അതിനിര്‍ഭാഗ്യകരവും പ്രതീക്ഷിതവുമായ ഒരു സമ്പൂര്‍ണ പതനത്തിന്റെ നാള്‍വഴികളാണ് ഇനി നിങ്ങള്‍ വായിക്കുക. പല നിലകളില്‍ അനിവാര്യമായിരുന്ന ഒരു സാന്നിധ്യം അതിന്റെ അവസാനതുരുത്തില്‍ പോലും കടപുഴകിയതിന്റെ നൈരാശ്യം ഇനി എഴുതപ്പെടുന്ന വാക്കുകളില്‍ പുതഞ്ഞു കിടപ്പുണ്ടെങ്കില്‍ അത് യാദൃച്ഛികമല്ല. മറിച്ച്, ഇന്ത്യന്‍ ജനാധിപത്യത്തിലും ഇന്ത്യന്‍ പൗരസമൂഹത്തിന്റെ ആധുനീകരണത്തിലും നിര്‍ണായകപദവി വഹിക്കാന്‍ പാങ്ങുണ്ടായിരുന്ന ഒരു പ്രസ്ഥാനം അതിന്റെ തന്നെ വൈമുഖ്യങ്ങള്‍ കൊണ്ട് തകര്‍ന്നടിഞ്ഞതിന്റെ സ്വാഭാവികമായ അനുരണനമാണ്. ജനാധിപത്യത്തെയും അതിന്റെ ഭാവിയെയും ബഹുസ്വരതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും സംബന്ധിച്ച നമ്മുടെ പ്രതീക്ഷകളുടെ കാവല്ക്കാര് ഒന്നൊന്നായി നിലം പൊത്തുകയാണല്ലോ എന്ന നടുക്കമാണ്. പക്ഷേ, എന്തുകൊണ്ട് എന്ന ചോദ്യം നമ്മളെങ്കിലും സത്യസന്ധമായി ചോദിക്കണം. ഉത്തരങ്ങള്‍ കഠിനമായി തിരയണം. കാരണം അവര്‍ വീണുപോയിട്ടും സത്യം പറയുന്നില്ല. സത്യം തിരയുന്നില്ല. അവര്‍ പലപ്പോഴായി ഉയര്‍ത്തിയ നിലപാടുകള്‍ക്കൊപ്പം ഉപാധികളില്ലാതെ നിലകൊണ്ട മനുഷ്യരെ അവര്‍ വഞ്ചിക്കാനൊരുങ്ങുകയാണ്. കണ്ണാടി കാണ്മോളവും അത് തുടരുമെന്നതിനാല്‍ കണ്ണാടികള്‍ നിരത്തി വെക്കേണ്ടിയിരിക്കുന്നു.
പറയുന്നത് സി.പി.എമ്മിനെക്കുറിച്ചാണ്. പറയേണ്ടത് കേന്ദ്രകമ്മിറ്റിയാണ്. പറഞ്ഞിരിക്കുന്നു:
‘The voters in Kerala felt that the Congress will be in a better position for the formation of an alternative secular government which resulted in sections of secular-minded people and minorities voting for them. The correct stand of the LDF government which was bound to implement the Supreme Court judgment on Sabarimala was utilized by the BJP and UDF to create misgivings amongst a section of believers. The Patry will make all efforts to bring back these sections into our fold…..” (CC Communique..Date: Monday, June 10, 2019).
