പ്രധാനമന്ത്രി നരേന്ദ്രമോഡി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും എന്ന തരത്തില്‍ വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന മെയ് 19ന് ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ മുഖപേജില്‍ വന്ന അവലോകനത്തിന്റെ ശീര്‍ഷകമിതാണ്: ‘ഇന്ത്യയുടെ മുന്നിലെ ചോയ്സ്: ‘നമ്മുടെ ട്രംപോ’ അതോ കുഴപ്പം പിടിച്ച ജനാധിപത്യമോ?’ യു.എസ് പ്രസിഡണ്ട് ട്രംപിന്റെ ഇന്ത്യന്‍ അവതാരമായ മോഡിക്ക് അനുകൂലമായിരിക്കും ജനവിധി എന്ന നിഗമനത്തില്‍ ലേഖകനെത്തുന്നത് ആഗോളതലത്തില്‍ തീവ്രവലതുപക്ഷത്തെ പിന്തുണക്കുന്ന ജനാധിപത്യരാജ്യങ്ങളുടെ അനുഭവം മുന്‍നിറുത്തിയാണ്. ഹംഗറിയില്‍ വിക്ടര്‍ ഒര്ബാന് കുടിയേറ്റക്കാരെ പൈശാചികവത്കരിച്ചാണ് സ്വാധീനം വര്‍ധിപ്പിച്ചതും അധികാരം വികസിപ്പിച്ചതും. തുര്‍ക്കിയില്‍ ശത്രുക്കളുടെ കഥകഴിച്ച പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് അധികാരത്തില്‍ പിടിമുറുക്കിയിരിക്കുന്നു. ആസ്ട്രേലിയയില്‍ സ്കോട്ട് മോറിസണ്‍ കര്‍ക്കശ പരിസ്ഥിതി നിയമങ്ങള്‍ കൊണ്ടുവന്നു ജനനേതാവായി അംഗീകാരം കൈക്കലാക്കി. ‘ടൈംസ്’ പറയാന്‍ വിട്ടുപോയ ഒരു പേരുണ്ട്: ബെഞ്ചമിന്‍ നെതന്യാഹു. തുടര്‍ച്ചയായി നാലാം തവണ അധികാരം കൈയാളാന്‍ ജനസമ്മതി നേടിയെടുത്ത ഇസ്രായേലി പ്രധാനമന്ത്രി. ഫലസ്തീനികളുടെ ഉന്മൂലനത്തിനായി ആഗോളസയണസിവുമായി കൈകോര്‍ത്തു കുടിലപദ്ധതികള്‍ മെനയുന്ന കിരാതനായ യഹൂദ ഭരണാധികാരി. ഒരു ഘട്ടത്തില്‍ അമേരിക്ക സന്ദര്‍ശനാനുമതി നിഷേധിച്ച ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരന്‍ എങ്ങനെയാണ് ലോകനേതാക്കളുടെ നിരയിലേക്ക് ഉമ്മട്ടില് ഇരച്ചുകയറിയതെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് വ്യാജവാര്‍ത്ത പോലെ, പലരാലും സൃഷ്ടിക്കപ്പെട്ട വ്യാജപ്രതിച്ഛായനിര്മിതി മോഡി എന്ന പ്രതിഭാസത്തെ എങ്ങനെ രൂപപ്പെടുത്തിയതെന്ന് വ്യക്തമാവുന്നത്. മോഡീപ്രതിഭാസത്തിന്റെ അന്തര്‍ധാരകളെ തിരിച്ചറിയേണ്ടതുണ്ട്. അപ്പോഴേ 2019ലെ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിലൂടെ രണ്ടാമതും ദില്ലി സിംഹാസനത്തില്‍ എത്തിയ മോഡി എന്ന അപൂര്‍വ വ്യക്തിത്വത്തിന്റെ പൊലിമയും അതുയര്‍ത്തുന്ന ഭയാശങ്കകളും കൃത്യമായി നിര്‍ധാരണം ചെയ്യാനാവൂ.
തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യതയിലെത്തിയ ഘട്ടത്തില്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ് (ഇപ്പോഴത്തെ പ്രതിരോധമന്ത്രി) രാഷ്ട്രീയ എതിരാളികളോട് ചോദിച്ച ഒരു ചോദ്യമുണ്ട്: നരേന്ദ്രമോഡിക്ക് പകരം നിങ്ങള്‍ ആരെയാണ് എടുത്തുകാണിക്കുന്നത്.? രാഷ്ട്രീയമായി പ്രസക്തിയുള്ള ചോദ്യമായിരുന്നു അത്. മോഡിക്കു പകരമായി പ്രതിപക്ഷത്തിനു ആരെയെങ്കിലും എടുത്തുകാണിക്കാനുണ്ടായിരുന്നുവോ? ? ഉണ്ടായിരുന്നില്ല എന്നതായിരുന്നില്ലേ സത്യം!. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കുകയായിരുന്നു ഒരു പ്രധാനമന്ത്രിയെ കണ്ടുപിടിക്കാന്‍ പ്രതിപക്ഷം. അങ്ങനെ കോണ്‍ഗ്രസുകാര്‍ കണ്ടുപിടിച്ച നേതാവിനെ അമേഠിയില്‍ ഹിന്ദുത്വവാദികളുടെ റാണി സ്മൃതി ഇറാനി തറപറ്റിച്ചത് ഒരു രാഷ്ട്രീയനേതാവിന്റെ തോല്‍വിയായി മാത്രം കുറച്ചുകാണാനാവില്ല. പ്രതിപക്ഷമില്ലാത്ത ഒരു പാര്‍ലമെന്റാണ് ആര്.എസ്.എസ് സ്വപ്നം കാണുന്നത്. തനിക്കു ഒരു മറുശബ്ദം മോഡി സഹിക്കില്ല. പാര്‍ലമെന്ററി ജനാധിപത്യത്തെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പായി മാറ്റിയെടുക്കാന്‍ മോഡിക്ക് സാധിച്ചത് രാഷ്ട്രീയം മാറ്റിനിറുത്തി വ്യക്തികളെ കേന്ദ്രീകരിച്ചുള്ള മല്‍സരമായി ഇലക്ഷനെ തരംതാഴ്ത്തുന്നതില്‍ വിജയിച്ചത് കൊണ്ടാണ്. എന്നാല്‍ ഒരു ഭാഗത്ത് മോഡിയും മറുഭാഗത്ത് മുഖമില്ലാത്ത പ്രതിപക്ഷവും തമ്മിലായിരുന്നു പോരാട്ടം. 2014ല്‍ ശുഷ്കമായ ജനവിധിയോടെ, 31 ശതമാനം വോട്ടര്‍മാരുടെ പിന്തുണയില്‍, പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോഡി 2019 ആയപ്പോഴേക്കും 38 ശതമാനമായി വികസിപ്പിച്ചെടുത്ത കൃത്രിമ വ്യക്തിപ്രഭാവത്തെ ‘ചൗക്കീദാര്‍ ചോര്‍ ഹെ (കാവല്ക്കാരന് കള്ളനാണ്)’ എന്ന പഞ്ചില്ലാത്ത മുദ്രാവാക്യം കൊണ്ട് തകര്‍ക്കാനാണ് രാഹുല്‍ ഗാന്ധി ഊര്‍ജം മുഴുവന്‍ വൃഥാവിലാക്കിയത്. ‘മേം ഭീ ചൗക്കീദാര്‍ ഹും’ എന്ന പ്രയോഗത്തിലൂടെ തിരിച്ചടിക്കാന്‍ മോഡി കാണിച്ച മെയ്വഴക്കം ആ മനുഷ്യനു മാത്രം സാധിക്കുന്നതാണ്. ”എനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ അലങ്കാരമായി എടുത്തണിയാനുള്ള ശീലം ഞാന്‍ ചെറുപ്പത്തിലേ വളര്‍ത്തിയെടുത്തിട്ടുണ്ട്” എന്ന് പറഞ്ഞ് തന്റെ ട്വിറ്റര്‍ നാമം ‘ചൗക്കീദാര്‍ നരേന്ദ്രമോഡി’ എന്നാക്കി മാറ്റി കാമ്പയിന്റെ ഗതി തിരിച്ചുവിട്ട വിരുതില്‍, ഒരു തന്ത്രം പോലും മെനയാന്‍ സാധിക്കാതെ രാഷ്ട്രീയ ഫക്കീറന്മാരായും മിസ്കീന്മാരായും തിരസ്കരിക്കപ്പെടുകയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍.
