ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി കേരളത്തിലുടനീളം ഇത്തരത്തില്‍ ഒരു മഹോത്സവം അവിരാമമായി ആഘോഷിച്ച സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് ഞാന്‍ ആശംസകള്‍ അര്‍പ്പിക്കട്ടെ. ഒപ്പം തന്നെ ഈ സാഹിത്യോത്സവ പുരസ്‌കാരം എനിക്ക് മുന്‍പ് സ്വീകരിച്ച എന്റെ പ്രിയ സുഹൃത്തുക്കളെ അഭിനന്ദിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഇനിയുള്ള വര്‍ഷങ്ങളിലും സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് ഈ മഹത്തായ ഉത്സവം മുന്നോട്ട് കൊണ്ടുപോവാനും, എന്നെക്കാളും ഏറെ മഹത്വമുള്ള എഴുത്തുകാര്‍ക്ക് ഈ പുരസ്‌കാരം നല്‍കാനുമുള്ള അവസരം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയും ഞാന്‍ ഈ അവസരത്തില്‍ പങ്കുവെച്ചു കൊള്ളട്ടെ.
ഒരു കവിത വായിച്ചു കൊണ്ട് എനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ കഴിയുന്നത്ര ചുരുക്കി പറയാം എന്ന് വിചാരിക്കുന്നു. ഈ കവിത എഴുതപ്പെട്ടത് നരേന്ദ്ര മോഡി അധികാരത്തില്‍ എത്തുന്നതിന് അഞ്ചു വര്‍ഷം മുമ്പാണ്. ഒരുപക്ഷേ ഇന്ത്യയില്‍ മുസ്‌ലിം വിരോധം അല്ലെങ്കില്‍ ഇസ്‌ലാമോഫോബിയ പടര്‍ന്നുപിടിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രകടമായ ഒരു കാലത്താണ് ‘മുസ്‌ലിം’ എന്ന ഈ കവിത ഞാന്‍ എഴുതുന്നത് . ഇതില്‍ ഒരുപാട് സൂചനകളുണ്ട്. ഞാന്‍ അതിന്റെ വിശദീകരണങ്ങളിലേക്കോ വ്യാഖ്യാനങ്ങളിലേക്കോ ഒന്നും തന്നെ കടക്കുന്നില്ല. കുമാരനാശാന്റെ ദുരവസ്ഥയിലെ ഒരു വരി സൂചിപ്പിക്കുന്നുണ്ട്, ബഷീറിന്റെയും എംടിയുടെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും ഒ വി വിജയന്റെയും ഒക്കെ ചില കഥാപാത്രങ്ങളെ സൂചിപ്പിക്കുന്നുണ്ട്, ചില അറബ് വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്, ശിരോവസ്ത്രത്തിന്റെ അറബ് വാക്ക് ഉള്‍പ്പെടെ. ‘ഇജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്’ എന്ന നാടകത്തിന്റെ ഒരു സൂചനയുണ്ട്. ഉത്തരേന്ത്യയില്‍ ദക്ഷിണേന്ത്യയിലെക്കാള്‍ പ്രചാരത്തില്‍ ഉള്ള ചില അറബ് വാക്കുകള്‍ വരുന്നുണ്ട്; ഇശ്ഖ്, ഖയാല്‍ മുതലായിട്ടുള്ള വാക്കുകള്‍. നിങ്ങള്‍ക്ക് അറിയാം ഇശ്ഖ് പ്രണയം ആണെന്നും ഖയാല്‍ എന്നത് ഒരു വിചാരമോ ഓര്‍മയോ അതേ സമയം ഒരു സംഗീതരീതിയോ ഒക്കെത്തന്നെ ആണെന്നും. ഒപ്പം തന്നെ മുസ്ലിംകള്‍ ബഹുസ്വരമായിട്ടുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള സൂചനകളും അതിലുണ്ട്. അത് മുഗള്‍ മിനിയേച്ചര്‍ ചിത്രങ്ങളുടെ രൂപത്തില്‍ ആവട്ടെ, ഹിന്ദുസ്ഥാനി- സൂഫി സംഗീതങ്ങളുടെയും രൂപത്തിലാവട്ടെ, ഇന്ത്യന്‍ ശില്പകലക്കും വാസ്തുശില്പകലക്കും നല്‍കിയ സംഭാവനകളുടെ രൂപത്തില്‍ ആവട്ടെ, നൃത്തത്തിനും ആഖ്യാനത്തിനും നല്‍കിയ സംഭാവനകളുടെ രൂപത്തിലാവട്ടെ, ഇന്ത്യന്‍ സംസ്‌കാരം മുസ്‌ലിം സംഭാവനകളെ കൂടി ഉള്‍പ്പെടാതെ ഒരര്‍ഥത്തിലും സമ്പൂര്‍ണമാവില്ല എന്ന വിശ്വാസം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് ഈ സൂചനകള്‍ എല്ലാം തന്നെ ഞാന്‍ ഈ കവിതയില്‍ ഉപയോഗിക്കുന്നത്.
ഞാന്‍ മുസ്ലിം
രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുറഹ്മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍കുട്ടിയില്‍ മുഴങ്ങിപെയ്തവന്‍
ക്രൂരമുഹമ്മദരുടെ കത്തി
കൈവിട്ടില്ലെങ്കിലും,
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍.
( ദുരവസ്ഥയില്‍ ആശാന്റെ ഒരു പ്രയോഗം ആണ് ക്രൂരമുഹമ്മദര്‍ എന്നുള്ളത്. നിങ്ങള്‍ക്ക് അറിയാം, മലബാര്‍ നാടകങ്ങളില്‍ ഒരു കത്തി എളിയില്‍ തിരുകിയാണ് മുസ്ലിംകള്‍ പ്രത്യക്ഷപ്പെടുക. അങ്ങനെ ഒരു ടൈപ്പ് കഥാപാത്രമായി മുസ്ലിംകളെ അത് ഒരര്‍ഥത്തില്‍ മാറ്റുകയും ചെയ്തിട്ടുണ്ടാകാം. എങ്കിലും അവരെല്ലാവരും നല്ല കഥാപാത്രങ്ങളും ആയിരുന്നു.)
ഒറ്റക്കണ്ണനും, എട്ടുകാലിയും,
മുങ്ങാങ്കോഴിയുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു.
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും,
പൂക്കോയ തങ്ങളുടെ പ്രതാപവുമായി.
എന്റെ വീടര്‍ ഉമ്മാച്ചുവും
പാത്തുമ്മയുമായി
കാച്ചിയും തട്ടവും അണിഞ്ഞ
മൈമൂന നിങ്ങളെ പ്രലോഭിപ്പിച്ചു.
ഒരുനാള്‍ ഉണര്‍ന്നുനോക്കുമ്പോള്‍,
സ്വരൂപം ആകെ മാറിയിരിക്കുന്നു.
തൊപ്പിക്ക് പകരം കുഫിയ്യ,
കത്തിക്ക് പകരം തോക്ക്
കളസം നിറയെ ചോര.
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്.
കുടിക്കുന്നത് കഹ്വ,
വായിക്കുന്നത് ഇടത്തോട്ട്.
പുതിയ ചെല്ലപ്പേര് ഭീകരവാദി.
ഇന്നാട്ടില്‍ പിറന്നുപോയി,
ഖബര്‍ ഇവിടെത്തന്നെയെന്ന്
ഉറപ്പിച്ചിരുന്നു.
ഇപ്പോള്‍ വീട് കിട്ടാത്ത യത്തീം. (ഇത് ഞാന്‍ ഡല്‍ഹിയിലെ അനുഭവം ആണ് പറയുന്നത്, ഡല്‍ഹിയില്‍ ഒരു മുസ്‌ലിമിന് ഒരു വാടകവീട് കിട്ടുക ചില പ്രദേശങ്ങളില്‍ ഒഴികെ അസാധ്യമാണ്).
ആര്‍ക്കും എന്നെ തുറങ്കിലടക്കാം,
ഏറ്റുമുട്ടലില്‍ എന്ന് പാടി കൊല്ലാം
തെളിവൊന്നു മതി: എന്റെ പേര്.
ആ ‘നല്ല മന്‌സ’നാകാന്‍ ഞാന്‍ ഇനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
ഇശ്ഖിനെ കുറിച്ചുള്ളൊരു
ഗസലിന്നകത്ത്
വെറുമൊരു ഖയ്യാലായി മാറാനെങ്കിലും.
കുഴിച്ചു മൂടിക്കൊള്ളൂ
ഒപ്പനയും കോല്‍ക്കളിയും ദഫുമുട്ടും
പൊളിച്ചെറിഞ്ഞോളൂ
കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ
മന്ത്രവിരിപ്പുകളും വര്‍ണചിത്രങ്ങളും.
തിരിച്ചുതരൂ എനിക്ക്,
എല്ലാ മനുഷ്യരെയും പോലെ,
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്‌നേഹിക്കുകയും
കലഹിക്കുകയും ചെയ്യുന്ന
എന്റെ സ്വന്തം മുഖം മാത്രം.
