”കര്‍ഷകരില്‍ നിന്ന് ഫ്രഞ്ചുകാരിലേക്ക്” എന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ ഗ്രാമീണ ഫ്രാന്‍സില്‍ നടന്ന ആധുനികവല്കരണത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിന് യൂജിന്‍ വെബര്‍ കൊടുത്ത പേര്. പത്രവും പട്ടാളബാരക്കുകളുമാണ് സ്കൂളുകളെക്കാള്‍ കൂടുതല്‍ ഫ്രഞ്ച്ഭാഷക്ക് പ്രചാരം നല്‍കിയത്. ഇന്ത്യയിലെ പത്രവിപ്ലവം കര്‍ഷകരെ എത്രത്തോളം ഇന്ത്യക്കാരാക്കിയിട്ടുണ്ട്? അതോ ആ വിപ്ലവം അവരെ ഇന്ത്യക്കാരാക്കുന്നതിന് പകരം തമിഴന്മാരും ഒറിയക്കാരും ഗുജറാത്തികളും തെലുങ്കരുമാക്കുകയായിരുന്നോ? പത്രവിപ്ലവം ഇന്ത്യയുടെ വിഘടനം എന്ന ഏറെക്കാലമായി പ്രവചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്രിയക്ക് ആക്കം കൂട്ടുകയാണോ?”
റോബിന് ജെഫ്ര,
ഇന്ത്യയിലെ പത്രവിപ്ലവം.
സാമൂഹികശാസ്ത്രജ്ഞനാണ് റോബിന് ജെഫ്രി. കേരളത്തിലെ നായര്‍ മേധാവിത്വത്തിന്റെ പഠനം വഴി മലയാളി ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതന്‍. 1977 മുതല്‍ 1999 വരെയുള്ള ഇന്ത്യന്‍ ഭാഷാദിനപത്രങ്ങളുടെ വളര്‍ച്ചയും വികാസവും സൂക്ഷ്മമായി പഠിച്ചയാള്‍. ഉത്ഭവം മുതല്‍ ഉടമസ്ഥതയുടെ ബലതന്ത്രങ്ങള്‍ വരെ സൂക്ഷ്മമായി പഠിച്ച് റോബിന് ജെഫ്രി എഴുതിയ പുസ്തകത്തില്‍ നിന്നാണ് ഉദ്ധരണി. പത്രങ്ങളുടെ അതിവ്യാപനം ദേശീയത എന്ന ആശയത്തെ എങ്ങനെ സമ്മര്ദത്തിലാഴ്ത്തുമെന്ന കാര്യകാരണ സഹിതമുള്ള വിശകലനങ്ങളാല്‍ സമൃദ്ധമാണ് ജെഫ്രിയുടെ പുസ്തകം. അതിവ്യാപനമെന്നതിനെ വിരുദ്ധമായ ഒരു സാമൂഹികചലനമായല്ല പുസ്തകം പരിഗണിക്കുന്നത്. മറിച്ച് അതിവ്യാപനം സൃഷ്ടിക്കുന്ന ഘോരമായ മത്സരങ്ങള്‍ ദേശീയ മനുഷ്യരെ ചെറു ചെറു ഗ്രൂപ്പുകളായി വിഘടിക്കുന്നതിനെക്കുറിച്ചാണ്. രണ്ടുപതിറ്റാണ്ട് മുന്‍പാണ് ജെഫ്രിയുടെ നിരീക്ഷണങ്ങള്‍ പുറത്തുവരുന്നത്. മാധ്യമം സമം പത്രം എന്ന ലളിത സമവാക്യത്തില്‍ മാധ്യമചിന്തകള്‍ തളച്ചിടപ്പെട്ടിരുന്ന കാലത്ത്.
