2014 മേയ് 26ന് ഉച്ചക്ക് ശേഷം രാഷ്ട്രപതിഭവനിലെ വിശാലമായ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അവരോധിതനായതിന്റെ മണിക്കൂറുകള്‍ക്കകം ജമ്മുവിലെ ഉദ്ദംപൂരില്‍നിന്നുള്ള എം.പിയും പ്രധാനമന്ത്രിയുടെ കീഴില്‍ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്രസിങ് ഒരു ബോംബ് പൊട്ടിച്ചു: ‘ഭരണഘടനയുടെ 370ാം അനുച്ഛേദം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെച്ചത്. അതുകൊണ്ട് അത് എടുത്തുകളയുന്നതിന് ബന്ധപ്പെട്ടവരുമായി ഉടന്‍ ചര്‍ച്ച നടത്തുന്നതാണ്’. രാഷ്ട്രീയമണ്ഡലത്തെ പിടിച്ചുകുലുക്കിയ പ്രസ്താവന കൂടുതല്‍ വിവാദമായപ്പോള്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അത് ഡോ. സിങ്ങിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് തീയില്‍ വെള്ളമൊഴിക്കാന്‍ ശ്രമം നടത്തി. യാഥാര്‍ത്ഥ്യം അതല്ലെന്നും ആര്.എസ്.എസിന്റെ മുഖ്യഅജണ്ടയിലുള്ള, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്ലാ കാലത്തും അനിവാര്യഘടകമായി തുടരുന്ന ഒരു വിഷയത്തില്‍ മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതല്ലെന്ന് നിരീക്ഷകരും മാധ്യമങ്ങളും തുറന്നെഴുതി. ആ വിവാദം കൊണ്ട് അന്ന് ഒരു ഗുണമുണ്ടായി. ജമ്മുകശ്മീരിന്റെ ഗതകാല ചരിത്രത്തിലേക്കും ഒരു സ്വതന്ത്ര നാട്ടുരാജ്യമായ മേഖല എങ്ങനെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിത്തീര്ന്നെന്നും കശ്മീര്‍ പ്രശ്നത്തിന്റെ മര്മമെന്താണെന്നും വ്യാപകമായും സൂക്ഷ്മതലത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. 370ാം ഖണ്ഡികയുമായി സംഘ്പരിവാറിനുള്ള ബന്ധം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മഹാരാജ ഹരിസിങ്ങുമായി 1947 ഒക്ടോബറില്‍ ഉണ്ടാക്കിയ കൂടിച്ചേരല്‍ കരാറിനൊപ്പം (Instrument of Accession ) ഒരു കത്തുണ്ടായിരുന്നു. ഇടക്കാല പ്രധാനമന്ത്രിയായ ശൈഖ് അബ്ദുല്ലയും മറ്റു മൂന്നംഗങ്ങളും ഭരണഘടനാ നിര്‍മാണസഭയിലേക്ക് വരുന്നതും ജമ്മുകശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നതിനുള്ള വ്യവസ്ഥകളും മറ്റു വിശദാംശങ്ങളും രൂപപ്പെടുത്തുന്നതും ഇതിന്റെ ഭാഗമായാണ്. അഞ്ചുമാസത്തെ നിരന്തര ചര്‍ച്ചകള്‍ക്കും ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ഇടപെടലുകള്‍ക്കും ശേഷം ഉരുത്തിരിഞ്ഞുവന്ന വ്യവസ്ഥകള്‍ ഭരണഘടനയുടെ ഭാഗമായി എഴുതിച്ചേര്‍ത്തു. അതാണ് 370ാം ഖണ്ഡിക. 1951 നവംബറില്‍ ജമ്മുകശ്മീര്‍ ഭരണഘടനാ നിര്‍മാണസഭ ആദ്യമായി ചേരുന്നത് 370ാം ഖണ്ഡികക്ക് അംഗീകാരം നല്‍കാനാണ്. 1952ലെ നെഹ്റു-ശൈഖ് അബ്ദുല്ല കരാറാണ്പിന്നീട് ഇന്ത്യയും ജമ്മുകശ്മീരും തമ്മിലുള്ള ബന്ധം നിര്‍വചിച്ചതും കേന്ദ്രഗവണ്മെന്റിന് കശ്മീരിന്റെമേലുള്ള അധികാരം നിര്‍ണയിച്ചതും. ഇതനുസരിച്ച് മൂന്നു പ്രധാനവിഷയങ്ങളില്‍-പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, മാത്രമായിരിക്കും ഡല്‍ഹി സര്‍ക്കാറിന് അധികാരമുണ്ടായിരിക്കുക. ബാക്കിയെല്ലാ വിഷയങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയിലായിരിക്കും. ഇരുപക്ഷവും പരസ്പരം അനുമതിയില്ലാതെ ഈ വ്യവസ്ഥകളില്‍ മാറ്റമുണ്ടാക്കാന്‍ പാടില്ലെന്നും കരാറില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ യൂണിയന്റെ കീഴിലുള്ള നിയമങ്ങള്‍ പ്രസിഡണ്ട് ജമ്മുകശ്മീരില്‍ നടപ്പാക്കുന്നതിനു മുമ്പ് അവിടുത്തെ ഭരണഘടനാ അസംബിയുടെ സമ്മതം വാങ്ങണം.
ഔദ്യോഗിക കരാറിലൂടെ ഇന്ത്യന്‍ യൂണിയനില്‍ ഘടകമായ ഏകസംസ്ഥാനം ജമ്മുകശ്മീരാണ്. സ്വന്തമായി പതാകയും പ്രധാനമന്ത്രിയും സദറെ റിയാസത്ത് പദവിയും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയും കശ്മീരിനേ ഉണ്ടായിരുന്നുള്ളൂ. 1951തൊട്ട് 56വരെ കശ്മീര്‍ ഭരണഘടനാ നിര്‍മാണ സഭ, ചര്‍ച്ചകള്‍ നടത്തിയാണ് ഓരോ വിഷയവും പ്രാബല്യത്തില്‍ കൊണ്ടുവന്നത്. മറ്റൊരു സംസ്ഥാനത്തിനും കശ്മീരിനെ പോലെ പ്രത്യേക പദവി നല്‍കിയിട്ടില്ല എന്നത് വസ്തുതക്ക് നിരക്കാത്ത പ്രചാരണമാണ്. 371ാം ഖണ്ഡികയുടെ അ മുതല്‍ ഏ വരെയുള്ള വകുപ്പുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സവിശേഷാധികാരങ്ങള്‍ നല്‍കുന്നുണ്ട്. ഭൂമിയുടെമേലുള്ള ഭരണാഘടനാപരമായ സംരക്ഷണമാണ് അതില്‍ പ്രധാനം. എന്തുകൊണ്ട് മോഡി സര്‍ക്കാര്‍ അല്ലെങ്കില്‍ ഹിന്ദുത്വശക്തികള്‍ 370ാം ഖണ്ഡികയെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കുന്നുവെന്ന ചോദ്യത്തിനു ഒരുത്തരമേയുള്ളൂ. ജമ്മുകശ്മീര്‍ രാജ്യത്തെ മുസ്ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായിപ്പോയി എന്നതു തന്നെ. ദോഗ്രാ രാജാക്കന്മാര് ക്ഷത്രിയന്മാര് ആയിരുന്നു. പ്രജകള്‍ ഭൂരിപക്ഷവും മുസ്ലിംകളും. അതീവദയനീയമായിരുന്നു പൗരന്മാരുടെ അവസ്ഥ. കൃഷി ഭൂമി മുഴുവന്‍ ഹിന്ദുപണ്ഡിറ്റുകളുടെയും ഏതാനും മുസ്ലിം ജന്മിമാരുടെയും കൈയിലായിരുന്നു. ആര്.എസ്.എസ് എന്നും നിലകൊണ്ടത് ജമ്മുവിനു വേണ്ടി മാത്രമായിരുന്നു. 370ാം ഖണ്ഡികക്ക് എതിരെ പരസ്യമായി രംഗത്തുവന്നുകൊണ്ടാണ് ഹിന്ദുമഹാസഭ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി നെഹ്റു മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നതും ഒടുവില്‍ പ്രക്ഷോഭകനായി കശ്മീരില്‍ കടക്കാന്‍ ശ്രമിച്ച് ജയിലിലടക്കപ്പെടുന്നതും. ജയിലില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ അന്ത്യം 65 വര്‍ഷത്തിനു ശേഷവും താഴ്വരയെ ശത്രുരാജ്യമായി കാണാന്‍ കാവിരാഷ്ട്രീയക്കാര്‍ക്ക് പ്രചോദനമാകുന്നു.
പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റുമ്പോള്‍
ഇന്ത്യയുമായി ജമ്മുകശ്മീരിനെ കൂട്ടിയോജിപ്പിക്കുന്ന നാഭീനാള ബന്ധമാണ് 370ാം ഖണ്ഡിക. ഈ ഖണ്ഡിക മുഖാന്തരമാണ് ഭരണഘടനയുടെ ഒന്നാം ഖണ്ഡികയില്‍ പറയുന്ന വ്യവസ്ഥകള്‍ താഴ്വരക്കും ബാധകമാകുന്നത്. വിവാദ അനുച്ഛേദം അറുത്തുമാറ്റുന്നതോടെ ജമ്മുകശ്മീര്‍ സ്വതന്ത്രരാജ്യമായി മാറുമെന്ന വ്യാഖ്യാനം നിലനില്‍ക്കുന്നുണ്ട്. ഇരുവിഭാഗവും ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പുതുക്കാന്‍ ജമ്മുകശ്മീരില്‍ ഭരണഘടനാ നിര്‍മാണ സഭ ഇല്ലാത്തതു കൊണ്ട് ആ വഴിക്കുള്ള ചിന്തപോലും അപ്രസക്തമാണെന്ന് വാദിച്ചവരുമുണ്ട്. ഇതേസമയം കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ സ്ഥാനത്ത് നിലവിലെ സംസ്ഥാന നിയമസഭ മതി എന്ന അഭിപ്രായം സ്വീകരിച്ചാല്‍ തന്നെ, കശ്മീര്‍ നിയമസഭയുടെ അംഗീകാരമില്ലാതെ, പ്രസിഡണ്ട് ഒരു നടപടിയും എടുക്കാന്‍ പാടില്ലാത്തതാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഈ വിഷയം പരമോന്നത നീതിപീഠത്തിനു മുമ്പാകെ എത്തിയപ്പോള്‍, കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയുടെ അഭാവത്തില്‍ സംസ്ഥാന നിയമസഭയാണ് അതിന്റെ അനന്തരവകാശികളെന്ന് വിധിക്കുകയുണ്ടായി. കേന്ദ്രത്തിന്റെ അധികാരം താഴ്വരയുടെമേല് വിപുലപ്പെടുത്തുന്നതിന് നിയമസഭ സമ്മതിക്കണമെന്ന് ചുരുക്കം. കശ്മീരികളുടെ സമ്മതത്തോടെ ഒരിക്കലും പ്രത്യേക പദവി എടുത്തുകളാനാവില്ല. പാര്‍ലമെന്റിന് അതിനുള്ള അധികാരമുണ്ടോ എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. ജമ്മുകശ്മീരിന്റെ സവിശേഷ പദവി ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട് (Basic Structure) ആണെന്ന് സുപ്രീംകോടതി വിധിച്ചാല്‍, ഇപ്പോഴത്തെ നീക്കവും വൃഥാവിലാവും.
