1816ല്‍ കായല്‍പട്ടണത്താണ് മാപ്പിള ലബ്ബ ആലിം സാഹിബിന്റെ ജനനം. ആത്മജ്ഞാനിയായ മീരാന്‍ ലബ്ബ ആലിം സാഹിബിന്റെ പുത്രന് ശൈഖ് അഹ്മദാണ് പിതാവ്; അദ്ദേഹവും അറിയപ്പെട്ട പണ്ഡിതനായിരുന്നു. മാതാവ് ആമിന. ഖുത്ബിയ്യതിന്റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരിയുടെ പരമ്പരയിലാണ് ലബ്ബയുടെ മാതാപിതാക്കള്‍. അദ്ദേഹം ജീവിച്ച കായല്‍ പട്ടണത്തെ ഭവനത്തില്‍ തന്നെയാണ് ലബ്ബസാഹിബും ജനിക്കുന്നത്. ഒമ്പതാം വയസില്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ലബ്ബ പിതാവിന്റെ കീഴിലാണ് ആത്മീയപഠനം ആരംഭിച്ചത്. നന്നേ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കും ഒരു സഹോദരനുമൊപ്പം കീളക്കരയിലേക്ക് താമസം മാറ്റി. മറ്റു സഹോദര-സഹോദരിമാര്‍ കായല്‍ പട്ടണത്ത് തന്നെ. അല്ലഫല്‍ അലിഫിന്റെ രചയിതാവ് ഉമറുല്‍ ഖാഹിരിയുടെ ശിഷ്യനായ തൈക്കാ സാഹിബിന് കീഴിലാണ് കീളക്കരയില്‍ പഠനം തുടര്‍ന്നത്. ഈ ഗുരുശിഷ്യബന്ധം വലിയൊരു അത്മീയബന്ധത്തിന്റെ തുടക്കമായിരുന്നു. തൈക്കാ സാഹിബിന്റെ നാലാമത്തെ പുത്രി സാറ, ലബ്ബയുടെ ജീവിത പങ്കാളിയായി. ഹിജ്റ വര്‍ഷം 1253 റബീഉല്‍ അവ്വല്‍ 27നായിരുന്നു വിവാഹം. തൈക്കാ സാഹിബിന്റെ മറ്റു പെണ്‍കുട്ടികളെയെല്ലാം വിവാഹം ചെയ്തത് സമ്പന്നരായിരുന്നു. അതുകൊണ്ട് തന്നെ സാഹിബിന്റെ ഭാര്യക്ക് ഈ ബന്ധത്തോട് താല്പര്യമില്ലായിരുന്നു. അക്കാലത്ത് സ്വന്തമായൊന്നുമില്ലാത്ത വെറുമൊരു ദര്‍സ് വിദ്യാര്‍ഥി മാത്രമായിരുന്നല്ലോ മാപ്പിള ലബ്ബ. ഈ സമയത്താണ് തൈക്കാ സാഹിബ് തന്റെ മരുമകനെക്കുറിച്ചുള്ള പ്രവചനം നടത്തി ഭാര്യയെ സാന്ത്വനിപ്പിക്കുന്നത്. ‘ഭാവിയില്‍ ഈ കുട്ടി സുല്‍ത്താന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. ധാരാളം സമ്പത്തിന്റെ അധിപനാകും’ പിന്നീട് മഹാകവിയായ മാപ്പിള ലബ്ബ കര്‍ണാടക നവാബിന്റെ കവി സമ്മേളനത്തിലേക്ക് വിളിക്കപ്പെട്ടതും ടിപ്പുവിന്റെ സിംഹാസനത്തിലിരിക്കാന്‍ യോഗ്യനായ കവികളുടെ രാജാവായി വളര്‍ന്നതും ചരിത്രം. മലികുശ്ശുഅറാഅ് എന്ന സ്ഥാനപ്പേര് നല്‍കിയാണ് മാപ്പിള ലബ്ബയെ അന്ന് നവാബ് ആദരിച്ചത്.
