സാമൂതിരി നാടിന്റെ വിവരങ്ങള്‍

സാമൂതിരി നാടിന്റെ വിവരങ്ങള്‍

അറുപത് ശതമാനം ശുദ്ധിയുള്ള സ്വര്‍ണം കൊണ്ടാണ് രാജാവ് നാണയമടിക്കുന്നത്. ഈ നാണയത്തിന്റെ വ്യാസം 0.46 ഇഞ്ചാണ്. രണ്ട് പുറത്തും വരകളുണ്ട്. ഒരു ചൈനീസ് ഫെന്‍ തൂക്കമുണ്ട്. തര എന്ന പേരില്‍ വെള്ളി നാണയവും രാജാവ് മുദ്രണം ചെയ്യുന്നുണ്ട്. മൂന്ന് ലിയാണ് അതിന്റെ തൂക്കം. ചെറിയ കച്ചവടങ്ങള്‍ക്ക് അതുപയോഗിക്കുന്നു. തൂക്കത്തിന്റെ കാര്യം: അവരുടെ വെള്ളിക്കോലിലെ ഒരു ചിയെന്‍ (Ch’ien) നമ്മുടെ എട്ട് ഫെന്നിന് (fen) തുല്യമാണ്. അവരുടെ ഒരു സിയാങ് (Ziang) എന്നത് പതിനാറ് ചിയെന്‍ ആണ്. അത് നമ്മുടെ ഒരു ലിയാങും (Liang) രണ്ട് ചിയെനും എട്ട് ഫെന്നുമാണ്. അവരുടെ ഇരുപത് ലിയാങ് ഒരു ചിന്‍ (Chin) ആണ്. അത് നമ്മുടെ ഒരു ചിന്‍, ഒമ്പത് ലിയാങ്, ആറ് ചിയെന്നിനും തുല്യമാണ്. അവരുടെ വിദേശ തൂക്കത്തിന് ഫന്‍ ലാ ഷിഹ് (Fanlashih) എന്ന് പറയുന്നു. അവരുടെ വെള്ളിക്കോലിന്റ ആധാര ബിന്ദു കോലിന്റെ അറ്റത്താണ്. തൂക്കം കോലിന്റെ മധ്യത്തിലൂടെ നീക്കിക്കൊണ്ടിരിക്കും. കോല് പൊങ്ങി സമനിലയിലെത്തുമ്പോള്‍ അത് നിഷ്പക്ഷമാണ്. തൂക്കുമ്പോള്‍ നിങ്ങള്‍ ആധാര ബിന്ദു മുന്നോട്ട് നീക്കുന്നു. തൂക്കത്തിനനുസരിച്ച് അത് ലെവലില്‍ വരുത്തുന്നു. പത്ത് ചിന്‍ വരെ മാത്രമേ ഇങ്ങനെ തൂക്കാന്‍ കഴിയൂ. അത് നമ്മുടെ പതിനാറ് ചിന്നിന് തുല്യമാണ്. സുഗന്ധവസ്തുക്കളും മറ്റും തൂക്കാന്‍ അവരുടെ കോലിലെ ഇരുനൂറ് ചിന്‍ ഒരു പോഹോ(Poho)ക്ക് തുല്യമാണ്. അത് നമ്മുടെ മുന്നൂറ്റി ഇരുപത് ചിന്‍ ആണ്. കുരുമുളക് തൂക്കുമ്പോള്‍ ഇരുനൂറ്റി അമ്പത് ചിന്‍ ആണ് ഒരു പോഹോ ആയി കണക്കാക്കുന്നത്. അത് നമ്മുടെ നാനൂറ് ചിന്നിന് തുല്യമാണ്. അവര്‍ ചെറുതും വലുതുമായ ചരക്കുകള്‍ തൂക്കുമ്പോള്‍ തൂക്കത്തിന്റെ താരതമ്യം അറിയുന്നതിന് രണ്ട് തോതുകള്‍ (തുലാസ്) ഉപയോഗിക്കും. തൂക്കാന്‍ വേണ്ടി ഷെങ് (Sheng) എന്ന പേരിലുള്ള പിച്ചള കൊണ്ടുള്ള കട്ടിയും. ഇതിന്റെ വിദേശീയ പേര് താങ്ചിയാലി (Tangchiali) എന്നാണ്. ഒരു ഷെങ് എന്നത് നമുക്ക് ഒരു ഷെങും ആറ് കോ (Ko)യുമാണ്. ചേലി എന്ന പടിഞ്ഞാറന്‍ കടല്‍തീരത്തെ തുണി വരുന്നത് അടുത്തുള്ള കാന്‍ പായി (Kanpai’)തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ്. ഓരോ റോളിനും നാല് ചിഹ് (Chi’h) അഞ്ച് സുന്‍ (Tsun) വീതിയുണ്ട്. രണ്ട് ചാങ്ങും (Chang) അഞ്ച് ചിഹും നീളമുണ്ടാവും. അത് എട്ടോ പത്തോ സ്വര്‍ണനാണയങ്ങള്‍ക്കാണ് വില്‍ക്കുക.
