സെപ്തംബര്‍ 22 ന് ദ ടെലഗ്രാഫ് ജാദവപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത സെമിനാറില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ചൊടിപ്പിച്ചു. മന്ത്രി സര്‍വകലാശാലയില്‍ പ്രവേശിക്കുന്നത് എതിര്‍ത്തുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതമായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് ടെലഗ്രാഫ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു എന്ന ആരോപണം ഉണ്ടായി. ബാബുല്‍ സുപ്രിയോ ടെലഗ്രാഫ് ചീഫ് എഡിറ്റര്‍ ആര്‍ രാജഗോപാലിനോട് മാപ്പാവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഉള്ളടക്കങ്ങളെ ഒരു കത്ത് വഴിയോ അല്ലെങ്കില്‍ നിയമപരമായോ നേരിടേണ്ടതിനു പകരമായി ബാബുല്‍ സുപ്രിയോ സ്വീകരിച്ച നടപടി ശരിയല്ലെന്നാണ് ടെലഗ്രാഫ് എഡിറ്റര്‍ വാദിച്ചത്. ഇന്ത്യന്‍ ജേര്‍ണലിസത്തില്‍ ടെലഗ്രാഫിന്റെ നിലപാടുകളിലെ വ്യക്തതയാണ് സംഭവം സൂചിപ്പിക്കുന്നത്.
ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ഥിയെ വസ്ത്രത്തില്‍ വലിച്ചുപിടിക്കുന്ന മന്ത്രിയുടെ ചിത്രം പത്രം പ്രസിദ്ധീകരിച്ചിരുന്നു. അതേതുടര്‍ന്ന് ബാബുല്‍ സുപ്രിയോ പത്രത്തില്‍ ഫോണ്‍ ചെയ്യുകയും മാപ്പാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ വസ്തുതാവിരുദ്ധമായി ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ മാപ്പു പറയില്ല എന്ന നിലപാടില്‍ ടെലഗ്രാഫ് ഉറച്ചുനിന്നു. തുടര്‍ന്നു നടന്ന വാഗ്വാദത്തില്‍ ബാബുല്‍ സുപ്രിയോ ടെലഗ്രാഫ് എഡിറ്ററോട് താങ്കള്‍ ഒരു മാന്യനാണോ (ജെന്റില്‍മാന്‍) എന്നു ചോദിക്കുകയുണ്ടായി. രാജഗോപാലിന്റെ മറുപടി, ഇന്ത്യന്‍ മാധ്യമ ലോകത്തിനു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ”ഞാന്‍ ഒരു ജെന്റില്‍മാന്‍ അല്ല, മാധ്യമപ്രവര്‍ത്തകനാണ്. നിങ്ങള്‍ ഈ രാജ്യത്തെ മന്ത്രിയായിരിക്കാം, പക്ഷേ ഞാനീ രാജ്യത്തെ പൗരനാണ്.” പ്രകോപിതനായ മന്ത്രി എഡിറ്റര്‍ക്ക് നേരെ അസഭ്യ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ടെലഗ്രാഫ് മാപ്പു പറയാത്തതില്‍ പ്രതിഷേധിച്ചു ബാബുല്‍ സുപ്രിയോ ട്വിറ്ററില്‍ രാജഗോപാലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. പ്രസ്തുത സംഭവം ഭരണാധികാരികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ തെളിവായി മനസ്സിലാക്കാം. തങ്ങള്‍ക്ക് രുചിക്കാത്ത വാര്‍ത്തകളെ എളുപ്പം ഒഴിവാക്കാന്‍ കഴിയുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കിടയില്‍ ടെലഗ്രാഫ് വേറിട്ടുനില്‍ക്കുന്നു. എഡിറ്റോറിയല്‍ വിഭാഗത്തിനു തെറ്റുപറ്റിയില്ല എന്ന് ഉറച്ച ബോധ്യമുള്ള കാലത്തോളം ടെലഗ്രാഫിനോട് മാപ്പ് ആവശ്യപ്പെടുന്നതില്‍ യുക്തിയില്ല. ബാബുല്‍ സുപ്രിയോയുടെ യജമാനസ്വഭാവത്തിന് കീഴ്‌വഴങ്ങുന്നതല്ല ടെലഗ്രാഫിന്റെ എഡിറ്റോറിയല്‍ തീരുമാനങ്ങള്‍. സംഭവത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിനു ചുവടെ ടെലഗ്രാഫ് എഴുതിച്ചേര്‍ത്ത മുന്നറിയിപ്പില്‍ എങ്ങനെയൊക്കെയാണ് ഭരണാധികാരികള്‍ രാജ്യത്തെ വിവിധ രംഗത്തുള്ളവരെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ടെലഗ്രാഫില്‍ നടന്നത് എന്ന് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ പൂര്‍ണമായും വിറ്റഴിക്കപ്പെട്ടിട്ടില്ല. ടെലഗ്രാഫിന്റെ നിലപാട് മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാക്കപ്പെടണം. ബാബുല്‍ സുപ്രിയോയാണ് യഥാര്‍ഥത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടത്. അധികാരികളുടെ ധാര്‍ഷ്ട്യത്തിന് വഴങ്ങുന്ന ഏര്‍പ്പാടല്ല മാധ്യമ പ്രവര്‍ത്തനം.
