മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും എന്ന വിഷയം ആനുകാലിക ദേശീയ രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും പ്രസക്തമാണ്. മുസ്‌ലിമിനെ മോശമായി ചിത്രീകരിക്കുന്ന മലയാള രചനകള്‍ പലതുമുണ്ടെങ്കിലും ഭൂരിപക്ഷ രചനകളും ഇസ്‌ലാമിനെയും മുസ്‌ലിം സംസ്‌കാരത്തെയും പാരമ്പര്യ വ്യവഹാരങ്ങളെയും വളരെ മാതൃകാപരമായിട്ടാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത് സര്‍ഗാത്മകമായ ഒരു നിരീക്ഷണമാണ്. കാരണം, ഫ്രോയ്ഡ് പറഞ്ഞതുപോലെ life instinct ഉള്ളവര്‍ ഏതൊരു സംജ്ഞയുടെയും നിഷേധാത്മകമായ തലങ്ങളെ മറക്കാന്‍ ശ്രമിക്കുകയും പോസിറ്റീവ് വശങ്ങളില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കേണ്ടതുമുണ്ട്. അതിജീവനത്തിനുള്ള പ്രത്യാശയും ആകാംക്ഷയും ഉള്ളവര്‍ അത്തരം കോണുകളില്‍നിന്ന് വീക്ഷിക്കാന്‍ ശ്രമിച്ചാലേ സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് പ്രതീക്ഷയും ഊര്‍ജ്ജവും സംഭരിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരം സമൂഹങ്ങള്‍ മാത്രമേ കൂടുതല്‍ പുരോഗമനപരമായ വിജയങ്ങള്‍ കൈവരിക്കൂ. അതേസമയം, positive life instinct ന് പകരം ഒരു സമൂഹം അല്ലെങ്കില്‍ ഒരു രാജ്യം വളരെ നെഗറ്റീവായിട്ടുള്ള ഉലമവേ Death instinct ആണ് അംഗങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നതെങ്കില്‍ ആ രാജ്യം തീര്‍ത്തും അരക്ഷിതമായ ഒരു തലമുറയെ ആണ് വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഇവിടുത്തെ പല ഭൂരിപക്ഷ വര്‍ഗീയവാദികളും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതിന് ഈ സമീപനമാണ് പയറ്റി കൊണ്ടിരിക്കുന്നത്. ഇന്ത്യാ ചരിത്രത്തില്‍ എവിടെയെങ്കിലും ഹിന്ദുവും മുസ്‌ലിമും തമ്മില്‍ അസ്വാരസ്യങ്ങളും സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ പര്‍വതീകരിക്കാന്‍ ശ്രമിക്കുകയാണ് പലരും, ഏതെങ്കിലും കാലത്ത് ക്ഷേത്രങ്ങളോ മസ്ജിദുകളോ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ ഏതെങ്കിലുമൊരു സമുദായത്തിന്റെ മേല്‍ വെച്ചുകെട്ടി വലുതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, മഹോന്നതമായ മതമൈത്രിയുടെയും സൗഹാര്‍ദത്തിന്റെയും പാരമ്പര്യം പൂര്‍ണമായും അവഗണിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നു. നിഷേധാത്മകമായ തലങ്ങളില്‍ മാത്രം രാജ്യത്ത് ചര്‍ച്ചകള്‍ ഒതുങ്ങപ്പെടുന്നതിന്റെ അര്‍ത്ഥം ഇന്ത്യ പൂര്‍ണമായും ഉലമവേ ശിേെശിര േലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ്. ഈയൊരു സാഹചര്യം ഇനിയും തുടരുകയാണെങ്കില്‍ രാജ്യം തന്നെ ഛിദ്രമായിത്തീരും എന്നിടത്താണ് ‘ഇത് ചെയ്യരുതേ മാനിഷാദാ’ എന്ന വാക്യം പ്രസക്തി ആര്‍ജ്ജിക്കുന്നത്.
