ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ആത്മീയചൂഷണം തുറന്നുകാട്ടുന്ന ശൂറ അംഗം ഖാലിദ് മൂസ നദ്‌വിയുടെ സംസാരം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ സുപ്രധാനമായ സകാത് സംവിധാനത്തെ വിദഗ്ധമായി ഹൈജാക്ക് ചെയ്താണ് മാധ്യമം ദിനപത്രവും മീഡിയാ വണ്‍ ചാനലും സ്ഥാപിക്കപ്പെട്ടതെന്ന വെളിപ്പെടുത്തല്‍ ജമാഅത്തിന്റെ മുഖത്ത് വീണ്ടും കരിനിഴല്‍ വീശും.
മലയാളി മുസ്‌ലിംകള്‍ താമസിക്കുന്നേടത്തെല്ലാം സകാത് കോണ്‍ഫറന്‍സുകള്‍ നടത്തി, സകാതിന്റെ മഹത്വവും വിതരണം ചെയ്യാത്തവര്‍ക്ക് പരലോകത്തുള്ള ശിക്ഷയും പ്രത്യേകം വിവരിച്ച് നിരന്തരം നടത്തിവന്ന കാമ്പയിനുകളുടെ അന്തസത്തയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. മൂസാനബിയുടെ വടിയും മറ്റു പ്രവാചകന്മാരുടെ സിദ്ധികളും പറഞ്ഞ് ‘മാധ്യമ ജിഹാദ്- അല്‍ജിഹാദുല്‍ ഇഅ്‌ലാമിയ്യ്’- നടത്താനായി ധനശേഖരണം നടത്താന്‍ സകാതിനെ മറയാക്കുകയായിരുന്നുവത്രെ ജമാഅത്തെ ഇസ്‌ലാമി. ഇങ്ങനെ കിട്ടിയ തബര്‍റുആതും സ്വദഖ ജാരിയായും വഖ്ഫും സകാതുമെല്ലാം ഉപയോഗിച്ച് നടത്തിയ ജിഹാദാണത്രെ സീരിയലായും ഓണാഘോഷ കാലത്തെ ഭക്തിഗാനങ്ങളായും മോഡിസ്തുതി പരസ്യങ്ങളായും മാധ്യമവും മീഡിയാവണ്ണും ആഘോഷിച്ചത്. പൗരോഹിത്യത്തില്‍ നിന്നു മുക്തമായ, ആത്മീയത്തട്ടിപ്പുകളില്ലാത്ത ശുദ്ധ ഇസ്‌ലാമിന്റെ മുന്നേറ്റം!
സംഘടിത സകാത് കമ്മിറ്റികളുടെ മറവിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. ജമാഅതെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈതുസ്സകാത് കേരളയാണ് ഇവയില്‍ പ്രധാനം. വിസ്ഡം ഗ്ലോബല്‍ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സകാത് കമ്മിറ്റി, മുസ്‌ലിം സര്‍വീസ് സൊസൈറ്റിയുടെ സകാത് സെല്‍, കാലിക്കറ്റ് സിറ്റി സകാത് ആന്‍ഡ് റിലീഫ് കമ്മിറ്റി എന്നിവയെല്ലാം ഈ രംഗത്ത് സജീവമായിട്ടുണ്ട്. വളരെ അടുത്തകാലത്താണ് മേല്‍ സംഘങ്ങള്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയത്.
