ഭക്ഷ്യസുരക്ഷയല്ല മിസൈലാണ് അജണ്ട

ഭക്ഷ്യസുരക്ഷയല്ല മിസൈലാണ് അജണ്ട

തിരഞ്ഞെടുക്കപ്പെടുന്നവര്‍, തിരഞ്ഞെടുക്കുന്നവര്‍. ജനാധിപത്യ ഭരണക്രമത്തിലെ രണ്ടു അഭിവാജ്യ ഘടകങ്ങള്‍. ഇതില്‍ ആരുടെ താല്‍പര്യങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നത്? തീര്‍ച്ചയായും അതൊരു മുഖ്യധാരയുടേതാണ്. ആ മുഖ്യധാര ജാതിശ്രേണിയിലും സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിലും മുന്നോക്കം നില്‍ക്കുന്നവരെയാണ് പ്രാതിനിധ്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കോലാഹലങ്ങളുമായി മുന്നോട്ടുപോവുന്ന ഇന്ത്യയില്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ അത്തരമൊരു മുഖ്യധാരയെയാണ് ഭരണപക്ഷം സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നു. മാര്‍ച്ച് 27ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുവാന്‍ പോകുന്നതായി അറിയിപ്പുവന്നു. ഇതുപോലൊരവസരത്തില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളില്‍ നിന്നും ഇനിയും കരകയറിട്ടില്ലാത്ത ജനങ്ങള്‍ ഒന്ന് നടുങ്ങി. ഒടുവില്‍ ഇന്ത്യാമഹാരാജ്യത്തിന്റെ ഭരണാധികാരി രാജ്യത്തെ ഓരോ ചതുരപ്പെട്ടികളിലും പ്രത്യക്ഷപ്പെട്ടു. ഇന്ത്യ കൈവരിച്ചു എന്നവകാശപ്പെടുന്ന ഒരു നേട്ടത്തെക്കുറിച്ചായിരുന്നു ഇത്തവണ സംസാരിച്ചത്. നിലവില്‍ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ മാത്രം വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈല്‍ ഉപയോഗം സ്വായത്തമാക്കിയെന്നായിരുന്നു പ്രഖ്യാപനം. ‘മിഷന്‍ ശക്തി’ എന്ന പേരിട്ട ഇന്ത്യയുടെ മഹാവിജയത്തെ കുറിച്ച് പ്രധാനമന്ത്രി ആവേശംകൊണ്ടു. ക്ഷമയോടെ കാത്തുനിന്ന ഇന്ത്യയിലെ ജനങ്ങള്‍ ഒന്ന് നെടുവീര്‍പ്പിട്ടു. തങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഒന്നുമെല്ലന്നും വേണമെങ്കില്‍ അല്‍പം ഗര്‍വ് കാണിക്കാന്‍ പാകത്തിലുള്ള ഒരു നേട്ടമാണിതെന്നും പലരും കരുതി. ‘മിഷന്‍ ശക്തി’ എന്താണെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ വിശദീകരിച്ചു കൊടുക്കാനുള്ള ആത്മാര്‍ത്ഥശ്രമങ്ങള്‍ക്കൊന്നും മാധ്യമങ്ങള്‍ മിനക്കെട്ടില്ല. പക്ഷേ, പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ബാക്കിയാണ്. എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ ‘മിഷന്‍ ശക്തി’? ഇന്ത്യയുടെ പ്രതിരോധരംഗത്ത് ‘മിഷന്‍ ശക്തി’ എത്രത്തോളം അനിവാര്യമാണ്? ഡി.ആര്‍.ഡി.ഒയിലെ നിരവധി ശാസ്ത്രജ്ഞന്മാരുടെ ഗവേഷണങ്ങളുടെ ഫലമായി ഉണ്ടായ പ്രസ്തുതകാര്യത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് പകരം ശരിക്കും ഡി.