മോഡിയുടെ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടിയുള്ള തിരിച്ചുവരവ് ഇന്ത്യയുടെ ഭാവിയെ ഏതൊക്കെ വിധത്തില്‍ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് മാധ്യമങ്ങള്‍. വിവിധ ഇംഗ്ലീഷ് വാര്‍ത്താചാനലുകളും ഇതര ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ പ്രവചനത്തില്‍ അനുമാനിച്ച സംഖ്യയെ പിന്നിലാക്കിക്കൊണ്ടാണ് നരേന്ദ്രമോഡി രണ്ടാംഘട്ടം ഭരണത്തിലേറിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിങ്ങ് മെഷീനുകള്‍ക്കും നേരെയുണ്ടായ വിശ്വാസ തകര്‍ച്ചയും ആരോപണങ്ങളുമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന വിഷയം. ജനവിധിക്ക് ശേഷം വോട്ടിംഗ് മെഷീനെ പഴി ചാരുമ്പോള്‍ അതിനു വ്യക്തമായ തെളിവുകള്‍ ആവശ്യമാണ്. മറ്റൊരു വശത്ത് രാജ്യത്തെ ഉന്നത നീതിപീഠം അടക്കമുള്ളവയുടെ വിശ്വാസ്യത അപഹരിച്ചുവെന്നത് ഭരണകൂടത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുമെന്നതിന് തെളിവാണ്. അതുകൂടാതെ പ്രതിപക്ഷ കക്ഷികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 50 ശതമാനം വോട്ടിങ് യന്ത്രങ്ങളില്‍ വിവിപാറ്റ് ഉപയോഗിച്ച് പരിശോധന നടത്തണമെന്ന ആവശ്യത്തിനുമേല്‍ സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ തെറ്റായ പരാമര്‍ശങ്ങളുണ്ടെന്ന് മെയ് 19 ന് കാരവന് മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാരവന് ലഭ്യമായ ഡോക്യുമെന്റുകള്‍ പ്രകാരം കമ്മീഷന് കോടതിക്ക് നല്കിയ നിര്‍ണ്ണായക ഉത്തരം വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും കണ്ടില്ല എന്നാണ്. പക്ഷേ 1500 പോളിംഗ് ബൂത്തുകളില്‍ നടത്തിയ പരിശോധനകളില്‍ തെളിഞ്ഞ ക്രമക്കേടുകളെ പി ടി ഐ, ന്യൂസ്18 എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കോടതിക്ക് നല്കിയ മറുപടിയില്‍ കമ്മീഷന് ഉള്‍പ്പെടുത്തിയില്ല എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് സംശയം ജനിപ്പിക്കുന്നു. 542 ലോക്സഭാ മണ്ഡലങ്ങളുള്ള ഏറ്റവും സങ്കീര്‍ണ്ണമായ ജനാധിപത്യ പോരാട്ടത്തെക്കുറിച്ച് എളുപ്പം വ്യാഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നതും ശരിയല്ല. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഫലം ഒരുപാട് ആശങ്കകളും ഭീതിയുമാണ് മോഡിയുടെ തിരിച്ചുവരവ് ആഗ്രഹിക്കാതിരുന്ന പക്ഷത്തിന് നല്‍കിയിട്ടുള്ളത്. പക്ഷേ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ വണ്ണം ഒരു ബദല്‍ സൃഷ്ടിച്ചെടുക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല എന്ന് വേണം മനസിലാക്കാന്‍. ഇന്ത്യന്‍ ജനത അടിസ്ഥാനപരമായി ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി പരിണമിച്ച് കൊണ്ടിരിക്കുന്നു. അതിന് വലിയ ഉദാഹരണമാണ് സ്ഥാനാര്‍ത്ഥിയുടെ വ്യക്തി മികവുകള്ക്കതീതമായി ഹിന്ദുത്വ അജണ്ട വിജയിച്ചത്. ഡല്‍ഹിയില്‍ എ എ പി സ്ഥാനാര്‍ത്ഥിയായിരുന്ന അതിഷി മര്ലീനക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനോട് പരാജയപ്പെടേണ്ടി വന്നു. അതിഷി ആം ആദ്മി പാര്‍ട്ടിയില്‍ വിദ്യാഭ്യാസകാര്യ ഉപദേഷ്ടാവായിരുന്നു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും വിജയ ശതമാനത്തിനും അവര്‍ നിരവധി പ്രയത്നങ്ങള്‍ നടത്തി. ഒരുപാട് പ്രതീക്ഷകള്‍ നല്കിയ സ്ഥാനാര്‍ഥിത്വം