സി.പി.എമ്മിനെ സംബന്ധിച്ച അവസാന വാക്കാണ് കേന്ദ്രകമ്മിറ്റി. അതിന് മുകളില്‍ കമ്മിറ്റിയില്ല, നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമേയുള്ളൂ. പാര്‍ട്ടികോണ്‍ഗ്രസ് വരെ കാത്തിരിക്കാന്‍ പറ്റാത്ത രാഷ്ട്രീയ സാഹചര്യണ്ടായാല് പ്ലീനം ചേരും. പോളിറ്റ് ബ്യൂറോ പോലും കേന്ദ്രകമ്മിറ്റിയുടെ മേല്കമ്മറ്റിയല്ല. ഒരു സംവിധാനം മാത്രമാണ്. ബ്രാഞ്ച് മുതല്‍ കേന്ദ്രകമ്മിറ്റി വരെ നീളുന്ന സുഘടിതമായ സംഘടനാ സംവിധാനമാണ് സി.പി.എം. ബ്രാഞ്ച് ആണ് പ്രാഥമികം. ബ്രാഞ്ച്കമ്മിറ്റി എന്ന ഒന്നില്ല. ഒരു പ്രദേശത്തെ എല്ലാ പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്ന ഘടകമാണ് ബ്രാഞ്ച്. ലോക്കല്‍, ഏരിയ, ജില്ല, സംസ്ഥാന ഘടകങ്ങള്‍ കഴിഞ്ഞാല്‍ കേന്ദ്ര കമ്മിറ്റിയാണ്. പൊതുവിജ്ഞാനത്തിന് വേണ്ടി പറഞ്ഞതല്ല. ഇങ്ങനെ എല്ലാം ചിട്ടപ്പടിയുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് സി.പി.എം എന്ന് ഓര്‍മിപ്പിച്ചതാണ്.
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാത്ത സമയത്ത് കേന്ദ്രകമ്മിറ്റി നടത്തുന്ന തീര്‍പ്പാണ് സി.പി.എമ്മിനെ സംബന്ധിച്ച് തീര്‍പ്പ്. അത് തിരുത്താന്‍ പാങ്ങുള്ളത് പാര്‍ട്ടി കോണ്‍ഗ്രസിനാണ്. അതിനാല്‍ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചു എന്നതിന് സി.പി.എം നല്കുന്ന ഔദ്യോഗിക ഉത്തരം ഒട്ടും ദീര്‍ഘമല്ലാത്ത ഈ കുറിപ്പാണ്. ഇക്കഴിഞ്ഞ ജൂണ്‍ പത്തിന് സി.പി.എം ഔദ്യോഗിക വെബ്സൈറ്റില്‍ ്രപസിദ്ധീകരിച്ച ആ കുറിപ്പില്‍; കമ്യൂണിക്കെ എന്ന് കമ്യൂണിസ്റ്റ് പ്രയോഗം; അവശേഷിക്കുന്ന ശക്തി കേന്ദ്രമായ കേരളത്തില്‍ നേരിട്ട വമ്പന്‍ തോല്‍വി സംബന്ധിച്ച സി.പി.എമ്മിന്റെ നിഗമനമാണ് മുകളില്‍ ഉദ്ധരിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതര സര്‍ക്കാരുണ്ടാകും എന്ന പ്രതീക്ഷയില്‍ മതേതരരും ന്യൂനപക്ഷങ്ങളും കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ശബരിമല വിഷയത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശരിയായ നിലപാട് വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഉപയോഗിച്ചു. ആ വിഭാഗത്തെ; അതായത് വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി എല്ലാ ശ്രമങ്ങളും നടത്തും. ഇത്രയുമാണ് കമ്യൂണിക്കെയിലെ കേരള ഭാഗം. നിങ്ങള്‍ക്ക് അറിയുന്നതുപോലെ കേരള ഘടകത്തിന് വലിയ സ്വാധീനമുണ്ട് കേന്ദ്ര കമ്മിറ്റിയില്‍. അതിനാല്‍ കേരളത്തിലെ പാര്‍ട്ടി ഘടകം നല്കിയ റിപ്പോര്‍ട്ട് വള്ളിപുള്ളി തെറ്റാതെ കേന്ദ്രകമ്മിറ്റി നോട്ടാക്കി എന്ന് ഊഹിക്കാം. അപ്പോള്‍ സി.പി.എം മനസിലാക്കിയത് ഇങ്ങനെയാണ്; ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിച്ചു; മതേതരര്‍ കോണ്‍ഗ്രസിനെ വിശ്വസിച്ചു; വിശ്വാസികള്‍ തെറ്റിദ്ധരിച്ചു, അതിനാല്‍ കേരളത്തില്‍ തോറ്റു. ബംഗാളിലും ത്രിപുരയിലുമോ?
In West Bengal, elections were held in a highly polarized atmosphere. The media played a big role in building a binary narrative that aided such polarization between the TMC and the BJP. The communally charged campaign further polarized the voters. There was a high anti-incumbency against the TMC. The CPI(M) and the Left Front were not seen as the alternative and this led to a shift in a section of our traditional votes. The Congress’s refusal to accept the Left’s proposal for maximizing the pooling of anti-BJP, anti-TMC votes bolstered this binary narrative.