ഈ കവിത എഴുതുമ്പോള്‍ അഖ്‌ലാഖോ പെഹ്ലുഖാനോ കൊല്ലപ്പെട്ടിട്ടില്ല. ഗോഹത്യയുടേയോ പശുവ്യാപാരത്തിന്റെയോ പേരില്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ ആക്രമിക്കപ്പെട്ടിട്ടില്ല. നജീബിനെ പോലെ ഒരു വിദ്യാര്‍ഥി എവിടേക്ക് പോയി എന്നുപോലും അറിയാത്ത രീതിയില്‍ അപ്രത്യക്ഷനായിട്ടില്ല. ഷെഹ്‌ല റാഷിദ് ഉള്‍പ്പെടെ അനേകം പേര്‍ കള്ളക്കേസുകളില്‍ കുടുക്കപ്പെട്ടിട്ടില്ല.
എന്നാല്‍ അതിനുമുന്‍പുതന്നെ നമ്മുടെ സമൂഹത്തില്‍ വ്യാപിക്കുന്ന ഇസ്ലാം വിദ്വേഷത്തിന്റെ വിഷം തൊട്ടറിയാനും അതിന്റെ വേദന അഗാധമായി അനുഭവിക്കാനും കഴിഞ്ഞതുകൊണ്ടാണ് ഇത്തരത്തില്‍ ചില വരികള്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞത്; അല്ലെങ്കില്‍ എനിക്ക് എഴുതേണ്ടി വന്നത്. കാരണം ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യാനിയോ എന്നാലോചിക്കാതെ ജീവിതത്തില്‍ നിരന്തരം സൗഹൃദങ്ങളില്‍ ഏര്‍പ്പെടുകയും, സ്‌കൂള്‍ മുതല്‍ ഈ കാലം വരെ അത്തരത്തിലുള്ള സൗഹൃദങ്ങള്‍ നിലനിര്‍ത്തുകയും ചെയ്ത ഒരാള്‍ എന്ന നിലയ്ക്ക്, എല്ലാ മതങ്ങളുടെയും ആത്യന്തികസന്ദേശം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയുമാണ് എന്ന് വിശ്വസിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക്, എല്ലാ കലയുടെയും ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും അടിത്തറ ‘ഞാന്‍ എന്താണ്? ഞാന്‍ എവിടെ നിന്ന് വന്നു? ഞാന്‍ എങ്ങോട്ടു പോകുന്നു? ഈ പ്രപഞ്ചത്തിന്റെ മഹാരഹസ്യം എന്താണ്?’ എന്ന് അന്വേഷിക്കുന്ന ആത്മീയതയാണ് എന്ന് വിശ്വസിക്കുന്ന ഒരാളെന്ന നിലയ്ക്ക്, ഒരര്‍ത്ഥത്തിലും മത വിദ്വേഷത്തെ പൊറുപ്പിക്കാന്‍ കഴിയാത്ത ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ആണ് ഇത്തരത്തില്‍ ഒരു കവിതയെഴുതാനുള്ള സാഹചര്യം എന്റെ ജീവിതത്തില്‍ ഉണ്ടായത്.
ഇന്നത്തെ ഇവിടുത്തെ പ്രഭാഷണത്തിന്റെ വിഷയമായി നല്കപ്പെട്ടിട്ടുള്ളത് നമ്മുടെ കാലത്തെ കവിതയും പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു പ്രമേയമാണ്. അതിന്റെ ശീര്‍ഷകം വരുന്നത് ബെര്‍തോള്‍ഡ് ബ്രെഹ്ത് എന്ന ജര്‍മന്‍ കവിയുടെ കവിതയില്‍ നിന്നാണ്. അദ്ദേഹം കവിയും നാടകകൃത്തും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. ബ്രെഹ്ത് ഒരു കവിതയില്‍ ചോദിച്ചു ‘കെട്ട കാലത്തു പാട്ടുണ്ടാകുമോ?’ എന്നിട്ട് അദ്ദേഹം തന്നെ അതിന് മറുപടി പറഞ്ഞു ‘ഉവ്വ്, കെട്ട കാലത്തെ കുറിച്ചുള്ള പാട്ട്.’ കവിത എക്കാലവും സമൂഹത്തിനും ജീവിതത്തിനും സാക്ഷ്യം വഹിക്കുന്നു എന്ന്, അത് അധികാരത്തോട് നിര്‍ഭയമായി സത്യം വിളിച്ചു പറയുന്നു എന്ന്, സ്വന്തം പരിസരത്തു നടക്കുന്ന യാഥാര്‍ഥ്യങ്ങളുടെ അഭിമുഖീകരണത്തിലൂടെ അത് സ്വയം ജീവിക്കുകയും മറ്റുള്ളവരെ ജീവിപ്പിക്കുകയും ചെയ്യുന്നു എന്ന്, സൂചിപ്പിക്കുന്ന ഒരു കവിതയാണ് ഇത്.
കവിത ഏറ്റവും അഗാധമായ അര്‍ഥത്തില്‍ പ്രതിരോധത്തിന്റെ ആയുധങ്ങളായി മാറേണ്ട ഒരു ഇരുണ്ട കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത് എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ല. ഓരോ ദിവസവും നമ്മുടെ വിരുന്നുമുറികളില്‍ രക്തം വന്നു കുമിഞ്ഞുകൂടുന്നതായി നമുക്ക് തോന്നുന്നു. ടെലിവിഷന്‍ തുറന്നാലും പത്രം തുറന്നാലും രക്തം, വാര്‍ത്തകളില്‍ മുഴുവന്‍ രക്തം- ഇങ്ങനെ രക്തപങ്കിലമായ ഒരു കാലത്തു ജീവിക്കുന്ന ഒരു എഴുത്തുകാരന് അല്ലെങ്കില്‍ എഴുത്തുകാരിക്ക് ആ സമൂഹത്തോട് പിന്തിരിഞ്ഞിരിക്കാന്‍, അതിന്റെ വേദനകളില്‍, ഉത്കണ്ഠകളില്‍ പങ്കാളികളാവാതിരിക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. പ്രതിരോധം അല്ലെങ്കില്‍ ചെറുത്തുനില്‍പ്പ് എന്ന വാക്ക് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നത് അതിന്റെ ഏറ്റവും വിശാലമായ അര്‍ഥത്തിലാണ്. വളരെ ലളിതമായി പറയുകയാണെങ്കില്‍ അനീതിക്കെതിരെയുള്ള കലയുടെ നിലപാട് ആണ് അത്. അത് ഒരു പ്രത്യേക സമയത്ത്, പ്രത്യേക രാജ്യത്ത് നടക്കുന്ന വിപ്ലവം ആകണം എന്നില്ല. കാരണം അത്തരത്തിലുള്ള പല വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളായി മാറുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. സ്വേച്ഛാധിപതികള്‍ക്കെതിരായ വിപ്ലവങ്ങള്‍ സ്വേച്ഛാധിപതികള്‍ക്ക് ജന്മം നല്‍കുന്നത് നാം കണ്ടു. ആ സ്വേച്ഛാധിപതിയുടെ പേര് സ്റ്റാലിന്‍ എന്നോ നെപ്പോളിയന്‍ എന്നോ ചൗഷഷ്‌ക്യു എന്നോ മാര്‍ഷല്‍ ടിറ്റോ എന്നോ, അല്ലെങ്കില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എര്‍ദോഗാന്‍ എന്നോ വിക്ടര്‍ ഓര്‍ബാന്‍ എന്നോ നരേന്ദ്ര മോഡി എന്നോ എന്തുമാവട്ടെ, പലതരത്തിലുള്ള വിപ്ലവപരിശ്രമങ്ങളില്‍ നിന്നും പലപ്പോഴും സൃഷ്ടിക്കപ്പെട്ടത് ആ വിപ്ലവങ്ങള്‍ എന്ത് ലക്ഷ്യമാക്കിയോ അതിന് എതിരായ ബിംബങ്ങളും പ്രവര്‍ത്തനങ്ങളും ആണ്. അതുകൊണ്ടാണ് ആ വാക്കിന് പകരം പ്രതിരോധം എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്.