ആയിരുന്നു അതിഷിയുടേതെങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്റെ കമ്മ്യൂണിസ്റ്റുകളായ മാതാപിതാക്കള്‍ നല്കിയ ‘മര്‍ലീന’ എന്ന നാമം അവരെ ക്രിസ്ത്യാനിയായി തെറ്റിദ്ധരിക്കാന്‍ ഇടവരുത്തുന്നു എന്നായി. തുടര്‍ന്ന് താന്‍ പഞ്ചാബിലെ രാജ്പുത് കുടുംബത്തിലെ അംഗമാണെന്ന പൊതുപ്രസ്താവന നടത്തേണ്ടി വന്നു അതിഷിക്ക്. തന്റെ സ്വത്വം സവര്‍ണ ജാതിയുടേതാണെന്ന് വോട്ടര്‍മാരോട് ബോധ്യപ്പെടുത്തേണ്ടി വരുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് തീര്‍ച്ചയായും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തെ ഭേദിക്കാനുള്ള ബദലുകളില്ല എന്നാണ് തെളിയിക്കുന്നത്. അതിഷി മര്‍ലീനയുടെ സ്ഥാനാര്‍ത്ഥിത്വം വേറിട്ട് നില്ക്കാന് മറ്റൊരു പ്രധാന കാരണം അവരുടെ തിരഞ്ഞെടുപ്പ് ചിലവുകള്‍ ക്രൗഡ് ഫണ്ടിംഗിലൂടെ നേടിയെടുത്തു എന്നതാണ്. തിരഞ്ഞെടുപ്പില്‍ ഒഴുകുന്ന അളവറ്റ സ്രോതസ്സുകളുള്ള പണം ഇന്ത്യന്‍ ജനാധിപത്യത്തിന് എന്നും കളങ്കമാണ്. അതീവ സുതാര്യമായ ക്രൗഡ് ഫണ്ടിംഗിലൂടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ കണ്ടെത്തിയെന്നുള്ളത് ജനാധിപത്യത്തിന് പ്രതീക്ഷയായിരുന്നു നല്‍കേണ്ടിയിരുന്നത്.
കോണ്‍ഗ്രസ് മുന്നോട്ടുവച്ച മൃദുഹിന്ദുത്വ നിലപാടിനെ ഒരു ആര് എസ് എസ് പ്രവര്ത്തകന് ചോദ്യം ചെയ്തതിങ്ങനെയായിരുന്ന: ‘നിങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ ഹൈന്ദവ രാഷ്ട്രീയപാര്ട്ടിയുള്ളപ്പോള് വ്യാജന്റെ ആവശ്യമെന്താണ്’? മോഡി രണ്ടാം ജനവിധി നേടിയതിനുടന് ഇന്ത്യയില്‍ രണ്ടു ഗോ രക്ഷാ കേസുകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷേ ഇതിനു വിരുദ്ധമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു, അതിനു മാറ്റമുണ്ടാകണമെന്നും, മുസ്ലിംകളെ വോട്ട് ബാങ്കായി മാത്രം കാണരുതെന്നുമൊക്കെയുള്ള പ്രസ്താവനകളുമായി ഒരു ‘മതനിരപേക്ഷ മോഡി’ മുഖം മിനുക്കി വന്നുവെന്നത് കൂടുതല്‍ ഭയാനകമാണ്. നരേന്ദ്രമോഡി ബഹുസ്വരതയെ കുറിച്ചും, ജനാധിപത്യ സംരക്ഷണത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്നത് വെനിസ്വേലയിലേക്ക് ജനാധിപത്യം തിരിച്ചുപിടിക്കാന്‍ അമേരിക്കന്‍ സൈന്യത്തെ നയിച്ചുകൊണ്ട് എലിയറ്റ് അബ്രാംസും, ജോണ്‍ ബോള്‍ട്ടണും പോകുന്നതിനു തുല്യമാകും. നരേന്ദ്രമോഡിയെ വികസന പുരുഷനായി 2014ല്‍ വാഴ്ത്തിയപ്പോള്‍, ഭരണം മറ്റൊന്നാണ് കാഴ്ചവച്ചത്. 2019ല്‍ മോഡിയുടെ ‘ബഹുസ്വര മുഖം’ ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ ഏതുവിധത്തില്‍ പ്രതിരോധത്തിലാക്കുമെന്നുള്ളത് അനുമാനങ്ങള്ക്കതീതമാണ്. രാഹുല്‍ ഗാന്ധിയോടും മമതാബാനര്ജിയോടും മടങ്ങിപ്പോകാനാവശ്യപ്പെടുന്ന ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങള്‍ ഏതുതരം ജനാധിപത്യ സംവിധാനത്തെ കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നത്? ഫാഷിസ്റ്റ് ഭരണത്തെ ചെറുക്കുന്ന ഇന്ത്യയിലെ മുഖ്യപ്രതിപക്ഷങ്ങളോടൊക്കെ ഇറങ്ങിപ്പോകൂവെന്ന് നിലവിളിക്കുകയാണ് ഇന്ത്യയിലെ ലിബറല്‍ മാധ്യമസംഘം ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഭരണകൂടത്തിനോട് പക്ഷപാതം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തനം നിലനിന്നിരുന്നു. തിരഞ്ഞെടുപ്പിനുശേഷം അത് കൂടുതല്‍ തീവ്രമായി തന്നെ നിലനില്ക്കും. മാധ്യമങ്ങളെ ഏറ്റവും വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് പ്രത്യക്ഷപ്പെട്ട് ഫലപ്രഖ്യാപനത്തിനു ശേഷം അപ്രത്യക്ഷമായ നമോ ടി വി സൂചിപ്പിക്കുന്നത് അതുതന്നെയാണ്. ഭാഷാ പത്രങ്ങളും ദേശീയ മാധ്യമങ്ങളും നരേന്ദ്രമോഡിയുടെ തിരിച്ചുവരവിനെ വര്‍ണശബളമായി റിപ്പോര്‍ട്ട് ചെയ്തു. മോഡിയുടെ കാലഘട്ടത്തിലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാകുന്നതും കണ്ടു. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും അതനുസരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സൃഷ്ടിക്കാനും നരേന്ദ്രമോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഉന്നാവോയിലെ ബി.ജെ.പി എം പി സാക്ഷി മഹാരാജ് പറഞ്ഞത് മോഡി രാജ്യത്തെ ഉണര്‍ത്താനെത്തിയ സുനാമി ആണ്, അതുകൊണ്ട് തന്നെ 2019ലെ തിരിച്ചുവരവിനു ശേഷം 2024ല്‍ ഒരു തിരഞ്ഞെടുപ്പിന്റെ ആവശ്യം ഉണ്ടാവില്ലായെന്നാണ്. മാര്‍ച്ചില്‍ നടത്തിയ ഈ പരാമര്‍ശം ഇന്ത്യയുടെ ഭരണഘടനക്ക് നേരെ അതിക്രമം നടന്നേക്കാം എന്നതിന്റെ കൂടി സൂചനയാണ്. ജനകീയ തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ലോക്സഭയില്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയേക്കാമെന്ന ആശങ്കയുമുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളെ തുടച്ചു മാറ്റാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത അമിത്ഷായുടെ ഔദ്യോഗിക ട്വീറ്റ് ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാകും. നരേന്ദ്ര മോഡിയെയും, അമിത്ഷായെയും ദീര്‍ഘകാലം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് ടൈം മാഗസിനില്‍ അഭിപ്രായപ്പെട്ടത് മോഡിയുടെ തീവ്രദേശീയ ആശയങ്ങള്‍ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ്. ഹിന്ദുമതത്തെ തങ്ങളുടെ ആദര്‍ശമാക്കി ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പിക്ക് ആര് എസ് എസിലൂടെ സാധിച്ചു. പശ്ചിമ ബംഗാളില്‍ കടുത്ത ദുര്ഗാഭക്തയായ മമത ബാനര്‍ജിയെ അവര്‍ ഹിന്ദുക്കള്‍ക്കെതിരാണെന്നും ജയ് ശ്രീറാം വിളിക്കുന്നത് ഇഷ്ടമല്ലാത്തവരാണെന്നുമുള്ള ധാരണകള്‍ സൃഷ്ടിച്ചെടുക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് നേടേണ്ടിയിരുന്ന വിജയത്തില്‍ കനത്ത ആഘാതമുണ്ടാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ആട്ടിയോടിച്ച ഇടതുപക്ഷം ബി ജെ പിക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മമതയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത് അവര്‍ തങ്ങളുടെ ആദര്‍ശത്തോടും ചരിത്രത്തോടും ഇന്ത്യന്‍ ജനാധിപത്യത്തോടും നടത്തിയ വഞ്ചനയായിരിക്കും. ബംഗാളിലെ ഇടതുപക്ഷം എത്രമാത്രം ജീര്‍ണ്ണിച്ചതാണെന്നും കൂടി വെളിപ്പെടുത്തുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ്. ബംഗാളിലെ ഇടതുപക്ഷം സവര്ണ്ണരുടേതാണെന്ന് കാണിക്കാന്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും, 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗാളിലെ ങമൃശരവഷവമുശ ദ്വീപില്‍ ഇടതുപക്ഷം നടത്തിയ ദളിത് കൂട്ടക്കൊലയും ഉദാഹരണമാണ്. അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ മനുഷ്യഹത്യയാണ് റോയല്‍ ബംഗാള്‍ കടുവകളെ മനുഷ്യമാംസം ഭക്ഷിക്കുന്നവരാക്കിയതെന്ന് ചരിത്രം പറയുന്നു.
