എംഇഎസ് സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ച നടപടി എത്രമാത്രം ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് അതര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വിവിധ ദര്‍ശനങ്ങളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളുന്നു എന്നതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ആ വൈവിധ്യത്തിന്റെ സൗന്ദര്യമാണ് നമ്മുടെ ഭരണഘടനയുടെ സൗന്ദര്യം. അതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന ഇളവുകളും കരുതലും ഏറെ ശ്രദ്ധേയവുമാണ്. മുസ്ലിംകള്ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അതിലെ തന്നെ ഉപവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും യാതൊരു വിലക്കുമില്ലാതെ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തില്‍ ഇന്നേ വരെയുണ്ടായിട്ടുള്ള കോടതിവിധികളെല്ലാം ആ അവകാശങ്ങളെ തൊടാതിരുന്നത്. ഭരണകൂടമോ ജുഡീഷ്യറിയോ ഏതെങ്കിലും ഒരവസരത്തില്‍ അതിന് മാറ്റം വരുത്തുന്നു എന്നു തോന്നുമ്പോള്‍ രാജ്യത്ത് വലിയ പ്രതിഷേധം ഉണ്ടാകാറുമുണ്ട്. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു എന്ന ആശങ്ക ശക്തമായൊരു കാലം കൂടിയാണിത്. ഏകസിവില്‍ കോഡ് എന്ന ഭരണഘടനാപരാമര്ശം കാണിച്ച് നിരന്തരം പേടിപ്പിക്കുന്ന ഒരു സംഘം ഭരണം കയ്യാളുന്ന സന്ദര്‍ഭം. രാജ്യത്ത് ഫാഷിസ്റ്റ് വിരുദ്ധരെല്ലാം ചേര്‍ന്ന് അതിനെതിരെ പ്രതിരോധത്തിന്റെ ചൂണ്ടുവിരലുയര്‍ത്തുന്ന സമയത്താണ് ഇങ്ങേത്തലക്കല്‍ ഒരാള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അവകാശം നിഷേധിച്ച് കൊണ്ട് നിഖാബ് നിരോധിക്കുന്നത്.
എംഇഎസിന്റെ നിഖാബ് നിരോധനത്തിലെ ഏറ്റവും വലിയ വൈരുധ്യം എന്തെന്ന് ചോദിച്ചാല്‍ ന്യൂനപക്ഷ അവകാശത്തിന്റെ പേരില്‍ ഔദാര്യം പറ്റുന്ന സ്ഥാപനമാണ് ഇത് ചെയ്തത് എന്നതാണ്. ന്യൂനപക്ഷ സമുദായം എന്ന മേല്‍വിലാസത്തില്‍ വാങ്ങിയെടുത്ത സ്ഥാപനങ്ങളാണ് എംഇഎസിന്റേത്. നടത്തിപ്പില്‍ മറ്റു സ്ഥാപനങ്ങള്‍ക്കൊന്നുമില്ലാത്ത സൗകര്യങ്ങളും ഇളവുകളും ന്യൂനപക്ഷ മാനേജ്മെന്റിന്റെ കീഴിലായി എന്നതിനാല്‍ എംഇഎസ് സ്ഥാപനങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതേ അധികാരക്കസേരയിലിരുന്നാണ് അതിന്റെ അധികാരികള്‍ ‘പൊതുസമൂഹത്തിന്റെ യുക്തി’ പറഞ്ഞ് നിരോധനനിയമങ്ങള്‍ നടപ്പിലാക്കുന്നത്.
