അറബികള്‍ ബംഗാള്‍ ഉള്‍ക്കടലിനെ ഹാര്‍ക്കന്ദ് കടല്‍എന്നാണ് വിളിച്ചിരുന്നത്. ഇത് ഒരുപക്ഷേ സംസ്‌കൃത വാക്ക് ഹരികേലിയായുടെ വിഭിന്നരൂപമായിരിക്കാം. കിഴക്കന്‍ ബംഗാളിനെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെയുള്ളവര്‍ അറകാന്‍, ഡാക്കാ പോലുള്ള കിഴക്കന്‍ പ്രദേശങ്ങളുമായി ശാശ്വതകച്ചവടം സ്ഥാപിച്ചു. ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നും അവര്‍ കടല്‍കക്കകള്‍ കപ്പല്‍മാര്‍ഗേണ ബംഗാളിലേക്ക് കൊണ്ടുവന്നു. ഈ കക്കകള്‍ ബംഗാളില്‍ കാപ്പാര്‍ഡക്കാ പുരാണ എന്ന നാമത്തില്‍ അറിയപ്പെട്ടു. പ്രാദേശിക വ്യാപാരത്തില്‍ കൈമാറ്റമാധ്യമമായി ഇത് ഉപയോഗപ്പെടുത്തി. പകരം അവര്‍ അരി, പഞ്ചസാര, വസ്ത്രങ്ങള്‍ എന്നീ ഇനങ്ങള്‍ തിരികെ എടുത്തു. ബംഗാളിലും അടുത്തുള്ള പ്രദേശങ്ങളിലും വളരെയധികം ആവശ്യം വന്നുകൊണ്ടിരുന്ന കടല്‍കക്കകളെക്കുറിച്ച് ചൈനീസ് യാത്രക്കാരനായ വാങ് ടി യുവാന്‍ (1330-1349) ഇങ്ങനെ സൂചിപ്പിച്ചു. ‘ഓരോ കട വ്യാപാരിയും കടല്‍കക്കകള്‍ കപ്പല്‍ വഴി വു-ടൈഹ് (ഒറീസ്സ?), പെങ്-ക-ലാ (ബംഗാള്‍) എന്നിവിടങ്ങളിലേക്ക് കയറ്റുകയും തിരിച്ച് അരിയും മറ്റും കൈമാറ്റം ചെയ്യുകയും ചെയ്തു. ഇവിടുത്തെ ആളുകള്‍ വിനിമയത്തിന് ഉപയോഗിക്കുന്നത് പണവും പുരാതനമായ കറന്‍സിയും കക്കകളും ആണ്’. പഞ്ചസാര സിലോണ്‍, അറേബ്യ, പേര്‍ഷ്യ എന്നിവിടങ്ങളിലേക്ക് വലിയ അളവില്‍ കയറ്റുമതി ചെയ്തു. കണ്ടാമൃഗത്തിന്റെ കൊമ്പും ബംഗാളില്‍ നിന്ന് കയറ്റുമതി ചെയ്തു. അഴിപ്രദേശമായ ബംഗാള്‍തീരത്ത് ഉള്‍നാടന്‍ ജലപാതയുടെ നിരന്തരമായ വഴിമാറുന്ന സ്വഭാവം പ്രദേശിക തുറമുഖങ്ങള്‍ക്ക് തടസ്സമായി. ഭക്ഷണസാധനങ്ങളും കാര്‍ഷിക വസ്തുക്കളും കോട്ടണ്‍, ഇന്‍ഡിഗോ, ചായം തുടങ്ങിയവയും ഫലഭൂയിഷ്ഠമായ ഭൂമികളില്‍ ഉല്‍പ്പാദിപ്പിച്ചു കയറ്റുമതി ചെയ്തു.