പ്രതിരോധം എന്നത് ഒരു സംഭവം അല്ല, മനുഷ്യന്റെ നിരന്തരമായ അവസ്ഥയാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. ചരിത്രത്തിലുടനീളം, ഒരുപക്ഷേ പ്രൊമിത്യുസിന്റെ കാലം മുതല്‍, അല്ലെങ്കില്‍ ആദ്യത്തെ അടിമ വിപ്ലവത്തിന്റെ കാലം മുതല്‍ തന്നെ മനുഷ്യന്‍ സ്വാതന്ത്ര്യനിരോധത്തെ, പല രീതിയിലുള്ള പീഡനങ്ങളെ, അടിച്ചമര്‍ത്തലുകളെ തന്റെ കഴിവുകള്‍ സമാഹരിച്ചുകൊണ്ട് എതിര്‍ത്തുപോന്നിട്ടുണ്ട്. ഇത് മനുഷ്യനെ മനുഷ്യനാക്കുന്ന അടിസ്ഥാനപരമായ ഒരു ചോദനയാണ് എന്ന് കരുതാന്‍ ആണ് എനിക്കിഷ്ടം. എവിടെ അനീതിയും അസമത്വവും അസ്വാതന്ത്ര്യവും അടിച്ചമര്‍ത്തലുകളും ഉണ്ടോ അവിടെയെല്ലാം തന്നെ സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍, മറ്റുള്ളവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍, അങ്ങനെ സംഘടിതമായി ആ അനീതിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഉള്ള വാസന എക്കാലത്തും, മനുഷ്യചരിത്രത്തിലുടനീളം മനുഷ്യര്‍ പുലര്‍ത്തിപ്പോന്നിട്ടുണ്ട്. അത് കൂടംകുളത്തും ജെയ്താപ്പൂരിലും നടക്കുന്നത് പോലെ ഒരു ആണവനിലയത്തിനെതിരായ പ്രതിഷേധം ആവാം, അല്ലെങ്കില്‍ പ്ലാച്ചിമടയില്‍ കണ്ട പോലെ അവിടുത്തെ വെള്ളം മുഴുവന്‍ ഊറ്റിയെടുക്കുന്ന മുതലാളിത്തത്തിന് എതിരായ മുന്നേറ്റമാവാം. അല്ലെങ്കില്‍ മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയതുപോലെ തൊഴിലാളികളുടെ അടിച്ചമര്‍ത്തലിനു എതിരായ മുന്നേറ്റം ആവാം. അല്ലെങ്കില്‍ അറബ് നാടുകളില്‍ നടന്നിട്ടുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ പോലുള്ളവയാവാം, അവയെല്ലാം തന്നെ വിജയിച്ചു എന്ന് ഞാന്‍ പറയുന്നില്ല, പലപ്പോഴും പ്രതിരോധം വിജയിക്കണം എന്ന ഉദ്ദേശ്യത്തോടെ മാത്രം നടത്തപ്പെടുന്നതല്ല, ഞങ്ങള്‍ മനുഷ്യരാണ് എന്ന് വിളിച്ചു പറയാന്‍ മനുഷ്യര്‍ നടത്തുന്ന ഒരു പരിശ്രമമാണ്. അതുകൊണ്ടാണ് ടോണി ചക്കര്‍ എന്ന വളരെ പ്രശസ്തനായ തുര്‍ക്കിയിലെ ഒരു വാസ്തുശില്പി അറബ് വിപ്ലവങ്ങളെക്കുറിച്ച് പറഞ്ഞത് ‘ആകാശത്തില്‍ ഒരു വിള്ളലിലൂടെ ഭാവിയുടെ ഒരു ദര്‍ശനം ഒരിടിമിന്നലിലെന്ന പോലെ സാധ്യമാക്കുകയാണ് ആ വിപ്ലവങ്ങള്‍ ചെയ്തത്’ എന്ന്. അതായത് മറ്റൊരു ജീവിതം സാധ്യമാണ് എന്ന്. എല്ലാ തരത്തിലുള്ള സ്വേച്ഛാധിപത്യങ്ങളില്‍ നിന്നും മുക്തമായ ഒരു അസ്തിത്വം മനുഷ്യന് സാധ്യമാണ് എന്ന്. സ്വതന്ത്രമായ, നീതിപൂര്‍വമായ, സമത്വനിഷ്ഠമായ ഒരു സമൂഹത്തിന്റെ സൃഷ്ടി മനുഷ്യന് സാധ്യമാണ് എന്ന്. എക്കാലത്തും മനുഷ്യര്‍ ജന്മിത്തത്തിനോ മുതലാളിത്തത്തിനോ വിവിധ തരത്തിലുള്ള സമഗ്രാധിപത്യങ്ങള്‍ക്കോ സ്വേച്ഛാധിപത്യങ്ങള്‍ക്കോ വിധേയരാകേണ്ടതില്ലെന്ന്, അങ്ങനെ മറ്റൊരു സമൂഹം സൃഷ്ടിക്കുക സാധ്യമാണ് എന്ന് മനുഷ്യര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് ആകാശത്തിന്റെ കീറലിലൂടെയുള്ള ആകസ്മികമായൊരു പ്രകാശഛായ പോലെ ആ വിപ്ലവങ്ങള്‍ ചെയ്തത് എന്ന് ടോണി ചക്കര്‍ പറയുന്നത്. ആ അര്‍ഥത്തിലാണ് ഞാന്‍ ഇവിടെ ചെറുത്തുനില്‍പ്പ്, പ്രതിരോധം എന്ന പദം പ്രധാനമായും ഉപയോഗിക്കുന്നത്. ഞാന്‍ അതിന്റെ വിശദശാംശങ്ങളിലേക്കോ അപരിചിതമായ പേരുകളിലേക്കോ ഒന്നും പോവുന്നില്ല.
ചിത്രകാരന്മാരില്‍, ശില്പികളില്‍, കവികളില്‍, ഗായകരില്‍ എല്ലാവരിലൂടെയും ഈ പ്രതിരോധത്തിന്റെ സ്പന്ദനം ഒരുപക്ഷേ നമുക്ക് ശ്രവിക്കാനാവും എന്ന് ഞാന്‍ കരുതുന്നു. പ്രതിരോധത്തിന്റെ ആ സൗന്ദര്യശാസ്ത്രത്തെ, ഒരുപക്ഷേ ഏറ്റവും ലളിതമായി സംക്ഷേപിച്ചിട്ടുള്ളത് ബോബ് ഡിലന്‍ എന്ന പ്രതിഷേധ ഗായകനാണ്. അദ്ദേഹത്തിന്റെ ഒരു ഗാനത്തില്‍ പറയുന്നത് ‘Standup, Standup for your rights, Getup, Standup, Don’t Giveup the fight’. അതായത് ‘നില്‍ക്കുക, നിങ്ങളുടെ അവകാശത്തിനു വേണ്ടി പൊരുതുക, വീണ്ടും വീണ്ടും ഉണര്‍ന്ന് പൊരുതുക, ഒരിക്കലും ആ യുദ്ധം അവസാനിപ്പിക്കാതിരിക്കുക.’ വളരെ ലളിതമായ ഒരു പാട്ടിന്റെ വരിയാണത്. അത്ര തന്നെ ലളിതമായ ഒരു വരിയാണ് ഒരുപക്ഷേ, ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ കേരളത്തിന്റെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്, ‘അനീതിക്കെതിരെ കലാപം ചെയ്യുക.’ വളരെ ലളിതം, ഒരൊറ്റ ചെറിയ വാചകം. പക്ഷേ അത് ചരിത്രത്തില്‍ എത്രയോ നൂറ്റാണ്ടുകള്‍ മുന്നോട്ടുപോയാലും അര്‍ഥവത്തായ ഒരു മുദ്രവാക്യമായാണ് എന്ന് ഞാന്‍ കരുതുന്നത്. ഒരു നഗരത്തില്‍ വല്ല അനീതിയും നടന്നാല്‍ വൈകുന്നേരമാവുന്നതിന് മുമ്പ് ആ നഗരം ചുട്ടുചാമ്പലാക്കപ്പെടണം എന്നുപറഞ്ഞ ബ്രെഹ്തിനെ പോലെ അനീതിക്കെതിരായ വളരെ സ്വാഭാവികമായ മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. അതാണ് പ്രതിരോധത്തിന്റെ, ചെറുത്തുനില്‍പ്പിന്റെ കലയിലൂടെ ലോകത്തുചരിത്രത്തില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് ഞാന്‍ കരുതുന്നു.
ഒരുപക്ഷേ ഇന്നത്തെ കവിത പഴയ തരത്തില്‍ കവിതക്കുണ്ട് എന്ന് സങ്കല്പിക്കപ്പെട്ടിരുന്ന വിശുദ്ധി സൂക്ഷിക്കുന്ന കവിത ആയിരിക്കണം എന്നില്ല, മറിച്ച് മറ്റൊരുതരം വിശുദ്ധിയിലേക്ക് നടന്നുനീങ്ങുന്ന കവിതയായിരിക്കാം. അതിനെക്കുറിച്ച് മറ്റൊരു കവി, പരിവേഷം നഷ്ടപ്പെട്ട കവിത എന്നു പറഞ്ഞിട്ടുണ്ട്. തന്റെ ശിരസ്സിനു ചുറ്റുമുള്ള പരിവേഷം നഷ്ടപ്പെട്ട മനുഷ്യര്‍ക്കിടയില്‍ മനുഷ്യനായി മറ്റു മനുഷ്യരോട് കൈകോര്‍ത്ത്, അവരുടെ ഹൃദയസ്പന്ദനങ്ങളും വേദനകളും അറിഞ്ഞു ജീവിക്കുകയും സ്വയം ആവിഷ്‌കരിക്കുകയും ചെയ്യുന്ന കവിത എന്ന് അതിനെക്കുറിച്ചു പറയാം. അതിനെക്കുറിച്ച് തന്നെ ആണ് മറ്റൊരു കവി അവിശുദ്ധ കവിത എന്ന വിശേഷണം ഉപയോഗിച്ചത്. പാബ്ലോ നെരൂദ അതിനെക്കുറിച്ച് പറഞ്ഞു ഉപയോഗിച്ചതും ഉപേക്ഷിച്ചതുമായ വസ്തുക്കള്‍, കാലുകളുടെയും വിരലുകളുടെയും പാടുകള്‍, എല്ലാ വസ്തുക്കളുടെയും അകത്തും പുറത്തും പതിഞ്ഞിട്ടുള്ള മനുഷ്യത്വത്തിന്റെ ശാശ്വതമുദ്രകള്‍, അത്തരം കവിതയാണ് നാം ലക്ഷ്യമാക്കേണ്ടത് എന്നാണ്. അമ്ലം കൊണ്ടെന്ന പോലെ കൈപ്പെരുമാറ്റം കൊണ്ട് തേയ്മാനം വന്ന, വിയര്‍പ്പും ചോരയും നിറഞ്ഞ, ലില്ലിപ്പൂവും മൂത്രവും മണക്കുന്ന നിയമത്തിന് അനുകൂലവും പ്രതികൂലവുമായി നാം ചെയ്യുന്ന കാര്യങ്ങളുടെ വൈവിധ്യം ചാര്‍ത്തുന്ന കവിത. ഭക്ഷണകറയും അപമാനവും പറ്റിപ്പിടിച്ച, ചുളിവുകളും നിരീക്ഷണങ്ങളും സ്വപ്‌നങ്ങളും ഉറക്കമിളപ്പും പ്രവചനങ്ങളും സ്‌നേഹവൈരാഗ്യ പ്രഖ്യാപനങ്ങളും വിഡ്ഢിത്തങ്ങളും ഞെട്ടലുകളും നാടോടിവിശ്വാസങ്ങളും രാഷ്ട്രീയ കവിതകളും നിഷേധങ്ങളും സംശയങ്ങളും സ്ഥിരീകരണങ്ങളും പ്രകീര്‍ത്തനങ്ങളും ചേര്‍ന്ന ശരീരം പോലെ, പഴന്തുണി പോലെ അവിശുദ്ധമായ കവിത.