രണ്ടുപതിറ്റാണ്ട് എന്നത് ഇന്ത്യയെ സംബന്ധിച്ച് ചെറിയ കാലയളവല്ല. അതിനിടെ ഈ രാജ്യത്ത് അക്ഷരാര്‍ത്ഥത്തില്‍ മാധ്യമവിപ്ലവം അരങ്ങേറി. ചാനല്‍ സാമ്രാജ്യങ്ങള്‍ വന്നു. നവമാധ്യമങ്ങള്‍ വന്നു. ഇവയൊന്നും ജെഫ്രിയുടെ വലിയ പഠനത്തിന്റെ വിഷയങ്ങളായിരുന്നില്ല. എന്നാല്‍ കാലമെത്രമേല്‍ മാറിയാലും മാറാതെ നില്ക്കുന്ന ചില ചിരന്തന സത്യങ്ങളുണ്ട്. ആ സത്യങ്ങളിലൊന്നാണ് മാധ്യമങ്ങളുടെ നാശകാരിയായ വിഘടനക്ഷമത. മത്സരം എന്ന ആശയത്തിനകത്ത് സര്‍വപ്രതാപിയായി വാഴുന്ന ഒന്നാണ് വിഘടനോര്ജം. സാക്ഷരതക്കും മാധ്യമ സാക്ഷരതക്കും പേരുകേട്ട കേരളം പോയനാളില്‍ സാക്ഷ്യം വഹിച്ച ജനാധിപത്യോത്സവം അഥവാ പൊതുതിരഞ്ഞെടുപ്പ് ഈ വിഘടനോര്ജത്തിന്റെ വിസ്ഫോടനങ്ങളാല്‍ സമൃദ്ധമായിരുന്നു. കേരളീയ സമൂഹത്തില്‍ പ്രബലമായിരുന്ന, കേരളം വലിയ തോതില്‍ ആന്തരവല്കരിക്കാന് ്രശമിച്ചിട്ടുളള ജനാധിപത്യം എന്ന വലിയ ആശയത്തിന്റെ നൂല്ബന്ധങ്ങളെ അടിയോടെ ചീന്തിക്കളയാന്‍ മാത്രം പ്രഹരശേഷിയുള്ള വിസ്ഫോടനം. അതിവാദമല്ല, വിശദീകരിക്കാം.
പതിനേഴാം ലോക്സഭയിലേക്ക് കേരളീയര്‍ വോട്ട് ചെയ്തു കഴിഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആള്ബലക്കണക്കില് അത്ര പ്രധാനമല്ല കേരളത്തിന്റെ ജനവിധി. കഷ്ടി മൂന്നേമുക്കാല്‍ ശതമാനമാണ് പാര്‍ലമെന്റിലെ കേരളത്തിന്റെ പങ്കും പങ്കാളിത്തവും. 20 സീറ്റെന്നാല്‍ ആകെ സീറ്റിന്റെ അത്രയേ വരൂ എന്ന് ഗണിതം. ഗണിതമാണ് ഭരണത്തെ നിര്‍ണയിക്കുന്നത്. ഗണിതം ആശയമെന്ന പോലെ പ്രയോഗവുമാണ്. അതിനാല്‍ ശുഷ്കമായ ഒരു സാന്നിധ്യം മാത്രമാണ് ലോക്സഭയിലെ കേരളം. അതല്ല വിഷയം; പക്ഷേ അതും പറയുന്നു.