ആദ്യകാല മുജാഹിദ് നേതാവ് കെ എം മൗലവി എഴുതിയത് വായിക്കുക: ‘ഈ ആയത്തില്‍ എട്ടു കൂട്ടരെയാണ് സകാതിന്റെ അവകാശികളായി അല്ലാഹു വിവരിച്ചിട്ടുള്ളത്. അവരില്‍ ഒന്നാമത്തെയും രണ്ടാമത്തെയും കൂട്ടര്‍(ഫഖീര്‍, മിസ്‌കീന്‍) നമ്മുടെ രാജ്യങ്ങളില്‍ ധാരാളമുണ്ട്. മൂന്നാമത്തെ വര്‍ഗക്കാരായ സകാതിന്റെ ഉദ്യോഗസ്ഥന്മാര്‍ കേരളത്തില്‍ എങ്ങും ഉള്ളതായി അറിയുന്നില്ല. നാലാമത്തെ തരക്കാരായ മുഅല്ലഫതുല്‍ ഖുലൂബ് എന്ന പുതുവിശ്വാസികള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അഞ്ചാമത്തെ ഇനമായ അടിമകള്‍ നമ്മുടെ നാട്ടില്‍ ഇല്ലാത്തതിനാല്‍ അവരുടെ ഓഹരി മറ്റുള്ളവരിലേക്ക് തിരിക്കേണ്ടതാണ്. ആറാമത്തെ ഇനമായ സബീലുല്ലാഹി എന്നതിന് മുഫസ്സിറുകള്‍ ഭൂരിപക്ഷവും പോരാടുന്ന യോദ്ധാക്കള്‍ എന്നാണ് വ്യാഖ്യാനം കൊടുത്തിട്ടുള്ളത്. എട്ടാമത്തെ ഇനമായ ഇബ്‌നുസ്സബീല്‍ നമ്മുടെ നാട്ടില്‍ ഉണ്ടായെന്നു വരാം.’ (അല്‍മുര്‍ശിദ്, പുസ്തകം 2, പേജ്: 312, 313, 314, 315)
നോക്കൂ, സകാതിന്റെ അവകാശികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മൂന്നാമത്തെ വര്‍ഗക്കാരായ സകാതുദ്യോഗസ്ഥര്‍ നമ്മുടെ നാട്ടില്‍ ഉള്ളതായി അറിയപ്പെട്ടിട്ടില്ല എന്ന പ്രസ്താവനയില്‍ നിന്ന് സംഘടിത സകാത് കമ്മിറ്റി പ്രവര്‍ത്തനം കെ എം മൗലവിക്ക് അപരിചിതമാണ് എന്ന് മനസിലാകുന്നു. 1984ല്‍ ജമാഅത് നേതാവ് ശൈഖുമുഹമ്മദ് കാരകുന്ന് പ്രബോധനം വാരികയില്‍ എഴുതിയത് ‘സ്വന്തമായോ വക്കീല്‍ മുഖേനയോ അല്ലാതെ ഒരു സകാത് വിതരണം നമ്മുടെ നാട്ടില്‍ ഇല്ല’ എന്നായിരുന്നു. എന്നാല്‍ നിയമങ്ങളെല്ലാം സൗകര്യപൂര്‍വം വിസ്മരിക്കപ്പെട്ടു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനും പൊതുജന സ്വീകാര്യത നേടുന്നതിനും ‘ഫീ സബീലില്ലാഹിക്കും’ ‘മുഅല്ലഫതുല്‍ ഖുലൂബിനും’ പുത്തന്‍ വ്യാഖ്യാനങ്ങള്‍ വന്നു. അങ്ങനെ സകാത് കമ്മിറ്റികള്‍ ഒഴിച്ചുകൂടാത്തതായി.
‘ഫീ സബീലില്ലാഹി’ എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍ മാത്രമാണെന്നാണ് ശാഫിഈ, ഹനഫീ, മാലികീ മദ്ഹബുകളില്‍ വിവക്ഷിച്ചിരുന്നത്. ഹമ്പലീ മദ്ഹബില്‍ ഹജ്ജിനായി പുറപ്പെട്ടവരും ഉള്‍പ്പെടും. ഇക്കാര്യം സകല കര്‍മശാസ്ത്ര ധാരകളും വിശദീകരിച്ചിട്ടുള്ളതാണ്. അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട് അവന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യാനായി ഒരുങ്ങിയിരിക്കുന്നവരും സൈനിക റിക്കാര്‍ഡില്‍ വിഹിതമില്ലാത്തവരുമായ സൈനികരാണ് ഉദ്ദേശ്യം. അങ്ങനെയുള്ളവര്‍ ധനികരായാല്‍ പോലും യുദ്ധായുധങ്ങള്‍ വാങ്ങുവാനും ഭക്ഷണം, വസ്ത്രം മുതലായവക്കും ആവശ്യമായ സംഖ്യ സകാത് ഫണ്ടില്‍ നിന്നു കൊടുക്കേണ്ടതാണ്. ഇമാം നവവി(റ) പറയുന്നു: ‘വിശുദ്ധ ഖുര്‍ആനില്‍ ‘ഫീ സബീലില്ലാഹി’ കൊണ്ടുള്ള വിവക്ഷ അധിക സ്ഥലത്തും യുദ്ധം എന്നാണ്. ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ, ഹാകിം എന്നീ മുഹദ്ദിസുകള്‍ അബൂസഈദില്‍(റ) നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ‘അഞ്ച് വിഭാഗത്തിനല്ലാതെ ധനികര്‍ക്ക് സകാത് അനുവദനീയമാവുകയില്ല. 1. സകാതുദ്യോഗസ്ഥര്‍. 2. പണം കൊടുത്ത് സകാതിന്റെ മുതല്‍ വാങ്ങിയവന്‍. 3. കടക്കാരന്‍. 4. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍. 5. സകാത് കൈപറ്റിയ മിസ്‌കീന്‍ ധനികന് ഹദ്‌യ നല്‍കിയത്'(ശറഹുല്‍ മുഹദ്ദബ് 6/212).
