നിലമ്പൂര്‍ ഭാഗങ്ങളില്‍ ചില ടിമ്പര്‍ ഡിപ്പോകള്‍ മാപ്പിള സൈനിക ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്നു. പലതും പട്ടാളം തകര്‍ത്തു. മുഹമ്മദ് കോയ തങ്ങളെയും കൂട്ടരെയും പിടികൂടാനാവാതെ പട്ടാളം മടങ്ങുകയായിരുന്നു. തങ്ങളും മൊയ്തീന്‍ കുട്ടി ഹാജിയും മമ്പുറത്തെ പ്രാര്‍ഥനക്ക് പോകാനുള്ള ഉദ്ദേശ്യത്തോടെ നിലമ്പൂര്‍ ഭാഗത്ത് നിന്ന് പുറപ്പെട്ടിരുന്നു. അവോക്കര്‍ മുസ്‌ലിയാരുടെ ഒരു സംഘം കൊന്നാര് തങ്ങളുടെ സൈന്യത്തില്‍ ചേരാന്‍ പോകവേ പെരിളിയില്‍ തമ്പടിച്ചിരുന്നു. ഇവരില്‍ ഒമ്പത് പേരെ പട്ടാളം കൊന്നു. നാട്ടുകാര്‍ കൂട്ട വാങ്കുവിളിച്ച് ജനങ്ങളെ വരുത്തിയെങ്കിലും പട്ടാളം പിന്തിരിയുകയാണുണ്ടായത്. തങ്ങള്‍ കൊടിയത്തൂര്‍ ഭാഗത്തെവിടെയോ ഉണ്ടെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊടിയത്തൂരിന് സമീപം ചാലിയാറില്‍ ഒരു സംഘം പട്ടാളം നിലയുറപ്പിച്ചു. ദിവസങ്ങള്‍ കാത്തുനിന്നെങ്കിലും ആരെയും കിട്ടിയില്ല. കാട്ടിലൂടെ നടന്നുപോകുന്ന ഒരാളെ വെടിവച്ച് സായൂജ്യമടഞ്ഞ് പട്ടാളം പിന്തിരിഞ്ഞു. ഇത്തരത്തില്‍ നിരപരാധികളായ ഒട്ടു വളരേ പേരെ വെള്ളപ്പട്ടാളം കലാപകാരികളാണെന്ന് പറഞ്ഞ് വെടിവച്ചുകൊന്നിട്ടുണ്ട്.
മമ്പുറത്ത് നിന്ന് മടങ്ങുമ്പോള്‍ വളരേ പേര്‍ കൊന്നാര് തങ്ങളുടെ സൈന്യത്തില്‍ ചേര്‍ന്നിരുന്നു. ഇവരില്‍ ഒരു വിഭാഗം ഈസ്റ്റ് ഹില്ലില്‍ തമ്പടിച്ചു. മറ്റൊരു വിഭാഗം തിരുവമ്പാടിയിലും. ഗറില്ലാതന്ത്രങ്ങളാണ് മാപ്പിള യോദ്ധാക്കള്‍ സ്വീകരിച്ചത്. പതുങ്ങിച്ചെന്ന് പെട്ടെന്ന് ആക്രമിക്കും. അങ്ങനെയാണ് പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിച്ചത്. പോലീസുകാര്‍ ഒരുങ്ങുമ്പോഴേക്കും പോലീസുകാരെ വെടിവച്ച് ആയുധങ്ങള്‍ കൈക്കലാക്കി തിരിച്ചുപോരും. സൈന്യം എത്തുമ്പോഴേക്കും അവര്‍ സ്ഥലം വിട്ടിരിക്കും. പോകുന്ന വഴിക്ക് ഒറ്റുകാരായ നമ്പൂതിരിമാരെയും അവരുടെ ആശ്രിതരായ മാപ്പിളമാരെയും തിയ്യന്‍മാരെയുമൊക്കെ വക വരുത്താനും മറക്കില്ല. അതിനിടക്ക് അങ്ങാടികളിലും വീടുകളിലും ചെന്ന് ഭക്ഷണ സാമഗ്രികള്‍ ശേഖരിക്കുകയും ചെയ്യും. പിന്നീട് മലമുകളിലോ വനത്തിലോ അപ്രത്യക്ഷമാവും.