ഒരു കാലമുണ്ടായിരുന്നു, കവികള്‍ കൊട്ടാരങ്ങളില്‍ കഴിഞ്ഞിരുന്ന കാലം. കാളിദാസനെ പോലുള്ളവരെ നാം കേട്ടിട്ടുണ്ട്, കൊട്ടാരങ്ങളില്‍ രാജാവിനെ അല്ലെങ്കില്‍ രാജ്ഞിയെ സ്തുതിച്ച്, വലിയ വലിയ സമ്മാനങ്ങള്‍, സ്വര്‍ണ്ണവും രത്‌നവും മറ്റും സമ്മാനമായി വാങ്ങി കവികള്‍ ജീവിക്കുകയും സ്വന്തം ജീവിതം ആഘോഷിക്കുകയും ചെയ്യുന്ന ഒരു കാലത്തെ കുറിച്ച് നമുക്കറിയാം. എന്നാല്‍, ഇന്നത്തെ കവി കൊട്ടാരം വിട്ട് തന്റെ പരിവേഷം അഴിച്ചുവെച്ച് സാധാരണ മനുഷ്യരിലേക്കിറങ്ങുകയും അവരിലൊരാളായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത കവിയാണ്. കവിതയെക്കുറിച്ചുള്ള ഒരു യാഥാസ്ഥിതിക സങ്കല്‍പത്തിന് വേണ്ടി ജീവിതത്തെ ഉപേക്ഷിക്കുന്നതിനു പകരം ജീവിതത്തിന്റെ പുതിയ ഗതികള്‍ക്കനുസരിച്ച് പഴയ യാഥാസ്ഥിതിക സങ്കല്‍പം ഉപേക്ഷിക്കുന്ന കവിയാണ് ഒരുപക്ഷേ ഇന്നത്തെ കവി. അതുകൊണ്ട് പുതിയ കവിക്ക് ചിലപ്പോള്‍ പുതിയ രൂപങ്ങള്‍ പരീക്ഷിക്കേണ്ടി വരുന്നു. സ്ലോവേനിയന്‍ ചിന്തകനായ സ്‌ളാവോയി സിസെക്കിന്റെ പ്രശസ്തമായ ഒരു ലേഖനമുണ്ട് ‘ ദി ടോര്‍ച്ചര്‍ ഹൗസ് ഓഫ് ലാംഗ്വേജ്’- ‘ഭാഷയുടെ പീഡനാലയം.’ ഭാഷ എന്ന് പറയുന്നത് സത്തയുടെ ഭവനമാണ് എന്ന്, ഹൈഡഗര്‍ എന്ന ജര്‍മന്‍ അസ്തിത്വവാദചിന്തകന്‍ പറയുന്നത് ഉദ്ധരിച്ചു കൊണ്ടദ്ദേഹം പറയുന്നുണ്ട്; ശരിയാണ് ഭാഷ മനുഷ്യന്റെ സത്തയുടെ ഭവനമാണ്, അതിലാണ് മനുഷ്യന്റെ സത്ത, ആത്മാവ് ജീവിക്കുന്നത്. പക്ഷെ, അങ്ങനെയെങ്കില്‍ ആ സത്ത തന്നെ വിഷലിപ്തമാവുകയാണെങ്കില്‍, ആ ആത്മാവില്‍ തന്നെ വിഷം നിറയുകയാണെങ്കില്‍, ആ വിഷം ഈ ഭാഷയെ കൂടി ബാധിക്കുകയില്ലേ? അങ്ങനെ വരുമ്പോഴെങ്ങനെയാണ് കവികള്‍ക്ക് എഴുതാന്‍ ആവുക? നിങ്ങള്‍ക്ക് അറിയാം നാസി ജര്‍മനിയില്‍ നിന്നും ഒട്ടേറെ എഴുത്തുകാര്‍ അവരുടെ ഭാഷ നെഞ്ചില്‍ വെച്ച് ഓടിപ്പോയി. ഞങ്ങള്‍ക്ക് ഈ ഫാഷിസം സഹിക്കാന്‍ ആവുന്നില്ല, ഞങ്ങള്‍ക്ക് ഗീബല്‍സിന്റെ നുണകള്‍ സഹിക്കാന്‍ ആവുന്നില്ല, ഈ നുണകള്‍ ഞങ്ങളുടെ ഭാഷയുടെ മജ്ജയില്‍, ഞങ്ങളുടെ ഭാഷയുടെ സിരയില്‍ കയറിക്കൂടുന്നു, ഈ അസത്യത്തിന്റെ ഭാഷയില്‍ ഞങ്ങള്‍ക്ക് സത്യത്തിന്റേതായ കവിത രചിക്കാന്‍ ആവില്ല എന്ന് പറഞ്ഞു അവര്‍ നാടുവിട്ടു തങ്ങളുടെ ഭാഷയുമായി മറ്റു നാടുകളിലേക്ക് പോവുകയാണ് ഉണ്ടായത്. ഇതുപോലെ ഭാഷ വിഷലിപ്തമാവുമ്പോള്‍, എല്ലാ ദിവസവും ഭാഷയില്‍ പുതിയ നുണകള്‍ വന്നു നിറയുമ്പോള്‍, അത് വാര്‍ത്തകളിലൂടെ ആവട്ടെ, സൈബര്‍ മാധ്യമങ്ങളിലൂടെ ആവട്ടെ, ടെലിവിഷനുകളിലൂടെ ആവട്ടെ, സാധാരണ മനുഷ്യരുടെ സംസാരങ്ങളിലൂടെ ആവട്ടെ, ഭാഷയില്‍ വിഷം വന്നു നിറയുമ്പോള്‍ കവിക്ക് മറ്റൊരു ഭാഷ കണ്ടെത്തേണ്ടി വരുന്നു. അതിനു വേണ്ടി കവിക്ക് ഭാഷയുടെ ഘടനയും രൂപവും മാറ്റേണ്ടി വരുന്നു, പുതിയ പുതിയ രൂപങ്ങള്‍, വാങ്മയങ്ങള്‍, പുതിയ ആവിഷ്‌കാര സമ്പ്രദായങ്ങള്‍ കവിക്ക് ആവിഷ്‌ക്കരിക്കേണ്ടി വരുന്നു. അങ്ങനെയാണ് കവിത എല്ലാ കാലവും മാറിപ്പോന്നിട്ടുള്ളത്. പഴയ കാലം മുതല്‍ ഈ കാലം വരെ കവിത ഒരു മാനുഷിക പ്രവൃത്തി എന്ന നിലക്ക് അതിന്റെ സത്ത നിലനിര്‍ത്തുമ്പോള്‍ തന്നെ അതിന്റെ രൂപം മാറി വന്നിട്ടുണ്ടെങ്കില്‍ അത് ബോധപൂര്‍വമായ പരീക്ഷണം നടത്താനുള്ള കവികളുടെ ത്വരകൊണ്ടല്ല, നേരെ മറിച്ച് മാറി മാറി വരുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളോട് സത്യസന്ധമായി പ്രതികരിക്കാന്‍ ഉള്ള കവികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് എന്ന് പറയേണ്ടി വരും. അങ്ങനെ ആണ് കവിതയും കലകളും എല്ലാ കാലത്തും നവീകരിക്കപ്പെട്ടു പോന്നിട്ടുള്ളത്. അതുകൊണ്ട് കവിത അസത്യാത്മകമായ സമൂഹത്തെ അതിജീവിക്കുന്നത് തന്റെ കാലത്തിന്റെ സാക്ഷിയായി ഇരുന്നുകൊണ്ടാണ്.
