ഇരുണ്ടകാലത്ത് എന്തുതരം പാട്ടുകളാണുണ്ടാവുക എന്ന ബ്രഹ്‌തോള്‍ഡ് ബ്രെഹ്ത്തിന്റെ വിഖ്യാതമായ വാക്കുകളിലാണ് കഴിഞ്ഞ തവണ നമ്മള്‍ ചൂണ്ടുവിരല്‍ നിര്‍ത്തിയത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അതേ വാക്കുകളില്‍ നിന്ന് ഈ സംഭാഷണവും നമുക്ക് ആരംഭിക്കേണ്ടിവരുന്നു. ഇരുണ്ട കാലത്തിന്റെ പാട്ടുകള്‍ പാടേണ്ടി വരുന്നു.
അതിവേഗമുള്ള നിയമനിര്‍മാണങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യതയായ സുതാര്യതയുടെ റദ്ദാക്കലും നിശബ്ദമായിപ്പോകുന്ന പ്രതിപക്ഷങ്ങളും ജനാധിപത്യത്തെ അതിദയനീയമാം വിധം നിരാലംബമാക്കുമെന്ന ആലോചനകള്‍ ഇതേ താളുകളില്‍ നാം പലവട്ടം പങ്കുവെച്ചതാണ്. ആ പ്രതിപക്ഷ നിശബ്ദത നമുക്കറിയുന്നതുപോലെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. രാഷ്ട്രതന്ത്രപഠനങ്ങള്‍ നരേറ്റീവുകള്‍ എന്ന് വിവക്ഷിക്കുന്ന പ്രതിഭാസത്തിന്റെ നിര്‍മിതിയാണ്. നരേറ്റീവുകള്‍ അഥവാ ആഖ്യാനങ്ങള്‍ നിര്‍മിച്ചും പ്രചരിപ്പിച്ചും സ്ഥാപിച്ചുമാണ് സമര്‍ഥമായ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. ദേശീയപ്രസ്ഥാനം അത്തരത്തില്‍ ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ നരേറ്റീവാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദീര്‍ഘകാലം അരങ്ങുവാണത് ആ നരേറ്റീവിന്റെ പലതരം പ്രയോഗങ്ങളില്‍ടെ ആയിരുന്നു. മഹാത്മാഗാന്ധി ആയിരുന്നു ആ നരേറ്റീവിന്റെ ഒരു നായകബിംബം. ജഹവര്‍ലാല്‍ നെഹ്‌റു ആയിരുന്നു മറ്റൊന്ന്. ധാര്‍മികതയുടെ മകുടമായി ഗാന്ധിയും ആധുനികതയുടെ പ്രകാശനമായി നെഹ്‌റുവും ആഖ്യാനം ചെയ്യപ്പെട്ടു.
എല്ലാ നരേറ്റീവുകളുടെയും പ്രധാന പരിമിതി അത് നിരന്തരം നവീകരിക്കപ്പെട്ടില്ലെങ്കില്‍ കാലത്തോട് തോറ്റുപോകും എന്നതാണ്. അത്തരം നവീകരണത്തിന് കോണ്‍ഗ്രസ് ശ്രമിച്ചില്ല, നടന്ന ശ്രമങ്ങളെ കോണ്‍ഗ്രസിലെ അധികാര പ്രമത്തര്‍ അട്ടിമറിക്കുകയും ചെയ്തു. വി.പി സിംഗ് അത്തരെമാരു ആഖ്യാന നവീകരണ പരിശ്രമത്തിന്റെ ഉദാഹരണമാണ്. ദേശീയ പ്രസ്ഥാനവും ഗാന്ധിയും നെഹ്‌റുവും ബദലുകളില്ലാത്ത നരേറ്റീവ് ആയി വിളയാടിയ കാലത്ത് സംഘപരിവാര്‍ രാഷ്ട്രീയം പാര്‍ലമെന്റില്‍ അപ്രസക്തമായിരുന്നു. പക്ഷേ, രാഷ്ട്രതന്ത്രത്തെക്കുറിച്ച് മാത്രം ആലോചിക്കുന്ന, രാഷ്ട്രാധികാരത്തെ കുറിച്ച് നിരന്തരം ഗവേഷണം ചെയ്യുന്ന ചിന്താഭരണികള്‍ അക്കാലമത്രയും നാഗ്പൂരില്‍ ഉണ്ടായിരുന്നു. പക്ഷേ, നമ്മള്‍ നേരത്തെ പറഞ്ഞ ഗാന്ധി-നെഹ്‌റു-ദേശീയപ്രസ്ഥാനം നരേഷന്റെ പ്രഭയെ മങ്ങിപ്പിക്കുന്ന ഒന്നും സംഘപരിവാറില്‍ നിന്ന് പുറപ്പെട്ടില്ല. കൗണ്ടര്‍ നരേഷനുകള്‍ വിജയിച്ചില്ല.
