സമകാലിക ഇന്ത്യയില്‍, മറ്റു പലയിടങ്ങളിലെന്ന പോലെ പണവും അധികാരവുമാണ് സാഹചര്യത്തെ വ്യാഖ്യാനിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ അധികാരങ്ങള്‍ ഉള്ളവരും ശക്തമായ രാഷ്ട്രീയ സ്വാധീനം കൈവശമുള്ളവരും പല നിയമങ്ങളെയും നിയന്ത്രിക്കുന്നു. നിയമ, ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ നവലിബറല്‍ സമ്പദ്വ്യവസ്ഥ തുറന്നുവിട്ട വന്‍തോതിലുള്ള കള്ളപ്പണം കുത്തിയൊഴുകുന്നു. പ്രശ്നപരിഹാരക്കമ്മിറ്റിക്കാരും ഇടനിലക്കാരും ചേര്‍ന്ന് എല്ലാ മേഖലകളെയും വികൃതമാക്കുകയും ദൈനംദിന കാര്യങ്ങളെ അഴിമതിയില്‍ മുക്കുകയും ചെയ്യുന്നു. അതുവഴി ‘കഴുകന്മാരുടെ അത്താഴവിരുന്നായി’ ഇന്ത്യന്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഭരണകൂടവും സമൂഹവും തമ്മില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന മധ്യവര്‍ത്തികള്‍ എല്ലാ കാലത്തും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. പരമ്പരാഗതമായി, രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളായിരുന്നു അവര്‍. പക്ഷേ, സഞ്ജയ് ഗാന്ധി പുതിയ സ്വാധീന വിതരണക്കാരായ ഉദ്യോഗസ്ഥരും സുഹൃത്തുക്കളും റുഖ്സാന സുല്‍ത്താനയെപ്പോലുള്ള ഭാഗ്യാന്വേഷികളും കോര്‍പറേറ്റുകളുമായി നിരന്തര ബന്ധമുള്ള വ്യക്തികളും അടങ്ങുന്ന പുതിയതരം മധ്യവര്‍ത്തികളെയും കൊണ്ടുവന്നു. അതുവരെ കൈകാര്യനടത്തിപ്പുകാര് രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടവുമായി അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുത്തിവെച്ചിരുന്നു. കാലാകാലങ്ങളില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്ന ‘ജനാധിപത്യത്തിന്റെ രഹസ്യക്കച്ചവടങ്ങളെക്കുറിച്ചുള്ള’ അഴിമതിക്കഥകള്‍ സമ്പന്നരും ശക്തരുമായവരുടെ എളുപ്പത്തില്‍ തകരാവുന്ന മൂല്യവിചാരങ്ങളുടെ ജീര്‍ണവ്യവസ്ഥയെ വെളിച്ചത്ത് കൊണ്ടുവന്നു. പക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അന്തര്ധാരയായിക്കിടക്കുന്ന ഈ അഴിമതിക്കഥകളാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യ മൂല്യങ്ങളുമായുള്ള ഈ തകര്‍ന്ന ബന്ധത്തിന്റെ സ്ഥായിയായ പ്രശ്നം.
ഈ പ്രശ്നത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന അംബേദ്കറെപ്പോലെ മറ്റൊരാള്‍ ഉണ്ടായിരിക്കില്ല. ഒരു ദളിത് ഐക്കണും ഭരണഘടനാ ശില്പിയുമായാണ് അദ്ദേഹം എന്നും അറിയപ്പെടാറ്. പക്ഷേ, ഇന്ത്യന്‍ മണ്ണില്‍ ജനാധിപത്യം മേല്‍ഭാഗം മാത്രം വസ്ത്രം ധരിച്ച ഒന്നാണെന്ന അദ്ദേഹത്തിന്റെ വിശകലനത്തിലേക്ക് വളരെ കുറച്ചുപേര്‍ മാത്രമേ ശ്രദ്ധകൊടുത്തു കാണാറുള്ളൂ. അങ്ങനെ ചിന്തിച്ച ചില സുപ്രധാന വ്യക്തികള്‍ വേറെയും ഉണ്ടെന്ന് മറക്കുന്നില്ല. ജനാധിപത്യം അദ്ദേഹത്തിന് വെറും നടപടിക്രമമായിരുന്നില്ല. മറിച്ച്, മനുഷ്യസമത്വത്തിന്റെ ദൈനംദിന പ്രയോഗവും മൂല്യവുമായിരുന്നു.അങ്ങേയറ്റം ശ്രേണീബദ്ധവും ജാതിരൂഢവുമായ ഇന്ത്യന്‍ സമൂഹത്തില്‍ അഗാധമായിക്കിടക്കുന്ന സംഗതികളായിരുന്നില്ല ഭരണഘടനാതത്വങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും നടപ്പില്‍ വരുത്താന്‍ ഉദ്ദേശിച്ചത്. അവയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതായിരുന്നില്ല അതിന്റെ നിലപാടുകള്‍. ജനാധിപത്യം അര്‍ഥപൂര്‍ണമാവണമെങ്കില്‍ ജാതിപരമായ അധികാരശ്രേണികളും സാമൂഹിക അസമത്വങ്ങളും ഇല്ലാതെയാവണം. മതേതരത്വം, ബഹുസ്വരത, ന്യൂനപക്ഷങ്ങളോടുള്ള സഹാനുഭൂതി, അപരരോടുള്ള ശ്രദ്ധ എന്നിവയെല്ലാം ജനാധിപത്യമൂല്യങ്ങളെന്ന നിലയില്‍ സമത്വത്തിന്റെ ഭാഗമാണ്.