അവോക്കര്‍ മുസ്‌ലിയാര്‍ പുലിക്കയത്ത് വച്ച് കൊന്നാര് തങ്ങളുമായി സന്ധിച്ച് പദ്ധതികളാവിഷ്‌കരിച്ചു. പുലിക്കയത്ത് വച്ച് തങ്ങളെ പിടികൂടാന്‍ പട്ടാളം ശ്രമം നടത്തി. അപ്പോഴേക്കും നല്ല മഴയായി. അട്ടകളുടെ ശല്യം മൂലം കാട്ടിലേക്ക് കടക്കാനാവാതെ പട്ടാളം പിന്തിരിഞ്ഞു. മലയില്‍ തിരച്ചില്‍ നടത്താനുള്ള ലക്ഷ്യത്തോടെ മേജര്‍ മെയിന്‍ വാറിങ്ങിന്റെ നേതൃത്വത്തില്‍ ഒരു സൈന്യം തയാറായി. അവര്‍ സൈന്യത്തെ നാലു വിഭാഗങ്ങളാക്കി നാലു ഭാഗത്തേക്ക് അയച്ചു. ഇവര്‍ പതിനഞ്ച് ദിവസം തിരഞ്ഞു. മൂന്ന് പേരെ മാത്രം കിട്ടി. പുത്തൂരിലെ ചോലക്കല്‍ മൊയ്തീന്‍, മുള്ളിയാലി വീട്ടില്‍ മൊയ്തീന്‍ കോയ, പകര അഹ്മദ് കുട്ടി. മൂന്ന് പേരും മുഹമ്മദ് കോയ തങ്ങളുടെ ആളുകള്‍ തന്നെ. വിളങ്ങോട് ഒരു ഓല ഷെഡാണ് പട്ടാളം ക്യാമ്പായി ഉപയോഗിച്ചിരുന്നത്. രാത്രിയില്‍ രണ്ട് മാപ്പിളമാര്‍ പതുങ്ങി വന്ന് ഹെല്‍മറ്റും എതാനും പടയങ്കികളും കൈക്കലാക്കി. തോക്ക് ലക്ഷ്യമാക്കിയാണ് വന്നതെങ്കിലും അത് നടന്നില്ല. അവര്‍ പിന്നീട് പട്ടാളത്തിന്റെ തോക്കിനിരയായി. ആമു സാഹിബിന്റെയും അധികാരി പരീക്കുട്ടിയുടെയും നേതൃത്വത്തില്‍ പട്ടാളം അവോക്കര്‍ മുസ്‌ലിയാരുടെ സഹോദരന്‍ അബ്ദുല്ല മുസ്‌ലിയാരെയും മറ്റ് രണ്ടു പേരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. അവോക്കര്‍ മുസ്‌ലിയാര്‍ കാട്ടില്‍ നിന്ന് നാട്ടിലെത്തിയതും ഖിലാഫത് യോഗം വിളിച്ചതും അബ്ദുല്ലമുസ്‌ലിയാരില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തെക്കന്‍ അലവിയടക്കം കുറേ പേര്‍ വയനാട്ടിലേക്ക് കടന്നുവെന്ന വിവരം ലഭിച്ചു. മുസ്‌ലിയാരുടെ സഹായികളായ നെല്ലിക്കുന്നുമ്മല്‍ കോയക്കുട്ടി, പുളിയാലു കുന്നുമ്മല്‍ സൂപ്പി എന്നിവരെ പിടി കൂടി. കൊന്നാര് തങ്ങള്‍ തിരുവമ്പാടിക്ക് കിഴക്ക് മലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുബേദാര്‍ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ ഒരു സംഘം ഒരു മലയനെ കൂട്ടി മല കയറി. ഈ വിവരം ഒരു കുട്ടിയിലൂടെ തങ്ങളുടെ ആളുകളറിഞ്ഞപ്പോള്‍ അവിടെ നിന്ന് സ്ഥലം വിട്ടു. ഒരു വാളും കത്തിയും ഒന്ന് രണ്ട് ചെമ്പു പാത്രങ്ങളും