കുസാറ്റിലെ മലബാരികള്‍
ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, മലബാരീസ് എന്ന പേരില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റിയില്‍ വളര്‍ന്നുവരുന്ന ഒരു സങ്കേതത്തെക്കുറിച്ചാണ്. വാര്‍ത്തയുടെ ഈ തലവാചകം തന്നെ മലബാരികളുടെ വളര്‍ച്ച കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് ഭീഷണിയായി എന്നാണ്. ചുരുക്കം വാക്കുകളില്‍ മാത്രമുള്ള റിപ്പോര്‍ട്ടില്‍ എസ്.എഫ്.ഐയുടെ അഭിപ്രായവും, യൂണിവേഴ്‌സിറ്റി അധികാരികളുടെ അഭിപ്രായവുമുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലബാരികള്‍ ആരാണെന്നതിന് വലിയ വ്യക്തതയൊന്നുമില്ല. ഒരു വിദ്യാര്‍ഥിയുടെ വാക്കുകളില്‍ മലബാരീസ് സംഘം ഫ്രറ്റേര്‍ണിറ്റി മൂവ്‌മെന്റിന് സമാനമായ ഒന്നാണെന്ന് ആരോപിക്കുന്നു. എന്നാല്‍ ഫ്രറ്റേര്‍ണിറ്റി മൂവ്‌മെന്റ് ജെ.എന്‍.യു അടക്കമുള്ള കലാലയങ്ങളില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രറ്റേര്‍ണിറ്റി മൂവ്‌മെന്റും പി എഫ് ഐയും ഒന്നും തന്നെ നിരോധിക്കപ്പെട്ട സംഘടനകളല്ല. വിവിധ പാര്‍ട്ടികള്‍ക്ക് നിരവധി പോഷക സംഘടനകള്‍ ഉണ്ടാകുക സ്വാഭാവികം തന്നെ. ഇനി ഇത്തരം കൂട്ടായ്മകള്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ അത് എങ്ങനെയെന്ന് വ്യക്തമാക്കണം. റിപ്പോര്‍ട്ടില്‍ പറയപ്പെടുന്ന മലബാരികളെ തീവ്രസ്വഭാവമുള്ളവരായി ചിത്രീകരിക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ വസ്തുതകളെ മുന്‍നിര്‍ത്തി എഴുതാന്‍ റിപ്പോര്‍ട്ടര്‍ക്ക് സാധിച്ചിട്ടില്ല. ഒറ്റവായനയില്‍ റിപ്പോര്‍ട്ട് ചെയ്ത വ്യക്തി കാമ്പസ് സന്ദര്‍ശിച്ചു കൃത്യമായി അന്വേഷണം നടത്തി തയാറാക്കിയതല്ല റിപ്പോര്‍ട്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഒരു തരത്തില്‍ വിശദീകരണം നല്‍കേണ്ട വാര്‍ത്ത കൂടിയാണിത്. റിപ്പോര്‍ട്ടില്‍ മുഴച്ചുനില്‍ക്കുന്ന പ്രധാന പ്രശ്‌നം ഇസ്‌ലാമോഫോബിയ തന്നെയാണ്. രാജ്യമെമ്പാടും നിരവധി കാമ്പസുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം ഉണ്ട്. എന്നാല്‍ മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ സംഘടനകള്‍ക്ക് ഭീകരവാദ മുഖം നല്‍കുന്നത് സ്വീകാര്യമല്ല. കാമ്പസിന്റെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതിനെ ഔദ്യോഗികമായി തന്നെ നേരിടാം. റിപ്പോര്‍ട്ടില്‍ വൈസ് ചാന്‍സലര്‍ അത്തരമൊരു സംഘടനയെക്കുറിച്ച് അറിവില്ല എന്നാണ് പ്രതികരിച്ചത്. അപ്പോള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയുടെ ആധികാരികത എന്താണ്. ആരോ ഭീഷണിയാണെന്ന് പറഞ്ഞു വെക്കുന്നു. എന്നാല്‍ ഇങ്ങനെ വാര്‍ത്ത എഴുതുമ്പോള്‍ നടത്തേണ്ട ഒരന്വേഷണവും ഇവിടെയുണ്ടായിട്ടില്ല എന്ന് മനസ്സിലാക്കിത്തരുന്നു റിപ്പോര്‍ട്ട്. കൂടാതെ മലബാരീസ് എന്ന പ്രയോഗം മലബാറുകാരെ സംശയാസ്പദമായി കാണാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്.
