെ (Dante) അദ്ദേഹത്തിന്റെ ശരീരം രണ്ടായി മുറിച്ച് അഭിശപ്തരെയും മതത്തില്‍ ഛിദ്രതയുണ്ടാക്കുന്നവരെയും ഇടുന്ന ഒമ്പതാം നരകത്തിലേക്കയച്ചു. പാശ്ചാത്യ കലാകാരന്‍മാര്‍ ‘മൗമദിനെ’ (Maumet) വിഗ്രഹമെന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചു. പിന്നീടതിന് ‘പാവ’ ‘ബൊമ്മ’ എന്നെല്ലാം അര്‍ത്ഥം കിട്ടി. ഷേക്‌സ്പിയറിന്റെ ‘റോമിയോ ആന്റ് ജൂലിയറ്റില്‍’ ഈ അര്‍ത്ഥത്തില്‍ അത് പ്രയോഗിച്ചിട്ടുണ്ട്. മുഹമ്മദിന്റെ മറ്റൊരു ലുപ്ത രൂപമായ ‘മഹൗന്‍’ (Mahoun) മധ്യകാല ഇംഗ്ലീഷ് നാടകങ്ങളിലെ പൂജാവിഗ്രഹമായി. ഏറ്റവും വലിയ വിഗ്രഹഭഞ്ജകന്‍, ദൈവത്തിന്റെ ഏകത്വത്തിന്റെ മുഖ്യവക്താവ് ഒരു ആരാധനാമൂര്‍ത്തിയായിത്തീര്‍ന്നത് വിധിവൈപരീത്യം തന്നെയാണ്.”(7)

യൂറോപ്യന്‍ എഴുത്തുകാരന്‍ മുഹമ്മദ് അസദ് (ലിയോ പോള്‍ഡ്‌വെയ്‌സ്) യൂറോപ്പിന്റെ ഇസ്‌ലാം വിദ്വേഷത്തിന്റെ വേരുകള്‍ കണ്ടെത്തുന്നത് കുരിശുയുദ്ധത്തിലാണ്. മക്കയിലേക്കുള്ള പാത (The Road to Mecca) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ അസദ് എഴുതുന്നു: ”കുരിശുയുദ്ധങ്ങള്‍ ഉണ്ടാക്കിയ മുറിവുകളാണ് സ്വന്തം സംസ്‌കാരത്തെപ്പറ്റിയും അതിന്റെ ഏകതയെപ്പറ്റിയും യൂറോപ്പിന് ബോധമുണ്ടാക്കിക്കൊടുത്തത്. പക്ഷേ അതേ അനുഭവങ്ങള്‍ ഇസ്‌ലാമിനെ നോക്കിക്കാണുന്ന പശ്ചാത്യദൃഷ്ടിയില്‍ നിറം കലര്‍ത്തുകയും ചെയ്തു. കുരിശുയുദ്ധങ്ങള്‍ യുദ്ധവും രക്തച്ചൊരിച്ചിലും ആയിരുന്നു എന്നതുകൊണ്ടു മാത്രമല്ല ഇത്. ഇതിനു മുമ്പും രാഷ്ട്രങ്ങള്‍ തമ്മില്‍ നിരവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്; കാലക്രമത്തില്‍ അവ വിസ്മൃതമായിപ്പോയിട്ടുമുണ്ട്. ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്തതെന്നുതോന്നിച്ചിരുന്ന പല ശത്രുതകളും പില്‍ക്കാലത്ത് സൗഹൃദങ്ങളായി മാറിയിട്ടുമുണ്ട്. കുരിശുയുദ്ധങ്ങള്‍ സൃഷ്ടിച്ച ക്ഷതം ആയുധങ്ങളുടേതു മാത്രമല്ല. അത് പ്രഥമമായും പ്രധാനമായും ബുദ്ധിപരമായിരുന്നു- ഇസ്‌ലാമിക പാഠങ്ങളെയും ആശയങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് പാശ്ചാത്യമനസില്‍ ഇസ്‌ലാം വിരോധത്തിന്റെ വിഷം കലര്‍ത്തുക എന്നതായിരുന്നു അത്. കുരിശുയുദ്ധം വേണ്ടിവരുമ്പോഴെല്ലാം അതിന്റെ മൂല്യം നിലനിര്‍ത്താന്‍ മുസ്‌ലിംകളുടെ പ്രവാചകനെ അന്തിക്രിസ്തുവായി മുദ്രകുത്തേണ്ടത് ആവശ്യമായിരുന്നു. നബി പ്രചരിപ്പിച്ച മതം വൈകൃതങ്ങളുടെയും അധാര്‍മികതയുടെയും ഉറവിടമാണെന്ന് പരിചയപ്പെടുത്തേണ്ടതും ആവശ്യമായിരുന്നു. ഇസ്‌ലാം പ്രാകൃതവികാരങ്ങളുടെയും ക്രൂരമായ ഹിംസവാസനയുടെയും മതമാണെന്നും ചിത്തവിശുദ്ധിയ്ക്ക് പകരം ആചാരാനുഷ്ഠാനങ്ങള്‍ക്കാണ് ആ മതം പ്രാധാന്യം നല്‍കുന്നതെന്നുമുള്ള പരിഹാസ്യമായ ധാരണ പാശ്ചാത്യലോകത്തുപരന്നത് കുരിശുയുദ്ധങ്ങളുടെ കാലത്താണ്. അന്യ മതങ്ങളുടെ പ്രവാചകന്മാരെ ആദരിക്കണമെന്ന് അനുയായികളോടു നിഷ്‌കര്‍ഷിച്ചിരുന്ന പ്രവാചകന്റെ പേര് മഹൗണ്ട് (ദുര്‍ഭൂതം) എന്നു നിന്ദാപൂര്‍വം മാറ്റിപ്പറയാന്‍ യൂറോപ്പുകാര്‍ ഒരുങ്ങിയതും ഈ കാലത്തുതന്നെ.