പട്ടാളത്തിന് കിട്ടിയപ്പോള്‍ തത്കാലം സമാധാനിച്ചു. ആമു സാഹിബും കൂട്ടരും മക്കാട്ട് ഇല്ലത്ത് തമ്പടിച്ച് കുറുങ്കയം വഴി പന്ത്രണ്ട് കിലോ മീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചു. അവോക്കര്‍ മുസ്‌ലിയാര്‍ അവിടെ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പോക്ക്. മുസ്‌ലിയാരുടെ ബന്ധുവായ ചെറിയ അവോക്കര്‍ മുസ്‌ലിയാരും അനിയന്‍ കുഞ്ഞിമുസ്‌ലിയാരും പട്ടാളവുമായി ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചു. അതിനിടെ അവോക്കര്‍ മുസ്‌ലിയാര്‍ ഓമശേരി പള്ളിയില്‍ വന്ന് ജുമുഅക്ക് ശേഷം ഒരു വലിയ ജനാവലിയെ സാക്ഷിയാക്കി പ്രസംഗിക്കുകയും ഖിലാഫത് ഭരണത്തിന് എല്ലാവരുടെയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. നിരവധി പേര്‍ മുസ്‌ലിയാരുടെ സംഘത്തില്‍ ചേര്‍ന്നു. പോലീസ് വരും വരെ അദ്ദേഹം മൂത്ത മന ഇല്ലത്ത് തങ്ങി. മുസ്‌ലിയാരുടെ സംഘത്തില്‍ എടക്കാട്ട് ഹസ്സന്‍, അടിമരക്കല്‍ മൊയ്തീന്‍ കുഞ്ഞി, താഴെപ്പൊയില്‍ പോക്കര്‍, ഇമ്പിച്ച മമ്മി, മണിക്കഞ്ചേരി അയമുട്ടി എന്നിവരുമുണ്ടായിരുന്നു. ഇവരില്‍ പലരെയും വയനാട് റോഡില്‍ ഒരു പുഴയുടെ സമീപം വച്ച് സൈന്യം പിടികൂടി. അവിടെ നിന്ന് അവോക്കര്‍ മുസ്‌ലിയാരുടെ കണ്ണടയും വസ്ത്രങ്ങളും കിട്ടിയെന്ന് പറഞ്ഞ് തത്കാലം പട്ടാളം പിരിഞ്ഞുപോയി. അവോക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോടുണ്ടെന്ന വിവരം ഓമശേരിക്കാരന്‍ കോയമ്പ്രത്ത് അയ്ദ്രമാന്‍ ഹാജി ആമു സൂപ്രണ്ടിനെ അറിയിച്ചു. കോഴിക്കോട്ട് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. അവോക്കര്‍ മുസ്‌ലിയാര്‍ മലയിറങ്ങി കുന്ദമംഗലത്തൂടെ കോഴിക്കോട്ടെത്തി. അവിടന്ന് എലത്തൂരില്‍ വന്നു. അവിടെ രാത്രി ഒരു പള്ളിയില്‍ താമസിച്ച് രാവിലെ വടകരയിലേക്ക് വണ്ടി കയറി. മാഹി, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പള്ളികളില്‍ കഴിച്ചുകൂട്ടി. അവിടെ നിന്ന് ചെറുവത്തൂരിലേക്ക് പുറപ്പെട്ടു. ചെറുവത്തൂരില്‍ വണ്ടിയിറങ്ങുന്നത് അതേ വണ്ടിയില്‍ മംഗലൂരിലേക്ക് പോവുകയായിരുന്ന പട്ടാളം കണ്ടു. അവര്‍ മുസ്‌ലിയാരെ അവിടെ വച്ച് അറസ്റ്റ് ചെയ്തു. (1922 ജൂണ്‍ 16).
