ബാബരി: സൂചന വ്യക്തമാണ്

ബാബരി: സൂചന വ്യക്തമാണ്

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലാവാന്‍ പോകുന്ന ഒരു വിധിയാണ് നവംബറില്‍ സുപ്രീംകോടതി പ്രഖ്യാപിക്കാന്‍ പോകുന്നത്. ആധുനികഇന്ത്യയോടൊപ്പം സഞ്ചരിച്ച ബാബരിമസ്ജിദ്- രാമജന്മഭൂമി തര്‍ക്കത്തില്‍ ആരുടെ വാദഗതികളെയാണ് നീതിപീഠം സ്വീകരിക്കാന്‍ പോകുന്നതെന്നും ആര്‍ക്കനുകൂലമായാണ് തീര്‍പ്പ് കല്‍പിക്കാനിരിക്കുന്നതെന്നും അറിയാന്‍ ലോകം കണ്ണും കാതും കൂര്‍പ്പിച്ചിരിക്കയാണ്. കേസിന്മേലുളള വാദപ്രതിവാദങ്ങള്‍ പുരോഗമിക്കവേ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചില്‍നിന്ന് ഇടയ്ക്കിടെ ഉയര്‍ന്നുകേള്‍ക്കുന്ന നിരീക്ഷണങ്ങളും ചോദ്യങ്ങളും കേസിന്റെ വിധി ഈന്നല്‍ നല്‍കാന്‍ പോകുന്നത് ഏത് വിഷയത്തിലാണെന്ന് സൂചന നല്‍കുന്നുണ്ട്. ബാബരിമസ്ജിദ് നിലകൊണ്ട 2.77 ഏക്കര്‍ സ്ഥലത്ത് തന്നെയാണ് ശ്രീരാമന്‍ ജനിച്ചതെന്നും ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും സമര്‍ഥിക്കാനുള്ള ഹിന്ദുപക്ഷത്തിന്റെ വാദഗതികളോട് യോജിച്ചുകൊണ്ടുള്ള ഏതാനും നിരീക്ഷണങ്ങള്‍ ജഡ്ജിമാരില്‍നിന്നുണ്ടായത് സന്ദേഹങ്ങള്‍ക്ക് വക നല്‍കുന്നു. തര്‍ക്കസ്ഥലം മൂന്നായി വിഭജിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതിവിധിയുടെ അപ്പീലിന്മേലാണ് സുപ്രീംകോടതി അന്തിമവിധി പറയാന്‍ പോകുന്നതെന്നതിനാല്‍, പുരാണങ്ങളെയും മിത്തുകളെയും ആശ്രയിച്ചും പുരാവസ്തുഗവേഷകരുടെ ചരിത്രബലമില്ലാത്ത അനുമാനങ്ങള്‍ മുഖവിലക്കെടുത്തും വിധി പറയുകയാണെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഈഹിക്കാവുന്നതേയുള്ളൂ. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും സമീപകാലം വരെ ജീവിച്ച കഥാപാത്രങ്ങളെ സമകാലിക ഇന്ത്യന്‍ ജീവിതപരിസരത്തേക്ക് പുനരാവിഷ്‌കരിക്കുകയും അതുവഴി വിശ്വാസത്തിലധിഷ്ഠിതമായ കൂട്ടായ്മകള്‍ നിര്‍മിക്കുകയും അധികാരരാഷ്ട്രീയത്തിനുള്ള ഉപകരണങ്ങളായി അത് മാറ്റിയെടുക്കുകയും ചെയ്തതാണ് 1985നു ശേഷം അയോധ്യതര്‍ക്കത്തിനു നിദാനമായതെന്ന് മനസ്സിലാക്കാത്തവരല്ല നമ്മുടെ ന്യായാധിപന്മാര്‍. എന്നിട്ടും, രാമന്റെ ജന്മസ്ഥലം ബാബരി മസ്ജിദിന്നകത്താണെന്ന് നിര്‍ണയിക്കാന്‍ കോടതിക്കു താല്‍പര്യമുണ്ടോയെന്ന് സംശയിക്കുന്ന തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുകയുണ്ടായി. എന്നാല്‍, പ്രഗല്‍ഭരായ അഭിഭാഷകരെ വെച്ച് കേസ് വാദിക്കാന്‍ മുസ്‌ലിം പക്ഷം ( സുന്നി വഖഫ് ബോര്‍ഡ്) കാണിച്ച ഔല്‍സുക്യം വിധി എന്തുതന്നെയായാലും വേണ്ടവിധം വാദിക്കാത്തതാണ് കേസ് തോല്‍ക്കാന്‍ കാരണമെന്ന നിരാശ ബാക്കിയാക്കില്ല.