പ്രാചീന മധ്യകാലത്ത് ബംഗാളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന സാധനങ്ങള്‍ സില്‍ക്ക് ബ്രോക്കേഡ്, പരുത്തി, ചണം തുടങ്ങിയവയാണ്. അറബ് കച്ചവടസ്ഥാപനങ്ങള്‍ ഇന്തോനേഷ്യയില്‍ സ്ഥാപിതമാകുന്നതിനു മുമ്പ് ബംഗാളിന്റെ കച്ചവടബന്ധം പടിഞ്ഞാറന്‍ പ്രദേശങ്ങളോട് മാത്രമായിരുന്നു. ഏഴാം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിലും സൗത്ത് ഈസ്റ്റ് ബംഗാളിലെ വ്യാപാരികള്‍, പ്രത്യേകിച്ച് ടെക്സ്റ്റയില്‍ വ്യാപാരികള്‍, മലയ് പെനിന്‍സുലയിലും ഇന്തോനേഷ്യന്‍ ദ്വീപുസമൂഹത്തിലും താമസമാക്കിയ അറബ് വ്യാപാരികളുമായി നിരന്തര ബന്ധങ്ങള്‍ ഉണ്ടാക്കി. അന്തര്‍ദേശീയ കൈമാറ്റമാധ്യമമായി സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചു. അറബികളെ യൂറോപ്യന്മാര്‍ ഈ പ്രദേശത്തുനിന്ന് നിരോധിക്കുന്നതുവരെ ബംഗാള്‍തീരപ്രദേശങ്ങളുമായി അവര്‍ വ്യാപാരബന്ധങ്ങള്‍ കൈകാര്യം ചെയ്തു. ബംഗാളിനെ ബെംഗള എന്നാണ് ഇബ്‌നു ബതൂത വിളിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് വിശാലമായതും സമൃദ്ധമായി അരി വളരുന്ന രാജ്യവുമായിരുന്നു. മഹാസമുദ്രത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സുഡ്കാവന്റെ (തുറമുഖനഗരമായ ചിറ്റഗോങ്ങ്, ലക്‌നവതി (ലക്ഷ്മണവാടി/ ബംഗാള്‍ ഭരണാധികാരി, സുല്‍താന്‍ ഫഖ്‌റുദ്ദീന്റെ തലസ്ഥാനം), സില്‍ഹേത് (കാമരൂപ്), സുണുര്‍കവന്‍ (സോണാര്‍ ഗാവോണ്‍) എന്നിവ ബാര്‍ബോസയുടെ കാലത്തെ ബംഗാളിലെ പ്രമുഖ നഗരങ്ങളായിരുന്നു. അദ്ദേഹം പെഗു (ബര്‍മ്മ) സന്ദര്‍ശിച്ച സമയത്ത് കാണാന്‍ കഴിഞ്ഞത് പെഗുവിന്റെ വിദേശ കച്ചവടബന്ധം മുസ്‌ലിം അല്ലെങ്കില്‍ ഇന്ത്യന്‍ അറബികളുടെ കരങ്ങളിലായിരുന്നു. പെഗുവില്‍ നിന്നുള്ള പ്രധാന കയറ്റുമതി സ്വര്‍ണം, വെള്ളി, കക്കകള്‍, നീലക്കല്ലുകള്‍, ഈയം, ബെന്‍സിന്‍ (ബെന്‍സെയ്ന്‍), അരി, വൈന്‍, പഞ്ചസാര എന്നിവയായിരുന്നു.