വിമര്‍ശനം നല്ലൊരു ആവിഷ്‌കാര സ്വാതന്ത്ര്യമാണെങ്കിലും നിര്‍മാണാത്മകമായ വശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെടേണ്ടതുണ്ട്. ഉത്തരേന്ത്യയിലും രാജ്യത്തിന്റെ മറ്റു പല കോണുകളിലും മുസ്‌ലിം സമുദായത്തെ വളരെ നീചമായും ക്രൂരമായും വക്രീകരിക്കുന്ന പ്രതിഭാസം ദ്രുതഗതിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ മുഖ്യധാരാ എഴുത്തുകാരും സാഹിത്യവും മുസ്‌ലിമിനെ വളരെ നല്ല രൂപത്തിലാണ് പൊതുവേ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ആ ഒരു യാഥാര്‍ഥ്യത്തെ അവഗണിക്കുന്ന പക്ഷം വരും തലമുറയില്‍ സൃഷ്ടിക്കപ്പെടുന്നത് വളരെ വലിയ തെറ്റിദ്ധാരണയായിരിക്കും. ഇവിടെ പൂര്‍വകാലം മുതല്‍ തന്നെ മുസ്‌ലിമും ഹിന്ദുവും തമ്മില്‍ സ്പര്‍ദ്ധ നിലനിന്നിരുന്നു എന്ന് അവര്‍ തെറ്റായി മനസ്സിലാക്കിയേക്കാം. അങ്ങനെയെങ്കില്‍ പിന്നെ മമ്പുറം തങ്ങളും കോന്തുനായരും, കുഞ്ഞായിന്‍ മുസ്‌ലിയാരും മങ്ങാട്ടച്ചനും എന്നൊക്കെ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നതിന് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പുതുതലമുറയിലെ എഴുത്തുകാര്‍ സൂക്ഷ്മനിരീക്ഷണം നടത്തി പൂര്‍വ സാഹിത്യകാരന്മാരെയും കൃതികളെയും വിമര്‍ശിക്കുന്നത് ഒരര്‍ത്ഥത്തില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവിടെയും പോസിറ്റീവ് വശങ്ങള്‍ കൂടുതല്‍ പരിഗണനയര്‍ഹിക്കുന്നുണ്ട്. ‘തിന്മയെ നന്മകൊണ്ട് നേരിടണം’ എന്നാണ് എല്ലാ വേദഗ്രന്ഥങ്ങളും നമുക്ക് നല്‍കുന്ന പാഠം. സൂക്ഷ്മമായ വിശകലനം നടത്തിയാല്‍ ബഷീറിനും വിജയനും ഒക്കെ പല പാളിച്ചകളും സംഭവിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ മഹാ സാഹിത്യകാരന്മാരെല്ലാം തന്നെ ധര്‍മബോധം കൈവിടാതെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഏതെങ്കിലും രചനകളില്‍ എന്തെങ്കിലും വക്രീകരണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്ക് നാം പ്രകോപിതരാവുന്നതും അതിനെ തിരഞ്ഞെടുത്ത് വിമര്‍ശിക്കുന്നതും. എന്‍ എസ് മാധവന്റെ മുംബൈയും തിരുത്തും ജബ്ബാര്‍ എന്ന കഥാപാത്രവുമെല്ലാം നമുക്ക് അപ്രിയമാവുന്നത് ഈ ഒരു തലത്തില്‍ നിന്നാണ്. പരോക്ഷമായിട്ടെങ്കിലും മുസ്‌ലിം കഥാപാത്രങ്ങളെ ആക്ഷേപിക്കുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിക്ക് ബലിയാണി കൊണ്ട് മറുപടി നല്‍കപ്പെട്ടത്. കാരണം ഒരെഴുത്തുകാരന്‍ താന്‍ എഴുതുന്ന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങള്‍ കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. സമകാലിക ഇന്ത്യയില്‍ മുസ്‌ലിം കഥാപാത്രങ്ങളെ വളരെ നീചമായി അവതരിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ ഘട്ടത്തില്‍ ഏച്ചിക്കാനം തന്റെ എഴുത്തുകളില്‍ അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടെ ഒഴിവാക്കേണ്ടതായിരുന്നു. അവിടെ ഏച്ചിക്കാനം എന്ന മഹാപ്രതിഭയെ വിമര്‍ശിക്കുന്നതിനു പകരം ബിരിയാണി എന്ന കൃതിയിലെ അപചയങ്ങള്‍ മാത്രമാണ് വിമര്‍ശന വിധേയമാക്കപ്പെട്ടിട്ടുള്ളത്. അതേസമയം, എല്ലാത്തിലും മുസ്‌ലിംവിമര്‍ശനം ഉണ്ടോ എന്ന രൂപത്തിലുള്ള വായന കുറച്ചെങ്കിലും കടന്നകൈയ്യാണ്. ഇത്തരം നിരീക്ഷണങ്ങള്‍ക്ക് കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ സാധ്യമാവേണ്ടതുണ്ട്.
