കര്‍ണാടക എന്‍ട്രന്‍സ് എഴുതിയ മകള്‍ അനുലക്ഷ്മിക്ക് മാണ്ഡ്യയ്ക്കടുത്ത ബെളൂര്‍ ക്രോസിലെ ആദി ചുഞ്ചിനഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചപ്പോള്‍ വിദ്യാര്‍ഥികാലത്ത് തുടങ്ങി ഞാന്‍ പലവട്ടം നടത്തിയ കര്‍ണാടകയാത്രകള്‍ക്ക് ചില അനുബന്ധങ്ങള്‍ കൂട്ടച്ചേര്‍ക്കാമെന്ന് ആത്മാര്‍ഥമായി കരുതുകയുണ്ടായി. ആ സംസ്ഥാനത്തിലെയും തമിഴ്‌നാട്ടിലെയും ഉള്‍പ്രദേശങ്ങള്‍, പ്രത്യേകിച്ച് കുഗ്രാമങ്ങള്‍ കൊത്തിവലിക്കുന്ന വല്ലാത്തൊരനുഭവമാണ്. നിറങ്ങളില്‍ നനഞ്ഞുനിന്ന് ആറാടുന്ന അതിസമൃദ്ധമായ കാഴ്ചകളും ശുഷ്‌കമായ മനുഷ്യജീവിതങ്ങളും ഒരിക്കലും മടുപ്പിച്ചില്ലെന്നു മാത്രമല്ല, വശീകരിക്കും മട്ടില്‍ എക്കാലവും കൊതിപ്പിച്ചിട്ടുമുണ്ട്. മരംകോച്ചുന്ന തണുപ്പില്‍ പ്രഭാതം കണ്ണുകീറും മുമ്പേ കലപില കൂടുന്ന ഓലമേഞ്ഞ കൊച്ചു ചായക്കടകളും ഇളനീര്‍ സൈക്കിളുകളും. കന്നുകാലികള്‍ കൂട്ടംകൂട്ടമായി വിശ്രമിക