ജനങ്ങള്‍ പട്ടുനൂല്‍ പുഴുവില്‍ നിന്ന് സില്‍ക് ഉണ്ടാക്കും. അത് തിളപ്പിച്ച് മയപ്പെടുത്തും. അത് വിവിധ നിറങ്ങളില്‍ ഡൈ ചെയ്യും. അത് ഇടയ്ക്കിടെയുള്ള വരകളാല്‍ അലങ്കരിച്ച ഉറുമാലുകളാക്കും. അതിന്റെ വീതി നാലോ അഞ്ചോ ചിഹുവും നീളം ഒരു ചങും രണ്ടോ മൂന്നോ ചിഹുവും വരും. അതിന് നൂറ് സ്വര്‍ണനാണയം വില വരും. നാട്ടിലെ കുന്നിന്‍പുറത്ത് താമസിക്കുന്നവര്‍ കുരുമുളക് വ്യാപകമായി കൃഷി ചെയ്യുന്നു. പത്താം മാസം കുരുമുളക് പാകമാകും. അത് ശേഖരിച്ച് വെയിലത്ത് ഉണക്കി വില്‍ക്കും. അത് ശേഖരിക്കാന്‍ ആള് വരും. രാജാവിന്റെ പാണ്ടികശാലകളില്‍ സൂക്ഷിക്കും. വ്യാപാരികള്‍ വന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ വാങ്ങാന്‍ അനുമതി നല്കും. ഡ്യൂട്ടി കണക്കാക്കി വ്യാപാരിയില്‍ നിന്ന് അത് ഈടാക്കും. ഒരു പോഹോ കുരുമുളകിന് ഇരുനൂറ് സ്വര്‍ണനാണയമാണ് വില. രത്‌നക്കല്ലുകളും പവിഴവും ചെട്ടികളാണ് വാങ്ങുക. അവ കോര്‍ത്തോ മറ്റു വസ്തുക്കള്‍ കൊണ്ടോ മാലകളുണ്ടാക്കും. എല്ലാ നാട്ടിലുമുള്ള വിദേശക്കപ്പലുകള്‍ അവിടെ വരുന്നു. രാജാവ് മേധാവിയെയും, എഴുത്തുകാരനെയും വില്‍പന നിരീക്ഷിക്കാന്‍ വേണ്ടി അയക്കും. അവര്‍ ഡ്യൂട്ടി ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറും.

തേങ്ങ
സമ്പന്നര്‍ ആയിരമോ രണ്ടായിരമോ മൂവായിരമോ തെങ്ങുകള്‍ കൃഷി ചെയ്യും. അതാണവരുടെ സമ്പത്ത്. തേങ്ങക്ക് പത്ത് ഉപയോഗങ്ങളുണ്ട്. ഇളയതില്‍ കുടിക്കാവുന്ന മധുരമുള്ള ഒരു പാനീയമുണ്ട്. അത് പുളിപ്പിച്ച് മദ്യമാക്കി മാറ്റും. മൂത്ത തേങ്ങക്ക് മാംസമുണ്ട്. അത് പിഴിഞ്ഞ് എണ്ണയുണ്ടാക്കും. പഞ്ചസാരയുമുണ്ടാക്കും. തിന്നാനുള്ള ആഹാരമുണ്ടാക്കും. അതിന്റെ പുറത്തുള്ള ചികിരിയില്‍ നിന്ന് കപ്പലിനാവശ്യമായ കയറുണ്ടാക്കും. ചിരട്ട കൊണ്ട് കപ്പുകളും പിഞ്ഞാണങ്ങളുമുണ്ടാക്കും. വെള്ളിയും സ്വര്‍ണവും പതിക്കാനുള്ള മൃദുവായ ആവശ്യങ്ങള്‍ക്കായി അത് കത്തിച്ച് ചാരമാക്കും. മരം കൊണ്ട് വീടുണ്ടാക്കാം. ഇലകൊണ്ട് പുര മേയാം.