ദ്വീപുകള്‍
അറബ് വ്യാപാരികള്‍ക്ക് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളുമായി പരിചയമുണ്ടായിരുന്നു. കോറൊമാണ്ടലില്‍ (മഅ്ബര്‍) നിന്നോ സിലോണിയില്‍(ശ്രീലങ്ക) നിന്നോ തെക്ക് കിഴക്ക് ഏഷ്യയിലേക്കോ ചൈനയിലേക്കോ പോകാന്‍ വേണ്ടി ഈ ദ്വീപുകളിലെ നിവാസികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാവാം. അറബ് യാത്രക്കാരുടെ വിവരണത്തില്‍ പറയുന്നത് ഈ ദ്വീപ്‌നിവാസികള്‍ അര്‍ധനഗ്‌നന്മാരായിരുന്നു എന്നാണ്. കപ്പല്‍ എത്തുന്ന സമയത്ത് ഇരുമ്പിന് പകരമായി ചെറിയ തോണിയില്‍ പഞ്ചസാര, കള്ള്, മാങ്ങ, തേങ്ങ, പഴം എന്നിവ അവര്‍ എത്തിച്ചു. അറബികളുടെ ഭാഷ അറിയാത്തതിനാല്‍ ഇടപാടുകള്‍ അടയാളങ്ങളാല്‍ അനുകരിച്ചു. അറബികള്‍ ലക്ഷദ്വീപുകളെയും മാലിദ്വീപുകളെയും ഹിന്ദിന്റെ ഭാഗമായി കണക്കാക്കി. ലക്ഷദ്വീപ് (ലക്ഷം ദ്വീപങ്ങളുള്ള ദ്വീപ്) എന്ന സംസ്‌കൃത വാക്കിന്റെ ചുരുക്കരൂപമാണ്. ഇരുപത്തേഴ് ദ്വീപുകളുള്ളതില്‍ ഭൂരിഭാഗവും മനുഷ്യവാസമില്ലാത്തവയാണ്. ഇത് മലബാര്‍ തീരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്നു. മാലിദ്വീപില്‍ 1200ല്‍ പരം ദ്വീപുകള്‍ക്ക് ഉണ്ട.് ഇതില്‍ 200ല്‍ പരം ദ്വീപുകള്‍ തെക്ക് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഈ ദ്വീപുസമൂഹങ്ങളെയെല്ലാം കൂട്ടായി അറബികള്‍ വിളിച്ചത് ഡിബയറ്റ് അല്ലെങ്കില്‍ ദിബജറ്റ് എന്നാണ്. ഇത് അറേബ്യന്‍തീരം മുതല്‍ ദക്ഷിണേന്ത്യ, സിലോണ്‍, തെക്കുകിഴക്കനേഷ്യ എന്നീ കടല്‍മാര്‍ഗത്തിനിടയില്‍ കിടക്കുന്നു. അറബികള്‍ ഈ ദ്വീപുകള്‍ ഉപയോഗിക്കുന്നത് അവരുടെ പ്രധാന ഇടവഴികളായിട്ടും കപ്പല്‍നിര്‍മിതിക്കും വേണ്ടിയാണ്. ഇബ്‌നു ബത്തൂത്ത മാലിദ്വീപുകളെ ദിബിത്-അല്‍-മഹലെന്ന് വിളിക്കുന്നു. ലോകത്തെ അതിശയകരമായ സ്ഥലങ്ങളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിച്ചു. നാലുവര്‍ഷത്തോളം അവിടെ താമസിച്ച ഇബ്‌നു ബതൂത പറഞ്ഞത്, ഈ ദ്വീപില്‍ താമസിച്ചിരുന്നവര്‍ തെങ്ങ്, കയര്‍ ഉല്പന്നങ്ങള്‍ എന്നിവ കൊണ്ടാണ് കപ്പല്‍ നിര്‍മിച്ചത് എന്നാണ്. തേങ്ങയും കയറും അനുബന്ധ ഉല്പന്നങ്ങളും യമനിലേക്കും മറ്റ് അറേബ്യന്‍ നാടുകളിലേക്കും കയറ്റിയയച്ചിരുന്നു.
