‘ A man devoid of hope and conscious of being so has ceased to be long to future’, Albert Camus ( The myth of Sisphus ).
‘ഏറ്റവും നല്ല അവസ്ഥയിലാണെങ്കില്‍ മൃഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് മനുഷ്യനാണ്. നിയമത്തില്‍നിന്നും നീതിയില്‍നിന്നും വേര്‍തിരിക്കപ്പെടുമ്പോള്‍ അവന്‍ ഏറ്റവും മോശമായി മാറുന്നു’ രാഷ്ട്രീയത്തെ കുറിച്ച് അരിസ്റ്റോട്ടലിന്റെ കാഴ്ചപ്പാടാണിത്. നിയമവും നീതിയുമാണ് മനുഷ്യന്റെ ജീവവായു. നീതിനിഷേധിക്കപ്പെടുന്നുവെന്ന തോന്നല്‍ അവനിലെ മൃഗത്തെ കയറൂരി വിടുന്നു. ആത്യന്തിക പാതയിലൂടെ സഞ്ചരിച്ച് തീവ്രമായി ചിന്തിക്കാന്‍ നിര്‍ബന്ധിതനാവുന്നു. നിയമം ഉല്ലംഘിച്ച് ഹിംസയുടെ മാര്‍ഗം തിരഞ്ഞെടുക്കുന്നു. അവനെ അധികാരികള്‍ തീവ്രവാദിയെന്നോ ഭീകരവാദിയെന്നോ മുദ്രകുത്തി നിയമത്തിന്റെ ചങ്ങലയില്‍ ബന്ധിക്കുന്നു. അതോടെ, കലാപം പൊട്ടിപ്പുറപ്പെടുന്നു. ശാന്തി നഷ്ടപ്പെട്ട നാട്ടില്‍ കൂടുതല്‍ കര്‍ക്കശമായ നിയമങ്ങളിലൂടെ കൂടുതല്‍ പേരെ നിയമം പിടികൂടുന്നു. അക്രമങ്ങളിലേക്കും ഭരണകൂട ഭീകരതയിലേക്കും അത് ചെന്നുകലാശിക്കുന്നു.
ആധുനിക ദേശരാഷ്ട്രങ്ങളില്‍ എല്ലായിടങ്ങളിലും സംഭവിക്കുന്ന ഒരു പ്രഹേളികയാണിത്. ഇന്ത്യയുടെ അനുഭവം മറിച്ചല്ല. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് അവര്‍ നമ്മെ അടിമകളാക്കിവെച്ചത് കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചായിരുന്നു. അത്തരം ക്രൂരനിയമങ്ങള്‍ക്കെതിരെ പടവെട്ടിയാണ് ദേശവിമോചന സമരം മുന്നോട്ടുപോയത്. ഒന്നാം ലോകയുദ്ധകാലത്ത്, സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിന് ഇംഗ്ലീഷ് ഭരണകര്‍ത്താക്കള്‍ ലണ്ടനിലിരുന്നു കോളനിരാജ്യങ്ങളിലേക്ക് കുറെ കര്‍ശന നിയമങ്ങള്‍ ഇറക്കുമതിചെയ്തു. യുദ്ധത്തിനു അറുതിവന്നിട്ടും ഇത്തരം നിയമങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിനും കോളനിരാജ്യങ്ങളിലെ വിമോചനസമരങ്ങളെ അടിച്ചമര്‍ത്തുന്നതിനും ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭമുറകള്‍ പുറത്തെടുത്ത ജനതയാണ് ഇന്ത്യയിലേത്. യശശ്ശരീരനായ വി.