അര്‍ണബ് ഗോസാമി ജനിക്കുന്നതിന് 22 വര്‍ഷം മുമ്പ് മരിച്ചുപോയ ഒരു മാധ്യമ മുതലാളിയുണ്ട്; വില്യം റാന്‍ഡല്‍ഫ് ഹീര്‍സ്റ്റ്. അമേരിക്കനാണ്. കൊടും കച്ചവടക്കാരന്. ഹീര്‍സ്റ്റ് കമ്യൂണിക്കേഷന്‍ എന്ന പേരില്‍ വന്‍കിട മാധ്യമശൃംഖലയുണ്ടായിരുന്നയാള്. കാലിഫോര്‍ണിയയില്‍ വേരുകളുള്ള ദ സാന്‍ഫ്രാന്‍സിസ്കോ എക്സാമിനര്‍ എന്ന ദിനപത്രം സ്വന്തമാക്കിയാണ് മാധ്യമലോകത്തേക്ക് വരുന്നത്. പിന്നീട് തട്ടകം ന്യൂയോര്‍ക്കായി. ജോസഫ് പുലിറ്റ്സറിന്റെ ന്യൂയോര്‍ക്ക് വേള്‍ഡ് കത്തിനില്‍ക്കുന്ന കാലം. വസ്തുതാ ജേര്‍ണലിസത്തിന്റെ അപ്പോസ്തലനായിരുന്നല്ലോ ജോസഫ് പുലിറ്റ്സര്‍. അഴിമതിക്കെതിരായ മാധ്യമയുദ്ധങ്ങളുടെ പ്രോദ്ഘാടകന്‍. ലോകം എഴുന്നേറ്റ് നിന്നാദരിക്കുന്ന മാധ്യമപ്രതിഭ. പുലിറ്റ്സര്‍ സത്യമായിരുന്നു അമേരിക്കയില്‍. കോര്പറേറ്റിസത്തോട് അദ്ദേഹം സന്ധി ചെയ്തില്ല. സത്യത്തിന്റെ, സത്യത്തിനായുള്ള സമരങ്ങളുടെ കുത്തക പുലിറ്റ്സറിനും അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് വേള്‍ഡിനും സ്വന്തം. അങ്ങനെ പുലിറ്റ്സര്‍ നീതിമാനായി വിരാജിക്കുന്ന ലോകത്തേക്കാണ് കച്ചവടം മാത്രമറിയുന്ന വില്യം റാന്‍ഡല്‍ഫ് എത്തുന്നത്.
ലോക മാധ്യമചരിത്രം കണ്ട ഏറ്റവും അവിശുദ്ധമായ നീക്കങ്ങളാണ് പിന്നീട് അമേരിക്കയില്‍ സംഭവിച്ചത്. പുലിറ്റ്സറുടെ സത്യത്തിനെതിരില്‍ വില്യം റാന്‍ഡല്‍ഫ് അസത്യങ്ങളുടെ പ്രളയം തീര്‍ത്തു. പച്ചക്കള്ളങ്ങള്‍ വൈകാരികതയുടെ ചിറകേറി പ്രഭാതങ്ങളില്‍ പറന്നു. യെല്ലോ ജേര്‍ണലിസം എന്ന വാക്ക് മാധ്യമലോകത്ത് തഴച്ചു. മനുഷ്യരുടെ സ്വകാര്യതകളിലേക്ക് മഞ്ഞക്കണ്ണടകള്‍ ഇരച്ചുകയറി. ദേശീയത ഒരു ജനപ്രിയ വിഭവമാണെന്ന് വില്യം അതിവേഗം തിരിച്ചറിഞ്ഞു. സങ്കുചിത ദേശീയത മാനവികതക്കെതിരായ ഗൂഢാലോചനയാണെന്ന സിദ്ധാന്തമായിരുന്നു പുലിറ്റ്സര്‍ ഉള്‍പ്പടെയുള്ള ജനാധിപത്യവാദികളുടെ നിലപാട്. എന്നാല്‍ ദേശീയതയെ ദേശവികാരമാക്കി വിപണി കൊയ്യാമെന്ന് വില്യം കണക്കുകൂട്ടി. അതു പിഴച്ചില്ല. യുദ്ധം ദേശീയ വികാരത്തിന്റെ വമ്പന്‍ വിപണിയാണെന്ന് അയാള്‍ തെളിയിച്ചു. അതിന്റെ ആദ്യ വിളഭൂമിയായിരുന്നു 1898 ഏപ്രില്‍ 21 ന് പൊട്ടിപ്പുറപ്പെട്ട് മൂന്നുമാസവും മൂന്നാഴ്ചയും രണ്ടുദിവസവും നീണ്ട സ്പാനിഷ്-അമേരിക്കന്‍ യുദ്ധം. ക്യൂബയിലെ സ്പാനിഷ് അധിനിവേശമായിരുന്നു