‘ഓഫീസിന്റെ തിരക്കുകളിലേക്ക് കടന്നിട്ടേയുള്ളു. വെള്ളിയാഴ്ചയായതിനാല്‍ ജുമുഅക്ക് പോകും മുമ്പുള്ള ജോലികള്‍ തീര്‍ക്കണം. അപ്പോഴാണ് ബാബുവിന്റെ (റഷീദ്) കോള്‍.
അസീസ് കൂടുതല്‍ ഉന്മേഷവാനാണെന്ന് തൊട്ടുതലേദിവസത്തെ സംസാരത്തില്‍ വിഷയീഭവിച്ചതാണ്. എല്ലാവരുമായും സംസാരിച്ചു. ഭക്ഷണം കഴിച്ചു. മുന്‍വിധിപറഞ്ഞ ഡോക്ടര്‍മാരില്‍ നിന്നു പോലും പ്രതീക്ഷ നല്കുന്ന പ്രതികരണമുണ്ടായി. ഇത്രയും പറഞ്ഞ് അവസാനിപ്പിച്ചവന് അടുത്ത ദിവസം വിളിക്കുമ്പോള്‍ എന്തിന് ആശങ്കപ്പെടണം. കോള്‍ കണക്ട് ആയതേയുള്ളു. നമ്മുടെ അസി പോയെന്ന് ഒറ്റവാക്കില്‍. പക്ഷെ, ആ സംസാരം മുറിഞ്ഞു. പിന്നെ ഞങ്ങളൊന്നും പറഞ്ഞില്ല. മനസ്സിലാകെ ഇരുട്ടുകയറി. ചിന്താഭാരം കൂടിയതോടെ മനസ്സ് വീണ്ടെടുത്തു. സങ്കടം കൊണ്ട് ചങ്ക് പൊട്ടുമ്പോഴും ഒരു നോക്കുകൂടി അവനെ കാണാനാകുമോ എന്നതിലായി ആധി. തിരുവനന്തപുരത്ത് നിന്ന് തിരൂരിലെത്താവുന്ന എളുപ്പമാര്‍ഗം ആലോചിച്ചു. എങ്ങനെ പോയാലും അവന്റെ അന്ത്യയാത്രയില്‍ ചേരാനാകില്ല. എങ്കിലും പോയേ പറ്റൂ. കഴിയാവുന്നത്ര വേഗത്തില്‍ നാട്ടിലെത്തണം. അവന്റെ ഖബറിടം സന്ദര്‍ശിക്കണം. സുഹൃത്തിനൊരു സലാം പറയണം. ബന്ധുക്കളെ കാണണം. അത്രമേല്‍ അടുപ്പക്കാരനായിരുന്നു അവന്. ജുമുഅ കഴിഞ്ഞുള്ള ആദ്യവണ്ടിയില്‍ കയറിപ്പറ്റി. ഉള്ളുപൊള്ളുന്ന വേദനയിലും യാത്രയില്‍ ചിന്ത മുഴുവന്‍ അവനെ കുറിച്ചായിരുന്നു. മുപ്പതിന്റെ യൗവനം. ഈ കുറഞ്ഞ കാലയളവില്‍ അവന് നെയ്തെടുത്ത നന്മകളുടെ വ്യാപ്തി എത്രയാണ്. നിന്നെ യാത്രയാക്കാനെത്തിയ പുരുഷാരത്തെ നീ കണ്ടിരിക്കുമെന്ന് ഉറപ്പുണ്ട്. അനുഗ്രഹത്തിന്റെ മഴയുടെ അകമ്പടിയോടെയായിരുന്നില്ലേ നിന്റെ അന്ത്യയാത്ര. കണ്‍മറഞ്ഞിട്ടും നിനക്ക് വേണ്ടി ഉയരുന്ന പ്രാര്‍ഥനകള്‍ നീ ബാക്കിവെച്ച ശേഷിപ്പിന്റെ അടയാളങ്ങളാണ്. നന്മയില് ചേര്‍ന്നു നിന്നതിന്റെ സൂചകങ്ങള്‍. നാഥാ… ഞങ്ങളുടെ കൂട്ടുകാരനിലേക്ക് സ്വര്‍ഗീയ കവാടങ്ങള്‍ തുറന്നിടണേ… കണക്കെടുപ്പ് നാളില്‍ നിന്റെ പ്രവാചകന്റെ ശിപാര്‍ശപ്പട്ടികയില്‍ പെടുത്തി സ്വര്‍ഗലോകത്ത് ഒരുമിപ്പിക്കണേ…’
മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് കെ എം ബഷീര്‍ വാട്സാപ്പില്‍ നാട്ടുകാരനായ പ്രിയപ്പെട്ട സുഹൃത്ത് അബ്ദുല്‍ അസീസിന്റെ അകാല വേര്‍പാടില്‍ എഴുതിയ ദീര്‍ഘമായ കുറിപ്പിലെ ചെറിയ ഭാഗമാണിത്. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അസിയെന്ന് വിളിക്കുന്ന സുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ബഷീര്‍ നാട്ടിലേക്ക് ഓടിയെത്തി. വേര്‍പാടിന്റെ വേദനയുടെ ഭാരവും പേറി വീണ്ടും തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ച ബഷീര്‍ അടുത്തയാഴ്ച വീണ്ടും നാട്ടിലെത്തി. അസീസ് മരണപ്പെട്ടതിന്റെ ഏഴാം ദിവസത്തെ പ്രാര്‍ഥനകളില്‍ പങ്കുകൊള്ളാന്‍. കൃത്യം ഒരാഴ്ച കഴിഞ്ഞതോടെ ബഷീറിനെയും മരണം കൊണ്ടു പോയി. അസീസിന്റെ നന്മകളെ കുറിച്ചാണ് ബഷീര്‍ ഏറെ പറഞ്ഞത്. അവന് ചെയ്ത സുകൃതങ്ങളോരൊന്നും പറയുമ്പോള്‍ നാളെ തന്നെ കുറിച്ചും സ്നേഹിതര്‍ പറയുമെന്ന് നിനച്ചിട്ടുണ്ടാകുമോ ബഷീര്‍?
അസീസിന്റെ നന്മകളെല്ലാം ബഷീറിന്റേത് കൂടിയായിരുന്നുവെന്ന് മരണശേഷം നാം തിരിച്ചറിയുന്നുണ്ട്. തനിക്ക് വേണ്ടി തന്നെ ബഷീര്‍ എഴുതിയ കുറിപ്പായിരുന്നുവോ ഇത്? അസീസ് കണ്ടതു പോലെ തന്നെ യാത്രയാക്കാനെത്തിയ പുരുഷാരത്തെ ബഷീറും കണ്ടു കാണും. ഇപ്പോഴും വാണിയന്നൂരിലെ ബഷീറിന്റെ വീട് തേടിയെത്തുന്നവരെയും കാണുന്നുണ്ടാകണം. ഇനിയും ഉളളംതുറന്ന് പുഞ്ചിരിക്കാനാകാത്ത കുറച്ചു മനുഷ്യര്‍ കൂടിയുണ്ടവിടെ. പേരും ഊരും അറിയാത്ത എത്രയോ പേര് ഇപ്പോഴും ബഷീറിന്റെ വീട് തേടിയെത്തുന്നുണ്ട്. അവരെയെല്ലാം സഹോദരങ്ങളും ഭാര്യാ സഹോദരനും അമ്മാവനും ചേര്‍ന്ന് സ്വീകരിക്കുന്നു. കളിചിരികളില്ലാതെ മൗനം തളം കെട്ടിനില്‍ക്കുന്ന വീടകം. പലരും വന്നും പോയുമിരിക്കുന്നു. സാന്ത്വന വാക്കുകള്‍ക്ക് ആ മൗനത്തെ മുറിച്ചുകളയാന്‍ ഇപ്പോഴുമാകുന്നില്ല. ഓര്‍മ്മകള്‍ തിരതള്ളി കണ്ണുനീര് ചാലിട്ടൊഴുകുന്നു. പ്രിയപ്പെട്ടവര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല ബഷീറിന്റെ വേര്‍പാട്. തലസ്ഥാന നഗരിയിലെ സിറാജ് ഓഫീസില്‍ ഇപ്പോഴും ബഷീറുണ്ടെന്ന് കരുതട്ടെ അവര്‍. വാര്‍ത്തകള്‍ തേടി സെക്രട്ടറിയേറ്റിലും നിയമസഭയിലും പ്രസ് ക്ലബിലുമെല്ലാം കെ എം ബി എന്ന ബഷീര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ 30നായിരുന്നല്ലോ കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘പ്രസ് ഗ്യാലറി