ആര്‍. കൃഷ്ണയ്യര്‍ എക്കാലത്തും ഓര്‍ത്തെടുക്കുന്ന കാടന്‍ നിയമമാണ് റൗലത്ത് ആക്ട് (Rowalatt Act). ജസ്റ്റീസ് റൗലത്തിന്റെ ശിപാര്‍ശ പ്രകാരം 1919 ഫെബ്രുവരിയില്‍ ഇംപീരിയല്‍ ലെജിസേ്‌ലറ്റീവ് കൗണ്‍സിലാണ് ( അന്നത്തെ പാര്‍ലമെന്റ് ) ഈ നിയമം പാസ്സാക്കുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെന്ന് സംശയിച്ചാല്‍ രണ്ടുകൊല്ലത്തേക്ക് വിചാരണ കൂടാതെ അവരെ ജയിലിലടക്കാന്‍ വ്യവസ്ഥചെയ്യുന്നതാണീ നിയമം. ജൂറിയുടെ സാന്നിധ്യമില്ലാതെ ഒറ്റയടിക്ക് ഇത്തരം കേസുകളില്‍ ബ്രിട്ടീഷ് കോടതിക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ അധികാരമുണ്ടായിരുന്നു. പ്രതിക്ക് കോടതിയില്‍ പോകാനുള്ള അവകാശം നിഷേധിക്കുന്നുവെന്നതാണ് നിയമത്തിന്റെ ഏറ്റവും കിരാത മുഖം. നിയമസഹായത്തിനും പഴുതില്ലായിരുന്നു. അതുവരെ നിലനിന്ന 1915ലെ ഇന്ത്യ ഡിഫെന്‍സ് ആക്ട് യുദ്ധാനന്തരം നീട്ടിക്കൊണ്ടുപോകുന്നതിനു വേണ്ടിയാണ് ജസ്റ്റീസ് എസ് എ ടി റൗലത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൗലത്ത് ആക്ട് ചുട്ടെടുത്തത്. ഈ കരിനിയമത്തെ മഹാത്മാഗാന്ധിയടക്കമുള്ള സ്വാതന്ത്ര്യസമര നേതൃത്വം ശക്തമായി എതിര്‍ത്തുവെന്ന് മാത്രമല്ല പ്രത്യക്ഷസമര പരിപാടികളുമായി മുന്നോട്ടുപായി.
‘Anarchical and Revolutionary Crime Act of 1919’ എന്നായിരുന്നു നിയമത്തിന്റെ മുഴുവന്‍ പേര്. അരാജകത്വവും വിപ്ലവും കുറ്റമായി കണ്ട് കര്‍ക്കശമായി നേരിടുക എന്നതായിരുന്നു സായ്പന്മാരുടെ ലക്ഷ്യം. ഇന്ത്യക്കാര്‍ക്ക് അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതോടൊപ്പം ആരെങ്കിലും രാജ്യേദ്രാഹ, വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതായി സംശയം തോന്നിയാല്‍ നാടുകടത്താനാണ് നിയമത്തില്‍ വ്യവസ്ഥകള്‍ വെച്ചത്. കുറ്റം ചുമത്തപ്പെട്ടവരെ പ്രത്യേക ട്രിബൂണലുകളിലാണ് വിചാരണ ചെയ്തത്. രാജ്യേദ്രാഹം വളര്‍ത്തുന്ന സാഹിത്യങ്ങള്‍ കൈവശം വെക്കുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം വന്‍ കുറ്റമായി നിയമം കൈകാര്യം ചെയ്തു. പത്രമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള വ്യവസ്ഥകളും അതിലുണ്ടായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെന്ന് പൊലിസിന് സംശയമുദിച്ചാല്‍ അവരുടെ ആവാസകേന്ദ്രങ്ങളും പരിസരവും പരിശോധിക്കാനും എല്ലാം കണ്ടുകെട്ടാനും അനിയന്ത്രിതമായി അധികാരം അവര്‍ക്കു നല്‍കി. തങ്ങള്‍ക്കെതിരെ ആരാണ് പരാതി നല്‍കിയതെന്നോ എന്ത് തെളിവുകളാണ് ഹാജരാക്കിയതെന്നോ അറിയാനുള്ള സ്വാതന്ത്ര്യം പോലും റൗലത്ത് നിയമം നിഷേധിക്കുന്നുണ്ടായിരുന്നു. ഈ നിയമത്തിനു കീഴില്‍ ശിക്ഷിക്കപ്പെട്ടാല്‍ സ്വത്ത് കണ്ടുകെട്ടും എന്ന് മാത്രമല്ല, പിന്നീട് രാഷ്ട്രിയ, മത, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ല.
