ജയം അകന്നുപോകുന്ന പോരാട്ടങ്ങള്‍

ജയം അകന്നുപോകുന്ന പോരാട്ടങ്ങള്‍

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ഛത്തീസ്ഗഢിലെ ദന്തേവാഡയിലെത്തിയത് സോണി സോറിയെ കാണാനായിരുന്നു. ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ആ ആദിവാസി വീട്ടമ്മ ദന്തേവാഡയുള്‍പ്പെടുന്ന ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു അപ്പോള്‍. പഠിക്കുകയും പഠിപ്പിക്കുകയും നിരക്ഷരായ നാട്ടുകാരെ സഹായിക്കുകയും ചെയ്തു എന്ന കുറ്റത്തിന് മാവോവാദിയെന്നു മുദ്ര കുത്തി ജയിലിട്ട് പീഡിപ്പിക്കപ്പെടുന്നവരുടെ പ്രതിനിധി.

ഒറീസയുമായും ആന്ധ്രാപ്രദേശുമായും അതിര്‍ത്തി പങ്കിടുന്ന ബസ്തര്‍ മണ്ഡലത്തിന് കേരളത്തിന്റെ വലുപ്പം വരും. കൊടുങ്കാടും മൊട്ടക്കുന്നുകളും വിശാലമായ വയലുകളും നിറഞ്ഞ പേടിപ്പിക്കുന്ന വിജനതയാണ് ഒറ്റനോട്ടത്തില്‍ ബസ്തര്‍. ഇരുമ്പയിരിന്റെ സാന്നിധ്യം കാരണമാകാം, മാവോവാദികള്‍ വരുന്നതിനു മുമ്പു തന്നെ അവിടത്തെ മണ്ണിന്റെ നിറം ചുവപ്പായിരുന്നു. വാര്‍ത്തകളില്‍, കൂട്ടക്കുരുതികളുടെ പേരില്‍ ചുവന്ന നക്ഷത്രമിട്ട് അടയാളപ്പെടുത്തുന്ന ദന്തേവാഡയില്‍ പക്ഷേ,അത്തരമൊരു ഭീകരാന്തരീക്ഷമൊന്നും കണ്ടില്ല. വഴിയില്‍ വല്ലപ്പോഴും കാണുന്ന മെലിഞ്ഞുണങ്ങിയ മനുഷ്യരുടെ മുഖങ്ങളില്‍ കരുണയല്ലാതെ രൗദ്രഭാവം സങ്കല്‍പിക്കാനേ പറ്റിയില്ല.