എന്നാല്‍ ‘ഫീ സബീലില്ലാഹി’ക്ക് ‘ദൈവമാര്‍ഗം’ എന്ന് ജമാഅത് അടക്കമുള്ള സംഘങ്ങള്‍ അര്‍ഥം കല്പിച്ചു. അങ്ങനെ മദ്‌റസയും കോളജും നടത്താന്‍ സകാത് വാങ്ങാമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. കൂടുതല്‍ വിശാലാര്‍ഥത്തില്‍ വായിച്ച് പത്രവും ചാനലും സംഘടനാ കാമ്പയിനും രാഷ്ട്രീയപ്രവര്‍ത്തനവും തിരഞ്ഞെടുപ്പു പ്രചാരണവുമെല്ലാം ‘ദൈവമാര്‍ഗം’ ആയി. ഇങ്ങനെ സകാത് വഴിമാറ്റിവിടാനായി നാലു മദ്ഹബുകളെ തള്ളിക്കളഞ്ഞു. പുറമെ സ്വന്തം പൂര്‍വികര്‍ക്ക് പോലും പരിചയമില്ലാത്ത പുതുവഴി ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
മുസ്‌ലിംകളല്ലാത്തവര്‍ക്ക് ദാനം ചെയ്യാം. സമ്മാനം കൊടുക്കാം. എന്നാല്‍ സകാതില്ലെന്ന കാര്യം പണ്ഡിത ലോകത്ത് തര്‍ക്കമറ്റ സത്യമാണ്. ഇക്കാര്യത്തില്‍ ഇജ്മാഅ് ഉണ്ട് എന്ന് ഇബ്‌നുമുന്‍ദിറിനെ ഉദ്ധരിച്ച് ഉബ്‌നുഖുദാമ രേഖപ്പെടുത്തിയിട്ടുണ്ട്(മുഗ്‌നി 4/106). ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ മദ്ഹബുകള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. എന്നാല്‍ കേരള നദ്‌വതുല്‍ മുജാഹിദീന്‍ 1994ല്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിക കര്‍മശാസ്ത്രം രണ്ടാം ഭാഗം എന്ന പുസ്തകത്തില്‍ പറയുന്നത് ‘മുഅല്ലഫതുല്‍ ഖുലൂബില്‍’ അമുസ്‌ലിംകളും ഉള്‍പെടുമെന്നാണ്! ദുര്‍വ്യാഖ്യാനങ്ങളിലൂടെ സകാതിന്റെ അവകാശികളുടെ ഗണത്തിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ധനശേഖരണവും കൂടി ലക്ഷ്യം വെച്ചാണ് സകാത് കമ്മിറ്റികള്‍ നിലവില്‍ വന്നതെന്ന് പറഞ്ഞാല്‍ എങ്ങനെ ആക്ഷേപിക്കാനൊക്കും?!
സകാത് കമ്മിറ്റി അനിസ്‌ലാമികമാണ്
സകാത് വിതരണത്തിന് ഇസ്‌ലാം മൂന്നു മാര്‍ഗങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഒന്ന്: ഉടമസ്ഥന്‍ അവകാശിക്ക് നേരിട്ട് ഏല്‍പിക്കുക. രണ്ട്: മുസ്‌ലിം ഭരണാധികാരിയെ ഏല്‍പിക്കുക. മൂന്ന്: വിതരണത്തിനു മറ്റൊരാളെ വകാലത്താക്കുക. അയാള്‍(വകീല്‍) അവകാശിക്കു നല്‍കുക.
