പലകാരണങ്ങളാല്‍ കേരളീയ മുസ്ലിംകള്ക്ക് ലഭ്യമായ സാമൂഹികമായ ഔന്നത്യം മറ്റിടങ്ങളില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ വേണ്ടത്ര ലഭ്യമായിട്ടില്ല. തല്‍ഫലമായി കേരളീയ സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി സാമൂഹ്യമായ വേര്‍തിരിവുകള്‍ ഉത്തരേന്ത്യന്‍ മണ്ണില്‍ പ്രത്യക്ഷമായി തന്നെ കാണാന്‍ സാധിക്കും. അവിടെ അഷ്റഫികള്‍, അജ്ലാഫുകള്‍ എന്നിങ്ങനെയുള്ള സാമൂഹ്യമായ വിഭജനം മുസ്ലിംകള്‍ക്കിടയിലുണ്ട്. പക്ഷേ അതൊരിക്കലും ജാതിയത എന്ന് പൊതുവില്‍ വിവക്ഷിക്കപ്പെടുന്ന, ഇന്ത്യന്‍ ചുറ്റുപാടില്‍ കൃത്യമായ തായ്വേരുകള് ഉള്ള ജാതീയതയോട് സാമ്യത പുലര്‍ത്തിയിട്ടില്ല. മാത്രമല്ല ഇസ്ലാമിക ദര്‍ശനങ്ങളുടെ യാതൊരു പിന്‍ബലവും ഇല്ലാത്ത ഒരു അനാചാരം തുടര്‍ന്നുപോരുന്നതില്‍ ചരിത്രപരവും സാമൂഹികവുമായ പല കാരണങ്ങളും ചാലകശക്തിയായി തീര്‍ന്നിട്ടുണ്ട്. കേരളീയ സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി രാഷ്ട്രീയ അധികാരത്തോടൊപ്പമാണ് ഉത്തരേന്ത്യയില്‍ ഇസ്ലാം വളര്‍ന്നുവികസിച്ചത്. ‘ഇസ്ലാം ഒരു കേമമുദ്ര ആയതുകൊണ്ട് സമ്പന്നരും ഉന്നത വര്‍ഗവും ഇസ്ലാം പുല്കുകയും മുസ്ലിം വേഷവും ആചാരവും സ്വീകരിക്കുകയും ചെയ്തതായി കാണാം. മുസ്ലിം ഭരണാധികാരികളുടെ കീഴില്‍ ഉന്നത ഉദ്യോഗങ്ങള്‍ ലക്ഷ്യംവച്ച് ചില സവര്‍ണ ജാതിക്കാരും ഇസ്ലാം സ്വീകരിച്ചു. ഒട്ടേറെ രജപുത്ര കുടുംബങ്ങളുടെ മതപരിവര്‍ത്തനം അങ്ങനെയാണ് നടന്നത്. മുസ്ലിം ഭരണാധികാരികളുടെ തടവ്, പിഴകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധി എന്ന നിലക്കും ചിലര്‍ ഇസ്ലാം സ്വീകരിച്ചു. ‘ ഇങ്ങനെ ഇസ്ലാം സ്വീകരിച്ചവര്‍ പലപ്പോഴും ഇസ്ലാമിന്റെ അന്തസത്തയെ ഉള്‍ക്കൊണ്ടിരുന്നില്ലെന്ന് മാത്രമല്ല ഹൈന്ദവസമൂഹത്തില്‍ ഇവര്‍ തുടര്‍ന്നിരുന്ന പല ആചാരങ്ങളെയും പുതിയ ഇസ്ലാമിക വിശ്വാസത്തിലേക്കു പറിച്ചു നടുകയും ചെയ്തു.