370ാം ഖണ്ഡികയുടെ അകക്കാമ്പ് എന്നോ ചോര്ത്തിയെടുത്തുകഴിഞ്ഞതാണ്. സാമ്പത്തിക വിദഗ്ധനും ജമ്മു ആന്റ് കശ്മീര്‍ ബാങ്ക് മുന്‍ചെയര്‍മാനുമായ ഹസീബ് എ. ദ്രാവൂ പറയുന്നത്, 370ാം അനുച്ഛേദം കേവലം ഉമി മാത്രമാണിപ്പോഴെന്നാണ്. വിത്ത് കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ഭരണഘടനയിലെ 395 ഖണ്ഡികകളില്‍ 260ഉം ജമ്മു കശ്മീര്‍ ഭരണഘടനക്കു ബാധകമാണ്. ബാക്കി വരുന്ന 135ഖണ്ഡികകളും ഇന്ത്യന്‍ ഭരണഘടനയിലേതിന് സമാനമാണ്. അതുകൊണ്ട് യഥാര്‍ഥത്തിലുള്ള പ്രത്യേകാവകാശമോ സംരക്ഷണമോ ഇല്ല. 370ാം ഖണ്ഡിക പേരിനുണ്ടെങ്കിലും വലിയ പ്രസക്തിയൊന്നുമില്ല എന്ന് ചുരുക്കം. 370ാം ഖണ്ഡിക പ്രാബല്യത്തില്‍ വന്നപ്പോള്‍, നേരത്തെ സൂചിപ്പിച്ചത് പോലെ, മൂന്നു സുപ്രധാന വിഷയങ്ങള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തിരുന്നത്. ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍, യൂണിയന് ലിസ്റ്റില്‍പെട്ട 97ല്‍ 94 വിഷയങ്ങളും, കണ്‍കറന്റ് ലിസ്റ്റിലെ 47ല്‍ 26 വിഷയങ്ങളും ജമ്മുകശ്മീരിന് ബാധകമാക്കി. എല്ലാം ഉദ്ഗ്രഥനത്തിന്റെ പേരില്‍. ഭരണഘടനാവ്യവസ്ഥകള്‍ മറികടന്നുകൊണ്ടുള്ള നടപടികള്‍ താഴ്വരയിലെ ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് പഠിക്കാന്‍ ശൈഖ് അബ്ദുല്ലയുടെയും ജി.എം ഷായുടെയും നേതൃത്വത്തില്‍ രണ്ടു കമ്മിറ്റികള്‍ സ്ഥാപിച്ചു. വിരുദ്ധങ്ങളായ നിഗമനങ്ങളാണ് പുറത്തുവന്നത്. മൂന്നു സുപ്രീംകോടതി വിധിയുണ്ടായി. 1975ല്‍ ഇന്ദിരാഗാന്ധി – ശൈഖ് അബ്ദുല്ല കരാറുണ്ടാക്കി. പക്ഷേ ഒരു ഫലവുമുണ്ടായില്ല.
മണ്ണും മനസ്സും സംരക്ഷിക്കാന്‍ ഉണ്ടാക്കിയ ഖണ്ഡിക
ചില ഭൂപ്രദേശങ്ങള്‍ക്ക് അതിന്റേതായ സവിശേഷതകളും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ അടയാളപ്പെടുത്തലുകളുമുണ്ടാവും . അവ സംരക്ഷിക്കാന്‍ ആധുനിക ദേശരാഷ്ട്രങ്ങള്‍ ലോകമെങ്ങും പ്രത്യേക നിയമനിര്‍മാണവും പരിഗണനകളും വെക്കാറുണ്ട്. കശ്മീരിന്റെ രാഷ്ട്രീയ സ്വയംഭരണം നിര്ണയിക്കാനുള്ളതാണ് 370ാം ഖണ്ഡികയെങ്കില് അവിടുത്തെ ജനങ്ങളുടെ പൗരാണിക അവകാശങ്ങള്‍ പരിരക്ഷിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭരണഘടനാ വ്യവസ്ഥയാണ് 35അ അനുച്ഛേദം. അത് ഇങ്ങനെ വായിക്കാം.
‘Saving of laws with respect to permanent residents and their rights.’ – Not withstanding anything contained in this Constitution, no existing law in force in the State of Jammu and Kashmir, and no law hereafter enacted by the Legislature of the State:[8]
(a) defining the classes of persons who are, or shall be, permanent residents of the State of Jammu and Kashmir; or
(b) conferring on such permanent residents any special rights and privileges or imposing upon other persons any restrictions as respects-
(i) employment under the State Government;
(ii) acquisition of immovable property in the State;
(iii) settlement in the State; or
(iv) right to scholarships and such other forms of aid as the State Government may provide,
shall be void on the ground that it is inconsistent with or takes away or abridges any rights conferred on the other citizens of India by any provision of this part.’
