ഇക്കഴിഞ്ഞ ജൂലൈ എട്ടിന്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (ഭേദഗതി) ബില്‍ ഏതാണ്ട് ഏകകണ്ഠേന ഇരുസഭകളിലും അംഗീകരിക്കപ്പെട്ടു. പുതുതായി പട്ടികയിലുള്‍പ്പെടുത്തിയ കുറ്റകൃത്യങ്ങളായ മനുഷ്യക്കടത്ത്, കള്ളനോട്ട് വിതരണം, നിരോധിച്ച ആയുധങ്ങളുടെ നിര്‍മാണവും വില്പനയും, സൈബര്‍ ഭീകരവാദം തുടങ്ങിയവ അന്വേഷിക്കാന്‍ ഭീകരവിരുദ്ധ ഏജന്‍സിക്ക് അധികാരം നല്കാനുദ്ദേശിച്ചുള്ള ഭേദഗതി, എട്ടിനെതിരെ ഇരുന്നൂറ്റിയെഴുപത്തിയെട്ടു വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് അംഗീകരിക്കപ്പെട്ടത്. ബില്ലിനെ എതിര്‍ത്തവര്‍ ഇറങ്ങിപ്പോയിട്ടും രാജ്യസഭയിലും അത് അംഗീകരിക്കപ്പെട്ടു.
രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ചകളൊന്നും കൂടാതെയാണ് ബില്‍ അംഗീകരിക്കപ്പെട്ടത്. എന്നാല്‍ ലോകസഭയില്‍ ഭേദഗതിയുടെ സ്വഭാവം, മൗലികാവകാശങ്ങളുടെ ലംഘനത്തിനുള്ള സാധ്യതകള്‍, സര്‍ക്കാര്‍ ഏജന്‍സിക്ക് കിട്ടാവുന്ന അനിയന്ത്രിതമായ അധികാരം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ‘ഖണ്ഡശ:’ നിയമനിര്‍മാണം എന്ന് ബില്ലിനെ വിളിച്ച കോണ്‍ഗ്രസ് എം പി ശശി തരൂര്‍ അത് യുക്തിയില്‍ അധിഷ്ഠിതമല്ലെന്ന് വാദിച്ചു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ വ്യക്തിയുടെ മൗലികാവകാശങ്ങളെ അവഗണിക്കാനാകില്ലെന്ന് ആര്‍എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു. സെഷന്‍സ് കോടതികളെ പ്രത്യേക കോടതികളായി നാമനിര്‍ദേശം ചെയ്യാന്‍ ഭേദഗതിബില്‍ സര്‍ക്കാരിനു നല്കുന്ന അധികാരത്തെയും അതുവഴി ആ സ്ഥാപനങ്ങള്‍ക്കുണ്ടായേക്കാവുന്ന അമിതഭാരത്തെയും ശശി തരൂര്‍ വിമര്‍ശിച്ചു.
ലോകസഭയില്‍ ബില്ലിന്റെ ദുരുപയോഗത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ അമിത് ഷാ മറുപടി പറഞ്ഞു: ‘യാതൊരു സാഹചര്യത്തിലും ഈ ബില്‍ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു. എന്‍ ഐ എയുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ രാജ്യത്തിനായില്ലെങ്കില്‍ അന്തര്‍ദേശീയ തലത്തില്‍ എന്തുതരം അന്തസ്സാണ് ഇന്ത്യക്കുണ്ടാകുക? ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടാണെന്ന് ഇരുസഭകളും, ലോകത്തിനും ഭീകരവാദികള്‍ക്കും കാണിച്ചുകൊടുക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഒരേയൊരു ലക്ഷ്യം ഭീകരവാദത്തെ തുടച്ചുമാറ്റുക എന്നതാണ്.’
ബില്‍ ഒരു പൊതുസമിതി പരിശോധിക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ ഇടതുപക്ഷ അംഗങ്ങള്‍ ലോകസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് നേതാവായ ടി.സുബ്ബറാമി റെഡ്ഡി മുന്നോട്ടുവെച്ച ഭേദഗതികളും നിരസിക്കപ്പെട്ടു. എന്‍ ഐ എയുടെ അധികാരപരിധി വിദേശരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് നിഷ്ഫലമാണെന്ന് അസദുദ്ദീന്‍ ഉവൈസി അഭിപ്രായപ്പെട്ടു. ആ രാജ്യങ്ങളില്‍ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്കുമേല്‍ ഇന്ത്യക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഇല്ലെന്നതു തന്നെയാണ് അതിനുകാരണം. മറ്റു രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നയതന്ത്രപരമായ സ്വാധീനവും ഇന്ത്യക്കില്ലെന്ന് ഉവൈസി അഭിപ്രായപ്പെട്ടു.
2008 ല്‍ മുംബൈയില്‍ നടന്നതും 116 പേരുടെ ജീവനെടുത്തതുമായ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് 2009 ല്‍ എന്‍ ഐ എ നിലവില്‍ വന്നത്. ഇന്ത്യയുടെ സുരക്ഷയെയും അഖണ്ഠതയെയും പരമാധികാരത്തെയും ഐക്യത്തെയും മറ്റുരാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളെയും ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും വിചാരണ ചെയ്യാനുമാണ് എന്‍ ഐ എ സ്ഥാപിതമായത്. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും ഐക്യരാഷ്ട്രസഭയുടെയും അതിന്റെ വിവിധ ഘടകസ്ഥാപനങ്ങളുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും കീഴില്‍ വരുന്ന കുറ്റകൃത്യങ്ങളും എന്‍ ഐ എയുടെ അധികാരപരിധിയിലാണുള്ളത്. ഈ നിയമത്തിന് കീഴില്‍ വരുന്ന കുറ്റങ്ങളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും അത് കേന്ദ്രസര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്.