കണ്ട സഭ’ എന്ന പുസ്തകത്തില്‍ കേരളത്തിലെ അതികായരായ മാധ്യമപ്രവര്‍ത്തകരുടെ കൂടെ ബഷീറിന്റെ റിപ്പോര്‍ട്ടും ഇടം പിടിച്ചത്. ഇതെഴുതുമ്പോഴും ഒരാള്‍ വിളിച്ചു; ബഷീറിനെ കുറിച്ച് ഏറെ പറഞ്ഞ കൂട്ടത്തില്‍ ബഷീറിന്റെ നിയമസഭാ റിപ്പോര്‍ട്ടിംഗിലെ കഴിവായിരുന്നു അദ്ദേഹം എടുത്തുപറഞ്ഞത്. ഇതുപോലെ അനേകമനേകം പേര്; കെ എം ബഷീറിന്റെ റിപ്പോര്‍ട്ടിംഗ് ശൈലിയെയും കഴിവിനെയും പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തന ജീവിതത്തിലെ അസുലഭമായ മുഹൂര്‍ത്തങ്ങളുടെ സന്തോഷം മായും മുമ്പേ ആഗസ്ത് മൂന്നിന് അര്‍ധരാത്രിയായിരുന്നു പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരാഴങ്ങളില്‍ താഴ്ത്തി പുഞ്ചിരിച്ചുകൊണ്ടു ബഷീര്‍ കടന്നുപോയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ബഷീര്‍ വിവിധയിടങ്ങളിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. വാണിയന്നൂരെന്ന ഗ്രാമത്തില്‍ നിന്ന് കോഴിക്കോട്ടെ പ്രശസ്തമായ കലാലയത്തിലേക്ക്, അവിടെ നിന്ന് പത്രപ്രവര്‍ത്തകനെന്ന വലിയ ലോകത്തേക്ക്, പ്രാദേശിക ലേഖകനില്‍ നിന്ന് യൂണിറ്റ് ചീഫ് പദവിയിലേക്ക്…
അഞ്ചാം ക്ലാസ് വരെ വാണിയന്നൂര്‍ എ യു പി സ്കൂളിലും മുനവ്വിറുല് ഇസ്ലാം മദ്രസയിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ ബഷീര്‍ പിന്നീട് മര്‍കസ് ബോര്‍ഡിംഗ് സ്കൂളിലേക്ക് മാറി. ആറാംക്ലാസ് മുതല്‍ പ്ലസ് ടു വരെ അവിടെ പഠിച്ചു. പതിനാലാം വയസ്സില്‍ പിതാവിന്റെ വിയോഗം. വടകര മമ്മദ്ഹാജി തങ്ങളുടെ മകനായതിനാല്‍ ബഷീര്‍ തങ്ങള്‍ എന്നായിരുന്നു കൂട്ടുകാര്‍ വിളിച്ചിരുന്നത്. ഇക്കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഏറെ ഇഷ്ടവും ബഹുമാനവുമായിരുന്നു ബഷീറിനോട്. പഠനകാലത്തു തന്നെ സാഹിത്യ സമാജങ്ങളിലും കൈയെഴുത്ത് മാസികകളിലുമെല്ലാം ബഷീറിന്റെ കൈയക്ഷരം പതിഞ്ഞു. തുടര്‍ന്ന് ഡിഗ്രി പഠനം തിരൂര്‍ ഗൈഡ് കോളജില്‍. ഈ സമയത്താണ് പത്രപ്രവര്‍ത്തനത്തിലേക്കും ബഷീര്‍ തിരിയുന്നത്. കോളജില്‍ പഠിച്ചുകൊണ്ടിരിക്കെ തന്നെ 2003ല്‍ സിറാജിന്റെ തിരൂരിലെ പ്രാദേശിക ലേഖകനായി നിയമിതനായി. അന്ന് തിരൂര്‍ പ്രസ് ക്ലബിന്റെ സെക്രട്ടറിയും