സകാത് നല്‍കാന്‍ ബാധ്യതപ്പെട്ടവന്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ ബലാത്കാരമായി പിടിച്ചെടുത്തു വിതരണം ചെയ്യാനുള്ള അധികാരം ഭരണാധികാരിക്കുണ്ട്. കാലികള്‍, പഴങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നീ പരസ്യസമ്പത്തില്‍ മാത്രമാണ് ഇസ്‌ലാമിക രാജ്യത്തെ ഭരണാധികാരിക്ക് ഈ അധികാരമുള്ളത്. ഫിത്വ്‌റ് സകാതും, സ്വര്‍ണം, വെള്ളി, കച്ചവടച്ചരക്ക് എന്നീ രഹസ്യസമ്പത്തുകളുടെ സകാതും ഉടമയില്‍ നിന്ന് ചോദിച്ചുവാങ്ങി വിതരണം ചെയ്യാന്‍ ഭരണാധികാരിക്ക് അധികാരമില്ല (ശറഫുല്‍ മുഹദ്ദബ് 6/164).
ഉപര്യുക്ത മൂന്നു രീതികളില്‍ വിതരണം ചെയ്യുമ്പോഴും നിയ്യത്(നല്‍കുന്നു എന്ന ബോധം) വേണം. ഉടമ നേരിട്ടു നല്‍കുമ്പോള്‍ തത്സമയവും വകീലിനെയോ ഭരണാധികാരിയെയോ ഏല്‍പിക്കുമ്പോള്‍ പ്രസ്തുത സന്ദര്‍ഭത്തിലുമാണ് നിയ്യത് ചെയ്യേണ്ടത്. ഈ മൂന്ന് രീതിയിലും സകാത് കമ്മിറ്റി ഉള്‍പ്പെടുന്നില്ല. അതിനാല്‍ ഇസ്‌ലാമിക വിരുദ്ധമാണത്.
ഇസ്‌ലാമിക രാജ്യങ്ങളില്‍ ഭരണാധികാരിയും അദ്ദേഹം നിശ്ചയിക്കുന്ന ഗവര്‍ണര്‍മാരും സകാത് സമാഹരിച്ചു വിതരണം ചെയ്തിരുന്നുവല്ലോ? ഇതു കമ്മിറ്റിയെ സാധൂകരിക്കുന്നില്ലേ? ഇല്ല! ഭരണാധികാരികള്‍ പരസ്യസമ്പത്തിന്റെ സകാതാണ് സമാഹരിച്ചു വിതരണം ചെയ്തത്. വിശുദ്ധ ഖുര്‍ആന്റെയും തിരുഹദീസുകളുടെയും നിര്‍ദേശമനുസരിച്ചാണവര്‍ അതു ചെയ്തത്. ‘ജനങ്ങളുടെ സമ്പത്തില്‍ നിന്നു സകാത് സ്വീകരിക്കുക'(തൗബ) എന്ന കല്പന ഭരണാധികാരികളോടാണെന്നു പണ്ഡിതലോകം അര്‍ഥശങ്കകള്‍ക്കിടയില്ലാത്ത വിധം സ്പഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പദവികള്‍ അലങ്കരിക്കുന്നവര്‍ ഇന്നു നമ്മുടെ നാടുകളിലില്ല. ഖാളിമാര്‍ക്കോ കമ്മിറ്റികള്‍ക്കോ പ്രസ്തുത അധികാരം എടുത്തുപയോഗിക്കാന്‍ ഇസ്‌ലാം അനുമതി നല്‍കിയിട്ടില്ല. സകാത് വിതരണം ചെയ്യുന്നത് മുസ്‌ലിം ഭരണാധികാരിയല്ലെങ്കില്‍ ആമിലീങ്ങള്‍(സകാത് ഉദ്യോഗസ്ഥര്‍) എന്ന വിഭാഗം ഉണ്ടാവുകയില്ലെന്നും അപ്പോള്‍ സകാതിന്റെ അവകാശികള്‍ ഏഴായി ചുരുങ്ങുമെന്നും ഇമാം നവവി(റ) മിന്‍ഹാജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്‌ലാമിക രാജ്യത്തെ ഗവര്‍ണര്‍മാര്‍ക്കുപോലും അധികാരമില്ലാത്ത കാര്യങ്ങളാണ് നമ്മുടെ നാട്ടിലെ സകാതു