വെറുക്കപ്പെട്ട ഭരണത്തലവന്
ഇന്ത്യ കണ്ട ഏറ്റവും വെറുക്കപ്പെട്ട പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ: നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്ന് തന്നെ. ഈ വെറുപ്പ് കേവലം രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പേരിലോ ഭരണവൈകല്യങ്ങള്‍ മുന്‍നിറുത്തിയോ ആയിരുന്നില്ല. പ്രത്യുത, സങ്കുചിതവും വര്‍ഗീയവും അസത്യജഢിലവുമായ ഒരു പ്രത്യയശാസ്ത്രം മുറുകെ പിടിച്ച് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയും സാമാന്യജനത്തിന്റെ ജീവിതങ്ങളില്‍ ആക്രമണോല്സുകമായി ഇടപെടുകയും നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്ത ഇന്ത്യ എന്ന വലിയൊരാശയത്തെ നിഷ്കരുണം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരിലാണ്. വിഭജനത്തിന് തൊട്ടുപിറകെ, ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയും വി.ഡി സവര്‍ക്കറും ഗോള്വാള്ക്കറുമടക്കമുള്ള തീവ്രവലതുപക്ഷം കിണഞ്ഞുശ്രമിച്ചിട്ടും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പട്ടേലിന്റെയുമൊക്കെ ശക്തമായ എതിര്‍പ്പുകൊണ്ട് മാറ്റിവെച്ച ഒരു അജണ്ട, നാഗ്പൂരിലെ ഹെഡ്ഗേവാര്‍ ഭവനില്‍നിന്ന് പൊടിതട്ടിയെടുത്ത് ജനാധിപത്യത്തിന്റെയും ദേശീയതയുടെയും മറവില്‍ നടപ്പാക്കാന്‍ കാട്ടുന്ന അപാരമായ ഇച്ഛാശക്തിയാണ് മോഡി എന്ന പ്രതിഭാസത്തിന്റെ ആകത്തുക. വി.ഡി സവര്‍ക്കര്‍ വിഭാവന ചെയ്യുന്ന ഹിന്ദുത്വയിലധിഷ്ഠിതമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ സ്വാതന്ത്ര്യലബ്ധിയുടെ ഏഴുദശകങ്ങള്ക്കുള്ളില് രാജ്യം പോഷിപ്പിച്ചെടുത്ത ജനാധിപത്യ സ്ഥാപനങ്ങളെയും മതേതര മൂല്യങ്ങളെയും നിഷ്കാസനം ചെയ്യേണ്ടതുണ്ടായിരുന്നു. ജുഡീഷ്യറി, മാധ്യമങ്ങള്‍, സര്‍വകലാശാലകള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്, സൈന്യം തുടങ്ങിയ സംവിധാനങ്ങള്‍ ഹിന്ദുത്വവത്കരണത്തിന് വിധേയമായതിന്റെ ഭവിഷ്യത്താണ് ഇതുവരെ നാം കണ്ടത്. മതേതര ജനാധിപത്യം കാത്തുസൂക്ഷിക്കുമെന്ന ഭരണഘടനയുടെ ഉറപ്പ് പിച്ചിച്ചീന്തപ്പെട്ടപ്പോഴാണ് പൗരസമത്വത്തിന്റെ കാലം കഴിഞ്ഞുവെന്ന പരോക്ഷഭീഷണിയുമായി ന്യൂനപക്ഷങ്ങള്‍ പലവിധേനയും ആക്രമിക്കപ്പെട്ടത്. സെക്കുലറിസം എന്ന പദം പോലും മോഡിയുഗത്തില്‍ അശ്ലീലമായി മാറിയിട്ടുണ്ട്. കാരണം, ഭൂരിപക്ഷത്തിന്റെ മേല്‍ക്കോയ്മ നിരാകരിക്കുന്ന, പൗരന്മാര്ക്ക് തുല്യാവകാശം പ്രദാനം ചെയ്യുന്ന, എല്ലാ മതങ്ങളെയും ഒരേ കണ്ണോടെ നോക്കിക്കാണുന്ന പുരോഗമനപരമായ ആ കാഴ്ചപ്പാടിനെ ആര്.എസ്.എസ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ആ സ്ഥാനത്താണ് ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിന് സവര്‍ക്കര്‍ ഊടും പാവും നല്‍കിയത്. സവര്‍ക്കറുടെ ആശയങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്ന പ്രതിലോമകാരിയായ ഹിന്ദുവിന്റെ പ്രതിനിധാനമായ മോഡിയില്‍നിന്ന് വരുന്ന അഞ്ചുവര്‍ഷം രാജ്യം പ്രതീക്ഷിക്കേണ്ടത് ഭരണഘടനയെ നോക്കുകുത്തിയാക്കി നിറുത്തി, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കുടിശ്ശികയായി മാറ്റിവെച്ച ഹിന്ദുത്വ അജണ്ടയുടെ ത്വരിതഗതിയിലുള്ള പ്രയോഗവത്കരണമായിരിക്കാം.