ആര്‍.ഡി.ഒ (Defence Research & Development Organisation) അല്ലേ പ്രഖ്യാപിക്കേണ്ടത്? തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ക്കെതിരല്ലേ ഇത്തരമൊരു നീക്കം? പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതൊന്നും കണ്ടില്ല. ഇവിടെ ശാസ്ത്രീയമായുള്ള വശങ്ങള്‍ക്കു പകരം ‘അഭിമാനം’, ‘രാജ്യത്തിന്റെ വിജയം’ തുടങ്ങിയ വാക്കുകളില്‍ കുതിര്‍ത്ത ജിങ്കോയിസമായിരുന്നു ആ പ്രസംഗം. രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും, ജനങ്ങള്‍ തെരുവില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ഇരകളാകുമ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയാറാവാത്ത പ്രധാനമന്ത്രി ‘മിഷന്‍ ശക്തി’യെ കുറിച്ച് സംസാരിച്ചപ്പോള്‍ ഇന്ത്യന്‍ ടി.വി ചാനലുകളിലൂടെ ബി.ജെ.പിക്ക് ലഭിച്ചത് സൗജന്യ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. ‘മിഷന്‍ ശക്തി’യുടെ പരീക്ഷണം ഇന്ത്യ പ്രതിരോധ മേഖലയില്‍ നേടിയ വിജയമാണ്. എന്നാല്‍ അതേ സമയം അന്തരീക്ഷത്തില്‍ നടത്തുന്ന ആന്റി സാറ്റലൈറ്റ് പരീക്ഷണങ്ങള്‍ വിവാദം സൃഷ്ടിക്കാറുണ്ട്. രാജ്യാതിര്‍ത്തികള്‍ ഭേദിച്ചു നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ഉത്തരവാദിത്വം ഏല്‍ക്കേണ്ടതായി വരുന്നു. അതോടൊപ്പം തന്നെ ശൂന്യാകാശത്തെ ആയുധവല്‍കരിക്കുന്നതിന് തുല്യമായ പരീക്ഷണമായിരുന്നു ഇതെന്നുള്ള വിമര്‍ശനങ്ങളുമുണ്ട്. പ്രതിരോധ രംഗത്തെ വിഷയങ്ങളില്‍ മാധ്യമങ്ങളും ഭരണകൂടവും അത്രയ്ക്ക് തല്പരരാണെങ്കില്‍ എന്തുകൊണ്ട് ബലാകോട്ട് ആക്രമണത്തിനുശേഷം പുറത്തുവന്ന തീവ്രവാദ ക്യാമ്പുകള്‍ വ്യാജമാണെന്ന പാക് ആരോപണത്തിന് തക്കതായ മറുപടി ഇന്ത്യ നല്‍കുന്നില്ല. ഇന്ത്യ ആരോപിക്കുന്ന തീവ്രവാദ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പാകിസ്ഥാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിഷയത്തിനു വലിയ പ്രാധാന്യം നല്‍കിയിട്ടില്ല.
മോഡിയുടെ അഭിസംബോധനക്ക് ശേഷം സംഭവിച്ച മറ്റൊരു പ്രധാന വിഷയമാണ് ഇന്ത്യയിലെ പ്രമുഖ ഡവലെപ്‌മെന്റ് എക്കണോമിസ്റ്റായ ജീന്‍ ഡെറസിനെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു കാരണമായത് ജീന്‍ ഡെറസ് മറ്റു ചില സാമൂഹിക പ്രവര്‍ത്തകരോടൊപ്പം ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി ധര്‍ണ നടത്തി എന്നതാണ്. രാജ്യത്തെ പ്രധാന സാമൂഹികക്ഷേമപദ്ധതിയായ Mahathama Gandhi National Rural Employment Guarantee Schemeല്‍ മുഖ്യപങ്കുവഹിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജീന്‍. ഇന്ത്യയിലെ കോടിക്കണക്കിനു മനുഷ്യരുടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഭരണാധികാരികള്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ല. റഷ്യയും, ചൈനയും, അമേരിക്കയും വികസിപ്പിച്ച മിസൈല്‍ നമ്മുടെ രാജ്യത്തിനുമുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ അമേരിക്കയിലും ചൈനയിലും ഉള്ള ദാരിദ്ര്യം ഇന്ത്യയിലെ പോലെ രൂക്ഷമല്ല. ജീന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ‘ഇന്ത്യയിലെ റിക്ഷ വലിക്കുന്നവര്‍ ഇന്ത്യ സൂപ്പര്‍ പവര്‍ ആവുന്നത് സ്വപ്‌നം കണ്ടുകൊണ്ടല്ല ജീവിക്കുന്നത്. അവര്‍ക്ക് ദൈനംദിന ചെലവുകള്‍ക്ക് വേണ്ടി പണം കണ്ടെത്തണം എന്നതില്‍പരം ഒരു സ്വപ്‌നവുമില്ല.’ ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ കൂടുതലും വ്യക്തി വിജയങ്ങളിലേക്ക് ചുരുക്കപ്പെട്ടതാണ്. ഒരു സമൂഹത്തിന്റെ പുനരുദ്ധാരണം എന്നതിലുപരി ഒരു വ്യക്തിയുടെ സാമ്പത്തിക സാമൂഹിക സുരക്ഷിതത്വത്തിനാണ് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം പോലും പ്രാധാന്യം കല്‍പിക്കുന്നത്. ഇതൊക്കെ പൊളിച്ചെഴുതുകയെന്നത് ഒട്ടുംതന്നെ എളുപ്പമല്ല. ഈ തിരഞ്ഞെടുപ്പുകാലത്ത് നരേന്ദ്രമോഡിയുടെ ‘മിഷന്‍ ശക്തി’ വിജയ പ്രഖ്യാപനവും, ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി ജീനിനെ പോലുള്ളവര്‍ നടത്തുന്ന സമരവും, കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു ഇന്ത്യയെയാണ് നമുക്ക് കാണിച്ചു തരുന്നത്. ആദിവാസികള്‍ വനങ്ങള്‍ കയ്യേറിയവരാണെന്ന യുക്തിരാഹിത്യം നിറഞ്ഞ കോടതികേസുകളുമായി വലഞ്ഞിരിക്കുന്ന രാജ്യം. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ചേരിപ്രദേശങ്ങളിലും വനങ്ങളിലും ഇന്ത്യന്‍ ഗ്രാമങ്ങളിലുമുള്ള ജനങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? അവരുടെ അഭിപ്രായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പത്രമാധ്യമങ്ങളില്‍ എത്രമാത്രം ഇടമുണ്ട്?

ചിലനേരങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ പറയുന്ന നുണപ്പെരുപ്പം കാരണം ഇന്ത്യന്‍ ജനാധിപത്യം മലിനമായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മധുര മണ്ഡലത്തിലെ നിലവിലുള്ള എം.പിയും സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനി എന്‍.ഡി.ടി.