മറുനാട്ടുകാര്‍ വന്നു ഭൂമി കൈയടക്കുകയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികള്‍ കര്‍ഷകത്തൊഴിലാളികളായി മാറുകയും ചെയ്തപ്പോഴാണ് ബസ്തറില്‍ സംഘര്‍ഷങ്ങള്‍ തുടങ്ങുന്നത്. മാവോവാദികളുടെ സ്വാധീനം വര്‍ധിച്ചപ്പോള്‍ അവരെ വേട്ടയാടാന്‍ സര്‍ക്കാര്‍ ആദിവാസികളെ ഉപയോഗിച്ച് സല്‍വാ ജുദും എന്ന പേരില്‍ പ്രത്യാക്രമണ സേനയുണ്ടാക്കി. സല്‍വാ ജുദുമില്‍ ചേര്‍ന്ന് മാവോവാദികളെ നേരിടാന്‍ തയാറല്ലാത്ത ആദിവാസികളെ സുരക്ഷാഭടന്‍മാര്‍ മാവോവാദികളെന്നു മുദ്രകുത്തി വേട്ടയാടി. സല്‍വാ ജുദുമില്‍ സഹകരിക്കുന്നവരെ മാവോവാദികളും നോട്ടമിട്ടു. താന്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടി ഉയര്‍ത്താന്‍ വന്ന മാവോവാദികളെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചയാളാണ് സോണി സോറി. മാവോവാദികളുടെ വെടിയേറ്റ് കാലു തളര്‍ന്നയാളാണ് അവരുടെ അച്ഛന്‍. പക്ഷേ മാവോവാദികളുടെ കൂട്ടാളിയെന്നു മുദ്രകുത്തിയാണവര്‍ പീഡിപ്പിക്കപ്പെട്ടത്.
ഛത്തീസ്ഗഢിലെ ജയിലിലേക്കയച്ച സോണിയ്ക്കു പറയാനറക്കുന്ന ക്രൂരപീഡനങ്ങളാണ് നേരിടേണ്ടിവന്നത്. പീഡനങ്ങള്‍ക്കെതിരെ അവര്‍ ജയിലില്‍ നിരാഹാരസത്യഗ്രഹം തുടങ്ങി. സഹതടവുകാരെ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്കു മാറ്റിയ സോറിയുടെ പ്രശ്‌നം മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഏറ്റെടുത്തു. പ്രശാന്ത് ഭൂഷണെപ്പോലുള്ളവര്‍ കേസു നടത്താനെത്തി. മൂന്നു വര്‍ഷത്തെ വിചാരണത്തടവിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി അവരെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സോണി സോറിയുടെ സ്ഥാനാര്‍ഥിത്വം വാര്‍ത്തകളില്‍ ഇടംനേടിയെങ്കിലും ദന്തേവാഡയില്‍ ആം ആദ്മി പാര്‍ട്ടിയൊന്നും ഇല്ലായിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് സോണി സോറിയ്ക്കുവേണ്ടി പ്രചാരണം നടത്തിയത്. തങ്ങളുടെ സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നെങ്കിലും ആ കുട്ടികള്‍ ആത്മവിശ്വാസത്തോടെ അവര്‍ക്കു പിന്നില്‍ അണിനിരന്നു.

അത്ഭുതമൊന്നും സംഭവിച്ചില്ല. ഏറെക്കാലമായി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഏറ്റുമുട്ടുന്ന ബസ്തറില്‍ ബി.ജെ.പിയുടെ ദിനേശ് കശ്യപ് വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു. സോണി സോറിയ്ക്ക് കെട്ടിവെച്ച പണംപോലും നഷ്ടമായി. ആകെ കിട്ടിയത് 16,903 വോട്ട്. ആര്‍ക്കും അതില്‍ അതിശയമൊന്നും തോന്നിയില്ല. ഭരണകൂട ഭീകരതയെ ചെറുക്കുകയെന്ന സന്ദേശം നല്‍കി സോണി സോറി മത്സരിച്ച ബസ്തറില്‍ അവരുടെ ഇളയച്ഛന്റെ മകള്‍ വിമല സോറി സി.പി.ഐ. സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്നു എന്നതിലും ആര്‍ക്കും അത്ഭുതം തോന്നിയില്ല. അവര്‍ക്ക് കിട്ടിയത് 33,883 വോട്ട്. സി.പി.ഐ(എം.എല്‍.), ബി.എസ്.പി., എസ്.പി. സ്ഥാനാര്‍ഥികളും അവിടെ മത്സരിച്ചിരുന്നു. ജയസാധ്യത ഒട്ടുമില്ലാത്ത ഒരു മണ്ഡലത്തില്‍ അധ:സ്ഥിതരുടെ പ്രതിനിധികളായി അഞ്ചു സ്ഥാനാര്‍ഥികള്‍. അതില്‍ രണ്ടുപേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍.

തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ബസ്തറില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെ ആസൂത്രിതമായ പ്രതികാര നടപടികളുണ്ടായി. മിക്കവരും അവിടം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. സോണി സോറി തന്നെ പലവട്ടം ആക്രമിക്കപ്പെട്ടു. രാജ്യത്തെങ്ങും മനുഷ്യാവകാശപ്രവര്‍ത്തനം മാവോവാദത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ദളിത് പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രവര്‍ത്തകര്‍ മാവോവാദിബന്ധം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ടു.
സ്വന്തമായി രാഷ്ട്രീയകക്ഷിയൊന്നുമില്ലാത്ത സോണി സോറിയുടേത് ഒറ്റയാള്‍ പോരാട്ടമായിരുന്നു. പക്ഷേ അത്തരം മത്സരങ്ങള്‍ ഒറ്റപ്പെട്ടതല്ല. മുഖ്യധാരാ ഇടതുപക്ഷത്തില്‍പെടുന്ന പാര്‍ട്ടികളുടെ നേതാക്കള്‍പോലും സഖ്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട് മിക്ക സംസ്ഥാനങ്ങളിലും തനിച്ചു മത്സരിക്കുകയാണ് ഈ തിരഞ്ഞെടുപ്പില്‍.

ആസാദി മുദ്രാവാക്യം മുഴക്കി സംഘപരിവാര്‍ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയ കനയ്യ കുമാറും ലോകശ്രദ്ധയാകര്‍ഷിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്ന ജീവ പണ്ഡു ഗാവിത്തും ഉദാഹരണങ്ങള്‍. മഹാരാഷ്ട്രയിലെ ദിന്‍ഡോരിയില്‍ സി.പി.എം സ്ഥാനാര്‍ഥിയാണ് ഗാവിത്ത്. ബിഹാറിലെ ബെഗുസരായില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയാണ് കനയ്യ. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും ബി.ജെ.പി. ഭരണത്തിനെതിരെ ഉയരുന്നത്. എന്നിട്ടും അവരുടെ ജയം വിദൂരസാധ്യത മാത്രമാണ്. ഇടതുപക്ഷം ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് ഏറ്റവും പ്രസക്തിയുള്ള ഒരു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തന്നെ അപ്രസക്തമായിപ്പോയേക്കാം എന്നതാണ് യാഥാര്‍ത്ഥ്യം.