യുദ്ധകാരണം. സ്പെയിന്‍കാര്‍ ക്യൂബയില്‍ സര്‍വനാശം വിതക്കുന്നതായി വില്യമിന്റെ പത്രം പ്രചരിപ്പിച്ചു. തിരിച്ചടിക്കൂ തിരിച്ചടിക്കൂ എന്ന് മുറവിളി കൂട്ടി. അമേരിക്കയുടെ ആണത്തത്തെ സ്പെയിന്‍കാര്‍ ഇതാ ചോദ്യം ചെയ്യുന്നു എന്ന് ദിവസേന മുഖപ്രസംഗമെഴുതി. ഹവാനയില്‍ അമേരിക്കന്‍ നാവികസേനയുടെ മെയ്നേ എന്ന കപ്പല്‍ മുങ്ങിയത് വില്യം അറിഞ്ഞാഘോഷിച്ചു. അയാളുടെ പത്രം കുതിച്ചുപൊങ്ങി. യുദ്ധകാല പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും വിധ്വംസകമായ, മാനവരാശിയുടെ മാധ്യമചരിത്രത്തിലെ ഏറ്റവും ക്രൂരമായ വാക്കുകളിലൊന്ന് വില്യം റാന്ഡല്ഫില് നിന്ന് പിറന്നത് ആ യുദ്ധത്തിന്റെ തുടക്കത്തിലാണ്. ”You furnish the pictures and I will furnish the war‑”’. ക്യൂബയില്‍ എല്ലാം ശാന്തമാണ്. അവിടെ യുദ്ധാന്തരീക്ഷമേയില്ല എന്ന് തന്നോട് റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ജേണലിന്റെ യുദ്ധചിത്രകാരന് ഫ്രെഡറിക് റെമിംഗ്ടണോട് വില്യം പറഞ്ഞ വാക്കുകളാണത്. നിങ്ങള്‍ പടം ഉണ്ടാക്കൂ, യുദ്ധം ഞാനുണ്ടാക്കാമെന്ന്. അങ്ങനെ ഉണ്ടാക്കിയ വ്യാജചിത്രങ്ങള്‍ അമേരിക്കയില്‍ വലിയ ജനവികാരമുയര്‍ത്തി. വ്യാജദേശീയതക്ക് തീപിടിച്ചു. ആ തീയില്‍ യുദ്ധമുണ്ടായി. വില്യം മക്ന്‍ലി ആയിരുന്നു അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റ്. സ്പെയിനുമായി യുദ്ധം വേണ്ട, ക്യൂബയിലേത് പരിഹരിക്കാവുന്ന നിസ്സാര പ്രശ്നങ്ങളാണെന്ന് മക്ന്‍ലി കരുതിയിരുന്നു. പക്ഷേ, വില്യമിന്റെ മഞ്ഞ ജേര്‍ണലിസം ഉയര്‍ത്തിവിട്ട യുദ്ധജ്വരം മക്ന്ലിയുടെ നിലപാടിനെ അപ്രസക്തമാക്കി. അമേരിക്ക സ്പെയിനോട് യുദ്ധം ചെയ്തു. ആയിരക്കണക്കിനാളുകള്‍ നേരിട്ട് കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ കെടുതികളാല്‍ മരിച്ചു. അമേരിക്ക വിജയിച്ചു. വില്യം പൗരപ്രമുഖനായി. പ്രതിനിധിസഭയില്‍ അംഗമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക പോലും ചെയ്തു. ഓര്‍സണ്‍ വെത്സിന്റെ സിറ്റിസണ്‍ കെയ്ന്‍ എന്ന ക്ലാസിക് ചിത്രത്തിലെ ചാള്‍സ് ഫോസ്റ്റര്‍ കെയിനിന്റെ ആദിരൂപം വില്യം റാന്ഡല്ഫാണ്. ഇല്ലാ യുദ്ധത്തെ സൃഷ്ടിച്ചയാള് എന്ന അധമപദവിയിലാണ് ആധുനിക മാധ്യമചരിത്രം വില്യം റാന്ഡല്ഫിനെ രേഖപ്പെടുത്തുന്നത്. കപട ദേശീയതയുടെ കൊടും വില്പനക്കാരന്.