നിയമം പാസ്സാക്കുന്നതിന് ലെജിസേ്‌ലറ്റീവ് കൗണ്‍സിലില്‍ രണ്ടുവിവാദ ബില്ലുകള്‍ കൊണ്ടുവന്നു. സഭയിലെ ഇന്ത്യക്കാരായ അംഗങ്ങള്‍ മസ്ഹറുല്‍ ഹഖ്, മുഹമ്മദലി ജിന്ന, മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ ബില്ലിനെതിരെ വോട്ട് ചെയ്തുകൊണ്ട് , പ്രതിഷേധ സൂചകമായി സഭയില്‍നിന്ന് രാജിവെച്ചു. നിയമത്തിനെതിരെ ഗാന്ധിജി പരസ്യമായി രംഗത്തുവന്നു. നാടെങ്ങും ‘റൗലത്ത് സത്യഗ്രഹങ്ങള്‍ ‘ സംഘടിപ്പിച്ചു. രാജ്യത്തിന്റെ നാനാദിക്കുകളിലും ബ്രിട്ടീഷ് വിരുദ്ധവികാരം ആളിക്കത്തി. പഞ്ചാബിലായിരുന്നു പ്രതിഷേധജ്വാല കത്തിയാളിയത്. റെയില്‍, ടെലിഗ്രാഫ്, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. സൈഫുദ്ദീന്‍ കിച്ച്‌ലു, ഡോ. സത്യപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ലാഹോറില്‍ പ്രക്ഷോഭം കൊടുമ്പിരികൊണ്ടു. ഈ രണ്ടുനേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയപ്പോള്‍ ജനങ്ങള്‍ ഇളകിമറിഞ്ഞു. അമൃതസറിലെ ഡെപ്യൂട്ടി കമീഷണറുടെ വസതി വളഞ്ഞ ജനക്കൂട്ടത്തിനു നേരെ പൊലിസ് വെടിവെപ്പ് നടത്തി. നിരവധി പേര്‍ കൊല്ലപ്പെട്ടു. ജനം തെരുവിലിറങ്ങി. ബേങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും തീയിട്ടു നശിപ്പിച്ചു. ഏതാനും യൂറോപ്യന്മാര്‍ക്ക് ജീവഹാനി നേരിട്ടു. അമൃതസറിലെ നേതാക്കള്‍ 1919 ഏപ്രില്‍ 12ന് യോഗം ചേര്‍ന്ന് റൗലത്ത് ആക്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രമേയം പാസ്സാക്കി. ഏപ്രില്‍ 13നു രാവിലെ വൈശാഖി ദിനത്തില്‍ ജാലിയന്‍ വാലാബാഗില്‍ ഒത്തുചേര്‍ന്നു പ്രതിഷേധസമരം നടത്താനും തീരുമാനിച്ചു. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരുമടങ്ങുന്ന 25000ഓളം മനുഷ്യര്‍ വൈകുന്നേരമായപ്പോഴേക്കും ഒരു കവാടം മാത്രമുള്ള ജാലിയന്‍വാലാബാഗ് മൈതാനിയിലേക്ക് പ്രവഹിച്ചു. കേണല്‍ ഡയര്‍ വൈകുന്നേരമെത്തിയ ഉടന്‍ ഏക കവാടം കൊട്ടിയടച്ച്, ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു. ചുരുങ്ങിയത് ആയിരം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പൊലിസ് ഭാഷ്യമനുസരിച്ച് മരണം 379 ആണ്. രക്തസാക്ഷികളുടെ എണ്ണത്തില്‍ ഭിന്നാഭിപ്രായമുണ്ടാകാമെങ്കിലും റൗലത്ത് ആക്ടിനെതിരെ അവിടെ നടന്ന ഐതിഹാസികമായ പ്രക്ഷോഭവും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ മഹത്തായ ഒരധ്യായമായി കുറിച്ചിട്ടു.
ഇങ്ങനെ ജീവനും ചോരയും കൊടുത്ത് നേടിയെടുത്ത പൗരാവകാശങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയില്‍ എന്തുസംഭവിച്ചുവെന്ന് അന്വേഷിക്കുമ്പോളാണ് ഭരണകൂടങ്ങള്‍ എത്ര നൃശംസതയോടെയാണ് സ്വതന്ത്രജനതയുടെമേല്‍ കാടന്‍ നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതെന്ന് നാം കണ്ടുമുട്ടുന്നത്.