In Tripura, one of the two seats was by and large rigged. In the reserved ST seat won by the BJP, the Congress came second.’
In both these states as well, the Party committees are evaluating earnestly the erosion in our traditional support base and will draw up urgent steps to be undertaken to bring these sections back into our fold. ബംഗാളില്‍ ധ്രുവീകരണം നടന്നു. തൃണമൂല്‍ – ബി.ജെ.പി പോരാട്ടമെന്ന പ്രതീതി പരന്നു. മാധ്യമങ്ങളാണ് ആ ്രപതീതി സൃഷ്ടിച്ചത്. വര്‍ഗീയ പ്രചാരണവും വോട്ടര്‍മാരെ സ്വാധീനിച്ചു. സി.പി.എമ്മിനേയോ ഇടതുപക്ഷത്തേയോ ഒരു ബദലായി വോട്ടര്‍മാര്‍ കണ്ടില്ല. കഴിഞ്ഞു. ത്രിപുര ഒറ്റവരിയില്‍ ഒതുങ്ങി. ഇത്രയുമാണ് കമ്യുണിക്കെ.
ഇന്ത്യന്‍ ഔദ്യോഗിക ഇടതുപക്ഷം, വിശേഷിച്ച് അതിന്റെ നേതൃപദവി കയ്യാളുന്ന സി. പി. എം, അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ നിഷ്കാസനം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ബംഗാളിലും ത്രിപുരയിലും അക്ഷരാര്‍ഥത്തില്‍ മാഞ്ഞുപോയി. മാഞ്ഞുപോയി എന്ന, ഭാഷയിലെ മൃദുപദം കൊണ്ട് ആ നിഷ്ക്രമണത്തിന്റ, അസ്തമയത്തിന്റെ ആഴത്തെ രേഖപ്പെടുത്തിക്കൂടാ എന്നറിയാഞ്ഞല്ല. ബംഗാളിനെ സംബന്ധിച്ച് ്രപത്യേകിച്ചും. വോട്ടര്‍മാര്‍ സി.പി.എമ്മിനെ ബദലായി കണ്ടില്ല എന്ന ഒറ്റവരിയുടെ കുറ്റസമ്മതത്തില്‍ തീരില്ല ബംഗാള്‍ പതനം. പതിറ്റാണ്ടുകള്‍ നാടും നഗരവും വാണ ഒരു പ്രസ്ഥാനം എങ്ങനെയാണ് ഇങ്ങനെ ആയത്?. പലവുരു സി.പി.എം പറഞ്ഞുകഴിഞ്ഞ കാര്യങ്ങളല്ലേ എന്ന നിങ്ങളുടെ സംശയം ന്യായമാണ്. പക്ഷേ, പറഞ്ഞതെല്ലാം പതിരായിരുന്നു. വാസ്തവത്തില്‍ ബംഗാളില്‍ എന്താണ് സംഭവിച്ചത്? അതിന്റെ ഉത്തരമാണ് ഇത്രമേല്‍ ഭയാനകമായ മാഞ്ഞുപോകല്‍.