ബഷീറിന്റെ കൃതികളെയും നിരീക്ഷിക്കേണ്ടത് ആ ഒരു വിശാലതയിലായിരിക്കണം. മലയാള സാഹിത്യത്തില്‍ എന്നും അനുസ്മരിക്കപ്പെടുന്ന ബഷീര്‍ എന്ന മഹാ എഴുത്തുകാരന്റെ ചില രചനകളിലെങ്കിലും മുസ്‌ലിം കഥാപാത്രങ്ങളെ കുറച്ചു കണ്ടതിന്റെ വാസ്തവം ആ രചനകള്‍ എഴുതപ്പെട്ട സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളെ വിലയിരുത്തുമ്പോഴാണ് വ്യക്തമാവുന്നത്. വലിഞ്ഞു കയറിയ തെറ്റായ ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുന്നിടത്ത് ചില അതിപ്രയോഗങ്ങള്‍ സംഭവിച്ചിട്ടുണ്ടാവാം. ‘ന്റെ ഉപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന കൃതിയില്‍ കുഞ്ഞുപ്പാത്തുമ്മ എന്ന കഥാപാത്രം തങ്ങള്‍ വെളിക്കിരിക്കുന്നത് പകലില്‍ തോട്ടിലും രാത്രിയില്‍ വഴിയിലും ആണ് എന്ന് പറയുമ്പോള്‍ ആ കാലത്തെ സാമൂഹിക പരിതസ്ഥിതിയെ കൂടെയാണ് ബഷീര്‍ സൂചിപ്പിക്കുന്നത്. അതേസമയം കുഞ്ഞുപാത്തുമ്മ തീര്‍ത്തും നിഷ്‌കളങ്കവും പരിശുദ്ധയുമായ കഥാപാത്രമാണ്. ഒരുപക്ഷേ, മലയാള സാഹിത്യത്തിന് തന്നെ പ്രകൃതിയോടുള്ള സമീപനം എത്രത്തോളം സ്‌നേഹപൂര്‍വമായിരിക്കണമെന്ന പാഠം സമ്മാനിച്ചത് കുഞ്ഞുപാത്തുമ്മ എന്ന കഥാപാത്രമായിരിക്കും. തന്നെ കടിച്ച അട്ടയെ ‘പോടാ പിശാചേ’ എന്ന് കുഞ്ഞുപാത്തുമ്മ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ആ അട്ടയെ പിന്നീട് വാളന്‍ മത്സ്യം പിടിച്ചപ്പോള്‍ സങ്കടപ്പെടുന്നതും കാണാം. ഈ കഥയില്‍ കുഞ്ഞുപാത്തുമ്മയുടെ വൃത്തിയില്ലായ്മ അല്ല ബഷീര്‍ പറയുന്നത്. മറിച്ച് തീര്‍ത്തും നിഷ്‌കളങ്കമായ ഒരു മുസ്‌ലിം കഥാപാത്രത്തെയാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. ബഷീര്‍ തന്റെ സമുദായത്തോട് വലിയ പ്രതിബദ്ധതയും കടപ്പാടും കാണിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ കാലത്ത് എഴുതപ്പെട്ട രചനകളൊക്കെയും