കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നിലൂടെ വിഷണ്ണരായി നടന്നിരുന്ന രണ്ടു ചെറുപ്പക്കാരെ അപ്രതീക്ഷിതമായാണ് കാറില്‍ കയറ്റിയത്. രണ്ടുപേരും നിയമത്തില്‍ ഡിഗ്രി പഠിക്കുന്നവരാണ്. ഒരാള്‍ ലക്ഷദ്വീപുകാരന്‍ സയ്യിദ് ഹാശിം ജീലാനിയും മറ്റെയാള്‍ നാദാപുരത്തുകാരന്‍ സഫറുദ്ദീനും. അഞ്ചാറുമാസമായി രണ്ടുപേരും അവരുടെകൂടെയുള്ള പലരും യൂണിവേഴ്‌സിറ്റി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. പ്രശ്‌നം ഒന്നേയുള്ളൂ, അവര്‍ പഠിച്ചത് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയാണ്. ഇപ്പോള്‍ ലോ പഠിക്കുന്നതാവട്ടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കൊരു നിര്‍ബന്ധശാഠ്യമുണ്ടത്രെ; മറ്റേതു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്ത് ബിരുദമെടുത്താലും കാലിക്കറ്റില്‍ നിന്നും ഒരു തുല്യതാസര്‍ട്ടിഫിക്കറ്റ് വാങ്ങണം. അതുനിങ്ങള്‍ ഓക്‌സ്ഫോഡില്‍ നിന്നോ കാംബ്രിഡ്ജില്‍ നിന്നോ ബിരുദമെടുത്ത് വന്നാലും ശരി. യുജിസിയോ അതിലപ്പുറമോ അംഗീകരിച്ചാലും കുഴപ്പമില്ല, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് നിയമത്തില്‍ ഒരുമാറ്റവുമില്ല. ചുരുക്കത്തില്‍ ഒരാള്‍ ഒരു കോഴ്സിന് പോകുന്നതിനു മുമ്പ് തന്നെ യൂണിവേഴ്‌സിറ്റിയില്‍ പോയി ചോദിക്കണം; ഇവിടെ ആ കോഴ്സ് അംഗീകരിച്ചിട്ടുണ്ടോ എന്ന്. അംഗീകരിച്ചാല്‍ മാത്രം പോരത്രേ, തുല്യതയും വേണം. റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റും ഇക്വിലന്‍സി സര്‍ട്ടിഫിക്കറ്റും ഉണ്ട്. ഇതില്‍ ഇക്വിലന്‍സി സര്‍ട്ടിഫിക്കറ്റ് തന്നെവേണം തുടര്‍ന്ന് പഠിക്കാന്‍.
ഇത് കേരളത്തിലെ കാലിക്കറ്റിന്റെ മാത്രം പ്രത്യേകതയുമല്ലത്രെ. കേരളത്തിലെ യൂണിവേഴ്സിറ്റികളെല്ലാം ഇങ്ങനെത്തന്നെയാണ് ചെയ്യുന്നത്. രസവും സങ്കടവും ഇവിടെ അവസാനിക്കുന്നില്ല; കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പല കോഴ്സുകള്‍ക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തുല്യതയില്ല. കണ്ണൂരില്‍ ആരെങ്കിലും പഠിച്ചാല്‍ കുടുങ്ങിയത് തന്നെ. പിന്നെ ഇങ്ങോട്ട് കാലിക്കറ്റിലേക്ക് വരേണ്ടെന്നര്‍ഥം. സഹയാത്രികരോട് ഞാന്‍ ചോദിച്ചു; മദ്രാസ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെക്കാളും എത്രയോ മുന്നിലാണല്ലോ, ഇന്ത്യയില്‍ തന്നെ വളരെ ഉന്നതമായ ഒരു സര്‍വകലാശാലയായാണല്ലോ മദ്രാസിനെ ഗണിക്കപ്പെടാറുള്ളത്. പൊട്ടിച്ചിരിച്ച് കുട്ടികള്‍ പറഞ്ഞു: ‘എപ്പോഴും താഴെത്തട്ടിലുള്ളവരല്ലേ സ്‌ട്രോങ്ങ് ആക്കാറുള്ളത്, അവരല്ലേ ലോകം കാണാത്തവരും. ലോകം അംഗീകരിക്കുന്ന യൂണിവേഴ്‌സിറ്റികളിലൊന്നും ഈ നിയമം ഇല്ലല്ലോ.’ വിദ്യാര്‍ഥികളുടെ മറുപടി വളരെ കൃത്യമായിരുന്നു.