ഇന്ത്യയെ സംബന്ധിച്ച് എന്താണ് ഈ തിരഞ്ഞെടുപ്പെന്ന് ഇനി പറയേണ്ടതില്ല. അത്രമാത്രം നമ്മള് പറഞ്ഞുകഴിഞ്ഞു. പ്രധാനമാണ്. ഇന്ത്യ എന്ന ആശയത്തിന്റെ നിലനില്പിനെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ്. എന്താണ് ഇന്ത്യ എന്ന ആശയം എന്ന് നമുക്കറിയാം. നമുക്കറിയാം എന്നാല്‍ മലയാളിക്കറിയാമെന്നുകൂടിയാണല്ലോ? ഇന്ത്യ എന്ന ആശയം ഈ രാജ്യത്തിന്റെ മതേതര ജീവിതമാണ്. ഇടതും വലതും മുന്നണികളാണ് കേരളത്തില്‍ പ്രബലം. അവര്‍ പങ്കിടുന്നതാണ് കേരളത്തിന്റെ വോട്ടുമണ്ഡലം. അവരിരുവര്‍ക്കും മതേതരത്വമാണ് ഇന്ത്യ എന്ന ഒന്നാം ആശയം എന്ന് അറിയായ്കയല്ല. രണ്ടാമത് ഈ രാജ്യത്തിന്റെ സാമ്പത്തിക ജീവിതമാണ്. അതിന്റെ ജീവനാഡി കര്‍ഷകരാണ്. രണ്ട് മുന്നണികള്‍ക്കും വിയോജിപ്പുണ്ടാവാന്‍ തത്വത്തില്‍ ഇടയില്ലാത്ത വിഷയം. മൂന്നാമതായി സ്വാതന്ത്ര്യമാണ്. വിയോജിക്കാനുള്ള സ്വാതന്ത്ര്യം. ഈ മൂന്നും അപകടത്തിലാണെന്ന് മുന്നണികള്‍ക്കും നമുക്കും അറിയാം. ഇപ്പോള്‍ ഭരിക്കുന്നവര്‍ ഫാഷിസ്റ്റുകളാണെന്നതിലും അവരെ പുറന്തള്ളണമെന്നുമുള്ളതിലും ഇരുമുന്നണികള്‍ക്കും അഭിപ്രായവ്യത്യാസം തരിമ്പുമില്ല. മാത്രമല്ല ഏകാഭിപ്രായമാണെന്ന് ദേശീയതലത്തിലെ വേദിപങ്കിടലുകളും ധാരണകളും പ്രസ്താവനകളും തെളിയിച്ചതാണ്. അങ്ങനെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ദേശീയതലത്തില്‍ പൊതുനിലപാട് സ്വീകരിച്ചുകൊണ്ട് സംസ്ഥാനതലത്തില്‍ മത്സരിക്കുകയായിരുന്നു ഇരുമുന്നണികളും. അത് ജനാധിപത്യം എന്ന മഹത്തായ ആശയത്തിലെ അതിസുന്ദരമായ മുഹൂര്‍ത്തമാണ്. അപ്പോള്‍ പിന്നെ എന്തായിരിക്കണം കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടക്കേണ്ടിയിരുന്ന വിശാലാര്‍ത്ഥത്തിലുള്ള ഈ സൗഹൃദമത്സരത്തിലെ വിഷയങ്ങള്‍? എന്തായിരിക്കണം ഈ മുന്നണികള്‍ ജനങ്ങളോട് പറയേണ്ടിയിരുന്നത്? ഒന്നാമതായി അത് ഈ തിരഞ്ഞെടുപ്പിന്റെ ദേശീയ പ്രസക്തിയെക്കുറിച്ചാണ്. രണ്ടാമതായി അത് കേരളം എന്ന ദേശത്തിന്റെ സമകാലിക അവസ്ഥയെക്കുറിച്ചാണ്.
എന്താണ് കേരളത്തിന്റെ സമകാലിക അവസ്ഥ? കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ ഭൗതികമായി അതിജീവിച്ചു. അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാവ്യതിയാനത്തിലൂടെ കടന്നുപോകുന്നു. പ്രളയാനന്തരകേരള നിര്‍മിതി ഒരാശയമായി അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ പ്രയോഗം വരാനിരിക്കുന്നു. ഒരു ദേശമെന്ന നിലയില്‍ ദുരന്തമുഖത്ത് കേരളം പെരുമാറിയത് പ്രളയം പോലെ സമാനതകളില്ലാത്ത ഒരു രീതിയിലായിരുന്നു. അലസരെന്നും പ്രതിബദ്ധതയില്ലാത്തവരെന്നും ജനപ്രിയ ആഖ്യാനങ്ങള്‍ മുദ്രകുത്തിയ ചെറുപ്പക്കാര്‍ മുതല്‍ അരികുകളിലേക്ക് തള്ളിയൊതുക്കിയിരുന്ന മത്സ്യത്തൊഴിലാളികള്‍ വരെയുള്ളവരുടെ ഉറങ്ങാ ജാഗ്രതയില്‍ കേരളം കരകയറി. മനുഷ്യന് എന്ന പ്രമേയം എത്ര മനോഹരമായാണ് കേരളമെന്ന ദേശത്ത് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കണ്ട് നാം അഭിമാനിച്ചു; ലോകം ആഹ്ലാദിച്ചു. അതുവരെ ദൃശ്യമല്ലാതിരുന്ന അസാധാരണമായ ഒരു സാഹോദര്യം കേരളത്തെ പൊതിഞ്ഞുകിടക്കുന്നത് നാം കണ്ടു. പ്രളയമിറങ്ങിപ്പോയ ചെളിയിടങ്ങളിലേക്ക് സ്നേഹങ്ങള്‍ പലനിലകളില്‍ പ്രവഹിക്കുന്നത് കണ്ടു. ഒന്നും അധിക കാലമായില്ല. കഴിഞ്ഞ ആഗസ്തിലാണ്.