ഇദ്‌രീസിയുടെ അഭിപ്രായത്തില്‍ ഒമാന്‍, മിര്‍ബാത് എന്നിവിടങ്ങളില്‍ നിന്നുള്ള അറബ് കച്ചവടക്കാര്‍ ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ തെങ്ങ് ഉപയോഗിച്ച് ബോട്ട് നിര്‍മിച്ചിരുന്നു. കുല്‍ബ് അല്‍മസ് എന്നറിയപ്പെടുന്ന ഉണക്ക മത്സ്യം, ഖന്‍ബാര്‍ എന്ന കയര്‍ എന്നിവ ഇന്ത്യ, ചൈന, യമന്‍ എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. മാലിദ്വീപിന്റെ ചുറ്റുമുള്ള കടലുകളില്‍ വന്‍അളവില്‍ ആംബര്‍ ഗ്രീസ് (തിമിംഗിലങ്ങളും വലിയ മത്സ്യങ്ങളും പുറത്തുവിടുന്ന ഒരു സുഗന്ധം. ഇതിന് കസ്തൂരിയുടെ ഗന്ധമുണ്ട്) ലഭിച്ചിരുന്നു. ഇത് മാലീ സുല്‍ത്വാന്റെ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നു. സുലൈമാനും മസൂദിയും മാലിദ്വീപ് തീരത്ത് ആംബര്‍ ഗ്രീസിന്റെ സമൃദ്ധി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രദേശത്ത് മാത്രമാണ് മാലിദ്വീപില്‍ കാര്യമായി കൃഷി കണ്ടിരുന്നത്. അരി, കോഴി, സുഗന്ധവ്യഞ്ജനങ്ങള്‍ മുതലായവ ബംഗാള്‍, കൊറമാണ്ടല്‍, മലബാര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിച്ചു.
ലക്ഷദ്വീപുകളിലേക്ക് ഇസ്‌ലാം എത്തിച്ചത് ദക്ഷിണ അറേബ്യയില്‍ നിന്നും മലബാര്‍ തീരത്ത് നിന്നുമുള്ള വ്യാപാരികളായതിനാല്‍ അവര്‍ ശാഫിഈ മാര്‍ഗത്തിന്റെ അനുയായികളായിരുന്നു. ഇസ്‌ലാമിലേക്ക് വരും മുമ്പ് അവിടത്തെ ജനങ്ങള്‍ ഹിന്ദു ജാതികളും മരുമക്കത്തായം അനുവര്‍ത്തിക്കുന്നവരുമായിരുന്നു. നേരെമറിച്ച് മാലിക്കാര്‍ തേരവാദ- ബുദ്ധിസ്റ്റുകളും പിത്യവഴി ബന്ധു വ്യവസ്ഥയുടെ പിന്തുടര്‍ച്ചക്കാരുമായിരുന്നു. മാലിദ്വീപിലെ ഇസ്‌ലാമികവല്‍കരണം പൂര്‍ത്തിയായത് 1153 എ.ഡിയില്‍ അവിടത്തെ രാജാവിന്റെ പരിവര്‍ത്തനത്തൊടെയാണ്. ഇബ്‌നു ബതൂതയുടെ സന്ദര്‍ശന സമയത്ത് മാലിദ്വീപ് ഖദീജ എന്ന രാജ്ഞിയുടെ ഭരണത്തിനുകീഴിലായിരുന്നു. അക്കാലത്തെ പ്രധാന കയറ്റുമതി ഇനങ്ങള്‍ തേങ്ങ, തുണിത്തരങ്ങള്‍, ഉണങ്ങിയ മത്സ്യം, കോട്ടണ്‍ ടര്‍ബന്‍, പശ, പിച്ചളപ്പാത്രങ്ങള്‍ എന്നിവയായിരുന്നു.