അര്‍ണബ് ഗോസാമിയിലേക്ക് വരാം. ഒരു മാധ്യമസംവാദത്തില്‍ പരാമര്‍ശിക്കപ്പെടേണ്ട യാതൊന്നും അര്ണബിലില്ല. വില്യം റാന്ഡല്ഫിന്റെ ഇന്ത്യന്‍ പതിപ്പെന്ന് പറയുന്നത് റാന്ഡല്ഫിനോടുള്ള നീതിയാവില്ല. പക്ഷേ, നാമിന്ന് അര്‍ണബ് ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് സംസാരിക്കാന്‍ ബാധ്യസ്ഥരാണ്. പുല്‍വാമയിലെ ഭീകരാക്രമണം നടന്നയുടന്‍ പട്ടാളവേഷത്തില്‍ കളിത്തോക്കുമായി അലറിവിളിച്ച് വാര്‍ത്ത വായിച്ച തെലുങ്ക് ചാനലായ ടി.വി 9 അവതാരകനെക്കുറിച്ചും സംസാരിക്കാന്‍ ബാധ്യസ്ഥരാണ്. ഒട്ടും കുറക്കാതിരുന്ന മലയാള മാധ്യമ പ്രവര്‍ത്തകരെക്കുറിച്ചും സംസാരിക്കാന്‍ ബാധ്യസ്ഥരാണ്. കാരണം നോം ചോംസ്കി പറഞ്ഞിട്ടുണ്ട്: ”You don’t have any other society where the educated classes are so effectively indoctrinated and controlled by a subtle propaganda system – a private system including media, intellectual opinion forming magazines and the participation of the most highly educated sections of the population‑’‑’ അമേരിക്കയെക്കുറിച്ച് പറഞ്ഞതാണ്. ഇന്ത്യക്കും ബാധകമാണ്. മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ സംരംഭങ്ങളുടെ പ്രൊപ്പഗാന്‍ഡക്ക് എളുപ്പത്തില്‍ കീഴ്പെടുന്ന വിദ്യാസമ്പന്നരുടെ സമൂഹം വേറെ കാണില്ല എന്ന്. അതിനാല്‍ അര്ണബുമാരെക്കുറിച്ച് പറയണം.