സുപ്രീംകോടതിയില്‍ അയോധ്യകേസിന്മേലുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി മുകുത് ബിഹാരി വര്‍മ നടത്തിയ അനുചിതവും കോടതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്നതുമായ ഒരു പരാര്‍മര്‍ശം സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിച്ചത് ന്യായാധിപന്മാര്‍ക്ക് പോലും ഗൗരവമായി കാണേണ്ടിവന്നു. ‘കോടതി നമ്മുടേതാണ്’ എന്നാണ് യു.പി മന്ത്രി പറഞ്ഞത്. മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യുകയുമുണ്ടായി. ചീഫ് ജസ്റ്റിസ് ഗൊഗോയിക്ക് ഈ പരാമര്‍ശത്തെ കേട്ടില്ലെന്ന് നടിക്കാനായില്ല. ”ഞങ്ങളത് തള്ളുന്നു. ഈ രാജ്യത്ത് ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. എല്ലാതരം സമ്മര്‍ദങ്ങളില്‍നിന്നും മുക്തമായി ഇരുപക്ഷത്തിനും സ്വതന്ത്രമായി അവരുടെ നിലപാടുകള്‍ നിരത്താവുന്നതാണ്” രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന ഒരു കക്ഷിയുടെ അല്ലെങ്കില്‍ ചിന്താധാരക്കു അനുകൂലമായായിരിക്കും കോടതി വിധിക്കുക എന്ന ആധിപത്യത്തിന്റെ മനോഘടനക്കു മുന്നിലാണ് ചീഫ് ജസ്റ്റിസിന് നിഷ്പക്ഷത ഉറപ്പിച്ചുപറയേണ്ടിവരുന്നത്. മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരാവുന്നതിന്റെ പേരില്‍ തന്റെ ക്ലര്‍ക്കുമാര്‍ പോലും ഭീഷണിയും അവമതിയും നേരിടേണ്ടിവരുന്നുവെന്ന് ധവാന് ന്യായാസനത്തിനു മുമ്പാകെ പരിഭവിക്കേണ്ടിവന്നു. ചെന്നൈയില്‍നിന്നുള്ള ഒരു 88കാരന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി ധവാന്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോടതിക്കു നോട്ടീസ് അയക്കേണ്ടിവന്നു. കോടതിക്കകത്തും പുറത്തും ഒട്ടനവധി വ്യക്തികളില്‍നിന്ന് നിന്ദ്യമായ കമന്റുകളും ഭീഷണിയും നേരിടേണ്ടിവരുന്നുവെന്ന ധവാന്റെ പരാതി, സുപ്രീംകോടതിക്കു നിസ്സാരമായി കാണാന്‍ പറ്റുമായിരുന്നില്ല. ഒരു കേസ് വിചാരണക്കു വരുമ്പോള്‍ രാജ്യത്തിന്റെ മാനസികാന്തരീക്ഷം എന്താണെന്ന് സമര്‍ഥിക്കുന്നതാണ് ഇവയെല്ലാം.

വിഷയം ഉടമാവകാശമോ മതവികാരമോ?
