കഴിഞ്ഞ ആഴ്ചലോകസഭ മനുഷ്യാവകാശ സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. അത് രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് നരേന്ദ്ര മോഡി അവകാശപ്പെടുന്നത്. എന്നാല്‍ ആ ബില്‍ ലക്ഷ്യത്തില്‍ നിന്ന് വളരെയധികം ദൂരെയാണ്. ചിലപ്പോള്‍ അതിന്റെ ഉദ്ദേശ്യം തന്നെ അതാകാം. ഇക്കാര്യം ഞാന്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാരീസ് പ്രമാണങ്ങളോട് ഇന്ത്യ വഴങ്ങാത്തതിലുള്ള അന്താരാഷ്ട്രതലത്തിലെ ഉത്കണ്ഠകളെ അഭിമുഖീകരിക്കാനാണ് ആ ബില്‍ അവതരിപ്പിച്ചത്. 1993 ലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാരീസ് പ്രമാണങ്ങള്‍ അംഗീകരിച്ചത്. ലോകമെന്വാടുമുള്ള മനുഷ്യാവകാശ സ്ഥാപനങ്ങള്‍ പിന്തുടരേണ്ട അടിസ്ഥാന മൂല്യങ്ങളും നിലവാരങ്ങളുമാണ് അതിലുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ‘പല്ലില്ലാത്ത പുലി’യാണെന്ന് നമ്മുടെ സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അതു പരിഹരിക്കാനാണ് മോഡി സര്‍ക്കാര്‍ ആ ബില്ല് അവതരിപ്പിച്ചത്. എന്നാല്‍ മുഖം മിനുക്കുന്ന ഒരു പ്രക്രിയ മാത്രമാണ് മനുഷ്യാവകാശ സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം അതില്‍ നടക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന കമ്മീഷനുകള്‍ക്കും ശക്തി പകരുന്ന നിരവധി ശുപാര്‍ശകളെ അത് അവഗണിക്കുകയാണ്.
പാര്‍ലമെന്റിനകത്ത് മനുഷ്യാവകാശങ്ങള്‍ക്ക് സ്തുതി പാടുമ്പോള്‍ സര്‍ക്കാറിന്റെ വിവിധ ഘടകങ്ങള്‍ രാജ്യത്തെ പ്രധാനപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെ വ്യവസ്ഥാപിതമായ ആക്രമണം നടത്തുകയാണ്. മനുഷ്യാവകാശത്തിനായി ശബ്ദമുയര്‍ത്തുന്ന അഭിഭാഷകരോട് സര്‍ക്കാരിന് പണ്ടേ നീരസമാണ്. ‘പഞ്ച നക്ഷത്ര ആക്ടിവിസ്റ്റു’കളെക്കുറിച്ച് മോഡി മുമ്പേ പരാതി പറഞ്ഞിട്ടുണ്ട്. 2014 ല്‍ അധികാരമേറിയതിനു ശേഷം ബിജെപി യും കൂട്ടാളികളും നമ്മുടെ ഏറ്റവും മികച്ച ചില ആക്ടിവിസ്റ്റുകളെ ‘ദേശദ്രോഹികളെ’ന്നും ‘നഗര നക്‌സലൈറ്റുകളെ’ന്നും മുദ്രകുത്തുകയുണ്ടായല്ലോ.
പക പോക്കാനിറങ്ങിയ ഭരണകൂടത്തിന്റെ ആദ്യത്തെ ഇരകളിലൊരാള്‍ അഭിഭാഷകയായ സുധ ഭരദ്വാജായിരുന്നു. യു എസ് വിസ ഉപേക്ഷിച്ച സുധ ഭരദ്വാജ് ചത്തീസ്ഗഢിലെ ഗ്രാമപ്രദേശങ്ങളിലെ ആദിവാസികളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ടി നിയമത്തെ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ധീരതയ്ക്കും വിശിഷ്ടമായ പ്രവര്‍ത്തനങ്ങള്‍ക്കും ഹാര്‍വാഡ് ലോ സ്‌കൂള്‍ സുധയെ ആദരിച്ചപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ അവരെ നക്‌സല്‍ ബന്ധങ്ങളുണ്ടെന്നാരോപിച്ച് അറസ്റ്റു ചെയ്തു.