ഈ നിയമത്തിന്റെ 1 (2) വകുപ്പിന്റെ ഡി അനുഛേദം ഇന്ത്യന്‍ പൗരന്മാര്ക്കെതിരെയോ ഇന്ത്യയുടെ താല്പര്യങ്ങള്ക്കെതിരെയോ പട്ടികയില്‍ പെട്ട കുറ്റങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തും ചെയ്യുന്ന വ്യക്തികളിലേക്ക് അധികാരം നീട്ടുന്നതാണ് എന്‍ ഐ എ ഭേദഗതി ബില്‍. അനുഛേദം 6 ലെ ഭേദഗതി, ഇന്ത്യക്ക് പുറത്തു നടക്കുന്ന കുറ്റകൃത്യത്തിനെതിരെ അത് ഇന്ത്യയില്‍ നടന്നതു പോലെത്തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ ഐ എക്ക് നിര്‍ദേശം നല്കാന് കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ്. കൂടാതെ പതിനൊന്നും ഇരുപത്തിരണ്ടും അനുഛേദങ്ങള്‍ സെഷന്‍സ് കോടതികളെ പ്രത്യേക കോടതികളായി നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും അധികാരം നല്‍കുന്നുണ്ട്.
കൂടാതെ അനുഛേദം 2 (1) (എഫ്), ഭീകരവിരുദ്ധ നിയമത്തിന്റെ പട്ടികയില്‍ കൂടുതല്‍ കുറ്റകൃത്യങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്:
1. മനുഷ്യക്കടത്ത്(ഇന്ത്യന്‍ പീനല്‍ കോഡിന്റെ പതിനാറാം അധ്യായത്തിലെ 370,370 എ വകുപ്പുകള്‍).
2. കള്ളനോട്ട് അച്ചടിയും വിതരണവും (ഇന്ത്യന്‍ പീനല്‍ കോഡിന്റെ 498 എ മുതല്‍ 498 ഇ വരെയുള്ള വകുപ്പുകള്‍).
3. നിരോധിക്കപ്പെട്ട ആയുധങ്ങളുടെ നിര്‍മാണവും വില്പനയും (ആംസ് ആക്റ്റ് 1959).
4. സൈബര്‍ കുറ്റകൃത്യങ്ങള്‍( ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 2000 ലെ ഇരുപത്തഞ്ചാം വകുപ്പിന്റെ അനുഛേദങ്ങള്‍).
5. സ്ഫോടകവസ്തു നിയമം, 1908
വ്യക്തികളെ ഭീകരവാദികളെന്ന് പേരിട്ടുവിളിക്കാനുള്ള വ്യവസ്ഥ, വ്യക്തികളെ കൈകാര്യം ചെയ്യാന്‍ എന്‍ ഐ എക്ക് ഇപ്പോഴുള്ള നിയമതടസ്സങ്ങള്‍ മാറ്റാനാണെന്ന സര്‍ക്കാറിന്റെ അവകാശവാദം പ്രതിപക്ഷം എതിര്‍ത്തു. സര്‍ക്കാറിന്റെ ഏതൊരു അന്വേഷണ അധികാരത്തിനു മേലും നിയന്ത്രണങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ വേണമെന്നും ഇല്ലെങ്കിലത് ദുരുപയോഗിക്കപ്പെടുമെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
ഭേദഗതി ബില്ലില്‍ പുനഃപരിശോധനാ സംവിധാനങ്ങള്‍ക്കോ ഭീകരവാദത്തിനെതിരായ നിയമം ആത്യന്തികമായി അവസാനിക്കുന്ന കാലപരിധിയെക്കുറിച്ചോ പരാമര്‍ശങ്ങളില്ല. ഭീകരവിരുദ്ധനിയമം ദുരുപയോഗം ചെയ്യപ്പെട്ടതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ആവശ്യമായ സുരക്ഷാവ്യവസ്ഥകളോടെ, കാര്യക്ഷമമായി ഈ നിയമം ഉപയോഗിച്ചില്ലെങ്കില്‍ ഭാവിയില്‍ സ്ഥാപനവല്‍കൃതവും സര്‍വവ്യാപിയുമായ വിവേചനങ്ങളുണ്ടായേക്കാം. കേന്ദ്രസര്‍ക്കാറില്‍ ബി ജെ പിക്കുള്ള സമ്പൂര്‍ണ ഭൂരിപക്ഷം പരിഗണിക്കുമ്പോള്‍ ഇന്ത്യ ഒരു ‘പൊലീസ് രാഷ്ട്ര’മായി മാറിയേക്കാമെന്ന് രാഷ്ട്രീയ ജനതാദളിന്റെ മനോജ് ഝാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഷര്‍ദുല്‍ ഗോപുജ്കര്
You must be logged in to post a comment Login