മാനവരാശിയുടെ നേര്‍ദിശയിലേക്ക് തിരിച്ചുവിട്ടതാണ് മുഹമ്മദ് നബി(സ) ചെയ്ത വലിയ വിപ്ലവം. അത് ലോകചരിത്രത്തിലെ സമാനതകളില്ലാത്ത മഹാസംഭവം തന്നെയായിരുന്നു. തിരുനബി(സ) സ്‌നേഹിക്കപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും ഇക്കാരണത്താലാണെന്ന് നിഷ്പക്ഷാന്വേഷകര്‍ക്ക് ബോധ്യമാവും. വിശ്വാസം, സംസ്‌കാരം, വ്യവഹാരം, ധാര്‍മികത തുടങ്ങി മനുഷ്യര്‍ ഇടപെടുന്ന മേഖലകളിലെല്ലാം സമ്പൂര്‍ണ തിരുത്തുനടത്താന്‍ നബി(സ) നിര്‍ബന്ധിതനായിത്തീരുന്ന ഒരു പശ്ചാതലത്തിലായിരുന്നല്ലോ അവിടുത്തെ ആഗമനം. അന്ധകാരത്തിന്റെ ഉപാസകര്‍ക്ക് നബി(സ) അസഹ്യമായത് സ്വാഭാവികം. നബിയുടെ(സ) പ്രബോധനകാലത്ത് മാത്രമല്ല, ഇസ്‌ലാം സര്‍വകാലികമാകയാല്‍ ചരിത്രത്തിലിന്നോളവും വര്‍ത്തമാനത്തിലും വലിയ മാറ്റങ്ങളില്ലാതെ ഭാവിയിലും ഇതുതുടരും. എന്തുകൊണ്ടെന്നാല്‍ അധര്‍മത്തിന് എക്കാലവും ഒരേ നിറമാണ്; രീതിയും ശൈലിയുമാണ്.
നബിസാന്നിധ്യത്തിനു മുമ്പ് അറേബ്യയിലെ വിശേഷിച്ചും മദീനയിലെ സെമിറ്റിക് മതത്തിന്റെ വക്താക്കള്‍ ജൂതരും ക്രിസ്ത്യാനികളുമായിരുന്നു. ഇതേ മതരീതിയുടെ സമ്പൂര്‍ത്തീകരണത്തിന് വരാനിരിക്കുന്ന ഒരു മഹാപ്രവാചകനെ അവര്‍ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തു. തലമുറകള്‍ കൈമാറി ആ പ്രവാചകന്റെ വിശേഷണങ്ങളും അപദാനങ്ങളും അവര്‍ മനസ്സിലാക്കി. ഖുര്‍ആന്റെ ഭാഷയില്‍ സ്വപുത്രരെ അറിയുന്നതുപോലെ അവര്‍ക്ക് നബിയെ(സ) കുറിച്ച് അറിവുണ്ടായി(2/146). മതപരമായ പുതിയ ചലനങ്ങളിലൊക്കെയും ജൂതര്‍ മഹാപ്രവാചകനെ അന്വേഷിച്ചെത്തുകയും ചെയ്തു. സ്‌നാപകയോഹന്നാന്‍ (യഹ്‌യാ നബി(അ) ദീനീ പ്രചാരണം തുടങ്ങിയ സന്ദര്‍ഭം ഉദാഹരണമായെടുക്കാം. മഹാപ്രവാചകനെ തേടി അദ്ദേഹത്തെ ഇസ്രായേല്യര്‍ സമീപിച്ച രംഗം ബൈബിളിലുണ്ട്. നീ ആരാണ് എന്നു ചോദിക്കാന്‍ യഹൂദര്‍ ജറൂസലെമില്‍നിന്ന് പുരോഹിതരെയും ലേവ്യരെയും അയച്ചപ്പോള്‍ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: ഞാന്‍ ക്രിസ്തുവല്ല. അവന്‍ പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍ പിന്നെ നീ ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: എങ്കില്‍ നീ ആ പ്രവാചകനാണോ? അല്ല എന്ന് അവന്‍ മറുപടി പറഞ്ഞു (യോഹന്നാന്‍ 1: 19-21). ക്രിസ്തു, ഏലിയാവ് എന്നിവര്‍ക്കൊപ്പം യഹൂദര്‍ കണ്ടിരുന്ന മഹാപ്രവാചകനെകുറിച്ചാണ് ‘ആ പ്രവാചകനോ’ എന്ന അന്വേഷണം. നബിയുടെ (സ) പ്രവാചകത്വത്തിന് മുമ്പ് വേദപണ്ഡിതനായിരുന്ന വറഖതുബ്‌നു നൗഫലിനെപ്പോലുള്ളവരും കുട്ടിയായിരിക്കെതന്നെ ബുഹൈറയെപ്പോലുള്ളവരും ലോകം കാത്തിരിക്കുന്ന വലിയ പ്രവാചകന്‍ മുഹമ്മദ് നബിയാണെന്ന്(സ) പ്രമാണബദ്ധമായി തെളിയിക്കുകയും ചെയ്തു. അദ്ദേഹം മോശസിനെപ്പോലെയായിരിക്കും (ആവര്‍ത്തനം 18: 18), സകല സത്യത്തിലും ലോകത്തെ വഴിനടത്തും, സ്വന്തമായൊന്നും പറയാതെ കേള്‍ക്കുന്നതുപോലെ(വഹ്‌യ്) ന്യായം വിധിക്കും (യോഹ 16: 12-14) എന്നൊക്കെയായിരുന്നു അനുബന്ധ പ്രവചനങ്ങള്‍. എല്ലാം സൂര്യപ്രകാശം പോലെ വ്യക്തമായിട്ടും ഈ കല്‍പനകള്‍ പാലിക്കേണ്ട ജൂത/ ക്രൈസ്തവരില്‍ ചേരിതിരിവുണ്ടായി. ഒരു വിഭാഗം മുഹമ്മദ്‌നബിയെ(സ) വിശ്വസിച്ചു. മറുവിഭാഗം അവിശ്വസിച്ചെന്നു മാത്രമല്ല, പ്രവചിത പ്രവാചകനെ കൊല്ലാനും സത്യദര്‍ശനത്തെ തകര്‍ക്കാനും കഠിനാധ്വാനം നടത്തി ദുഷ്പ്രചാരണങ്ങളും സംഘട്ടനങ്ങളുമുണ്ടാക്കി. ഇന്നുമത് തുടരുന്നു. കുരിശുയുദ്ധം മുതല്‍ മധ്യേഷ്യയിലെ നിരന്തര കലാപങ്ങള്‍ വരെയും ഈ ആവശ്യാര്‍ഥം കൃത്യമായ ആസൂത്രണത്തോടെ സംഘടിപ്പിക്കപ്പെട്ടതാണ്. ഇസ്‌ലാമോഫോബിയയും മതദര്‍ശനങ്ങള്‍ക്കുനേരെയുള്ള സാംസ്‌കാരികാതിക്രമങ്ങളും ഈ ലക്ഷ്യമാണ് നിറവേറ്റുന്നത്. വനിതാമതിലിനും ഫ്‌ളാഷ് മോബിനും മുസ്‌ലിം സ്ത്രീയുടെ പര്‍ദയും നിഖാബും ആവശ്യമുള്ളവര്‍ക്ക് തന്നെ സാംസ്‌കാരിക തലങ്ങളിലെത്തുമ്പോള്‍ അത് കരിഞ്ചാക്കും അസ്വാതന്ത്ര്യവുമാകുന്നതിന്റെ രസതന്ത്രവും ഇതുതന്നെയാണ്.