കശ്മീരികള്‍ക്ക് ഭൂമിയുടെയും തൊഴിലിന്റെയുംമേല് പ്രത്യേക അവകാശം നല്കുന്ന ഈ ഖണ്ഡിക 370ാം അനുച്ഛേദത്തിനു കീഴില്‍ 1954 മെയ് 14ന് ഒരുത്തരവിലൂടെ രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തതാണ്. അതും, കശ്മീര്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലി 1954 ഫെബ്രുവരി 15ന് മുന്നോട്ടുവെച്ച ഒരു ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍. ഇനി ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ഈ വകുപ്പ് എടുത്തുകളയാന്‍ പറ്റില്ല. കാരണം കശ്മീരില്‍ ഇന്ന് കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലി നിലവിലില്ല. പാര്‍ലമെന്റിന് ഈ വ്യവസ്ഥ എടുത്തുകളയാനോ ഭേദഗതി ചെയ്യാനോ അധികാരമില്ല. 368(2 ) അനുച്ഛേദത്തില്‍ കശ്മീരിന്റെ കാര്യം പ്രത്യേകം എടുത്തുപറയുന്നുണ്ട്. കശ്മീരികള്‍ക്ക് അമിതാവകാശം നല്‍കുന്നുവെന്ന് പറഞ്ഞാണ് 35എ ഖണ്ഡിക സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങാന്‍ അനുമതി നല്‍കുന്നില്ല എന്നതാണ് ‘ഉദ്ഗ്രഥനം’ അസാധ്യമാക്കുന്നതെന്ന മുടന്തന്‍ ന്യായമാണ് കേസിന് നിദാനമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, താഴ്വരയുടെ ചരിത്രവുമായും ജനങ്ങളുടെ മനോഘടനയുമായും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരവകാശത്തെയാണ് ഈ അനുച്ഛേദം കാത്തുസൂക്ഷിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ ആര്.എസ്.എസും അവര്‍ക്കു കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും വിസ്മരിക്കുകയാണ്.
1932 ജൂണ്‍ 27ന് മഹാരാജ പുറപ്പെടുവിച്ച ഉത്തരവില്‍ ‘വിദേശരാജ്യക്കാര്‍ക്ക് ‘ പൗരത്വം നല്‍കുന്നതും അവര്‍ സ്ഥലം വാങ്ങുന്നതും വിലക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ വാഴ്ചക്കാലത്തും ആ വിലക്കില്‍ അയവ് വരുത്തിയിട്ടില്ല. അതുകൊണ്ട് ഹൗസ് ബോട്ടുകളിലാണ് അവര്‍ ജീവിച്ചിരുന്നത്. കശ്മീരി പണ്ഡിറ്റുകള്‍ മാത്രമല്ല, ജമ്മു നിവാസികളും അത്തരമൊരു വ്യവസ്ഥക്കായി വാദിച്ചിരുന്നു. പഞ്ചാബികള്‍ ഇവരുടെ ഭൂമി കൈക്കലാക്കുമെന്നാണ് ഭയപ്പെട്ടിരുന്നത്. ഭൂമി മുഴുവനും മഹാരാജാവിന്റേതാണ് എന്നാണ് കശ്മീരികളുടെ പൊതുസങ്കല്പം. കുടികിടപ്പുകാര്‍ പാട്ടം നല്കി. കൃഷി ചെയ്ത് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം പൊതുഖജനാവിലേക്ക് പോയി. ഭൂമി വില്‍ക്കാനോ കൈമാറാനോ പാടില്ലായിരുന്നു. പണ്ഡിറ്റ് പ്രേംനാഥ് ബസാസിന്റെ ‘ഇന്‍സൈഡ് കശ്മീര്‍’ എന്ന പുസ്തകത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട ഈ സമസ്യ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. പുറമെനിന്നുള്ളവരെ ആട്ടിപ്പുറത്താക്കുക എന്ന മുദ്രാവാക്യം ഉയര്‍ന്നുകേട്ടത് ഹിന്ദുക്കളില്നിന്നായിരുന്നു. ഭൂരിഭാഗം മുസ്ലിംകളും ബസാസിന്റെ വിശദീകരണത്തില്‍ ‘വെള്ളം കോരികളും വിറകുവെട്ടുകാരും’ ആയിരുന്നു. 