2011 ല്‍ ഞാന്‍ പി എച്ച് ഡിക്ക് വേണ്ടി ഡല്‍ഹിയിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ കാലിക്കറ്റിലെ ഒരു വയസ്സന്‍ പ്രൊഫസര്‍ കഷണ്ടിയില്‍ ചൊറിഞ്ഞു പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിജി കഴിഞ്ഞതുകൊണ്ട് നമ്മുടെ പി.ജി. അവിടത്തെ യൂണിവേഴ്‌സിറ്റിയില്‍ തുല്യതയുള്ളതാണോന്നറിയില്ല. ആദ്യം പോയി തുല്യതയാണ് നോക്കേണ്ടത്. വിദഗ്‌ധോപദേശം മാനിച്ച് ഞാന്‍ ഡല്‍ഹിയില്‍ അന്വേഷിച്ചപ്പോള്‍ യുജിസി അംഗീകരിച്ച മുഴുവന്‍ കോഴ്‌സുകളും റാങ്കിങ്ങില്‍ പത്തിനുള്ളില്‍ നില്‍ക്കുന്ന ഡല്‍ഹിയിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചിട്ടുണ്ട്. തുല്യതയുടെ ഒരു പ്രശ്‌നവുമില്ല. ഈ കുട്ടികളുടെ കഥ കേട്ടപ്പോള്‍ ഞാന്‍ വീണ്ടും ഡല്‍ഹിയിലേക്ക് വിളിച്ചു. മറുപടി മറ്റൊന്നായിരുന്നില്ല. വിളികേട്ട കുട്ടികള്‍ പറഞ്ഞു: ‘ഞങ്ങളുടെയൊപ്പം ഒരേക്ലാസ്സിലിരുന്ന് പഠിച്ച ധാരാളം കുട്ടികള്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ഇഷ്ടം പോലെ ഡല്‍ഹിയടക്കമുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നുണ്ട്. പക്ഷേ നമ്മുടെ യൂണിവേഴ്‌സിറ്റിയില്‍ മാത്രം പറ്റില്ല.’
നമ്മുടെ ഈ കുട്ടികളെപ്പോലെ കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം മുടക്കുന്നതും നിരന്തരം സര്‍വകലാശാലകളുടെ പടി നിരങ്ങേണ്ടതുമായ അവസ്ഥ കുട്ടികള്‍ക്ക് വരുത്തുന്നതുമായ പ്രാകൃതമായ ഈ നിയമം കേരളജനത ഇപ്പോഴും ശ്രദ്ധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരു കോഴ്സിന് തുല്യതകൊടുക്കേണ്ടത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയടക്കമുള്ള കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് കൂടുന്നത് വര്‍ഷത്തിലൊരിക്കലോ രണ്ടുപ്രാവശ്യമോ ആണ് താനും. സ്വാഭാവികമായും ഒരു കുട്ടി എത്ര മാസങ്ങള്‍ കാത്തിരിക്കണം തന്റെ പഠനം തുടരാന്‍. ഇനി ബോര്‍ഡ് ഓഫ് സ്റ്റഡീസ് തുല്യത നല്‍കിയില്ലെങ്കിലോ അവരുടെ ആ മാസങ്ങള്‍ നഷ്ടപ്പെട്ടു താനും.