ബംഗാള്‍ കമ്മ്യൂണിസ്റ്റ് ബംഗാള്‍ ആയിരുന്നോ? നല്ല ചോദ്യം. 1977 മുതല്‍ 2011 വരെ അപ്രതിരോധ്യരായി ബംഗാള്‍ വാണതാരാണ്? മമതബാനര്‍ജിയുടെ ഉയിര്പ്പിന് മുന്‍പ് ആരാണ് ബംഗാളിന്റെ നെടുനായകത്വം വഹിച്ചത്? ഉത്തരം സി.പി.എം എന്നുതന്നെയാണ്. ചോദ്യം പക്ഷേ ശ്രദ്ധിച്ചുവോ? ബംഗാള്‍ കമ്മ്യൂണിസ്റ്റ് ബംഗാള്‍ ആയിരുന്നോ എന്നായിരുന്നു ചോദ്യം. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ മഹാരംഗവേദിയായിരുന്നു ബംഗാള്‍ എന്ന് നാം വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. കേരളത്തിലെന്നപോലെ ബംഗാള്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ് അവിടത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വ്യാപനമെന്നും നാം അറിഞ്ഞിട്ടുണ്ട്. രാജാറാം മോഹന്‍ റായ്, അബനീന്ദ്രനാഥ ടാഗോര്‍, രബീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ച്രന്ദബോസ് എന്നിങ്ങനെ എണ്ണം പറഞ്ഞ നൂറ് കണക്കിന് മഹാരഥന്മാരുടെ പേരുകള്‍ കേള്‍ക്കുന്നുമുണ്ട്. അവര്‍ ഉഴുതുമറിച്ച മണ്ണില്‍ ( അതേ പഴകിയ ഉപമയാണ്, നാരായണ ഗുരു ഉഴുതുമറിച്ച മണ്ണില്‍ എന്ന് കേരളത്തില്‍ പാടും) കമ്യൂണിസ്റ്റ് പാര്‍ട്ടി വിത്തിട്ട് വിളകൊയ്തു എന്ന മട്ടില്‍ എത്രയോ പാട്ടുകള്‍. സത്യം പക്ഷേ, അതായിരുന്നില്ല.
ബംഗാളില്‍ നിന്ന് നിങ്ങള്‍ കേട്ട വാര്‍ത്തകള്‍ (ബംഗാളില്‍ നിന്ന് വാര്‍ത്തകളില്ല എന്ന് കെ.ജി.എസിന്റെ കവിത) ശരിയായിരുന്നില്ല. അടിത്തട്ടുകളെ അടിച്ചമര്‍ത്തി വാണ വരേണ്യതയുടെ പ്രത്യയശാസ്ത്രത്തെ നാം കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് തെറ്റായി മനസിലാക്കുകയായിരുന്നു. നവോത്ഥാനം നാടുകടത്തിയ ബ്രാഹ്മണിക് തൊപ്പികള്‍ കമ്യുണിസ്റ്റ് കാര്‍ഡിറക്കി അതേപടി തിരിച്ചുവരികയായിരുന്നു. ഉപരിവര്‍ഗ ഭദ്രലോകത്തിന്റെ; ബംഗാളി ഭദ്രലോക് എന്ന് വാഴ്ത്തപ്പെട്ടവര്‍; താല്‍ക്കാലിക അഭയമായിരുന്നു അതേ ഭദ്രലോകത്തിന്റെ ആളുകളാല്‍ നയിക്കപ്പെട്ട ബംഗാള്‍ മാര്‍ക്സിസം. ബംഗാളി ഗ്രാമങ്ങള്‍ വിധേയത്വത്തിന്റെയും അടിമത്തത്തിന്റെയും ഭാഷയാണ് സംസാരിച്ചത്. ആ ഭാഷ തങ്ങളോട് തക്കം കിട്ടിയാല്‍ പ്രതികാരം ചെയ്യുമെന്ന് സി.പി.