നബിതിരുമേനി(സ) അധമദര്‍ശനങ്ങളെ അസ്തപ്രഭമാക്കിയതാണ് തനിക്കുനേരെയുള്ള വിദ്വേഷത്തിന്റെ കാരണമെന്നു സാരം. അന്നത്തെ പ്രാകൃത അറബികളുടെ സര്‍വമാന വൈകല്യങ്ങളും ഏറെ വര്‍ധിച്ച രൂപത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ഇനിയും ഉത്തുംഗമാവേണ്ടത് ഇസ്‌ലാം വിരുദ്ധരുടെ ആവശ്യമാണ്. നബിക്ക്(സ) നേരെയുള്ള അസഹിഷ്ണുത ഇനിയും തുടരുമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. വ്യഭിചാരം, മദ്യപാനം, പലിശ, പെണ്‍ശിശുഹത്യ, ലൈംഗിക അരാജകത്വം… ഇത്യാദി ദുര്‍ഗുണങ്ങളുടെ ആള്‍രൂപങ്ങളായിരുന്നു നബിയുടെ(സ) പ്രത്യക്ഷശത്രുക്കള്‍. ധര്‍മനിഷ്ഠമായി ജീവിക്കുന്നത് അസഹ്യമായിരുന്നു അവര്‍ക്ക്. അധര്‍മങ്ങളില്‍ ഒന്നുപോലും, ചെറിയരീതിയിലെങ്കിലും അനുവദിച്ചുകൊടുക്കാത്ത ഖുര്‍ആനെയും അതിന്റെ പ്രബോധകരെയും നശിപ്പിച്ചുകളയലല്ലാതെ അവര്‍ക്ക് മാര്‍ഗമില്ലാതായി. ദീനീപ്രചാരണം നിര്‍ത്തിവെക്കാന്‍ പെണ്ണും പണവും അധികാരവും വാഗ്ദാനം ചെയ്ത് ശത്രുനേതാക്കള്‍ നബിക്കു(സ) മുന്നില്‍ യാചിച്ചുനിന്നു.
‘സൂര്യന്‍ വലതുകയ്യിലും ചന്ദ്രന്‍ ഇടതുകയ്യിലും വെച്ചുതന്നാല്‍ പോലും ഞാനിതില്‍നിന്ന് പിന്‍മാറില്ലെന്ന, ദൃഢപ്രഖ്യാപനമായിരുന്നു നബിയുടെ(സ) മറുപടി. കാത്തുസൂക്ഷിച്ച അധമജീവിതം കൈവിട്ടുപോകുന്നതിന്റെ ആകുലതയില്‍ തിരുനബിക്കെതിരെ അവര്‍ വിളിച്ചുകൂവി: കുടുംബബന്ധം തകര്‍ത്തവന്‍, മാരണക്കാരന്‍, ഭ്രാന്തന്‍, അങ്ങാടിയിലൂടെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നവന്‍…!
ഈ ചരിത്രസത്യം ഉള്‍കൊണ്ട് വര്‍ത്തമാനത്തിലേക്ക് വരിക. ആധുനിക പുരോഗതിയുടെ പാര്‍ശ്വഫലമായ ഭോഗതൃഷ്ണയും സാമ്പത്തിക ആക്രാന്തവും ആറാം നൂറ്റാണ്ടിലെ നബി ശത്രുക്കളെക്കാള്‍ ഏറെ സ്വാധീനിച്ച പുതുകാല എതിരാളികള്‍, പൂര്‍വികരുടെ അതേ വികാരതീവ്രതയോടെ നബിയെ(സ) ഒതുക്കാന്‍ ശ്രമിക്കുന്നു. മതം പാലിക്കുന്നവരായ മുസ്‌ലിം വിഭാഗത്തെ വിരുദ്ധരാക്കാന്‍ കിണഞ്ഞുശ്രമിക്കുന്നു. തരിമ്പുപോലും മൂല്യമില്ലെങ്കിലും സത്യത്തിന്റെ നിഴല്‍ പോലുമില്ലെങ്കിലും നിരന്തരമായി ആരോപണങ്ങള്‍ സൃഷ്ടിച്ചുവിടുകയാണവര്‍; കെറുവിന്റെ ഉച്ചസ്ഥായിയില്‍ സഭ്യമായ ഭാഷപോലും പരിചയമില്ലാതായിരിക്കുകയാണ് നബിവിമര്‍ശകര്‍ക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലുമടക്കം അനേകായിരം