പതിനഞ്ചു വര്‍ഷം മുമ്പു നടന്ന തിരഞ്ഞെടുപ്പില്‍ 61 സീറ്റു നേടുകയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ. സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്ത ഇടതുപക്ഷം ഇത്തവണ കേരളത്തില്‍ നിന്നു കിട്ടിയേക്കാവുന്ന എതാനും സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ്. ഇടതുപക്ഷത്തിന്റെ തകര്‍ച്ചയില്‍ അത്ഭുതമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര യാദവ് പറയുന്നത്. ‘സോവിറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു പിന്നാലെ ഇന്ത്യയിലും ഇടതുപക്ഷം തകരുമായിരുന്നു. പക്ഷേ അതുണ്ടായില്ല. ആഗോളീകരണവും മന്ദിര്‍-മണ്ഡല്‍ ജാതി രാഷ്ട്രീയവും ഇടതുപക്ഷത്തിന്റെ മരണമണി മുഴക്കുമായിരുന്നു. അതിനെയും അവര്‍ അതിജീവിച്ചു. ഇടതുപക്ഷത്തിന് ഏറ്റവും പ്രസക്തിയുള്ള സമയത്താണ് അവര്‍ ദേശീയരാഷ്ട്രീയത്തില്‍ ദുര്‍ബ ലരാവുന്നത് എന്നതാണ് സങ്കടം. ഇന്നത്തെ ഇടതുപാര്‍ട്ടികള്‍ക്ക് ഇടതുപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കുന്നതിന് ശേഷിയില്ല എന്നതാണ് വാസ്തവം.’
തൊഴിലില്ലായ്മയും കാര്‍ഷിക പ്രശ്‌നങ്ങളും മുതല്‍ ബഹുസ്വര സമൂഹത്തിനുമേല്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി വരെ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ വിഷയങ്ങളെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അതിന്റെ ഗുണം ഇടതുപക്ഷത്തിന് കിട്ടുകയില്ലെന്നാണ് സൂചന. അഖിലേന്ത്യാതലത്തില്‍ 2004ല്‍ എട്ടു ശതമാനം വോട്ടുണ്ടായിരുന്നു ഇടതുപക്ഷത്തിന്. അത് 2014ല്‍ 4.8 ശതമാനമായി കുറഞ്ഞു. സീറ്റിന്റെ എണ്ണം 2004ലെ 61ല്‍ നിന്ന് 2009ല്‍ 24 ആയും 2014ല്‍ 12 ആയും കുറഞ്ഞു. കേരളവും ത്രിപുരയും പശ്ചിമ ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങിളില്‍നിന്നുള്ള വോട്ടുവിഹിതം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ശതമാനത്തില്‍ താഴെയാണ്. ഇത്തവണ സ്ഥിതി അതിലും മോശമാകാനാണ് സാധ്യത.
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി. മുന്നണി സര്‍ക്കാറുകള്‍ക്കെതിരായ ശക്തമായ ജനവികാരത്തിന്റെ സൂചകമായിരുന്നു, ഒരു വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക മുന്നേറ്റം. സി.പി.എമ്മിന്റെ കര്‍ഷക വിഭാഗമായ അഖിലേന്ത്യാ കിസാന്‍ സഭയുടെ മഹാരാഷ്ട്രാ ഘടകമാണ് അതിന് നേതൃത്വം നല്‍കിയത്. ജനങ്ങള്‍ രണ്ടുകൈയും നീട്ടി എതിരേറ്റതോടെ കര്‍ഷകരുടെ ലോങ് മാര്‍ച്ച് അക്ഷരാര്‍ത്ഥത്തില്‍ ജനമുന്നേറ്റമായി മാറി. സി.പി.എം. നേതാവ് വിജു കൃഷ്ണനും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സായിനാഥും ഉള്‍പ്പെടെ അണിയറയില്‍ പലരുമുണ്ടായിരുന്നെങ്കിലും മഹാരാഷ്ട്രയില്‍ സി.പി.എമ്മിനുള്ള ഏക എം.എല്‍.എയായ ആദിവാസി നേതാവ് ജെ. പി. ഗാവിത്തിന്റെ നേതൃത്വത്തിലാണ് അതിന്റെ ആസൂത്രണം നടന്നത്.

കര്‍ഷകസമര നേതാക്കളെ ബി ജെ പി വിരുദ്ധ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ കോണ്‍ഗ്രസും എന്‍.സി.പിയും നേരത്തേതന്നെ പ്രഖ്യാപിച്ചതാണ്. സി.പി.എമ്മും സി.പി.ഐയും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു നിര്‍ദിഷ്ട മഹാസഖ്യം. പക്ഷേ, സി.പി.എമ്മിനു സ്വാധീനമുള്ള ദിന്‍ഡോരി മണ്ഡലം വിട്ടുകൊടുക്കാന്‍ എന്‍.സി.പി. തയാറായില്ല. ദിന്‍ഡോരിയിലെ കല്‍വാണ്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഗാവിത്.

2009ലെ തിരഞ്ഞെടുപ്പില്‍ ദിന്‍ഡോരി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഹരിശ്ചന്ദ്ര ദേവ്‌റാം ചവാന്‍ ജയിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഗാവിത്തിന് ഒരു ലക്ഷത്തിലേറെ വോട്ടു കിട്ടിയിരുന്നു. 2014ല്‍ ചവാന്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തെ സി.പി.എം സ്ഥാനാര്‍ഥി ഹേമന്ത് മോത്തിറാം വാഘാരേയ്ക്ക് 72,500 വോട്ട് ആണ് കിട്ടിയത്. ശിവസേന വിട്ടെത്തിയ ധന്‍രാജ് മഹാലേയാണ് ഇവിടത്തെ എന്‍.സി.പി. സ്ഥാനാര്‍ഥി. എന്‍.സി.പി. വിട്ടുവന്ന ഭാരതി പവാറിനെ ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കി. എന്‍.സി.പിയും കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചിരുന്നെങ്കില്‍ ജയസാധ്യതയുള്ള മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി ഗാവിത് തനിച്ചു മത്സരിക്കുന്നു.