ഇന്ത്യന്‍ സമൂഹത്തില്‍ ജനാധിപത്യ മൂല്യങ്ങളില്ലെന്ന് ബോധ്യമായതോടെ , അംബേദ്കര്‍ രാഷ്ട്രീയമേഖലയില്‍ വിശ്വാസമര്‍പ്പിച്ചു. രാഷ്ട്രീയം കൊണ്ട് സമൂഹത്തെ പുനഃസൃഷ്ടിക്കാമെന്ന ഒരു ടോക്യൂവില്യന് വിശ്വാസമുണ്ട്. അതായത്, ഒരു രാഷ്ട്രത്തിലെ ഭരണഘടനക്ക് അസാധാരണമായ ശക്തിയുണ്ടെന്ന് അദ്ദേഹം എഴുതി.
സമൂഹത്തിന്റെ താഴെക്കിടയില്‍നിന്ന് സാധ്യമാകാത്തത് മുകള്തലത്തില്നിന്ന് സാധ്യമാവുമെന്ന് അദ്ദേഹവും കൂടെയുള്ള നിയമനിര്‍മാതാക്കളും പ്രതീക്ഷിച്ചു. ദേശീയവാദികളുടെ വരേണ്യശക്തിക്ക് പൂര്‍ണ ജനകീയ പിന്തുണയില്ലെന്നതിന്റെ പ്രതിഫലനം കൂടിയായിരുന്നു, ഇത്. അസമത്വത്തെ സംബന്ധിച്ച തെന്റ എല്ലാ ആശങ്കകള്‍ക്കുമൊപ്പം ജനകീയ രാഷ്ട്രീയക്കാരുടെ ‘അരാജകത്വത്തിന്റെ വ്യാകരണത്തെ’ക്കൂടി അംബേദ്കര്‍ ഭയപ്പെട്ടു. ഇതിന് പുറമെ, യുദ്ധാനന്തര കലാപങ്ങളും വിഭജനത്തോടനുബന്ധിച്ച അക്രമങ്ങളും ദേശീയ ഐക്യം ഉറപ്പുവരുത്തുന്ന ഒരു ശക്തമായ രാഷ്ട്രം രൂപപ്പെടുത്താന്‍ ഭരണഘടനാനിര്മാതാക്കളെ പ്രേരിപ്പിച്ചു. അടിയന്തരാവസ്ഥയുടെ അധികാരശക്തിക്കെതിരായ വിമര്‍ശനങ്ങളെയും തുടര്‍നടപടികളെയും സ്വാതന്ത്ര്യാവകാശങ്ങള്ക്കുമേലുള്ള നിയന്ത്രണങ്ങളെയും അവര്‍ കണ്ടില്ലെന്ന് നടിച്ചു. ജനാധിപത്യ നടപടിക്രമങ്ങള്‍ക്ക് പകരം, ഉയര്‍ന്ന വിതാനത്തുനിന്ന് സ്ഥാപിക്കപ്പെടുന്ന, നേതാക്കളുടെ ധാര്‍മിക ഉത്തരവാദിത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വിപ്ലവത്തില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. സമൂഹത്തില്‍നിന്നുള്ള വര്‍ഗ,ജാതി സമ്മര്‍ദങ്ങളെ ഉന്നത വിഭാഗം ഏതെങ്കിലും വിധത്തില്‍ മറികടക്കുമെന്നാണ് അത് വിഭാവന ചെയ്തിരുന്നത്. പക്ഷേ, അത് അതിദാരുണ പരാജയമായി.