കമ്മിറ്റികള്‍ അവകാശപ്പെടുന്നത്! ഇമാമിന്(ഇസ്‌ലാമിക ഭരണാധികാരിക്ക്) ഫിത്വ്ര്‍ സകാത്, സ്വര്‍ണം, വെള്ളി, കച്ചവടച്ചരക്ക് മുതലായവയുടെ സകാത് ചോദിച്ച് വാങ്ങാന്‍ പാടില്ല. ഇക്കാര്യത്തില്‍ മുസ്‌ലിം ലോകത്തിന്റെ ഏകാഭിപ്രായമുണ്ടെന്നും ഇമാം നവവി മജ്മൂഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(നോക്കുക, മുഗ്‌നി 1/413, നിഹായ 1/136, ശറഹുല്‍ മുഹദ്ദബ് 6/164). ചോദിച്ചു വാങ്ങല്‍ കടുത്ത തെറ്റാണ്( ഖല്‍യൂബി 2/43, ജമല്‍ 2/294). ഭരണാധികാരികള്‍ക്കു പോലും ഇസ്‌ലാം വകവെച്ചുകൊടുത്തിട്ടില്ലാത്ത അധികാരങ്ങള്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഉണ്ടെന്നു പറയുന്നത് മുസ്‌ലിം സമുദായത്തിന്റെ സകാത് വഴിമാറ്റിച്ചെലവിടാന്‍ മാത്രമുള്ള കുറുക്കുവഴിയാണ്.
ഭരണാധികാരിയുടെ അഭാവത്തില്‍ നമ്മള്‍ ജുമുഅ നിര്‍ത്തലാക്കിയില്ല; സകാതും അങ്ങനെ കണ്ടാല്‍ പോരേ? ഭരണാധികാരിക്കു പകരം ഒരു കമ്മിറ്റി സമാഹരണവും വിതരണവും നടത്തുന്നതിലെന്താണ് കുഴപ്പം എന്നാണ് ചില ന്യായീകരണത്തൊഴിലാളികള്‍ ചോദിക്കുന്നത്. ശ്രദ്ധിക്കുക, ജുമുഅ ഭരണാധികാരിയെ ആശ്രയിച്ചു നില്‍ക്കുന്ന ആരാധനയല്ല. പ്രത്യുത, അതിനൊരു ഇമാം വേണം. ഖുഥുബയോതാനും നിസ്‌കരിക്കുന്നതിനു നേതൃത്വം നല്‍കാനും. അത് ജമാഅത് നിര്‍ബന്ധമുള്ള നിസ്‌കാരം ആയതുകൊണ്ടാണ്. എന്നാല്‍ സകാത് അങ്ങനെയല്ല. ഒന്നുകില്‍ നേരിട്ട് വിതരണം ചെയ്യുന്നു. അല്ലെങ്കില്‍ ഭരണാധികാരിയേയോ വകീലിനെയോ ആശ്രയിക്കുന്നു. നാലാമതൊരു രീതി ഇസ്‌ലാമിലില്ല.
കമ്മിറ്റിയെ വക്കാലത്താക്കിക്കൂടേ?
പാടില്ല. ഏല്‍പിക്കപ്പെടുന്നയാള്‍(വകീല്‍) നിശ്ചിത വ്യക്തിയായിരിക്കണമെന്നു നിബന്ധനയുണ്ട്. നിങ്ങള്‍ രണ്ടിലൊരാളെ ഞാന്‍ വകീലാക്കി എന്നു പറഞ്ഞാല്‍ സാധുവാകുകയില്ല(തുഹ്ഫ 5/298). നിശ്ചിത വ്യക്തിയാണ് കമ്മിറ്റിയെങ്കില്‍ പിന്നെ കമ്മിറ്റി ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ. ഒന്നില്‍ കൂടുതല്‍ അംഗങ്ങളുണ്ടാവുക എന്നത് ഒരു കമ്മിറ്റിയുടെ പൊതുസ്വഭാവമാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പിലാകുന്നു. പ്രസിഡന്റിന് കാസ്റ്റിംഗ് വോട്ടവാകാശം ഉണ്ടാകാം. സകാത് കൈകാര്യം ചെയ്യാന്‍ നിശ്ചിതമായ അധികാരം ഉള്ള ആരും ഇല്ലെന്നര്‍ത്ഥം.