സ്ത്രീകള്‍ പ്രത്യേകിച്ച് മുസ്‌ലിം വനിതകള്‍ ക്രൂരമായ ആക്രമണത്തിന് വിധേയമാവുമ്പോഴും ചില സാംസ്‌കാരിക നായകന്മാര്‍ക്കും സ്വതന്ത്ര ചിന്ത, ബ്ലോഗെഴുത്തുകാര്‍ക്കും ആറാം നൂറ്റാണ്ടില്‍ നബി(സ) നടത്തിയ വിവാഹങ്ങളാണ് ഭയങ്കര ഭയങ്കര പ്രശ്‌നം! പശുവിന്റെയും മറ്റും നിസ്സാര കാരണത്താല്‍ നിരവധി പച്ചമനുഷ്യര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുമ്പോഴും അലിയുടെ(റ) രണ്ടാം കല്യാണാലോചനയാണ് ഇവരെ നടുക്കുന്ന വമ്പന്‍ ദാര്‍ശനിക പ്രതിസന്ധി! ഇതിന്റെ മറുവശം ഏറെ ശ്രദ്ധേയമാണ്. ധര്‍മനിഷ്ഠരായി ജീവിക്കാന്‍, സമ്പൂര്‍ണമനുഷ്യരാവാന്‍ കൊതിക്കുന്നവരെല്ലാം തിരുനബിയെ(സ) വാരിപ്പുണര്‍ന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ) മുതല്‍ അത്യാധുനിക കാലത്തെ വലിയചിന്തകര്‍ വരെയും ഈ ശൃംഖലയുടെ സായൂജ്യമറിഞ്ഞവരാണ്. ഇപ്പോഴുമത് തുടരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച ഇസ്‌ലാമിനാണ്. സമീപഭാവിയില്‍ യൂറോപ്പിലെ വലിയ മതം ഇസ്‌ലാം ആവുമെന്നതിനെക്കുറിച്ച് ഒന്നിലധികം അക്കാദമിക പഠനങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. വ്യാപകമായ ദുഷ്പ്രചാരണങ്ങള്‍ തന്നെയും ശത്രുക്കള്‍ക്ക് ബൂമറാങ്ങാകുന്നതാണനുഭവം. സയണിസ്റ്റ് സൃഷ്ടിയായ വേള്‍ഡ് ട്രേഡ് സെന്റര്‍ അറ്റാക്കിനു ശേഷം മതത്തെ അടുത്തറിയാനുള്ള ശ്രമങ്ങള്‍ ലോകാടിസ്ഥാനത്തില്‍ വ്യാപകമായതാണ് ഇസ്‌ലാമിലേക്കുള്ള ഇപ്പോഴത്തെ കുത്തൊഴുക്കിന്റെ അടിസ്ഥാനകാരണം. ബദ്‌റിലും ഉഹ്ദിലും ഖന്തഖിലുമൊക്കെ ഇതുതന്നെയാണ് ഉണ്ടായത്.
വലിയൊരുപക്ഷം ജനങ്ങള്‍ അവരുടെ ആത്മാവിന്റെ ചൈതന്യമായി തിരുനബിയെ ആവാഹിക്കുമ്പോള്‍ തന്നെ പലരില്‍നിന്നും നബി(സ) വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നതിന്റെ താത്വികവിശകലനം ഒറ്റവാക്കില്‍ ഇങ്ങനെയൊക്കെ ഒതുക്കാം: സര്‍വമാന ചൂഷണങ്ങളും നിരോധിക്കുകയും ധാര്‍മികമൂല്യങ്ങള്‍ കല്‍പിക്കുകയും ചെയ്യുന്നതുകൊണ്ടുമാത്രം. താന്തോന്നിത്തരത്തിന്റെ ആഘോഷങ്ങള്‍ നബി(സ) അനുവദിച്ചില്ല. അമിതവ്യയം, ചൂഷണം, അക്രമം, വഞ്ചന, കളവ്, പീഡനം പോലുള്ള എല്ലാ വൃത്തികേടുകളെയും അവിടുന്ന് ശക്തമായി എതിര്‍ത്തു. ഇത് അസഹ്യമായവര്‍ നബിക്കും ഇസ്‌ലാമിനുമെതിരെ ആയുധം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.
ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കറകളഞ്ഞ ദൈവിക ഏകത്വമാണ് മറ്റൊരു ‘പ്രശ്‌നം’!
ധാര്‍മികരംഗത്തിനു സമാനമായ അപഭ്രംശം വിശ്വാസതലത്തിലുമുണ്ട്. പടക്കുകയും ജീവിതസൗകര്യങ്ങള്‍ ഒരുക്കിത്തരികയും ചെയ്ത സ്രഷ്ടാവിനു തുല്യമായും പകരമായും നിരവധി ‘ദൈവങ്ങള്‍’ രൂപപ്പെട്ടു. സ്വകരങ്ങളാല്‍ നിര്‍മിച്ച പ്രതിഷ്ഠകള്‍ക്ക് മുന്നില്‍ മനുഷ്യര്‍ സാഷ്ടാംഗം നമസ്‌കരിച്ചു. കണ്ടതും കേട്ടതും ഊഹിച്ചെടുത്തതുപോലും ദൈവനിരയിലെത്തി. വിശന്ന് പൊരിയുകയും അന്നപാനാദികള്‍ ഉപയോഗിക്കുകയും ശത്രുഭയത്താല്‍ വിയര്‍പ്പുകണങ്ങള്‍ ചോരത്തുള്ളികളാവും വിധം കഷ്ടപ്പെടുകയും ചെയ്ത ഒരു മനുഷ്യനെ ദൈവവും ദൈവാംശവും ദൈവാവതാരവുമായി വലിയൊരു പക്ഷം ആരാധിച്ചുതുടങ്ങി. ഓരോ വര്‍ഷത്തെയും പ്രതിദിനാരാധനകള്‍ക്ക് ഓരോന്നെന്ന വിധം വിശുദ്ധ കഅ്ബയില്‍തന്നെ ദൈവങ്ങളുടെ സമ്മേളനം നടന്നു. ഇത്തരക്കാരുടെ പിന്തുടര്‍ച്ചക്കാര്‍ ഇപ്പോഴും സക്രിയരാണ്. ഈ പശ്ചാതലത്തിലും തിരുദൂതര്‍ വിമര്‍ശിക്കപ്പെടുന്നു. പരസ്പരം സ്‌നേഹിക്കാനും ദയാനുകമ്പയോടെ വര്‍ത്തിക്കാനും നല്ലതു മാത്രം സ്വീകരിച്ച് അശുദ്ധം ഉപേക്ഷിക്കാനും നമ്മെ പടച്ച നാഥനെ മാത്രം ആരാധിക്കാനുമാണ് നബി(സ) പഠിപ്പിച്ചത്. നബി(സ) കൊളുത്തിവെച്ച ദിവ്യപ്രകാശത്തില്‍ ജീവിക്കുന്നവര്‍ പൂര്‍ണ മനുഷ്യരായി മാറും. സ്‌നേഹം തുളുമ്പുന്ന ദാമ്പത്യവും സമാധാനം കളിയാടുന്ന കുടുംബജീവിതവും അവര്‍ക്ക് ആസ്വദിക്കാനുമാവും. ചൂഷണ മുക്തമായൊരു ലോകമാണ് തിരുനബി(സ) പ്രതീക്ഷിച്ചത്. നബി(സ) പഠിപ്പിച്ചത് സ്വദര്‍ശനമല്ലായിരുന്നു; മനുഷ്യനെ പടച്ച സര്‍വശക്തനായ അല്ലാഹുവിന്റെ വിശുദ്ധ മതമായിരുന്നു.
ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി
You must be logged in to post a comment Login