ധാര്‍മിക ഉത്തരവാദിത്തത്തെക്കാള്‍ പ്രലോഭനങ്ങളും സമ്മര്‍ദങ്ങളുമാണ് ജനാധിപത്യത്തില്‍ ഒരു മൂല്യമെന്ന നിലയില്‍ കൂടുതല്‍ ശക്തിയുള്ളതെന്ന് തെളിഞ്ഞു. സമൂഹത്തിലെ പിടിവലികള്‍ക്കിടയില്‍, ഉപജാപങ്ങളും കൗശല തന്ത്രങ്ങളും കോളോണിയല്‍ അനന്തര ആദ്യ തലമുറ നേതാക്കള്‍ക്ക് പോലും ദിനചര്യപോലെയായി. നെഹ്റുവിന്റെ മരണത്തോടെ രാഷ്ട്ര, സമൂഹ ബന്ധങ്ങളുടെ പെട്ടെന്നുള്ള വെളിപ്പെടലിന്റെ പ്രതികരണമായി, അധികാരം നിലനിര്‍ത്താനുള്ള പദ്ധതികളുടെ ഉപഭോക്താക്കളായി രാഷ്ട്രീയ വരേണ്യ വിഭാഗം മാറി. ഒരു ബൃഹത്തായ വിപ്ലവത്തിലേക്കുള്ള ശരിയായ ജനാധിപത്യപരമായ മാറ്റത്തിനുള്ള ആഗ്രഹവും ഇന്ദിരയെയും കോണ്‍ഗ്രസിനെയും പുറത്താക്കുക എന്ന ശുദ്ധരാഷ്ട്രീയ നീക്കവും തമ്മില്‍ ജയപ്രകാശ് നാരയണന് പോലും ചഞ്ചലപ്പെട്ടു. രാഷ്ട്രീയം അധികാരത്തിന്റെ വെറും ചെസ്സ് കളിയായപ്പോള്‍, ഇന്ദിര ഒരു ഗ്രാന്‍ഡ് മാസ്റ്ററാണെന്ന് തെളിയിച്ചു. തുടര്‍ച്ചയായി എതിരാളികളെ അടിയറവ് പറയിച്ച് അവര്‍ ബോര്‍ഡ് കാലിയാക്കി.
അടിയന്തരാവസ്ഥ ഇന്ദിരക്ക് തന്റെ തന്ത്രപരമായ കളിയിലെ അറ്റകൈ പ്രയോഗമായിരുന്നു. വ്യക്തിഗതശക്തിയോട് എതിരിടേണ്ടി വന്ന പ്രതിസന്ധി തരണം ചെയ്യാനുള്ള അവസാനത്തെകളി. അസാധാരണ നിയമങ്ങള്‍ പുസ്തകങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ, ഒരു ദുര്‍ഘട സന്ധിയില്‍നിന്ന് ഒരു രാഷ്ട്രത്തെ രക്ഷപ്പെടുത്താന്‍ വേണ്ടി നിലവിലുള്ള നിയമങ്ങളെ റദ്ദ് ചെയ്യാന്‍ നിയമപരമായ വഴികള്‍തന്നെ ഉപയോഗിച്ചു എന്നതായിരുന്നു അവരുടെ പ്രവൃത്തിയിലെ വിരോധാഭാസ പ്രവൃത്തി. കുപ്രസിദ്ധ കോളനികളുടെ ഒഴിപ്പിക്കലിന് വേണ്ടിയുള്ള കുറ്റകൃത്യങ്ങളുടെയും ക്രമക്കേടുകളുടെയും കഥകള്‍ പുതിയതല്ല. രാഷ്ട്രത്തിന്റെ ആധുനികവത്കരണത്തിന് വേണ്ടിയുള്ള ഉന്നതതല നടപടികളുടെ ഭാഗമാണ് അവയെല്ലാം. പക്ഷേ, പ്രശ്നങ്ങളെ വലുതാക്കുകയും തീവ്രതരമാക്കുകയും ചെയ്ത് തോന്നിയപടി നടപ്പാക്കുക വഴി സാധാരണ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്ത വഴിയാണ് ഇന്ദിരയും സഞ്ജയും കൂട്ടരും തേടിയത്. ഭരണഘടനാസംവിധാനത്തില്‍ അന്തര്‍ലീനമായ കാര്യങ്ങള്‍ പ്രത്യക്ഷമാക്കിക്കൊണ്ടാണ് ഭരണപ്രതിസന്ധിയുടെ പ്രശ്നങ്ങളെ അവര്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. ഇതുവഴി താന്‍ കാള്‍ ഷമ്മിറ്റ് സിദ്ധാന്തത്തിന്റെ പരമാധികാരിയാണെന്ന് സ്വയം തെളിയിച്ചു, അവര്‍.