പച്ചക്കറിക്ക് വേണ്ടി കടുക് ചെടികളും, മുള്ളങ്കിയും, ഇഞ്ചിയും, ജീരകവും, ഉള്ളിയും, വെളുത്തുള്ളിയും, ചുരക്കയും, കത്തിരിയ്ക്കയും, വെള്ളരിയും, തണ്ണീര്‍മത്തനുമൊക്കെയുണ്ട്. അവ എല്ലാ കാലത്തും കൃഷി ചെയ്യാം. ഒരു വിരല്‍ നീളമുള്ള ഒരു തരം ചുരയ്ക്കയുണ്ട് അവര്‍ക്ക്. രണ്ട് സൂന്‍ (Tas’un) നീളം വരും. പച്ച വെള്ളരിയുടെ രുചിയാണ്. ഉള്ളിയ്ക്ക് കരിഞ്ചുവപ്പുള്ള തൊലിയാണ്. അതിന് ഒരു വലിയ തലയും ചെറിയ ഇലകളുമുണ്ട്. അത് ചിന്‍ തൂക്കത്തിലാണ് വില്‍ക്കാറ്. മൂപിയേസു ( mupiehtzu ) എന്ന് പേരായ ഒരു മരമുണ്ട് (Momordica cochinchinensis). മരത്തിന് പത്ത് ചങ് ഉയരമുണ്ട്. അത് പച്ച നിറത്തിലുള്ള ഫലം തരും. അതില്‍ മുപ്പതോ നാല്‍പതോ വിത്തുകളുണ്ടാവും. മൂപ്പാവുമ്പോള്‍ അത് വീഴും. കഴുകന്റെ വലിപ്പത്തിലുള്ള വവ്വാലുകള്‍ അതില്‍ തല കീഴായി കിടന്ന് വിശ്രമിക്കും.
അവര്‍ക്ക് ചുവന്നതും വെളുത്തതുമായ അരിയുണ്ട്. എന്നാല്‍ ബാര്‍ലിയും ഗോതമ്പും ഇല്ല. അവര്‍ക്ക് ഗോതമ്പ് പൊടി വരുന്നത് മറ്റിടങ്ങളില്‍ നിന്നും വ്യാപാരത്തിലൂടെയാണ്. അവര്‍ക്ക് കോഴികളും താറാവുകളും വേണ്ടുവോളമുണ്ട്. വാത്തുകളില്ല. വിളറിയ നിറത്തിലുള്ള അവരുടെ ആടുകളുടെ കാലുകള്‍ക്ക് നീളമുണ്ട്. കണ്ടാല്‍ കോവര്‍ കഴുതകളെപ്പോലെ തോന്നും. പോത്തുകള്‍ കൂടുതലൊന്നുമില്ല. മഞ്ഞ നിറത്തിലുള്ള കാളകള്‍ക്ക് മുന്നൂറോ നാനൂറോ ചിന്‍ തൂക്കം വരും. ജനങ്ങള്‍ അവയുടെ മാംസം കഴിക്കില്ല. എന്നാല്‍ പാലും തൈരും കഴിക്കും. വെണ്ണയില്ലാതെ ജനങ്ങള്‍ ഊണ്‍ കഴിക്കില്ല. വയസാകുന്നത് വരെ അവര്‍ കാളകളെ വളര്‍ത്തും. ചാവുമ്പോള്‍ കുഴിച്ചു മൂടും. കടല്‍ മത്‌സ്യത്തിന്റെ വില വളരെ കുറവാണ്. മലകളിലെ മാനും മുയലും വില്‍പനക്കുള്ളതാണ്.