കാലം പക്ഷേ, നവീകരിക്കാത്ത ആഖ്യാനങ്ങളെ പഴഞ്ചൊല്ലുപോലെ നിര്‍ജീവമാക്കും. ജ്യോതിരാദിത്യ സിന്ധ്യയുടെ തലമുറക്ക് ഗാന്ധി-നെഹ്‌റു ആഖ്യാനങ്ങളെ മനസ്സിലാകണമെന്നില്ല. അപ്പോഴേക്കും നാഗ്പൂരില്‍നിന്ന് കരുത്തന്‍ പ്രതി ആഖ്യാനങ്ങള്‍, കൗണ്ടര്‍ നരേറ്റീവുകള്‍ പുറപ്പെടാന്‍ തുടങ്ങി. ഏറ്റവും ഒടുവിലെ അത്തരമൊരു നരേറ്റീവിനെ നാം സര്‍ദാര്‍ വല്ലഭായ് പട്ടേലില്‍ കണ്ടു. കോണ്‍ഗ്രസ് എന്തുകൊണ്ട് നെഹ്‌റുവിനോളം പ്രബലനും ഗാന്ധിയുടെ വലംൈകയുമായ പട്ടേലിനെ നിഷ്പ്രഭനാക്കി എന്ന സംഘപരിവാറിന്റെ ചോദ്യം അതിശക്തമായ ഒരു കൗണ്ടര്‍ നേരറ്റീവായിരുന്നു. അന്തരിച്ച സുഷമ സ്വരാജ് ഇന്ദിരാഗാന്ധിയെന്ന മാതൃബിംബത്തിന്റെ കൗണ്ടര്‍ നരേറ്റീവായി മാറി. ഇങ്ങനെ എണ്ണമറ്റ ആഖ്യാനങ്ങള്‍, ചരിത്രത്തില്‍ സാധൂകരണമുള്ള ആഖ്യാനങ്ങള്‍ ഇന്ത്യ മുഴുവന്‍ പടര്‍ത്താന്‍ സംഘപരിവാറിന് കഴിഞ്ഞു. പ്രതിരോധിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് അവരുടെ തന്നെ സമ്പന്നമായ ഭൂതകാലത്തെ കൈവിട്ടു.
അത്തരമൊരു വിജയിച്ച സംഘപരിവാര്‍ നരേറ്റിവിന്റെ കൊട്ടിക്കലാശമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്; ജമ്മു കശ്മീര്‍.
കശ്മീര്‍ ഒരു കോണ്‍ഗ്രസ് ആഖ്യാനമാണ്. നീതിയും ധാര്‍മികതയും പതാകയാക്കി പടര്‍ന്ന സ്വാതന്ത്ര്യസമരത്തിന്റെ ബാക്കിപത്രം. എന്തുകൊണ്ട് പട്ടേലിന്റെ ഉരുക്കുമുഷ്ടി ഹരിസിംഗിലേക്കും അയാളുടെ കശ്മീര്‍ രാജ്യത്തിലേക്കും നീണ്ടില്ല എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നല്‍കിയിരുന്ന ഉത്തരം നീതി എന്നും ധാര്‍മികത എന്നുമായിരുന്നു. എന്തുകൊണ്ട് കശ്മീരിന് പ്രത്യേക പദവി നല്‍കി എന്ന ചോദ്യത്തിന് ചരിത്രമെന്നും ഭരണഘടനയെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ഉത്തരം.