അടിയന്തരാവസ്ഥക്കാലത്ത് നടപ്പാക്കിയ അങ്ങേയറ്റം മോശമായ പല നിയമങ്ങളും പിന്നീട് ജനതാ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. എന്നാല്‍, കരുതല്‍ തടങ്കലും ചരണ്‍സിങ് സര്‍ക്കാറിന്റെ ഈ വിഷയത്തിലുള്ള പ്രസിഡന്‍ഷ്യല്‍ ഓര്‍ഡിനന്‍സും സംബന്ധിച്ച രണ്ടാം ചിന്ത സൂചിപ്പിക്കുന്നത്, അടിയന്തരാവസ്ഥ ഇക്കാര്യങ്ങളെ സാധാരണമട്ടില്‍ കാണുന്നതില്‍ വിജയിച്ചു എന്നാണ്. അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ കരുതല്‍ തടങ്കലിനുള്ള 1980ലെ ദേശീയ സുരക്ഷാനിയമം നടപ്പാക്കി ഇന്ദിര ഈ ഓര്‍ഡിനന്‍സിനെ നിയമാനുസൃതമാക്കി. പ്രശ്നബാധിത പ്രദേശങ്ങളില്‍ യുദ്ധസമാനമായി ഇടപെടാന്‍ അവസരം നല്കുന്ന സായുധസേന പ്രത്യേകാധികാര നിയമം 1958ല്‍ ആദ്യം അസമില്‍ നടപ്പാക്കി. പിന്നീട് 1983ല്‍ പഞ്ചാബിലേക്കും 1990 ല്‍ കശ്മീരിലേക്കും വ്യാപിപ്പിച്ചു. കോളോണിയല്‍ കാലത്തെ രാജ്യദ്രോഹക്കുറ്റം ഇന്ത്യന്‍ പീനല്‍ കോഡിന്റെ 124 എയില്‍ ചേര്‍ത്ത് ബലെപ്പടുത്തുകയും രേഖയിലായതോടെ ഇത് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുകയും ചെയ്തു.
കരുതല്‍ തടങ്കലിന്റെ തുടര്‍ന്നുപോവുന്ന ആകര്‍ഷണം എന്തെന്നാല്‍ അത് ജനാധിപത്യ ഭരണസംവിധാനവും തെരുവിലെ ജനാധിപത്യ അവകാശങ്ങളും തമ്മിലെ നിരന്തരമായ വേര്‍തിരിവിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്. തെന്റ കാലത്ത് ജനാധിപത്യത്തില്‍ ഉണ്ടായിരുന്നതും താന്‍ തന്നെ മനോഹരമായി സംഭാവന ചെയ്തതുമായ അധിക്കാരക്കളികളുടെ തന്ത്രപരമായ നീക്കങ്ങളിലൂടെ ചെറിയ കാലത്തെ വെല്ലുവിളികളെ ഇന്ദിരക്ക് നേരിടാന്‍ കഴിഞ്ഞു. 1977ലെ രാഷ്ട്രീയ മരണത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പില്‍ ജയിച്ച് 1980ല്‍ ചരണ്‍സിങിനെ വിഡ്ഢിയാക്കി അധികാരത്തില്‍ തിരിച്ചുവന്നു. എന്നാല്‍, കൂടുതല്‍ വലിയ വെല്ലുവിളികളെയും കൂടുതല്‍ ബൃഹത്തായ രാഷ്ട്രീയ ശക്തികളെയും നേരിടാന്‍ തന്ത്രപരമായ കൗശലപ്പണികളെക്കാള് അധികമായി ചിലത് വേണ്ടിയിരുന്നു. ഇത് പഞ്ചാബില്‍ വളരെ വ്യക്തമായിരുന്നു. ഹ്രസ്വ ദൃഷ്ടിയുള്ള കൗശലപ്പണികള്ക്ക് പഞ്ചാബില്‍ തന്റെ ജീവിതം കൊണ്ട് വില കൊടുക്കേണ്ടി വന്നു, ഇന്ദിരക്ക്. 1980ല്‍ സഞ്ജയിന്റെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു. പക്ഷേ, സ്വന്തം കൊലപാതകം രാജീവിന്റെ ദാരുണ മരണത്തിന്റെ ദൃക്സാക്ഷിത്വത്തില്നിന്ന് അവരെ രക്ഷിച്ചു. 1991 മെയ് 21ന് ശ്രീലങ്കന്‍ തമിഴ് ടൈഗേഴ്സിന്റെ സ്ത്രീപ്രവര്ത്തകയുടെ ആത്മഹത്യാചാവേര് സ്ഫോടനത്തിന് ഇരയായായാണ് രാജീവ് കൊല്ലപ്പെട്ടത്. അമ്മയെപ്പോലെ, അദ്ദേഹവും സമൂഹത്തിന്റെ അക്രമാസക്തതയുടെ കുരുക്കില്‍ കുരുങ്ങിയാണ് വീണത്.