എം മനസിലാക്കിയില്ല. ബംഗാളില്‍ സംഭവിച്ചത് അതാണ്. ജനങ്ങളുടെ അടിസ്ഥാന ഭാഷ മനസിലാക്കുന്നതില്‍, അവരുടെ മനോനിലകള്‍ എണ്ണുന്നതില്‍ വീഴ്ചപറ്റി. അധികാരത്തിലേക്ക് പിറന്നുവീണ പുത്തന്‍കൂറ്റ് കമ്മ്യൂണിസ്റ്റുകള്‍ക്ക് വിയര്‍പ്പ് മണമുള്ള ബംഗാളി ദരിദ്രനെ മനസിലായില്ല. അവര്‍ക്ക് അടിസ്ഥാനാവശ്യങ്ങളുണ്ടെന്ന് മനസിലായില്ല. വ്യവസായവും വികസനവും നഗരകേന്ദ്രിതമായത് തിരിച്ചടി ഉണ്ടാക്കുമെന്ന് മനസിലായില്ല. എന്നാല്‍ അവരുടെ, ദരിദ്ര ഗ്രാമീണരുെട ഭാഷയില്‍ മമതബാനര്‍ജി സംസാരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ ഒപ്പം വന്നു. ഒപ്പം വരാത്തവരെ മമതക്കൊപ്പം കൂടിയവര്‍ തിരിഞ്ഞുനിന്ന് തല്ലി. അധികാരം നഷ്ടമായതോടെ അനങ്ങാപ്പാറകളായ സി.പി.എമ്മുകാര്‍ തല്ലുകൊണ്ടവരെ സംരക്ഷിച്ചില്ല. അവിടേക്കാണ് കായബലവും കാശ് ബലവുമുള്ള ബി.ജെ.പി വന്നത്. തല്ലുകൊണ്ട് വശം കെട്ടവര്‍ അവിടേക്ക് പാഞ്ഞുകയറി. ഫലം ചിത്രത്തില്‍ തൃണമൂലും ബി.ജെ.പിയും മാത്രമായി. മാധ്യമങ്ങള്‍ സൃഷ്ടിച്ച ബൈനറി, ധ്രുവീകരണം എന്നീ ചപ്പടാച്ചികള്കൊണ്ട് മറച്ചുവെക്കാനാവില്ല ബംഗാളിനെ എന്ന് സാരം. അടിത്തട്ട് ജീവിതങ്ങളെ അവഗണിച്ചതാണ്, അധികാരത്താല്‍ അടിമുടി ദുഷിച്ചതാണ് തങ്ങളെ ജനങ്ങളില്‍ നിന്ന് അകറ്റിയതെന്ന് മനസിലാക്കണം. ബംഗാളിനെ സംബന്ധിച്ച് അതിനാല്‍ കേന്ദ്രകമ്മിറ്റി നടത്തിയ ഈ അലസനിഗമനം സി.പി.എം ബംഗാളിനെ പൂര്‍ണമായി കയ്യൊഴിഞ്ഞു എന്നതിന്റെ പല തെളിവുകളില്‍ ഒന്ന് മാത്രമാണ്. അവശേഷിക്കുന്ന തുരുത്തായ കേരളത്തിലേക്കും ബംഗാളില്‍ നിന്ന് ഒരു ഹൈവേ ഉണ്ട്.
കേരളത്തില്‍ നിലം പൊത്തിയതിന്റെ നാലുവരി കാരണം വായിച്ചല്ലോ? ”കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതര സര്‍ക്കാരുണ്ടാകും എന്ന പ്രതീക്ഷയില്‍ മതേതരരും ന്യൂനപക്ഷങ്ങളും കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ശബരിമല വിഷയത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശരിയായ നിലപാട് വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഉപയോഗിച്ചു.” മതേതരരും ന്യൂനപക്ഷങ്ങളും എന്ന പ്രയോഗം ശ്രദ്ധിക്കണം. വീഴ്ച സി.പി.എമ്മിന്റേതല്ല. വോട്ട് ചെയ്ത മതേതരമനുഷ്യരുടേതാണ്. കോണ്‍ഗ്രസിനെ വിശ്വസിച്ച ന്യൂനപക്ഷങ്ങളുടേതാണ്. അപ്പോള്‍ ഈ രണ്ട് വിഭാഗത്തിലും സി.പി.എം ഇല്ലേ എന്ന ചോദ്യം അവിടെ നില്ക്കട്ടെ; എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് പറയേണ്ടതല്ലേ? ഉദാഹരണം കാസര്‍കോട്. സതീഷ് ചന്ദ്രന് എന്ന കറയും മറയുമില്ലാത്ത മനുഷ്യന് അത് രണ്ടും ധാരാളമായുള്ള, കോണ്‍ഗ്രസിന് തന്നെ അനഭിമതനായ രാജ്മോഹന്‍ ഉണ്ണിത്താനോട് എങ്ങനെ തോറ്റു. അതും ഇത്ര വലിയ ഭൂരിപക്ഷത്തിന്? ആ ചോദ്യത്തിന്റെ ഉത്തരത്തില്‍ സി.പി.എം ഭാവിയില്‍ നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധികളുടെ നിഴലാട്ടങ്ങളുണ്ട്.