ദേശങ്ങളുടെ ഭാഗധേയത്തെ സംബോധന ചെയ്യാത്ത കവിത നിരുപയോഗമാണ് എന്ന് മിവാഷ് എന്ന പോളിഷ് കവി പറയുന്നുണ്ട്. കവിതകളുടെ പ്രാഥമികമായ നിയോഗം എന്നത് തങ്ങള്‍ ജീവിച്ചിരിക്കുന്ന ദേശത്തിന്റെ നിയോഗത്തെക്കുറിച്ച് സംസാരിക്കുകയും ആ കാലത്തിന്റെ ചെറുത്തുനില്‍പ്പിന്റെ ഭാഷയായി സ്വയം പരിണമിക്കുകയും ചെയ്യുക എന്നുള്ളതാണ്. ആ കവി തന്നെ മറ്റൊരിടത്തു പറയുന്നുണ്ട് ‘ചിരിക്കുന്ന മനുഷ്യാ, നീ സുരക്ഷിതനാണ് എന്ന് കരുതരുത്, കവി എല്ലാം കാണുന്നുണ്ട്. ഒരു കവിയെ നീ കൊന്നാല്‍ മറ്റൊരു കവി നീ എന്തു ചെയ്തു എന്ന് ലോകത്തോട് വിളിച്ചുപറയും.’ മറ്റൊരു കവി പറയുന്നുണ്ട് ‘ചുളിവ് വീഴാത്ത നെറ്റി ഈ കാലത്തു ചിന്താശൂന്യതയുടെ ഒരു രൂപകമാണ്’ എന്ന്. കാരണം ചിന്തിക്കുന്ന മനുഷ്യന് ദുഃഖിക്കാതിരിക്കാന്‍, സഹതപിക്കാതിരിക്കാന്‍, രോഷം കൊള്ളാതിരിക്കാന്‍ കഴിയാത്ത ഒരു കാലത്തിലൂടെയാണ് ഇന്ന് നാം കടന്നുപോവുന്നത്. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തോടുള്ള അന്ധമായ ആരാധന കവിക്ക് വേണമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. ആത്യന്തികമായി കവിയുടെ പ്രതിജ്ഞാബദ്ധത എന്ന് പറയുന്നത് സത്യത്തോടാണ്, നീതിയോടാണ്, സമത്വനിര്‍ഭരമായ ഭാവിയെ നിര്‍മിക്കേണ്ടതായ സമൂഹത്തോടാണ്. കവിയുടെ പ്രതിജ്ഞാബദ്ധത എന്നുപറയുന്നത് ആത്യന്തികമായി മനുഷ്യ സ്‌നേഹത്തോടും സമൂഹത്തോടും അതിന്റെ ഭാവിയോടും, നീതി എന്ന അനശ്വരമായ സങ്കല്പത്തോടും എല്ലാമുള്ളതാണ്. അത് ഭാഷയെയും, വായിക്കുന്ന ആളുകളുടെ മാനസികാവസ്ഥയെയും, ആത്യന്തികമായി അത് രാജ്യത്തെ അല്ലെങ്കില്‍ മനുഷ്യവര്‍ഗത്തെ തന്നെയും മാറ്റിയെടുക്കുന്നു. അത്തരത്തിലുള്ള സാമൂഹിക ഉദ്യോഗത്തിന്റെ ഒരു കവിത, വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു പ്രതിപക്ഷ കവിത അല്ലെങ്കില്‍ പ്രതിപക്ഷ കല അതാണ് ഈ കാലത്ത് കലക്ക് നല്‍കാവുന്ന ലളിതമായ നിര്‍വചനം എന്ന് ഞാന്‍ കരുതുന്നു. വൈലോപ്പിള്ളി കവികളെക്കുറിച്ച് പറയുമ്പോള്‍ ‘സൗവര്‍ണ പ്രതിപക്ഷം’ എന്ന് പ്രയോഗിക്കാറുണ്ട്. കവികളുടെയും എല്ലാ കലാകാരന്മാരുടെയും ഒരു ദൗത്യം എന്നത് ഇത്തരത്തില്‍ ഒരു സൗവര്‍ണ പ്രതിപക്ഷം ആയിരിക്കുക എന്നതാണ്. ഏതുപക്ഷം ഭരണത്തില്‍ വന്നാലും ആ പക്ഷം നീതിയുടെ ഭാഗത്തല്ല നില്‍ക്കുന്നത് എന്ന് കാണുമ്പോള്‍, ആ പക്ഷം അനീതിയിലേക്കോ അസമത്വത്തിലേക്കോ നീങ്ങുന്നു എന്ന് കാണുമ്പോള്‍, അത് നിര്‍ഭയമായി വിളിച്ചുപറയുക എന്ന കര്‍ത്തവ്യമാണ് കലാകാരന്റെ ഏറ്റവും പ്രധാനപ്പെട്ട നിയോഗം.
ഹിംസയുടെ രൂപങ്ങള്‍
എന്തിനെയാണ് ഈ കാലത്ത് നാം ചെറുക്കേണ്ടത്, നാം പ്രതിരോധിക്കേണ്ടത്? ഞാന്‍ പലപ്പോഴും ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത് പോലെ ഹിംസയെയാണ് ഈ കാലത്തെ കവി, എഴുത്തുകാര്‍, കലാകാരന്മാര്‍ പ്രതിരോധിക്കേണ്ടത്. എന്നാല്‍ ഹിംസ എന്നത് അമൂര്‍ത്തമായ ഒന്നല്ല. ചരിത്രത്തിനകത്ത് സവിശേഷമായ രൂപങ്ങളില്‍ നിലനില്‍ക്കുന്ന ഒന്നാണ്. ഓരോ കാലത്തും ആ ഹിംസയുടെ ലക്ഷ്യം, അല്ലെങ്കില്‍ ഹിംസയുടെ ഇരകള്‍ ഓരോരുത്തര്‍ ആയിരിക്കും. ചരിത്രത്തില്‍ മാറി മാറി വരുന്ന ഇരകളെ ആണ് ഹിംസ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ നമ്മുടെ കാലത്തെ ഹിംസയുടെ രൂപങ്ങള്‍ എന്തെല്ലാമാണെന്ന് വളരെ ചുരുക്കി ഞാന്‍ പറയാം,
നമ്മുടെ കാലത്തെ ഹിംസകളുടെ പ്രധാനപ്പെട്ട പ്രഭവങ്ങളില്‍ ഒന്ന് ദേശീയവാദം ആണ്. ദേശീയവാദം എന്നുപറയുമ്പോള്‍ അതിനെ രാജ്യസ്‌നേഹമായി തെറ്റിദ്ധരിക്കരുത്. രാജ്യസ്‌നേഹം എന്നത് എല്ലാ മനുഷ്യര്‍ക്കും വളരെ സ്വാഭാവികമാണ്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കുമുണ്ട് തങ്ങള്‍ ജീവിക്കുന്ന പ്രദേശത്തോടുള്ള ആഭിമുഖ്യം. ഒരു സിംഹമോ പുലിയോ കരടിയോ തങ്ങള്‍ ജീവിക്കുന്ന ആ ചെറിയ ഇടം സംരക്ഷിക്കാന്‍ വേണ്ടി അവസാനം വരെ പൊരുതും. രാജ്യസ്‌നേഹം എന്നത് അമൂര്‍ത്തമായ ഒന്നല്ല, അത് ഒരു ഭൂപടത്തെ സ്‌നേഹിക്കലല്ല, തന്റെ നാട്ടിലെ ജനങ്ങളെ സ്‌നേഹിക്കുക, സേവിക്കുക, അവരുടെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുക- ഇതാണ് രാജ്യസ്‌നേഹത്തിന്റെ കാതല്‍. എന്നാല്‍ ദേശീയവാദം എന്നത് ഒരു പ്രത്യയശാസ്ത്രം ആണ്. ഒരുപക്ഷേ അതിനെ ഏറ്റവും തീവ്രമായി നിര്‍വചിച്ചിട്ടുള്ളത് വലിയ രാജ്യസ്‌നേഹിയായിരുന്ന രബീന്ദ്രനാഥ് ടാഗോര്‍ ആണ്. അദ്ദേഹത്തിന്റെ നാല് പ്രഭാഷണങ്ങളുണ്ട്. എന്താണ് ദേശീയവാദം, അതിന് എന്താകാന്‍ കഴിയും എന്ന് അദ്ദേഹം ആ പ്രഭാഷണങ്ങളില്‍ താക്കീത് നല്‍കുന്നുണ്ട്. കാരണം, ദേശസ്‌നേഹത്തിന്റെ ഉറവിടം സ്‌നേഹമാണെങ്കില്‍ ദേശീയവാദത്തിന്റെ ഉറവിടം വിദ്വേഷമാണ്. മറ്റുള്ളവര്‍ എന്നുകരുതപ്പെടുന്ന ആളുകളോടുള്ള വിദ്വേഷം. സ്വന്തം ദേശത്തെ കുറിച്ചുള്ള അഭിമാനം സ്വാഭാവികമാണ്, എന്നാല്‍ ആ അഭിമാനം അഹന്ത ആയി മാറുകയും മറ്റു ദേശങ്ങളോടും മറ്റു സംസ്‌കാരങ്ങളോടും മറ്റു ഭാഷകളോടും എല്ലാം ഉള്ള ജുഗുപ്‌സയായി മാറുകയും ചെയ്യുമ്പോള്‍ അത് രാജ്യസ്‌നേഹത്തിന്റെ അതിരുകള്‍ വിട്ട് ഒരു ദേശ അഹന്തയായി മാറുന്നു. ഒപ്പം തന്നെ ദേശത്തെ നിങ്ങളെങ്ങനെ നിര്‍വചിക്കുന്നു എന്നത് ദേശീയവാദത്തിന്റെ കാതലായ ഒരു ചോദ്യമാണ്.