നമ്മുടെ രാജ്യത്തെ വളരെയധികം ആദരിക്കപ്പെടുന്ന മനുഷ്യാവകാശപ്രവര്‍ത്തകരും മുതിര്‍ന്ന അഭിഭാഷകരുമായ ഇന്ദിര ജയ്‌സിംഗും ആനന്ദ് ഗ്രോവറും 2019 ജൂലൈ 11ന് സിബിഐയുടെ മിന്നല്‍പരിശോധനയ്ക്ക് ഇരകളായി മാറി. ഇവര്‍ രണ്ടു പേരും ഏറെ ധനം സമ്പാദിക്കാവുന്ന പ്രവര്‍ത്തനമേഖലകള്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനായി പോരാടുന്നവരാണ്. ഒരു സ്വിസ് കമ്പനി അര്‍ബുദ രോഗികള്‍ക്കുള്ള ജീവന്‍ രക്ഷാ ഔഷധത്തിന് പേറ്റന്റ് എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ആനന്ദ് ഗ്രോവര്‍ അതിനെതിരെ സുപ്രീം കോടതിയില്‍ പല്ലും നഖവുമുപയോഗിച്ച് പോരാടുകയും അവസാനം കേസ് ജയിപ്പിച്ചെടുക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് അര്‍ബുദരോഗികള്‍ക്ക് ആ മരുന്ന് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കി. അദ്ദേഹം എല്‍ജിബിടിക്യൂ സമൂഹത്തിനു വേണ്ടി പതിനേഴു വര്‍ഷം പോരാടുകയും ഐ പിസി 377 ാം വകുപ്പ് കുറ്റകരമല്ലാതാക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ ആദ്യത്തെ വനിതാ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ ഇന്ദിര ജയ്‌സിംഗ് തൊഴില്‍ അവകാശങ്ങളോടും സ്ത്രീകളുടെ അവകാശങ്ങളോടുമുള്ള സമര്‍പ്പണത്തിന് പ്രശസ്തയാണ്. പഞ്ചാബിലെ മുന്‍ ഡിജിപി കെ പി എസ് ഗില്ലിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് വിജയകരമായി വാദിച്ചത് ഇന്ദിരയാണ്. സിറിയന്‍ ക്രൈസ്തവ സ്ത്രീകള്‍ക്ക് പരമ്പരാഗത സ്വത്തില്‍ തുല്യമായ അവകാശമുണ്ടെന്ന് വിധിക്കപ്പെട്ട മേരി റോയ് കേസില്‍ വാദിക്കു വേണ്ടി ഹാജരായതും ഇന്ദിര ജയ്‌സിംഗാണ്.
അവരുടെ സംഘടനയായ ലോയേഴ്‌സ് കളക്റ്റീവ് സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് പോരാടുന്നത്. ലോയേഴ്‌സ് കളക്റ്റീവിനെതിരെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏതാനും ദിവസം മുമ്പു പോലും അത് അസമില്‍ വിദേശിയായി മുദ്ര കുത്തപ്പെട്ട കാര്‍ഗില്‍ യുദ്ധവീരന്‍ മുഹമ്മദ് സനാഉല്ലയ്ക്ക് ജാമ്യം നേടിക്കൊടുത്തിരുന്നു. ലോയേഴ്‌സ് കളക്റ്റീവിന് പലപ്പോഴും ഭരണകൂടവുമായി നേരിട്ടു ബന്ധമുള്ള അധികാരകേന്ദ്രങ്ങളോട് ഏറ്റുമുട്ടേണ്ടി വരാറുണ്ട്.
2014 മുതല്‍ സര്‍ക്കാര്‍ യാതൊരു ലജ്ജയുമില്ലാതെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്റ്റ്, മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന സര്‍ക്കാരേതര സംഘടനകളെ ശല്യം ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ട്. ടീസ്റ്റ സെതല്‍വാദ് നേതൃത്വം നല്‍കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ആയിരുന്നു ഇതിന്റെ ആദ്യത്തെ ഇര. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കു വേണ്ടി പോരാടി ഭരണപാര്‍ട്ടിയുടെ കണ്ണിലെ കരടായി അവര്‍ മാറിയിരുന്നല്ലോ. സാമ്പത്തിക തട്ടിപ്പു നടത്തിയവര്‍ രായ്ക്കുരാമാനം വിദേശത്തേക്കു പറന്നപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകയായ പ്രിയ പിള്ളയെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. ഇന്ത്യയിലെ ഒരു യു കെ കമ്പനിക്കെതിരെ ബ്രിട്ടീഷ് എംപിമാരുടെ ഒരു സംഘത്തിനു മുമ്പില്‍ സത്യവാങ്മൂലം നല്‍കുന്നതില്‍ നിന്ന് പ്രിയയെ തടയാനായിരുന്നു അത്. ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് പിന്നീട് ആ യാത്രാനിയന്ത്രണം എടുത്തു മാറ്റിയത്.