കനയ്യ കുമാറിന്റെ ബീഹാറിലും അതുതന്നെ സംഭവിച്ചു. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. എത്രയോ കാലമായി ഇടതുപക്ഷത്തിന്റെ സഖ്യകക്ഷിയായിരുന്നു. എന്നിട്ടും ബിഹാറില്‍ ഒരു സീറ്റുപോലും അവര്‍ക്കായി നീക്കിവെക്കാന്‍ ആര്‍.ജെ.ഡി.- കോണ്‍ഗ്രസ് സഖ്യം തയാറായില്ല. പുതുതായി നിലവില്‍ വന്ന ജാതി സംഘടനകളായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയ്ക്കും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും മൂന്നു സീറ്റുവീതം നല്‍കിയെങ്കിലും രാജ്യമെങ്ങുമുള്ള യുവാക്കളെ ആവേശംകൊള്ളിച്ച കനയ്യകുമാറിനെ ഒരു സീറ്റില്‍ പിന്തുണയ്ക്കാന്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും വിസമ്മതിച്ചു. കനയ്യ കുമാര്‍ സി.പി.ഐ. ടിക്കറ്റില്‍ ബെഗുസരായില്‍ നിന്നു മത്സരിക്കുമ്പോള്‍ സി.പി.എം ഉജയര്‍പുരില്‍ മത്സരിക്കുന്നു. അറാ സീറ്റില്‍ സി.പി.ഐ(എം.എല്‍.) സ്ഥാനാര്‍ഥി രാജു യാദവിനെ ഇരുകക്ഷികളും പിന്തുണയ്ക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന വലിയൊരു നിരതന്നെ കനയ്യകുമാറിനായി പ്രചാരണത്തിനെത്തുന്നുണ്ട്. പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്താന്‍ യുവനേതാവിന് കഴിഞ്ഞിട്ടുമുണ്ട്. പക്ഷേ ജയിക്കാന്‍ അതുമാത്രം മതിയാവില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിഹാറില്‍ ഇതു തന്നെയായിരുന്നു സ്ഥിതി. ഇടതു പക്ഷം വേറിട്ടു മത്സരിച്ചതുകാരണം വോട്ട് ഭിന്നിച്ചത് ഏഴിടത്തെങ്കിലും ബി.ജെ.പി. സഖ്യത്തിന്റെ വിജയത്തിലേക്ക് നയിച്ചു. ബെഗുസരായില്‍ 2014ല്‍ സി.പി.ഐ. സ്ഥാനാര്‍ഥിക്ക് 1.92 ലക്ഷം വോട്ടു കിട്ടിയിരുന്നു. 2009ല്‍ വെറും 40,000 വോട്ടിനാണ് ഇവിടെ സി.പി.ഐ. തോറ്റത്. അറാ സീറ്റില്‍ സി.പിഐ. എം.എല്‍ സ്ഥാനാര്‍ഥിക്ക് 2014ല്‍ 98,805 വോട്ടു കിട്ടിയിരുന്നു. 2009ല്‍ 1.5 ലക്ഷം വോട്ടും. 2014ല്‍ ആര്‍.ജെ.ഡിക്ക് ഇവിടെ നാലു സീറ്റു മാത്രമാണ് കിട്ടിയത്. കോണ്‍ഗ്രസിന് രണ്ട്. ഒറ്റയ്ക്കു മത്സരിച്ച ജനതാദള്‍ യുവിന് രണ്ടു സീറ്റ്. ബി.ജെ.പി. സഖ്യത്തിന് 31 സീറ്റ്. സ്വന്തം നിലയ്ക്ക് ജയിക്കാനാവില്ലെങ്കിലും ബീഹാറിലെ 12 ലോക്‌സഭാ മണ്ഡലങ്ങളിലെങ്കിലും ഇടതു പക്ഷത്തിന് ജയപരാജയം നിര്‍ണയിക്കാനാവും.