സ്വതന്ത്രമായ അന്വേഷണപരതയ്ക്ക് തലപൊക്കാന്‍ സഹായകമായ പരിതസ്ഥിതി അന്ന് യൂറോപ്പില്‍നിന്നു ഏറെ അകലെയായിരുന്നു. പാശ്ചാത്യ മതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും വ്യത്യസ്തമായ മതത്തിനും സംസ്‌കാരത്തിനും എതിരായ വിഷവിത്തുകള്‍ പാകാന്‍ അന്നത്തെ അധികാരികള്‍ക്കു എളുപ്പവുമായിരുന്നു. ക്രൈസ്തവലോകം മുസ്‌ലിം ‘മ്ലേച്ഛന്‍’മാര്‍ക്കെതിരെ ദക്ഷിണഫ്രാന്‍സില്‍ ഐതിഹാസികമായ വിജയം നേടിയ കഥ വിവരിക്കുന്ന തീക്ഷ്ണകൃതിയായ ഷാന്‍സോണ്‍ ദെറൊലാങ്ങ് ആ യുദ്ധങ്ങള്‍ നടന്നകാലത്തല്ല, അവ കഴിഞ്ഞു മൂന്നുനൂറ്റാണ്ടിനു ശേഷമാണ് എഴുതപ്പെട്ടത് എന്നത് യാദൃഛികമല്ല- തമാശ തോന്നും, അത് ആദ്യത്തെ കുരിശുയുദ്ധത്തിനു തൊട്ടുമുമ്പാണ് രചിക്കപ്പെട്ടത്. ഉടനടി അതു യൂറോപ്പിന്റെ ദേശീയഗാഥയായി മാറുകയും ചെയ്തു. പഴയ പ്രാദേശിക സാഹിത്യത്തില്‍ നിന്നു വ്യത്യസ്തമായ യൂറോപ്യന്‍ സാഹിത്യത്തിനു തുടക്കം കുറിച്ചത് ഈ യുദ്ധേതിഹാസമാണ് എന്നതും യാദൃഛികമല്ല. ഇസ്‌ലാമിനോടുള്ള ശത്രുതയാണ് യൂറോപ്യന്‍ സംസ്‌കാരത്തിനു കളിത്തൊട്ടിലായിത്തീര്‍ന്നത്. മതദ്വേഷത്തില്‍ നിന്നു ഉറവപൊട്ടിയ, പശ്ചാത്യരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഇസ്‌ലാംവിരുദ്ധ മനോഭാവം പാശ്ചാത്യമനസില്‍ നിന്നു മതസ്വാധീനത്തിന്റെ പിടി ഏറെ അയഞ്ഞുപോയ ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നു എന്നത് ചരിത്രത്തിന്റെ ഒരു തമാശയായിതോന്നുന്നു. പക്ഷേ, ഇത് ഒരിക്കലും അദ്ഭുതകരമല്ല. നമുക്കറിയാം, കുട്ടിക്കാലത്ത് കെട്ടിയേല്‍പിക്കപ്പെടുന്ന മതവിശ്വാസങ്ങള്‍ പൂര്‍ണമായും കൈയൊഴിക്കുന്ന വ്യക്തികളിലും ആ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചില പ്രത്യേക വികാരങ്ങള്‍ ജീവിതകാലം മുഴുവന്‍ അയുക്തികമായിത്തന്നെ നിലനിന്നു കാണാറുണ്ട്. ഇതാണ് ചുരുക്കത്തില്‍ പാശ്ചാത്യസംസ്‌കാരം എന്ന സാമൂഹികവ്യക്തിത്വത്തിനും സംഭവിച്ചത്. കുരിശുയുദ്ധങ്ങളുടെ നിഴല്‍ ഈ ദിവസം വരെയും പാശ്ചാത്യലോകത്തിനുമേല്‍ വട്ടമിട്ടു പറക്കുന്നുണ്ട്. ഇസ്‌ലാമിനോടും മുസ്‌ലിംലോകത്തോടുമുള്ള അവരുടെ പ്രതികരണങ്ങളില്‍, എളുപ്പമൊന്നും ചാകാത്ത ഈ ഭൂതത്തിന്റെ സ്വാധീനമുണ്ട്.”(8).

ബുദ്ധന്‍, യേശുക്രിസ്തു എന്നിവരോട് തുറന്ന സമീപനം സ്വീകരിച്ച പലരും മുഹമ്മദ്‌നബിയുടെ കാര്യത്തില്‍ ഇത്തരമൊരു സമീപനം കൈക്കൊണ്ടില്ലെന്നത് ഖേദകരമാണ്. നേരത്തേ പറഞ്ഞ മുന്‍വിധികള്‍ക്കും രാഷ്ട്രീയകാരണങ്ങള്‍ക്കും പുറമേ പ്രവാചകന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ മനസിലാക്കുന്നതില്‍ അവര്‍ക്കു സംഭവിച്ച പിഴവും ഇതിന് ഒരു കാരണമായിരിക്കാം. ഇസ്‌ലാമിക ചിന്തകനായ സയ്യിദ് ഹുസൈന്‍ നസ്ര്‍ ചൂണ്ടിക്കാട്ടിയ പോലെ ”ക്രിസ്തുവുമായോ ബുദ്ധനുമായോ താരതമ്യം ചെയ്യുമ്പോള്‍ ആത്മീയജീവിതത്തിന് മാതൃകയാവാന്‍ കഴിയാത്തവിധം മുഹമ്മദിന്റെ ജീവിതം മനുഷ്യസ്വഭാവമുള്ളതും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ചലനങ്ങളില്‍ മുഴുകിയതുമായി തോന്നും. അതുകൊണ്ടാണ് മാനുഷ്യകത്തിന്റെ മഹാന്മാരായ ആത്മീയമാര്‍ഗദര്‍ശികളെക്കുറിച്ച് എഴുതുന്ന പലര്‍ക്കും അദ്ദേഹത്തെ ശരിയായി മനസിലാക്കാനും ആ വ്യക്തിത്വം അനുഭാവപൂര്‍വം അപഗ്രഥിക്കാനും കഴിയാതെ പോവുന്നത്.”(9) പ്രവാചകവ്യക്തിത്വത്തെ ശരിയായി മനസിലാക്കാന്‍ കഴിയാത്തതിനാലാണ് യൂറോപ്യന്‍ എഴുത്തുകാര്‍ രചിച്ച വിവിധ പ്രവാചകജീവചരിത്രങ്ങളില്‍ നിന്ന് പ്രവാചകനെക്കുറിച്ച് ലഭിക്കുന്ന ചിത്രം ഭിന്നത പുലര്‍ത്തുന്നതായത്. പ്രമുഖ ഓറിയന്റലിസ്റ്റ് പ്രൊഫ.ഹാമില്‍ട്ടണ്‍ ഗിബ്ബ് ചൂണ്ടിക്കാട്ടിയ പോലെ ”ജീവചരിത്രങ്ങളുടെ എണ്ണം എത്രയുണ്ടോ അത്രയും സിദ്ധാന്തങ്ങളുമുണ്ട് മുഹമ്മദിനെക്കുറിച്ച്. ഉദാഹരണത്തിന് അപസ്മാരരോഗിയായും സോഷ്യലിസ്റ്റ് വിപ്ലവകാരിയായും അദ്ദേഹം ചിത്രീകരിക്കപ്പെട്ടു.”(10) ക്രിസ്തുവില്‍ നിന്നും ബുദ്ധനില്‍ നിന്നും വൃത്യസ്തമായി ഭൗതികതലത്തില്‍ കൂടി വ്യാപരിക്കുന്ന പ്രവാചകജീവിതത്തിലെ സവിശേഷത ചിലപ്പോഴെങ്കിലും പശ്ചാത്യചിന്തകര്‍ ഗുണാത്മകമായും കണ്ടിട്ടുണ്ട്. വിഖ്യാത ചിന്തകന്‍ ബര്‍ട്രന്റ് റസലിന്റെ(1872-1970) ശ്രദ്ധേയമായ ഒരു നിരീക്ഷണം ഒരു ഉദാഹരണമാണ്. ”മുഹമ്മദ് ഒഴികെ മറ്റെല്ലാ മഹാന്മാരായ മതനേതാക്കളും-മതാചാര്യനെന്ന് പറയാമെങ്കില്‍ കണ്‍ഫ്യൂഷ്യസിനെയും ഒഴിച്ചുനിര്‍ത്താം- പൊതുവെ സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ പരിഗണിക്കുന്നതില്‍ തീരെ അശ്രദ്ധകാണിക്കുകയും, ധ്യാനവും ശിക്ഷണവും ആത്മനിഷേധവും മുഖേന ആത്മാവിന്റെ പൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണ്”(11) മാരിയേജ് ആന്റ് മോറല്‍സ് എന്ന പ്രശസ്ത കൃതിയിലാണ് റസല്‍ ഇങ്ങനെ വിലയിരുത്തിയത്.