സിലോണ്‍ (ശ്രീലങ്ക)
സിലോണിനെ (ശ്രീലങ്ക) അറബികള്‍ സരന്‍ദ്വീപ് എന്നാണ് വിളിച്ചത്. സിലാന്‍ എന്നും പേരുണ്ട്. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യനൂറ്റാണ്ടു മുതല്‍ ഇവിടെ അറബ്കുടിയേറ്റമുണ്ടായിരുന്നു. ബെയ്‌ലിയുടെ അഭിപ്രായപ്രകാരം ശ്രീലങ്കയില്‍ താമസിക്കുന്ന അറബികള്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ മലബാറില്‍ താമസമാക്കിയ ദക്ഷിണഅറേബ്യയില്‍ നിന്ന്, പ്രത്യേകിച്ച് യമന്‍ മുതല്‍ ഹദ്‌റമത് വരെയുള്ളവരായിരുന്നു. ആദം കൊടുമുടി (ആദം നബി സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് മാനസാന്തരത്തില്‍ കഴിഞ്ഞിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലം) സിലോണില്‍ സ്ഥിതി ചെയ്യുന്നു. ഈ കാരണത്താല്‍ ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ തന്നെ ഈ ദ്വീപുകള്‍ മുസ്‌ലിംകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. സിലോണ്‍കാര്‍ മലബാര്‍, കൊറമാണ്ടല്‍, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നീ ദേശത്തുള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിച്ചു. പാരമ്പര്യകഥകള്‍ പ്രകാരം ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് യാത്ര ചെയ്തപ്പോള്‍ ആദം മലയിലേക്ക് സന്ദര്‍ശനത്തിന് പോയ മിഷണറിഗ്രൂപ്പിനെയും കൂടെ കൂട്ടിയിരുന്നു. സറന്‍ ദ്വീപിന്റെ തന്ത്രപരമായ നില, മതപരമായ പവിത്രത, വിലയേറിയ കല്ലുകള്‍, രത്‌നങ്ങള്‍ എന്നിവയുടെ ലഭ്യത എന്നിവ മൂലം അറബ് യാത്രക്കാരുടെ ഏറ്റവും താല്പര്യമുള്ള സ്ഥലമായി അത് മാറി. അറബ് യാത്രക്കാരുടെ വിവരണങ്ങളില്‍ ദ്വീപിന്റെ വിശദമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. സുലൈമാന്‍ പറഞ്ഞതനുസരിച്ച് സരന്‍ ദ്വീപ,് ഹാര്‍കന്ദ് (ബംഗാള്‍) കടല്‍തീരത്ത് സ്ഥിതി ചെയ്യുന്നു. ഏറ്റവും അധികം മുത്തുച്ചിപ്പികളുടെ ലഭ്യതയുമുള്ള ദ്വീപാണ്. ആദം കൊടുമുടിയുടെ ചുറ്റുമുള്ള പ്രദേശത്ത് വിലയേറിയ കല്ലുകള്‍, പുഷ്യരാഗം, മരതകം എന്നിവ സമൃദ്ധമാണ്. ഇദ്‌രീസി പറയുന്നത് സരന്‍ ദ്വീപ് വലിയ ജനകീയമായ ദ്വീപാണെന്നാണ്. അവിടെ നിരവധിതരം വിലപിടിപ്പുള്ള കല്ലുകളും വജ്രങ്ങളും മുത്തുകളും ലഭ്യമായിരുന്നു. അതോടൊപ്പം വ്യത്യസ്തങ്ങളായ സുഗന്ധദ്രവ്യങ്ങള്‍, കറ്റാര്‍ മരങ്ങള്‍, കസ്തൂരി, അരി, തേങ്ങ, പഞ്ചസാര എന്നിവയും ലഭിക്കുന്നു.