ചരിത്രമെന്നാല്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രമാണ്. ദേശീയപ്രസ്ഥാനത്തിന്റെ കൊടുമ്പിരിക്കാലത്ത് ഇന്ത്യ ചെറുരാജ്യങ്ങളുടെ, സ്വതന്ത്രമായ ചെറുരാജ്യങ്ങളുടെ കൂട്ടമായിരുന്നു. ആ ചെറുരാജ്യങ്ങളെല്ലാം അധിനിവേശത്തിന്റെ ഇരകളായിരുന്നു. എല്ലാം ഒരുപോലെ ഇരകളാണ് എന്നല്ല. അധിനിവേശത്തിന്റെ പെരുമാറ്റം പലരോടും പലരൂപത്തിലായിരുന്നു. മറാത്തയോടുള്ള പെരുമാറ്റമായിരുന്നില്ല ബ്രിട്ടന് മലബാറിനോട്. അതിനാല്‍തന്നെ ദേശീയപ്രസ്ഥാനത്തിന്റെ പ്രാദേശിക പങ്കാളിത്തം പലരും ഇന്ന് ധരിച്ചുവശായിരിക്കുന്നപോലെ സമ്പന്നമായിരുന്നില്ല. പാരതന്ത്ര്യം എന്ന ആശയത്തെ പഠിപ്പിച്ച് സ്വാതന്ത്ര്യം എന്ന രാഷ്ട്രീയാവശ്യത്തിന്റെ പ്രസക്തി മനസ്സിലാക്കി കൊടുത്താണ് ദേശീയപ്രസ്ഥാനം മുന്നേറിയത്. അതിനായി സൃഷ്ടിച്ച ഒരാശയമാണ് രാഷ്ട്രീയ ഇന്ത്യ. അത് പ്രചരിച്ചത് ഗാന്ധിയുടെ വരവോടെയാണ്. ഗാന്ധിക്ക് മുന്നേ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പുകള്‍ ധാരാളമുണ്ടായിരുന്നു. 1857-ലെ സൈനിക കലാപം മറക്കരുത്. ഉത്തരേന്ത്യയിലെ ആദിവാസി ചെറുത്തുനില്‍പുകളും രക്തസാക്ഷിത്വങ്ങളും മറക്കരുത്. പക്ഷേ, ഇന്ത്യ എന്ന ഒരാശയത്തിന്റെ സ്വാതന്ത്ര്യ സമരങ്ങളായിരുന്നില്ല അവയൊന്നും.
സ്വാതന്ത്ര്യാനന്തരമാണ് ഒരു രാഷ്ട്രീയ രൂപമായി, സ്ഥലപരമായ ഒരു വ്യവസ്ഥയായി ഇന്ത്യ മാറുന്നത്. അങ്ങനെയാണ് ഇന്ത്യ സംസ്ഥാനങ്ങളുടെ യൂനിയനാണ് എന്ന പ്രബലതത്ത്വം രൂപപ്പെടുന്നത്. ഫെഡറലിസം എന്നത് ഇന്ത്യ എന്ന മൗലികാശയത്തിന്റെ അടിത്തറ ആകുന്നത്. കശ്മീര്‍ ആ മൗലികാശയത്തിന്റെ ഗുണഫലമായിരുന്നു. അതിനാലാണ് കശ്മീരിന്റെ പ്രത്യേക പദവി, ഒരര്‍ഥത്തില്‍ സ്വയം ഭരണം ചരിത്രത്തിന്റെയും ഭരണഘടനയുടെയും സൃഷ്ടി ആകുന്നത്. അതിധീരനായ ഒരു യോദ്ധാവ് യുദ്ധം ചെയ്ത് നേടിയതല്ല ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നും പലതരം സ്വത്വങ്ങള്‍ സ്വാതന്ത്ര്യം എന്ന ഒറ്റ ആശയത്തിലേക്ക്, ഒരു