ജയിലില്‍ കിടക്കുന്ന ലാലുപ്രസാദ് യാദവില്‍ നിന്ന് മകന്‍ തേജസ്വി യാദവിലേക്ക് പാര്‍ട്ടിയുടെ നേതൃത്വം വന്നതോടെയാണ് ഇടതുപക്ഷവുമായുള്ള ബന്ധം മോശമായത്. നേരത്തേ ബീഹാറിന്റെ ഭാഗമായിരുന്ന ജാര്‍ഖണ്ഡിലും സ്ഥിതി വ്യത്യസ്തമല്ല. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും ജാര്‍ഖണ്ഡില്‍ സി.പി.ഐയ്ക്ക് ഒരു സീറ്റുപോലും വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയാറായില്ല.

ഉത്തര്‍പ്രദേശിന്റെ തിരഞ്ഞെടുപ്പു ചിത്രത്തില്‍നിന്ന് ഇടതു പാര്‍ട്ടികള്‍ അപ്രത്യക്ഷരായിട്ട് കുറേക്കാലമായി. ഉത്തര്‍പ്രദേശിന്റെ കിഴക്കേ അറ്റത്ത്, ബീഹാറുമായും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന പൂര്‍വാഞ്ചലിലെ ഗാസിപുര്‍, ആസംഗഢ് ജില്ലകളായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രം. അതൊടൊപ്പം അപ്പുറത്ത് കാണ്‍പൂരിലെ വ്യവസായ മേഖലയില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും ശക്തമായിരുന്നു. 1962ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് 14 സീറ്റുകിട്ടിയിട്ടുണ്ട്. 1974ല്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് 18 സീറ്റു കിട്ടി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പിന്നാലെ വന്ന അയോധ്യാ പ്രക്ഷോഭവും പ്രക്ഷുബ്ധമാക്കിയ യു.പി.യില്‍ അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാലിടറാന്‍ തുടങ്ങി. 1989ല്‍ കാണ്‍പൂരില്‍ നിന്നു വിജയിച്ച സുഭാഷിണി അലിക്കു ശേഷം സി.പി.എമ്മിനു സംസ്ഥാനത്തുനിന്നു ലോക്‌സഭയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. 1991ല്‍ ഗാസിപുരില്‍നിന്നു ജയിച്ച വിശ്വനാഥ് ശാസ്ത്രിയാണ് അവസാനത്തെ സി.പി.ഐ. പ്രതിനിധി. സി.പി.എമ്മിനും സി.പി.ഐയ്ക്കും പുറമേ, സി.പി.ഐ-എം.എല്‍, ഫോര്‍വേഡ് ബ്ലോക്ക്, രാഷ്ട്രവാദി കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങി വേറെയും കക്ഷികള്‍ രംഗത്തുണ്ടെങ്കിലും സാധാരണ വോട്ടര്‍മാര്‍ അവയുടെയൊന്നും സാന്നിധ്യം അറിയുന്നേയില്ല.

