ലോകത്തെ ഏറ്റവും വലിയ പ്രതിരോധബലം ഓര്‍മകളാണ്. സമഗ്രാധിപത്യം തകര്‍ത്തുകളഞ്ഞ ജനസമൂഹങ്ങളും ദേശങ്ങളും ഓര്‍മകളെ പുനരാനയിച്ചാണ് അതിജീവിച്ചത്. ലോകത്തെ മുഴുവന്‍ സമരങ്ങളും മറവികള്‍ക്കെതിരായ ഓര്‍മകളുടെ സമരമായിരുന്നു. ഫാഷിസത്തിനെതിരില്‍ പ്രത്യേകിച്ചും. ചെക്കോസ്ലോവാക്യയെ ഓര്‍ക്കാം. അതിഗാഢവും ആഴങ്ങളില്‍ വേരോടിപ്പടര്ന്നതുമായ സംസ്കൃതികള്‍ തിടംവച്ച് വളര്‍ന്ന ദേശമായിരുന്നു അത്. പലതരം അധിനിവേശങ്ങള്‍, കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന്റേത് ഉള്‍പ്പടെ, ചെക്ക് ജനതയെ, ചെക്ക് ജീവിതത്തെ അടിയോടെ തകര്‍ത്തു. അവരുടെ വൈവിധ്യങ്ങള്‍ക്കുമേല്‍ ഏകശാസനങ്ങളുടെ വാറോലകള്‍ പതിഞ്ഞു. പലതായിരുന്ന, പലമയാല് സമൃദ്ധമായിരുന്ന ജനത ഛിന്നഭിന്നമായി. ആ ജനതയുടെ അടിഞ്ഞമരലിന്റെ കഥയാണ് ഫ്രാന്‍സ് കാഫ്കയിലൂടെ ലോകം വായിച്ചത്. ഓര്‍മകളെ പുനരാനയിച്ച് കൊണ്ട് ആ ജനത നടത്തിയ ചെറുത്തുനില്പുകളുടെ കഥയാണ് മിലന് കുന്ദേരയിലൂടെ നാം വായിച്ചുകൊണ്ടിരിക്കുന്നത്. കുന്ദേരയാണ് മറവികള്‍ക്കെതിരായ ഓര്‍മകളുടെ സമരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഓര്‍മകളെക്കുറിച്ച് പറഞ്ഞത് കഴിഞ്ഞ അഞ്ചാണ്ടുകളിലെ ഇന്ത്യയെ മറക്കരുത് എന്നു പറയാനാണ്. ചെക്കോസ്ലോവാക്യയെക്കുറിച്ച് പറഞ്ഞത് സമഗ്രാധിപത്യവും വെറുപ്പിന്റെ വിതരണവും തദ്ദേശീയതകളെ തകര്‍ത്തതിന്റെ ലോകാനുഭവങ്ങള്‍ ഓര്‍മിപ്പിക്കാനാണ്. കഴിഞ്ഞ അഞ്ചാണ്ടില്‍ ഇന്ത്യന്‍ ദേശീയത സഞ്ചരിച്ച തകര്‍ച്ചയിലേക്കുള്ള പാതകളെ ചൂണ്ടിക്കാട്ടാനാണ്. ഇപ്പോള്‍ ഇതു പറയുന്നത് ഇനി ഇതു പറയാന്‍ മറ്റൊരു നാള് അക്ഷരാര്‍ത്ഥത്തില്‍ ഇല്ല എന്ന ബോധ്യം നമുക്കുണ്ടാവാന്‍ വേണ്ടിയാണ്. അതിനാല്‍ ഇപ്പോള്‍ നമ്മള് സംസാരിക്കുന്നത് പോയ വര്‍ഷങ്ങളില്‍ നാം സംസാരിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ തന്നെയാണ്. പറഞ്ഞുറപ്പിക്കുക എന്നതാണ് ഓര്‍മകളുടെ രാഷ്ട്രീയത്തിലെ ആദ്യ പടി. പുതുതായി പറയൂ എന്ന് ചുറ്റും നിന്ന് അവര്‍ ആര്‍ത്തുവിളിക്കുന്നത് പുതിയത് കേള്‍ക്കാനല്ല; പഴയത് മറക്കാനാണ്. അതിനാല്‍ നാം പഴയ കാര്യങ്ങള്‍ പറയുന്നു.
