പാകിസ്ഥാനില്‍ ആസന്നമായ പട്ടാള വിപ്ലവത്തെക്കുറിച്ച് ഈയിടെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്തരം വാര്‍ത്തകള്‍ പുത്തനോ അമ്പരപ്പിക്കുന്നതോ അല്ല. പാകിസ്ഥാനില്‍ സിവിലിയന്‍ ഭരണമെന്നാല്‍ സൈനിക സേച്ഛാധിപത്യത്തിന് പേരിനൊരു മുഖം മൂടി മാത്രമാണല്ലോ.
രാഷ്ട്രീയനേതാക്കന്മാരും പാര്‍ലിമെന്റും ഭരണഘടനയും സൈന്യവും രാഷ്ട്രത്തിന്റെ മറ്റു ഘടകങ്ങളുമുള്ള, സാധാരണമട്ടിലുള്ള ഒരു രാഷ്ട്രമല്ല പാകിസ്ഥാന്‍. സൈന്യം രാജ്യത്തെ കയ്യടക്കുകയും ഭരിക്കുകയും ചെയ്യുന്ന ലോകത്തെ തന്നെ വിരളമായ ഏതാനും സ്ഥലങ്ങളിലൊന്നാണത്. സമ്പദ്‌വ്യവസ്ഥയുടെ ഗണ്യമായ പങ്കും അവിടെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370 -ാം വകുപ്പ് ഇന്ത്യ പിന്‍വലിച്ചതോടെ പാകിസ്ഥാന്‍ നമ്മുടെ ‘മതേതര’ സ്വഭാവത്തെക്കുറിച്ച് ഏറെ ആകുലമാണെന്നു തോന്നുന്നു. സ്വയംനിര്‍ണയാവകാശത്തിനുള്ള കശ്മീരിലെ ധീരരായ സഹോദരന്മാരുടെ അവകാശം ഏതുവിധേനയും സംരക്ഷിക്കുമെന്ന് പാകിസ്ഥാന്റെ ഔദ്യോഗിക വക്താവ് അടുത്തിടെ പരസ്യപ്രസ്താവന നടത്തി. മാതൃരാജ്യത്തിന്റെ അന്തസ്സും മതിപ്പും അഖണ്ഡതയും നിലനിര്‍ത്താന്‍ പാകിസ്ഥാന്‍ സൈന്യം പൂര്‍ണമായും സജ്ജമാണെന്നും ആ പ്രസ്താവനയിലുണ്ട്.
പാകിസ്ഥാന്റെ ഭരണഘടനയുടെ 1973 ലെ രൂപത്തിലെ ആമുഖം ഇങ്ങനെ പറയുന്നു: ”പ്രപഞ്ചത്തിന്റെ പരമാധികാരം അല്ലാഹുവിന് സ്വന്തമാണ്. എന്നാല്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ആ അധികാരം അല്ലാഹു അനുവദിച്ച പരിധികള്‍ക്കുള്ളില്‍ പ്രയോഗിക്കാം. ഇസ്‌ലാം പ്രസ്താവിച്ചിട്ടുള്ള ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സഹിഷ്ണുതയുടെയും പ്രമാണങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരുത്തപ്പെടും”. അങ്ങിനെയെങ്കില്‍ പാകിസ്ഥാനില്‍ സൈന്യമാണ് അല്ലാഹുവിന്റെ ഇഷ്ടം നടത്താനുള്ള ഉപകരണം. ഇസ്‌ലാമിനെയും പാകിസ്ഥാനെയും സംരക്ഷിക്കുകയാണ് പാകിസ്ഥാന്‍ സൈന്യത്തിന്റെ പരമപ്രധാന ലക്ഷ്യമെന്ന് മുന്‍സൈന്യാധിപനായ ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനി പറഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം അന്വേഷിക്കാന്‍ പാകിസ്ഥാന്‍ മുന്‍പ്രസിഡണ്ട് ആസിഫ് സര്‍ദാരി നിയമിച്ച, ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികളടങ്ങിയ അന്വേഷണസംഘത്തിന് പ്രധാനമന്ത്രിയും പ്രസിഡണ്ടും അടക്കമുള്ള എല്ലാ സിവില്‍ നേതാക്കന്മാരോടും സംസാരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ സൈനികോദ്യോഗസ്ഥന്മാരോട് അവര്‍ക്കാര്‍ക്കും തന്നെ സംസാരിക്കാന്‍ പറ്റിയില്ല.