അറബി, അറബിത്തമിഴ്, തമിഴ് തുടങ്ങിയ ഭാഷകളിലായി 150 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ആലിമുല് അറൂസ് മാപ്പിള ലബ്ബ. സ്വന്തം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാനായി ബറകത്തിമാ എന്ന പേരില്‍ ഒരു അച്ചുകൂടം തന്നെ ലബ്ബ സ്ഥാപിച്ചിരുന്നുവത്രെ. ലബ്ബാഗ്രന്ഥങ്ങളിലെ മാസ്റ്റര്‍ പീസാണ് മഗാനി എന്ന കര്‍മശാസ്ത്ര ഗ്രന്ഥം. ഫത്ഹു തയ്യാന്‍, ഫത്ഹുസ്സലാം, ഫത്ഹുല്‍ മദീന്‍ എന്നീ പേരുകളുള്ള തന്റെ മൂന്നു ഗ്രന്ഥങ്ങളുടെ വ്യഖ്യാനമായിട്ടാണ് ലബ്ബ മഗാനി രചിക്കുന്നത്. ശാഫിഈ ഫിഖ്ഹാണ് ഈ ഗ്രന്ഥത്തിന്റെ ആധാരം.
ലബ്ബയുടെ മഗാനി മലയാളത്തിലെ ഒന്നിലേറെ ഗ്രന്ഥങ്ങളുടെ അവലംബ കൃതിയാണ്. പ്രസിദ്ധ പണ്ഡിതനായ നൂഹ് കണ്ണ് മുസ്ലിയാരുടെ പ്രധാന രചനയായ ‘ഫത്ഹുന്നൂര്‍ ഫീ മുഹിമ്മാതില്‍ ഉമൂര്‍’ രചിക്കപ്പെട്ടത് മഗാനിഅവലംബമാക്കിയായിരുന്നു. കര്‍മശാസ്ത്രത്തിന് പുറമേ വിശ്വാസകാര്യങ്ങളും തസവ്വുഫുമൊക്കെ ലളിതമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥമാണ് നൂഹ് കണ്ണ് മുസ്ലിയാരുടെ ഫത്ഹുന്നൂര്‍. കേരള മുസ്ലിം നവോത്ഥാനത്തെ സര്‍ഗാത്മക സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയ ശുജാഈ മൊയ്തു മുസ്ലിയാരുടെ ‘നഹ്ജുദ്ദഖാഇഖി’ന്റെയും അവലംബ കൃതിയായി മഗാനി കടന്നുവരുന്നുണ്ട്. പാശ്ചാത്യ അധിനിവേശം പാരമ്പര്യവിശ്വാസങ്ങള്ക്കേല്പിച്ച ആഘാതത്തില്‍ നിന്ന് സമൂഹത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രമം കൂടിയായിരുന്നു യഥാര്‍ത്ഥത്തില്‍ ശുജാഈ മൊയ്തു മുസ്ലിയാരുടെ നഹ്ജ്. നഹ്ജിന്റെ അഞ്ചാംപേജില്‍ ശുജാഈ ഇങ്ങനെ കുറിച്ചിടുന്നത് കാണാം. ‘കീളക്കര മാപ്പിള ലബ്ബയുടെ മഗാനി, ഇബ്റാഹീം സാഹിബ് ലബ്ബ അവര്‍കളുടെ ഫൈളു റഹ്മാന് എന്നീ രണ്ട് തമിഴ് കിതാബുകള്‍ നമ്മുടെ ഈ തര്‍ജമക്ക് ഉപകരിച്ചിരിക്കുന്നു’. സൈബുദ്ദീന്‍ അനീഫ് ദൂരൈയാണ് മഗാനിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം നടത്തിയത്.
തൈക്കാ സാഹിബിന്റെ പുത്രിയും തന്റെ ഭാര്യയുമായ സാറയുടെ അവശ്യപ്രകാരം രചിക്കപ്പെട്ട ഹദ്യമാല ലബ്ബ ഗ്രന്ഥങ്ങളില്‍ പ്രധാനമായതാണ്. നാല്പത് തത്വോപദേശങ്ങളടങ്ങിയ ഈ ഗ്രന്ഥം അറബിത്തമിഴിലെ എണ്ണപ്പെട്ട ഫിലോസോഫിക്കല്‍ രചന കൂടിയാണ്. ഹസന്(റ), ഹുസൈന്(റ) എന്നീ പ്രമുഖരെ പ്രകീര്‍ത്തിക്കുന്ന മവാഹിബുസ്സൈനി – ഫീ മനാഖിബില്‍ ഹസനൈനി എന്ന കൃതിയാണ് ലബ്ബക്ക് മദീഹുസ്സിബ്തൈ്വന് എന്ന സ്ഥാനപ്പേര് കൂടി നേടിക്കൊടുത്തത്. ദൈവപ്രകീര്ത്തനമായ ജലാലിയ്യ റാതീബ് ക്രോഡീകരിച്ചത് മാപ്പിള ലബ്ബയാണ്. അറബിയില്‍ രചിക്കപ്പെട്ട റാതീബ് സാഹിത്യലോകത്ത് ഏറെ ചര്‍ച്ചക്കു വിധേയമായി. സൃഷ്ടികളുടെ ആത്മസംസ്കരണവും ഇരു ലോക വിജയവും ലക്ഷ്യം വെക്കുന്ന ജലാലിയ്യാ റാതീബ് മനുഷ്യജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ഏഴു ഘട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. ഈ ഏഴ് ഘട്ടങ്ങളിലും മനുഷ്യന് വിജയിക്കാനുള്ള ആത്മീയപാഠങ്ങളും ദിക്റുകളുമാണ് റാതീബിലൂടെ പകരുന്നത്. ഉസ്താദായ ഉമറുല്‍ ഖാഹിരിയുടെ ഉസ്താദും തമിഴ്നാട്ടിലെ ഉന്നതശീര്‍ഷനായ ആത്മീയ നേതൃത്വവുമായ സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയുടെ പേരിലാണ് റാതീബ് സമര്‍പ്പിച്ചിരിക്കുന്നത്. മിന്ഹതുല് ബാരി ഫീ മിദ്ഹതില്‍ ബുഖാരി എന്ന പേരില്‍ മൗലല്‍ ബുഖാരിയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള മറ്റൊരു മൗലിദും ലബ്ബ എഴുതിയിട്ടുണ്ട്. തലഫാത്വിമ എന്ന പേരില്‍ ഫാത്വിമ ബീവിയുടെ പ്രകീര്‍ത്തന കാവ്യം, മനാഹിലു റബ്ബില്‍ അര്‍ബാബ് ഫീ മദാഇഹി ഖുതുബില്‍ അഖ്താബ് എന്ന പേരിലുള്ള മുഹ്യിദ്ദീന് മൗലിദ്, മൗലിദില്‍ ഖുതുബ് അബില്‍ ഹസനു ശ്ശാദുലി, മൗലിദുല്‍ ഖുതുബ് ശാഹുല്‍ ഹമീദ് എന്ന പേരിലുള്ള നാഗൂര് ശാഹുല്‍ ഹമീദ് തങ്ങളുടെ മൗലിദ് എന്നിവക്ക് പുറമേ ഇമാം ശാഫിഈ(റ), അജ്മീര്‍ ഖാജ(റ), ഏര്‍വാടി ശഹീദ് സയ്യിദ് ഇബ്റാഹീം(റ), മഖ്ദൂം തങ്ങള്‍ തുടങ്ങി നിരവധി മഹാന്മാരുടെ പേരില്‍ ലബ്ബ മൗലിദ് പ്രകീര്ത്തനങ്ങളെഴുതിയതായി കാണാം. തുഹ്ഫത്തുസ്സ്വമദിയ്യ ഫീ മന്ഖബതി സ്വദഖിയ്യ എന്ന പേരില്‍ ഖുതുബ്ബിയ്യത് ബൈത്തിന്റെ രചയിതാവ് സ്വദഖത്തുല്ലാഹില്‍ ഖാഹിരിയുടെ പേരിലും ലബ്ബ പ്രകീര്‍ത്തന കാവ്യം രചിച്ചിട്ടുണ്ട്. നിരവധി മര്സിയ്യതുകളും (അനുശോചനകാവ്യങ്ങള്‍) ലബ്ബയുടേതായുണ്ട്. തന്റെ ഗുരുനാഥന് തൈക്കാ സാഹിബിനെക്കുറിച്ചുള്ള മര്സിയതും കീളക്കരയിലെ പ്രമുഖ പണ്ഡിതനായ അബ്ദുല്‍ ഖാദിറുസ്സൗമഗിയുടെ പേരിലുള്ള മര്സിയ്യതു അബ്കരിയ്യതി അലാസ്വാഹിബി സൗമഗതി കിര്കരിയ്യ എന്ന മര്‍സിയ്യതും അതില്‍ പ്രധാനമാണ്.
ഇത്തരം അധ്യാത്മിക രചനകള്‍ക്ക് പുറമേ നോവലുകളും മാപ്പിള ലബ്ബ എഴുതിയിട്ടുണ്ട്. അതുതന്നെയും ആരും നോവലുകളെഴുതിയതായി ചരിത്രം രേഖപ്പെടുത്താതിരുന്ന കാലത്ത്. ദക്ഷിണേന്ത്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട ആദ്യ നോവല്‍ 1858ല്‍ ലബ്ബ പ്രസിദ്ധീകരിച്ച ‘മദീനത്തുന്നുഹാസ്’ ആയിരുന്നുവത്രെ. 1880കള്‍ക്ക് ശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷയിലെ നോവല്‍ ചരിത്രം തന്നെ ആരംഭിക്കുന്നത്. അറബിത്തമിഴില്‍ രചിക്കപ്പെട്ടതിനാലാകാം ഈ നോവല്‍ സാഹിത്യ ലോകത്ത് ചര്‍ച്ചക്ക് വിധേയമാകാതെ പോയത്.