പൊതുതിരഞ്ഞെടുപ്പാണ്. ഒരുപക്ഷേ, ഇനി അങ്ങനെ ഒന്നുണ്ടാവില്ല എന്ന് ഭയന്ന നാളുകളായിരുന്നു കഴിഞ്ഞുപോയത്. 2014-ലെ ആസൂത്രിതമായ ഭയാനക വിജയം സമഗ്രാധിപത്യ ശക്തിയുടെ ഫാഷിസ്റ്റ് മുഖത്തിലേക്കുള്ള തുടക്കമായിരുന്നു. ഭരണഘടനാനന്തര ഇന്ത്യാ ചരിത്രത്തില്‍ തികച്ചും ആദ്യമായി വെറുപ്പിന്റെ രാഷ്ട്രീയം, മതപരമായ പിളര്‍പ്പിന്റെ രാഷ്ട്രീയം സംഘടിതമായി പ്രയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അതെന്ന് നാം പലവുരു മനസിലാക്കിയതാണ്. ഇന്ത്യന്‍ ജനാധിപത്യം ആദ്യമായി ഒരു പ്രസിഡന്‍ഷ്യല്‍ മാതൃകയുടെ മോക്ഡ്രില്ലിലേക്ക് വലിച്ചിഴക്കപ്പെട്ടു. നരേന്ദ്ര മോഡിയിലേക്ക് ചുരുക്കപ്പെട്ടു. ബാക്കിയെല്ലാം ദക്ഷിണേന്ത്യയിലൊഴികെ അപ്രസക്തമായി. ദക്ഷിണേന്ത്യയിലൊഴികെ എന്നത് ബോധപൂര്‍വം പറഞ്ഞതാണ്. ദക്ഷിണേന്ത്യയുടെ ആ ഒഴിഞ്ഞുനില്ക്കല് ചരിത്രപരമാണ്. അഥവാ പ്രാചീന-ആധുനിക ഇന്ത്യാ ചരിത്രത്തോളം തന്നെ പഴക്കമുള്ള കാരണങ്ങള്‍ അതിനുണ്ട്. മോഡിഫൈ ചെയ്യപ്പെട്ട ഇന്ത്യാ ചരിത്രത്തില്‍ ദക്ഷിണേന്ത്യക്ക് പങ്കില്ല. അഥവാ, ഇന്ത്യ എന്ന നിലയില്‍ സംഘപരിവാര്‍ അവതരിപ്പിക്കുന്ന ദേശീയതക്ക് ദക്ഷിണേന്ത്യയില്‍ വേരുകളില്ല. വിശദവായനക്ക് മഹാത്മാഗാന്ധിയുടെയും സി. രാജഗോപാലാചാരിയുടെയും പൗത്രന് കൂടിയായ ചരിത്രകാരന് രാജ്മോഹന്‍ ഗാന്ധി എഴുതിയ ‘മോഡേണ്‍ സൗത്ത് ഇന്ത്യ’ എന്ന ഗ്രന്ഥം നിര്‍ദേശിക്കുന്നു. 443 പുറങ്ങള്‍ വായിച്ചെത്തുമ്പോള്‍ നമുക്ക് ദക്ഷിണേന്ത്യയെക്കുറിച്ച് ഭയക്കാന്‍ കാര്യമില്ല, ഭയം ഉളവാക്കപ്പെട്ടാല് തന്നെ നീണ്ടുനില്‍ക്കില്ല എന്ന് മനസിലാകും. പക്ഷേ, ദക്ഷിണേന്ത്യ അധികാര ഇന്ത്യയുടെ കടിഞ്ഞാണ്‍ കയ്യിലുള്ള ഇലക്ടറേറ്റ് അല്ല. അതുള്ളിടത്ത് മോഡിഫൈ ചെയ്യപ്പെട്ട ചരിത്രത്തിന് നിലനില്പുണ്ട്. അവരത് ഉപയോഗിച്ചു. എതിര്‍ക്കേണ്ടവര്‍ കാഴ്ചക്കാരായി നിന്നു. അങ്ങനെ രക്തപങ്കിലമായ ഭൂതകാലങ്ങളെ മറവിയിലേക്ക് തള്ളിയിട്ടുകൊണ്ട് ആസൂത്രിതമായി ഒരു നായക രൂപം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കപ്പെട്ടു. നരേന്ദ്ര ദാമോദര്‍ ദാസ് മോഡി.