ഇന്ത്യയില്‍ പ്രതിരോധ മന്ത്രിയ്ക്ക് ഒരു സൈന്യാധിപനോട് ഒരു ജനറലിനെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യാന്‍ ആവശ്യപ്പെടാം. എന്നാല്‍ പാകിസ്ഥാനില്‍ അത്തരമൊരു ശ്രമം പട്ടാള അട്ടിമറിയില്‍ കലാശിക്കും. സ്വന്തം തലയ്ക്കു നേരെ ചൂണ്ടിയ തോക്കിനോടാണ് പാകിസ്ഥാന്‍ എല്ലായ്‌പ്പോഴും സമവായചര്‍ച്ചകള്‍ നടത്തുന്നത്.
പാകിസ്ഥാനിലെ നിരവധി കമ്പനികള്‍ സായുധസൈന്യത്തിന്റെ വിവിധ ശാഖകളായ ഫൗജി ഫൗണ്ടേഷന്‍, ആര്‍മി വെല്‍ഫേര്‍ ട്രസ്റ്റ്, ബഹ്രിയ ഫൗണ്ടേഷന്‍, ഷഹീന്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുടെ ഉടമസ്ഥതയിലാണുള്ളത്. സൈന്യം നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ഗണ്യമായ പങ്കും പോകുന്നത്. പാകിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥയും സൈന്യവും ചാരസംഘടനയും ഒന്നാണെന്നുതന്നെ പറയാം. കറാച്ചി ഓഹരിവിപണിയിലെ എഴുപതു ശതമാനം മൂലധനനിക്ഷേപമെങ്കിലും സൈന്യത്തിന്റെയും ബന്ധപ്പെട്ട സംഘങ്ങളുടെയും കയ്യിലാണ്. അതുകൊണ്ടുതന്നെ പേരിനും താല്ക്കാലികമായും ആരു തന്നെ ആ രാജ്യം ഭരിച്ചാലും സൈന്യത്തെ ഒഴിച്ചുനിര്‍ത്താനാകില്ല.
ഇപ്പോള്‍ പാകിസ്ഥാന്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. പണപ്പെരുപ്പത്തിന്റെ നിരക്ക് ഏകദേശം 13 ശതമാനമാണ്. രൂപയുടെ മൂല്യം 25 ശതമാനത്തിലധികം ഇടിഞ്ഞു. ആഭ്യന്തര ഉല്പാദനത്തിന്റെ നിരക്ക് ഗണ്യമായി കുറഞ്ഞു. വ്യവസായികളുടെയും വ്യാപാരികളുടെയും ഒരു സംഘം ഈയടുത്ത് സൈന്യാധിപനായ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ പ്രധാനമന്ത്രിയില്ലാതെ കാണുകയുണ്ടായി. പ്രധാനമന്ത്രിയുടെ വികസന കൗണ്‍സിലിലെ അംഗമാണ് സൈന്യാധിപന്‍ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സൈന്യത്തെയായിരിക്കും.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഒതുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായല്ല, സൈന്യം തിരഞ്ഞെടുത്തയാളായാണ് പൊതുവേ പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പുറത്താക്കാനും സൈന്യവും ഐ എസ് ഐയും പാകിസ്ഥാന്റെ ഭരണം വീണ്ടും ഏറ്റെടുക്കാനും സാധ്യതയുണ്ട്. സൈന്യം പൂര്‍ണമായും കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ലോകത്തെ ഏക സ്ഥലമാണ് പാകിസ്ഥാന്‍!
(ആര്‍ വൈദ്യനാഥന്‍: ബാംഗ്ലൂരിലെ ഐ ഐ എമ്മില്‍ പ്രൊഫസറായിരുന്നു. രണ്ടു തവണ ഫുള്‍ബ്രൈറ്റ് സ്‌കോളറായിട്ടുണ്ട്. ഇപ്പോള്‍ ശാസ്ത്ര സര്‍വകലാശാലയിലെ ചോ രാമസ്വാമി ചെയറിലെ പ്രൊഫസര്‍)
കടപ്പാട്: dnaindia.com
You must be logged in to post a comment Login