ഗോയ്‌ഥെയും കാര്‍ലൈലും
യൂറോപ്യന്‍ എഴുത്തുകാരില്‍ ഒട്ടേറെപ്പേര്‍ മുഹമ്മദ് നബിയെ(സ) വികലമായി ചിത്രീകരിച്ചപ്പോള്‍ പ്രവാചകനെ അനുഭാവപൂര്‍വം വിലയിരുത്താന്‍ ശ്രമിച്ചവരും നിരവധിയുണ്ട്. വിഖ്യാത ജര്‍മന്‍ ചിന്തകനും കവിയും നാടകകൃത്തുമായ ജോഹാന്‍ വോള്‍ഫ്ഗാംഗ് ഗോയ്‌ഥെയും (1749-1832), പ്രമുഖ ബ്രിട്ടീഷ് തത്വചിന്തകനും ചരിത്രകാരനും ഗണിതശാസ്ത്രജ്ഞനുമായ തോമസ് കാര്‍ലൈലും (1795-1881) ഇവരില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഇസ്‌ലാമികദര്‍ശനത്തില്‍ ഏറെ ആകൃഷ്ടനായിരുന്നു ഗോയ്‌ഥേ. 1773ല്‍ രചിച്ച ങമവീാല േഏലമെിഴ എന്ന കവിതയില്‍ അദ്ദേഹം നബിയെ ഉപമിക്കുന്നത് നദിയോടാണ്. തെളിനീരിന്റെ ഉറവയായി പുറപ്പെടുന്ന ആ നദി, സഞ്ചാരപഥത്തില്‍ കൊച്ചരുവികളും പുഴകളുമൊക്കെ ചേര്‍ന്നു വലിയ നദിയായി രൂപാന്തരപ്പെടുന്നു.
See the rocky spring,
Bright as joy,
Like a glowing star!
Over clouds
His childhood has been nourished
By kindly spirits
In bushes between cliffs എന്നു തുടങ്ങുന്ന ഗോയ്‌ഥെയുടെ കവിത ഇങ്ങിനെ അവസാനിക്കുന്നു:
Straight up! That’s where I’m drawn!
The clouds, they are floating
Downward, they fall to
Meet halfway the force of my love,
To me, me!
Within your lap
Upward,
Embracing embraced!
Upward
Against your bosom,
You all-loving Father! (12)

ഖുര്‍ആനെകുറിച്ചും അദ്ദേഹത്തിനു വലിയ മതിപ്പായിരുന്നു. ഇസ്‌ലാമിനെക്കുറിച്ച് പൊതുനിരൂപണം നടത്തുന്നതിനിടെ ഗോയ്‌ഥെ സെക്രട്ടറി എക്കര്‍മാനോട് പറഞ്ഞു: ‘നിങ്ങള്‍ ശ്രദ്ധിച്ചോ? ഈ ബോധനം ഒരിക്കലും പരാജയപ്പെടില്ല. നമുക്കുള്ള സര്‍വമൂല്യസംഹിതകളെയും കണക്കിലെടുത്ത് പറയട്ടെ. ഈ ബോധനത്തെക്കാള്‍ അല്‍പം പോലും മുന്നോട്ടുപോകാന്‍ നമുക്ക് സാധ്യമല്ല.”(13)

1841ല്‍ പുറത്തിറങ്ങിയ ‘ഓണ്‍ ഹീറോസ് ഹീറോവര്‍ഷിപ്പ് ആന്റ് ഹീറോയിക് ഇന്‍ ഹിസ്റ്ററി’ എന്ന കൃതിയില്‍ തോമസ് കാര്‍ലൈല്‍ മുഹമ്മദ് നബിയെ വീരനായകനായി അവതരിപ്പിച്ചത് നബിയോടുള്ള യൂറോപ്യന്‍ സമീപനത്തില്‍ മറ്റൊരു വഴിത്തിരിവായി. മുഹമ്മദ് നബിയെ കടുത്ത ചായങ്ങളില്‍ ചിത്രീകരിക്കുന്ന ഗ്രന്ഥങ്ങളുടെ കുത്തൊഴുക്കിനിടെയാണ് ഈ പുസ്തകത്തിന്റെ രംഗപ്രവേശം. വിവിധ മേഖലകളില്‍ നിന്ന് വീരനായകരെ കണ്ടെത്തി അവതരിപ്പിച്ച കാര്‍ലൈല്‍ പ്രവാചകരുടെ കൂട്ടത്തിലാണ് നബിയെ തിരഞ്ഞെടുത്തത്. ഡാന്റെ, ഷേക്‌സ്പിയര്‍, മാര്‍ട്ടിന്‍ ലൂഥര്‍, റൂസോ, ക്രോംവെല്‍, നെപ്പോളിയന്‍ തുടങ്ങിയവരായിരുന്നു ആദ്ദേഹത്തിന്റെ മറ്റു വീരനായകര്‍. ”മുഹമ്മദിനെക്കുറിച്ച് ഇന്ന് നമ്മുടെ സങ്കല്‍പം സൂത്രശാലിയായ കപടന്‍, അസത്യത്തിന്റെ മൂര്‍ത്തി എന്നൊക്കെയാണ്. അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് വ്യാജങ്ങളുടെയും ബുദ്ധിമാന്ദ്യത്തിന്റെയും ആകെത്തുകയെന്നും നാം കരുതുന്നു. ഈ ധാരണയ്ക്ക് പക്ഷേ നിലനില്‍പില്ലാതായി തുടങ്ങിയിരിക്കുന്നു. ഈ മനുഷ്യനു ചുറ്റും സദുദ്ദേശ്യപരമായ അത്യാവേശം മൂലം നാം കെട്ടിപ്പൊക്കിയ നുണകള്‍ നമുക്ക് തന്നെയാണ് അപമാനം വരുത്തുന്നത്” എന്നു പറഞ്ഞു തുടങ്ങുന്ന കാര്‍ലൈല്‍ നബിയെ മിന്നല്‍പിണറിനോട് ഉപമിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

