നാല്പത് വര്‍ഷം നിരന്തരമായി ഒരേ ആഹാരം കഴിച്ചവര്‍ക്ക് അത് മടുത്തു. ചീരയും വെള്ളരിയും ഗോതമ്പും പയറും ഉള്ളിയുമൊക്കെ സ്വന്തമായി കൃഷിചെയ്ത് കഴിക്കാന്‍ അവര്‍ ആഗ്രഹിച്ചു. സ്വാഭാവികം. പക്ഷേ അന്നം തന്നവനെ മറക്കാതെ, നന്ദിബോധം വിടാതെയായിരുന്നു അവര്‍ ആഗ്രഹം പറയേണ്ടിയിരുന്നത്. അതുണ്ടായില്ല. എന്നല്ല, അവര്‍ പലപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്തു. മന്നും സല്‍വയും(കാടയും കട്ടിത്തേനും) അവര്‍ക്കത്ര പരിചിതമായ ഭക്ഷണക്കൂട്ടുമല്ല. അതായിരിക്കാം മടുപ്പിന് വേറൊരു കാരണം. വിശന്നുവലഞ്ഞ് മരുഭൂമിയില്‍ അലഞ്ഞവര്‍ക്ക് അന്നത് കിട്ടിയപ്പോഴുള്ള സന്തോഷം പറയേണ്ട. പക്ഷേ ഇന്നവര്‍ അതൊക്കെ മറന്നു.
ഒരുപക്ഷേ ഇതവര്‍ക്ക് ഉഭയജീവിതത്തില്നിന്ന് പൂര്‍വാശ്രമത്തിലേക്ക് തിരിച്ചുപോകാനുള്ള കൊതിയാകാം. അതായിരിക്കാം കൃഷിയിലേക്കും പച്ചക്കറി വിഭവങ്ങളിലേക്കുമുള്ള അടുപ്പത്തിന് നിമിത്തമായത്. പക്ഷേ ഇവിടെയും അനുഗ്രഹങ്ങളോടുള്ള പ്രകടമായ ധിക്കാരം വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആന്‍ പറഞ്ഞതിപ്രകാരമാണ്: ‘നിങ്ങള്‍ പറഞ്ഞതോര്ത്തുനോക്കൂ: മൂസാ, ഒരേതരം ആഹാരം ഞങ്ങള്‍ക്ക് സഹിക്കുന്നില്ല. അതിനാല്‍ താങ്കള്‍ റബ്ബിനോട് പ്രാര്‍ത്ഥിക്കുക. ഭൂമിയില്‍ മുളക്കുന്ന ചീരയും വെള്ളരിയും ഗോതമ്പും പയറും ഉള്ളിയുമെല്ലാം നല്കാന് ആവശ്യപ്പെടുക. ‘ശ്രേഷ്ഠമായവക്ക് പകരം താണതരം വസ്തുക്കളാണോ നിങ്ങള്‍ക്കുവേണ്ടത്’- മൂസാനബി ചോദിച്ചു. എന്നാല്‍ അത് കിട്ടുന്ന വല്ല നാട്ടിലേക്കും നിങ്ങള്‍ക്ക് പോകാം. നിന്ദ്യതയും ദാരിദ്ര്യവും അവരില്‍ വന്നുകൂടി. ദൈവകോപത്തിനിരയായി. ദൈവികദൃഷ്ടാന്തങ്ങളോടുള്ള എതിര്‍പ്പും പ്രവാചകരോടുള്ള നിഷേധവും അന്യായമായി പ്രവാചകരുടെ ജീവന് കവരുകയും ചെയ്തതിനാലുമാണത്. അക്രമവും ധിക്കാരവും ചെയ്തതിന്റെയും’ (സൂറത്തുല്‍ ബഖറ: 61ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍നിന്ന്).
നല്ലതിന് പകരം മോശത്തെയാണോ നിങ്ങള്‍ തേടുന്നത് എന്ന മൂസാനബിയുടെ(അ) ചോദ്യം സസ്യാഹാരത്തെക്കാള്‍ അതല്ലാത്തതാണ് നല്ലതെന്ന അര്‍ത്ഥത്തിലല്ല. മറിച്ച് ദൈവകാരുണ്യമായി ലഭിച്ച ആഹാരങ്ങളോടുള്ള ധിക്കാരമാണ് അതുവേണ്ടെന്ന് വെക്കുന്നത്. ഇതാണ് മോശമായതാണോ വേണ്ടത് എന്ന ചോദ്യത്തിന്റെ താല്പര്യം.