ദേശാഭിമാനിയുടെ ലേഖകനുമായിരുന്ന ബാബു പോരൂര്‍, മാധ്യമത്തിലെ ഹസനുല്‍ ബന്ന, ഇപ്പോള്‍ തത്സമയത്തിലുള്ള ജമാല്‍ ചേന്നര, തേജസിലെ കെ പി ഒ റഹ് മത്തുല്ല എന്നിവരെല്ലാം ബഷീറിന്റെ വാര്‍ത്തയെഴുത്തിലെ സഹായികളും സുഹൃത്തുക്കളുമായി മാറി. കുറഞ്ഞ കാലം കൊണ്ടു തന്നെ തിരൂരിന്റെ എല്ലാ മേഖലകളെ കുറിച്ചും ബഷീര്‍ വാര്‍ത്തകളെഴുതി. ഓരോ വാര്‍ത്തകളും ഫയല്‍ ചെയ്തു സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നതിനാല്‍ ഇതിന്റെ ഫോളോഅപ്പുകള്‍ നല്‍കാനും കഴിഞ്ഞു. വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. സിറാജില്‍ മിക്ക ദിവസങ്ങളിലും മറ്റു പത്രങ്ങളിലില്ലാത്ത വാര്‍ത്ത നല്കാന് ബഷീറിന് കഴിഞ്ഞിരുന്നതായി ബാബു പോരൂര്‍ ഓര്‍ക്കുന്നു. മലപ്പുറത്തേക്ക് പോയതോടെ ഗ്രാഫ് ഉയരുകയായിരുന്നു. ‘തിരുവനന്തപുരത്ത് വലിയ മാധ്യമപ്രവര്‍ത്തകനായി മാറിയപ്പോഴും പ്രാദേശിക ലേഖകരായ ഞങ്ങളെയാരെയും മറന്നില്ല.’ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് വരെ ഫോണില്‍ തന്നെ ബന്ധിപ്പെട്ടിരുന്നതായും ബാബു പറഞ്ഞു.
ആദ്യമായി പത്രപ്രവര്‍ത്തന രംഗത്തെത്തിയപ്പോള്‍ നിശബ്ദനായി പത്രപ്രവര്‍ത്തനത്തെ സസൂക്ഷ്മം വീക്ഷിക്കുകയാണ് ബഷീര്‍ ചെയ്തത്. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളായിരുന്നു ബഷീറിന്റെ വാര്‍ത്തകളിലധികവും. തിരുവനന്തപുരത്ത് എത്തിയതോടെ ചെറുകിട പത്രങ്ങളുടെ കൂട്ടായ്മയില്‍ സജീവമായി. തിരൂര്‍ ഭാഗങ്ങളില്‍ നിന്ന് തിരുവനന്തപുരം ആര് സി സിയില്‍ വരുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു. തന്നെ സമീപിച്ചവരെയൊന്നും വെറും കൈയോടെ മടക്കി വിട്ടില്ല ബഷീര്‍. റെയില്‍വേ സ്റ്റേഷനില്‍ പോയി സ്വീകരിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും എല്ലാ സഹകരണങ്ങളും ചെയ്തു കൊടുത്ത ശേഷം യാത്രയാക്കുകയും ചെയ്യാന്‍ ബഷീറിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ‘പലര്‍ക്കും തിരുവനന്തപുരത്ത് എന്താവശ്യത്തിനും ആശ്രയം ബഷീറായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കാണേണ്ടതുണ്ടെങ്കില്‍ അതിനും ഇടനിലക്കാരന് ബഷീറായിരിക്കും’- തേജസിലെ കെ പി ഒ റഹ്മത്തുല്ല ഓര്‍ക്കുന്നു.