അമിത്ഷായും ആര്.എസ്.എസും ദേശീയ പ്രാദേശിക ചാനലുകളും കോണ്‍ഗ്രസിനെ വെറുത്തുകഴിഞ്ഞ കുത്തക പത്രങ്ങളും ചേര്‍ന്ന് മോഡിയെ മിശിഹയാക്കി.
അക്കാലത്ത് പെട്ടെന്ന് മറവി വന്നത് നിങ്ങള്‍ ശ്രദ്ധിച്ചോ? ആത്മഹത്യാപരമായൊരു വന്മറവി ഇന്ത്യന്‍ മാധ്യമങ്ങളേയും വിലക്കെടുക്കപ്പെട്ട, മാനിപുലേറ്റ് ചെയ്യപ്പെട്ട സമൂഹ മാധ്യമങ്ങളേയും വന്ന് പൊതിഞ്ഞു. ആരായിരുന്നു ആ മിശിഹ? എന്തായിരുന്നു ആ മിശിഹ? ആരായിരുന്നു അമിത്ഷാ? എന്തായിരുന്നു അയാള്‍? വലിയ ദൂരമില്ലായിരുന്നു 2002-ലേക്ക്. കേവലം പന്ത്രണ്ട് വര്‍ഷം. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ആസൂത്രിത വംശഹത്യ നടന്നത് വെറും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. നരോദാപാട്യയിലും ഗുല്‍ബര്‍ഗ സൊസൈറ്റിയിലും ഒന്നും മാഞ്ഞുപോയിട്ടില്ലായിരുന്നു. കാണാതായ മുതിര്‍ന്നവരും കുഞ്ഞുങ്ങളും തിരിച്ചെത്തിയിട്ടില്ല. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്ന് അപ്പോഴും ചോരയൊലിക്കുന്നുണ്ട്. ഇഹ്സാന്‍ ജാഫ്രിയുടെ വിലാപം അന്തരീക്ഷത്തിലുണ്ട്. ‘നീ ഇപ്പോഴും ജീവിച്ചിരിക്കുന്നോ’ എന്ന കൊലപാതകാഹ്വാനത്തോളം പോന്ന ആ ശാപവാക്കുകളുടെ സ്ഫോടനശേഷി അതേപടിയുണ്ട്. കൂട്ടക്കൊലയിലേക്ക് നയിച്ച വെറുപ്പന്‍ പ്രസംഗങ്ങള്‍ ശബ്ദരേഖകളായുണ്ട്. നശിപ്പിക്കപ്പെട്ട തെളിവുകള്‍ അവസരം കാത്ത് കോടതി മുറികള്‍ക്ക് പിന്നിലുണ്ട്. ആശിഷ് ഖേതനെപ്പോലുള്ള ധീരരും മനുഷ്യാനുഭാവമുള്ളവരുമായ ജേണലിസ്റ്റുകളുടെ വെളിപ്പെടുത്തലുകളുണ്ട്. മോഡിയും വലംകൈ ആയിരുന്ന അമിത് ഷായും വംശഹത്യാക്കാലത്ത് ആടിയിരുന്ന വേഷങ്ങള്‍ അതേപടിയുണ്ട്. മായാ ബെന്‍ കോട്നാനി എന്ന ആരോഗ്യമന്ത്രി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ടീസ്താ സെതല്‍വാദും ആര്.ബി ശ്രീകുമാറും വേട്ടയാടപ്പെടുന്നുണ്ട്. പച്ചക്കള്ളങ്ങള്‍ നൂറായിരം സാക്ഷ്യങ്ങളിലൂടെ തുറന്നുകാട്ടപ്പെട്ടത് മുന്നിലുണ്ട്. പക്ഷേ, മിശിഹയുടെ കിരീടധാരണത്തിനായി ആ ഓര്‍മകള്‍ കുഴിച്ചുമൂടപ്പെടുകയായിരുന്നു. ആ പാതകത്തിന് മാധ്യമങ്ങള്‍ കൂട്ടുനിന്നു.