ഇത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് അസാധാരണ നിയമങ്ങള്‍ക്കുള്ള ഇന്ത്യന്‍ രാഷ്ട്രത്തിന്റെ അനുഭാവത്തിനുള്ള ന്യായീകരണമാവുന്നത്. ഇതുകൊണ്ടാണ് അടിയന്തരാവസ്ഥ പൂര്‍ണമായി ഇല്ലാതാക്കണമെന്ന ജനതാപാര്‍ട്ടിയുടെ പ്രഭാഷണങ്ങളുണ്ടായിട്ടും ഹ്രസ്വജീവിതം മാത്രമുണ്ടായിരുന്ന ചരണ്‍സിങ് സര്‍ക്കാര്‍ തടങ്കല്‍ നിയമങ്ങള്‍ തിരിച്ചുവിളിച്ചത്. പക്ഷേ, അടിയന്തരാവസ്ഥക്ക് ഒരു തുടര്ജീവിതമുണ്ട് എന്നതിന് ഇത് മാത്രമല്ല തെളിവ്. കരിനിയമങ്ങള്‍ കൊണ്ട് പരിഹിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങള്‍ പുതിയ വെല്ലുവിളികളായി ഉയര്‍ന്നുവന്നു. പിന്നാക്ക ജാതി രാഷ്ട്രീയം, ഹിന്ദുത്വ, വിപണി ഉദാരവത്കരണം എന്നിവ അടിയന്തരാവസ്ഥയുടെ ചാരത്തില്‍നിന്ന് ഉയര്‍ന്നുവന്ന് ജനകീയ ജാഗരണത്തിന്റെ പരീക്ഷണശാലകളായി. 1990 മുതല്‍ ഇവയെല്ലാം ഇന്ത്യന്‍ രാഷ്ട്രീയഭൂമികയില്‍ പ്രാബല്യം നേടി. ഇവയെല്ലാം ജനാധിപത്യത്തിന്റെ അര്‍ഥവ്യാപ്തി തേടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ജാതി അടിസ്ഥാനമാക്കിയുള്ള സംവാദങ്ങള്‍ ജനാധിപത്യത്തിന്റെ സമത്വം സംബന്ധിച്ച ആശങ്കകളെ കൂടിയാണ് അഭിമുഖീകരിക്കുന്നത്. ഈയര്‍ഥത്തില്‍, സംവരണം സംബന്ധിച്ച മണ്ഡല് കമീഷന് റിപ്പോര്‍ട്ട് നടപ്പാക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ മാറ്റമാണ് ഉണ്ടാക്കിയത്. എന്നാല്‍, ജാതി രാഷ്ട്രീയം സമത്വത്തെ ഒരു മൂല്യവ്യവസ്ഥിതി എന്നതിലപ്പുറം അധികാരവിഹിതം നേടിയെടുക്കുക എന്ന പരിമിതമായ ലക്ഷ്യത്തിലേക്ക് ചുരുക്കി. അടിയന്തരാവസ്ഥയുടെ കുത്തകക്കാരായി പ്രവര്‍ത്തിക്കുന്ന നേതാക്കളുള്ള ജാതികേന്ദ്രീകൃത പ്രാദേശിക പാര്‍ട്ടികളുടെ കാര്യത്തിലാണ് ഇത് വിശിഷ്യാ ശരി.