ഗാന്ധി ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ഈ പുസ്തകം സ്വാധീനിച്ചു. വിവിധ മതങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കവേയാണ് ഗാന്ധി ഹീറോസ് ആന്റ് ഹീറോവര്‍ഷിപ്പ് വായിച്ചത്. ”ഒരു സ്‌നേഹിതന്‍ കാര്‍ലൈലിന്റെ ‘വീരന്‍മാരും വീരാരാധകരും’ എന്ന ഗ്രന്ഥം വായിക്കാന്‍ ശുപാര്‍ശ ചെയ്തു. അതിലെ പ്രവാചകനായ വീരപുരുഷന്‍ എന്ന അധ്യായം ഞാന്‍ വായിച്ചു. നബിയുടെ മഹത്വം, ധീരത, കര്‍ക്കശമായ ജീവിതചര്യ എന്നിവയെപ്പറ്റി ഗ്രഹിക്കുകയും ചെയ്തു”(14) എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം ആത്മകഥയില്‍ പറയുന്നത്. നബിയെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ നീക്കുന്നതില്‍ ‘ഹീറോസ് ആന്റ് ഹീറോവര്‍ഷിപ്പ്’ വഹിച്ച പങ്കിനെക്കുറിച്ച് മലയാള പത്രപ്രവര്‍ത്തനരംഗത്തെ കുലപതിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള(1878-1911) ‘മുഹമ്മദ്‌നബിയും കാര്‍ലൈലും'(15) എന്ന ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രവാചകനെക്കുറിച്ചുള്ള കാര്‍ലൈലിന്റെ പ്രബന്ധത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ അദ്ദേഹം ലേഖനത്തില്‍ ഉദ്ധരിച്ച് ചേര്‍ക്കുകയും ചെയ്തു. കാര്‍ലൈലിന്റെ ഇസ്‌ലാമിനോടുള്ള സമീപനം രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ചത് ഗോയ്‌ഥെയാണെന്നാണ് വില്യം മോണ്‍ഗോമറിവാട്ടിന്റെ നിരീക്ഷണം.(15) ഇതാണ് ഇസ്‌ലാമെങ്കില്‍ നാമെല്ലാം ഇസ്‌ലാമിലല്ലേ? (If this be Islam do we not all live in Islam?) എന്ന ഗോയ്‌ഥെയുടെ ചോദ്യം കാര്‍ലൈല്‍ പ്രവാചകനെക്കുറിച്ചുള്ള ലേഖനത്തില്‍ ഉദ്ധരിക്കുകയും അതിനു ഗോയ്‌ഥെ നല്‍കിയ അതേ എന്ന മറുപടിയും നല്‍കുന്നുണ്ട്.(17) മധ്യകാല സങ്കല്‍പങ്ങള്‍ നിരാകരിച്ച് നബിയെ മതനിഷ്ഠയുള്ളയാളായി വാഴ്ത്തുകയും, ഇക്കാര്യത്തില്‍ യൂറോപ്യന്‍ എഴുത്തുകാര്‍ക്കു മുന്നില്‍ പുതിയൊരു പാത തുറന്നിടുകയും ചെയ്ത കാര്‍ലൈലിന് പക്ഷേ ഖുര്‍ആനെക്കുറിച്ച് വലിയ അഭിപ്രായമുണ്ടായിരുന്നില്ല. ”മുഷിപ്പനും അപരിഷ്‌കൃതവും ക്രമരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ” ഗ്രന്ഥമായാണ് അദ്ദേഹം ഖുര്‍ആനെ വിലയിരുത്തിയത്. (18) ജോര്‍ജ് സേലിന്റെ വികലമായ ഇംഗ്ലീഷ് പരിഭാഷ അവലംബിച്ചതുകൊണ്ടാവാം കാര്‍ലൈലിന് ഖുര്‍ആനെക്കുറിച്ച് മതിപ്പില്ലാതെ പോയത്. ”മുഹമ്മദനിസം മനുഷ്യന്റെ കണ്ടുപിടിത്തമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ സംസ്ഥാപനത്തിനും പുരോഗതിക്കും അത് വാളിനോട് കടപ്പെട്ടിരിക്കുന്നു”(19) എന്ന് ഖുര്‍ആന്‍ പരിഭാഷയുടെ ആമുഖത്തില്‍ എഴുതിയ ക്രിസ്ത്യന്‍ പക്ഷപാതിയാണ് സേല്‍. ഇത്തരമൊരു വീക്ഷണം വച്ചുപുലര്‍ത്തുന്ന സേലിന്റെ പരിഭാഷയില്‍ നിന്ന് ഖുര്‍ആനെക്കുറിച്ച് കാര്‍ലൈലിന് ശരിയായ ചിത്രം ലഭിക്കാതെപോയതില്‍ അദ്ഭുതപ്പെടാനില്ല. അതേസമയം ഖുര്‍ആനെക്കുറിച്ച് അനുഭാവപൂര്‍വമായ പരാമര്‍ശങ്ങളും കാര്‍ലൈലിന്റെ ഗ്രന്ഥത്തിലുണ്ട്.