കാക്ക, പച്ചപ്പരുന്ത്, വെള്ളക്കൊക്ക്, കുരുവി എന്നീ പക്ഷികളും അവര്‍ക്കുണ്ട്. ഇതല്ലാത്ത ചെറുതും വലുതുമായ പക്ഷികള്‍ വേറെയുമുണ്ട്. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് കളിക്കാനും പാടാനുമറിയാം. അവര്‍ ചുരയ്ക്കയുടെ തോട് കൊണ്ട് സംഗീതോപകരണമുണ്ടാക്കും. അതിന് ചെമ്പ് കൊണ്ടുള്ള കമ്പികളുണ്ടാക്കും. ഇതുപയോഗിച്ച് വിദേശീയ പാട്ടുകള്‍ പാടും. ഇവയുടെ സ്വരമാധുര്യം കേള്‍ക്കാനിമ്പമുള്ളതാണ്. കല്യാണത്തിനും ശവസംസ്‌കാരത്തിനുമുള്ള ആചാരങ്ങളില്‍ സോലി (തമിഴ് മുസ്‌ലിംകള്‍) ജനങ്ങളും മുസ്‌ലിംകളും അവരവരുടെ മാര്‍ഗം പിന്തുടരുന്നു. അവ വ്യത്യസ്തമാണ്.
രാജാവിന്റെ സിംഹാസനത്തിന്റെ അവകാശം മക്കള്‍ക്കില്ല; സഹോദരിയുടെ മക്കള്‍ക്കാണ്. സ്ത്രീകളിലൂടെ വരുന്നതാണ് നിയമപരമായ കുടുംബം എന്നവര്‍ വിശ്വസിക്കുന്നു. രാജാവിന് മൂത്തതോ ഇളയതോ ആയ സഹോദരിമാരില്ലെങ്കില്‍ അവകാശം ഇളയ സഹോദരന് വരും. ഇളയ സഹോദരനില്ലെങ്കില്‍ പിന്നെ പ്രധാനികളാണ് അവകാശികള്‍. അങ്ങനെയാണ് ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള അനന്തരാവകാശം.

ശിക്ഷാരീതി
മുള വടി കൊണ്ട് അടിക്കുന്ന ശിക്ഷ രാജാവിന്റെ നിയമത്തിലില്ല. കുറ്റം ചെറിയതാണെങ്കില്‍ കൈയോ കാല്‍പാദമോ മുറിക്കും. കുറ്റം വലിയതാണെങ്കില്‍ അവര്‍ ഒരു പിഴ ചുമത്തും. എന്നിട്ട് വധിക്കും. പിന്നെയും വലിയ കുറ്റമാണെങ്കില്‍ അവര്‍ കുറ്റവാളിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും കുടുംബത്തെ നാടു കടത്തുകയും ചെയ്യും. നിയമം തെറ്റിക്കുന്നവനെ അറസ്റ്റ് ചെയ്യും. അവന്‍ കുറ്റം സമ്മതിക്കുകയും ചെയ്യും. സാഹചര്യങ്ങള്‍ എതിരാവുകയോ, പ്രതി കുറ്റം സമ്മതിക്കാതിരിക്കുകയോ ചെയ്താല്‍ അയാളെ രാജാവിന്റെയോ മേലധികാരികളുടെയോ മുമ്പിലെത്തിക്കും. അവിടെ ഇരുമ്പ് കൊണ്ടുള്ള പാത്രത്തില്‍ എണ്ണ നിറച്ച് തിളപ്പിക്കും. അത് പൊരിക്കുന്ന ശബ്ദമുണ്ടാക്കുന്നോ എന്നറിയാന്‍ അതില്‍ കുറച്ച് ഇലയിട്ട് നോക്കും. പ്രതിയുടെ വലത്തേ കൈയിലെ വിരലുകള്‍ തിളക്കുന്ന എണ്ണയില്‍ മുക്കും. അവ നന്നായി പൊള്ളുന്നത് വരെ മുക്കും. പുറത്തെടുത്ത് ശീല കൊണ്ട് കെട്ടി സീല്‍ വയ്ക്കും. അവനെ ഓഫീസിലുള്ള ജയിലിലിടും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ അവനെ ജനങ്ങളുടെ മുമ്പില്‍ ഹാജരാക്കി വിരലുകളുടെ കെട്ടഴിക്കും. വിരല്‍ വീങ്ങി പൊട്ടിയിട്ടുണ്ടെങ്കില്‍ ശിക്ഷ വിധിക്കും. വിരലുകള്‍ക്ക് ഒരു കുഴപ്പവുമില്ലെങ്കില്‍ അവന്‍ കുറ്റവാളിയല്ലെന്ന് തീരുമാനിച്ച് വെറുതെ വിടും. മേധാവികളും മറ്റും ചെണ്ടയും സംഗീതവുമായി ചടങ്ങുകളോടെ ഇയാളെ വീട്ടിലേക്കാനയിക്കും. അവരെ ബന്ധുക്കളും അയല്‍ക്കാരും കൂട്ടുകാരും അഭിനന്ദിച്ച് സമ്മാനങ്ങള്‍ നല്‍കും. മദ്യപിച്ച് പാട്ടും പാടി അവര്‍ ആനന്ദിക്കും. ഇത് വളരെ അസാധാരണമായ ഒരു കാര്യമാണ്.