2014-ലെ മോഡിയെ ഓര്‍ക്കാം. എന്തായിരുന്നു തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോഡിയുടെ പ്രസംഗങ്ങളുടെ കാമ്പ്? യു.പി.എ സര്‍ക്കാരിന്റെ നാണംകെട്ട അഴിമതിക്കഥകളോ? അല്ല. അഴിമതിയെക്കുറിച്ചല്ല മോഡി സംസാരിച്ചത്. മറിച്ചോ? പശുരാഷ്ട്രീയത്തെ ഒളിച്ചുകടത്തി. പശുവില്‍ കെട്ടി വര്‍ഗീയവിഷം ചീറ്റി. 2014-ല്‍ ബിഹാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി പറഞ്ഞത് ഓര്‍ക്കുക. രാജ്യത്തിന് വേണ്ടത് ഹരിത വിപ്ലവമാണ്. പക്ഷേ, കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിങ്ക് വിപ്ലവത്തിനായാണ് നിലകൊള്ളുന്നതെന്ന്. പിങ്ക് എന്താണെന്ന് വിശദീകരിക്കുന്നുമുണ്ട്. അത് കാലിമാംസത്തിന്റെ നിറമാണ്. പശുവിനെ സംരക്ഷിക്കുന്നവര്ക്കല്ല പശുവിനെ കൊല്ലുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നതെന്ന്. തീര്‍ന്നില്ല കാലിമാംസ വ്യാപാരം സമം മുസ്ലിം എന്ന പച്ചക്കള്ളം പരസ്യമായി ധ്വനിപ്പിച്ചു. ഇന്ത്യയിലെ പശുമാംസവ്യാപാരത്തിലെ മുതല്‍മുടക്കില്‍ അത്തരം മതപരമായ മേല്ക്കൈയുകള് ഇല്ല എന്ന സത്യം മറച്ചുവെച്ചു. മുസ്ലിംകള് പശുവിനെ കൊല്ലുന്നവരാണ് എന്ന് സമര്‍ത്ഥിച്ചു. അവര്‍ വെറുക്കപ്പെടേണ്ടവരാണെന്ന സന്ദേശം പരത്തി. തീര്‍ന്നില്ല, മുസ്ലിംകളെ പ്രതിസ്ഥാനത്താക്കി മുന്നേറിയ 2014-ലെ പ്രചാരണങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ കോണ്‍ഗ്രസിനേയും അവരോട് സഖ്യപ്പെടുന്നവരെയും മുസ്ലിം പാര്‍ട്ടി എന്ന് വിശേഷിപ്പിച്ചു. ഹിന്ദു അഭയാര്‍ത്ഥികള്‍, ബംഗ്ലാദേശി നുഴഞ്ഞ് കയറ്റക്കാര്‍ എന്ന വ്യാജബോധത്തെ സമര്‍ത്ഥമായി നിര്‍മിച്ചു. ഈ വാക്കുകള്‍ 2014-ലെ പ്രചാരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് നരേന്ദ്രമോഡി ആയിരുന്നു. ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാര്‍ എന്ന മോഡിയുടെ പ്രയോഗം ബുദ്ധിപരമായിരുന്നു എന്ന് അഞ്ജലി മോഡി (സോളി സൊറാബ്ജിയുടെ പേരക്കുട്ടിയും ഗവേഷകയുമാണ് അഞ്ജലി) ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രസംഗങ്ങളില്‍ നരേന്ദ്രമോഡി ഒരിടത്തും മുസ്ലിം എന്ന് നേരിട്ട് പറഞ്ഞില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക് വീഴാതിരിക്കാനുള്ള സമര്‍ത്ഥവും കുടിലവുമായ ഇത്തരം തന്ത്രങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ എമ്പാടും പ്രയോഗിച്ചു. മാധ്യമങ്ങള്‍ കണ്ണടച്ചു. അമിത് ഷാ ഒരുപടികൂടി കടന്ന് പരസ്യമായി, പച്ചക്ക് മുസ്ലിം വിദ്വേഷം പരത്തി. സ്ഥാനാര്‍ത്ഥിയല്ല എന്ന ആനുകൂല്യത്തിലായിരുന്നു ഈ ക്രിമിനല്‍ പെരുമാറ്റച്ചട്ട ലംഘനം. മതവിദ്വേഷം പരത്തിയതിന്റെ പേരില്‍ അമിത് ഷായുടെ പരിപാടികള്‍ക്ക് നിരോധനം പോലും വന്നു. അതും മാധ്യമാഘോഷമായില്ല. മുസ്ലിംകള് നമ്മുടെ സ്ത്രീകളെ, സഹോദരിമാരെ, നമ്മുടെ പെണ്മക്കളെ ബലാത്സംഗം ചെയ്യുമെന്ന് അമിത് ഷാ പലയിടങ്ങളില്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് ഷാ കുറ്റം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.