സവര്‍ണ അധികാര വാഴ്ച്ചയുടെ പീറ മൂന്നാംകിട ആവിഷ്‌കാരങ്ങള്‍ മാത്രമായിരുന്നു. അതിലൊക്കെയും മുസ്‌ലിം കഥാപാത്രങ്ങളെ നീചരായി വക്രീകരിക്കാനും രാക്ഷസവല്‍ക്കരിക്കാനും ശ്രമിക്കുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് തന്റെ സമുദായത്തിലെ ഉന്നതമായ പാരമ്പര്യവും സംസ്‌കാരവും ബഷീര്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. മുസ്‌ലിം സമുദായത്തിലെ സ്‌നേഹവും പ്രണയവും മറ്റു സാമൂഹിക വ്യവഹാരങ്ങളും നീതിയുക്തമായി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വലിയ ഒരളവോളം ബഷീറിയന്‍ കൃതികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരര്‍ഥത്തില്‍, കാലഘട്ടത്തിന്റെ ദൗത്യമാണ് ബഷീര്‍ നടത്തിയിട്ടുള്ളത്. സവര്‍ണരുടെയും, ഹൈന്ദവ വിഭാഗങ്ങളുടെയും കീഴാള – അവര്‍ണ വിഭാഗങ്ങളുടെയും വികാരങ്ങളും വ്യവഹാരങ്ങളും വരെ സാഹിത്യരൂപങ്ങളായി രചിക്കപ്പെട്ടിരുന്നൊരു കാലത്താണ് തിരസ്‌ക്കരിക്കപ്പെട്ട തന്റെ സമുദായത്തെ ഉള്ളില്‍ നിന്ന് വായിക്കാനും അതിന്റെ നാനാതലങ്ങളെയും അഭിസംബോധന ചെയ്യാനും ബഷീര്‍ മുന്നിട്ടിറങ്ങിയത്. അതിന് ഏറ്റവും അനുയോജ്യമായ ഒരു മാപ്പിള ഭാഷയെ പോലും ബഷീര്‍ വികസിപ്പിച്ചെടുത്തു. ആദ്യകാല ബഷീറിയന്‍ രചനകളില്‍ ചില ഭാഗങ്ങളിലെങ്കിലും പാരമ്പര്യ ഇസ്‌ലാമിനെ കുറച്ചു കാണിക്കുന്ന രംഗങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ അവസാന കാലഘട്ടത്തില്‍ ബഷീര്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വശങ്ങളെയും ധര്‍മ്മങ്ങളെയും ഏകത്വത്തെയും തന്നെയാണ് കഥകളുടെ ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളത്. സൂഫിസത്തെയും ആദ്ധ്യാത്മികതയേയും വളരെ ലളിതവും മനോഹരവുമായി ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘അനല്‍ ഹഖ്’ എന്ന കൃതി .