ഇന്ദിരയുടെ കാലഘട്ടം; കോണ്‍ഗ്രസിന്റെയും
സ്വതന്ത്ര ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ ഹനിക്കുന്ന നിയമങ്ങളോട് മമത വെച്ചുപുലര്‍ത്തിയ നേതാവായിരുന്നില്ല ജവഹര്‍ലാല്‍ നെഹ്‌റു. ഗാന്ധി വധത്തോടെ ആര്‍ എസ് എസിനെ നിരോധിച്ചപ്പോള്‍ പോലും അതിന്റെ ജനായത്തവിരുദ്ധവും ആക്രമണോല്‍സുകവുമായ മുഖങ്ങളെ കുറിച്ച് നെഹ്‌റു, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനോട് പരാതിപ്പെട്ടതായി ചരിത്രരേഖകളില്‍ വായിക്കാം. നിയമം കൊണ്ട് ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നതിനോട് നെഹ്‌റു കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പുത്രിയും പിന്‍ഗാമിയുമായ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ നിലനില്‍പ് ഭദ്രമാക്കുന്നതിനും എതിരാളികളുടെ വായ മൂടിക്കെട്ടുന്നതിനും തന്നാലാവുന്നത് മുഴുവനും ചെയ്തു. കരിനിയമങ്ങള്‍ പാസ്സാക്കിയെടുത്തു. അടിയന്തരാവസ്ഥ കരിനിയമങ്ങള്‍ പൂത്തുലഞ്ഞ പിശാചുക്കളുടെ വസന്തകാലമായിരുന്നു. ഇന്ന് നരേന്ദ്രമോഡിയും ആര്‍ എസ് എസുകാരും ചെയ്യുന്നത് പോലെ രാജ്യസുരക്ഷയുടെ പേര് പറഞ്ഞ്, ദേശീയ വികാരം ഉത്തേജിപ്പിച്ച് എണ്ണമറ്റ പൗരാവകാശ ധ്വംസനനിയമങ്ങള്‍ അവര്‍ കൊണ്ടുവന്നു. 1971ല്‍ കൊണ്ടുവന്ന മിസ ( മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്) ഉപയോഗിച്ചാണ് അടിയന്തരാവസ്ഥയില്‍ ആയിരക്കണക്കിന് നേതാക്കളെ ഇന്ദിര തുറുങ്കിലടച്ചത്. പൗരന്മാരെ അനിശ്ചിതമായി തടവിലിടാനും വാറണ്ട് ഇല്ലാതെ അവരുടെ സ്വത്തുക്കള്‍ പരിശോധിക്കാനും കണ്ടുകെട്ടാനും മിസ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ഫോണുകള്‍ ചോര്‍ത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്. വിദേശസഹായത്തോടെ രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയാനും ഭീകരവാദവും രാജ്യസുരക്ഷയെ ബാധിക്കുന്ന വെല്ലുവിളികള്‍ നേരിടാനും ഭരണയന്ത്രം ശക്തമാക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യമായി പറയുന്നത്. എന്നാല്‍, നെഹ്‌റുവിന്റെ കാലശേഷം കോണ്‍ഗ്രസിനകത്തുനിന്ന് തന്നെ ഇന്ദിര ശക്തമായ എതിര്‍പ്പ് നേരിടുകയും ഇന്നല്ലെങ്കില്‍ നാളെ തന്റെ രാഷ്ട്രീയഭാവിക്കുമേല്‍ കടുത്ത ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും മനസ്സിലാക്കി ദുഷ്ടലാക്കോടെ കൊണ്ടുവന്നതായിരുന്നു ഈ കാടന്‍ നിയമം. അതിന്റെ മൂര്‍ച്ചയുള്ള നഖവും ദംഷ്ട്രങ്ങളും എത്രമാത്രം മാരകമാണെന്ന് അടിയന്തരാവസ്ഥയുടെ കാളരാത്രികള്‍ തെളിയിച്ചു. രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും എഡിറ്റര്‍മാരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയുമൊക്കെ കൂട്ടം കൂട്ടമായി തുറുങ്കിലടച്ചു. മാധ്യമങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ കാലിയായ പേജുകള്‍ ഒഴിച്ചിട്ട് പ്രതിഷേധിക്കാനല്ലാതെ, വിയോജിപ്പിന്റെ ശബ്ദം കേള്‍പ്പിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. പത്രങ്ങള്‍, കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിട്ടിഴഞ്ഞുനീങ്ങിയെന്ന് എല്‍.കെ അദ്വാനിയാണ് പിന്നീട് പരസ്യമായി പരിഹസിച്ചത്. 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ മിസയും മണ്‍മറഞ്ഞു. എന്നാല്‍ ഇന്ദിര ഗാന്ധി 1980ല്‍ അധികാരത്തില്‍ തിരിച്ചുവന്നതോടെ കരുതല്‍ തടങ്കലിന് വ്യവസ്ഥ ചെയ്യുന്ന ദേശീയ സുരക്ഷാനിയമം (National Security Act ) കൊണ്ടുവന്നു. സ്വാതന്ത്ര്യത്തിനു ശേഷം കരുതല്‍ തടങ്കലിനു നിയമവ്യവസ്ഥ ഇല്ലാതിരുന്ന ഏക കാലയളവ് മിസയുടെ തിരോധാനത്തിനും എന്‍ എസ് എയുടെ ആവിര്‍ഭാവത്തിനും ഇടയിലെ മൂന്നുവര്‍ഷം മാത്രമാണ്. ജനതാപാര്‍ട്ടിയായിരുന്നു ആ കാലയളവില്‍ രാജ്യം ഭരിച്ചത്.
