ഇന്നത്തെ ഇന്ത്യന്‍ പശ്ചാതലത്തില്‍ നിന്നും വ്യത്യസ്തമാണ് കേരളീയ പശ്ചാതലം. ഇന്ത്യന്‍ പശ്ചാതലം പൊതുവില്‍ പേടിപ്പിക്കുന്ന ഒന്നാവുമ്പോള്‍ കേരളീയ പശ്ചാതലം പൊതുവില്‍ പ്രതിരോധമാണ്. എന്നാല്‍ ആ പ്രതിരോധത്തില്‍ പോലും നമ്മെ പേടിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. ഉദാഹരണമായി, ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതാവ് പത്മനാഭന്‍ മാഷ് പങ്കുവെച്ച ഒരു സംഭവം. അദ്ദേഹം എല്ലാ വര്‍ഷവും കേരളത്തിലെ വലിയ എഴുത്തുകാരുടെ പ്രബന്ധങ്ങള്‍ ശേഖരിച്ച് വലിയൊരു പുസ്തകം തയാറാക്കാറുണ്ട്. കഴിഞ്ഞവര്‍ഷവും വിചിന്തനങ്ങള്‍ വിശകലനങ്ങള്‍ എന്ന പുസ്തകം ഇറക്കിയിരുന്നു. അതിലൊരു എഴുത്ത് എന്റെ പ്രബന്ധമായിരുന്നു. ഇത്തവണയും പുസ്തകത്തിനു വേണ്ടി ഞാനൊരു പ്രബന്ധം നല്‍കിയിരുന്നു. നേരത്തെ പ്രസിദ്ധീകരിച്ചതാണെങ്കിലും തലക്കെട്ട് കൊടുത്തിരുന്നില്ല. അദ്ദേഹം അതിന് ‘ചരിത്രം മായ്ക്കാനാവില്ല’ എന്ന തലക്കെട്ട് കൊടുത്തു. പുസ്തകം അച്ചടിച്ചു. കടന്നപ്പള്ളി രാമചന്ദ്രനാണ് പ്രകാശനം നിര്‍വഹിച്ചത്.
പക്ഷേ, വിതരണം തുടങ്ങിയപ്പോള്‍ ചരിത്രം മായ്ക്കാനാവില്ല എന്ന കെ ഇ എന്നിന്റെ ലേഖനം നിലനിര്‍ത്തിക്കൊണ്ട് അത് വിതരണം ചെയ്യാനാവില്ല എന്ന് ആര്‍ എസ് എസുകാര്‍ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തകരില്‍ ചിലരും ഇതാവര്‍ത്തിച്ചു. അദ്ദേഹം ഉത്കണ്ഠയോടെയാണ് എന്നെ വിളിച്ചു പറഞ്ഞത്: ‘ലേഖനം വളരെ ഗംഭീരമായിരിക്കുന്നു, ലേഖനത്തില്‍ പറഞ്ഞതെല്ലാം വാസ്തവം തന്നെയെന്ന് നന്നായറിയാം, പക്ഷേ, ഇവിടെ വല്ലാത്തൊരവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്. ഈ പ്രദേശത്താകെ സംഘര്‍ഷമാണ്, ഞാനെന്തു ചെയ്യണം.’ ഞാനാകെ അത്ഭുതപ്പെട്ടു പോയി. വലിയൊരു പുസ്തകം പ്രകാശനം കഴിഞ്ഞ് രണ്ട് ദിവസമേ ആയിട്ടുള്ളൂ. അതിനുമുമ്പെ പുസ്തകം വായിച്ച് നിരൂപിക്കുകയും പ്രതികരിക്കുകയും നിലപാടെടുക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ വായനയില്‍ അത്രയും വലിയൊരു കുതിപ്പ് നടത്തിയിരിക്കുന്നു എന്നാണല്ലോ അതിന്റെ അര്‍ഥം.
ആ പ്രബന്ധത്തിലുണ്ടായിരുന്നത് ഗാന്ധി വധം ആര്‍ എസ് എസാണ് നടത്തിയത് എന്ന മൗലികമായ ഒരു വസ്തുതയാണ്. ആ വിഷയം പറയുന്ന ആദ്യത്തെ എഴുത്തല്ല അത്. ഞാന്‍ തന്നെ ഒരുപാട് എഴുതിയിട്ടുണ്ട്. നിരവധി എഴുത്തുകാര്‍ എഴുതിയിട്ടുണ്ട്. പത്മനാഭന്‍ മാഷെ തടഞ്ഞ ആളുകള്‍ പറഞ്ഞത് ഇതാണ്; ‘സുപ്രീംകോടതി തള്ളിക്കളഞ്ഞ ഒരു വാദമാണത്. പലരും അവ്വിഷയകമായി മാപ്പു പറഞ്ഞതാണ്. അതുകൊണ്ട് ഇതെഴുതിയ ആള്‍ മാപ്പുപറയേണ്ടി വരും.’