ആ കേരളത്തെക്കുറിച്ച് മുന്നണികള്‍ സംസാരിക്കുമെന്ന് വിവേകികളായ മനുഷ്യര്‍ പ്രതീക്ഷിച്ച തിരഞ്ഞെടുപ്പാണ് കടന്നുപോയത്. അതുണ്ടായില്ല. മറിച്ചോ? കൊല്ലത്തേക്ക് പോകാം. തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്താണ് എന്നതിന്റെ ഒരു മാതൃക കൊല്ലത്തുണ്ട്.
കൊല്ലം ലോക്സഭാ മണ്ഡലം യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. എന്‍.കെ. പ്രേമചന്ദ്രനാണ് എം.പി. അദ്ദേഹം വീണ്ടും ജനവിധി തേടുന്നു. മുന്‍രാജ്യസഭാ അംഗമായ കെ.എന്‍.ബാലഗോപാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. അടിമുടി പാര്‍ലമെന്റേറിയനാണ് പ്രേമചന്ദ്രന്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ജനാധിപത്യത്തിന്റെ സര്‍വസഭകളിലും വിരാജിച്ചിട്ടുണ്ട് പ്രേമചന്ദ്രന്. മിടുക്കനായ പ്രഭാഷകന്‍. വിഷയങ്ങള്‍ പഠിച്ചവതരിപ്പിക്കും. നാളിത് വരെ അഴിമതി തൊട്ട് തീണ്ടിയതായി വാര്‍ത്തകളില്ല. മതേതരപക്ഷത്ത് ഉറച്ചുനിന്ന ചരിത്രമുള്ളയാള്‍. ഇപ്പറഞ്ഞ കുപ്പായങ്ങള്‍ അതേപടി പാകമാവും എതിരാളി കെ.എന്‍. ബാലഗോപാലിനും. മാന്യന്മാര് തമ്മിലെ മാന്യമായ മത്സരത്തിന് സര്‍വ അരങ്ങുമുണ്ടായിരുന്നു കൊല്ലത്ത്. പക്ഷേ, സംഭവിച്ചതോ?
”ശബരിമല ക്ഷേത്രത്തില്‍ പെങ്കൊച്ചുങ്ങളെ കേറ്റരുത് എന്ന് പറഞ്ഞാല്‍ അവരെ വേഷം മാറ്റിയിട്ടാണെങ്കിലും കൊച്ചുവെളുപ്പാന്‍ കാലത്ത് ഇരുട്ടിന്റെ മറവില്‍ കേറ്റിയേ അടങ്ങൂ. പത്തുപെണ്ണുങ്ങളെ കയറ്റി അയ്യപ്പനെ കാണിച്ചല്ലാതെ അയാള്‍ക്ക് ഉറക്കം വരത്തില്ല. ബിന്ദുവും കനക ദുര്‍ഗയും. വീട്ടില്‍ കിടന്നുറങ്ങിയ രണ്ടു പെണ്ണുങ്ങളെ വിളിച്ചുണര്‍ത്തി ആംബുലന്‍സില്‍ കയറ്റി ചുവന്ന ൈലറ്റിട്ട് വേഗതയില്‍ കൊണ്ടുവന്ന് പമ്പയിലിറക്കി. പമ്പയില്‍ നിന്ന് ആണ്‍വേഷം ധരിപ്പിച്ച് അവിടെ നിന്ന് ഊടുവഴികളിലൂടെ ശബരിമലയിലെത്തിച്ചു. പിന്‍വാതിലിലൂടെ സന്നിധാനത്തെത്തിച്ചു. അതിന്റെ ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുത്തിട്ട് നവോത്ഥാനം നവോത്ഥാനം.. കോടിയേരി ബാലകൃഷ്ണന് ഇത് പോരാ.. മുസ്ലിം പള്ളികളില്‍ പുരുഷന്മാരോടൊപ്പം സ്ത്രീകളേയും കയറ്റണം.”എന്‍.കെ. പ്രേമചന്ദ്രന്റെ പ്രസംഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഒരു പ്രചാരണമാതൃക എന്ന് തുടക്കത്തിലേ പറഞ്ഞല്ലോ? പ്രേമചന്ദ്രനെപ്പോലെ അടിമുടി മാന്യനും സഭ്യനുമായ ഒരാളാണ് സംസാരിച്ചതെന്ന് മറക്കരുത്. പക്ഷേ, പ്രേമചന്ദ്രന് പ്രതിയല്ല. കാരണമുണ്ട്.
അടിസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അടിമുടി മാറുകയും ജാതി, മത പ്രീണനത്തിന്റെ വഴുവഴുപ്പന്‍ ഇടങ്ങളിലേക്ക് തെന്നിവീഴുകയും ചെയ്തു കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ രാഷ്ട്രീയക്കാര്‍ പച്ചയ്ക്ക് ജാതിപറഞ്ഞു. പച്ചക്കള്ളങ്ങള്‍ പറഞ്ഞു. ഗര്‍ഭിണിയുടെ വയര്‍ തലോടിയും പൊട്ടിക്കരഞ്ഞും മാങ്ങപൊട്ടിച്ചും അഴിഞ്ഞാടി. ശബരിമല എന്ന ഏക വിഷയത്തിലേക്ക് തിരഞ്ഞെടുപ്പിനെ കെട്ടിയിട്ടു. സ്ഥാനാര്‍ത്ഥികളുടെ ജാതിതിരിച്ചുള്ള ചര്‍ച്ചകള്‍ പരസ്യമായി നടന്നു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയും ലോകപൗരനുമായ ശശിതരൂര്‍ തന്റെ ബന്ധുക്കള്‍ ആഢ്യനായന്മാരാണെന്ന് ട്വീറ്റ് ചെയ്തു. അതേ മണ്ഡലത്തിലെ ജാതിവീടുകളില് നിലവിളക്ക് സത്യങ്ങള്‍ ഇടതടവില്ലാതെ നടന്നു. പത്തനംതിട്ടയിലെ ഇടതുസ്ഥാനാര്‍ത്ഥി മതപരിഗണനകളാല് പൂത്തുലഞ്ഞു. എങ്ങനെ? റോബിന് ജെഫ്രിയില് മറുപടിയുണ്ട്. പത്രവ്യാപനം. മത്സരം. വിപണി.
ജാതീയവും മതപരവുമായി കേരളത്തിലെ വോട്ടുമണ്ഡലത്തെ പിളര്‍ത്തുകയും ആ മുറിവുകളിലെ രക്തമൂറ്റി തഴക്കുകയും ചെയ്തു മലയാള മാധ്യമങ്ങള്‍. ചാനലുകളിലെ സര്‍വരും തലമൂത്ത സെഫോളജിസ്റ്റുകളായി. മൈക്കെടുത്തവരെല്ലാം പ്രണോയ് റോയ്മാരായി വേഷം കെട്ടി. എല്ലാ വിശകലനങ്ങളും അന്തിമമായി ജാതിയില്‍ ചെന്ന് മുട്ടി. വിശ്വാസത്തില്‍ അടയിരുന്നു. സ്ഥാനാര്‍ത്ഥികളെ ചകിതരാക്കി. വിഷയങ്ങളെ പിന്തുടരലല്ല, വിഷയങ്ങളിലേക്ക് നയിക്കലാണ് തിരഞ്ഞെടുപ്പുകാല മാധ്യമപ്രവര്‍ത്തനം എന്ന ലോകമാതൃക മലയാള മാധ്യമങ്ങള്‍ ഒന്നടങ്കം കണ്ടില്ലെന്ന് നടിച്ചു. ഉന്നത ജനാധിപത്യ സമൂഹങ്ങളില്‍ ഡിബേറ്റുകളെ നിര്‍ണയിക്കുന്നതും നയിക്കുന്നതും മാധ്യമങ്ങളാണ്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ നിര്‍ണയിക്കപ്പെട്ട വിഷയങ്ങള്‍ക്കുപിന്നാലെ അതിവേഗമിഴയാന് മത്സരിച്ചു. കള്ളം ഉച്ചരിക്കപ്പെടുന്നത് ഏതുനാവില് നിന്നാണെങ്കിലും അതാ കള്ളം എന്ന് വിളിച്ച് പറയേണ്ട കാലമാണ് തിരഞ്ഞെടുപ്പ് കാലം. കാരണം ജനാധിപത്യത്തില്‍ ജനം അധികാരിയാവുന്ന ഒരേയൊരു സന്ദര്‍ഭമാണത്. അത്തരം വിളിച്ചുപറയല്‍ സംഭവിച്ചില്ല.