ഹിന്ദുത്വം അടിസ്ഥാനപരമായി തന്നെ ജനാധിപത്യവിരുദ്ധമാണ്. ഒരു ഹിന്ദുരാഷ്ട്രം എന്ന നിര്‍മിതി കൊണ്ടാണ് ഭരണപ്രതിസന്ധികളെ അത് മറികടക്കുന്നത്. ന്യൂനപക്ഷങ്ങളെ രണ്ടാം തരക്കാരായി ചുരുക്കുന്ന, വിദ്വേഷത്താല്‍ നിയന്ത്രിതമായ ഭൂരിപക്ഷ രാഷ്ട്രീയമാണ് അതിന്റെ അടിത്തറ. അതേപോലെ, എല്ലാ കാര്യങ്ങളുടെയും അടിസ്ഥാന തത്വമായി വിപണിയെ കാണുന്ന നവലിബറല്‍ വിപണി കേന്ദ്രീകൃത ആശയവും ജനാധിപത്യവിരുദ്ധമാണ്. ഉല്പാദനവും വിപണനവും ലക്ഷ്യമാക്കിയിരുന്ന ആഡംസ്മിത്തിന്റെ ലിബറലിസത്തില്‍നിന്ന് വിഭിന്നമായി, എല്ലാ കാര്യങ്ങളെയും സാമ്പത്തികകാഴ്ചപ്പാടിലൂടെ കാണുന്നതാണ് നവലിബറിലസത്തിന്റെ രീതി. നിയമസംവിധാനത്തിലുടെയുള്ള സമത്വസുരക്ഷയ്ക്കും ജനങ്ങളുടെ പരമാധികാരത്തിനും പകരം വിജയികളും പരാജിതരും എന്ന വിപണിയുക്തിയാണ് അത് മുന്നോട്ടുവെക്കുന്നത്.
പലയിടങ്ങളില്‍ പല രൂപത്തില്‍ നടപ്പാക്കപ്പെട്ട ഒരു ആഗോളപ്രതിഭാസമാണ് നവലിബറലിസം. ഇന്ത്യയില്‍, ‘വികസനം’ എന്ന ചുരുക്കപ്പേരിട്ട് 1991ലാണ് നവലിബറലിസം കടന്നുവന്നത്. വികസനത്തെ വിജയമുദ്രാവാക്യമാക്കിയാണ് 2014 ല്‍ നരേന്ദ്രമോഡി അധികാരത്തില്‍വന്നത്. അഴിമതികുംഭകോണങ്ങളില് മുങ്ങിയ കോണ്‍ഗ്രസിനെതിരെ, ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോഡി നടപ്പാക്കിയ നയങ്ങളെ വികസനമെന്ന് ബി.ജെ.പി. കെട്ടിഘോഷിച്ചു. ഈ നവലിബറല്‍ നയത്തിന്, സമത്വം എന്ന സ്വയംഭരണ നയം പ്രധാനമായിരുന്നില്ല. എല്ലാ മേഖലകളിലും കോര്‍പറേറ്റ് വത്കരണവും വിപണിയുക്തിയുടെ പ്രയോഗവത്കരണവും മാത്രമായിരുന്നു അതിന് പ്രധാനം.
‘ഗുജറാത്ത് മോഡല്‍’ ഭൂരിപക്ഷ ശക്തികൊണ്ട് രാഷ്ട്രീയപരമായി അടിവരയിട്ട ഒന്നായിരുന്നു. ഭരണവ്യവസ്ഥയുടെ അടിത്തറയായി ഹിന്ദു ജാഗരണത്തെയാണ് അത് കാണുന്നത്. ജനാധിപത്യ ജാഗരണത്തിലൂടെ ഇളക്കിമറിക്കപ്പെട്ട രാഷ്ട്ര, സമൂഹ ബന്ധങ്ങളെ ഹിന്ദുത്വ ആശയം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ മോഡി നവലിബറലിസത്തെ ഉപയോഗിച്ചു. എതിര്‍ശബ്ദങ്ങളെ ദേശവിരുദ്ധമായി മുദ്രകുത്തുന്ന ഹിന്ദുത്വ ആശയരീതിക്ക് 2014 മുതല്‍ ഇന്ത്യ സാക്ഷ്യം വഹിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും 1975നെ അനുസ്മരിക്കുമാറ് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ മേല്‍ വിധ്വംസക കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടു. ഹിന്ദുത്വയുടെ ആള്‍ക്കൂട്ട സംസ്കാരത്തിന് പുറത്തുള്ളവയെന്ന നിലയില്‍, വിമര്‍ശന ശബ്ദങ്ങളെയെല്ലാം വേരുകളില്ലാത്ത കോസ്മോപൊളിറ്റന്‍ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. വിമര്‍ശനങ്ങളെ നിയമസാധുതയില്ലാതാക്കാനും സ്വന്തം വരുതിയിലല്ലാത്തവര്ക്ക് മേല്‍ വിജയം നേടാനുമുള്ള നീക്കമായിരുന്നു, ഇത്. ശരിയായി അറിയാത്തവര്‍ക്ക് മേല്‍ വിജയം നേടുക എന്ന സഗഗ്രാധിപത്യത്തിന്റെ അടിസ്ഥാന പ്രചാരണ തന്ത്രമാണിത്. കന്നുകാലി കടത്ത്, മാംസ വിപണന നിയന്ത്രണത്തിന്റെ മറവില്‍ പശുസംരക്ഷണ ഗുണ്ടകളാല്‍ മുസ്ലിംകള് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി. പശുകശാപ്പ് സംബന്ധിച്ച ശരിയായ ഒരു വിവരവും ആള്‍ക്കൂട്ടത്തിന് ആവശ്യമില്ല. തങ്ങളുടെ പശു ആരാധനയെ ലംഘിക്കുകയെന്ന നിഗൂഡ ഗൂഢാലോചനയുള്ളവരാണ് മുസ്ലിംകള് എന്ന സമഗ്രാധിപത്യത്തിന്റെ പ്രചാരണം മാത്രമേ അവര്‍ക്ക് അറിയൂ.