ഇന്ത്യയുടെ ഭരണഘടന പ്രകാരം ഇങ്ങനെ നിയമം കൊണ്ടുവരാന്‍ എംഇഎസിന് ഒരു അധികാരവുമില്ല. ആര്‍ട്ടിക്ക്ള്‍ 12 പ്രകാരം ഒരു അതോറിറ്റിക്കു മാത്രമേ ഭരണഘടനാ സാധുതയുള്ള നിയമനിര്‍മാണത്തിന് അധികാരമുള്ളൂ. എം ഇ എസ് ഒരര്‍ഥത്തിലും അത്തരം അതോറിറ്റിയല്ല. ഒരു സ്വകാര്യ സ്ഥാപനത്തിന് യൂണിഫോം നിശ്ചയിക്കാനുള്ള അനുമതി അതോറിറ്റികള്‍ നല്‍കുന്നുണ്ട്. പക്ഷേ അത് എന്തും വിധിക്കാനുള്ള അനുമതിയില്ല. രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് മാത്രമേ അത്തരം ഏതു നിര്‍ദേശങ്ങളും നിലനില്ക്കുകയുള്ളൂ. നമ്മുടെ രാജ്യം ഇതുവരെ നിഖാബ് നിരോധിച്ചിട്ടില്ല. നിഖാബ് നിരോധിച്ചാല്‍ പോലും മുസ്ലിംകള്ക്ക് കോടതിയെ സമീപിച്ച് അതിന് അനുമതി നേടാനുള്ള ഭരണഘടനാ സാധുത നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. അത്തരം വിശാല അര്‍ഥങ്ങളുള്ള ഒരിടത്താണ് ഒരാളൊരു ദിവസം കൊണ്ട് നിരോധനത്തിന്റെ വടിയെടുക്കുന്നത്.
നിഖാബ് നിരോധിക്കാന്‍ തക്ക വല്ല ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളോ മറ്റോ എംഇഎസിന്റെ സ്ഥാപനങ്ങളില്‍ ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ടോ? ഒന്നുമില്ല. നിഖാബ് നിരോധിക്കാന്‍ എംഇഎസ് ഒറ്റക്കാരണമാണ് പറയുന്നത്. നിഖാബ് പൊതുസമൂഹത്തിന് സ്വീകാര്യമല്ല എന്നതാണത്. മുസ്ലിം ന്യൂനപക്ഷത്തിന്റെ പേരില്‍ സുഖസൗകര്യങ്ങള്‍ അനുഭവിച്ച് വിദ്യാഭ്യാസ കച്ചവടം ചെയ്യുകയും എന്നാല്‍ മുസ്ലിം സ്വത്വത്തെ പ്രതി വളരെ അപകര്‍ഷ തോന്നുകയും ചെയ്യുന്നു എന്നതാണ് സത്യത്തില്‍ എംഇഎസ് അധ്യക്ഷന്റെ അസുഖം. ഈ അസുഖം പല മുസ്ലിം ‘നവോത്ഥാന നായകരെ’യും പണ്ടും പിടികൂടിയതാണ്. ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് ഏണിവച്ചു കൊടുത്തവരാണിവരെല്ലാം. ‘ഖുര്‍ആനില്‍ അമാനുഷിക കഥകളുടെ വിവരണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഒന്നു കൂടി നന്നായിരുന്നു’ എന്ന് നിരൂപിച്ചവരെ, പഠിച്ചാണ് ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ കേരളത്തിലേക്ക് ‘നവോത്ഥാനം’ കൊണ്ടുവരാന്‍ ശ്രമിച്ചത്.
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടക്കുകയും ഇസ്ലാം വീണ്ടും ചര്‍ച്ചയാകുകയും ചെയ്ത സമയത്താണ് ഇദ്ദേഹം ഈ നിരോധനം കൊണ്ടുവന്നിട്ടുള്ളത്. ഇസ്ലാമോഫോബിയ അതിശക്തമായ യൂറോപ്പില്‍പോലും വളരെ ചുരുക്കം രാജ്യങ്ങളില്‍ മാത്രമേ നിഖാബ് നിരോധിച്ചിട്ടുള്ളൂ. ഏഷ്യയില്‍ ചൈനയില്‍ മാത്രമാണ് നിഖാബ് നിരോധനമുള്ളത്. അതു തന്നെ ഉയ്ഗൂര്‍ മുസ്ലിംകളുള്ള ഷിന്‍ജിയാങ് പ്രദേശത്ത് മാത്രവും. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഷിന്‍ജിയാങ് കഴിഞ്ഞാല്‍ പിന്നെ അടുത്ത ‘ദുര്‍ഗുണ’ പരിഹാര ജയിലായി എംഇഎസ് കാമ്പസുകള്‍ മാറുകയാണ്.