കമ്മിറ്റിയിലെ ഒരു നിശ്ചിത വ്യക്തിയെയാണ് ദാതാവ് സകാത് ഏല്‍പിച്ചതെന്നു തന്നെ വെക്കുക. അയാള്‍ അത് കമ്മിറ്റിക്കു പൊതുവായോ കമ്മിറ്റിയിലെ മറ്റൊരു അംഗത്തെയോ ഏല്‍പിക്കുന്നതോടെ വകാലത് പൊളിയും. വകീലായി ചുമതലയേല്‍പ്പിക്കപ്പെട്ട വ്യക്തി തന്നെ പ്രസ്തുത കാര്യം നിര്‍വഹിക്കണം. അയാള്‍ മറ്റൊരാളെ ചുമതലപ്പെടുത്താന്‍ പാടില്ല(ഫസ്വ്‌ലുന്‍ ഫീ ബഅ്‌ളി അഹ്കാമില്‍ വകാലതി, തുഹ്ഫ 5/323).
ഭരണാധികാരിയെയും വകീലിനെയും ആശ്രയിക്കുമ്പോഴുള്ള ഒരു വ്യത്യാസവും പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. സകാത് വാങ്ങാന്‍ അര്‍ഹതയുള്ളയാളുടെ പ്രതിനിധിയാണ് ഭരണാധികാരി. അതിനാല്‍ ദായകര്‍ സകാത് അദ്ദേഹത്തെ ഏല്‍പിക്കുന്നതോടെ ഉത്തരവാദിത്തം തീര്‍ന്നു. ഭരണാധികാരി അതു വിതരണം ചെയ്തോ ഇല്ലേ ഏന്നു നോക്കേണ്ട കാര്യമില്ല. എന്നാല്‍ വകാലത്തില്‍ അതു പോരാ. അല്‍പം പോലുംചോരാതെ സകാത് സമ്പത്ത് പൂര്‍ണമായി യഥാര്‍ത്ഥ അവകാശിയിലേക്ക് വക്കീല്‍ എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് ദാതാവിന് ഉറപ്പുണ്ടാവണം. ഇല്ലെങ്കില്‍ ബാധ്യത തീരുകയില്ല.
സകാത് ദായകരില്‍ തന്നെ പലപ്പോഴും മിസ്‌കീന്‍മാരുണ്ടാകും. അവര്‍ സകാതിനു അവകാശികളുമായിരിക്കും. ഇപ്രകാരം സകാതു കൊടുക്കാനും വാങ്ങാനും തരപ്പെടുന്നവരില്‍ നിന്നു കമ്മിറ്റി സകാതു സമാഹരിച്ചു വിതരണം ചെയ്യുമ്പോള്‍ ദായകരുടെ ഉടമസ്ഥയിലുള്ളത് അവരിലേക്കു തന്നെ തിരിച്ചു വരാനിടയുണ്ട്. അങ്ങനെ സംഭവിച്ചാലും സകാത് ബാധ്യത തീരുകയില്ല.
ജമാഅത്തെ ഇസ്‌ലാമിയുടെ ബൈതുസ്സകാത് വിതരണം ചെയ്യുന്ന സകാത് അതിന്റെ അവകാശികളല്ലാത്തവര്‍ക്കും ഉണ്ടെന്ന് അവര്‍ തന്നെ അംഗീകരിക്കുന്നു. ഖാലിദ് മൂസ നദ്‌വിയുടെ ഓഡിയോ ക്ലിപ്പോടെ പ്രതിക്കൂട്ടിലായ പ്രസ്ഥാനത്തെ പ്രതിരോധിക്കാന്‍ ഒരു ബുദ്ധിജീവി തരുന്ന വിശകലനത്തില്‍ പറയുന്നതിങ്ങനെ: ‘സകാത് വിനിയോഗത്തിന് സംഘടിതവും ശാസ്ത്രീയവുമായ ഒരു സംവിധാനം ജമാഅതിന്റെ കീഴിലുണ്ട്. ഈ സംവിധാനത്തിന്റെ ഗുണഭോക്താക്കളില്‍ വിശ്വാസി, അവിശ്വാസി എന്നോ മുസ്‌ലിം, അമുസ്‌ലിം എന്നോ ഉള്ള വ്യത്യാസം കല്‍പിക്കാറില്ല. ഈ നിലപാടിനെ അംഗീകരിക്കാന്‍ മനസുള്ള സകാത് ദാതാക്കള്‍ ജമാഅത്ത് സംവിധാനവുമായി സഹകരിക്കുന്നു.’ മുസ്‌ലിം അല്ലാത്തവര്‍ക്ക് സകാതില്ലെന്നത് ഇസ്‌ലാമിക വിജ്ഞന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമുള്ള കാര്യമാണെന്ന്(ഇജ്മാഅ്) നടേ വിവരിച്ചുവല്ലോ. പ്രിയപ്പെട്ട വിശ്വാസികളെ, ഈ പുരോഹിതന്മാര്‍ നിങ്ങളെ വഞ്ചിക്കുകയാണ്. കരുതിയിരിക്കുക.