പത്മനാഭന്‍ സാറ് പറഞ്ഞു: ‘എഴുതിയത് ഞാനല്ല, കേരളത്തിലെ അറിയപ്പെട്ട എഴുത്തുകാരനാണ്. അദ്ദേഹത്തോട് സംസാരിച്ചോളൂ.’
‘അതൊന്നും ഞങ്ങള്‍ക്കറിയണ്ട, അവരോട് പറയാനും ഞങ്ങളില്ല, നിങ്ങളെ ഞങ്ങള്‍ പുറത്തുവിടില്ല,’ എന്ന ഭീഷണിയായിരുന്നു അവരുടേത്. മാഷ് ആകെ പരിഭ്രമിച്ചിരുന്നു. എന്റെ അനുവാദത്തോടെ ആ ലേഖനം പിന്‍വലിച്ചാല്‍ ഇവിടെ വലിയൊരു സംഘര്‍ഷം ഒഴിവാക്കാന്‍ കഴിയുമെന്ന നിലക്കാണ് മാഷ് എന്നെ വിളിച്ചത്.
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ഇത് വെള്ളരിക്കാപട്ടണമല്ല. ആശയപരമായ സംവാദവിഷയമാണിത്. ഈ വാദത്തോട് വിയോജിപ്പുള്ളവര്‍ക്ക് എതിര്‍ത്ത് ലേഖനം എഴുതാം. എഴുതിയത് ഞാനാണ്. ഞാനുമായി സംവാദം നടത്താം. പൊതുസംവാദമോ വ്യക്തിസംവാദമോ ചര്‍ച്ചയോ എന്തുമാവാം. എന്തിനും ഞാന്‍ സന്നദ്ധനാണ്. അവ്വിഷയകമായി ഒരുത്തരവാദിത്വവും മാഷിനില്ല. ഉത്തരവാദിത്വം മുഴുവന്‍ എഴുത്തുകാരനാണ്.’
മാഷ് പറഞ്ഞു: ‘എല്ലാം ശരിയാണ്. പക്ഷേ, ഇവിടെ പ്രശ്‌നം രൂക്ഷമാണ്. ഒരു വഴിയുമില്ല.’
ഞാനുടനെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മനോഹരനെ വിളിച്ചു. സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവിലിനെയും വിളിച്ചു. മറ്റു ചില സുഹൃത്തുക്കളെയും വിളിച്ചു. അവരും പറഞ്ഞു: ‘കേരളീയ പശ്ചാതലത്തില്‍ ഇത്തരത്തിലുള്ള കാരണത്താല്‍ പിന്‍വലിക്കേണ്ട ഒരു സാഹചര്യം നിലവിലില്ല. നമുക്ക് അന്വേഷിച്ച് പരിഹരിക്കാം.’