വിയിലെ ശ്രീനിവാസ ജയനോട് പറഞ്ഞത് ഞാന്‍ മധുരക്ക് വേണ്ടി ഒരുപാട് പുരോഗമനപരമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, പക്ഷേ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്നാണ്. ഹേമമാലിനി പ്രധാനമന്ത്രിയുടെ ‘സന്‍സദ് ആദര്‍ശ് ഗ്രാമ യോജന’ പദ്ധതിയുടെ ഭാഗമായി ദത്തെടുത്ത റവാല്‍ ഗ്രാമത്തില്‍ തെരുവുവിളക്കുകള്‍ മുതല്‍ പ്രാഥമിക വിദ്യാഭ്യാസം എന്ന സ്വപ്‌നം പോലും നടപ്പില്‍ വരുത്തിയിട്ടില്ല. എന്നാല്‍ കൂടി താന്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഹേമമാലിനി ആവര്‍ത്തിക്കുന്നു. ഒടുവില്‍ കൂടുതല്‍ ഉപചോദ്യങ്ങള്‍ ചോദിച്ച ശ്രീനിവാസനോട് തന്റെ കയ്യിലുള്ള പുസ്തകം നല്‍കാമെന്നും അതില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്നുമാണ് ഹേമമാലിനി പറഞ്ഞത്. ജനാധിപത്യം കോടിപതികള്‍ക്കും ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങള്‍മൊക്കെയുള്ള ഒരു സംവിധാനത്തിന്റെ പേരായി മാറുകയാണ്. അതില്‍ കര്‍ഷകരും റിക്ഷ വലിക്കുന്നവരുമൊക്കെ വോട്ടര്‍പട്ടികയിലെ കേവലം പേരുകള്‍ മാത്രമായി ചുരുങ്ങുന്നു. ‘മിഷന്‍ ശക്തിയെ’ പ്രകീര്‍ത്തിക്കാന്‍ ഡല്‍ഹിയിലെ വിസ്താരമുള്ള അപ്പാര്‍ട്‌മെന്റുകളില്‍ താമസിക്കുന്നവരുണ്ടാകും. ജീന്‍ ഡറസിനെ പോലൊരു വ്യക്തിയെ ജാര്‍ഖണ്ഡിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ മണിക്കൂര്‍ നേരത്തേക്ക് തടഞ്ഞുവെച്ചിട്ടുണ്ടെങ്കില്‍ അതാണ് മാധ്യമങ്ങളെ അസ്വസ്ഥമാക്കേണ്ടത്. അസ്വസ്ഥപ്പെടുത്തുന്ന വിവരങ്ങളും കണക്കുകളും കുഴിച്ചുമൂടുന്ന ഭരണകൂടം എന്ന് അന്തരാഷ്ട്ര പത്രമായ ദ ഗാര്‍ഡിയന്‍ നടത്തിയ നിരീക്ഷണം പ്രസക്തമാണ്.

തന്നെ കള്ളനായ ചൗക്കീദാര്‍ എന്നാക്ഷേപിച്ച രാഹുല്‍ഗാന്ധിക്ക് മറുപടിയായി കൊണ്ട് നരേന്ദ്രമോഡിയും മറ്റു മന്ത്രിമാരും ട്വിറ്ററില്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കീദാര്‍ എന്നു ചേര്‍ക്കുകയും ചൗക്കീദാര്‍ എന്ന ആശയത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ രാജ്യസഭാംഗമായ സുബ്രഹ്മണ്യന്‍സ്വാമി തന്റെ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് ചേര്‍ക്കാന്‍ വിസമ്മതിച്ചു. ബ്രാഹ്മണര്‍ കല്‍പന കൊടുക്കുന്നവരാണ്, അവര്‍ക്ക് കാവല്‍ക്കാരനോ ദാസനോ ആകാന്‍ കഴിയില്ലായെന്നാണ് സ്വാമിയുടെ വാദം. തന്റെ മകള്‍ മുസ്‌ലിമിനെയാണ് വിവാഹം ചെയ്തത്, അതുകൊണ്ട് തന്നെ താന്‍ ഇസ്‌ലാഫോബിക് അല്ല എന്ന് സ്വാമി ഒരിക്കല്‍ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജാതിയുടെ വേരുകള്‍ക്ക് മതത്തേക്കാള്‍ ആഴമുണ്ടെന്ന് ഇപ്പോള്‍ നടത്തിയ അഭിപ്രായത്തിലൂടെ സ്വാമി തന്നെ വ്യക്തമാക്കുകയാണ്.