ബദല്‍ സംവിധാനം ആകാമോ?
ആകാം. സകാത് സമാഹരിക്കാനും വിതരണം ചെയ്യാനുമാണ് കമ്മിറ്റികള്‍ക്കോ സംഘടനകള്‍ക്കോ അവകാശമില്ലെന്നു പറഞ്ഞത്. ബോധവത്കരണവും യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തുന്നതിന് സഹായം ചെയ്യലുമൊക്കെ ആവാം. വിരോധമില്ല. ജ്യേഷ്ഠാനുജന്മാര്‍ പോലെയുള്ള ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലെ സകാത് ഓരോ കുടുംബനാഥനും വെവ്വേറെ എടുത്തു നിയ്യതു ചെയ്ത ശേഷം ഒന്നിച്ചുകൂട്ടി മറ്റുള്ളവരുടെ സമ്മതപ്രകാരം അവരിലൊരാള്‍ വിതരണം ചെയ്യുന്ന പതിവ് പഴയ കാലം മുതല്‍ ചില പ്രദേശങ്ങളില്‍ നടപ്പുണ്ട്. അതു അനുവദനീയമാണെന്ന് ഉംദയിലുണ്ട്.
സമ്പത്തിന്റെ സകാത് വിതരണത്തില്‍ കുറേക്കൂടി കാര്യക്ഷമതയോടെ ഇടപെടാന്‍ നാട്ടിലെ ഖഥീബ്, ഇമാം പോലെയുള്ളവര്‍ക്ക് സാധിക്കും. സ്വന്തം മഹല്ലുകളിലെ സകാത് ദായകരുടെയും അവകാശികളുടെയും കൃത്യമായ ലിസ്റ്റ് തയാറാക്കാം. സകാത് നല്‍കാന്‍ ബാധ്യസ്ഥരായ ധനികരെ നേരില്‍ കണ്ടോ ഒരിടത്തു ഒരുമിച്ചു ചേര്‍ത്തോ സകാതിന്റെ അനിവാര്യതയെയും വിതരണം ചെയ്യേണ്ടതിന്റെ രീതിയെയും കുറിച്ചു ശരിയായ അവബോധം നല്‍കാം. ദായകരെയും അവകാശികളെയും തമ്മില്‍ ബന്ധപ്പെടുത്താം. ആവശ്യമെങ്കില്‍ ഒന്നിലധികം ദായകരില്‍ നിന്നു ഒരു ആവശ്യക്കാരനിലേക്ക് സകാത് എത്തിക്കുവാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാം. ഉദാഹരണത്തിന് അവകാശിയായ ഒരു രോഗിയുടെ ഓപറേഷന്/ അല്ലെങ്കില്‍ ഒരു നിര്‍ധന കുടുംബത്തിന്റെ വീടിന് അഞ്ച് ലക്ഷം ആവശ്യമാണെന്നു സങ്കല്‍പിക്കുക. നാട്ടിലെ എട്ടോ പത്തോ ദായകരുടെ സാകത് അയാള്‍ക്ക് ലഭിച്ചാല്‍ ആവശ്യം നിറവേറും. സ്വപ്നങ്ങള്‍ പൂവണിയും. ഇവിടെ ഖത്വീബ് തത്വദീക്ഷയോടെ ഇടപെടുന്നു. ദായകര്‍ നേരിട്ടോ, ഖത്വീബിനെ വകീലാക്കിയോ സഹായമെത്തിക്കുന്നു.