1992 ഡിസംബര്‍ 6 വരെ ബാബരി മസ്ജിദ് നിലകൊണ്ട, തര്‍ക്കസ്ഥലമായി കോടതി അടയാളപ്പെടുത്തിയ 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്ന് തീരുമാനിക്കാനുള്ള ദൗത്യം ഏല്‍പിക്കപ്പെട്ട കോടതി തന്നെ പറയുന്നു; ഈ കേസ് തര്‍ക്കത്തിലുള്ള ഒരു കഷണം ഭൂമി സംബന്ധിച്ചല്ല; പ്രത്യുത ‘മതവികാരവുമായി’ ( Religious sentiment ) ബന്ധപ്പെട്ടാണ് എന്ന്. കോടതി ഒരു സ്വത്തിന്റെ ഉടമാവകാശതര്‍ക്കത്തിലേക്ക് മതവികാരത്തെ വലിച്ചിഴച്ചുകൊണ്ടുവരുമ്പോള്‍, വിഷയം അതീവസങ്കീര്‍ണമാവുകയാണ്. ആ മതവികാരം മാനിക്കാനുള്ള ബദ്ധപ്പാടില്‍, ചരിത്രത്തിന്റെ യുക്തിയും നിയമത്തിന്റെ പതിവ് അവലംബവും നിരാകരിക്കേണ്ടിവന്നേക്കാം. ഹിന്ദുക്കളുടെ വിശ്വാസത്തെ അവഗണിക്കാന്‍ പറ്റില്ല എന്ന് കോടതി തന്നെ അടിവരയിടുമ്പോള്‍ കേസിന്റെ സ്വഭാവം തന്നെ മാറുകയാണ്. മക്ക മുസ്‌ലിംകള്‍ക്കെന്ന പോലെ അയോധ്യ ഹിന്ദുക്കള്‍ക്ക് സുപ്രധാനമാണ് എന്ന് കീഴ്‌ക്കോടതിയില്‍ മുസ്‌ലിം സാക്ഷികള്‍ പോലും മൊഴികൊടുത്തിട്ടുണ്ടെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചത് കേസിന്റെ ഗതിയെ തന്നെ തിരിച്ചുവിട്ടേക്കാം. മുസ്‌ലിംകള്‍ എത്ര വര്‍ഷം ബാബരിപ്പള്ളിയില്‍ ആരാധിച്ചിട്ടുണ്ടെന്നോ അവര്‍ക്ക് മതപരമായി ആ പള്ളിയോട് എന്തുമാത്രം അടുപ്പമുണ്ടെന്നോ തങ്ങളുടെ ആലോചനാവിഷയമല്ലെന്നും ഹിന്ദുക്കളുടെ വിശ്വാസം തള്ളിപ്പറയാന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്നുമുള്ള നിലപാട് കോടതിതീര്‍പ്പിനെ വല്ലാതെ സ്വാധീനിച്ചേക്കാം. നിയമപരമായ അസ്തിത്വം ഉറപ്പിക്കാന്‍ ( juristic personality) വിഗ്രഹത്തിന്റെ വസ്തുപരമായ അസ്തിത്വം അനിവാര്യമാണെന്നും ഒഴിഞ്ഞ ഒരു സ്ഥലത്തെ നിയമപരമായ വ്യക്തിത്വമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമുള്ള അഭിഭാഷകന്‍ രാജീവ് ധവാന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് ഭരണഘടനാ ബെഞ്ച് മുന്നോട്ടുപോയത്. വിശ്വാസം മാത്രം ‘രാമജന്മസ്ഥാന്റെ നിയമപരമായ അസ്തിത്വത്തിനു ആധാരമായി എടുക്കാനാവില്ലെന്നാണ് ധവാന്‍ വാദിച്ചത്. പക്ഷേ കോടതി അതിനോട് യോജിച്ചില്ല. ‘ശ്രീരാമ ഭഗവാനും അല്ലാഹുവും വേണ്ടവിധം ആദരിക്കപ്പെട്ടില്ലെങ്കില്‍ ഈ മഹത്തായ രാജ്യം ഭിന്നിച്ചുപോവും’ എന്ന താക്കീതോടെ ഹിന്ദുപക്ഷത്തിന്റെ വാദഗതിഗതികളെ ശരിവെക്കുകയാണുണ്ടായത്. എന്നാല്‍, രാംലാലയുടെ വിഗ്രഹത്തെ കക്ഷി ചേര്‍ത്തുകൊണ്ട് ഒരുപക്ഷം കളിക്കുന്ന കളി, തര്‍ക്കസ്ഥലത്തെ മുഴുവന്‍ നിര്‍മിതികളും തകര്‍ത്തു, അവിടെ തങ്ങളുടെ വിഭാവനയിലുള്ള ക്ഷേത്രം പണിയാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് മുസ്‌ലിം പക്ഷത്തിനു വാദിക്കേണ്ടിവന്നു. സെപ്തംബര്‍ 14ലെ വാദപ്രതിവാദങ്ങള്‍ക്കിടയിലും ഭക്തരുടെ വിശ്വാസം ചോദ്യം ചെയ്യാനാവുന്നതല്ലെന്ന് കോടതി അടിവരയിടുന്നുണ്ടായിരുന്നു. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡ് ഭൂമിതര്‍ക്കത്തില്‍ മതവിശ്വാസമോ ശരീഅത്ത് നിയമമോ അല്ല, മറിച്ച് രാജ്യത്തെ നിയമമാണ് പരിഗണിക്കേണ്ടത് എന്ന ഉറച്ച കാഴ്ചപ്പാടില്‍നിന്നാണ് വാദങ്ങള്‍ ഉന്നയിച്ചത്. പള്ളി ആരാണ് പണിതതെന്നോ ഏത് നിയമമനുസരിച്ചാണ് അതിനു സാധുത ലഭിച്ചതെന്നോ എന്നൊക്കെ ഭൂതകാലം ചികഞ്ഞ് അന്വേഷിക്കുന്നതിലെ നിരര്‍ഥകത സുന്നിവഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടുകയുണ്ടായി.