പഞ്ചായത്തുകള്‍ തോറും വ്യത്യസ്ത സെല്‍ഫ് ഫിനാന്‍സ് കോളജുകള്‍ അനുവദിച്ച നമ്മുടെ യൂണിവേഴ്‌സിറ്റുകളും സര്‍ക്കാറുകളും സ്റ്റുഡന്റസ് ഫ്രണ്ട്ലി നിയമങ്ങളല്ല നടപ്പാക്കിയതെന്നതാണ് വസ്തുത. മറ്റു യൂണിവേഴ്‌സിറ്റികളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും കുട്ടികള്‍ വരണമെന്നുണ്ടെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഈ തുല്യതാവിഷയമെങ്കിലും പരിഹരിക്കേണ്ടിയിരിക്കുന്നുവെന്ന ബോധം നമ്മുടെ സര്‍ക്കാറിനോ സര്‍വകലാശാലകള്‍ക്കോ ഇല്ല. എല്ലാ സ്വാശ്രയകോളജുകളും അടച്ചുപൂട്ടലിന്റെ വക്കില്‍ എത്തിപ്പെടാനുള്ള ഒരുകാരണം കൂടിയാണിത്. ആവശ്യമെന്ന് തോന്നുകില്‍, അധികൃതരെ തിരുത്തിപ്പിക്കുന്ന സമരങ്ങള്‍ക്ക് രാഷ്ട്രീയ-വിദ്യാര്‍ഥി-അധ്യാപക-രക്ഷാകര്‍തൃ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം.
സാക്ഷരതയില്‍ ഒന്നാം സ്ഥാനമുള്ള കേരളം എന്തുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തില്‍ വളരെപിന്നോട്ടുപോയി എന്നതിന് ഇതിലപ്പുറം തെളിവുകള്‍ ആവശ്യമില്ല. വിദ്യാര്‍ഥികളുടെ കഴിവിനെ മാനദണ്ഡമായി സ്വീകരിക്കാതെ പിന്തിരിപ്പന്‍ ദുഃശാഠ്യങ്ങളാണ് നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ പിന്തുടരുന്നത്. ഇവിടെ നിന്ന് പഠിച്ചില്ലെങ്കില്‍ നീ അനുഭവിച്ചേ പറ്റൂവെന്ന സ്വഭാവം. മുമ്പ് ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ ഒരാള്‍ ചോദിച്ചു; കേരളത്തില്‍നിന്നും ഉന്നതവിദ്യാഭ്യാസം നേടി ഒരാള്‍ ആഗോളപ്രശസ്തനായത് ആര്‍ക്കെങ്കിലും അറിയുമോ? സദസ്സിനു ചിന്തിക്കാന്‍ അവസരം കൊടുത്ത അദ്ദേഹത്തിന് കിട്ടിയ മറുപടി ഇല്ലെന്നു തന്നെയായിരുന്നു. അഥവാ നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ ആഗോളപ്രശസ്തരെയും ഉന്നതരെയും സൃഷ്ടിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടുവെന്നര്‍ഥം. ഇത്തരം പരാജയങ്ങള്‍ നികത്തുന്നതിന് പകരം നിയമങ്ങളുടെ നൂലാമാലകളില്‍ പെടുത്തി കുട്ടികളെ പീഡിപ്പിക്കാനാണ് നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ ഊര്‍ജം ചിലവഴിക്കുന്നതെന്ന കാര്യം കേരള ജനതയെ മൊത്തം നാണിപ്പിക്കുന്നതാണ്.
കുട്ടികളുടെ ഫീഡ്ബാക്ക് എടുക്കുന്ന സ്വഭാവം ഇന്ന് സര്‍വത്ര വ്യാപിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ നാട്ടിലെ ഒരൊറ്റ യൂണിവേഴ്സിറ്റിയും ഈ വഴിക്ക് ചിന്തിക്കുന്നില്ല. കാരണം നല്ല ഒരുവാക്കുപോലും യൂണിവേഴ്‌സിറ്റിയെക്കുറിച്ച് ഒരുകുട്ടിയും പറയാന്‍ സാധ്യതയില്ലാത്ത വിധം കുട്ടികളുടെ ഭാവികൊണ്ട് കളിക്കുന്ന ദുരവസ്ഥയാണ് എവിടെയും. കേരള യൂണിവേഴ്‌സിറ്റിയുടെ ചില ഉത്തരക്കടലാസുകള്‍ എസ് എഫ് ഐ യുടെ ഓഫീസില്‍ നിന്നും കിട്ടിയത് ഇതിന്റെ അവസാനത്തെ ഉദാഹരണം മാത്രമാണ്. എസ് എഫ് ഐ യുടെ ഓഫീസില്‍ നിന്നും കിട്ടിയതുകൊണ്ട് മാത്രം വാര്‍ത്താപ്രാധാന്യം ലഭിച്ച ഈ സംരംഭം നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ പുതുമയുള്ള കാര്യമല്ല. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പശുതിന്ന നാടാണിത്! ഓരോ ഉത്തരക്കടലാസും ഓരോ ജീവിതമാണെന്ന വസ്തുത ഇപ്പോഴും നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ക്ക് മനസിലായിട്ടില്ല.
ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് (Human Development Report) അനുസരിച്ച് കേരളമാണ് തൊഴിലില്ലായ്മയില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത്. പ്രത്യേകിച്ചും അഭ്യസ്തവിദ്യരുടെ. നമ്മുടെ നാട്ടിലെ എല്ലാര്‍ക്കും ബിരുദമോ അതിലപ്പുറമോ ഉണ്ട്. പക്ഷേ ജോലിയില്ല. കാരണം പഠിച്ചതൊന്നും ജോലിക്ക് പറ്റിയതല്ല. കാലം മാറിയപ്പോഴും സിലബസ് മാറിയിട്ടില്ല. ഓരോ വര്‍ഷവും സിലബസ് പുതുക്കേണ്ട വളരെ വികസിതമായ ഒരു കാലത്ത് ജീവിക്കുന്ന കുട്ടികള്‍ക്ക് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് തയാറാക്കിയ സിലബസ് പഠിക്കേണ്ടിവരുന്ന ദുരവസ്ഥയുണ്ടെന്നാണ് അറിവ്. ലോകത്തെ പ്രശസ്ത യൂണിവേഴ്‌സിറ്റികളെല്ലാം വര്‍ഷാവര്‍ഷവും ഒരു വര്‍ഷത്തില്‍ രണ്ടുപ്രാവശ്യവും സിലബസ് മാറ്റുമ്പോള്‍ നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ സിലബസ് മാറ്റുന്നത് ഒരു ചടങ്ങാണ്. ചരിത്രത്തില്‍ അപൂര്‍വം മാത്രം നടക്കുന്ന ഒരാഘോഷം. സിലബസ് മാറ്റാന്‍ പലപ്പോഴും വിദ്യാര്‍ഥി സംഘടനകള്‍ ഒച്ചയെടുക്കേണ്ട ദുഃസ്ഥിതി. ഇന്റര്‍നെറ്റില്‍ വായിച്ച ഒരു ലേഖനമനുസരിച്ച് ലോകത്ത് വിദ്യാര്‍ഥിസംഘടനകള്‍ സിലബസ് നിര്‍മിക്കുന്ന ഏക നാടും നമ്മുടെ കേരളമാണത്രെ.
ഇതിലും ഭീകരമാണ് അധ്യാപകരുടെ അവസ്ഥ. പണ്ട് പഠിച്ചുവെച്ചത് മാത്രം പാടാന്‍ കഴിയുന്ന അധ്യാപകരാണ് ബഹുഭൂരിഭാഗവും നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍. പുതിയ കണ്ടുപിടിത്തങ്ങളോ ട്രെന്‍ഡുകളോ മനസിലാക്കുന്നതില്‍ അധ്യാപകര്‍ പരാജയപ്പെട്ടിരിക്കുകയാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും. എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ അവസ്ഥയാണ് ഇതില്‍ പരിതാപകരം. ലക്ഷങ്ങള്‍ കോഴകൊടുത്ത് പറ്റുന്ന ഉദ്യോഗമായതുകൊണ്ട് ഈ കടം വീട്ടാനുള്ള നെട്ടോട്ടത്തില്‍ അധ്യാപനത്തോട് ആത്മാര്‍ഥതയും പ്രതിപത്തിയും നഷ്ടപ്പെടുന്നു. അടിസ്ഥാന യോഗ്യതയിലപ്പുറം പണമുണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമുള്ള ഈ അധ്യാപകരുടെ നിലവാരം പറയേണ്ടതില്ലല്ലോ.