യുദ്ധത്തിന്റെ വക്കില്‍ നിന്ന് തെന്നി നീങ്ങിയോ എന്ന് ഉറപ്പിക്കാനാവാത്ത സന്നിഗ്ധതകള്‍ ഏറെയുള്ള നിമിഷങ്ങളിലാണ് നമ്മളിപ്പോള്‍ സംസാരിക്കുന്നത്. ഒരു യുദ്ധത്തിനുള്ള സാഹചര്യങ്ങള്‍ ശക്തമായിരുന്നു. പരമാധികാര റിപബ്ലിക്കായ നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷക്കെതിരില് ഉയര്‍ന്ന കനത്ത വെല്ലുവിളിയായിരുന്നു പുല്വാമയിെല ഭീകരാക്രമണം. സുരക്ഷാവീഴ്ച പോലുള്ള വാദങ്ങള്‍ എന്തുതന്നെയായാലും ഭീകരര്‍ കൊന്നൊടുക്കിയത് നമ്മുടെ ൈസനികരെയാണ്. തിരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷം എന്ത് വിമര്‍ശനം ഉന്നയിച്ചാലും പുല്‍വാമ ആക്രമണം ഇന്ത്യന്‍ മനസുകളില്‍ മുറിവുണ്ടാക്കിയിട്ടുണ്ട്. അത് ചെയ്തത് തങ്ങളാണെന്ന് പാകിസ്ഥാന് കേന്ദ്രമാക്കിയ ജെയ്ഷെ മുഹമ്മദ് താമസംവിനാ ഏറ്റുപറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പൂര്വസോദരരായ ഇന്ത്യന്‍ ജനതയുടെ സൈ്വരജീവിതത്തെ പാകിസ്ഥാന് കേന്ദ്രമാക്കിയ തീവ്രവാദിക്കൂട്ടങ്ങളും പലപ്പോഴും ആ രാജ്യം നേരിട്ട് തന്നെയും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആദ്യമായല്ല. ഒരാശയത്തിന്റെയും വിശ്വാസത്തിന്റെയും പിന്തുണയോ പിന്‍ബലമോ തീവ്രവാദികള്‍ക്കില്ല. അവര്‍ പിന്‍ബലമായി കാണുന്ന ആശയങ്ങള്‍ അവര്‍ സ്വയം സൃഷ്ടിച്ചതാണ്. ആയുധത്തിന്റെ ഭാഷയില്‍ ആധുനിക സമൂഹത്തിലെ ഒരാശയത്തിനും സംസാരിക്കാനാവില്ല. അങ്ങനെ സംസാരിക്കുന്നവര്‍ മനുഷ്യരാശിയുടെ നാനാവിധമായ വികാസങ്ങളോട് പുറം തിരിയുന്നവരാണ്. അവര്‍ മനുഷ്യരില്‍ പെട്ടവരല്ല. ജെയ്ഷെ മുഹമ്മദിന്റെ പങ്ക് പുറത്തുവന്നതോടെ തിരിച്ചടി സ്വാഭാവികമായ ഒന്നായി മാറിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് നിലവിലെ സംഘാടനാബലം വെച്ച് അത് അസാധ്യമായ ഒന്നല്ല താനും. ഇതിനു മുമ്പും സമാനമായ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ സേന ചുട്ട മറുപടി കൊടുത്ത ചരിത്രവുമുണ്ട്. 2016-ലെ ഉറി ഭീകരാക്രമണവും പതിനൊന്ന് ദിവസത്തിന് ശേഷം നടത്തിയ തിരിച്ചടിയുമോര്ക്കുക.