ചരിത്രത്തിന്റെ കുഴിമാടങ്ങളില്‍നിന്ന് നിയമം തപ്പിയെടുക്കാന്‍ ശ്രമിക്കുന്ന വ്യര്‍ഥമായ അഭ്യാസമാണെന്ന് പരമോന്നത നീതിപീഠം തിരിച്ചറിഞ്ഞിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാബരിപ്പള്ളി ഉള്‍ക്കൊള്ളുന്ന സ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന നിഗമനത്തിലെത്തുകയാണെങ്കില്‍, അതിനര്‍ഥം അലഹബാദ് കോടതിയുടെ യുക്തിഹീനമായ തീര്‍പ്പ് ശരിവെക്കലാവുമത്. ശ്രീരാമന്റെ ജന്മസ്ഥലം ബാബരിപ്പള്ളി സ്ഥിതി ചെയ്തിടത്താണെന്ന തീര്‍പ്പിന്റെ അനുബന്ധമായാണ് തര്‍ക്കസ്ഥലം മൂന്നുകക്ഷികള്‍ക്കിടയില്‍ വിഭജിക്കാന്‍ തീരുമാനിക്കുന്നത്. ആ തീര്‍പ്പിനെതിരായ അപ്പീല്‍ കേള്‍ക്കുമ്പോള്‍, ഉടമസ്ഥാവകാശത്തില്‍ ഊന്നിയാവണം കോടതിയുടെ മുഖ്യചോദ്യങ്ങള്‍. നിയമവും മുന്‍കാല കോടതിവിധികളും ആസ്പദമാക്കിയും ബാബരിപ്പള്ളിയുടെ ചരിത്രം ആഴത്തില്‍ ഗ്രഹിച്ചും പരമോന്നത നീതിപീഠത്തിന് അനുമാനത്തിലെത്താനാവും. അഖണ്ഡനീയമായ തെളിവുകള്‍ മുന്നില്‍ വെച്ചാവണം അത്. അല്ലാതെ, ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം കണക്കിലെടുത്തോ ഭക്തജനങ്ങളുടെ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചോ ആവരുത്. മുന്‍തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ പരേതനായ കരുണാനിധി ഒരു ലളിതയുക്തികൊണ്ട് അലഹബാദ് കോടതിയുടെ വാദത്തെ നിരാകരിക്കുന്നുണ്ട്. ത്രേതായുഗത്തിലെ അവതാരമായാണ് ശ്രീരാമന്‍ അറിയപ്പെടുന്നത്. അങ്ങനെയെങ്കില്‍ പതിനേഴുലക്ഷത്തി ഇരുപത്തെണ്ണായിരം സംവല്‍സരങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഒരവതാരത്തിന്റെ ജന്മസ്ഥാനം 90 സെന്റ് ഭൂമിക്കുള്ളിലാണ് എന്ന് വാദിക്കുന്നതിലെ യുക്തിരാഹിത്യം എത്രലജ്ജാവഹമാണ്. തഞ്ചാവൂര്‍ കേന്ദ്രമാക്കി, ആയിരം വര്‍ഷം മുമ്പ് ദക്ഷിണേന്ത്യ മുഴുവനും ഭരിച്ച രാജരാജ ചോളന്റെ ജന്മനാട് എവിടെയാണെന്ന് കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കാത്ത പുരാവസ്തു ഗവേഷകര്‍ക്ക് ത്രേതായുഗത്തില്‍ ജീവിച്ച ഒരാളുടെ വാസസ്ഥം ഇതാണെന്ന് തെളിച്ചുപറയാന്‍ എങ്ങനെ സാധിക്കും?