കാരവന് പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം ഭരണകൂട സമ്മര്‍ദ്ദം മൂലം ഇന്ത്യന്‍ മാധ്യമങ്ങള്‍ പിന്‍വലിച്ച പത്തിലധികം റിപ്പോര്‍ട്ടുകള്‍, ഇന്ത്യന്‍ മീഡിയ മോഡി ഭരണത്തില്‍ അഭിമുഖീകരിച്ച പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു, ന്യൂസ് നാഷണ്‍ ചാനലിന് മോഡി നല്കിയ അഭിമുഖത്തില്‍ നേരത്തെ തയാറാക്കപ്പെട്ട ചോദ്യങ്ങളാണ് അവതാരകന് ചോദിക്കുന്നതെന്ന് ട്വിറ്ററിലൂടെ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍. മോഡി നല്കിയ ‘സ്ക്രിപ്റ്റഡ് ഇന്റര്‍വ്യൂ’കളെപറ്റി ഫസ്റ്റ് പ്രൂഫ് തയാറാക്കിയ റിപ്പോര്‍ട്ട് ഒരു ദിവസത്തിനകം വെബ്സൈറ്റ് പിന്‍വലിച്ചു. പിന്‍വലിക്കാന്‍ പ്രത്യേക കാരണങ്ങളുണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ മതിയായ തെളിവായിരുന്നിട്ടു കൂടി, ഫസ്റ്റ് പ്രൂഫിന് തങ്ങളുടെ റിപ്പോര്‍ട്ട് പിന്‍വലിക്കേണ്ടി വന്നത് വാര്‍ത്തകള്‍ ഉടമകളുടെയും ഭരണകൂടത്തിന്റെയും നിരന്തര സെന്‍സര്‍ഷിപ്പിന് വിധേയമായിക്കൊണ്ടിരിക്കുന്നത് കൊണ്ടാണ്. സി.പി.ജെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരമായ ഭീതിയെ അഭിമുഖീകരിച്ചു കൊണ്ടാണ് തൊഴില്‍ ചെയ്യുന്നത്. ശാരീരികമായ ആക്രമണങ്ങളും സൈബര്‍ ഇടങ്ങളിലെ ആക്രമണങ്ങളും ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടിവരുന്നു. ഇന്ത്യയിലെ പ്രാദേശിക നഗരങ്ങളില്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്ര-ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ശാരീരിക ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മോഡിയുടെ രണ്ടാംവരവ് ഇന്ത്യയുടെ ഇരുണ്ട ഭാവിയുടെ സൂചനകളായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. ടൈം, ദ ഗാര്ഡിയന്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് മോഡി ഇന്ത്യയുടെ ജനാധിപത്യത്തിനു വെല്ലുവിളി നല്കുന്ന തലവനായി നിരീക്ഷിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റ് ലോകത്തെ ഏറ്റവും പ്രിയങ്കരനായ തീവ്രവലതുപക്ഷ നേതാവായാണ് മോഡിയെ വിശേഷിപ്പിച്ചത്. ജനങ്ങള്‍ മോഡിയുടെ വര്‍ഗീയ അജണ്ടകള്‍ക്ക് വോട്ട് നല്‍കിയെന്നും റിപ്പോര്‍ട്ട് കൂട്ടി ചേര്‍ക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് മോഡിയുടെ വിജയം ലോക്സഭയില്‍ കുറക്കുന്ന മുസ്ലിം പ്രാതിനിധ്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ഗാര്ഡിയന് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കറുത്ത ദിനങ്ങളാണ് മോഡി വാഴ്ച നല്കാന് പോകുന്നത്. ഇന്ത്യയിലെ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരായാണ് ഭരണകൂടം മാറ്റിനിര്ത്തുകയെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. നുണകളുടെ രാജാവായ മോഡി ഇന്ത്യ ഭരിക്കുന്നതില്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ആശങ്ക പുലര്‍ത്തുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങളും ഭരണകൂട താല്പര്യങ്ങള്ക്ക് വിധേയമാകാതെ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
നബീല പാനിയത്ത്
You must be logged in to post a comment Login