തിരൂരില്‍ നിന്ന് മലപ്പുറത്തെ ജില്ലാ ബ്യുറോയിലേക്കായിരുന്നു മാറ്റം. വി കെ ഉമര്‍ ആയിരുന്നു അന്നത്തെ മലപ്പുറം ചീഫ്. തിരൂരില്‍ നിന്ന് ഓഫീസിലേക്ക് എത്തുന്നത് അവിടത്തെ പ്രാദേശിക വാര്‍ത്തകളും ശേഖരിച്ചാവും. കൈയില്‍ കിട്ടുന്ന വാര്‍ത്തകള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുമായിരുന്നു. ബ്യുറോ ചീഫ് പദവിക്ക് അന്ന് തലയെടുപ്പ് കൂടുതലുണ്ടായിരുന്നെങ്കിലും വാര്‍ത്തയില്‍ ബഷീറിന്റെ കഴിവ് തിരിച്ചറിയാന്‍ ഉമ്മര്‍ക്കക്ക് കഴിഞ്ഞു. ഇതു കൊണ്ടു തന്നെ അദ്ദേഹം എഴുതിയ വാര്‍ത്തകളും ലേഖനങ്ങളുമെല്ലാം ബഷീറിനെ കൊണ്ട് വായിപ്പിച്ചതിന് ശേഷമേ ഡസ്കിലേക്ക് അയച്ചിരുന്നുള്ളു. വാര്‍ത്തയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ തമ്മില്‍ അന്നും മത്സരമുണ്ടായിരുന്നു. മറ്റു മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ വാര്‍ത്തകള്‍ പങ്കുവെക്കാത്ത കാലം. ഇതിനിടക്കാണ് മലപ്പുറം ഓഫീസില്‍ ബഷീറെത്തുന്നത്. അംഗബലം കുറവുള്ള ബ്യൂറോ ആയതിനാല്‍ വാര്‍ത്തകള്‍ വേണ്ടത്ര ലഭിക്കാത്ത സാഹചര്യമായിരുന്നു അന്ന്. ഇതിന് പരിഹാരമായി ബഷീര്‍ സമപ്രായക്കാരായ മറ്റു പത്രങ്ങളിലെ സുഹൃത്തുക്കളുമായി വാര്‍ത്തകള്‍ പങ്കുവെക്കാന്‍ തുടങ്ങി. ഇതോടെ സിറാജിനും കൂടുതല്‍ വാര്‍ത്തകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടായതായി വി കെ ഉമര്‍ അനുസ്മരിച്ചു. തിരുവനന്തപുരത്തും ഈ രീതി തുടര്‍ന്നിരുന്നു. ഇതുകൊണ്ടു തന്നെ ചെറുകിട പത്രങ്ങളെല്ലാം മിക്ക വാര്‍ത്തകള്‍ക്കും ബഷീറിനെ ആശ്രയിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. കൂട്ടുകൂടിയവര്ക്കെല്ലാം പറയാനേറെയുണ്ട്. മരണ വാര്‍ത്തക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ കേരളീയ പൊതുസമൂഹം അനുഭവസാക്ഷ്യങ്ങളായി അവ രേഖപ്പെടുത്തി. അപ്പോള്‍ മാത്രമാണ് ബഷീര്‍ എന്ന ചെറിയ മനുഷ്യന്റെ വലിയ മനസ് മലയാളി അറിഞ്ഞതുതന്നെ.
ബഷീര്‍, സുഹൃത്ത് അസീസിനെ കുറിച്ച് താങ്കള്‍ എഴുതിയിരുന്നില്ലേ… കണ്‍മറഞ്ഞിട്ടും നിനക്ക് വേണ്ടി ഉയരുന്ന പ്രാര്‍ഥനകളെ കുറിച്ച്, നീ ബാക്കിവെച്ച ശേഷിപ്പിന്റെ അടയാളങ്ങളെയും നന്മയില് ചേര്‍ന്നു നിന്നതിന്റെ സൂചകങ്ങളെയും കുറിച്ച്. അതു നിന്നെ കുറിച്ചു കൂടിയുള്ളതായിരുന്നു. അത്രമേല്‍ പറയാനുണ്ട് നീ ചെയ്ത സുകൃതങ്ങള്‍… അസീസിനോടൊപ്പം കണക്കെടുപ്പ് നാളില്‍ നിന്നെയും പ്രവാചകന്റെ ശിപാര്‍ശപട്ടികയില്‍ പെടുത്തി സ്വര്‍ഗലോകത്ത് ഒരുമിപ്പിക്കണേ എന്നാണ് നിന്നെ അറിയുന്നവരുടെയെല്ലാം ഇപ്പോഴത്തെ തേട്ടം.
ജലീല്‍ കല്ലേങ്ങല്‍പടി
(സിറാജ് മലപ്പുറം ബ്യുറോ ചീഫ് ആയിരുന്നു ജലീല്‍ കല്ലേങ്ങല്‍പ്പടി)
You must be logged in to post a comment Login