ഇനിയൊരു പുല്‍വാമ ഉണ്ടാവുകയാണെങ്കില്‍ രാജ്യം എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടത്? ചോദ്യം ഇന്ത്യാടുഡേ ചാനലിന്റെ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ രാജ് ചെങ്കപ്പയുടേതാണ്. ഇന്ത്യ നേരിട്ടുകൊണ്ടിരുന്ന അപ്രതീക്ഷിതമായ തീവ്രവാദ അക്രമണത്തെ കുറിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടാണ് ചോദ്യം. പ്രമുഖ മാധ്യമസ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രധാനപ്പെട്ട ഒരു അന്തര്‍ദേശീയ പ്രശ്‌നത്തെ എങ്ങനെയാണ് മനസിലാക്കിയത,് എങ്ങനെയാണ് അത് ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുത്തത് എന്ന് കൂടി അതിലുള്ളടങ്ങിയിരിക്കുന്നു. ഗൗരവമേറിയ ഒരു വിഷയത്തെ കൈകാര്യം ചെയ്യുമ്പോള്‍ വാക്കുകളിലും വാഗ്വാദങ്ങളിലും നിയന്ത്രണവും പക്വതയും അനിവാര്യമായിരുന്നു. തങ്ങളുടെ ശൈലി മറ്റൊന്നാണെന്ന് സ്ഥാപിക്കാനുള്ള മത്സരത്തിലായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍. ദേശീയ മാധ്യമങ്ങളെ ഒന്നു മാറ്റിനിര്‍ത്തി കേരളത്തിലെ വാര്‍ത്താസംപ്രേഷണ രീതിയെ പരിശോധിക്കുകയാണെങ്കില്‍, തീര്‍ത്തും വാസ്തവവിരുദ്ധവും കാല്പനികതയുമായിരുന്നു അവിടെയെങ്ങും. ചാനല്‍, പത്ര ഭേദമന്യേ അത്തരമൊരു റിപ്പോര്‍ട്ടിങ്ങാണ് ചെയ്തുകൊണ്ടിരുന്നത്. സ്വന്തമായി പ്രതിനിധികളില്ലാത്തിടത്ത് നിന്നുള്ള വാര്‍ത്തകളെ പുന:പരിശോധന നടത്തി ഉറപ്പ് വരുത്തണമെന്ന അടിസ്ഥാന ധര്‍മം പോലും കേരളത്തിലെ പത്രങ്ങള്‍ പാലിച്ചില്ല. തങ്ങളുടെ കോളങ്ങള്‍ കുത്തി നിറക്കാന്‍ അപ്രതീക്ഷിതമായി എന്തൊക്കെയോ ലഭിച്ചത് പോലെയായിരുന്നു വാര്‍ത്തകളുടെ സ്വഭാവം. അതുപോലെ സമൂഹമാധ്യമങ്ങളില്‍ യുദ്ധത്തിനായി മുറവിളി കൂട്ടിയതില്‍ നല്ലൊരു പങ്ക് മലയാളികളായിരുന്നു. യുദ്ധക്കെടുതികളും, അതിനെ തുടര്‍ന്നുണ്ടാകുന്ന ദുരിതങ്ങളും ദൂരെയെവിടെയോ നടക്കുന്ന കാര്യങ്ങളാണ് ഇക്കൂട്ടര്‍ക്ക്. സിറിയയും, ഇറാഖും, അഫ്ഗാനിസ്ഥാനും, അഭയാര്‍ത്ഥി പ്രശ്‌നങ്ങളും സ്‌ക്രോള്‍ ചെയ്ത് നീങ്ങിയകൂട്ടത്തിലെ ചിത്രങ്ങള്‍ മാത്രം. മലയാള മനോരമ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്രമാണ.