മോഡിയും അമിത് ഷായുമായിരുന്നു 2014-ലെ മുഖ്യസൂത്രധാരന്മാര് എന്നതിനാല്‍ അവരുടെ വിദ്വേഷപ്രസംഗങ്ങളേയും തീവ്രവര്‍ഗീയ പ്രചാരണങ്ങളേയും ചൂണ്ടിക്കാട്ടി എന്നേ ഉള്ളൂ. എന്‍.ഡി.എ യെ നയിച്ച മുഴുവന്‍ സംഘപരിവാര്‍ നേതാക്കളും ഒരേ സ്വരത്തില്‍ പലമൂര്ച്ചയില് വര്‍ഗീയത പറഞ്ഞു. ബാബരി മസ്ജിദിന്റെ പൊളിക്കലിന് കര്‍സേവകരില്‍ വീര്യം നിറച്ച പഴയ അയോധ്യാപ്രസംഗങ്ങളുടെ തനിയാവര്‍ത്തനങ്ങളാണ് ഉത്തരേന്ത്യ കണ്ടത്. ഇന്ത്യയെ കാത്തിരിക്കുന്ന വലിയ അപകടങ്ങളിലേക്കുള്ള ശംഖനാദങ്ങളാണ് ആ പ്രസംഗങ്ങളെന്ന് ചൂണ്ടിക്കാട്ടാന്‍ അധികമാരുമുണ്ടായില്ല. ഇന്ത്യന്‍ മതേതര ശരീരത്തിനുമേലുള്ള ആഞ്ഞുവെട്ടലുകള് എമ്പാടും നടമാടി. വരാനിരിക്കുന്ന ഭരണകാലത്തിലേക്കുള്ള കളമൊരുക്കലായിരുന്നു അത്. ജനതയെ പിളര്‍ത്തുക, അതുവഴി ഭരിക്കുക. അത്തരം ഭരണകൂടങ്ങള്‍ ഫാഷിസ്റ്റാണെന്ന് കോര്‍പറേറ്റുകള്‍ എളുപ്പം തിരിച്ചറിഞ്ഞു. അത്തരം ഭരണകൂടങ്ങളില്‍ തങ്ങള്‍ക്ക് കൂടുതല്‍ വിളവ് കിട്ടുമെന്നും. അവരുടെ കൈ മെയ് സഹായം മോഡിക്ക് ലഭിച്ചു. അപ്പോഴേക്കും ഇന്ത്യന്‍ മാധ്യമങ്ങളുടെ ഏറിയ പങ്കും ഈ കോര്‍പറേറ്റുകളുടെ കയ്യിലായിരുന്നുവല്ലോ? മോഡി ഉത്തരേന്ത്യയും പശ്ചിമേന്ത്യയും കിഴക്കന്‍ നാടുകളും തൂത്തുവാരി. അധികാരമേറ്റു. (2014-ലെ തിരഞ്ഞെടുപ്പും ഇന്ത്യന്‍ മാധ്യമങ്ങളും നിരവധി പഠനങ്ങളായി മുന്നിലുണ്ട്. നിര്‍ബന്ധമായും വായിക്കപ്പെടേണ്ടവ. നാം എങ്ങനെ ബൗദ്ധികമായി വഞ്ചിക്കപ്പെട്ടു എന്നതിന്റെ സാക്ഷ്യങ്ങള്‍).