How to sell a massacre എന്ന പേരില്‍ അല്‍ജസീറ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്. അമേരിക്കയിലെ തോക്ക് വില്പനയുടെ ലോബികളെ കുറിച്ചുള്ള വിവരങ്ങളായിരുന്നു അത്. ലോകത്തെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിനുശേഷം അമേരിക്കയിലും ആസ്േ്രതലിയയിലും തോക്കു വിപണിയുടെ വളര്‍ച്ചയ്ക്ക് മുസ്‌ലിംകളോടും കറുത്തവര്‍ഗക്കാരോടുമുള്ള വെറുപ്പിന്റെ രാഷ്ട്രീയമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ പൗലിന്‍ ഹാന്‍സന്റെ വണ്‍ നാഷന്‍ പാര്‍ട്ടിയാണ് അല്‍ജസീറയുടെ രഹസ്യാന്വേഷണത്തില്‍ പതിഞ്ഞത്. പാര്‍ട്ടി പ്രസിഡന്റും സെനറ്ററുമായ പൗലിന്‍ ഹാന്‍സന്‍ തോക്കുപയോഗത്തെ പ്രാബല്യത്തില്‍ വരുത്തുന്നതിനെ വിവേകപരമായ ഒരു തീരുമാനമായാണ് കാണുന്നത്. ആസ്േ്രതലിയയിലെ ജനങ്ങളില്‍ മുതിര്‍ന്നവരും പ്രത്യേകിച്ച് സ്ത്രീകളടക്കം തോക്കുപയോഗിക്കാന്‍ പ്രാപ്തരാകണം, എന്നാല്‍ മാത്രമേ സ്വയം രക്ഷ ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂവെന്നും പൗലിന്‍ ഹാന്‍സന്‍ പറയുന്നതായി കാണാം. 1996ല്‍ ആസ്േ്രതലിയയില്‍ ഒരു ഗണ്‍മാന്‍ നടത്തിയ കൂട്ടക്കൊലപാതകങ്ങളുടെ പേരില്‍ കടുത്ത നിയമനിര്‍മാണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ തോക്കുകള്‍ ആവശ്യമുണ്ടെന്നും, അരക്ഷിതാവസ്ഥയെ പറ്റിയുള്ള നിരന്തരമായുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിച്ചും രാജ്യത്തെ കര്‍ശനമായ ആയുധ വ്യാപാര നിയമത്തെ പൊളിച്ചെഴുതാന്‍ ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍ ആസ്േ്രതലിയയിലും അമേരിക്കയിലും നടന്നു. അമേരിക്കയിലെ എന്‍.ആര്‍.എനാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ (പൊതുജനങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കാനുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്ന സംഘടന) മാധ്യമ ഉപദേഷ്ടാവായ Lars Dalseide എങ്ങനെയാണ് അമേരിക്കന്‍ മാധ്യമങ്ങളിലൂടെ പ്രത്യേകിച്ചും ടാബ്ലോയ്ഡ് മാധ്യമങ്ങളിലൂടെ തോക്ക് ഉപയോഗത്തിന്റെ പ്രചാരണം വര്‍ധിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നു. അല്‍ജസീറ Lars Dalseide നെ വിശേഷിപ്പിക്കുന്നത് ‘ഗണ്‍ ഫ്രണ്ട്‌ലി’ വാര്‍ത്തകളുടെ വക്താവായാണ്. ഇതിനുവേണ്ടി അമേരിക്കന്‍ തെരുവുകളില്‍ നടക്കുന്ന മോഷണങ്ങളെ കുറിച്ചും അപ്രതീക്ഷിതമായ ശാരീരിക കയ്യേറ്റങ്ങളെ കുറിച്ചും ടാബ്ലോയിഡുകള്‍ പൊലിപ്പിച്ച് എഴുതുക എന്ന ഉപദേശമാണ് Lars നല്‍കുന്നത്. അമേരിക്കന്‍ ടിവി ചാനലുകളില്‍, കയ്യില്‍ തോക്ക് ഉണ്ടായതുകൊണ്ട് മാത്രം തെരുവുകൊള്ളക്കാരില്‍ നിന്നും രക്ഷപ്പെട്ടവരുടെ കഥകള്‍ നിറയ്ക്കാനും എന്‍.ആര്‍.എയ്ക്ക് കഴിഞ്ഞു. മാധ്യമങ്ങള്‍ സമൂഹത്തിന് ഹാനികരമായി ഭവിക്കുന്ന സാഹചര്യമാണിത്. രണ്ടുഘട്ടങ്ങളായി നടത്തിയ അല്‍ജസീറയുടെ അന്വേഷണ പരമ്പര വളര്‍ന്നുവരുന്ന വൈറ്റ് സുപ്രീമസി കാലത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കേണ്ടതുണ്ട്. അന്താരാഷ്ട്രസംഘടനകള്‍ മുതല്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ വരെ പ്രതിരോധിക്കേണ്ട വിധം ഭീമമായ തരത്തിലാണ് ഈ തോക്ക് വിപണിയുടെ വളര്‍ച്ച. തോക്കുകളുടെ വിപണിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയമാണ് ആസ്േ്രതലിയയിലും വളര്‍ന്നുകൊണ്ടിരിക്കുന്നത്.
നബീല പാനിയത്ത്‌

You must be logged in to post a comment Login