ഇന്ത്യയെക്കുറിച്ച് പറയുകയാണെങ്കില്‍, ഇവിടെ അനേകം മതങ്ങള്‍, അനേകം ഭാഷകള്‍, സംസ്‌കാരങ്ങള്‍, ജീവിതരീതികള്‍, കലയുടെയും സാഹിത്യത്തിന്റെയും അനേകം രൂപങ്ങള്‍, അനേകം വംശങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന ഒരു മഹത്തായ സമ്പന്നമായ സംസ്‌കാരമാണ്. ബഹുസ്വരമായ ഒന്നാണ് ഇന്ത്യയുടെ സംസ്‌കാരം. നമ്മളിലൊരാള്‍ക്ക് പോലും വംശശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇതാണ് എന്റെ വംശം എന്നുപറയാന്‍ സാധ്യമല്ല. ഞാന്‍ ആര്യനാണ്, ഞാന്‍ ദ്രാവിഡനാണ്, അല്ലെങ്കില്‍ ഞാന്‍ ടിബറ്റന്‍ വംശത്തില്‍ പെടുന്ന ആളാണെന്ന് ഒരു മനുഷ്യനും സ്വയം പറയുക സാധ്യമല്ല. സമീപകാലത്തു ജനിതകശാസ്ത്രം ഇത് സാധ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ രക്തത്തിലൂടെ എത്ര കാലത്തെ എത്ര വംശങ്ങള്‍ ചേര്‍ന്നതാണ് നിങ്ങളുടെ രക്തം അല്ലെങ്കില്‍ നിങ്ങളുടെ സത്ത എന്ന് പരിശോധിക്കാന്‍ കഴിയും. അങ്ങനെ ഒരു തരത്തിലുള്ള വംശീയമായ പരിശുദ്ധിവാദത്തിനും ഇടംകൊടുക്കാത്ത ഒന്നാണ് ഇന്ത്യക്കാരന്റെ തനിമ എന്ന് പറയുന്നത്. അതുണ്ടായിരിക്കുന്നത് അനേകം കലര്‍പ്പുകളിലൂടെയാണ്. അനേകം വംശങ്ങള്‍ ഇവിടെ വന്നുപോയിട്ടുണ്ട്. അനേകം മതങ്ങള്‍ ഇവിടെ ജനിക്കുകയോ വന്നു പോവുകയോ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് നിര്‍വചിക്കുന്ന ഒന്നാണ് ഇന്ത്യക്കാരന്റെ സത്ത എന്നുപറയുന്നത്. അതിനുപകരം ആര്യവംശത്തില്‍ പിറന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്ന് പറയാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവിടെ ഈ രാജ്യസ്‌നേഹം എന്നത് സങ്കുചിതമായ ദേശീയവാദമായി മാറുന്നു. അതാണ് ഇന്നത്തെ ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്നത്. വളരെ വിശാലമായ ചര്‍ച്ചകള്‍ ഇന്ത്യയില്‍ മുഴുവനായും ഇതുസംബന്ധിച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. കാരണം ഹാരപ്പന്‍ സംസ്‌കാരത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ വരുന്നു. റൊമീല ഥാപ്പറെ പോലുള്ള പുതിയ ചിന്തകര്‍ ആര്യന്‍ എന്നത് ഒരു ഭാഷാ കുടുംബത്തിന്റെ മാത്രം പേരാണെന്നും, അത് ഒരു വംശത്തിന്റെ പേരല്ലെന്നും ധാരാളം തെളിവുകളോടെ ‘ദി ആര്യന്‍സ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. സമീപകാലത്തു ഇറങ്ങിയ മൂന്ന് പുസ്തകങ്ങളില്‍ ധാരാളം തെളിവുകളോടെ ഈ ആര്യവംശ സങ്കല്‍പം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആര്യ ഭാഷ സംസാരിക്കുന്ന ആളുകള്‍ അല്ല ഇന്ത്യയിലെ ആദിമ ജനത എന്നും സ്ഥാപിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഹാരപ്പന്‍ ജനത, അത് വൈദിക സംസ്‌കാരത്തിന് മുന്‍പുണ്ടായിരുന്ന ഒരു ജനതയാണെന്നും അത് ഒരര്‍ഥത്തിലും ആര്യജനതയല്ലെന്നുമുള്ള കാര്യങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
രണ്ടാമത്, ഈ ദേശം ഒരു മതത്തില്‍ പെട്ട ആളുകളുടെ മാത്രമാണെന്ന അവകാശവാദം. ഹിന്ദുത്വവാദികള്‍ ഉന്നയിക്കുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണം എന്നാണ്. അവര്‍ ഹിന്ദുസ്ഥാന്‍ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് മഹാത്മാ ഗാന്ധി ഹിന്ദുസ്ഥാന്‍ എന്ന പദം കൊണ്ട് ഉദ്ദേശിച്ചതല്ല, നേരെ മറിച്ച് ഹിന്ദുക്കളുടെ മാത്രം നാട് എന്നാണ്. അപ്പോള്‍ ദേശത്തെ സങ്കുചിതമായി, ഒരുപാടുകാര്യങ്ങളെ പുറത്തുനിര്‍ത്തി കൊണ്ട് നിര്‍വ്വചിക്കുക എന്നതാണ് ഈ ദേശീയവാദത്തിന്റെ ഒരു പ്രധാന സ്വഭാവം. ആര്യന്മാര്‍ മാത്രമാണ് ഇന്ത്യക്കാര്‍, ഹിന്ദുക്കള്‍ മാത്രമാണ് ഇന്ത്യക്കാര്‍, അല്ലെങ്കില്‍ ഏതെങ്കിലും ചില പ്രത്യേക ദൈവങ്ങളെ ആരാധിക്കുന്നവര്‍ മാത്രമാണ് ഇന്ത്യക്കാര്‍, അതുമല്ലെങ്കില്‍ ഹിന്ദി സംസാരിക്കുന്നവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. ഒരു ഭാഷ, ഒരു മതം, ഒരു വംശം ഇങ്ങനെ മാത്രമേ ഇന്ത്യക്ക് ഒരു രാജ്യമായി തനിമ നിലനിര്‍ത്താന്‍ കഴിയൂ എന്ന വാദം ശക്തിപ്പെട്ടുവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഏകശിലാരൂപമായ ഇന്ത്യയെക്കുറിച്ചുള്ള ഒരു സങ്കുചിത സങ്കല്‍പമാണ് ദേശീയവാദികള്‍ പ്രചരിപ്പിച്ചു പോരുന്നത്. അപ്പോള്‍ ആ ദേശത്തു മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ല, ക്രിസ്ത്യന്‍ മത അനുയായികള്‍ക്ക്, പാഴ്‌സികള്‍ക്ക്, ജൈനമതത്തില്‍ പെട്ടവര്‍ക്ക്, സിഖുകാര്‍ക്ക്, ബുദ്ധര്‍ക്ക് ഇങ്ങനെയുള്ള മറ്റു മതത്തില്‍ പെട്ടവര്‍ക്കൊന്നും സ്ഥാനമില്ലാത്ത ഒരു രാജ്യം. അല്ലെങ്കില്‍ അവരെ രണ്ടാം തരക്കാരായി കാണുന്ന, ഒന്നാംതരം പൗരന്മാരുടെ അടിമകളായി മാത്രം അവരെ ജീവിക്കാന്‍ അനുവദിക്കുന്ന ദേശമായി ഇന്ത്യയെ നിര്‍വചിക്കാന്‍ ആണ് കൂടുതല്‍ അധികാരം നേടി വരുന്ന ഹിന്ദുത്വവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ദേശീയവാദത്തില്‍ നിന്നാണ് ഭീകരമായ വിദ്വേഷം ഉത്പാദിപ്പിക്കപ്പെടുന്നത്. വംശീയമായ, മതപരമായ, ഭാഷാപരമായ വിദ്വേഷം. നിങ്ങള്‍ സംസാരിക്കുന്നത് ഇന്ത്യന്‍ ഭാഷയല്ല, നിങ്ങള്‍ ഹിന്ദുവല്ലാത്തതുകൊണ്ട് നിങ്ങള്‍ ഇന്ത്യക്കാരനല്ല, നിങ്ങള്‍ ആര്യവംശത്തില്‍ പെടാത്ത ആള്‍ ആയതുകൊണ്ട് നിങ്ങള്‍ ഇന്ത്യക്കാരന്‍ അല്ല- ഇങ്ങനെ ഒരുപാട് പേരെ പുറത്തുനിര്‍ത്താനുള്ള ഒരു ശ്രമം ഇന്നത്തെ സങ്കുചിതമായ ദേശീയവാദം നടത്തുന്നത് നാം നിരന്തരമായി കണ്ടുനില്‍ക്കുന്നു. അതുപോലെ തന്നെ ചില പ്രത്യേക തത്വചിന്തകളെ മാത്രം ഇന്ത്യന്‍ തത്വചിന്തയാണെന്ന് പറയുക, മറ്റുള്ളവയെയെല്ലാം തന്നെ നിഷേധിക്കുക, ചില പ്രത്യേക ഗ്രന്ഥങ്ങള്‍ (ഭഗവത് ഗീത) മാത്രമാണ് പുണ്യഗ്രന്ഥമെന്നു പറയുക. ഖുര്‍ആനെയും ബൈബിളിനെയും, മറ്റു തരത്തിലുള്ള ഗ്രന്ഥങ്ങളുടെയെല്ലാം തന്നെ ആധികാരികത നിഷേധിക്കുക. ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തിലാണ് ദേശീയവാദം വിദ്വേഷത്തിന്റെ ഏറ്റവും വലിയ കാരണമായി മാറുന്നത്. ഇന്നുനാം പറയുന്ന മുസ്ലിം വിരുദ്ധതയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാവവും ഈ ദേശത്തെക്കുറിച്ചുള്ള സവിശേഷമായ, അങ്ങേയറ്റം സങ്കുചിതമായ സങ്കല്‍പ്പമാണ്. ഈ സങ്കല്‍പ്പം തന്നെയാണ് യുദ്ധങ്ങള്‍ ഉണ്ടാക്കുന്നത്. കാരണം ഈ സങ്കല്‍പ്പം പറയുന്ന രണ്ടാമത്തെ കാര്യം ഞങ്ങളുടെ ഈ നാട് ആണ് ലോകത്തെ ഏറ്റവും ഗംഭീരമായ നാട്, നിങ്ങളുടെ നാടിന് സംസ്‌കാരമില്ല, നിങ്ങളുടെ ഭാഷ ഞങ്ങളുടെ ഭാഷയോളം വളര്‍ന്ന ഭാഷയല്ല എന്നൊക്കെയാണ്. ദേശത്തിന്റെ കുറിച്ചുള്ള അഹന്ത പിന്നീട് യുദ്ധത്തിലേക്കും വിദ്വേഷത്തിലേക്കും വഴിമാറുന്നു. ഇന്നത്തെ ഇന്ത്യയിലെ ഹിംസയുടെ പ്രഭാവം എന്നുപറയുന്നത് ഇത്തരം സങ്കുചിതമായ ദേശീയവാദത്തില്‍ നിന്നാണ്. അത് നമുക്ക് അറിയാവുന്നതുപോലെ ഹിന്ദുത്വവാദവുമായി സ്വാംശീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രം ആണ് താനും.