ആധുനിക പഠനങ്ങള്‍
മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന രചനകള്‍ ഇപ്പോഴും വിവിധ ഭാഷകളില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഗോയ്‌ഥേയുടെയും, കാര്‍ലൈലിന്റെയും പാത പിന്തുടരാന്‍ പിന്നീട് ഒട്ടേറെപ്പേരുണ്ടായി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. റെജിനാള്‍ഡ് ബോസ്‌വര്‍ത്ത് സ്മിത്ത്, സര്‍ തോമസ്.ഡബ്യു.ആര്‍നോള്‍ഡ്, മാര്‍ട്ടിന്‍ ലിംഗ്‌സ്, ആന്‍മേരി ഷിമ്മേല്‍, ജോണ്‍ എല്‍.എസ്‌പോസിറ്റോ, കാരന്‍ ആംസ്‌ട്രോങ്, മിനു റീവ്‌സ്, ബര്‍ണബി റോജേര്‍സണ്‍, ക്ലിന്റണ്‍ ബെന്നറ്റ്, ലെസ്ലി ഹാസില്‍ട്ടണ്‍, ജോണ്‍ അഡയര്‍(20) – അങ്ങിനെ ഈ ഈ ഗണത്തില്‍പെടുത്താവുന്ന നിരവധി പേരുണ്ട്. വിവിധ തലങ്ങളില്‍ വ്യാപരിച്ച ബഹുമുഖജീവിതമായിരുന്നു പ്രവാചകന്റേത് എന്നതിനാല്‍ ഓരോകാലത്തും വിവിധ വീക്ഷണകോണുകളിലൂടെ പ്രവാചകജീവിതത്തെ നോക്കിക്കാണുന്ന കൃതികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പ്രശസ്ത അമേരിക്കന്‍ ആസ്‌ട്രോ ഫിസിക്സ്റ്റും എഴുത്തുകാരനുമായ മൈക്കിള്‍.എച്ച് ഹാര്‍ട്ടിന്റെ 1978ല്‍ പുറത്തിറങ്ങിയ ദ ഹണ്‍ഡ്രഡ്: ദ മോസ്റ്റ് ഇന്‍ഫ്‌ളുവന്‍ഷ്യല്‍ പേഴ്‌സണ്‍സ് ഇന്‍ ഹിസ്റ്ററി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ്. ലോകചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ചുള്ള പഠനമായ ദ ഹണ്‍ഡ്രഡില്‍ മുഹമ്മദ് നബിയാണ് ഒന്നാമതായി പരാമര്‍ശിക്കപ്പെട്ടത്. ഐസക് ന്യൂട്ടണ്‍, യേശുക്രിസ്തു, ബുദ്ധന്‍, കണ്‍ഫ്യൂഷ്യസ്, സെയിന്റ് പോള്‍, കായ് ലുന്‍ (പേപ്പറും പേപ്പര്‍ നിര്‍മാണപ്രക്രിയയും കണ്ടുപിടിച്ച ചൈനക്കാരന്‍), ജോഹന്നാസ് ഗുട്ടന്‍ബര്‍ഗ്, ക്രിസ്റ്റഫര്‍ കൊളംബസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, കാറല്‍ മാര്‍ക്‌സ് എന്നിവരാണ് പട്ടികയില്‍ യഥാക്രമം രണ്ടുമുതല്‍ 11 വരെ സ്ഥാനങ്ങളിലെത്തിയത്. ഇസ്‌ലാമിലെ രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബും പട്ടികയില്‍ ഇടം (51ാം സ്ഥാനം) പിടിച്ചു. ”ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളുടെ പട്ടിക നയിക്കാന്‍ ഞാന്‍ മുഹമ്മദിനെ തിരഞ്ഞെടുക്കുന്നത് ചില വായനക്കാരെ അദ്ഭുതപ്പെടുത്തിയേക്കാം. ചിലരതിനെ ചോദ്യം ചെയ്യാനുമിടയുണ്ട്. എന്നാല്‍ മതപരവും ഭൗതികവുമായ തലങ്ങളില്‍ ചരിത്രത്തില്‍ അങ്ങേയറ്റം വിജയിച്ച ഏക വ്യക്തി അദ്ദേഹം മാത്രമാണ്”(21)- ഇങ്ങനെ തുടങ്ങുന്ന ലേഖനം നബിയെ ഒന്നാമനായി തിരഞ്ഞെടുക്കാനുള്ള കാരണം തുടര്‍ന്ന് വിശദീകരിക്കുന്നു. അഞ്ചുലക്ഷത്തിലേറെ കോപ്പികള്‍ വിറ്റുപോകുകയും പതിനഞ്ചോളം ഭാഷകളിലേക്ക് വിവര്‍ത്തിതമാകുകയും ചെയ്തു എന്നത് ദ ഹണ്‍ഡ്രഡ് കൈവരിച്ച സ്വീകാര്യതയ്ക്ക് തെളിവാണ്.
മതതാരതമ്യ പഠനശാഖയില്‍ നിരവധി ശ്രദ്ധേയ കൃതികള്‍ രചിച്ച ബ്രിട്ടീഷ് എഴുത്തുകാരി കാരന്‍ ആംസ്‌ട്രോംഗിന്റെ രണ്ടു കൃതികള്‍ (മുഹമ്മദ് എ ബയോഗ്രഫി ഓഫ് ദ പ്രൊഫറ്റ്, മുഹമ്മദ്: എ പ്രൊഫറ്റ് ഓഫ് അവര്‍ ടൈം) പാശ്ചാത്യലോകത്ത് പ്രവാചകനെക്കുറിച്ച് നിലനില്‍ക്കുന്ന ഒട്ടേറെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ സഹായകമായി. കാരന്‍ ആംസ്‌ട്രോംഗിന്റെ ഈ വരികള്‍ അവരുടെ കാഴ്ചപ്പാടുകള്‍ മനസിലാക്കാന്‍ ഉപകരിക്കും: ”മാതൃകാവ്യക്തിത്വമെന്ന നിലയില്‍ മുഹമ്മദ് മുസ്‌ലിംകള്‍ക്കു മാത്രമല്ല, പാശ്ചാത്യജനതക്കും സുപ്രധാന പാഠങ്ങള്‍ നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ഒരു ജിഹാദായിരുന്നു; ആ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത് ‘വിശുദ്ധയുദ്ധ’മെന്നല്ല, ‘പോരാട്ട’മെന്നാണെന്ന് നമുക്ക് കാണാനാവും. യുദ്ധം കൊണ്ട് വലഞ്ഞ അറേബ്യയില്‍ സമാധാനം കൊണ്ടുവരാന്‍ മുഹമ്മദ് അക്ഷരാര്‍ത്ഥത്തില്‍ വിയര്‍പ്പൊഴുക്കി. ഇക്കാലത്ത് ഇത് ചെയ്യാന്‍ തയാറുള്ളവരെയാണ് നമുക്കാവശ്യം. അത്യാര്‍ത്തി, അനീതി, ദുരഹങ്കാരം എന്നിവക്കെതിരായ ക്ഷീണം ഏശാതെയുള്ള സംഘടിതപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അറേബ്യ ഒരു വഴിത്തിരിവിലാണെന്നും പഴയ ചിന്താഗതികള്‍ ഇനിയും പര്യാപ്തമാവില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. തികച്ചും നൂതനമായ പ്രതിവിധി ആവിഷ്‌കരിക്കുന്നതിനുള്ള ക്രിയാത്മക പരിശ്രമത്തിന് അദ്ദേഹം സ്വയം സജ്ജനായി. സെപ്തംബര്‍ 11ന് നാം ചരിത്രത്തിന്റെ മറ്റൊരു കാലഘട്ടത്തിലേക്ക് കടന്നതോടെ വ്യത്യസ്ത വീക്ഷണഗതി വികസിപ്പിച്ചെടുക്കുന്നതിന് തുല്യമായ തീവ്രതയോടെ പ്രയത്‌നിക്കേണ്ടതുണ്ട്. അസാധാരണമായി തോന്നാം, ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ ശബ്ദകോലാഹലങ്ങളെക്കാള്‍ നമ്മുടെ കാലത്തെ സംഭവങ്ങളെയും അവയിലന്തര്‍ഭവിച്ച പ്രാധാന്യത്തെയും കുറിച്ച് കൂടുതല്‍ പഠിപ്പിക്കാനുണ്ട്.”(22)
നബിയുടെ ജീവിതത്തിലെ അധ്യാത്മികഭാവങ്ങളിലൂന്നുന്ന ആന്‍മേരി ഷിമ്മേലിന്റെ ആന്റ് മുഹമ്മദ് ഈസ് ഹിസ് മെസഞ്ചര്‍, സൂഫി ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ മാര്‍ട്ടിന്‍ ലിംഗ്‌സിന്റെ (അബൂബക്കര്‍ സിറാജുദ്ദീന്‍) മുഹമ്മദ്: ഹിസ് ലൈഫ് ബേസ്ഡ് ഓണ്‍ ദി ഏര്‍ളിയസ്റ്റ് സോഴ്‌സസ് എന്നിവ പ്രവാചകജീവിതത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുന്ന അതുല്യ രചനകളാണ്. പ്രവാചകന്റെ സുന്ദരമാതൃക, അതുല്യപദവി, അദ്ഭുതസംഭവങ്ങള്‍, പ്രവാചകനാമങ്ങള്‍, പ്രവാചകമാര്‍ഗം, പ്രവാചകന്‍ ഇഖ്ബാല്‍ കൃതികളില്‍ തുടങ്ങിയവയാണ് ഷിമ്മേല്‍ കൃതികളിലെ അധ്യായങ്ങള്‍. പ്രവാചകനെക്കുറിച്ച് ലഭ്യമായ ഏറ്റവും പഴയ സ്രോതസുകളെ അവലംബിച്ച് മാര്‍ട്ടിന്‍ ലിംഗ്‌സ് രചിച്ച ജീവചരിത്രം എല്ലാ അര്‍ത്ഥത്തിലും മറ്റു ജീവചരിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. പഴയനിയമത്തെയും ഖുര്‍ആനെയും ആധാരമാക്കി മുഹമ്മദ് നബിയുടെ ഇബ്രാഹീമീ വേരുകള്‍ കണ്ടെത്തുന്ന, ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും പരമ്പരകളെക്കുറിച്ച് സൂചിപ്പിക്കുന്ന ആദ്യ അധ്യായം തന്നെ വേറിട്ട പ്രതിപാദന ശൈലിക്ക് ഉത്തമ ഉദാഹരണമാണ്.

പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധന്‍ ജോണ്‍ അഡയറിന്റെ ‘ദ ലീഡര്‍ഷിപ്പ് ഓഫ് മുഹമ്മദ്’ റിച്ചാര്‍ഡ് എ.ഗബ്രിയേലിന്റെ ‘മുഹമ്മദ്- ഇസ്‌ലാംസ് ഫസ്റ്റ് ഗ്രേറ്റ് ജനറല്‍’ തുടങ്ങിയവയും പ്രവാചകന്റെ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഇഫക്റ്റീവ് ടീം ബില്‍ഡിംഗ്, ഇഫക്റ്റീവ് ലീഡര്‍ഷിപ്പ് തുടങ്ങിയ ശ്രദ്ധേയഗ്രന്ഥങ്ങളുടെ രചയിതാവും പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധനുമായ ജോണ്‍ അഡയര്‍ നബിയിലെ മതാത്മകഘടകത്തെ ഒഴിവാക്കി മാനേജ്‌മെന്റ് വിജ്ഞാനീയത്തിന്റെ ഭാഗമെന്ന നിലയില്‍ മാത്രമാണ് ആ ജീവിതത്തെ നോക്കിക്കാണുന്നത്. നബിയുടെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്ത് അദ്ദേഹത്തിന്റെ നേതൃഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഗ്രന്ഥകാരന്‍ വരച്ചിടുന്നു. ഇസ്‌ലാമിനെക്കുറിച്ചോ അതിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ചോ ഈ ഗ്രന്ഥത്തില്‍ ഒന്നും കാണില്ല. പകരം മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെയും സാംസ്‌കാരിക സന്ദര്‍ഭത്തെയും കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ നേതൃഗുണങ്ങള്‍ വിശകലനം ചെയ്യുകയാണിവിടെ. ആമുഖമായി ജോണ്‍ അഡയര്‍ എഴുതുന്നു: ”മുഹമ്മദ് നബിയുടെ നേതൃപാടവത്തെക്കുറിച്ചുള്ള ജീവചരിത്രാന്വേഷണമാണ് ഈ കൃതി. അതുകൊണ്ട് നബിയുടെ പൂര്‍ണമായ ജീവചരിത്രമാകില്ല ഇത്. ഏതൊരു ജീവചരിത്രകാരനും വളരെ സുപ്രധാനമായി കരുതുന്ന നബിയുടെ ജീവിതത്തിന്റെ വ്യത്യസ്തമായ അടരുകളെ വിശേഷിച്ചും ദൈവദൂതന്‍, പ്രവാചകന്‍ തുടങ്ങിയ അദ്ദേഹം വഹിച്ച പങ്കുകളെ കേവലം സ്പര്‍ശിക്കുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ. സുപ്രധാനമായ സാരാംശങ്ങളെക്കൊണ്ട് ഓരോ അധ്യായവും പൂര്‍ത്തീകരിക്കുക എന്നതാണ് എന്റെ രചനാരീതി.”