പള്ളിയെ നിരാകരിക്കുന്ന വാദങ്ങള്‍
ബാബര്‍ ചക്രവര്‍ത്തി പള്ളി പണിതിട്ടില്ലെന്നും അദ്ദേഹം അയോധ്യ സന്ദര്‍ശിച്ചിട്ടുപോലുമുണ്ടാവില്ലെന്നും രാംജന്മഭൂമി പുനരുദ്ധാന്‍ സമിതിക്കു വേണ്ടി ഹാജരായ പി.എന്‍ മിശ്ര നിരത്തിയ വാദങ്ങള്‍, ബാബരിമസ്ജിദിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനായിരുന്നു. അബുല്‍ ഫസല്‍ രചിച്ച ഐനി അക്ബറിലോ ഹുമയൂണ്‍ നാമയിലോ തുസുകി ജഹാംഗീറിലോ വിവാദപള്ളി നിര്‍മിച്ചതായി പറയുന്നില്ല എന്നാണ് മിശ്ര വാദിച്ചത്. ഇറ്റലിക്കാരനും ഔറംഗസീബിന്റെ കമാന്‍ഡറുമായ നിക്കോളോ മനുഷീയുടെ രചനകളിലും ബാബരിമസ്ജിദ് പരാമര്‍ശിക്കപ്പെടുന്നില്ല. പള്ളി പണിതതായി പറയപ്പെടുന്ന ബാബറിന്റെ സേനാധിപന്‍ മീര്‍ ബഖിയെ കുറിച്ചും എവിടെയും പരാമര്‍ശങ്ങളില്ല എന്നും വാദിക്കപ്പെട്ടു. 16ാം നൂറ്റാണ്ടില്‍ പള്ളി നിര്‍മിച്ചുവെന്ന് പറയുന്നതിന് ചരിത്രപരമായ തെളിവുകളില്ല എന്നാണ് അദ്ദേഹത്തിന് കോടതിയോട് പറയാനുള്ളത്. തകര്‍ക്കപ്പെട്ട കെട്ടിടത്തിന് പള്ളിയുടെ ലക്ഷണങ്ങളൊന്നുമില്ല എന്നുവരെ വാദിച്ചുകളഞ്ഞു. മിഹ്‌റാബും താഴികക്കുടവും ഖിബ്‌ലക്കു നേരെയുള്ള കിടപ്പുമൊന്നും പള്ളിയുടെ അസ്തിത്വത്തെ വകവെച്ചുകൊടുക്കുന്നില്ല എന്ന രീതിയിലുള്ള വാദങ്ങള്‍ നിരത്തപ്പെട്ടപ്പോള്‍, നമ്മുടെ കണ്‍മുമ്പില്‍നിന്ന് കാല്‍നൂറ്റാണ്ടു മുമ്പ് മാഞ്ഞുപോയ ഒരു ചരിത്രസ്മാരകം എത്ര ലാഘവത്തോടെയാണ് മറവിയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നതെന്ന് ആരും വേവലാതിപ്പെട്ടുകണ്ടില്ല. ജന്മസ്ഥാനം ഒരിക്കലും വിഭജിക്കാന്‍ സാധ്യമല്ല എന്ന നിലക്കുള്ള വാദങ്ങളാണ് ശ്രീരാമവിഗ്രഹങ്ങള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ മുന്നോട്ടുവെച്ചത്.