തൈക്കാ സാഹിബിന്റെ സന്തതസഹചാരിയായിരുന്നു ലബ്ബ സാഹിബ്. ലബ്ബയുടെ ദൈവഭക്തിയും സൂക്ഷ്മതയും ഖാദിരിയാ ത്വരീഖത്തിലെ തന്റെ മുരീദാക്കാന് സാഹിബിനെ പ്രേരിപ്പിച്ചു. തൈക്കയുടെ കാലശേഷം ത്വരീഖത്തിന്റെ ഖലീഫയായും ലബ്ബ അവരോധിതനായി. അക്കാലത്ത് ഖാദിരിയ്യാ ത്വരീഖത്തിന്റെ ആസ്ഥാനം കീളക്കര തൈക്ക മദ്രസയായിരുന്നു. മദ്രസയുടെ ചുമതലയും അദ്ദേഹം തന്നെ ഏറ്റെടുത്തു. അതിന് ശേഷമാണ് അറൂസിയ്യ മദ്രസ എന്ന് പുനര്‍നാമകരണം നടത്തിയത്. ഉന്നത മതകലാലയമായി അത് വളര്‍ന്നു. കൃത്യമായ സിലബസ് സംവിധാനം നിലനിന്നിരുന്ന ഇന്ത്യയിലെ അപൂര്‍വ മതാദ്ധ്യാപന കേന്ദ്രമായിരുന്നു അത്. ഇവിടുത്തെ സിലബസും അധ്യാപനരീതിയും പഠിക്കാന്‍ ബാഖിയാത്ത് സ്ഥാപിക്കുന്നതിന് മുമ്പ് സ്ഥാപകന്‍ അഅ്ലാ ഹസ്റത്ത്ഇവിടം സന്ദര്‍ശിച്ചിരുന്നുവെന്നാണ് ചരിത്രം.
പ്രബോധനാവശ്യാര്‍ത്ഥം അറേബ്യന്‍ രാഷ്ട്രങ്ങളിലും സിലോണിലുമൊക്കെ ആലിമുല് അറൂസ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം ശ്രീലങ്കയിലായിരുന്നു ചെലവിട്ടത്. കൊളംബോയിലെ മഅനമുസ്സുഅദാ ആസ്ഥാനമാക്കി മുന്നൂറോളം സ്ഥാപനങ്ങളാണ് ലബ്ബ കഠിനപ്രയത്നം കൊണ്ട് പണികഴിപ്പിച്ചത്. 360 മസ്ജിദുകളും ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളിലായി പണിതു. ലബ്ബയുടെ നിസ്വാര്‍ഥ സേവനങ്ങളുടെ സ്മരണക്കായി 1948 ല്‍ പണികഴിപ്പിച്ച അറൂസിയത്തുല് ഖാദിരിയ്യ അറബിക് കോളജ് ശ്രീലങ്കയിലെ ശ്രുതിപ്പെട്ട മതപഠനകേന്ദ്രമാണിന്ന്. ഇസ്ലാമിക പഠനത്തില്‍ സ്ത്രീകള്‍ക്കു പോലും ഇവിടെ നിന്ന് ബിരുദം നല്‍കുന്നുണ്ട്. ആലപ്പുഴയിലെ വടുതലയിലും ലബ്ബാ സാഹിബിന്റെ സേവന സാന്നിധ്യം കാണാനാകും. അവിടുത്തെ കാട്ടുമ്പുറം പള്ളിയിലെ പ്രഥമ ഖത്വീബായിരുന്നു മാപ്പിളലബ്ബ. മൗലല്‍ ബുഖാരി ഇവിടെ ആത്മീയ സാന്നിധ്യമായി ആദ്യകാലത്തുണ്ടായിരുന്നു. ഈ ബന്ധമാണ് ലബ്ബയെ വടുതലയിലെത്തിച്ചത്. മൗലല്‍ ബുഖാരിയുടെ കര്‍മഭൂമിയായ വടക്കന്‍ മലബാറിലെകണ്ണൂരിലും ലബ്ബ നിര്‍മിച്ച തൈക്യാവുകള് കാണാനാവും. കണ്ണൂര്‍ സിറ്റിയിലേതടക്കം നിരവധി പള്ളികള്‍ വടക്കന്‍ മലബാറില്‍ ലബ്ബ നിര്‍മിച്ചിട്ടുണ്ട്.