ലോകത്ത് മറ്റു പലരാജ്യങ്ങളിലും നിഖാബ് നിരോധനത്തിനായി ഇസ്ലാം ഭീതിയുടെ വക്താക്കള്‍ ശബ്ദമുയര്‍ത്തുമ്പോഴും വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിശാല താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആ രാജ്യങ്ങള്‍ നിഖാബിനെ പിന്തുണക്കുന്നത്. ഓരോ വ്യക്തിക്കും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനാവുക എന്നത് അത്രയും പ്രാധാന്യമുള്ളതായി അവര്‍ കാണുന്നു. പൊതുസമൂഹത്തിന്റെ യുക്തിയുടെ ആരാധകനായ എംഇഎസ് മേധാവിക്ക് പക്ഷേ ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാനുള്ള മനസ്സുണ്ടായില്ല.
യഥാര്‍ത്ഥത്തില്‍ പൊതുസമൂഹത്തിന്റെ യുക്തിക്കെതിരെയും പൊതുബോധത്തിനെതിരെയും ശക്തമായ സംവാദങ്ങള്‍ ഉയര്‍ന്നുവന്ന കാലം കൂടിയാണിത്. കാമ്പസുകള്‍ അത്തരം ചര്‍ച്ചകളുടെ വിളനിലം കൂടിയാണ്. എങ്ങനെയാണ് പൊതുബോധമുണ്ടാകുന്നത് എന്നും അവ ആരുടെ പൊതുബോധമാണെന്നും നിരന്തരം ചോദ്യങ്ങളുയര്‍ന്നു വരുന്ന കാലം. അത്തരമൊരു കാലത്താണ് ‘പൊതുസമൂഹത്തിന്റെ സ്വീകാര്യത’ എന്നത് അവകാശനിഷേധത്തിനുള്ള മാനദണ്ഡമായി ഒരു ന്യൂനപക്ഷ വിദ്യഭ്യാസസ്ഥാപന അധികാരി സ്വീകരിക്കുന്നത്. ഇതേ പൊതുസമൂഹത്തിന്റെ യുക്തി സ്വീകരിച്ച് പര്‍ദയും ഹിജാബുമൊക്കെ എന്നാണ് നിരോധിക്കുക എന്നു കൂടി അറിയേണ്ടതുണ്ട്. ഇതേ പൊതുബോധത്തെ പിന്തുടര്ന്നാല് സ്വന്തം സംഘടനയുടെ പേരും സ്ഥാപനത്തിന്റെ പേരും വരെ ഇദ്ദേഹത്തിന് മാറ്റേണ്ടി വരും.
കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മുഖം മറയ്ക്കാനും ഒരുപാട് പേരുടെ മുഖംമൂടിയഴിക്കാനും ഈ വിവാദം കൊണ്ടായി. സലഫിസം കടുത്ത പ്രതിരോധത്തിലായ സമയത്താണ് ഈ വിവാദം വന്നത്. ഐ എസ് അടക്കമുള്ള ഭീകരപ്രസ്ഥാനങ്ങളിലേക്ക് കേരളത്തിലെ സലഫി ആശയക്കാരില്‍ നിന്നാണ് റിക്രൂട്ട് നടക്കുന്നതെന്ന് വ്യക്തമായ സമയം. ശ്രീലങ്കയിലെ പൊട്ടിത്തെറിയിലും സലഫി സ്വാധീനം ചര്‍ച്ച ചെയ്യപ്പെട്ടു. കേരളത്തിലെ സലഫി പ്രസ്ഥാനം ഇപ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം മറച്ചുവയ്ക്കാന്‍ പാടുപെടുകയാണ്. അതിന് വീണുകിട്ടിയ നല്ല അവസരമായി നിഖാബ് വിവാദം. നിഖാബ് നിരോധിച്ച എംഇഎസിന് പിന്തുണയുമായി ആദ്യം വന്നതും അവരാണ്. നവലിബറല്‍ യുക്തിയുപയോഗിച്ച് കേരളത്തില്‍ പലതവണ ഇസ്ലാമിനെതിരെ വിവാദങ്ങള്‍ കത്തിച്ചിട്ടുള്ള പലരും ഈ വിവാദത്തിലെടുത്ത നിലപാട് ഏറെ തമാശയായിരുന്നു.
ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം തങ്ങള്‍ വിചാരിക്കുന്ന പോലെയാകുമ്പോള്‍ മാത്രമേ അനുവദിക്കൂ എന്ന ധിക്കാരമാണ് പലരും പങ്കുവച്ചത്. പുരുഷാധിപത്യത്തിനെതിരെയുള്ള ധീരനിലപാടായി എംഇഎസ് തീരുമാനത്തെ ഇവര്‍ വാഴ്ത്തി. അതിനിടയിലാണ് മറ്റൊരു കാര്യമുണ്ടായത്. നിഖാബ് നിരോധിച്ച എംഇഎസ് എന്തുകൊണ്ട് സ്ത്രീയെ പ്രദര്‍ശന വസ്തുവാക്കുന്ന വസ്ത്രങ്ങള്‍ അനുവദിക്കുന്നു എന്ന ചോദ്യം പലകോണില്‍ നിന്നുയര്‍ന്നു. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ലെഗിന്‍സും ജീന്‍സും നിരോധിക്കുന്നതായി ഡോക്ടര്‍ക്ക് പ്രസ്താവനയിറക്കേണ്ടി വന്നു. പല ലിബറല്‍ ബുദ്ധിജീവികളും നിഖാബ് നിരോധനത്തെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള നെടുനീളന്‍ പ്രസ്താവന/ഫെയ്സ്ബുക്ക് പോസ്റ്റ് തയാറാക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം വന്നത്. അതുകൊണ്ടു തന്നെ നിഖാബ് നിരോധനത്തെ അനുകൂലിക്കാന്‍ നിരത്തിയ പല ന്യായങ്ങളും പകുതിവച്ച് വിഴുങ്ങേണ്ടി വന്നു ഇവര്‍ക്ക്. ലെഗിന്‍സ് നിരോധനം വ്യക്തിസ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും നിഖാബ് നിരോധനം നവോത്ഥാനമാണെന്നും ഇവര്‍ വിധിയെഴുതി. ജീന്‍സും ലെഗിന്‍സും സ്വാധികാരത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ആവിഷ്കാരമാണെന്നും എന്നാല്‍ നിഖാബ് ഒരു പെണ്‍കുട്ടി തിരഞ്ഞെടുക്കുന്നത് മതാധികാരത്തിന്റെ കടന്നുകയറ്റത്തിന്റെ ഭാഗമാണെന്നും ഇവര്‍ സിദ്ധാന്തമുണ്ടാക്കി. ആണധികാരിയായ ഒരു പുരുഷന് മുസ്ലിം പെണ്‍കുട്ടികള്‍ക്കു നേരെ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നു പറയാന്‍ സാമ്പ്രദായിക ഇടത്-ലിബറല്‍ ബുദ്ധിജീവികളാരും രംഗത്തുവന്നില്ല. മതസ്വത്വം ഭാരമായി തോന്നുന്ന ഒരു മന്ത്രി തന്നെ നിഖാബ് നിരോധനത്തിന് കൈ പൊക്കാനെത്തി. തിരഞ്ഞെടുപ്പു സമയത്ത് മാത്രമേ ഇത്തരം ആളുകള്‍ക്ക് വിശുദ്ധഖുര്‍ആനും ഹദീസുമൊക്കെ വായില്‍ വരികയുള്ളൂ. ദേശീയ തലത്തില്‍ ഫാഷിസവും ആഗോള തലത്തില്‍ ഇസ്ലാം വിരുദ്ധതയും ശക്തിയാര്ജിക്കുമ്പോള് ന്യൂനപക്ഷത്തിന് എങ്ങനെയാണ് താങ്ങാകേണ്ടത് എന്ന് ഇത്തരം ആളുകള്‍ സ്വയം മനസിലാക്കിയില്ലെങ്കില്‍ ആ അറിവില്ലായ്മ വരുംനാളുകളില്‍ അവര്‍ക്ക് ഭാരമാവും. ഏതായാലും ഒരു കാര്യം ഉറപ്പാണ്; പൊതുബോധത്തിന്റെ യുക്തികളെ ചോദ്യം ചെയ്യുന്ന ഒരു പുതിയ തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. അവര്‍ നിഖാബ് ധരിച്ച് പഠിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ അവകാശസംരക്ഷണത്തിന് ഏതറ്റം വരെ കൂട്ടുപോകാനും എസ്എസ്എഫുണ്ടാകും.
എ പി മുഹമ്മദ് അശ്ഹര്‍
You must be logged in to post a comment Login