തൊഴില്‍പരമായ ഏറ്റവിത്യാസങ്ങള് ആയിരുന്നു സാമൂഹിക വിവേചനങ്ങളെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരു ഘടകം. ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹികമായ അന്തസ്സിനെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം എക്കാലത്തും തൊഴില്‍ അധിഷ്ഠിതമായിരുന്നു. പരമ്പരാഗതമായി വ്യത്യസ്തമായ തൊഴിലുകള്‍ ആചാരത്തിന്റെ ഭാഗമായി അനുഷ്ഠിച്ചു പോന്നവരാണ് ഇന്ത്യന്‍ സമൂഹത്തിലെ നല്ലൊരു വിഭാഗവും. അസമത്വങ്ങളില്‍ നിന്ന് മോചനം തേടി ഇസ്ലാമിലേക്ക് വരുന്നവര്‍ പരമ്പരാഗത തൊഴിലുകള്‍ ഉപേക്ഷിക്കാന്‍ തയാറാകാത്തതോ, സാധിക്കാതെ വന്നതോ പുതിയ മതത്തിലും പഴയ ജാതി അസ്വസ്ഥത പിന്തുടരാന് നിമിത്തമാവുകയായിരുന്നു. പ്രത്യേക ജോലിചെയ്തു ജീവിക്കുന്ന വിഭാഗത്തെ അവരുടെ പഴയ ജാതിപ്പേരും വാലറ്റം മുസ്ലിം ഐഡന്റിറ്റിയും ചേര്‍ത്ത് മുസ്ലിംകളിലും ജാതി ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുണ്ടായത്. ജുലാഹ(നെയ്ത്തുകാരന്), ദര്‍ജി (തയ്യല്കാരന് ), കസാഈ( കശാപ്പുകാരന് ), നായി (ക്ഷുരകന്) തുടങ്ങിയ മുസ്ലിം വിഭാഗങ്ങള്‍ ഉണ്ടായത് ഇങ്ങനെയാണ്.
ജാതിയത മുസ്ലിം സമൂഹത്തില്‍
മധ്യകാലം മുതല്‍ ഇന്ത്യയിലെ ചരിത്ര സാമൂഹിക മേഖലകളിലെ ശക്തമായ സാന്നിധ്യമായിരുന്നു മുസ്ലിംകള്. മറ്റേതൊരു സമൂഹത്തെയും പോലെ സമ്പന്നരും ദരിദ്രരും മുതലാളിയും തൊഴിലാളിയും ഗുരുവും ശിഷ്യനും കച്ചവടക്കാരനും ഉപഭോക്താവും പണ്ഡിതനും പാമരനും അടങ്ങുന്നതു തന്നെയാണ് മുസ്ലിം സമൂഹവും. സ്വാഭാവികമായും വ്യത്യസ്ത സംസ്കാരങ്ങളെയും ചുറ്റുപാടുകളെയും പ്രതിനിധീകരിക്കുന്ന ഇവര്‍ക്കിടയില്‍ സാമൂഹ്യമായ അന്തസ്സും ആഭിജാത്യവും വ്യത്യാസപ്പെട്ടിരിക്കും. സമൂഹത്തില്‍ സ്വാഭാവികമായും രൂപപ്പെടുന്ന ഈ ജൈവഘടന ഉന്മൂലനം ചെയ്യുന്നത് അപ്രായോഗികമാണെന്ന് ചരിത്രം തെളിയിച്ചതാണ്. സാമൂഹ്യമായ എല്ലാ അസമത്വങ്ങളെയും തുടച്ചുനീക്കാന്‍ പുറപ്പെട്ട മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരുടെ ദയനീയ പരാജയം അത് അടിവരയിടുന്നുണ്ട്. അതേസമയം അത്തരം സവിശേഷതകളുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ പ്രത്യേക പരിഗണന നല്കി തരംതിരിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. കെട്ടുറപ്പുള്ള സാമൂഹിക ജീവിതത്തിന്റെ അനിവാര്യതയായ തരംതിരിവുകള്‍ ഉള്‍ക്കൊള്ളുകയും എന്നാല്‍ അവര്‍ക്കിടയിലുള്ള അസമത്വങ്ങളെ ഇല്ലാതാക്കുകയുമാണ് ഇസ്ലാം ചെയ്തിട്ടുള്ളത്. അധ്വാനത്തിലൂടെയോ കുടുംബത്തിലൂടെയോ സമ്പന്നരായി