വിവരങ്ങള്‍ നല്‍കലല്ല ആധുനിക കാലഘട്ടത്തിലെ ഒരു അധ്യാപകന്റെ ജോലിയെന്ന അടിസ്ഥാന വിവരം പോലും ഉന്നത വിദ്യാഭ്യാസമേഖലയില്‍ പഠിപ്പിക്കുന്നവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഒരധ്യാപകനെ ആശ്രയിക്കാതെ തന്നെ വിവരങ്ങള്‍ കിട്ടാനുള്ള നൂറുകൂട്ടം മാര്‍ഗങ്ങള്‍ ഇന്നുണ്ടായിരിക്കെ പഴയ അധ്യാപനസൂത്രങ്ങള്‍ തന്നെ പയറ്റുന്നത് എന്തൊരശ്ലീലമാണ്? യൂണിവേഴ്‌സിറ്റികളിലെ ഡിപ്പാര്‍ട്മെന്റുകളില്‍ പോലും എന്‍ജിനിയറിങ് വിഷയങ്ങളിലടക്കം നോട്ടെഴുതിക്കുന്ന എല്‍ പി സ്‌കൂള്‍ പരിപാടി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടത്രേ. ഞങ്ങളൊക്കെ അങ്ങനെയാണ് പഠിച്ചതെന്ന ന്യായവും ഇതിനു അധ്യാപകര്‍ക്കുണ്ട്. നല്ല അപ്‌ഡേറ്റഡ് ആയ വിചക്ഷണരെ അധ്യാപകരാവാന്‍ കിട്ടില്ലെന്ന ധാരണയും യാഥാര്‍ഥ്യവും ഇപ്പോള്‍ നിലവിലുണ്ട്. എത്രയോ ഉയര്‍ന്ന ശമ്പളം കമ്പനികള്‍ നല്‍കുമ്പോള്‍ അധ്യാപനജോലി വേണ്ടെന്നുവെച്ച് കഴിവുള്ളവര്‍ അത്തരം മേഖലകള്‍ തേടിപ്പോവുകയാണ്.
യൂണിവേഴ്‌സിറ്റികളും കോളജുകളും പിന്നിലായിപ്പോകുകയെന്നാല്‍ ഒരു ജനതയും ഒരു രാഷ്ട്രവും പിന്നിലായിപ്പോകുന്നു എന്നുതന്നെയാണര്‍ഥം. നമ്മുടെ കോളജുകളെയും യൂണിവേഴ്‌സിറ്റികളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കേണ്ട, കാലത്തിനൊത്ത് ചലിപ്പിക്കേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്. അല്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലം. ഇതിനു വേണ്ടത് കൂട്ടായ ശ്രമങ്ങളും ദീര്‍ഘവീക്ഷണമുള്ള നേതാക്കളുമാണ്. പ്രസവിക്കപ്പെടുന്ന കുട്ടിയെ നോക്കാന്‍ വരെ തുച്ഛം വിലക്ക് റോബോട്ടുകള്‍ വാങ്ങാന്‍ കിട്ടുന്ന പ്രവചനാതീതമായ ഒരുലോകത്ത് ജീവിക്കേണ്ട നമ്മുടെ ഭാവിതലമുറയെ അനാസ്ഥയുടെ കൊടുമുടിയില്‍ വാഴുന്ന യൂണിവേഴ്‌സിറ്റികള്‍ വാര്‍ത്തെടുത്താല്‍ എന്തായിരിക്കും സംഭവിക്കുകയെന്നു ഓരോരുത്തരും ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ഭരണകൂടവും സര്‍വകലാശാല അധികൃതരും ഉണരണം. കുട്ടികള്‍ക്ക് സര്‍വ കലയും അഭ്യസിക്കാനുള്ള ഇടങ്ങളായി സര്‍വകലാശാലകള്‍ മാറണം. അവരുടെ ഭാവി തകര്‍ക്കുന്ന ഇടിമുറികളാകരുത് യൂണിവേഴ്‌സിറ്റികള്‍. കേരള മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിമാത്രം ഒരു മന്ത്രിയെ വെച്ചത് ശുഭസൂചനയാണ്. അദ്ദേഹത്തിന്റെ ചില പ്രസ്താവനകളിലും ശുഭ സൂചനകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും നടപടികളില്‍ വേഗം വേണമെന്നാണ് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ തല്‍പരരുടെയും ആവശ്യം.
ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി
You must be logged in to post a comment Login