വളരെ കൃത്യമായി അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മഹാത്മാഗാന്ധിയെ കുറിച്ച് സംഘ്പരിവാര്‍ നടത്തുന്ന ഒരു യാത്രയുണ്ട്, പേര് സങ്കല്പയാത്ര എന്നാണ്. ആ യാത്ര ഇതുവരെയുള്ള രാഷ്ട്രീയ പ്രചാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രചാരണമാണ്. പതിനായിരക്കണക്കിന് ഗ്രാമങ്ങളിലാണ് ഈ സങ്കല്പയാത്ര നടത്തുന്നത്. യാത്ര തുടങ്ങുന്നത് ആ ഗ്രാമീണരോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടാണ്. യാത്ര അവസാനിപ്പിക്കുന്നത് ഗ്രാമീണരോടൊപ്പമിരുന്ന് പ്രാര്‍ഥന നടത്തിയാണ്. മഹാത്മാഗാന്ധിയെ സാക്ഷിയാക്കി ഗാന്ധിയുടെ കാഴ്ചപ്പാടുകളെ അപഹസിക്കുന്നവര്‍ നടത്തുന്ന യാത്രയാണിതെന്നോര്‍ക്കണം. മൂന്ന് മുദ്രാവാക്യങ്ങളാണിതിലുള്ളത്. 1) ശുചിത്വം. 2) ഗാന്ധിയുടെ പ്രചാരണം. 3) കാര്യക്ഷമത. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, മത സൗഹാര്‍ദമില്ല, മാനവികതയുമില്ല, ഇന്ത്യന് ജനതയുടെ ഐക്യവുമില്ല, ദേശീയതയില്ല, എന്തിനാണോ ഗാന്ധി ജീവിച്ചത്, എന്തിന്റെ പേരിലാണോ ഗാന്ധിജിയുടെ രക്തസാക്ഷിത്വം അനിവാര്യമായിത്തീര്‍ന്നത്, ആ വിഷയങ്ങളൊന്നും ഈ യാത്രയുടെ മുദ്രാവാക്യങ്ങളിലില്ല. ജാതി സങ്കുചിതത്വത്തിനപ്പുറം, മത സങ്കുചിതത്വത്തിനപ്പുറം, ഹിന്ദു മുസ്‌ലിം ഐക്യമെന്ന മുദ്രാവാക്യം ഉറക്കെ ഉച്ചരിച്ചതിന്റെ പേരില്‍, എല്ലാ സങ്കുചിതത്വത്തിനുമപ്പുറത്ത് മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കാലത്തിന്റെ പിറവി സ്വപ്‌നം കണ്ടതിന്റെ പേരിലാണ് മഹാത്മഗാന്ധിയെ കൊന്നത്. ഇതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഗാന്ധിവധവുമായി ബന്ധപ്പെട്ട് കോടതിയുടെ ഇടപെടലിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. കോടതിയും നമ്മള്‍ ഉയര്‍ത്തുന്ന പ്രശ്‌നവും തമ്മില്‍ ഒരു ബന്ധവുമില്ല. കോടതി പറഞ്ഞത് ഗാന്ധിയെ കൊന്നത് നാഥുറാം വിനായക് ഗോഡ്‌സെ ആയിരുന്നുവോ, ഗോപാല്‍ ഗോഡ്‌സെ ആയിരുന്നുവോ എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി അതില്‍ ഉള്‍പ്പെട്ടിരുന്നുവോ എന്ന് കോടതി അന്വേഷിക്കേണ്ടതുണ്ടായിരുന്നില്ല. അത്തരമൊന്ന് ടേംസ് ഓഫ് റഫറന്‍സില്‍ പറയുന്നില്ല. രണ്ടാമത്തെ കാര്യം, ആര്‍ എസ് എസ് നിരോധനം പിന്‍വലിക്കുന്നതിന്റെ ഭാഗമായിട്ടാണ് മെമ്പര്‍ഷിപ്പും മറ്റു രേഖകളും ഡോക്യുമെന്റുകളും സൂക്ഷിക്കുന്നത്. അതുവരെ ആര്‍ എസ് എസ് എന്ന പേര് രേഖകളില്‍ എവിടെയുമില്ല. അതുകൊണ്ട് തന്നെ ലോകത്തുള്ള ആര്‍ക്കും ഒരു രാഷ്ട്രീയപാര്‍ട്ടിയെയും ഗാന്ധിവധത്തില്‍ കൂട്ടാന്‍ കഴിയില്ല. അത്തരത്തിലാണ് അതിന്റെ ഘടനയുള്ളത്.