് അങ്ങനെയൊരു പത്രത്തിലെ റിപ്പോര്‍ട്ടര്‍മാര്‍ കശ്മീര്‍ അതിര്‍ത്തി പ്രശ്‌നങ്ങളെയും, പ്രതിരോധ വിഷയങ്ങളെയും പറ്റി എഴുതുകയും സംവദിക്കുകയും ചെയ്യുമ്പോള്‍ വിഷയത്തിന്റെ ചരിത്രത്തെ കുറിച്ചും, സമകാലിക അവസ്ഥകളെ കുറിച്ചും കൃത്യമായി പഠിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. സൈനികരുടെ വീരത്വവും, യുദ്ധ മുറവിളികളുമായി ചര്‍ച്ച കൊഴുപ്പിക്കുന്നവര്‍ കശ്മീരികള്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചും, പ്രതിസന്ധികളെ കുറിച്ചും തീര്‍ത്തും അജ്ഞരാണ് എന്ന് പറയുന്നതാവും ശരി. എല്ലാ മാധ്യമപ്രവര്‍ത്തകരും പൂര്‍ണമായ സാമൂഹിക ശാസ്ത്ര വിദഗ്ധരാകേണ്ടതില്ല, എന്നാല്‍ ഈ വിവരസാങ്കേതിക യുഗത്തില്‍ കാര്യങ്ങളുടെ വസ്തുത പരിശോധിക്കാന്‍ ചുരുങ്ങിയത് വിശ്വാസ്യതയുള്ള അന്താരാഷ്ട്ര മാധ്യമ ഏജന്‍സികളുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മതിയാവും. ഇതൊന്നുമുണ്ടായില്ല. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളുടെ കേന്ദ്രം ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്താല്‍ തകര്‍ത്തു എന്ന വാര്‍ത്തയെ തങ്ങള്‍ക്ക് അതിന്റെ ദൃശ്യസഹിതം തെളിവ് ലഭിച്ചുവെന്ന വിധമാണ് കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ മാധ്യമങ്ങളും ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ വിളിച്ചുപറയുകയുണ്ടായി. പാകിസ്ഥാനില്‍ പിടിയിലായ ഇന്ത്യയുടെ വൈമാനികന്‍ അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ വച്ച് കൈമാറുമെന്നറിഞ്ഞയുടനെ ഒട്ടുമിക്ക മാധ്യമങ്ങളും അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ധീരനായ അഭിനന്ദന്‍ തിരിച്ചു വരുന്നതിന്റെ ആവേശത്തില്‍ എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ അമിതോഷ് സിംഗ് അഭിനന്ദന്റെ സഹോദരി എഴുതിയതെന്ന പേരില്‍ ഒരു കവിത വായിക്കുകയുണ്ടായി, കവിതയ്ക്കിടയില്‍ അഭിനന്ദന്റെ ധീരയായ സഹോദരിയെ പുകഴ്ത്താനും അമിതോഷ് സിംഗ് മറന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ കവിത എഴുതിയത് ബാംഗ്ലൂര്‍ സ്വദേശിയായ വരുണ്‍ രാമചന്ദ്രനായിരുന്നു. സമൂഹമാധ്യമങ്ങളില്‍ അതു അഭിനന്ദന്റെ സഹോദരി അഥിതി എഴുതിയതാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്‍.ഡി.ടി.വി പോലുള്ള വിശ്വാസ്യതക്ക് മുന്‍ഗണന കൊടുക്കുന്ന ചാനലിലെ റിപ്പോര്‍ട്ടര്‍ തെറ്റായ പ്രചരണം ഏറ്റെടുക്കരുതായിരുന്നു. റിപ്പോര്‍ട്ടറിന് പറ്റിയ തെറ്റ് ചാനലിന്റെ ഡിഫെന്‍സ് എഡിറ്റര്‍ വിഷ്ണു സോം പിന്നീട് തിരുത്തുകയുണ്ടായി. ഒരുപക്ഷേ ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ സമയക്കുറവ് മൂലമുള്ള തെറ്റുകളായി വ്യാഖ്യാനിക്കാം. എന്നാല്‍ സമയത്തോടൊപ്പം ഓടിയെത്താന്‍ വസ്തുതകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അത് പ്രഫഷണല്‍ മാധ്യമ പ്രവര്‍ത്തനം ആകുന്നില്ല.