ദ്വീപിന്റെ വടക്കുകിഴക്കും വടക്കും പടിഞ്ഞാറുമുള്ള തീരങ്ങളില്‍ നിരവധി അറേബ്യന്‍ കുടിയേറ്റങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനമായിരുന്നു ട്രിങ്കോമാലി, ജാഫ്‌ന, മാനര്‍, മാന്റോട്ട് എന്നിവ. അവര്‍ ഈജിപ്ത്, അറേബ്യ, പേര്‍ഷ്യ, മലബാര്‍, കോറമാണ്ടല്‍, ബംഗാള്‍, മലാക്ക, സുമാത്ര, ജാവ, മോലുക്കസ്, ചൈന എന്നിവിടങ്ങളുമായി വാണിജ്യം നടത്തി. ദക്ഷിണേന്ത്യന്‍ തീരപ്രദേശങ്ങളെപ്പോലെ അറബ് കച്ചവടക്കാര്‍ തദ്ദേശീയവനിതകളുമായി വിവാഹ ബന്ധം ഉണ്ടാക്കി. അവരുടെ പിതാക്കന്മാര്‍ വ്യാപാരികള്‍ ആയിരുന്നു. മധ്യകാലത്തെ ദ്വീപിലെ വ്യാപാരത്തിന്റെറപ്രധാന ഇനം വിലയേറിയ കല്ലുകളാണ്. അക്കാരണത്താല്‍ ഇദ്‌രീസി പറഞ്ഞു: ‘അല്‍ഹിന്ദിലെ മറ്റൊരു രാജാക്കന്മാരിലും സരന്‍ ദ്വീപിലെ ഭരണാധികാരിയുടെയത്രയും സമ്പത്ത് (വിലയേറിയ മുത്തുകള്‍, കക്കകള്‍, വ്യത്യസ്ത തരം കല്ലുകള്‍ എന്നിവ) ഉണ്ടായിരുന്നില്ല.’ ദ്വീപിലെ മലമുകളില്‍ നിന്ന് വിവിധ വര്‍ണങ്ങളുള്ള രത്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് അബൂസൈദ് പറയുന്നു.
സറന്‍ ദ്വീപില്‍ മിക്കയിടങ്ങളിലും മാണിക്യം ലഭ്യമായിരുന്നുവെന്ന് ഇബ്‌നു ബതൂത. വിശേഷപ്പെട്ട മാണിക്യമായ ബഹ്‌റാമന്‍ (കാര്‍ബണ്‍ക്‌ളസ്) കുണകര്‍, സിലോണ്‍ എന്നീ പട്ടണങ്ങളില്‍ മാത്രം കണ്ടു. സിലോണില്‍ വലിയ അളവില്‍ കറുവപ്പട്ട ലഭ്യമാണ്. കറുവപ്പട്ട മഅ്ബറിലെയും (കോറമാണ്ടല്‍), മലബാറിലെയും കച്ചവടക്കാര്‍ രാജാക്കന്‍മാര്‍ക്ക് സമ്മാനമായി എത്തിച്ചിരുന്നു. ബത്തലാഹ് എന്ന നഗരം ചെറുതും വലുതുമായ മതിലുകളാലും മരക്കോട്ടകളാലും ചുറ്റപ്പെട്ടതാണ്. മുഴുവന്‍ തീരവും കറുവപ്പട്ട മരങ്ങളാല്‍ നിറഞ്ഞതും തെരുവില്‍ നിന്ന് താഴേക്ക് കടപുഴകി വീഴുന്നതുമായിരുന്നു. ഈ മരങ്ങള്‍ കാരണം തീരം ഒരു കുന്നിനെ പോലെ കാണപ്പെട്ടു. മഅ്ബര്‍, മലബാര്‍ ജനത പണംകൊടുക്കാതെ അവ എടുക്കുക പതിവായിരുന്നു. ഈ ആനുകൂല്യത്തിന് പകരം അവര്‍ ദ്വീപിലെ സുല്‍ത്വാന് തുണിത്തരങ്ങളും സമാനമായ മറ്റ് സമ്മാനങ്ങളും നല്‍കിയിരുന്നു. ഇബ്‌നു ബതൂതയുടെ കാലത്ത് സരന്‍ ദ്വീപിലെ പ്രധാന പട്ടണങ്ങള്‍ ബറ്റാല, ദീനാവര്‍, ഖലി (പ്രിന്റ് ഡി ഗാലി), കലാന്‍ബ (കൊളംബോ) എന്നിവയാണ്. അറബികളുടെ സിലോണുമായുള്ള കച്ചവടം 993 മുതല്‍ 1020 വരെയുള്ള ചോള അധിനിവേശ കാലഘട്ടത്തില്‍ പോലും തടസ്സം സൃഷ്ടിച്ചില്ല, കാരണം, ‘നാവിക കച്ചവടത്തിലൂടെ കര്‍ശനമായ നിയന്ത്രണം നേടാന്‍ ചോള കോടതി ശ്രമിച്ചില്ല’ എന്നതു തന്നെയാണ്.
ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login