തങ്ങളും സൈന്യവും മലയിലും കാട്ടിലും താവളമടിച്ച് കൊണ്ടാണ് പട്ടാളത്തെ നേരിട്ടത്. അവരെ പിടിക്കാന്‍ പട്ടാളത്തിനായില്ല. 1922 മെയ് ഒന്നിന് ഒരു മാപ്പിള, മുഹമ്മദ് കോയ തങ്ങളെ കാട്ടില്‍ കണ്ടുവെന്ന വിവരവുമായി പട്ടാളത്തിനടുത്തെത്തി. പട്ടാള മേധാവി ഈറ്റണ്‍ ഒരു സംഘവുമായി കാട്ടില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തിരച്ചില്‍ നിഷ്ഫലം. റമളാന്‍ മാസം തങ്ങളും ഇരുപതോളം പേരുള്ള സൈന്യവും തമ്പിലോണത്ത് ഇരിഞ്ചിപ്പുഴയുടെ ഓരത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു, നോമ്പ് തുറക്കാന്‍ കുറച്ചു സമയമേ ഉള്ളു. ചിലര്‍ ഭക്ഷണം പാകം ചെയ്യുന്നു. ചിലര്‍ വിളമ്പാനുള്ള ഇല തയാറാക്കുന്നു. അപ്പോഴാണ് പാടത്ത് കൂടെ കൊന്നാര് തങ്ങള്‍ നടന്ന് പോകുന്നത് പാടത്തിനക്കരെ തിരച്ചില്‍ നടത്തുകയായിരുന്ന പട്ടാളം കണ്ടത്. ഉടനെ പട്ടാളം വെടിവച്ചു. തങ്ങള്‍ ഓടി രക്ഷപ്പെട്ടു. തങ്ങളും സൈന്യവും താവളമടിച്ച ഷെഡിനെതിരെ വെടിവച്ചു. ഷെഡിലുള്ളവര്‍ പലരും പല ഭാഗങ്ങളിലേക്ക് ഓടി മറഞ്ഞു. ഷെഡിലുണ്ടായിരുന്നവര്‍ ഇനി പറയുന്നവരാണ്.
പത്തായത്തിങ്ങല്‍ ചെറിയ മോയിന്‍, മാവൂര്‍
കുണ്ടില്‍ ഹസ്സന്‍ കുട്ടി, കക്കാട്
മൈലമ്പ്ര ഉണ്ണിമോയി ഹാജി, പുത്തൂര്‍
അത്തലൈ വീട്ടില്‍ അഹ്മദ് കോയ, പുത്തൂര്‍
പൂവ്വത്തിങ്ങല്‍ മമ്മുണ്ണി, വണ്ടൂര്‍
തരിപ്പൊയില്‍ അലിക്കുട്ടി, പന്നിക്കോട്
ആലിങ്ങല്‍ വീരാന്‍, പന്നിക്കോട്
ആലിങ്ങല്‍ ഉണ്ണിമോയി, പന്നിക്കോട്
ചോലക്കല്‍ ബപ്പന്‍, പുത്തൂര്
കൊന്നാര് വലിയുണ്ണി തങ്ങള്‍ (കൊന്നാര് തങ്ങളുടെ സഹോദരന്‍)
മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചിരുന്നു. പിറ്റേ ദിവസം പട്ടാളം വന്ന് നോക്കിയപ്പോള്‍ മരിച്ചവരെ സംസ്‌കരിച്ചതായും മുറിവേറ്റവരെ കാട്ടിലേക്ക് കൊണ്ടുപോയതായും കണ്ടു. പക്ഷേ കാട്ടിനുള്ളിലേക്ക് പോകാന്‍ പട്ടാളത്തിന് ധൈര്യമുണ്ടായില്ല. ഷെഡില്‍ നിന്ന് തങ്ങളുടെ ഒരു പെട്ടി പട്ടാളത്തിന്റെ കൈയിലെത്തി. അതില്‍ ഏതാനും കുറിപ്പുകളും ഒരു ഖുര്‍ആന്‍ പ്രതിയുമുണ്ടായിരുന്നു. പട്ടാള മേധാവിക്ക് തങ്ങളെഴുതി വച്ച ഒരു കത്ത് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഖിലാഫത് പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവരെ ശിക്ഷിക്കാന്‍ തയാറാവണമെന്നും അല്ലാത്ത പക്ഷം ഖിലാഫത്ത് സൈന്യം അവരെ വക വരുത്തുമെന്നും എഴുതിയിരുന്നുവത്രേ. ബ്രിട്ടീഷ് സൈന്യം പള്ളികള്‍ ആക്രമിച്ചതാണ് തന്നെയും മുസ്‌ലിംകളെയും യുദ്ധത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും കത്തിലുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തങ്ങളുടെ സഹോദരനായ വലിയുണ്ണി തങ്ങളായിരുന്നു. തങ്ങളുടെ സൈന്യത്തിലുള്ളവരധികം ഓമശേരി, പുത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. തോക്കുകളും വാളുകളും ഷെഡില്‍ നിന്ന് പട്ടാളം പിടിച്ചെടുത്തു.
ഹുസൈന്‍ രണ്ടത്താണി
(തുടരും)
You must be logged in to post a comment Login