ചെങ്‌ഹോ മടങ്ങിപ്പോയ ദിവസം രാജാവ് കപ്പം കൊടുക്കാന്‍ ആഗ്രഹിച്ചു. രാജാവ് അമ്പത് ലിയാങ്ങ് നല്ല ചുവന്ന സ്വര്‍ണമെടുത്തു. വിദേശീയരായ കൈതൊഴിലുകാരോട് അതില്‍ നിന്ന് മുടിപോലുള്ള സ്വര്‍ണ നാരുണ്ടാക്കാന്‍ ഏല്പിച്ചു. അത് കൊണ്ട് ഒരു നാടയുണ്ടാക്കി. അതില്‍ വില പിടിപ്പുള്ള രത്‌നങ്ങളും പവിഴങ്ങളും പതിച്ച് അരപ്പട്ടയാക്കി. അത് കപ്പമായി രാജാവ് ഒരു നായ്പാങ്ങിനെ (നായര്‍) കേന്ദ്ര രാജ്യ(ചൈന)ത്തേക്കയച്ചു.

മലബാറില്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിന് വേണ്ടി ചെങ് ഹോ എന്തെങ്കിലും ചെയ്തതായി രേഖകളൊന്നുമില്ല. എന്നാല്‍ അദ്ദേഹം തെക്കു കിഴക്കന്‍ ഏഷ്യയിലും മറ്റും പള്ളികള്‍ സ്ഥാപിച്ച് ഇസ്‌ലാമിക പ്രചാരണത്തിനായി തന്റെ ദൂതന്‍മാരെ നിയമിച്ചത് കാണാം. കോഴിക്കോട് ചൈനക്കാരായ മുസ്‌ലിംകള്‍ അധിവസിച്ചരുന്നവെന്നതിന് തെളിവാണ് കോഴിക്കോട്ടെ ചീനം പള്ളി. ഇത് ചെങ് ഹോയുടെ ശ്രമഫലമായി സ്ഥാപിച്ചതാണോ എന്ന് പറയാനാവില്ല. ചൈനീസ് മുസ്‌ലിംകളുടേതായ പല ഖബറിടങ്ങളും കോഴിക്കോട്ടെ പള്ളി ശ്മശാനങ്ങളിലുള്ളതായി പറയപ്പെടുന്നു. ചെങ് ഹോയുടെ യാത്രയെ പറ്റി കുറിപ്പെഴുതിയ മാഹ്വാന്‍ മുസ്‌ലിമായിരുന്നുവെങ്കിലും ചെങ്ങ് ഹോ ഇസ്‌ലാം മത പ്രചാരണത്തിന് വേണ്ടി ചെയ്ത കാര്യങ്ങളൊന്നും അദ്ദേഹം പ്രതിപാദിക്കുന്നില്ല. ഇന്നത്തെ ഇന്തോനേഷ്യ, മലയ തുടങ്ങിയ തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാം പ്രചാരണത്തിന് ചെങ്ങ് ഹോ അതീവ ശ്രദ്ധചെലുത്തിയതിന് തെളിവുകളുണ്ട്. അവിടെ അദ്ദേഹം പള്ളികളില്‍ പ്രാര്‍ത്ഥിക്കുകയും ജാവയില്‍ പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തു. തന്റെ സൈന്യം സെമാരംഗില്‍ തങ്ങിയപ്പോള്‍ സേനാപതിമാരായ ചെങ് ഹോ, മാ ഹുവാന്‍, ഫെയ്ക്‌സില്‍ എന്നിവര്‍ അവിടത്തെ പ്രാദേശിക ചൈനീസ് പള്ളിയില്‍ അടിക്കടി പോയി പ്രാര്‍ത്ഥിച്ചിരുന്നു. ചെങ്‌ഹോ താമസമാക്കിയ സെമരംഗിലെ ഒരു ഗുഹ ഇസ്‌ലാം പ്രചാരണ കേന്ദ്രമായിരുന്നു. 1413-ല്‍ ചെങ് ഹോ ആ ഗുഹക്കു സമീപത്തായി ഒരു പള്ളി പണിയുകയും ചെയ്തു. 