ദേശീയ സുരക്ഷാ നിയമപ്രകാരം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ സംശയിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനും ജയിലിലടക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ഈ നിയമമനുസരിച്ച് 12മാസം വരെ വിചാരണ കൂടാതെ തുറുങ്കിലടക്കാം. 1993ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 3783പേരെ ഈ നിയമമനുസരിച്ച് അറസ്റ്റ് ചെയ്തതില്‍ 72.3ശതമാനവും തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കപ്പെടുകയായിരുന്നു.
പഞ്ചാബിലെ ഖാലിസ്ഥാന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ഭീകരവിരുദ്ധനിയമമാണ് ടാഡ (Terrorist and Disruptive Activities (Prevention )Act. 1985മേയ് 23നാണ് അത് പ്രാബല്യത്തില്‍ വന്നത്. എന്താണ് ഭീകരവാദം എന്ന് ആദ്യമായി ഇന്ത്യയില്‍ നിര്‍വചിക്കപ്പെടുന്നത് ഈ നിയമവ്യവസ്ഥയിലൂടെയാണ്. ആ നിര്‍വചനം ഇങ്ങനെ പോകുന്നു:
‘ Whoever with intent to overawe the Government as by law established or to strike terror in the people or any section of the people or to alienate any section of the people or to adversely affect the harmony amongst different sections of the people does any act or thing by using bombs, dynamite or other explosive substances or inflammable substances or lethal weapons or poisons or noxious gases or other chemicals or by any other substances (whether biological or otherwise) of a hazardous nature in such a manner as to cause, or as is likely to cause, death of, or injuries to, any person or persons or loss of, or damage to, or destruction of, property or disruption of any supplies or services essential to the life of the community, or detains any person and threatens to kill or injure such person in order to compel the Government or any other person to do or abstain from doing any act, commits a terrorist act. ” ഇതനുസരിച്ച് നിയമവിധേന സ്ഥാപിക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനോ ജനങ്ങളില്‍ അല്ലെങ്കില്‍ ഒരു വിഭാഗം ജനങ്ങളില്‍ ഭീതിപരത്താനോ ജനങ്ങള്‍ക്കിടയിലെ മൈത്രിയും സ്‌നേഹസൗഭാത്രങ്ങളും തര്‍ക്കാനോ ചെയ്യുന്ന ഏത് അപരാധവും ഭീകരവാദമാണ്. ഇത്തരം കൃത്യങ്ങളിലേര്‍പ്പെടുന്ന വ്യക്തികളെ കണ്ടുപിടിച്ച് തുറുങ്കിലടക്കാനും ശിക്ഷിക്കാനും നിയമം സര്‍ക്കാരിനു വ്യാപകമായ അധികാരങ്ങള്‍ നല്‍കുന്നുണ്ട്.