പ്രതിരോധം, മിലട്ടറി, യുദ്ധം തുടങ്ങിയവ സവിശേഷമായ വ്യവഹാരമണ്ഡലമാണ്. ആധുനിക ജനാധിപത്യരാജ്യങ്ങളില്‍ പ്രത്യേകിച്ചും. അതിരുകളുള്ള രാജ്യങ്ങളില്‍, ആ അതിരുകള്‍ക്ക് മേല്‍ സാമ്രാജ്യത്വത്തിനും ആയുധ കോര്‍പറേറ്റുകള്‍ക്കും അവരുടെ തലതൊട്ടപ്പന് രാജ്യങ്ങള്‍ക്കും പ്രത്യേകമായ വ്യവസ്ഥാപിത താല്പര്യമുള്ളപ്പോള് സംഘര്‍ഷം സ്വാഭാവികമാണ്. ഒരു രാജ്യവും ആധുനിക ലോകക്രമത്തില്‍ ഒറ്റക്കുള്ള ഒരു നിലനില്പല്ല. സാമ്പത്തിക ഇടപാടുകള്‍ തന്നെയാണ് കാരണം. അതിനാല്‍ തന്നെ നയതന്ത്രത എന്നത് രണ്ടുരാജ്യങ്ങള്‍ക്കിടയില്‍ ഏകപക്ഷീയമായി സംഭവിക്കുന്ന ഒന്നല്ല താനും. അതിര്ത്തിത്തര്ക്കമുണ്ടാവുമ്പോള് നാട്ടിന് പുറത്ത് നടക്കുന്ന നാടന്തല്ലോ നഗരങ്ങളില്‍ നടക്കുന്ന കൂലിത്തല്ലോ അല്ല ആധുനിക അയല്രാഷ്ട്രങ്ങള്ക്കിടയിലെ സംഘര്‍ഷങ്ങള്‍. അവയ്ക്ക് നിയതമായ വഴികളുണ്ട്. വഴികള്‍ ഇല്ലാതാവുമ്പോള്‍, അനിവാര്യതയില്‍ സംഭവിക്കുന്ന ഒന്നാണ് യുദ്ധം. എല്ലാ ആധുനികരാഷ്ട്രങ്ങളും ഒഴിവാക്കാനാഗ്രഹിക്കുന്ന ഒന്നാണ് പരസ്പര യുദ്ധം. യുദ്ധം എന്ന വാക്കാണ് ഉപയോഗിക്കുന്നത്. വിദൂരരാജ്യങ്ങളില്‍ ചെന്നിറങ്ങി അധിനിവേശ ശക്തികള്‍ നടത്തുന്ന ‘പരിപാടി’ യുദ്ധമല്ല. ഏകപക്ഷീയമായ ആക്രമണമാണ്. ഇരയാകുന്ന ജനതയുടെ പ്രത്യാക്രമണം വെറും പ്രതിരോധം മാത്രമാണ്. അങ്ങനെയല്ല അയല്‍ക്കാര്‍ തമ്മിലെ യുദ്ധം. അതിനാലാണ് പാകിസ്ഥാനെക്കാള്‍ സൈനികശേഷിയും ലോകരാജ്യങ്ങളുടെ പിന്തുണയും ഉണ്ടായിട്ടും നാം പല ഘട്ടങ്ങളിലും യുദ്ധത്തെ വരിക്കാതിരുന്നത്. പുല്വാമാനന്തരം ഇതെഴുതുംവരെ സംഭവിച്ചതും മറ്റൊന്നല്ല. ഭരണകൂടം തീരുമാനിച്ച് ൈസന്യത്തിലൂടെ നടപ്പാക്കുന്ന ഒന്നാണ് യുദ്ധം.
പുല്‍വാമക്ക് പന്ത്രണ്ടാം നാള് ഇന്ത്യന്‍സേന നിയന്ത്രണരേഖ കടന്ന് ബാലാകോട്ടിലെത്തി. ബോംബ് വര്‍ഷിച്ചു. നമ്മുടെ ഒരു സൈനികന് പാക് പിടിയിലായി. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മുന്‍ൈകയില്‍ അദ്ദേഹത്തെ; അഭിനന്ദനെ മോചിപ്പിച്ചു. ഇന്ത്യക്ക് കൈമാറി. സമാധാനസന്ദേശം നല്കി. പാകിസ്ഥാനെ വിശ്വസിക്കാമോ എന്ന ചോദ്യം അപ്പോഴും അന്തരീക്ഷത്തിലുണ്ട്. ഇന്ദിരാ ഗാന്ധിയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഒപ്പിട്ട 1972 ജൂലൈ രണ്ടിലെ സിംല കരാര്‍ ഓര്‍മിക്കുക. അട്ടിമറിച്ചത് പാകിസ്ഥാനാണ്. 