മറിച്ചോ? കേരളത്തില്‍ ദൈവനാമം ഉച്ചരിച്ചാല്‍ ജയിലില്‍ അടക്കും എന്ന പച്ചക്കള്ളം വാരണാസിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡി പറഞ്ഞപ്പോള്‍ മാതൃഭൂമിയില്‍ അത് ലീഡായി. അത് തെറ്റാണ് എന്ന് ആ വാര്‍ത്തയില്‍ ഒരിടത്തും വന്നില്ല. മുസ്ലിം ലീഗിനെ പാകിസ്ഥാനുമായി കൂട്ടിക്കെട്ടി ബി.ജെ.പി അധ്യക്ഷന്‍ നടത്തിയ പ്രസംഗത്തിലെ വാസ്തവമില്ലായ്മ പ്രധാന വാര്‍ത്ത ആയില്ല. കേരളത്തില്‍ പ്രളയകാലത്തുടനീളം നാം ദര്‍ശിച്ച ഉന്നതമായ മതേതര നൂല്ക്കെട്ടുകള് ഒന്നൊന്നായി അഴിഞ്ഞുപോയി. നൂലുകളോരോന്നായി വലിച്ചെടുത്ത് മാധ്യമങ്ങള്‍ ആഘോഷിച്ചു.
ഹിന്ദുവിശ്വാസി സമൂഹത്തിന്റെ ആഭ്യന്തര ഇടപാട് പോലുമായി പൊതുതിരഞ്ഞെടുപ്പ് ചിത്രീകരിക്കപ്പെട്ടു. എല്ലാ മണ്ഡലങ്ങളിലും ത്രികോണ മത്സരമുണ്ടെന്ന് ഒരു സ്ഥിതിവിവരത്തിന്റെയും പിന്‍ബലമില്ലാതെ പ്രചരിപ്പിക്കുക, എന്നിട്ട് ആ മണ്ഡലത്തില്‍ ഹിന്ദു വോട്ടുകളുടെ സമാഹരണം സംഭവിക്കുന്നതായി പ്രചരിപ്പിക്കുക, മതേതരമാകാന്‍ ബാധ്യതപ്പെട്ട ഇടതുവലത് കക്ഷികളെ മതഭരിതമാകലിലേക്ക് വലിച്ചിഴയ്ക്കുക. മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ആവിഷ്കരിച്ച് ഭയാനകമായി വിജയിപ്പിച്ച തന്ത്രത്തെ ഇങ്ങനെ സംക്ഷിപ്തമാക്കാം. ആ തന്ത്രത്തിന്റെ ഇരയായി മാറുകയായിരുന്നു അടിമുടി മാന്യനായ പ്രേമചന്ദ്രന്. അതിനാലാണ് പ്രതി പ്രേമചന്ദ്രനല്ല എന്ന് പറഞ്ഞത്.