ലക്ഷ്യത്തിലേക്ക് സംഘടിച്ചാണ് അത് നേടിയതെന്നും നമുക്കറിയാം. ഒറ്റ യോദ്ധാവിന്റെ നരേഷന്‍ ദേശീയപ്രസ്ഥാനത്തില്‍ ചെലവാകില്ല. അതിനാലാണ് ൈസനികസഹായത്തിന് പകരമായി സഹകരിക്കാമെന്ന ഉടമ്പടി കശ്മീര്‍ ഇന്ത്യന്‍ യൂനിയനുമായി ഉണ്ടാക്കുന്നത്. ആ ഉടമ്പടിയുടെ ഭരണഘടനാരൂപമാണ് പ്രത്യേക പദവി. ദേശീയപ്രസ്ഥാനമെന്ന അഹിംസയും സഹിഷ്ണുതയും മതേതരത്വവും മനുഷ്യന്തസ്സും ഉള്‍ച്ചേര്‍ന്ന നരേഷന്‍ പ്രബലമായി നില്‍ക്കുന്ന കാലത്തോളം ഒരു സംസ്ഥാനത്തിന്റെ പ്രത്യേക പദവിക്ക് ഉലച്ചിലുണ്ടാകില്ല. അതിനാലാണല്ലോ ശ്യാമപ്രകാശ് മുഖര്‍ജിയുടെ കാലം തൊട്ട് പതിറ്റാണ്ടുകളായി പ്രത്യേക പദവി റദ്ദാക്കണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ പൊളിറ്റിയില്‍ അത് വിലപ്പോകാതിരുന്നത്. കാരണം അക്കാലമൊക്കെയും സംസ്ഥാനങ്ങളെ കൂട്ടിച്ചേര്‍ക്കല്‍ എന്ന പട്ടേല്‍ നേതൃത്വം കൊടുത്ത പരിപാടി ഗാന്ധിയന്‍ ആഖ്യാനത്തിന്റെ തിളക്കത്തിലാണ് മനസ്സിലാക്കപ്പെട്ടിരുന്നത്. എല്ലാ ഉപാധികളെയും അംഗീകരിക്കാന്‍ കാരണമായതും ആ തിളക്കമാണ്.
ആ തിളക്കം നവീകരണങ്ങള്‍ ഇല്ലാതെ മങ്ങി. നായകബിംബങ്ങളെ സൃഷ്ടിച്ചുള്ള സംഘപരിവാറിന്റെ ബദല്‍ ആഖ്യാനങ്ങള്‍ വിജയിക്കാന്‍ തുടങ്ങി. കരിങ്കല്ലുറപ്പുള്ള ഒരാശയമായി രാഷ്ട്രത്തെ ആ ആഖ്യാനങ്ങള്‍ പരിചയപ്പെടുത്തി. യുദ്ധമെന്നത് നായകത്വത്തിന്റെ ആഘോഷമായി മാറി. സ്വാഭാവികമായും അതിശക്തമായ രാഷ്ട്രത്തിന് പ്രത്യേകാവകാശങ്ങളുള്ള സംസ്ഥാനമെന്നത് അംഗീകരിക്കാനാവുന്ന ഒന്നല്ല എന്ന് വന്നു. ജനാധിപത്യത്തിന്റെ അടിത്തറയായും ഇന്ത്യ എന്ന ആശയത്തിന്റെ സ്പന്ദനമായും കരുതിപ്പോന്ന ഭരണഘടന അത്രയേറെ മാനിക്കപ്പെടേണ്ട ഒന്നല്ല എന്ന നരേറ്റീവും ഇതിനിടയില്‍ കയറിവന്ന് ഇരിപ്പുറപ്പിച്ചു. ഭരണഘടനയാണ് രാഷ്ട്രം എന്ന നിലയില്‍ നിന്ന് രാഷ്ട്രത്തിന്റെ പുസ്തകമാണ് ഭരണഘടന എന്നുവന്നു. രാഷ്ട്രം എന്ന ആശയം ഒരു ഭൗതികവസ്തുവായി പരിണമിച്ചു. ആ പരിണാമത്തില്‍ കശ്മീരിന് എന്തിന് പ്രത്യേക അവകാശം എന്നും വന്നു.