ഹിന്ദു മതത്തിനകത്ത് തന്നെ ഒരു പ്രത്യേക വര്‍ണത്തിന് പ്രാധാന്യം നല്‍കുന്ന സമീപനം നിലനില്‍ക്കുന്നു എന്നുനിങ്ങള്‍ക്കറിയാം. എങ്ങനെയാണ് ബ്രാഹ്മണ്യം ഇന്ത്യയെ കീഴടക്കിയത് എന്ന്, എങ്ങനെയാണ് ബ്രാഹ്മണ സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത ഭാഗങ്ങള്‍ പോലും ബ്രാഹ്മണ സംസ്‌കാരത്തിന്റെ ഭാഗമാക്കപ്പെട്ടത് എന്ന് എം എന്‍ ശ്രീനിവാസനെ പോലുള്ള ചിന്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്‌കൃതവല്‍കരണം എന്നാണ് അദ്ദേഹം അതിന് ഉപയോഗിച്ച വാക്ക്. ഇവിടെയുണ്ടായിരുന്ന നാടോടി സംസ്‌കാരങ്ങള്‍, ഗോത്ര ദേവതമാര്‍, ദൈനംദിന ആചാര ആരാധനാ രീതികള്‍, മൂര്‍ത്തികള്‍ ഇവയെല്ലാം തന്നെ ക്രമേണ ബ്രാഹ്മണ സംസ്‌കാരത്തിന്റെ ഭാഗമായി മാറുന്നു. അങ്ങനെ ഒരു വലിയ വിഭാഗം ജനത മാറ്റിനിര്‍ത്തപ്പെടുന്നു. നാല് വര്‍ണങ്ങളായി വിഭജിക്കുക, അതില്‍ ഒന്നിനെ ഏറ്റവും മുകളില്‍ ഉള്ള വര്‍ണമായി പറയുക. ഈ നാലു വര്‍ണത്തിലും പെടാത്ത ആളുകള്‍ ഉണ്ട്, അതിശൂദ്രര്‍ എന്ന് അറിയപ്പെടുന്ന ദളിതര്‍, അതും കഴിഞ്ഞു ആദിവാസികളായ വിഭാഗവും ഉണ്ട്. ഇങ്ങനെ ജനതയുടെ ഒരു വലിയ ഭാഗത്തെ അടിമകളാക്കി മാറ്റുന്ന സവര്‍ണാധിപത്യം ആണ് ഒരുപക്ഷേ ഹിംസയുടെ മറ്റൊരു പ്രഭവം. നമുക്കറിയാം, ഇന്ന് ഇന്ത്യയില്‍ നടക്കുന്നത് എന്താണ് എന്ന്. രോഹിത് വെമുലയെ നമുക്ക് അറിയാം, മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ വന്ന പെണ്‍കുട്ടി ദളിത് ആയതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു എന്നതും, ഒരു വലിയ വിഭാഗം യുവാക്കള്‍ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതും ദിവസവുമെന്ന പോലെ നാം പത്രങ്ങളില്‍ വായിക്കുന്നുണ്ട്. ഈ സവര്‍ണാധിപത്യം ദളിതരെയും ആദിവാസികളെയും, പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെയും ബഹു ജനങ്ങളെയും എല്ലാം തന്നെ അടിച്ചമര്‍ത്തുന്ന ഹിംസയുടെ വളരെ പ്രധാനപ്പെട്ട മറ്റൊരു രൂപമാണ് എന്ന് നമുക്ക് നിസ്സംശയം പറയാന്‍ കഴിയും.
മൂന്നാമത്തേതിനെ നമുക്ക് ആഗോളീകരണം അല്ലെങ്കില്‍ സാമ്രാജ്യത്വം എന്ന് വിശേഷിപ്പിക്കാം. അത് നമ്മുടെ സാംസ്‌കാരികമായ ഓര്‍മകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന, നമ്മുടെ ഭാഷകളെ നിശ്ശൂന്യമാക്കാന്‍ ശ്രമിക്കുന്ന, നമ്മുടെ സാംസ്‌കാരിക സവിശേഷതകളെ എല്ലാം തന്നെ ഏകശിലാരൂപം ആക്കാന്‍ ശ്രമിക്കുന്ന, മുകളില്‍ നിന്നുള്ള കല്പനകളിലൂടെ മാത്രം രാജ്യത്തെയും ജനതയെയും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന, വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണത്തിലേക്ക് ഊന്നുന്ന, ഒരു രാജ്യത്തിന്റെ സംസ്‌കാരം മറ്റു രാജ്യങ്ങളുടെയെല്ലാം മേല്‍ കെട്ടിവെക്കുന്ന സമീപനമാണ്. ഹാര്‍ട്ടിനെയും നെഗ്രിയെയും പോലുള്ള പുതിയ ചിന്തകര്‍ ഇതിനെ എമ്പയര്‍ എന്നു വിളിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യം പോലുള്ള അത്തരം സാമ്രാജ്യങ്ങള്‍ ശ്രമിക്കുന്നത് മറ്റുള്ള രാജ്യങ്ങളെയെല്ലാം രണ്ടാംതരക്കാരായി കാണാനാണ്. അതായത് നാളത്തെ ഇന്ത്യ ഇന്നത്തെ അമേരിക്ക പോലെ ഇരിക്കണം, അങ്ങോട്ടാണ് നാം നീങ്ങേണ്ടത്. ഓരോ രാജ്യത്തിനും അവരുടേതായ വികസനരീതികള്‍ തിരഞ്ഞെടുക്കാന്‍, അതിന്റെ സംസ്‌കാരവും, ഭാഷയും തിരഞ്ഞെടുക്കാന്‍ ഉള്ള അവകാശം ഉള്ളപ്പോള്‍ ആ അവകാശത്തെ നിഷേധിച്ചുകൊണ്ട് നിങ്ങള്‍ നാളെ ഞങ്ങളാവേണ്ടവരാണ് എന്നു മൂന്നാംലോക ജനതയോട് പറയുന്ന സാമ്രാജ്യത്വരീതിയുടെ ഒരു പ്രത്യേക ആവിഷ്‌കാരം ആണ് ആഗോളീകരണം.
ലോകത്തെ മുഴുവന്‍ വിപണിയായി മാത്രം കാണുക, രാജ്യങ്ങളെ, മനുഷ്യരെ മുഴുവന്‍ ഒരു ഉപഭോക്തൃ ശൃംഖലയായിട്ട് കാണുക, ഇങ്ങനെ മനുഷ്യരെ വിപണി മനുഷ്യരാക്കി ചുരുക്കുന്ന, മൂലധനത്തെക്കുറിച്ച് അല്ലെങ്കില്‍ മുതലാളിത്തത്തെക്കുറിച്ച് ഏര്‍നെസ്റ്റ് ഫിഷര്‍ പറയുന്നത് തൊട്ടതിനെയൊക്കെ ചരക്കാക്കുന്ന ഒരു പുതിയ മിതാഷി രാജാവാണ് മുതലാളിത്തം എന്നാണ്. മിതാഷി രാജാവിന്റെ കഥയില്‍ അദ്ദേഹം തൊടുന്നതെല്ലാം സ്വര്‍ണമാവുമായിരുന്നു, കുടിക്കാനുള്ള പാലും കഴിക്കാനുള്ള ഭക്ഷണവും സ്വന്തം മകള്‍ വരെ അദ്ദേഹം തൊട്ടപ്പോള്‍ സ്വര്‍ണമായി മാറി, പിന്നീട് വരം തിരിച്ചെടുക്കാന്‍ അദ്ദേഹത്തിന് പ്രാര്‍ഥിക്കേണ്ടി വന്നു എന്നാണ് കഥ. ഇന്നുമുതലാളിത്തം തൊട്ടതിനെയെല്ലാം ചരക്കാക്കി മാറ്റുന്നു. സംഗീതവും സാഹിത്യവും എല്ലാം തന്നെ വില്പനച്ചരക്കുകളായി മാറുന്നു. മുതലാളിത്തം എന്തിനെ തൊട്ടാലും അത് വിപണിയില്‍ ലാഭത്തിന് വില്‍ക്കാനുള്ള ഒരു ചരക്കായി മാറുന്നു. ആ രീതിയില്‍ ഉള്ള, നമ്മുടെ സ്വന്തം സംസ്‌കാരത്തിന്റെ വേരുകളെ മറക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന കല്‍പനാധിഷ്ഠിതമായ സങ്കല്‍പത്തെയാണ് ആഗോളീകരണം എന്നുപറയുന്നത്.