എം.ടി വാസുദേവന്‍ നായരുടെ രചനകളെ അവലോകനം ചെയ്താല്‍ ഏറ്റവും കൂടുതല്‍ മോശമായി ചിത്രീകരിച്ചത് തന്റെ സമുദായമായ നായന്മാരെ തന്നെയാണ്. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ജീര്‍ണതകളെ തനിക്ക് കൃത്യമായി അവതരിപ്പിക്കാന്‍ സാധിക്കും എന്ന ബോധ്യത്തില്‍ നിന്ന് ഉടലെടുത്തതാണിത്. എം ടിയുടെ 90 ശതമാനം മുസ്‌ലിം കഥാപാത്രങ്ങളും ധര്‍മ്മിഷ്ഠരും ധീരരും ആയിട്ടുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. അസുരവിത്തിലെ കുഞ്ഞരക്കാര്‍ മറ്റു സമുദായക്കാര്‍ക്ക് പോലും മാതൃകാപരവും ഉജ്ജ്വലവുമായ കഥാപാത്രമായിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ ഇസ്‌ലാമിനെയോ മുസ്‌ലിമിനെേയാ പ്രത്യക്ഷമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും സൂക്ഷ്മമായി വിലയിരുത്തിയാല്‍ പരിശുദ്ധ ഇസ്‌ലാം വന്നതിന് ശേഷമുള്ള എല്ലാ മാറ്റങ്ങളും തത്വചിന്തകളും മൂല്യങ്ങളും എഴുത്തച്ഛന്റെ കൃതികളില്‍ സ്വാധീനിച്ചിട്ടുണ്ട്. ശ്രീരാമനെ ഒരു ദൈവിക പ്രതീകമായി വെക്കുമ്പോഴും പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ പല ദൈവിക വിശേഷണങ്ങളും അദ്ദേഹം കടം കൊണ്ടിട്ടുണ്ട്. ‘ജാതി നാമാതികള്‍ക്കല്ല മനുഷ്യന്റെ ഗുണഗണത്തിനാണ് പ്രാധാന്യം’ എന്ന് എഴുത്തച്ഛന്‍ പാടുമ്പോള്‍ ഒരുപക്ഷേ ഇസ്‌ലാമിക തത്വചിന്തകളില്‍ നിന്നും ഉള്‍ക്കൊണ്ടതാവാമിത്. സി വി രാമന്‍പിള്ള തന്റെ മാര്‍ത്താണ്ഡവര്‍മ എന്ന കൃതിയില്‍ അപകടത്തില്‍ പെട്ട യുവ രാജാവിനെ രക്ഷിക്കുന്ന വിശ്വസ്തനും കാരുണ്യവാനുമായിട്ടുള്ള മുസ്‌ലിം കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതിലുപരി മുസ്‌ലിം തത്വചിന്തകളില്‍ കൂടുതല്‍ ആകൃഷ്ടനായി അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും ചെയ്ത സാഹിത്യകാരനായിരുന്നു അദ്ദേഹം. ചന്തുമേനോന്റെ ഇന്ദുലേഖയില്‍ മാധവന്‍ എന്ന കഥാപാത്രത്തെ ചതിക്കുന്ന ഷേര്‍ അലീഖാന്‍ എന്ന മുസ്‌ലിം കഥാപാത്രം യഥാര്‍ത്ഥ മുസ്‌ലിമോ ഇസ്ലാമിക മൂല്യങ്ങള്‍ ഉള്‍കൊണ്ടിരുന്ന ആളോ ആയിരുന്നില്ല. മുസ്‌ലിം നാമധാരിയായ ഒരു കൊളോണിയല്‍ ശിങ്കിടി മാത്രമായിരുന്നു അദ്ദേഹം. ഈ കഥാപാത്രത്തിലൂടെ ചന്തുമേനോന്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട മൂല്യങ്ങളിലേക്ക് കൂടി സൂചന നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.