എന്തുകൊണ്ടാണ് ദേശീയ പ്രസ്ഥാനത്തിന്റെ ഒരു മഹിതപാരമ്പര്യത്തെ നിമിഷനേരത്തെ പ്രഖ്യാപനം കൊണ്ട് റദ്ദാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ യുവനിരയുള്‍പ്പടെ അതിനെ അംഗീകരിച്ചത്? അവരൊക്കെയും സംഘപരിവാര്‍ കൂടാരത്തിലേക്ക് കണ്ണ് നടുന്നുവെന്നാണോ കരുതേണ്ടത്? അല്ല. അങ്ങനെ കരുതിയുള്ള പ്രതികരണങ്ങള്‍ അസ്ഥാനത്താണ്. അല്ലെങ്കില്‍ അവരെയെല്ലാം സംഘപരിവാരത്തിലേക്ക് ആട്ടിത്തെളിക്കാനുള്ള വടിയാണ്. യാഥാര്‍ത്ഥ്യം അതല്ല. നാഗ്പൂരില്‍ നിന്ന് തിടം വെച്ച കരുത്തന്‍ രാഷ്ട്രം എന്ന ആഖ്യാനം വിജയിച്ചതിന്റെ ഫലമാണത്. ഒരു ദീര്‍ഘകാലപദ്ധതിയുടെ വിളവെടുപ്പ്. ഒരേയൊരിന്ത്യ, ഒരൊറ്റ ജനത എന്ന പഴയ മുദ്രാവാക്യം അങ്ങനെ അല്ലാത്ത ജനതയെ അങ്ങനെയാവൂ എന്ന് പ്രേരിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നു. ഇന്നത് ഒരേയൊരിന്ത്യ, ഒരൊറ്റ ജനത എന്ന് അനുസരിക്കാന്‍ വേണ്ടിയുള്ള ആഹ്വാനമായി മാറി. അത്രയുമാണ് സംഭവിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ ഒരു സ്വാഭാവികതയാണെന്ന് ചുരുക്കം. അതിനാലാണ് അരുത്, ചരിത്രത്തോട് അനീതിയരുത് എന്ന ശബ്ദം ഉയരാതിരുന്നത്. പകരം എന്തിനിങ്ങനെ സൈനികമായി അധികാരപ്രമത്തമായി അത് ചെയ്തു എന്ന ചോദ്യം മാത്രം ഉയര്‍ന്നത്. നീതിക്ക് പകരം നിയമം ചര്‍ച്ചയായത്.
അതിലേക്കുവരാം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞത് സ്വാഭാവികമാവുന്നത് എങ്ങനെ എന്നാണ് നാം പറഞ്ഞത്. പിന്നെ എന്തിനാവാം വന്‍ഭൂരിപക്ഷമുള്ള മോഡി ഭരണകൂടം ആ കൃത്യത്തിന് ഇങ്ങനെ ബലപ്രയോഗത്തിന്റെ വഴി തിരഞ്ഞെടുത്തത്? കശ്മീരിലെ ജനതയെ, അവരുടെ പ്രാദേശിക ഭരണകൂടത്തെ, അവരുടെ നേതാക്കളെ എല്ലാം ഉള്‍പ്പെടുത്തി അല്‍പം സമയമെടുത്ത് എളുപ്പത്തില്‍ നടപ്പാക്കാമായിരുന്ന ഒന്നിനെ, ഇപ്രകാരം നിയമപ്രശ്‌നങ്ങളും ്രകമപ്രശ്‌നങ്ങളും സൃഷ്ടിച്ച് ഇത്ര ബഹളത്തോടെ, ഇത്ര യുദ്ധോത്സുകമായി എന്തിന് ചെയ്തു? ഭീമാകാരമായ ഒരു ഭരണകൂടത്തോട് അവര്‍ ചെറുത്തുനില്‍ക്കുമെന്ന് ഭയന്നിട്ടോ? അല്ല. അത് മറ്റൊരു നരേഷന്റെ നിര്‍മിതിയാണ്. ഭരണകൂടം അധികാരരൂപമാടുന്നതിന്റെ ദൃശ്യപ്പെടല്‍. ഇത്ര എളുപ്പത്തില്‍ റദ്ദാക്കാവുന്ന ഒന്നാണ് നിങ്ങള്‍ മഹിതമെന്ന് കൊണ്ടാടിയ മുഴുവന്‍ നരേറ്റീവുകളുമെന്നുള്ള പ്രഖ്യാപനം. വരാനിരിക്കുന്ന മുഴുവന്‍ വന്‍നടപടികളുടെയും രംഗമൊരുക്കല്‍. അടുത്തത് ഏകീകൃത സിവില്‍ കോഡാണ്.