ഒപീനിയനുകള്‍ പോലെയോ അതിനേക്കാള്‍ അധികമോ ആശയ വിനിമയം നടത്താന്‍ കാര്‍ട്ടൂണ്‍ വരകള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ നിരവധി സന്ദര്‍ഭങ്ങളില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കാര്‍ട്ടൂണുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യ നടത്തി എന്നവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചുള്ളതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മിക്ക കാര്‍ട്ടൂണുകളും. ഇന്ത്യയുടെ ‘തിരിച്ചടിയെ’ ആഘോഷിക്കുന്നതായിരുന്നു അവയൊക്കെയും. നരേന്ദ്രമോഡിയെ നായകനാക്കിയും ഇമ്രാന്‍ ഖാനെ താറടിച്ചും കാര്‍ട്ടൂണുകള്‍ വന്നു. അഭിനന്ദനെ സമാധാനത്തിന്റെ അടയാളമായി മോചിപ്പിക്കുന്നു എന്നുപറഞ്ഞ ഇമ്രാന്‍ ഖാനെ ഇന്ത്യയെ ഭയന്നു നില്‍ക്കുന്ന ഭരണാധികാരി എന്ന രീതിയിലാണ് മാധ്യമങ്ങളിലെ കാര്‍ട്ടൂണിസ്റ്റുകള്‍ കണ്ടത്. സര്‍ഗാത്മകതയും, യുക്തിയുമടങ്ങിയ അപൂര്‍വം ചില കാര്‍ട്ടൂണിസ്റ്റുകളേ ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങളിലുള്ളൂ. നെറ്റ്‌വര്‍ക്ക് 18 ലെ കാര്‍ട്ടൂണിസ്റ്റ് സുഹൈല്‍ ഖാദിരിയുടെ വരകള്‍ യുക്തിയുള്ളതും വിഷം വമിപ്പിക്കാത്തതുമാണ്. അദ്ദേഹം നെറ്റ്‌വര്‍ക്ക് 18 ന് വേണ്ടി നടത്തിയ വരകളില്‍ സമാധാനത്തിനുള്ള, യുദ്ധമില്ലാതാക്കാനുള്ള സന്ദേശമാണ് കൈമാറാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ നയതന്ത്ര തീരുമാനങ്ങളെ വിശകലനം ചെയ്യുന്ന ഒരു ലേഖനം റോബര്‍ട്ട് ഫിസ്‌ക്, ഇന്‍ഡിപെന്‍ഡന്റില്‍ എഴുതുകയുണ്ടായി. ലേഖനത്തിലെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഒരുപക്ഷേ ഇന്ത്യാ പാകിസ്ഥാന്‍ പ്രശ്‌നത്തിന് ആഭ്യന്തര രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനങ്ങളുണ്ട് തുടങ്ങിയ വശങ്ങളെ അവലോകനം ചെയ്യുന്നുണ്ടത്. ഫിസ്‌ക് മുന്നോട്ട് വെക്കുന്ന സാധ്യതകളൊന്നും മുഖ്യധാരാ ടി.വി ചാനലുകളുടെ ചര്‍ച്ചകളില്‍ കാണാന്‍ കഴിയില്ല. ഇന്ത്യയുടെ ആയുധ വ്യാപാരത്തെ കുറിച്ചാണ് ലേഖനം മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. ഇസ്‌റയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി മോഡി പ്രകടിപ്പിക്കുന്ന സൗഹൃദം മാധ്യമങ്ങള്‍ ഒരുപാട് ആഘോഷിച്ചതാണ്. മോഡിയുടെ ഇസ്‌റയേല്‍ സന്ദര്‍ശനവും നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനവുമൊക്കെ ഹിന്ദി ചാനലുകള്‍ ഇടതടവില്ലാതെ സംപ്രേക്ഷണം ചെയ്തതാണ്. തന്റെ ലേഖനത്തില്‍ റോബര്‍ട്ട് ഫിസ്‌ക്, ഇസ്‌റായേലി പത്രമായ ഹാരറ്റ്‌സില്‍ ഒരു ഗവേഷകന്റെ വാക്കുകളെ ഉദ്ധരിക്കുന്നുണ്ട്. ‘ഇന്ത്യയില്‍ ഇസ്‌റയേല്‍ ആരാധകരില്‍ മുഴുവന്‍ പേരും ‘ഇന്റര്‍ നെറ്റ് ഹിന്ദൂസ്’ ആണ്, അതിന് കാരണം ഇസ്‌റയേല്‍ ഫലസ്തീനിലെ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന അക്രമവും. ഇന്ത്യ ഇസ്‌റയേലില്‍ നിന്ന് വാങ്ങിയിരിക്കുന്ന ആയുധങ്ങളുടെ ഏകദേശ ചെലവ് 530 മില്ല്യണ്‍ പൗണ്ടാണ്. 2017 മുതല്‍ ഇസ്‌റയേല്‍ ഏറ്റവും വലിയ ആയുധ ഇടപാട് നടത്തിയത് ഇന്ത്യയുമായാണ്. ഇന്ത്യയെ ഹിന്ദു-മുസ്‌ലിം എന്ന ദ്വന്ദത്തിലേക്ക് വിഭജിക്കുക, അതിലൂടെ ഇന്ത്യ-പാക് വിഭജന കാലഘട്ടത്തിലെ ഓര്‍മകള്‍ക്ക് മൂര്‍ച്ച നല്‍കുക, പാകിസ്ഥാനുമായുള്ള ശത്രുതക്ക് തീവ്രത വരുത്തുക. ഇത്തരമൊരു രീതിയിലാണ് കാര്യങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത്. അതിന്റെ ഉദാഹരണമായി റോബര്‍ട്ട് ഫിസ്‌ക്, ചൂണ്ടിക്കാണിക്കുന്നത്, കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച നെതന്യാഹു നരേന്ദ്ര മോഡിയോട് 2008 ലെ മുംബൈ ഭീകരാക്രമണത്തെ ഓര്‍ത്ത് പറഞ്ഞത് ഇങ്ങനെയാണ്: ‘ഇന്ത്യയും ഇസ്‌റയേലും ഭീകരാക്രമണത്തിന്റെ വേദന ഒരുപോലെ അറിഞ്ഞവരാണ്. ഈ ഒരു ‘റെട്ടറിക്’ പ്രധാനമായും കടന്നുവരുന്നത് നമ്മുടെ ശത്രു എന്നും ഒന്നു തന്നെയാണ് എന്ന ആശയത്തിലേക്കാണ്. അതിര്‍ത്തിയിലെ മുസ്‌ലിം രാഷ്ട്രമാണ് തങ്ങളുടെ പ്രധാനശത്രു എന്നത് ഇന്ത്യയും, ഇസ്‌റയേലും ഒരുപോലെ രാജ്യത്ത് സൃഷ്ടിച്ചെടുത്ത പൊതുബോധമാണ്. റോബര്‍ട്ട് ഫിസ്‌ക്, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ഗൗരവത്തോട് കൂടി മനസിലാക്കേണ്ടതുണ്ട് എന്നാണ് നിരീക്ഷിക്കുന്നത്. മ്യാന്മറിലെ പട്ടാളത്തിന് റോഹിങ്ക്യന്‍ മുസ്‌ലിംകളെ വംശഹത്യ നടത്താന്‍ ആയുധ വിതരണം നടത്തുന്ന പ്രധാന കക്ഷി ഇസ്‌റയേലാണ്. ഇവിടെയെല്ലാം വ്യക്തമാക്കപ്പെടുന്നത് ആഗോളതലത്തില്‍ എങ്ങനെ ഇത്തരം വിപണികളെ വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ കെട്ടിപ്പടുക്കുന്നു എന്നതാണ്.
എവിടെ മുഗിളന്‍?
അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള വേവലാതിയില്‍ മാധ്യമങ്ങള്‍ രാജ്യത്തിനകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും, പരിസ്ഥിതി പ്രവര്‍ത്തകരുമൊന്നും സുരക്ഷിതരല്ലാത്ത അവസ്ഥ വര്‍ധിച്ചുവരികയാണ്. തമിഴ്‌നാട്ടിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ എസ്. മുഗിളന്റെ തിരോധാനത്തിനെ കുറിച്ച് ഫെബ്രുവരി 19ന് ശേഷം വലിയ വാര്‍ത്തകളൊന്നും തന്നെയില്ല. ഫെബ്രുവരി 15-ാം തിയ്യതി ചെന്നൈയില്‍ നിന്നും മധുരയിലേക്ക് ട്രെയിന്‍ കയറിയ മുഗിളനെ കുറിച്ച് പിന്നീട് സുഹൃത്തുക്കള്‍ക്ക് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. കാണാതാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ വിവാദമായ പത്രസമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് നേരെ സമരം നടത്തിയ ജനങ്ങളെ വെടിവെച്ച് കൊന്നതില്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട് എന്ന് വെളിപ്പെടുത്തി. തന്റെ കയ്യില്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് വാദിച്ച മുഗിളന്‍ ജില്ലാ കളക്ടര്‍ ഓഫീസില്‍ സി.സി.ടി.വി ക്യാമറയിലുള്ള ദൃശ്യങ്ങളില്‍ തമിഴ്‌നാട്ടിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു എന്നു തെളിയിക്കുന്നു. അതോടൊപ്പം തന്നെ ജനങ്ങള്‍ പൊതുമുതല്‍ നശിപ്പിട്ടില്ലെന്നും, പൊലീസുകാര്‍ തന്നെ അതു ചെയ്ത് സമരക്കാര്‍ക്ക് നേരെ ആരോപിക്കുകയായിരുന്നുവെന്നും മുഗിളന്‍ വാദിച്ചു. ഇതിന് ശേഷം മധുരയിലേക്ക് മടങ്ങവെ തന്റെ സുഹൃത്തിനോട് പൊലീസ് തന്നെ അപായപ്പെടുത്തും എന്ന് ഭയക്കുന്നതായി മുഗിളന്‍ സൂചിപ്പിച്ചിരുന്നു. ദേശീയതലത്തില്‍ നടുക്കം സൃഷ്ടിച്ച തൂത്തുക്കുടി വെടിവെപ്പിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുംവിധം തെളിവുകളും നിശ്ചയദാര്‍ഢ്യവുമുള്ള മുഗിളന്റെ തിരോധാനത്തില്‍ ഭരണകൂടത്തിന് മൗനം പാലിക്കാന്‍ കഴിയില്ല. ഫെബ്രുവരി 19 ആംനസ്റ്റി ഇന്ത്യ, മുഗിളന്റെ തിരോധാനം അന്വേഷിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഫെബ്രുവരി 19 ന് ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളിലൊന്നും തന്നെ അതിന്റെ തുടര്‍ച്ചയോ അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ചുള്ള വാര്‍ത്തകളോ ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ അടിസ്ഥാന വിഭാഗത്തിനും, മണ്ണിനുമെതിരെ കയ്യേറ്റം നടത്തുന്ന ശക്തികളെ ചെറുക്കുന്ന ജനകീയ സമരങ്ങളുടെ തൂണുകളാണ് മുഗിളനെപോലുള്ളവര്‍. ഒരു ട്രെയിന്‍ യാത്രക്കിടെ കണാതായി എന്ന ഒറ്റ വാര്‍ത്തയിലൂടെ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിസ്മരിച്ചു കൂടാ. മുഗിളന്‍ എവിടെ ഉണ്ടെന്ന് അധികാരികളോട് ശക്തമായി ചോദിക്കാന്‍ മാധ്യമങ്ങള്‍ തയാറാവണം.
നബീല പാനിയത്ത്
You must be logged in to post a comment Login