കാപട്യത്തിന്റെ വേഷപ്പകര്‍ച്ചകള്‍
ഭൂരിപക്ഷസമുദായത്തിലെ ഭൂരിപക്ഷത്തിന്റെ ജനസമ്മതി നരേന്ദ്രമോഡി പിടിച്ചുവാങ്ങിയത് സ്വതസിദ്ധമായ വാക്സാമര്‍ഥ്യത്തിലൂടെയാണ്. അദ്ദേഹം കാഴ്ചവെക്കുന്ന ശരീരഭാഷയും ഭാവഹാവാദികളും എന്തുമാത്രം കാപട്യം നിറഞ്ഞതാണെന്ന് സൂക്ഷ്മവിശകലനത്തില്‍ ആര്‍ക്കാണ് വായിച്ചെടുക്കാനാവാത്തത്? എന്നിട്ടും ജനത്തിന് തിരിച്ചറിയാന്‍ സാധിക്കാത്തവിധം അതിന്റെ തനിമ ചോരാതെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കോര്‍പറേറ്റ് മീഡിയ കാണിക്കുന്ന ഉല്‍സാഹത്തെ എങ്ങനെ അപഗ്രഥിക്കണം? ഇവിടെ വാസ്തവത്തില്‍ മാധ്യമങ്ങളുടെ റോള്‍ ആംപ്ളിഫയറിന്റേത് മാത്രമാണ്. ഏഴാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ച നിമിഷം മോഡിയെ നാം കാണുന്നത് പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെയും അവസാനത്തെയും വാര്‍ത്താസമ്മേളനത്തിലാണ്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ഉത്തരം മുട്ടി, മുഖം നഷ്ടപ്പെട്ട് പരിഹാസ്യനായ മോഡി പിന്നീട് പ്രത്യക്ഷപ്പെടുന്നത് സമുദ്രനിരപ്പില്‍നിന്നും 12,000 അടി ഉയരത്തിലുള്ള കേദാര്‍നാഥിലെ പാറഗുഹയിലാണ്. അതും പൂര്‍ണ സന്ന്യാസ വേഷത്തില്‍. പാറഗുഹക്കുള്ളില് ധ്യാനനിരതനായി കണ്ണടച്ച് കഴിയുന്ന മോഡിയുടെ ചിത്രം നിമിഷാര്‍ധം കൊണ്ട് ലോകമാസകലം മീഡിയ എത്തിച്ചത് ആസൂത്രിതമായാണ്. മതം കാട്ടിയുള്ള പച്ചയായ വോട്ട് പിടുത്തത്തിന്റെ ഭാഗം. ‘പഹാഡി ‘വേഷത്തില്‍ കേദാര്‍നാഥ് ക്ഷേത്രത്തെ പല തവണ വലയം ചെയ്തു യഥാര്‍ഥ ഭക്തനായി രാജ്യത്തിനു മുന്നില്‍ ആത്മീയപ്രഭാവം പ്രദര്‍ശിപ്പിക്കാന്‍ തുനിഞ്ഞ മോഡി ജനാധിപത്യ, മതേതരമൂല്യങ്ങള്‍ തൊട്ട് ശപഥം ചെയ്യുന്ന ഒരു ഭരണഘടനയെ വെല്ലുവിളിക്കുകയായിരുന്നു. എല്ലാറ്റിനുമൊടുവില്‍,’ആത്മീയ തീര്‍ഥയാത്രക്ക്’ അനുമതി നല്കിയ തിരഞ്ഞെടുപ്പ് കമീഷന് നന്ദി പറഞ്ഞുകൊണ്ടുള്ള ജനാധിപത്യ പിത്തലാട്ടവും. വരാനിരിക്കുന്നത് ‘ബോണ്‍സായ് ജനാധിപത്യ’മാണെന്ന് പ്രശസ്ത തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ (സെഫോളജിസ്റ്റ് ) യോഗേന്ദ്രയാദവ് അഭിപ്രായപ്പെട്ടത് ആലങ്കാരികമായല്ല എന്ന് ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. ജനാധിപത്യത്തിന്റെ നിറവും മണവും ഗുണവും ചോര്‍ത്തിക്കളയാന്‍ മോഡി കാട്ടുന്ന മിടുക്ക് എത്ര അപാരമാണ്!