മുസ്‌ലിം പക്ഷത്തിനുവേണ്ടി ഹാജരായ സഫ്രിയാബ് ജീലാനി ബാബരിമസ്ജിദിനു പുറത്തുള്ള ഛബുത്രയില്‍ (കല്ല് തറ) ഹിന്ദുക്കള്‍ ആരാധിച്ചിരുന്നുവെന്നും അവിടെയാണ് രാമന്റെ ജന്മസ്ഥലമായി ഭക്തര്‍ കാണുന്നതെന്നും സമ്മതിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിച്ചുള്ളൂ. ജീലാനിയുടെ വാദത്തില്‍ കയറിപ്പിടിച്ച കോടതി പ്രധാനപ്പെട്ട ഒരു നിരീക്ഷണം നടത്തി: ‘അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന് കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് തര്‍ക്കമില്ല എന്നാണ് താങ്കള്‍ വാദിക്കുന്നതല്ലേ? തര്‍ക്കം കൃത്യമായ ജന്മസ്ഥാനത്തെ കുറിച്ചാണ്. മധ്യത്തിലെ ഖുബ്ബയുടെ കീഴിലാണെന്ന കാര്യത്തിലുള്ള തര്‍ക്കം ഉടലെടുക്കുന്നത് 1850നു ശേഷമാണ്’. 1885 ഡിസംബര്‍ 24ല്‍ ഫൈസാബാദ് സബ്ജഡ്ജിയുടെ വിധിക്കെതിരെ മഹന്ത് രഘുവാര്‍ദാസ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് 1988 മേയ് 18ന് ഫൈസാബാദ് ജില്ലാകോടതി പുറപ്പെടുവിച്ച വിധിയില്‍ അങ്ങനെ പ്രതിപാദിക്കുന്നുണ്ടെന്ന് ജീലാനി സമ്മതിച്ചു. എന്നാല്‍, രാം ഛബുത്ര ജന്മഭൂമിയാണെന്ന് സുന്നി വഖഫ് ബോര്‍ഡ് അംഗീകരിച്ചിട്ടില്ലെന്ന് പിറ്റേന്ന് സഫ്രിയാബ് ജീലാനി വിശദീകരിച്ചു. ബാബരിപ്പള്ളിയുടെ നടുവിലെ താഴികക്കുടത്തില്‍നിന്ന് 60 അടി അകലെയുള്ള രാം ഛബുത്ര രാമന്‍ ജനിച്ച സ്ഥലമായി ആരാധിച്ചുപോന്നുവെന്ന് തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നായി ജീലാനിയുടെ പിന്നീടുള്ള വാദം.

ഹിന്ദുത്വശക്തികളാല്‍ തകര്‍ക്കപ്പെട്ട പള്ളി, ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന ഹിന്ദുക്കളുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന ഏത് തെളിവും സ്വീകരിക്കാന്‍ സുപ്രീംകോടതി ആവേശം കാണിച്ചത് ചിലരിലെങ്കിലും സംശയം ഉയര്‍ത്തുന്നുണ്ട്. പള്ളിയുടെ കുഴിമാടത്തില്‍നിന്ന് കണ്ടെടുത്തതായി പറയുന്ന വിവാദമായ അവശിഷ്ടങ്ങള്‍ക്ക് കോടതി അമിതപ്രാധാന്യം കല്‍പിക്കുന്നത് മുസ്‌ലിം പക്ഷത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം പുരാവസ്തുവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്രം തകര്‍ത്തതിന്റെ തെളിവില്ല എന്ന് അഡ്വ. മീനാക്ഷി അറോറയുടെ വാദത്തെ കോടതി മുഖവിലക്കെടുത്തില്ല. വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഹാജരാക്കുന്ന തെളിവുകള്‍ തങ്ങള്‍ നിരാകരിക്കില്ലെന്നും പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ട് തെളിവായി അംഗീകരിക്കുമെന്നും ജസ്റ്റിസ് ബോംബ്‌ഡെ ആവര്‍ത്തിച്ചത് മുസ്‌ലിംപക്ഷത്തെ അദ്ഭുതപ്പടുത്തി. പ്രശസ്ത ചരിത്രകാരന്‍ കെ.