പിന്തുണയ്ക്കുന്ന സൈനികരുടെ സാന്നിധ്യം ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലത്ത് ഇല്ലാതിരുന്ന ഒന്നാണ്. ഭരണകൂടത്തോട് അതീവ വഴക്കവും കോര്‍പറേറ്റ് വത്കൃതവുമായ ഇലക്ട്രോണിക് മാധ്യമങ്ങളും 1975-77 കാലത്ത് ഉണ്ടായിരുന്നില്ല. പണ്ടില്ലാത്തവിധം അധികാരങ്ങള്‍ ഇന്ന് സൈന്യത്തിനുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ 124 എ പ്രകാരമുള്ള വിപ്ലവപ്രവര്ത്തനങ്ങള്ക്കെതിരായ നിയമങ്ങള്‍ അടക്കം രാഷ്ട്രത്തിന്റെ ഭരണനിയന്ത്രണാവകാശം, കരുതല്‍ തടങ്കല്‍, പ്രശ്നബാധിത പ്രദേശങ്ങളില്‍ സായുധസേന, പ്രത്യേക അധികാര നിയമം എന്നിവയെല്ലാം അവര്‍ക്കുണ്ട്.
ജനാധിപത്യത്തെക്കുറിച്ച് എന്ത് സന്ദേശമാണ് ഇതെല്ലാം നല്‍കുന്നത്? വെറുപ്പിനാല്‍ കോര്‍ക്കപ്പെട്ട ആള്ക്കൂട്ടക്ഷോഭത്തിന്റെ ജാഗരണവും സമഗ്രാധിപത്യ സ്വഭാവമുള്ള സംസ്കാരങ്ങളുടെയും സര്‍ക്കാറുകളുടെയും ആവിര്‍ഭാവവും ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആഗോളതലത്തിലുള്ള ഈ പ്രവണത, ആധുനികതയുടെയും ജനാധിപത്യത്തിന്റെയും കാര്യത്തിലുളള പരമമായ മാറ്റത്തിന്റെ സൂചനയാണ്. ഇന്ത്യയില്‍, ഒരു പരമാധികാര ഭരണകൂടം നടത്തിയ വിലക്കുകളുടെ മുന്നനുഭവങ്ങള്‍ വെല്ലുവിളിയായി ഉയരുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടി അസാധാരണമായ വിധത്തില്‍ ഭരണഘടനാശക്തിയെയും രാഷ്ട്രത്തിന്റെ ഭരണ സംവിധാനങ്ങളെയും അന്ന് ഉപയോഗിക്കുകയുണ്ടായി.