വര്‍ധിക്കുന്ന പലായനങ്ങള്‍
ബിബിസിയുടെ ഡാറ്റാ ജേണലിസം വിഭാഗം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ എന്തു കൊണ്ടാണ് ലോകമെമ്പാടുമുള്ള പലായനത്തിന്റെ കണക്കുകള്‍ കൂടിവരുന്നതെന്ന് വിശദീകരിക്കുന്നു. 35,000ത്തോളം ആളുകളാണ് ദിനംപ്രതി 2018 ല്‍ വീടുകളില്‍ നിന്നും പലായനം ചെയ്തു പോയതെന്നാണ് കണക്ക്. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ പലായനം ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിവിധ തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് പലായനത്തിന് കാരണമായി വരുന്നത്. ഇന്ത്യയില്‍ സമാനമായ ദുരന്തം എന്‍ ആര്‍ സി നടപടികളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പലായനം ചെയ്യുമ്പോഴും മിക്കവരും അഭയാര്‍ഥി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുകയാണ്. അഭയാര്‍ഥി ആകാത്തിടത്തോളം പലായനം ചെയ്യപ്പെട്ടവര്‍ കൂടുതല്‍ ക്ലേശങ്ങളിലേക്കാണു പോകുന്നത്. ഭീമന്‍ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നവരുടെ ജീവിതം അവയിലേക്ക് ഒതുങ്ങിത്തീരുന്നു. അഭയാര്‍ഥികളുടെ എണ്ണത്തില്‍ കുട്ടികളാണു കൂടുതല്‍. ഇതു ഭാവിയെക്കുറിച്ച് കൂടുതല്‍ ആശങ്കയുമുണ്ടാക്കുന്നു. അഭയാര്‍ഥി സമൂഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും ആവര്‍ത്തനമുണ്ടാക്കുമ്പോഴും അവയുടെ പ്രാധാന്യം ചെറുതാകുന്നില്ല. അഭയാര്‍ഥിത്വം സൃഷ്ടിക്കുന്ന അരക്ഷിതത്വം ചെറുതല്ല. അഭയാര്‍ഥികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുക എന്നത് അനിവാര്യമാണ്. ബി ബി സിയുടെ ദീര്‍ഘമായ റിപ്പോര്‍ട്ട് പ്രശ്‌നത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. പലപ്പോഴും കണക്കുകള്‍ക്ക് അതീതമായി പോകുന്ന അഭയാര്‍ഥി പ്രശ്‌നം മാധ്യമങ്ങളില്‍ ഇടം പിടിക്കാറില്ല. എന്നാല്‍ കൃത്യമായ കാരണങ്ങള്‍ കണ്ടെത്തി, കൃത്യമായ വിവരശേഖരണവും ഗവേഷണവും നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് ലോകത്തെ അഭയാര്‍ഥി പ്രശ്‌നത്തിന്റെ പുതിയ ആകുലതകളെ ചര്‍ച്ചാവിഷയമാക്കുന്നു. റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര സംഘടനകള്‍ മുന്‍കൈ എടുത്തു ചെയ്യേണ്ട കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു. അഭയാര്‍ഥികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്തേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോര്‍ട്ട് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. എന്‍ ആര്‍ സി വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വളരെ ചുരുക്കം മാത്രമേ കൃത്യമായ കണക്കുകളും അന്വേഷണങ്ങളും നടത്തുന്നുള്ളൂ. വിപുലമായ റിപ്പോര്‍ട്ടുകള്‍ പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായിക്കുന്നു. ഇന്ത്യയിലെ ഡാറ്റാ ജേണലിസം ഇതുകൊണ്ടുതന്നെ വളരേണ്ടതായുണ്ട്. ഡാറ്റ എന്നും വാര്‍ത്തയുടെ വ്യക്തതക്ക് ഊന്നല്‍ നല്‍കുന്നു. പലപ്പോഴും ക്രമം തെറ്റിയ വിവരങ്ങള്‍ക്കിടയിലാണ് വലിയ വാര്‍ത്തകള്‍ മറഞ്ഞുകിടക്കുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ വമ്പന്‍ ഗ്രാഫിക് വിസ്മയങ്ങള്‍ നടത്തുമ്പോഴും ഡാറ്റക്ക് നല്‍കുന്ന പ്രാധാന്യം വളരെ ചുരുക്കമാണ്.