ഒറ്റരാഷ്ട്രത്തില്‍ എന്തിന് പല നിയമം എന്ന ചോദ്യം സാധാരണമായി അവതരിപ്പിക്കപ്പെടുന്നു. പലമകളുടെ ഏകീകൃതരൂപമായിരുന്നു ദേശീയപ്രസ്ഥാനം രൂപം കൊടുത്ത ഇന്ത്യ എന്ന നരേഷന്‍. അതിനെയാണല്ലോ ഇപ്പോള്‍ റദ്ദാക്കുന്നത്. അപ്പോള്‍ എന്തിന് പല നിയമം എന്ന ചോദ്യം സാധാരണമായ ഒന്നായി മാറും. മതം ജീവിതപദ്ധതിയാണെന്ന പഴയ നിലയില്‍ നിന്ന് മതം ഭരണകൂടം നിങ്ങള്‍ക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യമാണെന്നുമുള്ള നില ഇപ്പോള്‍ രൂപപ്പെട്ട് കഴിഞ്ഞുവല്ലോ? ഒരു സംസ്ഥാനത്തിലെ മുഴുവന്‍ ജനതക്കും മേല്‍ അമിതാധികാരം പ്രയോഗിക്കപ്പെട്ട ആ പാര്‍ലമെന്ററി നിമിഷം പുതിയ ഇന്ത്യയുടെ പിറവിനിമിഷം കൂടിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രൂപാന്തരനിമിഷമാണ്. കാഫ്കയുടെ മെറ്റാമോര്‍ഫോസിസില്‍ ഗ്രിഗര്‍ സാംസ ഒരു ഷഡ്പദമായി മാറിയപ്പോഴാണ് നാം രൂപാന്തരം എന്ന വാക്കിനെ ഭയപ്പെട്ടത്. എതിര്‍പ്പിന്റെ സാധ്യതകളെ തീരെ ചുരുക്കി, യോജിപ്പിന്റെ സാധ്യതകളെ അപാരമായി പെരുപ്പിച്ചാണ് രണ്ടാം മോഡി യുഗം ആരംഭിക്കുന്നത്.
എന്നാല്‍ അങ്ങനെ എല്ലാ കാലത്തേക്കുമായി പരാജയപ്പെട്ട് പോകാന്‍ മാത്രം അതിദുര്‍ബലമായ ഒന്നാണോ ഇന്ത്യ എന്ന ആ സ്വാതന്ത്ര്യാനന്തര ആശയം? ൈകക്കരുത്തിനും പാര്‍ലമെന്ററി കരുത്തിനും മുന്നില്‍ അടച്ചുവെക്കേണ്ടി വരുന്നത്ര ദുര്‍ബലമാണോ ഇന്ത്യന്‍ ഭരണഘടന? വിയോജിപ്പുകള്‍ക്കിടമില്ലാത്ത വിധം കരുത്തന്‍ ബിംബങ്ങളെ അരിയിട്ട് വാഴിക്കുന്ന ഒന്നാണോ ജനാധിപത്യം എന്ന രാഷ്ട്രീയരൂപം? അല്ല എന്നാണ് ചരിത്രം നല്‍കുന്ന ഉത്തരം. ആ ഉത്തരത്തിലേക്കുള്ള വഴി തിരയുക എന്നതാണ് ഇപ്പോള്‍ സാധ്യമാകുന്ന പ്രതിരോധം.
കെ കെ ജോഷി
You must be logged in to post a comment Login