1999-ല്‍ വീണ്ടും കരാറുണ്ടായി. അന്ന് നവാസ് ശരീഫായിരുന്നു അവരുടെ പ്രധാനമന്ത്രി. നമ്മുടേത് അടല്‍ ബിഹാരി വാജ്പേയിയും. അതും ലംഘിക്കപ്പെട്ടു. കാര്‍ഗില്‍ മറക്കരുത്. പട്ടാളവും ഭീകരവാദികളും നിയന്ത്രിക്കുന്ന, ജനാധിപത്യം തൊട്ടുതീണ്ടാത്ത ഒരു രാജ്യം നീതിപൂര്‍വം പെരുമാറുമോ എന്ന് സംശയിക്കാം. സംശയത്തില്‍ കാര്യവുമുണ്ട്. പക്ഷേ, ഇത്തവണ സ്ഥിതിയില്‍ മാറ്റമുണ്ട്. ലോകം ഇപ്പോള്‍ ഒരു യുദ്ധം അത്രമേല്‍ ആഗ്രഹിക്കുന്നില്ല. അടിമുടി കുഴപ്പത്തിലാണ് പാകിസ്ഥാന്. തകര്‍ന്ന സമ്പദ്വ്യവസ്ഥയും കുഴഞ്ഞ ഭരണവ്യവസ്ഥയും. കടക്കെണിയുണ്ട്. ഭീകരവാദികളാല്‍ മുച്ചൂടും മുടിഞ്ഞ രാജ്യമാണ്. പിറന്നുവീണതുമുതല്‍ ആഭ്യന്തര സംഘര്‍ഷങ്ങളും വംശീയ പ്രശ്നങ്ങളും ചേര്‍ന്ന് ചോര പടര്‍ത്തിയ മണ്ണ്. ഇതെല്ലാം ശരിയാക്കണമെന്ന് പഴയ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന് താല്പര്യമുണ്ടാവാം. അതിന്റെ ഭാഗമായുള്ള നയതന്ത്രമായി ഇപ്പോഴത്തെ നിലപാടിനെ മനസിലാക്കുന്നവരും ഉണ്ട്. പാകിസ്ഥാന് മാധ്യമങ്ങള്‍ വിശേഷിച്ചും. ലോകമാധ്യമങ്ങള്‍ ഒന്നടങ്കം ഇമ്രാന്റെ തീരുമാനത്തെ ശ്ലാഘിച്ചതോര്ക്കുക.
നമ്മുടെ രാജ്യത്തോ? നിശ്ചയമായും പുല്‍വാമ ഒരാഘാതമായിരുന്നു. ജനങ്ങളുടെ മനസറിയുന്ന മാധ്യമങ്ങള്‍ക്ക് അത് പ്രധാന സംഭവമാണ്. തുടര്‍ന്നുള്ള വികാസങ്ങള്‍ നമ്മെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍ സംഭവിച്ചതെന്താണ്? 1800കള്‍ക്കൊടുവിലെ അമേരിക്കയില്‍ വില്യം റാന്‍ഡല്‍ഫ് പുറത്തെടുത്ത രാജ്യവിരുദ്ധമായ കളികളിലേക്ക് ഒരു കൂട്ടം മാധ്യമങ്ങള്‍ കൂപ്പുകുത്തി. രാജ്യത്തിന് മേല്‍ അവരുടെ റേറ്റിംഗ് താല്പര്യം പടര്‍ന്നു. ബീയിംഗ് നാഷണലിസ്റ്റ് ഈസ് എ പ്രീ റിക്വിസിറ്റ് റ്റു ബീയിംഗ് എ ജേര്‍ണലിസ്റ്റ് എന്ന അര്‍ണബ് ഗോസാമിയുടെ അലര്‍ച്ച മുഴങ്ങി. അയാളുടെ മാറ്റൊലി അവതാരകര്‍ അതേറ്റു വിളിച്ചു. എന്താണ് അര്‍ണബ് കഴിഞ്ഞ കുറേ നാളുകളായി മുന്നോട്ട് വെക്കുന്ന നാഷണലിസം? അത് തീവ്രദേശീയതയാണ്. അത് ഹിന്ദു നാഷണലിസമാണ്. ഭൂരിപക്ഷ മതത്തിന്റെ നാഷണലിസ്റ്റ് സങ്കല്പങ്ങളെ പിന്തുടരാത്ത മുഴുവന്‍ ആളുകളും കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള രാഷ്ട്രീയ കക്ഷികളും അയാളെ സംബന്ധിച്ച് ദേശവിരുദ്ധരാണ്. ആ നാഷണലിസത്തിന്റെ അഴിഞ്ഞാട്ടത്തിന് രാജ്യസുരക്ഷ എന്ന അതീവ നിര്‍ണായക സന്ദര്‍ഭത്തെ അര്‍ണാബ് ഉപയോഗിച്ചു. ജെയ്ഷെ മുഹമ്മദ് അക്രമിച്ചത് ഇന്ത്യയെ ആണ്. ഹിന്ദുത്വ ദേശീയതയെ അല്ല. ജെയ്ഷെ അക്രമിച്ചത് ഇന്ത്യയെ ആണ് നരേന്ദ്രമോഡി സര്‍ക്കാരിനെയല്ല. ഭീകരര്‍ കൊന്നുകളഞ്ഞത് നമ്മുടെ സൈന്യത്തെയാണ്, ബി.ജെ.പി സര്‍ക്കാരിനെയല്ല. ൈസന്യം രാജ്യത്തിന്റേതാണ്. സര്‍ക്കാര്‍ മാറുമ്പോള്‍ മാറുന്ന ഒരു ബ്യൂറോക്രാറ്റ് സംവിധാനമല്ല. ഈ അടിസ്ഥാന പാഠത്തെ അവഗണിക്കുകയായിരുന്നു മാധ്യമങ്ങള്‍. പാകിസ്ഥാനെ മുട്ടുകുത്തിക്കൂ എന്ന ടാഗ്ലൈനോടെയാണ് ആജ് തക് ചര്‍ച്ച നടത്തിയത്. സമാധാനവാദികളെ, വിദ്യാര്‍ത്ഥികളെ, ഇടതുപക്ഷത്തെ, ലിബറലുകളെ ചൂണ്ടി മറ്റൊരവതാരകന് ‘എവിടെ ആ ദേശദ്രോഹികള്‍’ എന്ന് കൂവിയാര്ക്കുന്നതിനും നാം സാക്ഷിയായി.
രാജ്യം ഒരു യുദ്ധത്തെ നേരിടുമ്പോള്‍ നാം സമാധാനത്തെക്കുറിച്ച് പറയുന്നത് അനൗചിത്യമാണെന്ന് ഒരു പറച്ചിലുണ്ട്. ശരിയുമാണ്. എന്നാല്‍ ന്യൂസ്റൂമുകളില്‍ കത്തിയാളിയ യുദ്ധജ്വരം അതിര്‍ത്തിയില്‍ ഇല്ലായിരുന്നു. ശക്തവും വിവേകബദ്ധവുമായ ഇന്ത്യന്‍ സൈന്യം ജനാധിപത്യത്തോടുള്ള അവരുടെ ചരിത്രപരമായ കരുതലിനെ ഉറപ്പിച്ചുകൊണ്ടാണ് മുന്നോട്ട് പോയത്. ഒരു സൈനിക മേധാവിയില്‍ നിന്നും പ്രകോപനത്തിന്റെ തീവ്രഭാഷ ഉണ്ടായില്ല എന്നോര്‍ക്കുക. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ നമ്മുടെ സൈന്യത്തില്‍ ഭദ്രമാണ്. പൊതുസമൂഹത്തില്‍ പൊട്ടിച്ചുവിടുന്ന വാര്‍ത്താ ബോംബുകള്‍ പൗരരില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ നേരിടാന്‍ സൈന്യത്തിന് പക്ഷേ കോപ്പില്ല എന്നും മനസിലാക്കണം.