1430-ഓടു കൂടി ചെങ് ഹോ, ത്യൂബാനിലും, സീറബോനിലും ക്യൂകാങ്ങിലും ഗ്രെസിക്കിലും ചൈനാ ഇസ്‌ലാമിക കൂട്ടായ്മകള്‍ സ്ഥാപിക്കുകയും ഇസ്‌ലാം വ്യാപിപ്പിക്കുന്നതിന് അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തു. ഇക്കാലത്തായിരുന്നു കൂടുതല്‍ ചൈനാ കുടിയേറ്റക്കാരും ചെങ് ഹോയുടെ പിന്തുണയോടെ ഇസ്‌ലാമിലേക്ക് വന്നത്. 1419-ല്‍ ചെങ് ഹോ, ചൈനയിലെ യുന്നാനില്‍ നിന്നു കുടിയേറിയവരിലെ ഒരു അനന്തരഗാമിയും ചമ്പന്‍ നിവാസിയുമായ ബോങ് താക് കെങ്ങിനെ, തെക്കുകിഴക്കന്‍ ഏഷ്യയിലെ തീരദേശ മേഖലയിലെ ചൈനാ മുസ്‌ലിം സമുദായങ്ങളെ ഭരിക്കുന്നതിനായി തിരഞ്ഞെടുത്തു. ജാവയിലെ 14,16 നൂറ്റാണ്ടുകള്‍ക്കിടയിലുള്ള ഇസ്‌ലാം വ്യാപനത്തെക്കുറിച്ചു പറയുമ്പോള്‍ പ്രാദേശിക മുസ്‌ലിംകളാല്‍ ആദരിക്കപ്പെടുന്ന, ഒന്‍പതു പണ്ഡിതന്‍മാരെ കുറിച്ച് കൂടി പറയേണ്ടതുണ്ട്. ഇവര്‍ ചെങ്‌ഹോയുടെ മിഷനറിമാരുടെ അനന്തരഗാമികളാണ്. ബോങ് താക് കെങിന്റെ പേരമകനാണ്, ഈ ഒന്‍പത് പുരോഹിതന്മാരില്‍ പ്രധാനിയായ ബോങ് സ്വീ ഹൂ. ഫലത്തില്‍ സന്ദര്‍ശിച്ച എല്ലാ നഗരങ്ങളിലും ചെങ് ഹോ, മിങ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സാമ്പത്തിക നയതന്ത്രജ്ഞരെ മാത്രമല്ല, ഇസ്‌ലാമിക മതധര്‍മ്മദൂതരെയും നല്‍കുകയായിരുന്നു. അതിനാല്‍ മിങ്ങ് കൊട്ടാരത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ നിയോഗം ഒരു മുസ്‌ലിം എന്ന നിലക്ക് ഇസ്‌ലാം വ്യാപിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെ സുരക്ഷിതപ്പെടുത്തിയിരിക്കുന്നു. ചെങ് ഹോയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സമാധാനപരമായും വാണിജ്യപ്രവര്‍ത്തനങ്ങളുമായി ഏറെ ബന്ധപ്പെട്ട രീതിയിലുമായിരുന്നു നിര്‍വഹിച്ചിരുന്നത്. വെറും മൂന്നു പ്രാവശ്യം മാത്രമേ ബലപ്രയോഗത്തിനു ശ്രമിച്ചിട്ടുള്ളൂ, അതും സ്വയം രക്ഷക്കു വേണ്ടി മാത്രം. ഈ പാരമ്പര്യം തന്നെയാണ് തലമുറയില്‍ നിന്നും തലമുറയിലേക്കു വഹിക്കപ്പെട്ടിട്ടുള്ളതും. ചെങ് ഹോയുടെ പിന്തുണയോടു കൂടി ഒരു സ്വാധീനവലയം നിലവില്‍ വരികയും മതവും വ്യാപാരവും പരസ്പരം സമ്മിശ്രമാക്കപ്പെടുകയും ചെയ്തു. ഇസ്‌ലാം സ്വീകരിക്കാതെ തന്നെ പലരും മുസ്‌ലിം സഹായത്തോടെ വാണിജ്യ പ്രമാണികളായി. സമുദ്ര വ്യാപാരത്തിലുള്ള വിജയം ഇസ്‌ലാമിന്റെ പുരോഗതിക്കു പ്രചോദനമായി പരിണമിക്കുകയും ചെയ്തു.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login