ഖാലിസ്ഥാന്‍ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ഈ കരിനിയമം കൊണ്ടുവന്നതെങ്കിലും രാഷ്ട്രീയപ്രതിയോഗികളെ ഇല്ലായ്മ ചെയ്യാനും നിരപരാധികളെ പിടിച്ചുകൊണ്ടുപോയി പ്രതികാരം ചെയ്യാനും ടാഡ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. നിരപരാധികള്‍ വര്‍ഷങ്ങളോളം ജയിലറകളില്‍ ജീവിതം ഹോമിച്ചു. ഒരു ശതമാനം പ്രതികള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല. പൊലിസ് ഓഫിസര്‍മാര്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ജുഡീഷ്യറിയെ കുറ്റപ്പെടുത്തി. ജുഡീഷ്യറിയാവട്ടെ, ടാഡ നിയമവ്യവസ്ഥയിലെ കാഠിന്യം ചൂണ്ടിക്കാട്ടി സ്വയം തടി സലാമത്താക്കി. ടാഡയിലാവട്ടെ അതിനു ശേഷം കൊണ്ടുവന്ന ‘പോട്ട’യിലാവട്ടെ, ഏറ്റവും മാരകമായ രണ്ടു വശങ്ങളുണ്ട്. ഒന്ന് പൊലിസ് ഓഫീസറുടെ മുന്നില്‍ നല്‍കുന്ന മൊഴി തെളിവായി സ്വീകരിക്കാനുള്ള വ്യവസ്ഥ. പീഢനങ്ങള്‍ കെട്ടഴിച്ചുവിട്ട് ശേഖരിക്കുന്ന തെളിവുകള്‍ നിരപരാധികളെ കുടുക്കാന്‍ പൊലിസ് പ്രയോജനപ്പെടുത്തി. ബ്രിട്ടീഷുകാരുടെ കാലത്തുപോലും മജിസ്‌ട്രേറ്റിന്റെ മുന്നിലല്ലാതെ, പൊലിസിന്റെ മുന്നില്‍ നല്‍കുന്ന മൊഴിക്ക് നിയമസാധുത ഉണ്ടായിരുന്നില്ല. രണ്ടാമതായി, ജാമ്യം നിഷേധിക്കാനുളള പഴുതുകള്‍. പീഢിപ്പിച്ച് പിഴിഞ്ഞെടുക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന എഫ് ഐ ആറുകള്‍ നിരപരാധികളെ പോലും കൊല്ലങ്ങളോളം ജയിലറകളില്‍ തളര്‍ത്തിക്കിടത്തി. ടാഡയുടെ ഇരകളില്‍ ഭൂരിഭാഗവും നിരാലംബരും നിസ്സഹായരുമായ മുസ്‌ലിംകളായിരുന്നു. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ഉത്തരേന്ത്യയിലെ വര്‍ഗീയ മനസ്സുള്ള പൊലിസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ എത്രയോ പാവപ്പെട്ട കുടുംബങ്ങളെ വഴിയാധാരമാക്കി.
ടാഡക്കെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധവും വ്യാപകമായ എതിര്‍പ്പും പി.വി നരസിംഹറാവുവിന്റെ ഭരണകാലത്ത്, 1995ല്‍ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിപ്പിച്ചു. പക്ഷേ, കരിനിയമങ്ങള്‍ സ്വേച്ഛാധിപതികള്‍ക്കും ജനായത്ത വിരുദ്ധ മൂല്യങ്ങളില്‍ അഭിരമിക്കുന്ന സര്‍ക്കാരുകള്‍ക്കും അലങ്കാരമാണെന്നിരിക്കെ ഏതെങ്കിലും രൂപത്തിലുള്ള ക്രൂരനിയമങ്ങള്‍ എടുത്തണിഞ്ഞേ അവര്‍ ഭരണച്ചെങ്കോല്‍ തിരിക്കാനിറങ്ങൂ. ടാഡ എടുത്തുകളഞ്ഞപ്പോള്‍ വാജ്‌പേയി സര്‍ക്കാര്‍ ‘പോട്ട’ കൊണ്ടുവന്നു. അപ്പോഴും നിയമപുസ്തകത്തില്‍ യു എ പി എ എന്ന നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം ഡമോക്ലിസിന്റെ വാള് പോലെ പൗരന്മാരുടെ തലക്കുമുകളില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു; 1967തൊട്ട്. പോട്ട മരിച്ചപ്പോള്‍ യു എ പി എക്ക് കുടുതല്‍ നഖവും പല്ലും ഘടിപ്പിച്ച് കടുത്ത മനുഷ്യാവകാശ ധ്വംസന ഉപാധിയാക്കി യു പി എ സര്‍ക്കാര്‍ ഉപയോഗിച്ചു. 2014നുശേഷം മോഡിസര്‍ക്കാരും ഈ കിരാതനിയമത്തെ വ്യാപകമായി ദുര്‍വിനിയോഗം ചെയ്തു. എല്ലാറ്റിനുമൊടുവില്‍ യു എ പി എ നിയമം ഭേദഗതി ചെയ്തു ലോകത്തലെ ഏറ്റവും ക്രൂരമായ നിയമങ്ങളിലൊന്നാക്കി അതിനെ മാറ്റിയെടുത്തു. ആ നിയമത്തിന്റെ കീഴില്‍ രണ്ടു വിദ്യാര്‍ഥികളെ മാവോവാദി സാഹിത്യം കൈയില്‍വെച്ചുവെന്ന് പറഞ്ഞ്, കേരള പൊലിസ് അറസ്റ്റ് ചെയ്തതിന്റെ കോലാഹലമാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. വിഷയം ആഴത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യാനുണ്ട്. (ബാക്കി അടുത്ത ലക്കത്തില്‍).
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login