ഇന്ന് ഔദ്യോഗികമായ രൂപത്തില്‍ അടിയന്തരാവസ്ഥയില്ല. പത്രമാരണ നിയമമില്ല. നിയമത്തിന്റെ നിയമവിധേയമായ റദ്ദാക്കല്‍ ഇല്ല. എന്നാല്‍, ഹിന്ദു ദേശീയതയുടെ ഉയര്‍ച്ച ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥയില്‍ മാത്രം കഴിയാവുന്ന ഉയരത്തിലേക്ക് നരേന്ദ്രമോഡിയെ എത്തിച്ചിരിക്കുന്നു. ഭരണഘടനയെ സ്വന്തം ഇച്ഛക്കനുസരിച്ച് വളക്കാന്‍ കഴിയാതിരുന്നപ്പോള്‍ ഇന്ദിര രാഷ്ട്രത്തിന്റെ കൈകള്‍ കൊണ്ട് അതിനെ അടിച്ചമര്‍ത്തി. ഇന്ന് കോടതി, മാധ്യമങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവ നിയന്ത്രണങ്ങളെ അഭിമുഖീകരിക്കുന്നില്ല. പക്ഷേ, വെറുപ്പിന്റെ ഹിന്ദു ആള്‍ക്കൂട്ടത്തിന്റെ സാന്നിധ്യം കാരണം അവയ്ക്ക് ഒന്നുകില്‍ ജനാധിപത്യത്തിന്റെ കാവല്ക്കാരാകാന് കഴിയുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ആകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ദിരയെപ്പോലെത്തന്നെ, സ്വന്തം പാര്‍ട്ടിയിലെ എതിര്‍വാക്കില്ലാത്ത നേതാവാണ് മോഡി. പാരമ്പര്യമായി സമയാസമയങ്ങളില്‍ തങ്ങളുടെ നേതാക്കളെക്കുറിച്ച് വമ്പുപറയുന്ന പാര്‍ട്ടിയാണ് ഭാരതീയ ജനതാ പാര്‍ട്ടി. പക്ഷേ, അതിപ്പോള്‍ പരമാധികാര നേതാവിന് മുന്നില്‍ മുട്ടുമടക്കിയിരിക്കുന്നു. ഒരിക്കല്‍ ഇന്ദിര ആയത് പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉയരത്തില്‍ മോഡി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഫോേട്ടാകള്‍, മുദ്രാവാക്യങ്ങള്‍, പരിപാടികള്‍ എന്നിവയെല്ലാം എല്ലായിടത്തും കാണപ്പെടുന്നു. ഒരിക്കല്‍ ഇന്ദിരയുടേത് ആയതുപോലെ. മോഡി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ല. ചോദ്യങ്ങള്‍ക്ക് വിധേയനാകുന്നില്ല. വാരാന്ത്യ റേഡിയോ പ്രഭാഷണങ്ങളിലൂടെ ജനങ്ങളോട് നേരിട്ട് സംസാരിക്കാനാണ് താല്പര്യം. നിരന്തരം ട്വീറ്റുകള്‍ ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപിനെപ്പോലെയാണ് അദ്ദേഹം. ഒട്ടും വ്യത്യാസമില്ല. ഏകപാര്‍ട്ടി ആധിപത്യത്തിനുള്ള ആര്‍ത്തി, ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുത, വിമതശബ്ദങ്ങളെ രാജ്യദ്രോഹമാക്കി മുദ്രകുത്തല്‍ എന്നിവ വഴി ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലത്തെ അധികാരക്കുത്തകവത്കരണത്തെ കവര്‍ന്നെടുക്കുകയാണ് മോഡിയും ബി.ജെ.പി നേതാക്കളും ചെയ്യുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉച്ചസ്ഥായിയില്‍ മോഡിയെപ്പോലുള്ള ഒരു നേതാവ് എത്തുമ്പോള്‍ ബി.ആര്. അംബേദ്കറുടെ വാക്കുകളാണ് അവസാനമായി പറയാന്‍ ഉചിതം. 1949 നവംബര്‍ 24ന് അസംബ്ലിയുടെ അവസാന സെഷനില്‍ ജോണ്‍ സ്റ്റുവാട്ട് മില്ലിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു: ”പൗരന്മാര് അവരുടെ സ്വാതന്ത്ര്യം ഒരു വലിയ നേതാവിന്റെ കാലില്‍ അടിയറവ് വെക്കരുത്. ഇന്ത്യക്കാര്‍ വിശേഷിച്ചും ഭക്തിയില്‍ വീഴുന്നവരാണ്. മതത്തിന്റെ കാര്യത്തില്‍ അത് നല്ലതാണ്. പക്ഷേ, രാഷ്ട്രീയത്തില്‍ അത് അധഃപതനത്തിലേക്കും തുടര്‍ന്ന് സ്വേഛാധിപത്യത്തിലേക്കുമുള്ള വഴിയാണെന്നതില്‍ സംശയമില്ല.”
(എമര്‍ജന്‍സി ക്രോണിക്ള്‍സ്: ഇന്ദിര ഗാന്ധി ആന്റ് ഡെമോക്രസീസ് ടേണിങ് പോയിന്റ് എന്ന പുതിയ പുസ്തകത്തില്‍നിന്നുള്ള ഭാഗം)
ഗ്യാന്‍ പ്രകാശ്
വിവ. കെ.എം. റഷീദ്
You must be logged in to post a comment Login