പ്രധാനമന്ത്രിമാര്‍ ഭരണമേറ്റെടുക്കുമ്പോള്‍ ഗാന്ധിയുടെ സ്മരണകളിരമ്പുന്ന രാജ്ഘട്ടില്‍ പോയി സന്ദര്‍ശിച്ച് പ്രതിജ്ഞയെടുക്കുന്നൊരു പതിവുണ്ട്. അവിടെ മൊറാര്‍ജി ദേശായിയുടെ ആത്മകഥ ‘എന്റെ ജീവിതകഥ’യിലെ പ്രത്യേകഭാഗം വായിക്കുന്ന ഒരു രീതിയുണ്ട്. 1977 ഒക്ടോബര്‍ 8 ന് മൊറാര്‍ജി ദേശായി ഇന്ത്യന്‍ പ്രധാനമന്ത്രി ആയ സമയം, മൊറാര്‍ജി ദേശായി രാജ്ഘട്ടില്‍ പോയി. കൂടെ ഭക്ഷ്യമന്ത്രി സിക്കന്തര്‍ ബക്തുമുണ്ടായിരുന്നു. ‘നാഥുറാം വിനായക് ഗോഡ്‌സെ എന്ന ആര്‍ എസ് എസുകാരനാണ് ഈ കൊലനടത്തിയത്’ എന്നൊരു വാക്യം ആത്മകഥയിലുണ്ട്. ആ ഭാഗമാണ് ഗൈഡ് ദാമോദരന്‍ നായര്‍ വായിച്ചുകേള്‍പ്പിച്ചത്. അതുകേട്ട സിക്കന്ദര്‍ ബക്ത്, ഇത് ഞങ്ങള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതാണ് ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ മൊറാര്‍ജി ദേശായി പറഞ്ഞത് ‘ചരിത്രം നമുക്ക് തിരുത്താനാവില്ലല്ലോ?’ എന്നായിരുന്നു. ‘സംഭവിച്ചതെല്ലാം സംഭവിച്ചതല്ലേ, അതെങ്ങനെ തിരുത്താനാവും.’ മൊറാര്‍ജി എഴുത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടു വെച്ചത്.
എഴുത്തിന്റെ രാഷ്ട്രീയം എന്നു പറഞ്ഞാല്‍ എഴുതുമ്പോഴൊരു രാഷ്ട്രീയം എന്നല്ല, അതൊരു നിലപാടാണ്. പാടുന്ന, പറയുന്ന, വരയ്ക്കുന്ന, ജീവിക്കുന്ന മനുഷ്യന്റെ നിലപാടാണ്. എത്ര അറിവുണ്ട്, എത്ര ഓര്‍മശക്തിയുണ്ട് എന്നതൊക്കെ പ്രധാനമാണ്. അതിനെല്ലാം അപ്പുറമാണ് ഒരു നിലപാടുണ്ടാവുക എന്നത്. ആ നിലപാടാണ് മൊറാര്‍ജി പ്രകടിപ്പിച്ചത്.
പക്ഷേ, പിന്നീട് സംഭവിച്ചത് മറിച്ചാണ്. ആദ്യം ഗൈഡ് ദാമോദരന്‍ നായരെ ആക്രമിക്കുന്നു, അടിച്ചുവീഴ്ത്തുന്നു. രണ്ടാംഘട്ടത്തില്‍ സിക്കന്തര്‍ ബക്തിന്റെ മന്ത്രാലയത്തിന്റെ അധികാരമുപയോഗിച്ച് ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു. പ്രശ്‌നം പാര്‍ലമെന്റില്‍ വലിയ ബഹളമായി മാറി. നിര്‍ണായക തീരുമാനമെടുക്കേണ്ട ആളായിരുന്നു മൊറാര്‍ജി ദേശായി. പക്ഷേ, അദ്ദേഹം ചുവടുമാറി. മറ്റൊരര്‍ഥത്തില്‍, ഒക്ടോബര്‍ എട്ടിന് രാജ്ഘട്ടില്‍ വെച്ച് എഴുത്തിന്റെ, ജീവിതത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച മൊറാര്‍ജി ദേശായി അധികാരം നഷ്ടപ്പെടുമോ എന്ന ഉത്കണ്ഠയില്‍ നിലപാട് അവസാനിപ്പിച്ചു. അതിനുശേഷമാണ് വളരെ ആധികാരികമായി ഞങ്ങളെക്കുറിച്ചാരും കുറ്റപ്പെടുത്തുന്നില്ല എന്നിവര്‍ പറയുന്നത്.
പകല്‍പോലെ വ്യക്തമായ, ഇന്ത്യന്‍ ജനതക്കു മുഴുവന്‍ അറിയാവുന്ന കാര്യമാണ് ഈ മറച്ചുവെക്കുന്നത്. ഗാന്ധി കൊലചെയ്യപ്പെട്ടപ്പോള്‍ കേരളത്തിലെ തിരുവനന്തപുരത്ത് പോലും ആഹ്ലാദപ്രകടനങ്ങളും മധുരവിതരണങ്ങളും നടന്നത് ഒ എന്‍ വി കുറുപ്പ് ‘പോക്കുവെയില്‍’ എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.