ഹൂസ്റ്റണില്‍ കണ്ടു കശ്മീരില്‍ കണ്ടില്ല
ഹൂസ്റ്റണില്‍ ഹൗഡി മോഡി പ്രഭാവത്തെ ഇല്ലാതാക്കി നടത്തിയ പ്രക്ഷോഭത്തെക്കുറിച്ച് മാധ്യമങ്ങള്‍ വേണ്ടവിധം റിപ്പോര്‍ട്ട് ചെയ്തില്ല. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പ്രധാനമായും കശ്മീരിന്റെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചത്. ആള്‍ക്കൂട്ട കൊലപതകങ്ങള്‍ തുടങ്ങി എല്ലാ മോഡിനിര്‍മിത മനുഷ്യാവകാശലംഘനങ്ങളെയും ചുണ്ടിക്കാണിക്കുന്ന കാര്‍ഡുകളുമയി ആളുകള്‍ ഹൂസ്റ്റണ്‍ തെരുവില്‍ തടിച്ചു കൂടി. വെളുത്ത മേധാവിത്വം തീവ്ര ഹിന്ദുത്വവുമായി കൂടിക്കാഴ്ച നടത്തുന്നു എന്നാണ് മോഡി വിമര്‍ശകര്‍ സന്ദര്‍ശനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ ടെലിവിഷനുകളില്‍ ഹര്‍ഷാരവത്തോട് കൂടി മോഡിയെ സ്വീകരിക്കുന്നവരെയാണ് കാണാന്‍ കഴിഞ്ഞത്. സന്ദര്‍ശനത്തിന്റെ മറുവശത്തെ എളുപ്പം മറച്ചു പിടിക്കാന്‍ സാധിച്ചു.
അഭിപ്രായ രൂപീകരണത്തിലും രാഷ്ട്രീയ തന്ത്രം മെനയുന്നതിലും മാധ്യമങ്ങള്‍ക്ക് കൃത്യമായ പങ്കുണ്ട്. ഹൗഡിമോഡി ദ്രുതവേഗത്തിലാണ് ഇന്ത്യയിലെ എല്ലാ കോണുകളിലും പ്രശസ്തി നേടിയത്. കൂടാതെ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ യു.എസ് വിമര്‍ശിച്ചിരുന്നു എന്ന വസ്തുതയെ ഇന്ത്യന്‍ മാധ്യമങ്ങള്‍ എളുപ്പം മറച്ചുവെച്ചു. നെറ്റ്‌വര്‍ക് 18ല്‍ കശ്മീരില്‍ ഗവണ്‍മെന്റിന്റെ തടവറയിലുള്ള യുവാക്കളെപ്പറ്റി പരാമര്‍ശം ഉണ്ടായിരുന്നില്ല. പകരം ഇരുനൂറോളം പേര്‍ക്ക് വിവിധ ഐ.ഐ.ടികളിലായി സര്‍ക്കാര്‍ ഒരുക്കുന്ന പരിശീലന പരിപാടിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഉണ്ട്. തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കശ്മീരി യുവാക്കളുടെ എണ്ണം പതിനായിരത്തില്‍ അധികമാണ്. ഭരണകൂട ഭീകരത ഭയന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം വേറെയും. ഇവക്കൊക്കെ മുകളിലായി ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ മോഡിസ്തുതികള്‍ നിര്‍മിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് വലിയ അപകടകാരികള്‍. ഹൗഡിമോഡി ആവര്‍ത്തിച്ച മാധ്യമങ്ങള്‍ എത്ര കോളം കശ്മീരിനു വേണ്ടി നീക്കി വെക്കുന്നുണ്ട്?
നബീല പാനിയത്ത്
You must be logged in to post a comment Login