ഫലമോ? എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നിങ്ങനെ ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും സ്വഭാവികവും ആരോഗ്യകരവുമായ വിന്യാസവും മത്സരവും റദ്ദാക്കപ്പെട്ടു. എന്‍.ഡി.എ എന്നതിനെ വിശ്വാസികള്‍, ഹിന്ദുവിശ്വാസികള്‍ എന്ന് പരിഭാഷപ്പെടുത്തി. തിരഞ്ഞെടുപ്പ് ഹിന്ദുവിശ്വാസികളും ഹിന്ദുവിരുദ്ധരും എന്ന നിലയിലേക്ക് പ്രചരിപ്പിച്ചു. ബി.ജെ.പിക്ക് രാഷ്ട്രീയമായി വേരോട്ടമില്ലാത്ത മണ്ഡലങ്ങളില്‍ ഉള്‍പ്പടെ ഇത്തരം പ്രചരണം നടന്നു. മുസ്ലിം ലീഗിനെ വൈറസ് എന്ന് വിളിച്ച യോഗി ആദിത്യനാഥ് സ്വീകരിക്കപ്പെട്ടു. അമിത് ഷാ ബഹുമാനിക്കപ്പെട്ടു. എന്‍.ഡി.എ സമം ഹിന്ദു എന്ന സമവാക്യം സൃഷ്ടിക്കപ്പെട്ടു. അതോടെ വോട്ട് ശതമാനത്തിന്റെ സ്ഥിതിവിവരം അപ്രസക്തമായി. എന്‍.ഡി.എ മാധ്യമ കാര്‍മികത്വത്തില്‍ സംസ്ഥാപിതമായി. എന്‍.ഡി.എ യെ എതിര്‍ക്കുന്നവര്‍ ഹിന്ദുവിരുദ്ധരാണെന്ന വാട്ട്സാപ്പ് സന്ദേശങ്ങള്‍ പറപറന്നു. മതേതരത്വത്തെക്കാള്‍, ജനാധിപത്യത്തിന്റെ ഭാവിെയക്കാള്, ഇന്ത്യ എന്ന ആശയത്തെക്കാള്‍ വിജയം എന്ന ലക്ഷ്യമുള്ളവര്‍ ഭയന്ന് മുന്തിയ ഹിന്ദുക്കളാകാന്‍ കുറിവരച്ചു. പ്രേമചന്ദ്രന് എന്ന പരിണിത പ്രജ്ഞനായ റവല്യൂഷണറി സോഷ്യലിസ്റ്റ് ഉള്‍പ്പടെ.
പ്രളയത്തെക്കുറിച്ച് പറയാം. വലിയ തോതില്‍ കേരളത്തിന്റെ സാമ്പത്തിക ജീവിതം പ്രളയത്താല്‍ അട്ടിമറിഞ്ഞിട്ടുണ്ട്. അതിന്റെ ഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ പതിന്മടങ്ങ് ആഘാതമാണ് അതുണ്ടാക്കുക. പറഞ്ഞല്ലോ ജനാധിപത്യത്തില്‍ വെറും മൂന്നേ മുക്കാല്‍ പ്രതിനിധ്യമേ നമുക്കുള്ളൂ. പക്ഷേ, നമുക്ക് നൂറ് ശതമാനം പ്രതിനിധ്യമുള്ള ഒരു ദേശത്തെയാണ് പുനര്‍നിര്‍മിക്കാനുള്ളത്. അത് ഇനിയെങ്ങനെ സാധ്യമാകും? അത്രമേല്‍ പിളര്ന്നുപോയി കേരളത്തിന്റെ മനസെന്ന് പറഞ്ഞാല്‍ അതിവാദമെന്ന് കരുതരുത്. ഒരിക്കല്‍ പുറത്തുവന്നാല്‍ തിരിച്ചുകയറാത്ത തേറ്റയാണ് ജാതിയും വിശ്വാസവും. മത്സരത്താല്‍ അന്ധമായി മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിഘടനങ്ങളെ ഉദ്ധരിച്ചാണ് തുടങ്ങിയത്. ആ വിഘടനങ്ങള്‍ കണ്ട് നടുങ്ങിയാണ് അവസാനിപ്പിക്കുന്നതും.
കെ കെ ജോഷി
You must be logged in to post a comment Login