പുതുതായി ഒന്നുമില്ല. ഓര്‍മിപ്പിച്ചതാണ്. ഇങ്ങനെ ആയിരുന്നു ആ വരവെന്ന് വീണ്ടും പറഞ്ഞതാണ്. നമ്മുടെ മറവികളില്‍ നിന്നും അസംബന്ധജഡിലമായ ഉപരിപ്ലവതകളില്‍ നിന്നും അവര്‍ കൊയ്തെടുത്തതാണ് കഴിഞ്ഞ വിജയമെന്ന് ചൂണ്ടിക്കാട്ടിയതാണ്.
പക്ഷേ, ആ ഭരണകാലത്തെ മറക്കരുത്. വെറുപ്പാണ് വിതച്ചതെന്ന് പറഞ്ഞല്ലോ? പോയ അഞ്ചുവര്‍ഷവും ഈ രാജ്യം കണ്ടത് അതേ വെറുപ്പിന്റെ ക്രൂരമായ വിളവെടുപ്പുകളാണ്. അതും മറന്നുപോകരുത്. ആ വിളവെടുപ്പുകള്‍ക്ക് കാര്യസ്ഥപണി ചെയ്യാന്‍ ഗോരഖ്പൂരിലെ ആ കാവിക്കാരനെ, ആദിത്യനാഥിനെ പ്രതിഷ്ഠിച്ചതും മറക്കരുത്. പെഹ്ലുഖാന്, അഖ്ലാക്ക്, കത്വയിലെ പെണ്‍കുട്ടി, ജുനൈദ്… ഇന്ത്യന്‍ ജനാധിപത്യത്തിന്റെ 2002 മുതലുള്ള ജീവിതം വരച്ചിടുന്നുണ്ട് ഹര്‍ഷ് മന്ദര്‍ പാര്‍ട്ടീഷന്‍സ് ഓഫ് ദ ഹേര്‍ട്ടില്‍. അതിലെ അഞ്ചാമധ്യായത്തിന്റെ പേര് ലെസ് ദാന്‍ എ കൗ എന്നാണ്. പെഹ്ലുഖാന്റെ ഗ്രാമീണര്‍ മന്ദറിനോട് പറഞ്ഞതാണ്. വാട്ട് ഈസ് ഔര്‍ പ്ലേസ് ഇന്‍ ദിസ് കണ്ട്രി. എ കണ്ട്രി, ഇന്‍ വിച്ച് ഔര്‍ ലൈഫ് ഹാസ് ലെസ് വാല്യു ദാന്‍ ദാറ്റ് ഓഫ് എ കൗ എന്ന്. ജുനൈദിന് സമര്‍പ്പിച്ച ആ പുസ്തകം പ്രതിരോധത്തിന്റെ പുസ്തകമാണ്.
വെറുപ്പിന്റെ ലഹരിക്കാലം കഴിഞ്ഞുപോകും. വാചകങ്ങള്‍ വിശപ്പ് മാറ്റില്ല. വികാസ് പുരുഷ് എന്ന പ്രതിച്ഛായക്ക് പിന്നിലെ ചങ്ങാത്ത മുതലാളിത്തത്തിന്റെ കൊടും ദംഷ്ട്രകള്‍ പുറത്തുവന്നു. രാജ്യം പ്രതിഷേധിക്കാന്‍ തുടങ്ങി. മോഡി ഭരണത്തിന്റെ അവസാനകാലം ആ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. കര്‍ഷകര്‍ നഗരങ്ങളെ വളഞ്ഞു. കൂറ്റന്‍ അഴിമതികളുടെ അണിയറക്കഥകള്‍ പുറത്തുവന്നു. സ്വതവേ ശാന്തമായ ദ ഹിന്ദു യഥാര്‍ത്ഥ പ്രതിപക്ഷമായി. എന്‍.റാം പേരുവെച്ച് എഴുതിയ എക്സ്ക്ലൂസിവുകള് മോഡി സര്‍ക്കാരിന്റെയും സംഘപരിവാരത്തിന്റേയും ദേശസ്നേഹത്തിന്റെ മുഖംമൂടികള്‍ കീറിപ്പറിച്ചു. 2014-ല്‍ സ്തുതികള്‍ നിരത്തിയ കോര്‍പറേറ്റ് മാധ്യമങ്ങളില്‍ നിന്ന് പ്രതിഭാശാലികള്‍ ഇറങ്ങിപ്പോയി. മറ്റു ചിലരെ സംഘപരിവാരം തുരത്തി. അവര്‍ പുറത്തുവന്ന് സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം തുടങ്ങി. കേ്രന്ദസര്ക്കാറിനെ നിരന്തരം വിചാരണ ചെയ്തു. മഹാഭൂരിപക്ഷത്തിന്റെ അടിത്തറയിളകി. യു.പിയില്‍ മഹാസഖ്യം പിറന്നു. അങ്ങനെ തിരഞ്ഞെടുപ്പ് വന്നു. ദേശീയതയെ ആളിക്കത്തിക്കാം എന്ന വ്യാമോഹം തുടക്കത്തിലേ പാളി.
