കണ്ണുതുറന്നുനോക്കിയാല്‍ ചുറ്റും പരസ്യങ്ങള്‍ കാണുന്നൊരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്തിനുമേതിനും പരസ്യങ്ങളില്ലാതെ പറ്റില്ലെന്നായിരിക്കുന്നു. ഇതൊരു പുതിയ കാര്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഓരോ കാലത്തും അതിനിണങ്ങിയ പരസ്യസമ്പ്രദായത്തെ ജനം രണ്ടു കൈയും നീട്ടി സ്വീകരിക്കും. അര നൂറ്റാണ്ട് മുമ്പ് റേഡിയോ പരസ്യങ്ങളായിരുന്നു ഏറെ ജനപ്രിയം. റേഡിയോ പരസ്യവാചകങ്ങളും ഗാനങ്ങളുമൊക്കെ അന്നത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും മനഃപാഠമായിരുന്നു. പിന്നീടാ സ്ഥാനം ടെലിവിഷന്‍ ഏറ്റെടുത്തു. ഇപ്പോഴും ടെലിവിഷന്‍ പരസ്യങ്ങളുടെ പ്രതാപകാലം തുടരുകയാണ്. ഓരോ സെക്കന്‍ഡിനും കോടികള്‍ മറിയുന്ന വലിയൊരു വ്യാപാരമേഖലയായി ടെലിവിഷന്‍ പരസ്യരംഗം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.
ടെലിവിഷന്‍ പരസ്യങ്ങളുടെ ആധിപത്യകാലത്തിനിടയ്ക്കും പുതിയൊരു പരസ്യമേഖല മുളച്ചുപൊന്തിത്തുടങ്ങിയിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യരംഗമാണിത്. ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് അല്ലെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നാണീ മേഖലയ്ക്ക് പൊതുവായുളള പേര്.
ജൂലായ് 2017ലെ കണക്കുകള്‍ പ്രകാരം 1,339,180,127 പേരുമായി ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 50 കോടി കടക്കുമെന്നാണ് മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 80 ശതമാനം പേരും മൊബൈല്‍ ഫോണിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഒരു കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്ന് 10 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്കെത്താന്‍ നമുക്ക് പത്തുവര്‍ഷം വേണ്ടിവന്നു. 10 കോടിയില്‍ നിന്ന് 20 കോടിയിലെത്താന്‍ മൂന്നുവര്‍ഷം മതിയായിരുന്നു. എന്നാല്‍ വെറുമൊരു വര്‍ഷം കൊണ്ടാണ് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 20ല്‍ നിന്ന് 30 കോടിയിലേക്കെത്തിയത്. ഇതൊക്കെ തെളിയിക്കുന്നത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന വിപ്ലവകരമായ വളര്‍ച്ചയാണ്. പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നാലും ഒട്ടും അദ്ഭുതപ്പെടാനില്ല. രാജ്യത്ത് 11 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുണ്ടിപ്പോള്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപുറകില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിങില്‍ രാജ്യത്തിന് അതിശോഭനമായ നേട്ടമാണ് വരുംകാലങ്ങളില്‍ ഉണ്ടാവുക എന്നതാണ്. 2017ല്‍ മാത്രം ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രാജ്യത്ത് ഒന്നര ലക്ഷം ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ജോലികള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു എന്നുകൂടി അറിയണം.
എന്താണീ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്
ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ പ്രധാനപ്രവര്‍ത്തനമേഖലകള്‍ വെബ്‌സൈറ്റുകള്‍, സെര്‍ച്ച് പരസ്യങ്ങള്‍, ഡിസ്‌പ്ലേ പരസ്യങ്ങള്‍, ഇ-മെയില്‍, സോഷ്യല്‍ മീഡിയ, ബ്ലോഗുകള്‍, വൈറല്‍ മാര്‍ക്കറ്റിങ്, മൊബൈല്‍ മാര്‍ക്കറ്റിങ് എന്നിവയാണ്. നമ്മള്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്ന ഓരോ നിമിഷവും ഏതൊക്കെ സൈറ്റുകളില്‍ കയറി, ഏന്തൊക്കെ തിരഞ്ഞു എന്നീ വിവരങ്ങള്‍ എവിടെയൊക്കെയോ ശേഖരിക്കപ്പെടുന്നുണ്ട്. ഈ ഡാറ്റ ഉപയോഗിച്ച് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുളള പരസ്യങ്ങള്‍ നല്‍കുക എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൊണ്ട് ലക്ഷ്യമിടുന്നത്. ഗൂഗിളില്‍ നിങ്ങള്‍ ഏതെങ്കിലുമൊരു കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരതി എന്ന് കരുതുക, അടുത്ത മണിക്കൂറിന് ശേഷം നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളിലെല്ലാം വിവിധ കാര്‍ കമ്പനികളുടെ പരസ്യങ്ങള്‍ നിറയും. കാര്‍ മാത്രമല്ല കാര്‍ വാങ്ങാന്‍ വായ്പ നല്‍കാന്‍ തയാറുളള ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ ഇങ്ങനെ പ്രത്യക്ഷപ്പെടും. അതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങിനെ മറ്റുപരസ്യരീതികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഏതെങ്കിലുമൊരു പ്രത്യേക വിഭാഗക്കാരെയോ സാമ്പത്തിക നിലവാരമുള്ളവരെയോ പ്രത്യേകമായൊരു പ്രദേശത്ത് താമസിക്കുന്നവരെയോ മാത്രം ലക്ഷ്യമിട്ട് പരസ്യ ക്യാമ്പയിനുകള്‍ നടത്താന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങിലൂടെ സാധിക്കും.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പഠിക്കുന്നതെങ്ങനെ