ഗോപാല്‍ ഗോഡ്‌സെ, നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി നാലില്‍ ഫ്രന്റ്‌ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു: ‘ഞങ്ങള്‍ ആര്‍ എസ് എസുകാരാണ്, ആര്‍ എസ് എസ് കുടുംബമാണ് ഞങ്ങളുടേത്, ഗാന്ധിവധത്തില്‍ ആഹ്ലാദിക്കുന്നു, അഭിമാനിക്കുന്നു.’ ഇത്രയും വ്യക്തമായ ഒരുകാര്യം പതുക്കെ മായ്ച്ചുകൊണ്ടിരിക്കുകയാണ്. അതോര്‍മിപ്പിക്കുന്നവരെ ഈ കേരളത്തില്‍ പോലും വെച്ചുപൊറുപ്പിക്കില്ല. അതിന്റെ ഭാഗമാണ് വളരെ ചെറുതെങ്കിലും തുടക്കത്തില്‍ ഞാന്‍ പറഞ്ഞ വലിയ സംഭവം.
അതായത് ചരിത്രം, ഓര്‍മ, സത്യം ഇവയെല്ലാം ഇന്ത്യന്‍ ഫാഷിസത്തെ വളരെയേറെ അസ്വസ്ഥപ്പെടുത്തുന്നു. ചരിത്രത്തെ അവര്‍ അങ്ങേയറ്റം ഭയപ്പെടുന്ന, ചവിട്ടിത്തേക്കാന്‍ ശ്രമിക്കുന്ന ഒരു കാലത്താണ് എഴുത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നത്.
ഇന്ത്യ അതിന്റെ ജീവിതം കൊണ്ടുയര്‍ത്തിപ്പിടിക്കുന്ന മഹത്തായ എല്ലാ മൂല്യങ്ങളെയും തെരുവില്‍ വെച്ച് കൂവി വിളിച്ചും ചവിട്ടി വീഴ്ത്തിയും പാരാജയപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് അതിനെതിരെയുള്ള പ്രതികരണമായി, എഴുത്തൊരു സമരമാണ് എന്ന ഏറ്റവും സൂക്ഷ്മമായ സന്ദേശം പ്രത്യക്ഷപ്പെടുന്നത്. എഴുതുക എന്നാല്‍ തീര്‍ച്ചയായും നിലനില്‍ക്കുന്ന ജനാധിപത്യവിരുദ്ധ, മാനവികവിരുദ്ധ അവസ്ഥകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുക എന്നു തന്നെയാണ്. അതിന് മറ്റൊരര്‍ഥവുമില്ല. സച്ചിദാനന്ദന്റെ പഴയ ഒരു കവിതയില്‍ ‘പൂവുകളെ കുറിച്ച് പാടാവുന്ന ഒരു കാലം വരും, അന്നെല്ലാ മനുഷ്യരും കവികളാവും’ എന്നു പറയുന്നുണ്ട്. കവികളാവുക എന്നാല്‍ വ്യവസ്ഥയുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് കവിയുന്നവരായി വികസിക്കുന്നവരായിത്തീരുക എന്നുള്ളതാണ്. അനുവദിക്കില്ല എന്ന അധികാരത്തിന്റെ അലര്‍ച്ചകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ആ അലര്‍ച്ചക്കുള്ള പ്രതിരോധമായി എഴുത്തുകള്‍ മാറേണ്ടതുണ്ട്.
പിക്കാസോയുടെ പ്രസിദ്ധമായ സന്ദേശമാണ് ‘നിങ്ങളെന്റെ കൈകാലുകള്‍ വരിഞ്ഞു കെട്ടി കാരാഗ്രഹത്തിലേക്ക് വലിച്ചെറിഞ്ഞാലും ഞാന്‍ കാരാഗ്രഹത്തിന്റെ ഭിത്തിയില്‍ നാവുകൊണ്ട് നക്കി ചിത്രം വരക്കുക തന്നെ ചെയ്യും’. കാരണം ചിത്രം പിക്കാസോക്ക് ഒരു നിലപാടാണ്. ലോകത്തോടുള്ള, തന്നോടുള്ള ഒരു സംവാദമാണ്. തന്റെതന്നെ ജീവിതത്തിന്റെ ആവിഷ്‌കാരമാണ്. നിലനില്‍ക്കുന്ന അധികാരങ്ങള്‍ക്കെതിരെയുള്ള വലിയ സമരമാണ്. ഏതുതരം പ്രതിസന്ധികളെയും അതിജീവിക്കാനുള്ള വലിയൊരു പ്രതിരോധമായി എഴുത്തു മാറേണ്ട, മാറ്റേണ്ട ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് നാം നിലകൊള്ളുന്നത്.
കെ ഇ എന്‍
You must be logged in to post a comment Login