യുദ്ധത്തിന്റെയോ ഭീകരവാദത്തിന്റെയോ അനുഭവമില്ലാത്ത, അതിര്‍ത്തിയുടെ അസ്വസ്ഥതകളില്ലാത്ത, വിവേകപൂര്‍ണമായ ജനാധിപത്യത്തിന് കേള്‍വികേട്ട മലയാള മാധ്യമങ്ങളുടെ പ്രകടനം കോമാളിത്തമായെന്ന് പറയാതെ വയ്യ. ഡിഫന്‍സ് ജേര്‍ണലിസത്തിന്റെ അക്ഷരമാല കണ്ടിട്ടില്ലാത്ത കേരളത്തിലെ മാധ്യമക്കുഞ്ഞുങ്ങള് കേട്ടതും കേള്‍ക്കാത്തതും െവണ്ടക്കയാക്കി. നയതന്ത്രത്തെ കുറിച്ച് സംസാരിക്കാന്‍ അടുത്തൂണ്‍ പറ്റി പിരിഞ്ഞ പഴയ സൈനികരെ തപ്പിയെടുത്തു. സൈന്യം എന്ന സംവിധാനത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാത്തതിനാലും അതിന്റെ രഹസ്യാത്മകതയെക്കുറിച്ച് വെളിവില്ലാത്തതിനാലുമായിരുന്നു ഈ തപ്പിയെടുക്കല്‍. എന്നിട്ടോ? സ്കൂള്‍ കലോത്സവത്തിലെ മോണോആക്ടുകളെ ന്യൂസ്റൂമില്‍ നയതന്ത്രവാര്ത്തകളാക്കി അവതരിപ്പിച്ചു. ഭീകരാക്രമണവും തിരിച്ചടികളും ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ അവര്‍ മത്സരിച്ചു. യുദ്ധകാലമല്ലാത്തതിനാല് സമാധാനത്തെക്കുറിച്ച് പറഞ്ഞ ആളുകളെ അവര്‍ ദേശേദ്രാഹികളാക്കി. ‘ദ ഹിന്ദു’വും കൊല്കത്തയില് നിന്നുള്ള ‘ടെലഗ്രാഫും’ പോലെ വില്യം റാന്ഡെല്ഫിന്റെ സന്തതികളല്ലാത്ത ചില മാധ്യമങ്ങള്‍ മാത്രം തൊങ്ങലുകളില്ലാത്ത സത്യം വിളിച്ചുപറഞ്ഞു. ടെലഗ്രാഫ് ഒരു പടികൂടിക്കടന്ന് സെന്‍സേഷണലായി സത്യം പറഞ്ഞു.
മാധ്യമങ്ങള്‍ വിതക്കുന്ന ഈ വിദ്വേഷവിത്തുകളുടെ, യുദ്ധക്കൊതിയുടെ ആത്യന്തിക ഇരകള്‍ ആരെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് കശ്മീരിലെ ജനങ്ങളാണ്. അവിവേകിയായ അയല്ക്കാരയക്കുന്ന ഭീകരരുടെ ചെയ്തികളാല്‍ ചോരക്കളമായ നാട്. നമ്മുടെ സൈന്യത്തിന്റെ ഭീകരവേട്ടക്ക് ഇരയാകുന്ന നാട്. അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഒരിക്കലും പറയപ്പെടില്ല, പരിഹരിക്കപ്പെടില്ല എന്നതാണ് ഈ ന്യൂസ്റൂം യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന മഹാദുരന്തം.
യുദ്ധം മാധ്യമലാഭത്തിന്റെ നിക്ഷേപമാണെന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും വില്യം റാന്‍ഡല്‍ഫ് തെളിയിച്ചിരുന്നു. ആയുധക്കച്ചവടക്കാരുടെ ആര്‍ത്തിയാണ് യുദ്ധമെന്ന് തൊണ്ണൂറുകള്‍ മുതല്‍ നമുക്കറിയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ രണ്ടാം ദശകത്തില്‍ യുദ്ധം മാധ്യമങ്ങളുടെ ലാഭഭൂമിയായി മാറുകയാണ് ഇന്ത്യയില്‍. ഭീകരതക്കൊപ്പം ദേശീയ സുരക്ഷക്ക് ഭീഷണിയാണ് ഈ ന്യൂസ്റൂം വാറുകളും. അതിര്‍ത്തി ശാന്തമാണെന്ന് ആര് പറഞ്ഞാലും നിങ്ങള്‍ പടമയക്കൂ, യുദ്ധം ഞങ്ങളുണ്ടാക്കാം എന്ന് പറയുന്ന ഇന്ത്യന്‍ റാന്ഡല്ഫുമാരെ എങ്ങനെയാണ് തടയുക?
കെ കെ ജോഷി
You must be logged in to post a comment Login