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ആര്.എസ്.എസ് രാജ്യത്തിന്റെ നിഖില മേഖലകളിലും നുഴഞ്ഞുകയറിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇക്കണ്ട പക്ഷപാതപരവും ഹിന്ദുത്വപ്രീണനപരവുമായ പെരുമാറ്റം. കോടികള്‍ മുടക്കി സംവിധാനിച്ച വിവി പാറ്റ് ക്രമീകരണങ്ങളെ എത്ര ലാഘവത്തോടെയാണ് കമ്മീഷന് നിഷ്ഫലമാക്കിയത്!പരമോന്നത നീതിപീഠത്തില്‍ അപ്പീലുമായി പോയിട്ടെന്തുകാര്യം? മോഡി അധികാരത്തില്‍ തുടരുകയാണെങ്കില്‍ 2024ല്‍ ഇതുപോലെ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്ന് സാക്ഷിമഹാരാജ് നല്കിയ താക്കീതിന്റെ പൊരുള്‍ എന്താണ്? ഭരണഘടന ഭേദഗതി ചെയ്യാതെ തന്നെ, മോഡിയും ആര്.എസ്.എസും ഇച്ഛിക്കുന്ന രൂപത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള അന്തരീക്ഷം ഇവിടെ ഒരുങ്ങിക്കഴിഞ്ഞുവെന്ന് ചുരുക്കം. ബി.ജെ.പി മുന്നൂറിലേറെ സീറ്റുമായി അധികാരം നിലനിര്‍ത്തുമെന്ന് അമിത് ഷാ പറഞ്ഞിടത്ത് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നില്ലേ? ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു വിഷയവും ചര്‍ച്ച ചെയ്യാതെ, ഒരു പുല്‍വാമയും ബാലാക്കോട്ടും കൊണ്ട് മോഡി ലക്ഷ്യപ്രാപ്തിയിലെത്തിയത് എന്തു സന്ദേശമാണ് കൈമാറുന്നത്? രാജ്യത്തിന്റെ മുന്നില്‍ കുറെ ‘ശത്രുക്കളെ’ നിരത്തി ഇവരില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ എനിക്കേ കഴിയൂ എന്ന് വീമ്പിളക്കുന്നതിനെയാണ് പൗരുഷത്തിന്റെ ലക്ഷണമായി ഹിന്ദുത്വവാദികള്‍ എണ്ണുന്നത്. പാകിസ്താനിലേക്ക് ചൂണ്ടി, അല്ലെങ്കില്‍ ശ്രീലങ്കയിലെ തീവ്രവാദികളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട്, മുസ്ലിം ഭീകരവാദികളെ കുറിച്ച് ഭയാശങ്കകള്‍ വിതയ്ക്കാനും ഇവിടുത്തെ 20കോടി ന്യൂനപക്ഷങ്ങളും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തിത്തീര്‍ക്കാനും ഇന്നത്തെ ചുറ്റുപാടില്‍ മോഡിയുടെ മുന്നില്‍ ഒരു തടസ്സവുമില്ല. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ മുസ്ലിംകള്, എത്ര വര്‍ഷം ഇവിടെ താമസിച്ചാലും വേണ്ടില്ല, അവര്‍ ചെള്ളുകളാണെന്നും ആട്ടിയോടിച്ചോ തീയിട്ട് കൊന്നോ ഉന്മൂലനം ചെയ്യേണ്ടവരാണെന്നും ഭരണകൂടം നിഷ്കര്‍ഷിച്ചാല്‍, ഹിറ്റ്ലര്‍ ഓര്‍മപ്പെടുത്തിയത് പോലെ, കോണ്സെന്ട്രേഷന് ക്യാമ്പിലെത്തുന്നരോട് ‘മനുഷ്യത്വപരമായി പെരുമാറിക്കൊണ്ടാവണം’ കൂട്ടക്കൊല നടത്തേണ്ടതെന്ന് പറഞ്ഞാല്‍ മതി, വരിയുടക്കപ്പെട്ട പ്രതിപക്ഷപാര്‍ട്ടികളും നീതിന്യായ കോടതികളും ഹാലേലുയ്യ പാടിക്കോളും. കാര്‍ഗില്‍ പോരാളി സനാഉല്ല എന്ന അസംസ്വദേശിയുടെ ജീവിതാനുഭവം ഒരു പാഠമായി നമ്മുടെ മുന്നിലുണ്ട്. മുപ്പത് വര്‍ഷം രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്ത സൈനിക ഉദ്യോഗസ്ഥനെ കോണ്സെന്ട്രേഷന് ക്യാമ്പിലേക്ക് പറഞ്ഞുവിട്ട ഒരു വ്യവസ്ഥിതി നാസിസത്തിന്റേതല്ലാതെ മറ്റെന്താണ്? മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പ്രജ്ഞസിങ് ഠാക്കൂറിനെപോലുള്ള അംഗങ്ങള്‍ പാര്ലമെന്റിലുണ്ടാകുമ്പോള്, ആസുരതയുടെ ഏത് മറുകരയിലേക്കാണ് നീന്തിക്കടക്കാന്‍ സാധിക്കാതിരിക്കുക!
ജാസിം ഹസ്സന്
You must be logged in to post a comment Login