കാസര്‍കോട്ടെ തോല്‍വി ന്യൂനപക്ഷ ധ്രുവീകരണം, മോഡിപ്പേടി, കോണ്‍ഗ്രസിലുള്ള വിശ്വാസം എന്നെല്ലാം ഉറപ്പിക്കും മുന്‍പ് പെരിയ ഇരട്ടക്കൊല ഓര്‍മിക്കണം. സതീഷ് ചന്ദ്രന് എന്ന വ്യക്തിയോട് അഗാധമായ ആദരവ് പുലര്‍ത്തുമ്പോഴും ”എനി ഒരു കുഞ്ഞീന്റേം ചോര വീഴരുത്” എന്ന വിലാപത്തോടെ ആ മനുഷ്യര്‍ പകവീട്ടിയത് കാണാതിരിക്കരുത്. അരും കൊലകളും അക്രമങ്ങളുമാണ്, അതിനോടുള്ള നേതൃത്വത്തിന്റെ സമീപനമാണ് കാസര്‍കോട് തോല്പിച്ചത്. കേരളത്തില്‍ എല്ലായിടത്തും തോല്പിച്ചത്. കൊന്നവരെ ന്യായീകരിക്കുന്നവര്‍ക്ക് ക്രിമിനല്‍ മനസുള്ള ചില അണികളുടെ കയ്യടി കിട്ടിയേക്കാം. പരിഷ്കൃത സമൂഹം അത് വകവെച്ച് തരില്ല. വാട്ട്സാപിനാലും ഫേസ്ബുക്കിനാലും വലയം ചെയ്യപ്പെട്ട ലോകമാണിത്. നിങ്ങളുടെ വാളനക്കങ്ങള് ലോകം കാണുന്നുണ്ട്.
കഷ്ടം. വരൂ കണക്ക് പറയാമെന്ന് ഒരു ശബ്ദം കേള്‍ക്കുന്നില്ലേ? ഞങ്ങടെ ആളുകളല്ലേ കൂടുതല്‍ കൊല്ലപ്പെട്ടതെന്ന ആക്രോശം മുഴങ്ങുന്നില്ലേ? അതെ. നിങ്ങളാണ് കൂടുതല്‍ കൊല്ലപ്പെട്ടത്. അതിനാലാണ് നിങ്ങളോട് നിര്‍ത്താന്‍ പറയുന്നത്. ഷുഹൈബിന്റെ, ഷുക്കൂറിന്റെ രക്തമല്ലേ പി.ജയരാജനെ തോല്പിച്ചത്? കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരാളെ, സംശയത്തിന്റെ നിഴലില്‍ നിന്ന് അയാള്‍ പുറത്ത് വരും മുന്‍പ് സ്ഥാനാര്‍ഥിയാക്കിയതിലൂടെ സി.പി.എം നല്കിയ സന്ദേശം നവമാധ്യമങ്ങളിലൂടെ പാറിപ്പറന്നു. പത്തൊന്‍പത് മണ്ഡലങ്ങളില്‍ അത് സി.പി.എമ്മിന്റെ ചിറകരിഞ്ഞു. ഈ കുറിപ്പെഴുതുമ്പോള്‍ മുന്നില്‍ ഒരു ദൃശ്യമുണ്ട്. സി.ഒ.ടി നസീര്‍ എന്ന ചെറുപ്പക്കാരനെ ഒരു സംഘം ആക്രമിക്കുന്നതിന്റെ. തലശ്ശേരിയിലെ സി.പി.എം നേതാവായിരുന്നു. എ.എന്‍. ഷംസീറിനെപ്പോലെ മുസ്ലിം വിഭാഗത്തില്‍ നിന്ന് സി.പി.എമ്മില്‍ ഉയര്‍ന്ന് വന്ന നേതാവ്. പിന്നീട് നസീര്‍ പാര്‍ട്ടി വിട്ടു. വടകരയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി. ആ ബൈക്കില്‍ ചീറിവന്ന് നസീറിന്റെ കാല് തകര്‍ത്ത ആ ക്രിമിനല്‍ ആരാണ്? ആ ദൃശ്യം കാണുന്ന ഒരു മനുഷ്യന്, ആ ദൃശ്യം കാണുന്ന സ്വതവേ അരക്ഷിതത്വമുള്ള ന്യൂനപക്ഷം എന്ത് ചിന്തിക്കും? നവമാധ്യമങ്ങള്‍ക്ക് മുന്‍പ്, സി.സി ടി.വിക്ക് മുന്‍പ് ഈ പൈശാചികത്വങ്ങള്‍ വാക്കുകളായും വരികളായും മാത്രമേ കേരളം കണ്ടിരുന്നുള്ളൂ. തെരുവ് വിളക്കുകള്‍ നാട്ടുപ്രേതങ്ങളെയും യക്ഷികളെയും ഇല്ലാതാക്കിയത് മറക്കരുത്,
ഇതൊരു തുറുകണ്ണന്‍ ലോകമാണ്.