അഭേദ്യമായ ഇടതുകോട്ടയെന്ന് ഏറെക്കാലം വിശേഷിപ്പിക്കപ്പെട്ടിരുന്ന പശ്ചിമ ബംഗാളില്‍ നിലനില്‍പിനായി പൊരുതുകയാണ് ഇടതുപക്ഷം. 34 വര്‍ഷം സംസ്ഥാനം ഭരിച്ച സി.പി.എമ്മിനെ പിന്തള്ളി പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനംപോലും ബി.ജെ.പി. ഏറ്റെടുത്തു കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് ചതുഷ്‌കോണ മത്സരമാണ് ഇത്തവണ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കിട്ടിയ രണ്ടു സീറ്റു മാത്രമാണ് എല്‍.ഡി.എഫിന്റെ സമ്പാദ്യം. ഇത്തവണ അതു നിലനിര്‍ത്താന്‍പോലും പ്രയാസമാണ്. 30 ശതമാനം പോളിങ് ബൂത്തുകളില്‍ ഏജന്റുമാരെ നിര്‍ത്താന്‍പോലും സി.പി.എമ്മിന് കഴിയില്ലെന്നാണ് കണക്കാക്കുന്നത്. റാലികളില്‍ ആളുകൂടുന്നുണ്ടെങ്കിലും അതൊന്നും വോട്ടായി മാറുന്നില്ല. 1980ല്‍ സംസ്ഥാനത്തെ 38 ലോക്‌സഭാ സീറ്റും ഇടതുപക്ഷത്തിനായിരുന്നു. 1996ല്‍ 33ഉം 2004ല്‍ 34ഉം എം.പിമാരുമായി ബംഗാളിലെ ഇടതുപക്ഷം കേന്ദ്രത്തിലെ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 2009ല്‍ സീറ്റ് 15ലേക്ക് കൂപ്പുകുത്തി. 2011ല്‍ സംസ്ഥാന ഭരണം നഷ്ടമായി. അതോടെ ലോക്‌സഭയിലും അംഗബലം കുറയാന്‍ തുടങ്ങി. പിന്നെ താഴേയ്ക്ക്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിട്ടുപോലും മൂന്നാം സ്ഥാനത്തേക്ക് പോയി. ഇത്തവണ സഖ്യശ്രമവും പരാജയപ്പെട്ടു.
ബി.ജെ.പിക്ക് മേല്‍ക്കൈ ഉണ്ടെങ്കിലും ത്രിപുരയില്‍ സി.പി.എമ്മിനെ എഴുതിത്തള്ളാനായിട്ടില്ല. കാലങ്ങളായി ഇവിടത്തെ രണ്ടു സീറ്റും പാര്‍ട്ടിയുടെ കൈയിലായിരുന്നു. ഇത്തവണ ഒരു സീറ്റെങ്കിലും കിട്ടണമെങ്കില്‍ ജീവന്‍ മരണപ്പോരാട്ടം നടത്തേണ്ടിവരും. കേരളം കഴിഞ്ഞാല്‍, പിന്നെ ജയസാധ്യതയുള്ളത് തമിഴ്‌നാട്ടില്‍ മാത്രമാണ്. അവിടെ ഡി.എം.കെയുമായുള്ള സഖ്യത്തിന്റെ സഹായത്തോടെ ഒരു സീറ്റെങ്കിലും കിട്ടിയേക്കും.

പ്രത്യയശാസ്ത്രവും തിരഞ്ഞെടുപ്പു രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യമാര്‍ഗം സ്വീകരിക്കുന്നതില്‍ വന്ന ആശയക്കുഴപ്പങ്ങളാണ് സമീപകാലത്ത് ഇടതുപക്ഷത്തിന്റെ ചുവടിളക്കിയത്. ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നിഷേധിച്ചതും ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ ഒന്നാം യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ ആണവകരാറിന്റെ പേരുപറഞ്ഞ് പിന്‍വലിച്ചതും തിരിച്ചടിയായെന്ന് ഇടതുനേതാക്കള്‍ ഇനിയും സമ്മതിച്ചിട്ടില്ല. എങ്കിലും അതിനു ശേഷമാണ് ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തി ചോര്‍ന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇടതു പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാവില്ല എന്ന സമസ്യയെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ‘ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് പ്രസക്തിയുണ്ട്. പക്ഷേ അത് ഇപ്പോള്‍ അവശേഷിക്കുന്ന ഇടതുപക്ഷത്തിനല്ല’- യോഗേന്ദ്ര യാദവ് പറയുന്നു.

എസ്. കുമാര്‍, ന്യൂഡല്‍ഹി

You must be logged in to post a comment Login