കാനഡയിലെ റോയല്‍ മിലിട്ടറി കോളജിലെ യുദ്ധപഠന വിഭാഗം പ്രൊഫസറായ റിച്ചാര്‍ഡ് എ.ഗബ്രിയേലിന്റെ ‘മുഹമ്മദ്- ഇസ്‌ലാംസ് ഫസ്റ്റ് ഗ്രേറ്റ് ജനറലി’ലെത്തുമ്പോള്‍ ചിത്രമാകെ മാറുന്നു. മുഹമ്മദ് എന്ന യുദ്ധതന്ത്രജ്ഞന്റെ ചിത്രമാണ് ഇതില്‍ നിന്ന് ലഭിക്കുക. ”മുഹമ്മദിനെ ഒരു പടയാളിയായി സങ്കല്‍പിക്കുന്നത് പലര്‍ക്കും പുതിയ അനുഭവമായിരിക്കും. മുഹമ്മദ് തീര്‍ച്ചയായും ഒരു മഹാനായ സൈന്യാധിപനായിരുന്നു. ചുരുങ്ങിയ ഒരു ദശകത്തിനുള്ളില്‍ അദ്ദേഹം എട്ട് പ്രധാന യുദ്ധങ്ങള്‍ നയിച്ചു. 18 മിന്നലാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 38 മറ്റു സൈനിക നീക്കങ്ങള്‍ ആസൂത്രണം ചെയ്തു. ഇതില്‍ പലതിനും നേതൃത്വം നല്‍കിയത് മറ്റുള്ളവരാണെങ്കിലും മുഹമ്മദിന്റെ ഉത്തരവുകളും തന്ത്രപരമായ നിര്‍ദേശങ്ങളുമനുസരിച്ചായിരുന്നു ഇത്. രണ്ടുതവണ അദ്ദേഹത്തിന് മുറിവേറ്റു. മുഹമ്മദ് മഹാനായ സൈന്യാധിപന്‍, സമരതന്ത്രജ്ഞന്‍ എന്നിവയിലുമുപരിയായിരുന്നു. അദ്ദേഹം സൈനികസൈദ്ധാന്തികന്‍, സംഘടനാപരമായ പരിഷ്‌കര്‍ത്താവ്, സമരകൗശലചിന്തകന്‍, സൈനികപോരാളി, രാഷ്ട്രീയസൈനികനേതാവ്, ധീരനായ ഭടന്‍, വിപ്ലവകാരി, സായുധപോരാട്ടമെന്ന (Insurgency) ആശയത്തിന്റെ ഉപജ്ഞാതാവും ചരിത്രത്തിലെ അതിന്റെ ആദ്യത്തെ വിജയിയും, ഇവയെല്ലാമായിരുന്നു. യുദ്ധമുഖത്ത് സൈന്യത്തെ നയിക്കും മുമ്പ് അദ്ദേഹത്തിന് സൈനികപരിശീലനമൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കാലത്ത് അറബികള്‍ സൈനികവൈദഗ്ധ്യം നേടിയിരുന്നത് പിതാവില്‍ നിന്നായിരുന്നു. എന്നാല്‍ അനാഥനായ അദ്ദേഹത്തിന് ആ അവസരം ലഭിച്ചില്ല. മുഹമ്മദിന്റെ അധികാരത്തിലേക്കുള്ള ഉയര്‍ച്ച വിജയകരമായ ഒരു സായുധപോരാട്ടത്തിന്റെ മൂലഗ്രന്ഥ മാതൃകയാണ്; ചരിത്രത്തിലെ എനിക്കറിയാവുന്ന ആദ്യ മാതൃകയാണ്. ആധുനിക സായുധകലാപകാരികളായ മാവോ സേതുങ്, ഹോചിമിന്‍, ജോമോ കെനിയാട്ട, ഫിഡല്‍ കാസ്‌ട്രോ, ഒരുപക്ഷേ ജോര്‍ജ് വാഷിംഗ്ടണും തങ്ങളുടെ വിപ്ലവകരമായ പോരാട്ടങ്ങളില്‍ മുഹമ്മദിന്റെ സമരകൗശലവും ക്രമീകരണങ്ങളും എളുപ്പത്തില്‍ വകവെച്ചുകൊടുത്തിരിക്കാം.”(23) ആമുഖത്തിലെ ഈ വാക്കുകളില്‍ നിന്ന് പുസ്തകത്തിന്റെ പ്രതിപാദ്യത്തെക്കുറിച്ച് ഏകദേശധാരണ ലഭിക്കും.

നബിയുടെ ജീവിതത്തെ ഏറെക്കുറെ മനസിലാക്കിയ ഏതൊരാള്‍ക്കും റിച്ചാര്‍ഡ് എ.ഗബ്രിയേലിന്റെ ഒട്ടേറെ നിരീക്ഷണങ്ങളോട് വിയോജിക്കേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. നബി യുദ്ധരംഗത്ത് അസാമാന്യ വൈഭവമാണ് പ്രകടിപ്പിച്ചതെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. യു.എസ് സൈനികയുദ്ധ കോളേജിലെ ചരിത്രം, രാഷ്ട്രതന്ത്രം എന്നിവയിലെ പ്രൊഫസറും, യു.എസിലെ മുന്‍ സൈനികഓഫീസറുമായ റിച്ചാര്‍ഡിനെ നബിയിലെ പോരാളി ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ നബിയുടെ യുദ്ധത്തോടുള്ള സമീപനം റിച്ചാര്‍ഡ് പുസ്തകത്തില്‍ പ്രതിപാദിച്ച പലരുടേതില്‍ നിന്നും മൗലികമായി ഭിന്നമായിരുന്നു എന്ന അതിപ്രധാനമായ വസ്തുത എടുത്തുപറയേണ്ടതുണ്ട്. സമാധാനം കാംക്ഷിക്കുകയും അതിന് എന്നും പ്രഥമപരിഗണന നല്‍കുകയും ചെയ്ത നബി യുദ്ധം അനിവാര്യമായ സാഹചര്യത്തിലാണ് പടക്കളത്തിലിറങ്ങിയത്.

നേരത്തെ പരാമര്‍ശിച്ച പല പുസ്തകങ്ങളിലും ഗ്രന്ഥകാരന്മാര്‍ എത്തിച്ചേരുന്ന ചില തീര്‍പ്പുകളോടെങ്കിലും വിയോജിപ്പുകളുണ്ടാവാമെങ്കിലും പാശ്ചാത്യലോകത്ത് നടക്കുന്ന നബിയെ കണ്ടെത്താനുള്ള ഇത്തരം ഉദ്യമങ്ങളെ വിലകുറച്ചുകാണാനാവില്ല.