1954 ജൂലൈ 24ന് ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഈ പ്രത്യേക ഭരണഘടനാ അനുച്ഛേദത്തെ ന്യായീകരിച്ചത് ചരിത്രപരമായ കാരണങ്ങള്‍ നിരത്തിയാണ്. മഹാരാജാവിന്റെ കാലഘട്ടത്തില്‍ പൗരന്മാര് നാല് ഗണത്തിലുണ്ടായിരുന്നുവ െത്ര. ഒന്നാം ഗണത്തില്‍ പെടുന്നവര്‍ക്ക് മാത്രമേ ഭൂമിയുടെ മേല്‍ അവകാശമുണ്ടായിരുന്നുള്ളൂ. താഴ്വരയുടെ കുളിര്‍മയേറിയ കാലാവസ്ഥ കണ്ട് വിദേശികള്‍, വിശിഷ്യാ ബ്രിട്ടീഷുകാര്‍ കുടിയേറിപ്പാര്‍ക്കുന്നത് കര്‍ക്കശമായി തടഞ്ഞിരുന്നു. മറ്റെല്ലാ അധികാരങ്ങളും ബ്രിട്ടീഷ്കാര്‍ക്കു മുന്നില്‍ അടിയറ വെച്ചപ്പോഴും ഭൂമിയെ തൊട്ടുകളിക്കാന്‍ ഭരണകര്‍ത്താവ് അനുവദിച്ചിരുന്നില്ല എന്ന് നെഹ്റു സഭയെ ബോധ്യപ്പെടുത്തുകയുണ്ടായി. അതുപോലെ തൊഴില്‍ മേഖലയുടെ മേലുള്ള നിയന്ത്രണവും ‘സ്റ്റേറ്റ് സബ്ജക്റ്റ്’ ആയി നിലനിര്‍ത്തിയതും കേന്ദ്രം അതില്‍ ഇടപെടാതിരിക്കാന്‍ ജാഗ്രത പാലിച്ചതും കശ്മീരികളുടെ അന്തഃസ്ഥലികളെ തൊട്ടുനോവിക്കുന്നത് വിനയാകുമെന്ന ബോധ്യത്തിലാണ്.
ഇത്തരമൊരു ഭരണഘടനാ ഗ്യാരണ്ടി വെറുതെയല്ല കശ്മീരികള്‍ക്ക് നാം നല്‍കിയത്. ഇന്ത്യയുടെ ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ കശ്മീരിലും ബാധകമാക്കാന്‍ അവരുടെ അംഗീകാരം നേടിയെടുത്തത് 35എ ഖണ്ഡികയിലൂടെ അവരുടെ പൗരാണികാവകാശങ്ങള്ക്ക് പരിരക്ഷ ഉറപ്പുനല്‍കുക വഴിയാണ്. സുപ്രീംകോടതിയുടെ കര്മവിസ്തൃതി താഴ്വരയിലേക്ക് നീട്ടാന്‍ സമ്മതം കിട്ടിയതും ഇതേ മാര്‍ഗത്തിലൂടെയാണ്. പിന്നെ, എപ്പോള്‍ ഈ ഖണ്ഡിക ഒരു വിഭാഗത്തിനു ചതുര്‍ഥിയായി എന്ന ചോദ്യത്തിനു ഹിന്ദുത്വശക്തികളുടെ കശ്മീര്‍ വിരുദ്ധ, മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ മൂര്ധന്യതയില് എത്തിയശേഷം എന്നേ മറുപടിയുള്ളൂ. ഒരു ജനതയോടും മതവിഭാഗത്തോടുമുള്ള അടങ്ങാത്ത കലിയും വിദ്വേഷവുമാണ് മോഡി സര്‍ക്കാറിനെ കൊണ്ട് ഈ ഭരണഘടനാവകുപ്പിനെതിരെ വാളെടുപ്പിച്ചത്. ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ച ബില്ലുകള്‍ കോടതി കയറുമെന്ന് ഉറപ്പാണ്. ചരിത്രവും ഭൂമിശാസ്ത്രവും നിയമവും ഭരണഘടനാപശ്ചാത്തലവും കശ്മീരികള്‍ക്ക് അനുകൂലമാണ്. പക്ഷേ, മൂല്യവത്തായ ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ജുഡീഷ്യറിയുടെ മുന്നില്‍പോലും ഗ്യാരണ്ടിയോ ആദരവോ ഇല്ലാത്ത ഈ കാലസന്ധിയില്‍ എന്തായിരിക്കും കോടതി തീര്‍പ്പെന്ന് ആര്‍ക്കും പറയാനാവില്ല.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login