ഒരുപാട് മഹദ് ജീവിതങ്ങള്‍ രചനയിലൂടെ പരിചയപ്പെടുത്തിയ മാപ്പിള ലബ്ബയുടെ ജീവിതവും മൗലിദ് രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. മകനായ മുഹമ്മദ് സ്വദഖത്തുല്ലാഹില്‍ ഫഖീര്‍ രചിച്ച മവാഹിബുല്‍ ഖുദൂസ് ഫീ മനാഖിബി ആലിമില്‍ അറൂസ് എന്ന മൗലിദ് മാപ്പിള ലബ്ബയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്. ലബ്ബയുടെ ചെറുപ്പ കാലം, വംശപരമ്പര, ശിഷ്യര്‍, മക്കള്‍ എന്നിവയെല്ലാം ഈ മൗലിദില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആലിമുല് അറൂസിന്റെ ജീവിതത്തിലെ അമാനുഷിക സിദ്ധികളെക്കുറിച്ചാണ് മൗലിദിന്റെ അവസാന ഭാഗം. അതില്‍ പറയുന്ന ഒരു സംഭവം ഇങ്ങനെ: ലബ്ബ ഒരിക്കല്‍ മലബാറിലെ ഒരു ഗ്രാമത്തില്‍ വന്നിറങ്ങി. ആ സമയം വെള്ളപ്പാണ്ടു രോഗം പിടിപ്പെട്ട ഒരു അമുസ്ലിം സ്ത്രീ അദ്ദേഹത്തിന്റെ സന്നിധിയിലേക്ക് രോഗശാന്തി തേടിയെത്തി. ലബ്ബ അടുത്തുള്ള വെള്ളത്തില്‍ നിന്ന് വെള്ളം കോരിയെടുത്തു ആ സ്ത്രീയോട് കുടിക്കാന്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ നിന്റെ രോഗം മാറും എന്നും പറഞ്ഞു. ആ സ്ത്രീ പറഞ്ഞ പ്രകാരം ചെയ്തതും രോഗം ഭേദമാകുകയും ചെയ്തു. വെള്ളപ്പാണ്ടിനുള്ള ചികിത്സ അക്കാലത്ത് അപൂര്‍വമാണെന്നത് ചേര്‍ത്ത് വായിക്കണം.
ലബ്ബയുടെ ജീവിതം പരിചയപ്പെടുത്തുന്ന മറ്റൊരു രചനയാണ് മറാഇബുന്നുഫൂസ് ഫീ മനാഖിബി ആലിമില്‍ അറൂസ്. അബ്ദുറഹ്മാനുബ്നു മീരാന്‍ ലബ്ബ മരക്കാര്‍ അല്‍ ഹകീം ആണ് രചയിതാവ്. കീളക്കരയില്‍ ആലിം ഫുലവര് എന്ന പണ്ഡിതനും മാപ്പിള ലബ്ബയെ തവസ്സുലാക്കി ബൈത്ത് രചിച്ചതായി കാണാം. ലബ്ബയുടെ പേരില്‍ അബ്ദുസ്സലാം ഇബ്റാഹീമുല്‍ ഫാഹിം അശ്ശാദുലി എന്നവര്‍ രചിച്ച മര്‍സിയ്യതും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബഹുഭാഷാ പണ്ഡിതനായിരുന്ന തെക്കന്‍ പറപ്പൂരിലെ കുഞ്ഞാലി ഹസന് മുസ്ലിയാരും ചെറിയ സഹോദരന്മാരായ മുഹമ്മദ് അബ്ദുല്‍ ഖാദറും ശൈഖ് അബ്ദുല്‍ ഗഫൂറും ലബ്ബയുടെ പ്രധാന ശിഷ്യരാണ്. മക്കളായ ശൈഖ്അബ്ദുല്‍ ഖാദറും ശൈഖ് ഷാഹുല്‍ഹമീദും അറിയപ്പെട്ട പണ്ഡിതനും ആത്മജ്ഞാനികളുമായിരുന്നു.
ഹിജ്റ 1316 (അഉ 1898) എണ്‍പത്തിനാലാമത്തെ വയസ്സിലാണ് ആലിമുല് അറൂസ് വഫാത്താകുന്നത്. കീളക്കര അറൂസിയ്യാ തൈക്കാവില്‍ തൈക്കാ സാഹിബിന് ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
ജാബിര്‍ എം കാരേപറമ്പ്
You must be logged in to post a comment Login