ഓര്‍മയുടെ അറകളില്‍ ഇപ്പോഴും ചില്ലിട്ടു വെക്കുന്ന, ഗൃഹാതുരമായ ഒരുപിടി നോമ്പോര്‍മകളുണ്ട് കുട്ടിക്കാലത്തിന്റേതായി. മദ്രസയും സ്കൂളും ഒരുമിച്ച് അവധികിട്ടുന്ന ഒരു കാലമായിരുന്നുഅത്. ഞങ്ങള്‍ കുട്ടികള്‍ക്ക് അത് സന്തോഷത്തിന്റെ വസന്തകാലം. കൂട്ടുകുടുംബങ്ങളുടെ ഒത്തുചേരലുകള്‍ റമളാന്‍ മാസത്തെ ഒരു പ്രത്യേകതയായിരുന്നു. നോമ്പുകാലമായാല്‍ ഉമ്മവീട്ടില് വിരുന്നുപോകുന്ന പതിവുണ്ടായിരുന്നു. എന്റെ കുട്ടിക്കാലം ഞങ്ങളുടെ (ഉപ്പവീട്) തറവാട്ടുവീട്ടിലായിരുന്നു. എന്റെ ഉപ്പയുടെ പെങ്ങന്മാരും അവരുടെ കുട്ടികളുമെല്ലാം തറവാട്ടിലേക്ക് റമളാന്‍ കാലങ്ങളില്‍ വിരുന്നുവരാറുണ്ടായിരുന്നു. വീട്ടിലേക്ക് അവര്‍ ദൂരെനിന്ന് നടന്നുവരുന്ന കാഴ്ച ഹൃദ്യമായിരുന്നു. അപ്പോഴുണ്ടാകുന്ന മനസ്സന്തോഷത്തിന് അതിരുകളില്ലായിരുന്നു. പിന്നീട് പത്തും പതിനഞ്ചും ദിവസം കഴിഞ്ഞാണ് അവര്‍ അവരുടെ കുഞ്ഞുങ്ങളെയും കൂട്ടി ഭര്‍തൃവീടുകളിലേക്ക് മടങ്ങിപ്പോവുക. അതുവരെയുള്ള നാളുകകള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് കളിചിരികളുടെയും വിനോദങ്ങളുടെയും പൂക്കാലമാണ്. വീട്ടുമുറ്റത്ത് ഒരു കുറ്റിപ്പുര നിര്‍മിക്കും. തെങ്ങിന്റെ ഓലകളോട് സാമ്യമുള്ള ഈന്തിന്റെ പട്ടകള് കൊണ്ടാണ് ഈ കുറ്റിപ്പുര നിര്‍മിക്കാറുള്ളത്. മഗ്രിബ് ബാങ്ക് കഴിഞ്ഞ് നോമ്പ് തുറന്നതിനു ശേഷം കുട്ടികള്‍ കൂട്ടത്തോടെ ചിമ്മിണി വിളക്കുമായി ഈ കുറ്റിപ്പുരയിലേക്ക് നീങ്ങും. വിശാലമായ മുറ്റത്ത് വീടിനോട് ചേര്‍ന്നുള്ള ഒരിടത്താണ് ഇത് നിര്‍മിക്കാറുള്ളത്. നോമ്പ് തുറക്ക് തയാറാക്കിവെക്കുന്ന എണ്ണക്കടി വിഭവങ്ങളില്‍ ബാക്കിവരുന്നതെല്ലാമെടുത്ത് ഒരു ചെറു പാത്രത്തിലാക്കിയാണ് ഞങ്ങള്‍ ആ കുറ്റിപ്പുരക്കകത്ത് കയറിക്കൂടുക. എന്നിട്ട് ഇശാ, തറാവീഹ് നിസ്കാരങ്ങള്‍ ഇതിനകത്ത് നിര്‍വഹിക്കും. കൂട്ടത്തില്‍ കൂടുതല്‍ ഖുര്‍ആന്‍ സൂറത്തുകള്‍ മനപ്പാഠമുള്ളവരെയാണ് ഇമാമായി നിര്‍ത്തുക. നിസ്കാരം കഴിഞ്ഞതിനുശേഷം എണ്ണ വിഭവങ്ങള്‍ അകത്താക്കും. അക്കാലത്ത് രാത്രികാലങ്ങളില്‍ ഏഴോ പത്തോ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണങ്ങള്‍ ഉണ്ടാകുമായിരുന്നു. ഈ മതപ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തറാവീഹ് നിസ്കാരശേഷം നാട്ടിലെ കാരണവന്മാരും യുവാക്കളും സ്ത്രീജനങ്ങളുമെല്ലാം എത്താറുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേകമായി മറച്ചുണ്ടാക്കിയ ഒരിടം ആദ്യമേ തയാര്‍ ചെയ്തിരിക്കും. ഈ വഅള് പരിപാടികളില്‍ കുട്ടികള്‍ കടല വറുത്തത് വില്ക്കാന് കൊണ്ടുപോകുമായിരുന്നു. മിക്കപ്പോഴും അമ്മായിമാരുടെ മക്കളായിരുന്നു എന്റെ കൂട്ട്. 25 പൈസക്കും 50 പൈസക്കുമൊക്കെയാണ് കടല വിറ്റിരുന്നത്. കച്ചവടത്തില്‍ മിച്ചംവരുന്ന കാശ് ഒരു ചെറു മണ്കുഞ്ചിയില് നിക്ഷേപിക്കാറാണ് പതിവ്. അത് റമളാന്‍ 27നാണ് പൊട്ടിക്കുക. ഈ പണം കൊണ്ടാണ് ഞങ്ങള്‍ കുട്ടികള്‍ പെരുന്നാള്‍ ആഘോഷപൂരിതമാക്കുക.
ഉമ്മയുടെ വീട്ടില്‍ വിരുന്നു പോയ ഒരു നോമ്പുകാലം. എട്ടോ ഒമ്പതോ വയസ് ആണ് പ്രായം. ഉമ്മയുടെ ഉപ്പക്ക് (വല്യുപ്പ) അക്കാലത്ത് കയര്‍ ബിസിനസ് ഉണ്ടായിരുന്നു. പുഴയോട് ചേര്‍ന്ന കായലില്‍ കുതിര്‍ത്തുവെക്കുന്ന തേങ്ങാചകിരി പിന്നീട് ഒരു യന്ത്രത്തിന്റെ സഹായത്താല്‍ നൈസുള്ള ചകിരിയാക്കി പരുവപ്പെടുത്തിവെക്കും. അത് ഒരു വലിയ വണ്ടിയില്‍ തറവാട് മുറ്റത്ത് കൊണ്ടുവന്നിടും. പിന്നീട് മറ്റൊരു ചെറുയന്ത്രത്തിന്റെ സഹായത്താല്‍ നാലോ അഞ്ചോ തൊഴിലാളികള്‍ ചേര്‍ന്ന് അത് ഒരു കയറാക്കി പരുവപ്പെടുത്തിയെടുക്കും. അവര്‍ തറവാട്ടുമുറ്റത്ത് ചൂടി പിരിക്കുന്നത് കാണാന്‍ തന്നെ നല്ല ചന്തമായിരുന്നു. കയര്‍ പിരിക്കാന്‍ വേണ്ടി കൊണ്ടുവരുന്ന ഈ ചകിരിയില്‍ ഞങ്ങള്‍ കുഞ്ഞുങ്ങള്‍ കയറി ചാടിക്കളിക്കാറുണ്ടായിരുന്നു. ഇത് വല്യുപ്പ കണ്ടാല്‍ പലപ്പോഴും വഴക്കുപറയും, ചിലപ്പോള്‍ അടിയും കിട്ടും. വല്യുപ്പയുടെ ശബ്ദം കേട്ടാല്‍ ഞങ്ങള്‍ പലഭാഗത്ത് ഓടിയൊളിക്കും. ഒരു റമളാന്‍ കാലം ഞങ്ങള്‍ കളിയില്‍ എന്തിന്റെയോ പേരില്‍ പരസ്പരം തെറ്റി. ഉടനെ എന്റെ കൂട്ടുകാരന് ഞാന്‍ കാണാതെ വല്യുപ്പയുടെ അടുത്തുപോയി എന്നെ കുറിച്ച് ഒരു വലിയ അപരാധം പറഞ്ഞു കൊടുത്തു. ‘വായിച്ചീ സെമി ചകിരിക്ക് തീയിട്ടിട്ടുണ്ട്.’ അവന് ചുമ്മാ നുണ പറഞ്ഞതായിരുന്നു. കേള്‍ക്കേണ്ട താമസം വലിയ വടിയുമായി ഉമ്മയും വല്യുപ്പയും വരുന്നത് കണ്ടു. സംഗതി പന്തിയല്ലെന്ന് ആ വരവ് കണ്ടപ്പഴേ മനസിലായി. തല്‍ക്ഷണം ഞാന്‍ ഓടെടാ ഓട്ടം. എന്റെ പിന്നാലെ വല്യുപ്പയും ഓടുന്നുണ്ടായിരുന്നു. കുറച്ച് ദൂരം ഒാടിയകന്നതിനു ശേഷം ഞാന്‍ പതിയേ ഒന്നു തിരിഞ്ഞുനോക്കി. അപ്പോള്‍ കണ്ടു; വല്യുപ്പ വിടാതെ എന്റെ പിന്നാലെ തന്നെയുണ്ട്. വല്യുപ്പ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഇതു കണ്ട ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ‘ഒരു കുട്ടിയായ എന്റെ പിറകെ ഇങ്ങനെ ഓടാന്‍ നിങ്ങള്‍ക്ക് നാണമില്ലേ?’ ഇത് കേട്ടപ്പോ വല്യുപ്പക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. അന്നുരാത്രി വീട്ടില്‍ അതു തന്നെയായിരുന്നു സംസാരം. വല്യുപ്പ എന്റെ പിറകേ ഓടിയതായിരുന്നില്ല അവര്‍ വിഷയമാക്കിയത്, ഞാന്‍ വിളിച്ചുപറഞ്ഞ ആ മറുപടിയായിരുന്നു. ചകിരിക്ക് ആരും തീയിട്ടിട്ടുണ്ടായിരുന്നില്ല, എന്നെ കുറിച്ച് കളിക്കൂട്ടുകാരന് വെറുതേ പറഞ്ഞതാണെന്ന് വല്യുപ്പക്ക് പിന്നിട് മനസിലാവുകയും ചെയ്തു. ഇപ്പോഴും ഉമ്മയും അനിയത്തിമാരും കൂട്ടുചേരുമ്പോള്‍ അന്നത്തെ ആ സംഭവം പറഞ്ഞുചിരിക്കും. വല്യുപ്പ ഇന്ന് ഞങ്ങളോടൊപ്പമില്ല. ചകിരി കച്ചവടം വര്‍ഷങ്ങള്‍ക്കു മുന്നേ പൂട്ടിപ്പോയി. ഇതുപോലെ എത്രയെത്ര ഓര്‍മകള്‍. റമളാന്‍ കാലങ്ങളിലെ പല അനുഭവങ്ങളും മനസിനകത്ത് ചില്ലിട്ട് വെച്ചതുപോലെയാണ്. അന്നത്തെ ബാല്യകാല നിമിഷങ്ങള്‍ എത്ര പെട്ടെന്നാണ് മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞത്. ഇന്ന് അഞ്ചും ആറും സെന്റില്‍ ചുറ്റുമതില്‍ കെട്ടിയ കോണ്‍ക്രീറ്റ് വീടുകള്‍ക്കകത്ത് കളിചിരിയും ചുടുനിശ്വാസങ്ങള്‍ പോലും ഒതുക്കിവെച്ച കുഞ്ഞുങ്ങള്‍, കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ബാല്യങ്ങള്‍ ചെലവിടുമ്പോള്‍ ആഘോഷപൂരിതമാക്കിയിരുന്ന ഞങ്ങളുടെ കുട്ടിക്കാലം ഓര്മ വരികയാണ്.
ശമീര്‍ കരിപ്പൂര്‍
You must be logged in to post a comment Login