ഇതിന്റെ തന്നെ ഫലമായി ഉണ്ടാവുന്നതാണ് ഹിംസയുടെ മറ്റൊരു പ്രഭവം. അതിനെ സാങ്കേതികമായി ഫാഷിസം എന്നുപറയാം. അതുവികസനത്തെ കുറിച്ചുള്ള ഒരു പ്രത്യേക സങ്കല്‍പമാണ്. ആ സങ്കല്‍പത്തില്‍ സാധാരണ മനുഷ്യര്‍ക്ക് യാതൊരു സ്ഥാനവുമില്ല, അവിടെ അദാനിമാരും അംബാനിമാരും മാത്രമേയുള്ളൂ. നമ്മുടെ പ്രധാനമന്ത്രി നൂറിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഓരോ രാജ്യത്തും പോയി അദാനിക്കോ അംബാനിക്കോ വേണ്ടി ഏതെങ്കിലും കരാറില്‍ ഒപ്പിടാന്‍ വേണ്ടിയാണ് കോടികണക്കിന് രൂപ ചെലവാക്കി അദ്ദേഹം ഓടി നടന്നു രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നതും. ഇങ്ങനെ കുറച്ചാളുകളുടെ ലാഭത്തിന് വേണ്ടി മാത്രം പരിസ്ഥിതിയെ, വായുവിനെ, വെള്ളത്തെ, മണ്ണിനെ, പ്രാദേശിക സംസ്‌കാരത്തെ നശിപ്പിക്കുക. ഇത് എല്ലാം ചെയ്യുന്ന ഒരു സാങ്കേതികമായ അധീശത്വം അത് ഹിംസയുടെ പ്രത്യേകിച്ചും പാരിസ്ഥിതികമായ ഹിംസയുടെ മറ്റൊരു പ്രധാനപ്പെട്ട പ്രഭവമാണ് എന്ന് നമുക്ക് കാണാം.
ഇതിനോടൊപ്പം ഉള്ളതാണ് പുരുഷമേധാവിത്വം, സ്ത്രീകള്‍ രണ്ടാംതരം മനുഷ്യരാണ് എന്നുവിശ്വസിക്കുന്ന പുരുഷമേധാവിത്വം. ഫാഷിസത്തിന്റെ ഒരു അടിസ്ഥാന സങ്കല്‍പ്പമാണ് ആണത്തം എന്നത്. മോഡിയെക്കുറിച്ച് പറയുമ്പോളൊക്കെ പറയാറുള്ള ഒരു കാര്യം വീതി കൂടിയ നെഞ്ച്, മാംസ പേശിയുടെ ശക്തി ഒക്കെയാണ്. നമുക്കറിയാം, മോഡി കഴിഞ്ഞ തിരഞ്ഞെടുപ്പ് ജയിച്ചത് കരുത്തനായ നേതാവിനെ നമുക്ക് ആവശ്യമുണ്ട് എന്നുപറഞ്ഞുകൊണ്ടാണ്. അത് ഉറപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കൃത്രിമമായ ഒരു ആക്രമണത്തിന്റെ പേരിലാണ് അദ്ദേഹം അധികാരത്തിലേക്ക് തിരിച്ചുവന്നത്.
ഹിറ്റ്‌ലര്‍ പറയുന്നുണ്ട്, ജനത എന്നത് ഒരു സ്ത്രീയെ പോലെയാണ്, ശക്തനായ പുരുഷന് അവള്‍ വഴിപ്പെടും. ഇതുപോലെ ജനതയെ കാണുന്ന, സ്ത്രീയെ രണ്ടാംതരമായി കാണുന്ന ഒരു പുരുഷ അഹന്ത- അത് ഫാഷിസത്തിന്റെ തന്നെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്. ഇങ്ങനെ ഹിംസയുടെ അനേകം രൂപങ്ങള്‍ ഒന്നിച്ചു ചേരുമ്പോഴാണ് ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്നത്. സമത്വവും, ന്യായവും നീതിയും വെല്ലുവിളിക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു സന്ദര്‍ഭം ഇന്നത്തെ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ജനാധിപത്യം എന്നുപറഞ്ഞാല്‍ തിരഞ്ഞെടുപ്പും വോട്ടു ചെയ്യലും മാത്രമല്ല, അത് അദൃശ്യരായ മനുഷ്യരെ ദൃശ്യരാക്കുന്നതാണ്, ഇതുവരെ കേള്‍ക്കാതിരുന്ന ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നതാണ്, ഏറ്റവും ദുര്‍ബലരായ മനുഷ്യര്‍ക്ക് ശക്തി പകര്‍ന്ന് നല്‍കുന്നതാണ്, ഏറ്റവും ദരിദ്രരായ മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതാണ്, അപ്പോള്‍ മാത്രമാണ് ജനാധിപത്യം അര്‍ത്ഥവത്തായ ഒന്നായി മാറുന്നത്. ഒരു തിരഞ്ഞെടുപ്പിലൂടെയോ അത്തരത്തിലുള്ള ജനാധിപത്യപരമായ ആചാരങ്ങളിലൂടെയോ മാത്രമല്ല, ഈ ആചാരങ്ങള്‍ക്ക് അപ്പുറമുള്ള, കീഴാള ജനതക്ക് വ്യക്തമായ പ്രാതിനിധ്യം നല്‍കുന്ന ഒരു വ്യവസ്ഥയിലൂടെ മാത്രമേ ഇന്ന് നിലനില്‍ക്കുന്ന ഫാഷിസ്റ്റ് ഭരണസങ്കല്‍പത്തെ മറികടക്കാന്‍ നമുക്ക് ആവുകയുള്ളൂ.
അതുകൊണ്ട് തന്നെ, കീഴാള ജനതയുടെ ഒന്നിച്ചുനില്‍പ്പ് വളരെ പ്രധാനമായ ഒരു കാലത്താണ് നാം, അത് ന്യൂനപക്ഷ മതങ്ങളില്‍ പെട്ട ആളുകളാവട്ടെ, ദളിതുകളാവട്ടെ, ആദിവാസികളാവട്ടെ, തൊഴിലാളികളാവട്ടെ, സ്ത്രീകളാവട്ടെ, നിരാലംബരായ വൃദ്ധരാകട്ടെ… എവിടെയെല്ലാം ചൂഷണം നിലനില്‍ക്കുന്നുണ്ടോ, എവിടെയെല്ലാം അടിച്ചമര്‍ത്തലുകളുണ്ടോ, ആ മനുഷ്യരുടെ ഐക്യത്തിലൂടെ മാത്രമേ ആത്യന്തികമായി നമുക്ക് ഇന്ന് നിലനില്‍ക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ, അതിന്റെ അടിച്ചമര്‍ത്തല്‍ രീതികളെ, അതിന്റെ ആക്രമണങ്ങളെ, അതിന്റെ ഭീഷണമായ ഹിംസയെ നേരിടാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ആളുകളോടുള്ള പൊതുവായ ഒരു അഭ്യര്‍ഥനയാണ് ‘ ഒന്നിച്ചു നില്‍ക്കുക, സ്വയം വിഭജിക്കാതിരിക്കുക, ന്യൂനപക്ഷങ്ങള്‍ എല്ലാം തന്നെ ഒന്നിച്ചുനില്‍ക്കുക, ദളിതരെയും ആദിവാസികളെയും അവശരായ മുഴുവന്‍ മനുഷ്യരെയും ചേര്‍ത്തുനിര്‍ത്തുക, എങ്കില്‍ ഒരു മോഡിക്കും ഒരു സവര്‍ണാധിപതിക്കും ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിനും ഇന്ത്യയെ പോലുള്ളൊരു രാജ്യത്തെ കീഴ്‌പ്പെടുത്താനോ, അതിനെ അടിമയാക്കാനോ കഴിയുകയില്ല. അതുകൊണ്ട് ഒന്നിച്ചുനില്‍ക്കുക. നിങ്ങളുടെ ഐക്യത്തിലാണ് ഇന്ത്യയുടെ ശക്തി, ഇന്ത്യയുടെ ഭാവി, ഇന്ത്യയുടെ മോചനം.
സച്ചിദാനന്ദന്‍
You must be logged in to post a comment Login