തീര്‍ന്നവരോട് സമ്പത്ത് ഉപേക്ഷിച്ച് ദരിദ്രരുടെ കൂടെ ലയിക്കാന്‍ ഇസ്ലാം ആവശ്യപ്പെടുന്നില്ല. തന്റെ സമ്പത്ത് വികസിപ്പിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുകയും ചെയ്യുന്നു. അതേസമയം ധനികന്റെ സമ്പത്തില്‍ ഒരു വിഹിതം ദരിദ്രന് ഇസ്ലാം വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. സമ്പത്തിന്റെയും സാമൂഹിക അന്തസ്സിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഈ വേര്‍തിരിവുകളെ ജാതീയതയായി ദുര്‍വ്യാഖ്യാനം ചെയ്തു മുസ്ലിംകള്‍ക്കിടയിലും ജാതി ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ജോസഫ് ഇടമറുക് രചിച്ച ‘ഇസ്ലാംമതത്തിലെ ജാതിസമ്പ്രദായം’തത് വിഷയത്തില്‍ മലയാളത്തില്‍ രചിക്കപ്പെട്ട കുപ്രസിദ്ധമായ ആദ്യത്തെ കൃതിയാണ്. ഡോക്ടര്‍ ഇ സി അസ്കറലി രചിച്ച ‘മാപ്പിള മുസ്ലിംകളും ജാതിബോധവും’എന്ന കൃതിയും സമാനമായ രൂപത്തില്‍ അക്കാദമിക വെള്ളയില്‍ മുസ്ലിംകളെ ജാതി പൂശാന്‍ അഹോരാത്രം പ്രയത്നിക്കുന്നുണ്ട്.
‘ഇസ്ലാം വിശ്വാസികളായ മുക്കുവരെ മറ്റു മുസ്ലിംകള് വിളിക്കുന്നതും പറയുന്നതും പുസ്ലാന്‍ എന്നാണ്. പുതിയ ഇസ്ലാം എന്നതിന്റെ ചുരുക്കമാണിത്. മുക്കുവന്മാര് മതംമാറി എത്ര തലമുറ കഴിഞ്ഞാലും താണ ജാതി തന്നെയാണ് എന്നും പുതിയതാണ് അതായത് കൂട്ടത്തില്‍ കൂട്ടാന്‍ ആയിട്ടില്ല ആവുകയില്ല എന്നും ചുരുക്കം. ഒന്നിച്ച് ആഹാരം കഴിക്കുകയോ കെട്ടു ബന്ധം നടക്കുകയോ തുല്യനിലയില്‍ പെരുമാറുകയോ ഇല്ല എന്നും'(കാരശ്ശേരി- അസ്ക്കറലിയുടെ ഗ്രന്ഥത്തിന്റെ അവതാരികയില്‍നിന്ന്) ‘ആണുങ്ങളുടെ തലയും താടിയും വെടിപ്പാക്കുന്നതിനോ മുറിച്ചുമാറ്റുന്നതിനോ ആരും പൈസ കൊടുത്തിരുന്നില്ല. വീട്ടില്‍ വന്ന് അതൊക്കെ ചെയ്തുകൊടുക്കേണ്ടത് ഒസ്സാന്മാരുടെ കടമയായിരുന്നു. അതിന് ചെല്ലുന്ന നേരത്ത് എന്തെങ്കിലും തിന്നാനോ കുടിക്കാനോ കിട്ടും. അതായിരുന്നു കൂലി. പിന്നെ വീട്ടില്‍ നിന്നും കൊയ്ത്തും മെതിയും കഴിഞ്ഞാല്‍ കുറച്ചു നെല്ലും. നോമ്പും പെരുന്നാളും വന്നാല്‍ അരയുറുപ്പികയോ ഒരു ഉറുപ്പികയോ സക്കാത്തും. മാര്‍ക്ക കല്യാണം എന്നും സുന്നത്ത് എന്നും വിളിച്ചിരുന്ന ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടത്തിയിരുന്നതും ഒസ്സാന്മാരാണ്. അതിനാണ് അവര്‍ക്ക് കാര്യമായി എന്തെങ്കിലും കിട്ടിയിരുന്നത് അവരെയെല്ലാം ഒസ്സാന് മൊയ്തീന്, ഒസ്സാന് മൂസ എന്നമട്ടില്‍ കുറച്ചു കാണിക്കുന്ന ജാതിപ്പേര് ചേര്‍ത്താണ് വിളിച്ചിരുന്നത്. ‘അടിയാരുടെ കൂട്ടത്തില്‍ നിന്ന് മാര്‍ഗ്ഗം കൂടി വന്നവര്‍ നേരിട്ട പലതരം വിവേചനങ്ങളില്‍ ഒന്ന് പുതിയ മുഹമ്മദ്, തൊപ്പിയിട്ട മമ്മദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ ആയിരുന്നു. തറവാട്ടുകാരുടെ ഭക്ഷണം കഴിക്കാനും അവരുമായി ബന്ധം സ്ഥാപിക്കാനും ഈ വിഭാഗത്തിന് കഴിയുമായിരുന്നില്ല’. ക്ഷുരകന്മാര്, തട്ടാന്മാര്, കര്‍ഷകത്തൊഴിലാളികള്‍, മുക്കുവന്മാര്, തുടങ്ങിയ തൊഴില്‍ കൂട്ടങ്ങള്‍ ഈ മട്ടില്‍ താണ ജാതി എന്ന അവഹേളനം നേരിട്ടെങ്കില്‍ പുരോഹിതവര്ഗം ഉയര്‍ന്ന ജാതി എന്ന അധികാരം കയ്യാളുന്ന വിപരീത സാഹചര്യവും കേരളത്തിലെ മുസ്ലിംകള്ക്കിടയില് ഉണ്ട്. തങ്ങന്മാര് എന്ന വിഭാഗമാണത്. ‘
മുകളില്‍ പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. എന്താണ് ജാതിയത എന്നതിനെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മയോ മുസ്ലിംകള്ക്കിടയില് ജാതി ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയോ ആണ് ഇത്തരം ബാലിശമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിന് പ്രേരകം. ഒസ്സാന് എന്നുപറയുന്ന മുസ്ലിംകള്ക്കിടയില് ക്ഷുരക പണി ചെയ്യുന്നവരുടെ സാമൂഹ്യപദവിയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യാസമുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തീര്‍ത്തും തൊഴില്‍ അധിഷ്ഠിതമായ അന്തരമാണത്. അതില്‍ കവിഞ്ഞ ഒരു വ്യക്തിയുടെ സ്വത്വത്തോടോ ജന്മത്തോടോ ചേര്‍ന്നുനില്‍ക്കുന്നതോ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതോ അല്ല. ഒരു ക്ഷുരകന് ക്ഷുരകപണി ഉപേക്ഷിച്ച് മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നതോടെ ഇതില്‍ നിന്നും മോചിതരാകാന്‍ കഴിയുന്നതുപോലെ മറ്റൊരു തൊഴിലെടുക്കുന്നവര്‍ ഇതിലേക്ക് കടന്നു ചെന്നാല്‍ സാമൂഹ്യമായി അയാളുടെ അന്തസ്സ് താഴുകയും ചെയ്യും. ഇന്ത്യന്‍ മുസ്ലിംകള്ക്കിടയില് മാത്രം ഒതുങ്ങിനില്ക്കുന്ന സാമൂഹ്യമായ അന്തരമല്ല ഇത്. ഏതാണ്ട് എല്ലാ സമൂഹങ്ങളിലും നിലനില്‍ക്കുന്ന അന്തരമാണ്. ബാര്‍ബര്‍ ഷോപ്പുകള്‍ ബ്യൂട്ടിപാര്‍ലറിലേക്ക് വഴിമാറുകയും നഗരജീവിതത്തിന്റെ സൗന്ദര്യ സിമ്പല്‍ ആയി മാറുകയും ചെയ്ത ആധുനികകാലത്ത് ഒസ്സാന് എന്ന വിഭാഗം ഏറെക്കുറെ സമൂഹത്തില്‍നിന്ന് ഇല്ലാതായിക്കിഞ്ഞു. ഏതോ ഒരു കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ച നീചത്വത്തെ എടുത്തുകാട്ടി മുസ്ലിംകള്ക്കിടയില് ജാതി ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം ജുഗുപ്സാവഹമാണ്. സമാനമായ തരത്തിലുള്ള അന്തരങ്ങള്‍ തന്നെയാണ് മുക്കുവര്‍ വിഭാഗത്തിലും കാണപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ സാമ്പത്തികവും തൊഴിലധിഷ്ഠിതവും ആയ അസമത്വമാണ് ഇത്തരം വിവേചനങ്ങളുടെ അടിത്തറയെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ബോധ്യമാകും. സമൂഹത്തില്‍ രണ്ടാംതരമെന്ന് മുദ്രകുത്തപ്പെട്ട തൊഴില്‍ വിഭാഗത്തോട് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചിലരെങ്കിലും കൈകൊള്ളുന്ന മാറ്റിനിര്‍ത്തല്‍ നയം എങ്ങനെയാണ് മുസ്ലിം ജാതീയതക്ക് തെളിവായി തീരുന്നത്? മറ്റൊരര്‍ത്ഥത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം സമൂഹത്തിന്റെ എല്ലാ തുറകളിലും കാണാവുന്നതാണ്. എത്ര തന്നെ പുരോഗമനം പറഞ്ഞാലും ഒരു തോട്ടിപ്പണിക്കാരനോടൊപ്പം ഭക്ഷണം കഴിക്കാന്‍ തയാറാകുന്ന എത്ര പുരോഗമനവാദക്കാരുണ്ടാകും? അത്തരക്കാരില്‍ ആരെങ്കിലും സ്വന്തം മകളെ ഒരു തോട്ടി പണിക്കാരന് വിവാഹം കഴിച്ചുകൊടുക്കുമെന്ന് സങ്കല്പിക്കാനാകുമോ?
ഇവിടെ തൊഴിലിനോടുള്ള ഇസ്ലാമിന്റെ സമീപനം ശ്രദ്ധേയമാണ് അവനും അവന്റെ ചിലവില്‍ ജീവിക്കുന്നവരുടെയും മതിയായ സൗകര്യത്തിനുള്ള ജോലി സമ്പാദിക്കല്‍ നിര്‍ബന്ധമാണെന്നാണ് ശരീഅത്ത് നിഷ്കര്‍ഷിക്കുന്നത്. അതേസമയം വ്യത്യസ്ത ജോലികളുടെ സാമൂഹ്യ പദവിയിലെ ഏറ്റ വിത്യാസത്തെയും ഇസ്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ അതൊരിക്കലും ഒന്ന് ഉല്‍കൃഷ്ടവും മറ്റൊന്ന് നീചവുമാണെന്ന സവര്‍ണ മനോഭാവത്തിലല്ല. അഥവാ ഏതൊരുവനും അവനിഷ്ടമുള്ള ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും സൗകര്യവും അനുവദിച്ച് നല്‍കുകയും അതോടൊപ്പം തന്നെ ഓരോ ജോലിയും വ്യക്തികള്‍ക്ക് നല്കുന്ന സാമൂഹ്യമായ പദവിയെയും മാന്യതയെയും അംഗീകരിച്ച് കൊടുക്കുകയും ചെയ്യുന്നു.
ജാതി സമ്പ്രദായത്തിന്റെ അടിത്തറ എന്നു പറയുന്നത് ജന്മമാണ്. ശൂദ്രന് പിറന്നവന് ശൂദ്രന് മാത്രമേ ആകൂ. അവന് എത്ര പണം സമ്പാദിച്ചാലും എത്ര വിദ്യാസമ്പന്നനായാലും അവനൊരു നമ്പൂതിരിയോ നായരോ ആകാന്‍ കഴിയില്ലെന്നത് പോലെ മറ്റൊരു ജോലിയില്‍ വ്യാപൃതനാവാനും സാധിക്കുകയില്ല. മാത്രമല്ല എല്ലായ്പ്പോഴും ക്രൂരമായി തഴയപ്പെടുകയും ചെയ്യും. അത്തരത്തിലുള്ള ഏതെങ്കിലും നിര്‍ബന്ധിതാവസ്ഥ കേരളീയ മുസ് ലിംകള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതായി കേട്ടുകേള്‍വിപോലുമില്ല. മാത്രമല്ല അറിവ് നേടി വരുന്ന ഇക്കൂട്ടരില്‍ കുട്ടികള്‍ക്ക് മറ്റേതൊരു വിഭാഗത്തെയും പോലെ സ്നേഹവും ബഹുമാനവും യഥേഷ്ടം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
അബ്ദുല്‍ബാരി തളിപ്പറമ്പ്
You must be logged in to post a comment Login