ഉറൂബിന്റെ മുസ്‌ലിം കഥാപാത്രങ്ങള്‍ ഏറ്റവും ഉജ്ജ്വലവും വിശ്വസ്തരും ആയിരുന്നു. ചാപ്പുണ്ണി നായരുടെയും ഉമ്മാച്ചുവിന്റെയും ഇടയിലുള്ള ഗാഢമായ ബന്ധവും അവരുടെ മക്കള്‍ പരസ്പരം ഇണകളായി തീരുന്ന പശ്ചാത്തലവും വിലയിരുത്തിയാല്‍ ബന്ധങ്ങള്‍ക്ക് ഇസ്‌ലാം കൊടുത്ത പ്രാധാന്യത്തിലേക്കാണ് സൂചിപ്പിക്കുന്നതത്രേ. പ്രവാചകന്‍ തന്റെ അമുസ്ലിംകളായ ബന്ധുക്കളോട് പോലും എത്ര മനോഹരമായിട്ടാണ് ഇടപഴകിയത് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് മതസൗഹാര്‍ദത്തിന് പ്രാധാന്യം നല്‍കുന്ന കഥാപാത്രങ്ങളെ ഉറൂബ് അവതരിപ്പിച്ചത്. സുന്ദരികളും സുന്ദരന്മാരും എന്ന കൃതിയില്‍ ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ സുലൈമാനായി മാറുമ്പോഴും, ഗോവിന്ദന്‍കുട്ടിക്ക് അഭയം നല്‍കുന്ന കുഞ്ഞരക്കാര്‍ എന്ന കഥാപാത്രവും, സൂഫി പറഞ്ഞ കഥയിലെ മുസ്‌ലിം കഥാപാത്രവും, ജീവിതത്തിന്റെ പുസ്തകത്തിലെ സുബൈദ എന്ന കഥാപാത്രവുമൊക്കെ ഏറ്റവും ഉന്നതമായ മുസ്‌ലിം സ്വഭാവങ്ങളുടെ പ്രതീകങ്ങളായിട്ട് വേണം നിരീക്ഷിക്കാന്‍. ഒ വി വിജയന്റെ എഴുത്തുകളില്‍ ചില അപനിര്‍മിതികള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ‘അനാഥര്‍ക്ക് മുന്നില്‍ വെച്ച് സ്വന്തം മക്കളെ ലാളിക്കരുത്’ എന്ന പാഠം ലോകത്തിനു നല്‍കിയതിനാല്‍ പ്രവാചകനെ ലോക ഗുരുവായിട്ട് വര്‍ണിച്ച വ്യക്തിയാണദ്ദേഹം. ശ്രീനാരായണ ഗുരു തന്റെ രചനകളില്‍ മറ്റെല്ലാ ദൈവദൂതന്മാരെയും സൂചിപ്പിക്കുക മാത്രം ചെയ്തപ്പോള്‍ മുഹമ്മദ് നബിയെ പേരെടുത്ത് വിശേഷിപ്പിച്ചു. ‘കരുണാവാന്‍ നബി മുത്ത് രത്‌നമോ’ എന്ന വരികള്‍ കൂടുതല്‍ ശ്രദ്ധേയമാണ്. ഒരുപക്ഷേ തന്റെ ശിഷ്യന്‍ കുമാരനാശാന്‍ ചില തെറ്റിദ്ധാരണയുടെ ഫലമായി ‘ക്രൂരമുഹമ്മദര്‍’ എന്ന പദപ്രയോഗം പില്‍ക്കാലത്ത് നടത്തുന്നതിനുള്ള ഒരു മുന്‍കൂര്‍ ജാമ്യവും,pre empties strike ഉം ആയിരിക്കാമെന്നത് വീക്ഷിക്കുന്നതില്‍ ഔചിത്യക്കുറവൊന്നുമില്ല.
ഇങ്ങനെ മലയാള സാഹിത്യത്തെയും മഹാരചയിതാക്കളെയും കൃത്യമായി വിശകലന വിധേയമാക്കുമ്പോള്‍, പല അപചയങ്ങളും വക്രീകരണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും വളരെ ഗുണാത്മകവും മാതൃകാപരവുമായിരുന്നു എന്നത് തിരിച്ചറിയാന്‍ സാധിക്കും. പുതുതലമുറ അത്തരം അപനിര്‍മിതികളെ വിമര്‍ശന വിധേയമാക്കുമ്പോള്‍ കൂടുതല്‍ ഗുണപരമായ വശങ്ങളെ ചിത്രീകരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വരുംതലമുറയ്ക്ക് കേരളീയ മതസൗഹാര്‍ദത്തിന്റെ പാരമ്പര്യത്തെ മനസ്സിലാക്കാനും, പ്രത്യാശയും ഊര്‍ജ്ജസ്വലവുമായ ഒരു സാമൂഹിക നിര്‍മിതി രൂപപ്പെടുത്താനും സാഹചര്യം സൃഷ്ടിക്കപ്പെടുകയുള്ളൂ.
കെ പി രാമനുണ്ണി
You must be logged in to post a comment Login