വീണ്ടും കാസര്‍കോട്ടേക്ക്. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് കോണ്‍ഗ്രസും ബി.ജെ.പിയും പ്രചാരണായുധമാക്കി. കാസര്‍കോട്ട് മാത്രമല്ല, കേരളത്തിലെമ്പാടും. ഹിന്ദു വിശ്വാസികള്‍ മാത്രമല്ല, മുസ്ലിം ക്രിസ്ത്യന്‍ വിശ്വാസികളും സര്‍ക്കാരിനെതിരെ വോട്ട് ചെയ്തു. വിശ്വാസവും ആചാരങ്ങളുമുള്ളവര്‍ കൂട്ടത്തോടെ ഭയന്നു എന്ന് സാരം. ആ ഭയക്കല്‍ കുറ്റകരമാണോ? അല്ല. ജനാധിപത്യം ബഹുസ്വരതയുടെ ആഘോഷമാണ്. സമവായമാണ് അതിന്റെ കല. എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കാള്‍ സമവായത്തിന്റെ കല എങ്ങനെ പറയുന്നു, എങ്ങനെ ചെയ്യുന്നു എന്നതാണ്. ശബരിമലയില്‍ മറ്റൊരു ഭാഷ ആകാമായിരുന്നു എന്ന് ജനങ്ങള്‍ പറഞ്ഞതാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. ഒരു സര്‍വകക്ഷി യോഗവും ഒരു സാവകാശ ഹരജിയും കൊണ്ട് എളുപ്പത്തില്‍ പരിഹരിക്കാമായിരുന്ന ശബരിമല വിഷയത്തെ അധികാരത്തിന്റെ ആഘോഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആ ആഘോഷം 20 മണ്ഡലങ്ങളിലും തിരിച്ചടിച്ചു. കേരളീയ സമൂഹത്തിന്റെ മനോഘടനയിലെ ബലമുള്ള നാരുകള്‍ കണ്ടെത്തുന്നതില്‍ മുമ്പ് പലപ്പോഴുമെന്ന പോലെ ഇപ്പോഴും സി.പി.എം പരാജയപ്പെട്ടു. പൂജാമുറിയില്‍ പൂന്താനവും പുറത്ത് ചെഗുവേരയുമെന്ന ക്ലീഷെ പക്ഷേ, കാലഹരണപ്പെട്ട ക്ലീഷെ അല്ല. വിശ്വാസാധിഷ്ഠിതവും ജാതിബദ്ധവും ആയിരിക്കെ സമത്വവാദിയും എന്തിന് കമ്മ്യൂണിസ്റ്റുവരെ ആകാന്‍ കഴിയുന്ന മനോനിലയുണ്ട് കേരളത്തിന്. വനിതാമതിലില്‍ നിന്ന് നാമജപത്തിലേക്ക് മനസാക്ഷിക്കുത്തില്ലാതെ ആ മനോനില അവരെ നടത്തും. നിശ്ചയമായും അത് തെറ്റല്ല. ഓരോ സമൂഹവും രൂപപ്പെടുന്നത് പലതരം ബലങ്ങളാലാണ്. ഒറ്റ അച്ചില്‍ സമൂഹത്തെ നിര്‍മിക്കല്‍ സാധ്യമല്ല. റഷ്യയില്‍ പരാജയപ്പെട്ട നിര്‍മിതികളെ ഓര്‍ക്കുക. നവോത്ഥാനത്തെക്കുറിച്ചുള്ള ഭാഷണങ്ങള്‍ മലയാളിക്കിഷ്ടമാണ്. പക്ഷേ, ബംഗാളി ഭദ്രലോകത്തിന്റെ അതേ മനോനിലയില്‍, രബീന്ദ്ര സംഗീതം കേള്‍ക്കുന്ന അതേ ആനന്ദലഹരിയിലാണ് ഭൂരിപക്ഷമലയാളി ആ ഭാഷണങ്ങള്‍ കേള്‍ക്കുക. സുനില്‍ പി. ഇളയിടത്തിന് ലഭിക്കുന്ന വന്‍ സ്വീകാര്യതയിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ ആ ഭദ്രലോകത്തെ കാണാം. അവര്‍ അദ്ദേഹത്താല്‍ ആനന്ദപ്പെടുകയാണ്. കമ്യൂണിസ്റ്റുകള്‍ക്ക് പൊതുവിലും ആധുനികര്‍ക്ക് വിശേഷിച്ചും അന്യമായ ഒരു ശൈലിയാണ് സുനിലിനെ ജനപ്രിയനാക്കിയത്. ആ ജനപ്രിയത നവോത്ഥാനത്തിന്റെ ചെലവില്‍ എഴുതിയാല്‍ കണക്ക് തെറ്റും. കാരണം ഇളയിടത്തെ ആസ്വദിച്ച് കയ്യടിച്ച് അവര്‍ പോകുന്നത് വീടുകളിലേക്കാണ്. ആ വീടുകള്‍ പഴയ അതേ വീടുകളാണ്. നവോത്ഥാനമെന്നതിനെ ദയനീയമായി തെറ്റിദ്ധരിച്ചിരിക്കുന്നു സി.പി.എം. അതിന്റെ ഫലം കൂടിയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്.
ചുരുക്കത്തില്‍, അടിസ്ഥാന ജനതക്ക് മേല്‍ അധികാരത്തെ സ്ഥാപിച്ചതാണ്, ആ അധികാരത്തെ ആഘോഷമാക്കിയതാണ്, അധികാരമെന്ന പ്രേലാഭനീയമായ പ്രതിഫലം ആവോളം സ്വന്തമാക്കി നടത്തുന്ന രാഷ്ട്രീയ ്രപവര്ത്തനമെന്ന പ്രൊഫഷനെ സേവനം, വിപ്ലവം തുടങ്ങിയ കാല്പനിക പദാവലികളില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതാണ്, അതിന്റെ മറവില്‍ ശരീരത്തിലും വാക്കിലും ആവാഹിച്ച പെരുമാറ്റ വൈകല്യങ്ങളാണ്, മറയില്ലാതെ നടത്തിയ അരും കൊലകളാണ് സി.പി.എമ്മിനെ തകര്‍ത്തത്. അടിത്തട്ടില്‍ സി.പി.എം ഒറ്റപ്പെട്ടിരിക്കുന്നു. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഒറ്റ വഴിയേ ഉള്ളൂ. ജനങ്ങളെ മനസിലാക്കുക എന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്കുള്ള വ്യക്തികളുടെ ഔദാര്യമല്ല, അധികാരമെന്ന വന്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനാണ് എന്ന വിനയത്തിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ ഇറങ്ങി വരുക. നിങ്ങള്‍ ആരും, ഒരു വ്യക്തിയും അനിവാര്യരല്ല എന്ന് പച്ചയ്ക്ക് പറഞ്ഞതാണ് വോട്ടെടുപ്പില്‍ കണ്ടത്. സതീഷ് ചന്ദ്രന് പകരം രാജ്മോഹന്‍ ഉണ്ണിത്താനെ ജയിപ്പിച്ച കാസര്‍കോട് സി.പി.എമ്മിന് നല്കിയ സന്ദേശം അതാണ്. അണികള്‍ ജനങ്ങളായി മാറിക്കഴിഞ്ഞു എന്ന സന്ദേശം. ബംഗാളില്‍ ആ സന്ദേശം വായിക്കാനുള്ള ഭാഷ, വരേണ്യരാല്‍ മാത്രം നയിക്കപ്പെട്ടിരുന്ന സി.പി.എമ്മിന് ഉണ്ടായിരുന്നില്ല. ഇവിടെ ഉണ്ടോ എന്ന് കാണേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ കേന്ദ്ര കമ്മിറ്റിയുടെ കമ്യൂണിക്കെ നല്കുന്ന സൂചന ബംഗാളിലേക്കുള്ള അതിവേഗ ൈഹവേയിലാണ് കേരളമെന്നാണ്.
കെ കെ ജോഷി
You must be logged in to post a comment Login