എസ്. ലാലിന്റെ മേല്‍നോട്ടത്തില്‍ 1980കളുടെ തുടക്കത്തില്‍ (അന്ന് അയോധ്യവിവാദം പൊന്തിവന്നിരുന്നില്ല) നടത്തിയ ഉത്ഖനനത്തില്‍ ക്ഷേത്രാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് സംഘടിപ്പിച്ച ‘സ്‌പോണ്‍സേഡ്’ ഉത്ഖനനത്തിലാണ് ക്ഷേത്രാവശിഷ്ടം കണ്ടെത്തിയത്. വര്‍ത്തമാനകാലത്തെ ഒരു കെട്ടിടത്തിനു അടിയില്‍ ഏതോ കാലത്ത്, ഏതെങ്കിലും തരത്തിലുള്ള നിര്‍മിതികള്‍ ഉണ്ടായിരുന്നുവോ എന്ന് പരിശോധിച്ച് ഇന്നത്തെ ഉടമസ്ഥാവകാശം നിര്‍ണയിക്കുന്നതിലെ പോഴത്തം എടുത്തുകാട്ടി മീനാക്ഷി അറോറ നടത്തിയ വാദം ചരിത്രരേഖകളില്‍ ഇടംപിടിച്ചുകഴിഞ്ഞു: ”ഈ നില്‍ക്കുന്ന സുപ്രീംകോടതി പോലും ഏതൊക്കെയോ നാഗരികതകളുടെ അവശിഷ്ടങ്ങള്‍ക്കു മുകളിലാവാം. നമ്മള്‍ നില്‍ക്കുന്നത് മണ്ണടിഞ്ഞ നാഗരികതകള്‍ക്ക് മുകളിലാണ്. അതെല്ലാം തിരിച്ചുകൊടുക്കണമെന്ന് പറയുമോ? തരിശായി കിടക്കുന്ന സ്ഥലത്ത് പള്ളിയുണ്ടാക്കിയ ശേഷം അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വാദിച്ചാല്‍ എന്തടിസ്ഥാനത്തിലാണ് നിങ്ങളത് അംഗീകരിക്കുക?” മീനാക്ഷി അറോറയുടെ ഈ വാദഗതിയോട് ജസ്റ്റിസ് ബോംബ്‌ഡെ പ്രതികരിച്ചത് ശ്രദ്ധിച്ചുവോ? ”ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രം തകര്‍ന്നുവീഴാന്‍ വിശ്വാസികള്‍ സമ്മതിക്കില്ല. അതുകൊണ്ട് അത് തകര്‍ത്തതാണെന്ന് വിശ്വസിച്ചുകൂടേ?” ബാബരിക്കടിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്ന നിഗമനത്തിലെത്തിയിരിക്കുന്നു ന്യായാധിപന്മാര്‍ എന്ന് സാരം.

എന്നിട്ടും മാധ്യസ്ഥ ശ്രമം
ബാബരി ഉടമാവകാശ തര്‍ക്കക്കേസ് തുടരുമ്പോഴും നവംബറില്‍ ചീഫ് ജസ്റ്റിസ് പിരിയുന്നതിനു മുമ്പ് വിധി വരുമെന്ന് ഉറപ്പുനല്‍കുമ്പോഴും, ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി മുന്‍സംഘം മുന്നോട്ടുപോവുന്നതിലെ യുക്തി എന്താണ്? തെളിവുകള്‍ ഇഴകീറി പരിശോധിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അശ്രാന്തപരിശ്രമം നടത്തുന്നതിനിടയില്‍, മറുവഴിയിലൂടെ പോംവഴി തേടുന്നതില്‍ എന്തര്‍ഥമാണുള്ളത്? അന്തിമതീര്‍പ്പ് എളുപ്പമല്ലെന്നും മതവികാരം പടര്‍ത്തുന്ന പ്രത്യാഘാതമുണ്ടാവുമെന്നും കോടതി ഭയക്കുന്നുണ്ടോ? അതല്ല, വിധിയോടൊപ്പം മാധ്യസ്ഥഫോര്‍മുലയും കൂട്ടിച്ചേര്‍ത്തു, അന്തരീക്ഷം തണുപ്പിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ പുരോഗമിക്കുന്നുണ്ടോ? മാധ്യസ്ഥം എന്ന് പറഞ്ഞാല്‍, മുസ്‌ലിംകള്‍ ബാബരി വിഷയത്തില്‍ വിട്ടുവീഴ്ചക്ക് തയാറാവുകയും ഭൂരിപക്ഷത്തിന്റെ വികാരം മാനിക്കലുമാണോ ഉദ്ദേശിക്കുന്നത്. അതല്ല, ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിന്റെ പാരസ്പര്യമഹത്വം വിളിച്ചോതിക്കൊണ്ട് ഹൈന്ദവസമൂഹം, ഹതാശയരായ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വകവെച്ചുകൊടുത്ത്, സ്വയം ജയിക്കുന്ന മികച്ചൊരു തീരുമാനത്തിലെത്തി, ഭാവിയിലേക്ക് ശോഭനമായൊരു പദ്ധതി ആവിഷ്‌കരിക്കുമോ? വരുംനാളുകള്‍ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് മുന്നില്‍ വലിയ ചോദ്യമുയര്‍ത്തും എന്ന് ചുരുക്കം.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login