‘മന്നും സല്‍വയും കിട്ടിയിരുന്നതിനെ പൂര്‍ണാര്‍ത്ഥത്തില്‍ വെറുത്തിരുന്നുവെന്നോ മടുത്തു മാറ്റിവെച്ചു എന്നോ വ്യാഖ്യാനമില്ല. വിഭവവൈവിധ്യം അവര്‍ ആഗ്രഹിച്ചുവെന്ന് മാത്രം.’ ചില വ്യാഖ്യാനങ്ങല്‍ ഇപ്രകാരവുമുണ്ട്. അങ്ങനെയാണെങ്കില്‍ നിന്ദ്യതയും ദാരിദ്ര്യവുമുണ്ടായത് പുതുവിഭവങ്ങള്‍ ചോദിച്ചിട്ടല്ല. അത് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതുപോലെ ദൈവിക ദൃഷ്ടാന്തങ്ങളുടെ നിഷേധവും പ്രവാചകന്മാരെ കൊന്നതുകൊണ്ടുമാണ്.
ചീരയും വെള്ളരിയും ഗോതമ്പും പയറും ഉള്ളിയുമൊക്കെ മന്നും സല്‍വയും വന്ന വഴിയിലൂടെ ലഭിക്കാന്‍ അവര്‍ ആഗ്രഹിച്ചതുമില്ല. പ്രത്യുത ഭൂമിയില്‍ വിത്തുനട്ട്, വെള്ളമൊഴിച്ച്, വളം ഇട്ട്, കളപറിച്ച്, കേട് നീക്കി, കൊയ്തെടുത്ത് ഉപയോഗിക്കാനാണ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെയാണ് അതിന് പറ്റിയ ഭൂമിയിലേക്ക് പോയിക്കോളാന്‍ മൂസാനബി(അ) അവരോട് ആവശ്യപ്പെട്ടതും. ‘മിസ്ര്’ എന്നതിന് ഏതെങ്കിലുമൊരു നാട് എന്നുവെക്കാം. അല്ലെങ്കില്‍ ഈജിപ്ത് തന്നെയും ആവാം. ഒന്നുകില്‍ കൃഷിയോഗ്യമായ ഏതെങ്കിലുമൊരു നാട്ടിലേക്ക്. അല്ലെങ്കില്‍ സാക്ഷാല്‍ ഫിര്ഔന് ഭരിച്ചിരുന്ന ഈജിപ്തിലേക്ക്. ബനൂഇസ്രയേല്യരുടെ പൂര്‍വാശ്രമത്തിലേക്ക്.
‘അല്ലയോ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പവിത്രഭൂമിയില്‍ പ്രവേശിക്കുക. പിന്തിരിഞ്ഞുപോകരുത്. അത് പരാജയത്തിന് കാരണമാകും'(സൂറത്തുല്‍ മാഇദ- 21ാം സൂക്ത വ്യാഖ്യാനത്തില്‍നിന്ന്). ഈ പ്രഖ്യാപനത്തില്‍നിന്ന് സൂക്തപരാമര്ശത്തിലെ മിസ്റ് ഈജിപ്താണെന്ന വാദം ഭൂരിപക്ഷം വ്യാഖ്യാതാക്കളും അംഗീകരിക്കുന്നില്ല.
തീക്ഷ്ണമായ പരീക്ഷണങ്ങളാണ് ഇക്കാലങ്ങളില്‍ ബനൂഇസ്രായേല്യര് നേരിട്ടത്. പട്ടിണിയും, നാണക്കേടും ദൈവകോപവുമെല്ലാം വന്നുപെട്ടു. ധിക്കാരപരമായ നിലപാടുകളുടെ പ്രത്യാഘാതങ്ങളായിരുന്നു അവ. കാര്യകാരണങ്ങള്‍ ഖുര്‍ആന്‍ പലവുരു പറഞ്ഞുവെച്ചു. ഇവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്. ദൈവിക ദൃഷ്ടാന്തങ്ങളോടുള്ള പരസ്യമായ എതിര്‍പ്പും അന്യായമായി ദൈവദൂതന്മാരെ കൊന്നൊടുക്കിയതിനുമാലാണത്. കഴുത്തറുത്തും കുഴികുത്തി, അതിലിറക്കി ഈര്ച്ചവാള് കൊണ്ട് നെടുകെ പിളര്‍ന്നും പരശ്ശതം പേര് കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമികള്‍ക്ക് ശാശ്വത പരാജയം തന്നെ.
ന്യായമായ കൊലയും അന്യായമായ കൊലയുമുണ്ട്. തിരുനബി(സ) പറഞ്ഞതുപോലെ ‘ഒരാള്‍ കൊല്ലപ്പെടണമെങ്കില്‍ മൂന്ന് ന്യായങ്ങളിലൊന്നെങ്കിലും വേണം: വിശ്വാസത്തിലേക്ക് കടന്നുവന്നിട്ട് അവിശ്വാസിയാകല്, വിവാഹശേഷമുള്ള വ്യഭിചാരം, പ്രതിക്രിയയല്ലാതെയുള്ള കൊലപാതകം.’- ഇതല്ലാതെ വരുമ്പോള്‍ ആ വധം തികച്ചും അന്യായമാകുന്നു. ശിക്ഷക്കും കാരണമാകുന്നു(റാസി).
മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
You must be logged in to post a comment Login