ആനുഷംഗികമായി ഒരു കാര്യം ഓര്‍ത്തിരിക്കുക. ഖുര്‍ആനില്‍ പറഞ്ഞ എട്ടു വിഭാഗങ്ങളില്‍ നിന്നു നാട്ടില്‍ നിലവിലുള്ള എല്ലാ വിഭാഗങ്ങള്‍ക്കുമിടയില്‍ സമമായി വീതിക്കണമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം. എന്നാല്‍ മറ്റ് മൂന്ന് മദ്ഹബിന്റെയും ഇമാമുമാര്‍ ഒരാള്‍ക്ക് നല്‍കിയാല്‍ മതിയെന്ന വീക്ഷണക്കാരാണ്. ശാഫിഈ മദ്ഹബില്‍ തന്നെ ഇമാം സുയൂഥി(റ) ഇമാം സുബ്കി എന്നിവര്‍ ഈ വീക്ഷണത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു തന്നെയാണ് പരിഗണനീയമെന്നും നമ്മുടെ മദ്ഹബനുസരിച്ച് ജീവിക്കല്‍ പ്രയാസകരമായതാണ് കാരണമെന്നും ഇമാം ശാഫിഈ(റ) ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ തന്നെ ഫത്‌വ നല്‍കുകയും ചെയ്യുമായിരുന്നുവെന്ന് ഇമാം റുഅ്യാനി പ്രസ്താവിച്ചതായി ഇബ്നുഹജര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്. (ഫസ്വ്ലുല്‍ ഫീ ഖിസ്മതിസ്സകാതി ബയ്‌നല്‍ അസ്വ്നാഫ് തുഹ്ഫ 7/169). അതനുസരിച്ച് ഒരാളുടെ സകാതിന്റെ മുഴുവന്‍ വിഹിതവും ഒരാള്‍ക്കു തന്നെ നല്‍കാവുന്നതാണ്.
അതുപോലെ സകാത് മുതല്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ വിതരണം ചെയ്യണമെന്നാണ് പ്രബല വീക്ഷണമെങ്കിലും അയല്‍വാസികള്‍, ബന്ധുക്കള്‍ എന്നിവരെ പരിഗണിച്ച് മറ്റൊരിടത്തേക്ക് നീക്കാമെന്ന അഭിപ്രായവുമുണ്ട്. അതനുസരിച്ച് ഗള്‍ഫുനാടുകളിലോ മറ്റോ ബിസിനസ് സംരഭങ്ങളോ മറ്റോ ഉള്ളവര്‍ക്ക് തങ്ങളുടെ സകാത് അവര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ സ്വന്തം നാട്ടില്‍ വിതരണം ചെയ്യാവുന്നതാണ്. ഖത്വീബിനെയോ മറ്റോ വക്കാലതാക്കുമ്പോള്‍ അവകാശികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ നിങ്ങള്‍ ഇതിന്റെ വിതരണം നടത്തുക എന്നു ദായകര്‍ പ്രത്യേകം ഏല്‍പിച്ചാല്‍ സകാത് പണം ഉപയോഗിച്ച് തയ്യല്‍ മെഷീന്‍, ഓട്ടോറിക്ഷ പോലെയുള്ള തൊഴിലുപകരണങ്ങള്‍ വാങ്ങിക്കൊടുക്കാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സകാതിന്റെ പൂര്‍ണവിഹിതം-സാധനം വാങ്ങിയതിന്റെ ബാക്കി തുക ഉള്‍പ്പെടെ-അവകാശിക്ക് നല്‍കണം.
അവസാനമായി ഒരു കാര്യം. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: സ്വയം വിതരണം ചെയ്യലാണ് വകാലതാക്കുന്നതിനേക്കാള്‍ നല്ലത്. കാരണം സ്വന്തമായി നല്‍കുമ്പോള്‍ സകാതു വീട്ടിയെന്ന് ഉറപ്പാകും. വകാലതില്‍ അത്ര ഉറപ്പുണ്ടാകില്ല. വകീല്‍ ശരിയായ വിധത്തില്‍ നല്‍കിയിട്ടില്ലെങ്കില്‍ നമ്മള്‍ ബാധ്യത വീട്ടിയവനാവുകയില്ല. സകാത് അതിന്റെ യഥാര്‍ത്ഥ അവകാശിക്ക് എത്തിയില്ലെങ്കില്‍ ദാതാവിന്റെ ബാധ്യത വീടുകയില്ല. (ശറഹുല്‍ മുഹദ്ദബ്).
സജീര്‍ ബുഖാരി
You must be logged in to post a comment Login