അതിനാലാണ് ബി.ജെ.പി 2014ലെ അതേ കളത്തിലേക്ക് വീണ്ടും വന്നത്. 2014-ല്‍ എന്തുപറഞ്ഞുവോ അതു തന്നെയാണ് മോഡിയും ഷായും സംഘവും തനിയാവര്ത്തിക്കുന്നത്. ഓര്‍മകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രയത്നിക്കുന്നത്. ഓര്‍മകളുടെ അടയാളങ്ങളെ മായ്ച്ചു കളയുന്നത്. എങ്ങിനെയെന്നോ? 2002-ല്‍ മോഡി നടത്തിയ വെറുപ്പിന്റെ പ്രഭാഷണങ്ങളെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞിരുന്നു. 2014-ല്‍ നടത്തിയതും. ഗുജറാത്തിലെ മുസ്ലിം ജനതയെ കത്തിച്ച് കളഞ്ഞ 2002-ലെ വെറുപ്പന്‍ പ്രഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് മായ്ക്കപ്പെട്ടിരിക്കുന്നു. (ഗുജറാത്ത് വംശഹത്യയെ ഡോക്യുമെന്റ് ചെയ്ത ഫൈനല്‍ സൊലൂഷന്റെ സംവിധായകന് രാകേഷ് ശര്‍മയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അതിനെ മറികടക്കാന്‍ താന്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഒന്നൊന്നായി പുറത്തുവിടുകയാണ് രാകേഷ് ശര്‍മ). 2014-ല്‍ എന്നപോലെ കുത്തക മാധ്യമങ്ങളുടെ സര്‍വ പിന്തുണയും ഇക്കുറിയും മോഡിക്കും സംഘത്തിനുമുണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ ദേശദ്രോഹികളാണെന്ന പഴയ വാക്കുകളെ മൂര്‍ച്ചകൂട്ടി അവതരിപ്പിച്ചുകൊണ്ടാണ് 2019-ലെ പ്രചാരണത്തിന് മോഡി തുടക്കം കുറിച്ചത് എന്ന കാര്യം ശ്രദ്ധിക്കണം. ഞാനാണ് രാഷ്ട്രം, ഞാനാണ് ദേശം എന്ന അതേ വാചകം. രാമക്ഷേത്രം, പൗരത്വ രജിസ്റ്റര്‍ തുടങ്ങി വര്‍ഗീയ പിളര്‍പ്പുകള്‍ മാത്രം ലാക്കാക്കിയുള്ള പ്രകടന പത്രികയും ശ്രദ്ധിക്കുക. ഇത്തവണയും തീവ്രവര്‍ഗീയതയില്‍ നിന്ന് വിളകൊയ്യാം എന്ന ഒറ്റലക്ഷ്യത്തിലാണ് സംഘപരിവാരം. മാത്രവുമല്ല തിരിച്ചടി പ്രതീക്ഷിക്കുന്നവരുടെ ചങ്കിടിപ്പ് എന്‍.ഡി.എയില്‍ വ്യാപകവുമാണ്. ബഹിരാകാശ നയതന്ത്രത്തിലെ ധാരണകളെ കാറ്റില്‍പറത്തി പരിഹാസ്യമായ ഉപഗ്രഹം തകര്‍ക്കല്‍ ആ ചങ്കിടിപ്പിന്റെ വെളിപ്പെടലായിരുന്നു. മന്മോഹന് സിംഗ് ഉള്‍പ്പടെയുള്ളവര്‍ അഞ്ചാംപത്തികളാണെന്നും ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് അവര്‍ ഗൂഢാലോചന നടത്തുകയാണെന്നുമുള്ള മോഡിയുടെ വാക്കുകളും സംഘപരിവാറിന്റെ വഴി എന്ത് എന്നതിന്റെ സൂചനയാണ്. ബി.ജെ.പിക്ക് രാഷ്ട്രീയ എതിരാളികള്‍ ഇല്ലാതായിരിക്കുന്നു. മറിച്ച് രാഷ്ട്രീയ ശത്രുക്കള്‍ മാത്രം. എതിരാളി ജനാധിപത്യത്തിലെ സുന്ദരപദമാണ്. ശത്രു ഏകാധിപത്യത്തിലെ എതിര്‍ശബ്ദവും.
ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് ദിശാസൂചകമായ പദവിയില്ല കേരളത്തിന്. പക്ഷേ, ഇന്ത്യന്‍ രാഷ്്രടീയത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിക്കാനുള്ള പാങ്ങുണ്ട് താനും. രണ്ടാം വരവിനായി മോഡിയും സംഘവും നടത്തുന്ന ജനാധിപത്യ വിരുദ്ധവും ദീര്‍ഘകാലത്തേക്ക് ആഘാതമുണ്ടാക്കുന്നതുമായ നീക്കങ്ങളെ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സുരേഷ് ഗോപിയുടെ ചോറൂണും കുമ്മനം രാജശേഖരന്റെ നിസ്വതയും കെ. സുരേന്ദ്രന്റെ യൗവന തീക്ഷ്ണതയും ശബരിമലയും ചേര്‍ന്നുണ്ടാക്കുന്ന കൊണ്ടാട്ടങ്ങളാണ് ഇവിടത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍. രാജ്യം എന്ന സങ്കല്പം അട്ടിമറിക്കപ്പെടും എന്ന ഭീതി പരക്കുമ്പോള്‍ ഉത്സവക്കാഴ്ചകളാല്‍ കളം നിറയുകയാണ് മലയാള മാധ്യമങ്ങള്‍. എന്‍.ഡി.എയുടെ തുടര്‍ഭരണം രാജ്യത്തെ എങ്ങനെ മാറ്റും എന്ന ചര്‍ച്ചകള്‍ എങ്ങുമില്ല. രാജ്യത്തെ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് ചേര്‍ത്തുവെക്കാവുന്ന ഒന്നും കേരളത്തില്‍ സംഭവിക്കുന്നുമില്ല.
അതിനാലാണ് തുടക്കത്തില്‍ ചെക്കോസ്ലോവാക്യയെക്കുറിച്ചും കുന്ദേരയെക്കുറിച്ചും പറഞ്ഞത്. അധിനിവേശം തേരുരുട്ടല് തുടങ്ങിയപ്പോള്‍ സുഖാലസ്യത്തിലായിരുന്ന ഒരു ജനത പില്കാലത്ത് കൊടുക്കേണ്ടി വന്ന വിലയാണ് ചെക്കോസ്ലോവാക്യ. ചരിത്രത്തിനും ഓര്‍മകള്‍ക്കും മേല്‍ കരിമ്പടമിട്ടാണ് വെറുപ്പിന്റെ പ്രത്യയശാസ്ത്രം കളം നിറയുന്നത്. ഇപ്പോള്‍ അവര്‍ ചീറ്റിക്കൊണ്ടിരിക്കുന്ന വര്‍ഗീയതയും വംശീയതയും അധിനിവേശത്തിനുള്ള, ജനതയെ നിഷ്കാസനം ചെയ്യാനുള്ള ഉപകരണങ്ങളാണ്. ഇപ്പോള്‍ നിശബ്ദരായിരിക്കുക എന്നതിന് ആത്മഹത്യാക്കുറിപ്പിന് അടിയൊപ്പിടുക എന്നാണ് അര്‍ത്ഥം.
കെ കെ ജോഷി
You must be logged in to post a comment Login