ഏതെങ്കിലും കോളജിലോ യൂണിവേഴ്‌സിറ്റികളിലോ പോയി പഠിച്ചെടുക്കാവുന്നതല്ല ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ തന്ത്രങ്ങള്‍. ഇപ്പോള്‍ നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട് എന്നത് ശരി തന്നെ. പക്ഷേ ഇതിനേക്കാള്‍ പ്രധാനം പ്രായോഗികമായി കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിലാണ്. ഇപ്പോള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങില്‍ തിളങ്ങിനില്‍ക്കുന്ന ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഏതെങ്കിലുമൊരു കോഴ്‌സ് പഠിച്ചിറങ്ങിയവരല്ല. അവരൊക്കെ പല കമ്പനികളിലായി പ്രായോഗിക പരിശീലനം നേടി കാര്യങ്ങള്‍ മനസ്സിലാക്കിയെടുത്തവരാണ്. അതിന് മുന്നോടിയായി ഡിജിറ്റല്‍ മാര്‍ക്കറ്റിങിലെ ആദ്യ പടവുകള്‍ ഏതെന്ന് വിശദീകരിക്കാം.
1. സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ (എസ്.ഇ.ഒ.): ഏതെങ്കിലുമൊരു കമ്പനിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ആയി ജോലിക്ക് കയറുകയാണ് ഈ രംഗത്ത് കരിയര്‍ കെട്ടിപ്പടുക്കാനായി ആദ്യം ചെയ്യേണ്ടത്. വിവിധ സെര്‍ച്ച് എന്‍ജിനുകളായ ഗൂഗിള്‍, യാഹൂ, ബിംഗ് എന്നിവിടങ്ങളില്‍ സ്വന്തം കമ്പനിയുടെ റാങ്കിങ് ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവിന്റെ ജോലി. റാങ്കിങ് ഉയര്‍ന്നാല്‍ മാത്രമേ ആരെങ്കിലും സെര്‍ച്ച് എന്‍ജിനില്‍ പരതിയാല്‍ നിങ്ങളുടെ കമ്പനിയുടെ വെബ്‌സൈറ്റ് ആദ്യം പ്രത്യക്ഷപ്പെടൂ. അതിനായി റിസര്‍ച്ച്, കണ്ടന്റ് ഡവലപ്‌മെന്റ്, ടെസ്റ്റിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
2. സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ് (എസ്.ഇ.എം.): ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ തങ്ങളുടെ വെബ്‌സൈറ്റുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുക എന്നതാണ് സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ചെയ്യേണ്ടത്. വെബ്‌സൈറ്റുകളിലേക്കുളള ഇന്റര്‍നെറ്റ് ട്രാഫിക് കൂടിയാല്‍ മാത്രമേ അത് സംഭവിക്കൂ. അതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത് ഇവരുടെ ജോലിയാണ്.
3. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്: ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, പിന്ററസ്റ്റ് തുടങ്ങി നൂറുകണക്കിന് സാമൂഹ്യമാധ്യമങ്ങള്‍ സജീവമാണിപ്പോള്‍. ഇവയെല്ലാം പരസ്യപ്രദര്‍ശന വേദികള്‍ കൂടിയാണ്. ഇതിന് പുറമെ ബ്ലോഗുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ പരസ്യം ഏറ്റവും അനുയോജ്യമായ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു കോളജിലും പഠിക്കേണ്ട
ഒരു സര്‍വകലാശാലയിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പഠിപ്പിക്കുന്ന കോഴ്‌സുകള്‍ ഇല്ലെന്ന് പറഞ്ഞല്ലോ. അക്കാദമിക് യോഗ്യതകളല്ല, കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കാനും അത് പ്രയോഗത്തില്‍ വരുത്താനുമുളള കഴിവാണ് ഈ രംഗത്ത് തിളങ്ങാന്‍ വേണ്ടത്.
നിലവിലുള്ള ജോലിയില്‍ തുടര്‍ന്നുകൊണ്ട് തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചെടുക്കാം. ഇതേക്കുറിച്ചുള്ള വിവിധ കാര്യങ്ങള്‍ വിശദീകരിക്കുന്ന ധാരാളം ബ്ലോഗുകള്‍ നിലവിലുണ്ട്. അവയില്‍ കയറി കാര്യങ്ങള്‍ വിശദമായി വായിച്ചുമനസ്സിലാക്കാം. അടുത്ത ഘട്ടമായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്ത് വിഷയത്തിലുളള അറിയിപ്പ് മനസ്സിലാക്കാം. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെ നടത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സുകള്‍ക്ക് ചേരാവുന്നതാണ്.
പി.ഡി. സിനില്‍ ദാസ്
You must be logged in to post a comment Login