കുറിപ്പുകള്‍

1.Maxim Rodinson: A Critical Survey of Modern Studies on Mohammed (Essay) in Martin.L. Swartz (ed) Studies on Islam, Oxford University Press, Newyork & Oxford, 1981, p:24
2.എന്‍.പി മുഹമ്മദ്, തേനും വേദവും, പ്രബോധനം മുഹമ്മദ് നബി വിശേഷാല്‍പതിപ്പ്, 1989, പേജ് 23
3.Minou Reeves: Mohammed in Europe: A Thousand Years of Western Myth-Making, Newyork University Press, 2000
4. Karen Armstrong: Muhammed A Biography of the Prophet, Victor Gollancz, London, 1991. മധ്യകാല യൂറോപ്യന്‍ എഴുത്തുകാരുടെ ഇസ്‌ലാമിനോടുള്ള സമീപനമറിയാന്‍ കാണുക: (a) Norman Daniel: Islam and the West: The Making of an Image, Edinburg Univ. Press, 1960. (b) R.W. Southern: Western views of Islam in the Middle Ages, Cambridge, Massachusets, Harvard Univ. Press, 1962. (c) B Kedar: Crusade and Mission: European Approaches Toward the Muslims, Princeton Univ.Press, New Jersy, 1984. (d) Clinton Bennet: Victorian Images of Islam, Grey Seal Books, London, 1992.
5. ഓറിയന്റിലിസ്റ്റുകളെക്കുറിച്ച് കൂടുതലറിയാന്‍: (a) Edward W Said: Orientalism, Pantheon Books, Newyork, 1978. (b) Rana Kabbani: Europes Myth of Orient, Macmillan, London, 1986. (c) A Ghorab: Subverting Islam: The Role of Orientalist Centres, Minerva Press, London, 1994.
6.Emile Dermenghem: The Life of Mahomet (Tr: Arabella Yorke), The Dial Press, New York, 1930, pp:119-121
7. Philip K Hitty: Islam A Way of Life, Henry Regnery Company, Chicago, 1970
8.മുഹമ്മദ് അസദ്: മക്കയിലേക്കുള്ള പാത (വിവ: എം.എന്‍.കാരശ്ശേരി), ഇസ്‌ലാമിക് പബ്ലിഷിങ്ങ് ഹൗസ്, കോഴിക്കോട്, 1987, പേജ്: 30-33
9.Seyyed Hossein Nasr, Ideals and Realities of Islam, Allen and Unwin, London, 1975
10.H.A.R. Gibb: Islam-A Historical Survey, Oxford University Press, London, 1948
ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ കെസിയ അലിയുടെ ദ ലൈവ്‌സ് ഓഫ് മുഹമ്മദ് (Kecia Ali, The Lives of Muhammad, Harvard University Press, 2016) എന്ന കൃതിയില്‍ വിവിധ ജീവചരിത്രകാരന്മാര്‍ വിവിധ കാലങ്ങളില്‍ നബിയുടെ ജീവിതത്തെ എങ്ങിനെ വായിച്ചു എന്ന് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
11.Bertrand Russell, Marriage and Morals, Routledge, NewYork, 2009, p: 107
12.Goethe, Mohammed’s Song, Blessed Longing- Selected Poems of J.W Goethe, Tr: Keith Stanton, Trafford Publishing, Victoria, Canada, p:28-39
13.John Oxenford,Conversation of Goethe with Eckerman&Sorret, p:41, Quoted by Sir.Muhammed Iqbal: Reconstruction of Religious Thought in Islam, Kitab Bhavan, New delhi, 1994, p:9
14.മഹാത്മാഗാന്ധി: എന്റെ സത്യാന്വേഷണ പരീക്ഷണ കഥ, പൂര്‍ണോദയ ബുക്‌സ്, കൊച്ചി, 1998, പേജ്: 69
15.’മുഹമ്മദ്‌നബിയും കാര്‍ലൈലും’ എന്ന ലേഖനം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രാമകൃഷ്ണീയം എന്ന ലേഖനസമാഹാരത്തില്‍ (പ്രസാധക: ബി. കല്യാണിക്കുട്ടിയമ്മ,അക്ഷരപ്രകാശികപ്രസ്സ്, കുന്നംകുളം 1916) ഉള്‍പ്പെടുത്തിയിട്ടുണ്ട്.
16.Montgomery Watt: Carlyle on Muhammed, The Hibbert Journal, Vol.52, (Oct 1954-July 1955) p:252
17. Thomas Carlyle: On Heroes Hero-worship and Heroic in History, Oxford University Press, London, 1965, p:74
18. Ibid, p:85
19. Quoted by Norman Daniel: Islam and the West: The Making of an Image, Edinburg Univ. Press, 1960, p:300
20.(a) Bosworth Smith: Mohammed and Mohammedanism, Smith Elder &Co., London, 1874. (b) Thomas.W.Arnold: The Preaching of Islam- A History of the Propagation of the Muslim Faith, Kessinger Publishig, Montana, 2006. (c) Martin Lings: Muhammed- His Life Based on the Earliest Sources, George Allen &Unwin, London, 1983. (d) Annemarie Schimmel: And Muhammed is His Messenger- The Veneration of the Prophet in Islamic Piety, Chapel Hill: Univ. of North Caroline Press, 1985. (e) John L Esposito: Islam the straight Path,Oxford University Press, Newyork,1998. (f) Karen Armstrong: Muhammed A Biography of the Prophet, Victor Gollancz, London, 1991. (g) Karen Armstrong: Muhammed: A Prophet of Our Time, Harper Collins, 2006. (h) Minou Reeves: Mohammed in Europe: A Thousand Years of Western Myth-Making, Newyork University Press, 2000.(i) Barnaby Rogerson: The Prophet Mohammed, Paulist Press,U.S.A, 2004. (j) Clinton Bennet: In Search of Muhammed,Continuum, London, 1998.(k).Lesley Hazleton, The First Muslim: The Story of Muhammad, Atlantic Books, London, 2013. (l) John Adair: The Leadership of Muhammad, Kogan Page, London, 2010
21.Micheal.H.Hart, The Hundred: The Most Influential Persons in History, A Citadel Press Book, Carol Publishing Group, Newyork, 1978, p:3
22.Karen Armstrong: Muhammed: A Prophet of Our Time, Harper Collins, 2006, p:19
23.Richard A. Gabriel, Muhammad: Islam’s First Great General, University of Oklahoma Press, Norman, U.S.A, 2007
പി എ റഫീഖ് സകരിയ്യ

You must be logged in to post a comment Login