2016 ല്‍ മോഡി സര്‍ക്കാര്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദു ചെയ്തു കൊണ്ട് ലോയേഴ്‌സ് കളക്റ്റീവിനെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. അതേ വര്‍ഷം തന്നെ ആഭ്യന്തരകാര്യ മന്ത്രാലയം ലോയേഴ്‌സ് കളക്റ്റീവിന്റെ രേഖകള്‍ അഞ്ചു ദിവസം തുടര്‍ച്ചയായി പരിശോധിച്ചു. അവരുടെ ഏതു രേഖയും പിടിച്ചെടുക്കാന്‍ മന്ത്രാലയത്തിന് അധികാരം കിട്ടുകയും ചെയ്തു. മന്ത്രാലയം ആവശ്യപ്പെടുന്ന നേരത്തെല്ലാം ലോയേഴ്‌സ് കളക്റ്റീവ് രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും സിബിഐ അവരുടെ ഓഫീസുകളില്‍ മിന്നല്‍പരിശോധന നടത്തി.
ഇന്ദിര ജയ്‌സിംഗും ആനന്ദ് ഗ്രോവറും ആദരവുളവാക്കുന്ന നേട്ടങ്ങളുണ്ടാക്കിയവരാണെങ്കിലും ഇന്നവര്‍ പകയുള്ള ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്ന മുതിര്‍ന്ന പൗരന്മാരാണ്. ആ ഭരണകൂടത്തിന് മനുഷ്യാവകാശപ്പോരാളികളോട് യാതൊരു ദാക്ഷിണ്യവുമില്ല. അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ നമ്മള്‍ തയാറാവേണ്ടതുണ്ട്. ഇല്ലെങ്കില്‍, ജര്‍മന്‍ പുരോഹിതനായ മാര്‍ട്ടിന്‍ നീമോളോര്‍ മുന്നറിയിപ്പു നല്‍കിയതു പോലെ, നമുക്കു വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിക്കുകയില്ല. ജയ്‌സിംഗിനെയും ഗ്രോവറെയും കൈ കാര്യം ചെയ്ത രീതിയ്‌ക്കെതിരെ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്‌സും സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷനും നിരവധി പൊതുപ്രവര്‍ത്തകരും ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത ജര്‍മന്‍ അഭിഭാഷകനായിരുന്ന ഹാന്‍സ് ലിറ്റന്‍ വെയ്മര്‍ റിപ്പബ്ലിക്കിന്റെ വാഴ്ചക്കാലത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി നിരവധി വര്‍ഷങ്ങള്‍ പോരാടി. അദ്ദേഹം അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ വളര്‍ച്ചയെ വെല്ലുവിളിക്കുകയും ചെയ്തു. അവസാനം ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ ഏകാധിപതിയായപ്പോള്‍ ലിറ്റനെതിരെ പ്രതികാരനടപടികള്‍ ആരംഭിച്ചു.
അപകടസാധ്യതകള്‍ എല്ലായ്‌പ്പോഴുമുണ്ട്. എന്നാല്‍ നമ്മുടെ രാഷ്ട്രത്തിന്റെ മന:സാക്ഷിസൂക്ഷിപ്പുകാര്‍ക്കെതിരെ ഭരണകൂടം പകപോക്കുമ്പോള്‍ നാം സംസാരിച്ചേ തീരൂ. ശക്തമായ നീതിന്യായവ്യവസ്ഥ സേഛാധിപത്യസ്വഭാവമുള്ള ഭരണകൂടങ്ങള്‍ക്ക് ദഹിക്കില്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. പ്രമുഖരായ അഭിഭാഷകരുടെ നേര്‍ക്കുള്ള ആക്രമണം നമ്മുടെ നീതിന്യായവ്യവസ്ഥയിന്മേലും അതിന്റെ മൂല്യങ്ങളിന്മേലുമുള്ള ആക്രമണമാണ്. അതുകൊണ്ടു തന്നെ നമുക്ക് മനുഷ്യാവകാശപ്രവര്‍ത്തകരുടെ കൂടെ നില്ക്കാം. അവരുടെ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ഭരണഘടനയുടെ നാളം കെടാതെ കാക്കുന്നത്. ഇപ്പോഴത് മങ്ങിക്കത്തിക്കൊണ്ടിരിക്കുകയാണ്.
ശശി തരൂര്‍
(കടപ്പാട്: ദ പ്രിന്റ്, ജൂലൈ 23)
You must be logged in to post a comment Login